Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

ഇടത് ബദല്‍ എന്ന മിഥ്യ

എസ്.എം സൈനുദ്ദീന്‍

സി.പി.എം കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിയില്ല. പ്രകാശ് കാരാട്ട് ലൈനിന് പാര്‍ട്ടിയില്‍ മേല്‍കൈ ലഭിച്ചു. വി.എസ് പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പാര്‍ട്ടിയില്‍ ബഹിഷ്കൃതനോ പാര്‍ട്ടി ബഹിഷ്കരിച്ചവനോ ആയി വി.എസ് മാറി. തന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വി.എസ് അഭിസാരികയോ കറിവേപ്പിലയോ പോലെയായി.
പ്രത്യയശാസ്ത്രത്തിന് കാതലായ അഴിച്ചു പണിയുണ്ടായതായി സിന്റിക്കേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതര കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ മാതൃകയല്ലെന്ന് പ്രഖ്യാപിക്കുകവഴി ലോകത്തിലെ ഏറ്റവും ശരിയായ കമ്യൂണിസ്റ് ലൈന്‍ തങ്ങളുടേതാണെന്ന് പറയാതെ പറഞ്ഞിരിക്കുന്നു സി.പി.ഐ.(എം)
പത്ത് കോടി ചെലവാക്കി പാര്‍ട്ടി കോണ്‍ഗ്രസ്സ് നടത്തിയതു കൊണ്ട് ആക്കാണ് മെച്ചം? അടിസ്ഥാ ജനവിഭാഗങ്ങളും യുവാക്കളും സ്ത്രീകളും പാര്‍ട്ടിയെ കൈയൊഴിച്ചു. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് കൂടൊഴിയുന്നതായി സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണെന്ന ആത്മ പരിശോധന നടത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. മുപ്പത് വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് സി.പി.എം. രാജ്യത്തെ ഏറ്റവും ദരിദ്രമായ, മുസ്ലിം മെജോറിറ്റിയുള്ള ജില്ലയായ മുര്‍ഷിദാബാദ് ബംഗാളിലാണ്്. മൂന്ന് പതിറ്റാണ്ട് പാര്‍ട്ടി അവിടെ ആര്‍ക്ക് വേണ്ടിയാണ് ഭരണം നടത്തിയത്? സമ്പന്നരുടെയും മേല്‍തട്ടില്‍ കഴിയുന്നവരുടെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും സംരക്ഷിക്കുന്ന ബൂര്‍ഷ്വ പാര്‍ട്ടികളേക്കാള്‍ വഷളായി മാറിയ പാര്‍ട്ടിയെ ബംഗാളിലെ ജനത മടക്കമില്ലാത്ത പതനത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് തിരുത്താനുള്ള ചങ്കൂറ്റമില്ലാത്ത ഇടതുപക്ഷം ചൈനയെയും ക്യൂബയെയും തള്ളിപ്പറയുന്നതില്‍ ഒരാത്മാര്‍ഥതയുമില്ല, അര്‍ഥവുമില്ല.
മുതലാളിത്ത മൂലധനത്തോടും വികസനത്തോടും സാമാന്യ ജനങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ദുര്‍ബലമായ ചെറുത്തുനില്‍പുകളെ വരെ പിന്തുണക്കാനാകാതെ അധികാര രാഷ്ട്രീയത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ സായാഹ്ന സവാരി നടത്തുന്ന ഒരു പാര്‍ട്ടിക്ക്, തങ്ങളുടേത് ഒരു മാര്‍ക്സിസ്റ് പാര്‍ട്ടിയാണെന്നത് കൊണ്ട് മാത്രം ബദലാകാന്‍ കഴിയില്ല. അതിനാല്‍ ഇടത് ബദല്‍ എന്നത് ഒരു മിഥ്യ മാത്രമാണ്.
[email protected]

യൂറോപ്യന്‍ ഭാഷകള്‍ സ്വായത്തമാക്കുക
സാലിം പൂച്ചമാന്തി
അറബിഭാഷയും ആംഗലേയവും ആയാല്‍ എല്ലാം തികഞ്ഞു എന്ന ധാരണ പൊതുവെ കാണാം. എന്നാല്‍ കാര്യങ്ങള്‍ അതിനപ്പുറവുമുണ്ട് എന്നത് നാം സൌകര്യപൂര്‍വം വിസ്മരിക്കുന്നു. ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങിയ റൊമാന്‍സ് ഭാഷകള്‍ വൈജ്ഞാനികമായി വളരെ സമ്പുഷ്ടമാണ്.യൂറോപ്യന്‍ യൂനിയനിലെ ഒന്നാമത്തെ ഭാഷയായ ജര്‍മനിലും രണ്ടാമത്തെ ഭാഷയായ ഫ്രഞ്ചിലും 329 മില്യന്‍ പേര്‍ സംസാരിക്കുന്ന സ്പാനിഷിലും ഇതിനകം ഇസ്ലാമിക വൈജ്ഞാനിക മേഖലകളെ കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളും പഠനങ്ങളും ശ്രദ്ധേയങ്ങളാണ്.
യൂറോപ്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ശ്രദ്ധേയമായ എല്ലാ ഗവേഷണ ഗ്രന്ഥങ്ങളും പഠനങ്ങളും അറബിയിലേക്കും ആംഗലയത്തിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട് എന്ന തെറ്റായ ധാരണ ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങിയ ലോക ഭാഷകള്‍ അഭ്യസിക്കുന്നതില്‍ നിന്ന് വിജ്ഞാന ദാഹികളെ തടഞ്ഞുനിര്‍ത്തുന്നു. വൈജ്ഞാനിക മേഖലകളില്‍ സമ്പൂര്‍ണമായ മുന്നേറ്റം സൃഷ്ടിക്കാന്‍ മേല്‍ പരാമര്‍ശിച്ച ഭാഷകള്‍ സ്വായത്തമാക്കുക വഴി സാധ്യമാകുമെന്നതില്‍ സന്ദേഹമേതുമില്ല. വിജഞാന അന്വേഷണം നിര്‍ണിത ഭാഷകളില്‍ മാത്രം പരിമിതമാക്കാതിരിക്കുക. വിജഞാനയാത്ര യൂറോപ്യന്‍ ഭാഷകളിലേക്കും വ്യാപിപ്പിക്കുക. പഠനങ്ങളും ഗവേഷണങ്ങളും പുഷ്ടിപ്പെടാന്‍ അത് കാരണമാകും.

ഇസ്ലാം മാര്‍ക്സിസ്റ്  സൌഹൃദം അടഞ്ഞ അധ്യായം
സൈത്തൂന്‍ അങ്ങാടിപ്പുറം
'ഭിത്തിയില്‍ തട്ടി തകരുന്ന ഇസ്ലാം മാര്‍ക്സിസ്റ് സൌഹൃദങ്ങള്‍' എന്ന ടി. മുഹമ്മദ് വേളം എഴുതിയ ലേഖനം (ലക്കം 43) അനാവശ്യമായ ചില അസ്വസ്ഥതകള്‍ ഉയര്‍ത്തുന്നില്ലേ എന്ന് സംശയിക്കുന്നു.
ഒന്നാമതായി, ഇസ്ലാമും മാര്‍ക്സിസ്റ് പ്രസ്ഥാനവുമായുള്ള സൌഹൃദമെന്നത് അനാവശ്യവും അപ്രായോഗികവുമായ ഒരു സ്വപ്നമാണ്. അതിനു വേണ്ടിയുള്ള മോഹം വെറുമൊരു വ്യാമോഹവും. യഥാര്‍ഥത്തില്‍ എന്തിനെയൊക്കെ എതിര്‍ത്തുകൊണ്ട് കമ്യൂണിസം നിലവില്‍ വന്നോ അതില്‍ മതവും ഉള്‍ക്കൊള്ളുന്നു. ആ മതത്തെ പുതിയൊരു പരിവേഷമണിയിച്ച് തലോടാന്‍ മാര്‍ക്സിസ്റ് പാര്‍ട്ടി തയാറാകുമെന്ന് പ്രതീക്ഷിക്കുന്നത് ഒരിക്കലും ശരിയല്ല. ക്ളാസിക്കല്‍ കമ്യൂണിസമായാലും പാര്‍ലമെന്ററി കമ്യൂണിസമായാലും അഴിച്ചുപണികള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും ലക്ഷ്യം ഭൌതികവാദം മാത്രമാണ്. നേരെ മറിച്ച് ഇസ്ലാമും മുസ്ലിം സമൂഹവും നിലകൊള്ളുന്നത് ദൈവിക ജീവിത വീക്ഷണത്തില്‍ അധിഷ്ഠിതമായ സമൂഹ സൃഷ്ടിക്കാണ്. അതത് കാലഘട്ടങ്ങളിലെ പാര്‍ലമെന്ററി വ്യാമോഹം പൂര്‍ത്തീകരിക്കാനുള്ള ഏതെങ്കിലും തന്ത്രത്തിന്റെ ഭാഗമായിട്ടു മാത്രമേ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഇസ്ലാം/മുസ്ലിം പ്രേമത്തെ കാണേണ്ടതുള്ളൂ. ദൈവിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ ജീവിതരീതിയും ജനകീയ സമരങ്ങളും പരലോക മോക്ഷവും ലക്ഷ്യംവെക്കുന്ന ഒരു സമൂഹത്തിന് ഏതെങ്കിലുമൊരു ഭൌതിക പാര്‍ട്ടിയുടെ സഹകരണം പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്.
ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലിം സമൂഹം വ്യാപകമായി പിന്തുണച്ചെങ്കിലും സി.പി.എം ഇന്ത്യന്‍ നാഷ്നല്‍ ലീഗിന് പഴയ അയിത്തക്കാരന്റെ പദവി നല്‍കിയതായി ലേഖകന്‍ വിലപിക്കുന്നത് കാണുമ്പോള്‍ അനുകമ്പയാണ് തോന്നുന്നത്. കാരണം വിശാലമായ ലക്ഷ്യത്തോടെ നീങ്ങുന്ന മുസ്ലിം സമൂഹം ഭൌതികമായ നിലനില്‍പിനു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു പാര്‍ട്ടിയെ പൂര്‍ണമായി പിന്തുണച്ചതു തന്നെ വിഡ്ഢിത്തം. കോണ്‍ഗ്രസ് ലീഗിനോട് കാണിച്ചതുപോലെ സി.പി.എമ്മും മുസ്ലിം സമൂഹത്തോടും മുസ്ലിം സംഘടനകളോടും തികച്ചും കറിവേപ്പില നയമാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ലേഖകന്‍ തന്നെ ചൂണ്ടിക്കാട്ടിയതുപോലെ 'മതത്തിന്റെ ആത്മസത്തയെ തന്നെ തകര്‍ക്കുന്ന, അതിനെ കേവല ഭൌതികതക്ക് കൂട്ടിക്കൊടുക്കുന്ന ഒരു മതപരിഷ്കരണത്തെയാണ് മുസ്ലിം സമൂഹത്തില്‍ നിന്ന് അവര്‍ ഇന്നും ആഗ്രഹിക്കുന്നത്.' എത്ര പാര്‍ട്ടി കോണ്‍ഗ്രസ് നടന്നാലും ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു മാറ്റം കമ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വങ്കത്തമായിരിക്കും.

ഓര്‍മയാകുന്ന ആ ഒഴിവുകാലങ്ങള്‍
നേമം താജുദ്ദീന്‍
 
സ്കൂളുകള്‍ അടച്ച് കുട്ടികളുടെ ഒഴിവുകാലം പിറന്നതും വിദ്യാഭ്യാസ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചതും ഒരുമിച്ചാണ്. രക്ഷിതാക്കള്‍ കുട്ടികളെ ഇത്തരം സ്ഥാപനങ്ങളൊന്നില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നു.
പരീക്ഷ കഴിഞ്ഞ് രണ്ട് മാസത്തെ ഒഴിവുകാലം കുട്ടികള്‍ കളിച്ചും ചിരിച്ചും ഉല്ലസിച്ചും കഞ്ഞിയും കറിയും വെച്ച്, പ്ളാവില കൊണ്ട് കള്ളനും പോലീസും വേഷം കെട്ടി കളിച്ചുല്ലസിക്കുന്ന ഒഴിവുകള്‍ ഇന്നെവിടെ? കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും പറമ്പുകളിലും പന്തുകളിച്ചും തോടുകളിലും കുളങ്ങളിലും നീന്തിക്കളിച്ചും ചൂണ്ടയിട്ടും കിളിച്ചുണ്ടന്‍ എറിഞ്ഞും കശുവണ്ടി പെറുക്കിയും പൂമ്പാറ്റകളെയും തുമ്പികളെയും തേടി ഓടിച്ചാടി പാട്ടുകള്‍ പാടിയും മുത്തശ്ശിയുടെ മടിത്തട്ടിലും ചുറ്റിലും ഇരുന്ന് കഥകളും കടങ്കഥകളും കാരണവന്മാരുടെ ചരിത്രങ്ങളും കേട്ടു പഠിച്ച് ഉല്ലസിക്കുന്ന ഒഴിവുകാലം ഓര്‍മയായി മാറിയിരിക്കുന്നു.

എ.ഡി എന്ന പ്രയോഗത്തിലെ ജാഗ്രത കുറവുകള്‍
കെ.വൈ.എ
അപകോളനീകരണത്തെപ്പറ്റിയുള്ള മികച്ച ലേഖനത്തില്‍(ലക്കം 45) തന്നെ, കോളനീകരണത്തിന്റെ പ്രകടമായ ഒരു മുദ്ര ആവര്‍ത്തിച്ചു പ്രദര്‍ശിപ്പിച്ചത് ഭംഗിയായില്ല.
'എ.ഡി.' എന്ന പ്രയോഗത്തെയാണ് സൂചിപ്പിക്കുന്നത്. അിിീ ഉീാശിശ (നമ്മുടെ നാഥന്റെ വര്‍ഷത്തില്‍) എന്നോ പൂര്‍ണരൂപത്തില്‍ Anno Domini Nostri Iesu (നമ്മുടെ നാഥനായ യേശുക്രിസ്തുവിന്റെ വര്‍ഷത്തില്‍) എന്നോ പറയുന്നതിന്റെ ചുരുക്കമാണ് 'എ.ഡി.' യേശു ദൈവമാണെന്ന സങ്കല്‍പം ഈ പ്രയോഗത്തിലുണ്ട് എന്നതിനാല്‍ ക്രൈസ്തവേതര വിശ്വാസങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അസ്വീകാര്യമാണിത്. അക്കാരണത്താല്‍ തന്നെ, എ.ഡി എന്ന പ്രയോഗത്തിനു പകരം സി.ഇ (കോമണ്‍ ഇറാ = പൊതുവര്‍ഷം) എന്നാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കാറ്. 'ബി.സി' എന്നത് അങ്ങനെതന്നെയോ ബി.സി.ഇ എന്നോ (ബിഫോര്‍ കോമണ്‍ ഇറാ) പ്രയോഗിക്കുന്നു.
ബി.സി, സി.ഇ എന്നിവ സ്വീകരിച്ച് അത്രയെങ്കിലും അപകോളനീകരണം സാധിച്ചെടുക്കാന്‍ അല്‍പമൊരു കരുതല്‍ മാത്രമേ ആവശ്യമുള്ളൂ. മലയാളത്തില്‍ ക്രിസ്തുവിന് മുമ്പ്(ക്രി.മു), ക്രിസ്തുവര്‍ഷം(ക്രി.വ) എന്നും എഴുതാമല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം