Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

അലസ്സോ നമ്മോട് ചോദിക്കുന്നത്

പി.ടി യൂനുസ്

ബ്രൂണിക്കോ... ഇറ്റലിയുടെ വടക്ക് ഓസ്ട്രിയയോട് ചേര്‍ന്ന് കിടക്കുന്ന തെക്കന്‍ ടിറോള്‍ പ്രവിശ്യയിലെ ഈ കൊച്ചു പട്ടണത്തെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയെടുക്കാന്‍ തന്നെ പാടുപെടും. യാത്ര അങ്ങോട്ടാണ്. കത്തുന്ന സൂര്യനും പൊള്ളുന്ന മണല്‍ത്തരികളും പ്രാണവായുവിനെ തടവിലാക്കിയ പൊടിക്കാറ്റും ജീവിതം ദുസ്സഹമാക്കിയ ഒരു ഉഷ്ണകാലത്ത്, മരുപ്പട്ടണമായ ദോഹയില്‍ നിന്ന് ഭൂഗോളത്തിന്റെ വടക്ക് തണുത്തുറഞ്ഞ ഹിമ പാളികള്‍ തലയിലേറ്റിയ ആല്‍പ്സ് പര്‍വതത്തിന്റെ താഴ്വാരത്തിലേക്ക്. പ്രസിദ്ധമായ യൂറോക്ളീമ കമ്പനിയുടെ ശീതീകരണ ഉപകരണങ്ങളുടെ നിര്‍മാണ ശാലയിലേക്ക് ഒരു ഔദ്യോഗിക സന്ദര്‍ശനം.
ദോഹയില്‍ നിന്ന് റോമിലേക്ക് ഖത്തര്‍ എയര്‍വെയ്സിന്റെ ഒരു കൂറ്റന്‍ വിമാനം ഭൂമിയില്‍ നിന്ന് ഏറെ ഉയരങ്ങളിലൂടെ ഞങ്ങളെയും കൊണ്ട് പറന്നു. മേഘങ്ങളോ ചുഴികളോ ഇല്ലാത്ത അതിശാന്തമായ ആകാശപഥത്തിലൂടെ ഇളക്കങ്ങള്‍ ഒന്നുമില്ലാതെയുള്ള സഞ്ചാരം. ശബ്ദാധിവേഗത്തില്‍ ചീറിപ്പാഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും തങ്ങള്‍ നിശ്ചലരാണെന്നുള്ള മിഥ്യാ ബോധത്തിന്റെ നിഴലില്‍ സുരക്ഷിതത്വം അനുഭവിക്കുന്ന യാത്രക്കാര്‍. ആരുടെ മുഖത്തും ഭീകരവേഗത്തിന്റെ ഭയപ്പാടില്ല.
പ്രാണവായു തീരെയില്ലാത്ത, ശരീരം പൊട്ടിച്ചിതറുന്ന ന്യൂനമര്‍ദമുള്ള എന്തും ഉറഞ്ഞു കട്ടിയാകുന്ന കൊടും ശൈത്യത്തിലൂടെ ഇരമ്പിപ്പായുന്ന ആകാശ നൌക. ഒരു കൊച്ചു കല്ലിനോടോ കുഞ്ഞു പക്ഷിയോടോ ഒരു ഭ്രാന്തന്‍ കാറ്റിനോടോ പോലും എതിര്‍ത്ത് നില്‍ക്കാന്‍ കെല്‍പില്ലാതെ മരണപ്പാച്ചില്‍ നടത്തുന്ന ഒരടച്ച പാത്രത്തിനകത്താണ് മനുഷ്യര്‍ ചിരിച്ചും കളിച്ചും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും സിനിമ കണ്ടും ഭക്ഷണം കഴിച്ചും സ്വപ്നം കണ്ടുറങ്ങിയും കസേരകളില്‍ ശാന്തരായി, സ്വസ്ഥരായി ഇരിക്കുന്നത്. മരണത്തിനും ജീവിതത്തിനും ഭീതിക്കും ശാന്തിക്കും ഇടയില്‍ ഒരു നേര്‍ത്ത അലൂമിനിയം പാളി മാത്രം. നമ്മുടെ ആപേക്ഷിക അനുഭവങ്ങളാണല്ലോ വികാരങ്ങളെ സൃഷ്ടിക്കുന്നത്. അവക്ക് പരമാര്‍ഥവുമായി എന്തു ബന്ധം?
ചലനത്തിന്റെയും അനുഭവത്തിന്റെയും ആപേക്ഷികതയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാനും സ്വസ്ഥമായി എന്റെ കസേരയിലേക്ക് ചാഞ്ഞു. തൊട്ടു മുന്നിലെ സ്ക്രീനില്‍ ഭൂപടത്തിനു മുകളിലൂടെ സാവധാനം തെന്നി നീങ്ങുന്ന വിമാനത്തിന്റെ സമീപ-വിദൂര ദൃശ്യങ്ങള്‍ തെളിഞ്ഞു മറഞ്ഞുകൊണ്ടിരുന്നു. ഇരുളും വെളിച്ചവും പകുത്തെടുത്ത ഭൂഗോളം. കടലും കരയും മരങ്ങളും മരുഭൂമികളും ഇടകലര്‍ന്ന സുന്ദര ശില്‍പം. അതിന്റെ വര്‍ണ ജ്യാമിതിയെ തീര്‍ത്തും അലങ്കോലപ്പെടുത്തിക്കൊണ്ട് ഒട്ടും സൌന്ദര്യബോധമില്ലാതെ മനുഷ്യന്‍ വരച്ചിട്ട വികൃതമായ രാജ്യാതിര്‍ത്തികള്‍. ആകാശത്തുനിന്ന് താഴോട്ട് നോക്കിയാല്‍ കാണുന്ന സുന്ദരമായ ഭൂമി ചിത്രമല്ല എന്റെ മുന്നില്‍. ഏതോ ഭ്രാന്തന്‍ കോറി വരഞ്ഞു വൃത്തികേടാക്കിയ ഭൂപടം. ആരോ വരച്ചിട്ട ഈ വരകളില്‍ ഉടക്കിയാണല്ലോ ഭൂമിയിലെ സ്വൈരജീവിതം തകര്‍ന്നടിയുന്നത്. എത്ര യുദ്ധങ്ങള്‍ മഹാദുരിതങ്ങള്‍ തീര്‍ത്തു. എത്രയെത്ര സ്വര്‍ഗദേശങ്ങളില്‍ നരകാഗ്നി കത്തി. അസംഖ്യം മനുഷ്യ ജീവന്‍, അളവറ്റ ഭൂവിഭവങ്ങള്‍ എല്ലാം ഈ വരകളില്‍ ഇന്നും ഹോമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഭൂപടത്തിലെ വെള്ളി വരകള്‍ ഒരു രക്തരക്ഷസ്സിന്റെ രൂപമെടുത്തു ദംഷ്ട്രങ്ങള്‍ നീട്ടി നില്‍ക്കുന്നു. ഞാന്‍ സ്ക്രീന്‍ ഓഫ് ചെയ്ത് ജനലിലൂടെ താഴോട്ട് നോക്കി. താഴെ അതിര്‍വരകള്‍ ഒന്നും കാണാത്ത സ്വര്‍ഗഭൂമിക്ക് മുകളിലൂടെ മേഘക്കെട്ടുകള്‍ എല്ലാ അതിര്‍ത്തികളെയും തിരസ്കരിച്ചുകൊണ്ട് ഒഴുകി നടക്കുന്നു. മേഘ പാളികള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങാന്‍ തുടങ്ങിയതോടെ വശ്യ സുന്ദരമായ ഭൂമി ശില്‍പം സ്വയം വികാസം പ്രാപിച്ചുകൊണ്ടിരുന്നു. പതിയെ അത് പൂര്‍ണകായ രൂപിയായി സ്നേഹത്തോടെ ഞങ്ങളെ മാറോട് ചേര്‍ത്തു.
റോമിലെ ലിയോനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ ചെന്നിറങ്ങുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. ഇനി മറ്റൊരു വിമാനത്തില്‍ തെക്കന്‍ ടിരോളിന്റെ പ്രവിശ്യാ തലസ്ഥാനമായ ബൊള്‍സാനോയിലേക്ക് പോകണം. അവിടെ നിന്ന് ബ്രൂണിക്കോയിലേക്ക് കരമാര്‍ഗം.
പ്രൊപെല്ലര്‍ എഞ്ചിന്‍ ഘടിപ്പിച്ച ഒരു കൊച്ചു വിമാനം ബൊള്‍സാനോയിലേക്കുള്ള യാത്രക്കായി ഞങ്ങളെ കാത്ത് കിടക്കുന്നു. യാത്രക്കാര്‍ എട്ടു പേര്‍ മാത്രം.
ഇടുങ്ങിയതെങ്കിലും വൃത്തിയായും ഭംഗിയായും അലങ്കരിച്ച വിമാനന്തര്‍ഭാഗം. ഇരിപ്പിടങ്ങള്‍ക്ക് പിറകിലായി യാത്രക്കാരുടെ പെട്ടികള്‍ ഭദ്രമായി ഒതുക്കി കെട്ടിവെച്ചിരിക്കുന്നു. എയര്‍ഹോസ്റസുമാരുടെ ഔപചാരിക സ്വാഗതം പറച്ചിലിന് പിന്നാലെ പൈലറ്റുമാര്‍ നേരിട്ടു വന്ന് ഓരോ യാത്രക്കാരനെയും ഹസ്തദാനം ചെയ്തു പുഞ്ചിരിച്ചുകൊണ്ട് പരിചയപ്പെട്ടു.
പ്രൊപെല്ലര്‍ ഫാനുകള്‍ കറങ്ങിത്തുടങ്ങി. കറക്കത്തിന് ശക്തി കൂടിയതോടെ ഫാനിതളുകള്‍ സുതാര്യമായ ഒരു വൃത്തമായി മാറി. മുന്നോട്ടോടിയും പൊടുന്നനെ പൊങ്ങിയും പിന്നെ താഴ്ന്നും ചെരിഞ്ഞും നിവര്‍ന്നും വിമാനം സംഭ്രമകരമായ ആകാശാരോഹണം നടത്തിയപ്പോള്‍ യാത്രക്കാരെല്ലാം ഏറെ അസ്വസ്ഥതയോടെ കസേരകളില്‍ മുറുകെ പിടിച്ചിരുന്നു.
ഭൂമിക്ക് തിരശ്ചീനമായ, ഏറെ ഉയരത്തിലല്ലാത്ത യാത്രാ പഥത്തിലെത്തിയിട്ടും കൃത്യമല്ലാത്ത ഇടവേളകളില്‍ വിമാനം പൊടുന്നനെ താഴ്ന്നും വല്ലാതെ ഇളകിയും ഞങ്ങളെ പേടിപ്പിച്ചുകൊണ്ടിരുന്നു. അത് സൃഷ്ടിക്കുന്ന പിരിമുറുക്കം യാത്രക്കാരുടെ മുഖത്ത് നിന്ന് എളുപ്പം വായിച്ചെടുക്കാം. എല്ലാവരും ഉണര്‍ന്നിരിക്കുന്നു. കണ്ണടച്ചിരിക്കുന്നവര്‍ പോലും ഉറങ്ങുകയല്ല. ചിലരൊക്കെ സംഭ്രമം മറക്കാന്‍ മാസികകള്‍ തുറന്നു കൈയില്‍ പിടിച്ചിട്ടുണ്ടെങ്കിലും അവയുടെയൊന്നും താളുകള്‍ മറിയുന്നില്ല. വേഗത്തിലും ഉയരത്തിലും ജീവാപായ സാധ്യതയിലും ജറ്റിനേക്കാള്‍ ഏറെ പിറകിലാണ് ഈ ചെറുവിമാനമെങ്കിലും സുഗമ സഞ്ചാരത്തിനിടയിലെ ഓരോ അസ്വാഭാവിക ചലനങ്ങളും നിത്യതയുടെ മിഥ്യാ ബോധത്തില്‍ നിന്നും നശ്വരതയുടെ യാഥാര്‍ഥ്യത്തിലേക്ക് നമ്മെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
താഴെ ഇറ്റാലിയന്‍ സമതലതത്തിന്റെ ചാരുതയാര്‍ന്ന ദൃശ്യം. ചുവന്ന മണ്ണിന്റെ പശ്ചാത്തലത്തില്‍ പച്ചയും വെളുപ്പും നീലയും വര്‍ണങ്ങള്‍ ചേര്‍ത്തെഴുതിയ ചേതോഹരമായ ഭൂചിത്രം. ആ വര്‍ണ ചിത്രത്തിന്റെ രൂപജ്യാമിതിക്ക് പുതിയ മാനങ്ങള്‍ തീര്‍ത്ത് മനുഷ്യ നിര്‍മിതികളായ പാതകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും വെള്ളചാലുകളും. കറങ്ങുന്ന പ്രോപെല്ലെര്‍ ഫാനിലൂടെ നോക്കിയാല്‍ ഒരു ചലച്ചിത്രം പോലെ താഴെ കാഴ്ചകള്‍.
ചരിത്രം ഉണര്‍ന്നിരിക്കുന്ന ഭൂമിയാണ് താഴെ. ചരിത്രാതീത കാലം മുതല്‍ തന്നെ ജനവാസമുണ്ടായിരുന്നെങ്കിലും ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടില്‍ ഒരു കൊച്ചു കര്‍ഷക സമൂഹമായി രൂപംകൊണ്ട പൌരാണിക റോമാണ് പിന്നീട് വളര്‍ന്നും പിളര്‍ന്നും തളര്‍ന്നും ലോക ചരിത്രം തന്നെ രൂപപ്പെടുത്തിയെടുത്തത്. രണ്ടാം നൂറ്റാണ്ടോടു കൂടി റോമാ സാമ്രാജ്യം കിഴക്കന്‍ പടിഞ്ഞാറന്‍ ഭാഗങ്ങളായി പിരിഞ്ഞു. പടിഞ്ഞാറന്‍ റോമാ സാമ്രാജ്യം പെട്ടന്നസ്തമിച്ചെങ്കിലും കിഴക്കന്‍ ഭാഗം ബൈസാന്റയിന്‍ സാമ്രാജ്യമെന്ന പേരില്‍ തുര്‍ക്കിയിലെ കോണ്‍സ്റാന്റിനോപ്പിള്‍ തലസ്ഥാനമായി ഏറെക്കാലം നിലനിന്നു. ഇറ്റാലിയന്‍ ഭൂപ്രദേശത്തിന്റെ ഏറെ ഭാഗങ്ങളും മധ്യ പൌരസ്ത്യ ദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഒട്ടേറെ രാജ്യങ്ങളും ഉള്‍ക്കൊണ്ട ഈ ബൈസാന്റിയന്‍ സാമ്രാജ്യമാണ് വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ച റോമാ സാമ്രാജ്യം. പ്രവാചകന്റെ കാലം മുതല്‍ തന്നെ ബൈസാന്റിയന്‍ ചക്രവര്‍ത്തിമാര്‍ മുസ്ലിംകളുമായി പലവുരു ഏറ്റുമുട്ടി.
ഒടുവില്‍ ചരിത്രത്തിന്റെ ഗതി മാറ്റിത്തിരുത്തിക്കൊണ്ട് സിറിയയും ജോര്‍ദാനും ഫലസ്ത്വീനും ഈജിപ്തും തുടങ്ങി ഒട്ടേറെ ദേശങ്ങള്‍ ഖലീഫമാരുടെ കാലത്ത് തന്നെ മുസ്ലിം രാഷ്ട്രത്തിന്റെ ഭാഗമായി മാറിയെങ്കിലും വടക്കന്‍ യൂറോപ്പിലേക്കുള്ള ഇസ്ലാമിന്റെ പ്രയാണത്തിന് മുന്നില്‍ ഇരുമ്പ് മറ തീര്‍ത്തുകൊണ്ട് ബൈസാന്റിയന്‍ സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ട് വരെ നിലനിന്നു.
ഇറ്റലിയുടെ തെക്കന്‍ ദ്വീപായ സിലിസിയില്‍ ഇസ്ലാമിക സാന്നിധ്യം ഏഴാം നൂറ്റാണ്ടില്‍ ഖലീഫ ഉസ്മാ(റ)ന്റെ കാലത്ത് തന്നെ ആരംഭിച്ചെങ്കിലും പത്താം നൂറ്റാണ്ടിന്റെ ആദ്യപാതം മുതല്‍ ഈ ഇറ്റലിയന്‍ ഭൂപ്രദേശം പൂര്‍ണമായും മുസ്ലിം രാജ്യാതിര്‍ത്തിക്കുള്ളിലായി. പിന്നീടൊരു നൂറ്റാണ്ട് കാലത്തോളം സിസിലിയില്‍ നിലനിന്ന ഇസ്ലാമിക സാംസ്കാരിക സമ്പന്നത ഒടുവില്‍ ശീഈ സുന്നീ ചേരിപ്പോരുകള്‍ തീര്‍ത്ത അരാജകത്വത്തിനും കുരിശുയുദ്ധത്തിന്റെ അലയൊലികള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മുസ്ലിം രാജാക്കന്മാര്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിനു തന്നെ അടിയറ വെച്ചു. തുടര്‍ന്ന് ഇവിടെ ക്രൂരമായ മുസ്ലിം വംശഹത്യക്കും മതപരിവര്‍ത്തനത്തിനും സാക്ഷ്യം വഹിച്ചു. ഇതിനിടക്ക് പത്താം നൂറ്റാണ്ട് മുതല്‍ റോം ആസ്ഥാനമായി വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ക്രിസ്തീയ സഭാ നേതൃത്വത്തിനു കീഴില്‍ വിശുദ്ധ റോമാ സാമ്രാജ്യം സ്ഥാപിച്ചു. ജര്‍മനി, ആസ്ട്രിയ, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, പോളണ്ട്, ഹംഗറി, വടക്കന്‍ ഇറ്റലി തുടങ്ങി മധ്യ യൂറോപ്പിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും ചേര്‍ന്ന വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ആശിര്‍വാദത്തോടെ ബൈസാന്റിയന്‍ ചക്രവര്‍ത്തിമാര്‍ ഇസ്ലാമിനെ ഇറ്റലിയില്‍ നിന്ന് നിഷ്കാസനം ചെയ്തു. പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഇറ്റലിയില്‍ ഇസ്ലാമിക സാന്നിധ്യം മിക്കവാറും അന്യമായിരുന്നു.
ലോക യുദ്ധങ്ങള്‍ക്ക് ശേഷം വെളിച്ചം കണ്ട പുതിയ ഇറ്റലിയിലേക്ക് ഉത്തരാഫ്രിക്കയില്‍ നിന്ന് മുസ്ലിം കുടിയേറ്റം പുനരാരംഭിച്ചു. ഇന്ന് ഇറ്റലിയില്‍ ഒരു മില്യനോളം മുസ്ലിംകള്‍ താമസമുണ്ട് എന്നാണ് കണക്ക്. യഥാര്‍ഥത്തില്‍ മുസ്ലിം അംഗസംഖ്യ അതിലേറെയാണെന്നാണ് സത്യം. തുടര്‍ന്നുകൊണ്ടിരിക്കുന്ന കുടിയേറ്റത്തോടൊപ്പം വളരുന്ന മുസ്ലിം ജനസംഖ്യയും മനഃസ്വാസ്ഥ്യം തേടി മതപരിവര്‍ത്തനം ചെയ്യുന്ന ഇറ്റലിയന്‍ ജനങ്ങളും എല്ലാ കണക്കുകളും തെറ്റിച്ചു വളര്‍ന്നുവരുന്നു. മിലാനിലെയും റോമിലെയും തെരുവുകളില്‍ ദിനേന മുളച്ചു വരുന്ന ഷവര്‍മ ഷോപ്പുകളും 'ഹലാല്‍' മാംസ വിതരണ ശാലകളും ആ കണക്ക് നമ്മെ ബോധ്യപ്പെടുത്തും.
ഇരുന്നൂറോളം ഔദ്യോഗിക മുസ്ലിം പ്രാര്‍ഥനാലയങ്ങള്‍ ഇന്ന് ഇറ്റലിയിലുണ്ട്. അവയില്‍ മൂന്നെണ്ണം വലിയ പള്ളികള്‍ തന്നെയാണ്. ലോക ക്രിസ്തീയ ആസ്ഥാനമായ വത്തിക്കാനിലെ സെന്റ് പീറ്റര്‍ ദേവാലയം സ്ഥിതി ചെയ്യുന്ന റോമ നഗരത്തിലാണ് യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം പള്ളിയും സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടായിരത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഈ പള്ളിയുടെ മിനാരം സെന്റ് പീറ്റര്‍ ദേവാലയത്തിന്റെ താഴികക്കുടത്തിനേക്കാള്‍ അല്‍പം താഴ്ത്തിയാണ് നിര്‍മിച്ചത്.
യൂറോപ്പില്‍ നിന്ന് ആഫ്രിക്കയുടെ മൂര്‍ദാവിലേക്ക് തൂങ്ങി കിടക്കുന്ന ഇറ്റലിക്ക് രൂപത്തിലല്ലെങ്കിലും കിടപ്പില്‍ ഇന്ത്യയുമായി ഏറെ സാമ്യതയുണ്ട്. തെക്കും കിഴക്കും പടിഞ്ഞാറും കടല്‍. വടക്ക് ഹിമവാന് പകരം ആല്‍പ്സ് പര്‍വതം. സമുദ്ര നിരപ്പ് മുതല്‍ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൌണ്ട് ബ്ളാങ്ക് വരെ വ്യത്യാസപ്പെട്ടു കിടക്കുന്ന ഭൂവിതാനം. ഉപദ്വീപിന്റെ മധ്യത്തിലായാണ് തലസ്ഥാനമായ റോമാ പട്ടണം. അതിനകത്താണ് വത്തിക്കാന്‍. ഒരു നഗരത്തിനകത്ത് മറ്റൊരു രാജ്യം എന്ന ലോക വിസ്മയം.
ഞങ്ങള്‍ റോമില്‍നിന്ന് വടക്കോട്ട് പറക്കുകയാണ്. വടക്കന്‍ ഇറ്റലിയോട് അടുത്തു തുടങ്ങിയപ്പോള്‍ പതുക്കെ ഭൂപ്രകൃതി മാറിത്തുടങ്ങി. ആല്‍പ്സ് പര്‍വതത്തിന്റെ വരവറിയിച്ചുകൊണ്ട് സമതലങ്ങള്‍ മലകളും ചെരിവുകളുമായി രൂപ പരിണാമം ചെയ്തുകൊണ്ടിരുന്നു. പതിയെ പതിയെ സമതലങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ഉയര്‍ന്ന പര്‍വതങ്ങള്‍ക്ക് മുകളിലേക്ക് കയറാനാവാതെ വിമാനം വലിയ മലമടക്കുകളിലെ ഇടുങ്ങിയ വിടവുകളിലൂടെ ഒരു തികഞ്ഞ അഭ്യാസിയെപ്പോലെ ചാഞ്ഞും ചെരിഞ്ഞും മുന്നോട്ടു നീങ്ങി. സാഹസിക സഞ്ചാരത്തിന്റെ പേടി കലര്‍ന്ന ആനന്ദാനുഭൂതി പകര്‍ന്നു നല്‍കിക്കൊണ്ട് സുന്ദരമായ ഒരാകാശ യാത്ര.
വിമാനത്താവളത്തിലിറങ്ങാറായെന്നുള്ള അറിയിപ്പ് വന്നെങ്കിലും താഴെ സമതല ഭൂമിയൊന്നും കാണാനായില്ല. മലകള്‍ മാത്രം. മഞ്ഞു തൊപ്പിയിട്ട പച്ച മലകളും പുല്ലു പോലുമില്ലാത്ത പാറക്കൂട്ടങ്ങളും. മലയിടുക്കുകളിലൂടെ അല്‍പനേരം തെന്നി നീങ്ങി പൊടുന്നനെ താഴോട്ട് ഊര്‍ന്നിറങ്ങിയത് ബൊള്‍സാനോ വിമാനത്താവളത്തിലെ റണ്‍വെയിലേക്ക്. ഒരു റോളര്‍ സ്കേറ്റര്‍ യാത്രയുടെ അന്ത്യത്തിലെന്ന പോലെ പിടക്കുന്ന നെഞ്ചും മഞ്ഞളിച്ച മുഖവുമായി ഞങ്ങള്‍ പുറത്തിറങ്ങി. വിമാന ജോലിക്കാര്‍ ലഗേജുകള്‍ താഴെയിറക്കി അവിടെ വെച്ചുതന്നെ യാത്രക്കാര്‍ക്ക് കൈമാറിക്കൊണ്ടിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് പൈലറ്റുമാരും യാത്രക്കാരെ ഹസ്തദാനം ചെയ്ത് യാത്രയാക്കി.
കൂറ്റന്‍ പര്‍വതങ്ങള്‍ അതിരുകള്‍ തീര്‍ത്ത ബോള്‍സാനോ പട്ടണത്തിലെ ടെലോമിട്ടന്‍ വിമാനത്താവളം ഞങ്ങളെ സ്വാഗതം ചെയ്തു. വിമാനത്താവളവും പരിസരവും വാരാന്ത്യത്തിന്റെ ആലസ്യത്തിലായിരുന്നു. വിരലില്‍ എണ്ണാവുന്ന യാത്രക്കാരും ജോലിക്കാരും മാത്രം. പുറത്ത്, മനം കുളിര്‍പ്പിക്കുന്ന തണുപ്പുള്ള ഇളം വെയിലിനൊപ്പം നേര്‍ത്ത മഴച്ചാറല്‍.
ബോള്‍സാനോയില്‍ നിന്ന് ബ്രൂണിക്കോയിലേക്ക് റോഡ് മാര്‍ഗം ഏതാണ്ട് ഒരു മണിക്കൂര്‍ യാത്രയേയുള്ളൂ. പക്ഷേ, ഞായറാഴ്ചകളില്‍ നിര്‍ജീവമാകുന്ന യൂറോപ്യന്‍ നഗരങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നതിനാല്‍ വിമാനത്താവളത്തിനടുത്ത് തന്നെ ഒരു രാത്രി തങ്ങാനുള്ള ഏര്‍പ്പാടുകള്‍ നേരത്തെ ചെയ്തിരുന്നു.
പ്രതീക്ഷിച്ചത് പോലെ പുറത്തു ടാക്സികളൊന്നുമില്ല. പെട്ടിയും തൂക്കി പുറത്തേക്കിറങ്ങിയ ഞങ്ങളെ വരവേറ്റത് ഒരസാധാരണ ഇറ്റാലിയന്‍ പട്ടണമായിരുന്നു. സാമാന്യ ഇറ്റാലിയന്‍ സ്പര്‍ശം അന്യമായ കെട്ടിടങ്ങളും വഴികളും വഴിയടയാളങ്ങളും. പാതവക്കില്‍ കാണുന്ന എഴുത്തുകളെല്ലാം പ്രധാനമായും ജര്‍മന്‍ ഭാഷയില്‍. ചിലയിടത്തൊക്കെ ഇറ്റാലിയന്‍ പരിഭാഷയും കാണാം. വഴിയില്‍ കേട്ട സംഭാഷണങ്ങളും ജര്‍മന്‍ ഭാഷയില്‍.
ചെവിയില്‍ വാക്മാനും തിരുകി കാലില്‍ റോളര്‍ സ്കേറ്റും പിടിപ്പിച്ചു എതിരെ വന്ന ഒരു കുട്ടികൂട്ടം വളരെ ഭവ്യതയോടെ ജര്‍മന്‍ കലര്‍ന്ന ഇംഗ്ളീഷ് ഭാഷയില്‍ എന്നെ അഭിവാദ്യം ചെയ്തു കടന്നുപോയി. ഒരു ഏഷ്യന്‍ അപരിചിതന് നേരെ ഹൃദ്യമായൊരു നോട്ടം പോലും പ്രതീക്ഷിക്കാന്‍ സാധ്യമല്ലാത്ത യൂറോപ്യന്‍ പശ്ചാത്തലത്തില്‍ സൈബര്‍ ലോക ജീവികളായ പുതു തലമുറയില്‍ നിന്ന് ഇങ്ങനെ ഒരു അഭിവാദനം ഏറെ ആശ്ചര്യപ്പെടുത്തി. അവര്‍ പിറകോട്ട് നോക്കി കളിയാക്കി ചിരിക്കുന്നോ എന്നറിയാന്‍ അല്‍പനേരം ഞാന്‍ തിരിഞ്ഞു നോക്കിയെങ്കിലും കുട്ടികള്‍ മാന്യരായി കടന്നുപോയി. ഞാന്‍ തിരിഞ്ഞു നിന്നത് കണ്ടിട്ടാവണം പിറകില്‍ വന്ന ഒരു ഇറ്റാലിയന്‍ അടുത്തേക്ക് വന്നു ജര്‍മന്‍ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. ഒന്നും എനിക്ക് മനസ്സിലാവുന്നില്ല എന്ന് തോന്നിയതു കൊണ്ടാവാം മറ്റൊരാളെ സഹായത്തിനു കൂട്ടി. 'താങ്കളുടെ എന്തെങ്കിലും കളഞ്ഞുപോയോ? ആ കുട്ടികള്‍ താങ്കളോട് എന്തെങ്കിലും അപമര്യാദയായി പെരുമാറിയോ?' അയാളുടെ മുറി ഇംഗ്ളീഷ് പരിഭാഷ. ഒന്നും സംഭവിച്ചില്ലെന്നും ഞാന്‍ ഒരു ഇറ്റാലിയന്‍ അത്ഭുതം കണ്ടാണ് തിരിഞ്ഞു നിന്നതെന്നും അവരെ അറിയിച്ചപ്പോള്‍ സായ്പന്മാര്‍ ഉച്ചത്തില്‍ ചിരിച്ചു. 'ഇത് ബോല്‍സാനോയാണ്!' എന്ന് പറഞ്ഞ് ക്ഷേമം നേര്‍ന്ന് യാത്രയാക്കി.
(തുടരും)
ു്യീീിൌ@ഴാമശഹ.രീാ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം