Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

നന്മയ്ക്ക് പകരം നന്മ

നസീം ഗാസി

ഒരു ദിവസം ഒരു എഞ്ചിനീയര്‍ സുഹൃത്ത് എന്നെ കാണാന്‍ വന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ വൈജ്ഞാനികമോ സാമൂഹികമോ ആയ പല ഉള്‍ക്കാഴ്ചകളും ലഭിക്കാറുണ്ട്. ഇത്തവണ അദ്ദേഹം തികച്ചും വിസ്മയകരമായ ഒരു കാര്യമാണ് പറഞ്ഞത്. അതും അദ്ദേഹത്തിന്റെ സ്വന്തം അനുഭവം.
എഞ്ചിനീയര്‍ പറഞ്ഞു തുടങ്ങി. അദ്ദേഹം ഒരു ദിവസം രോഗിയായ തന്റെ കൂട്ടുകാരനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ ചെന്നതായിരുന്നു. വാര്‍ഡ് എതെന്നറിയാന്‍ ഒരാളെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ്, ഒരു ചെറുപ്പക്കാരന്‍ ആശുപത്രി വാര്‍ഡിന്റെ കോണിപ്പടിയില്‍ മുട്ടുംകാലില്‍ തലവെച്ച് ഇരിക്കുന്നത് കണ്ടത്. എഞ്ചിനീയര്‍ അയാളെ തൊട്ടുണര്‍ത്തി തന്റെ സംശയം തീര്‍ക്കാമെന്ന് കരുതി. അയാള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി എഞ്ചിനീയറെ നോക്കി. എഞ്ചിനീയര്‍ അയാളെ കൈപിടിച്ചു എഴുന്നേല്‍പിച്ച് കരയാനുള്ള കാരണം തിരക്കി. താന്‍ ഇരിക്കുന്നതിന് തൊട്ടപ്പുറത്തെ മൂലയിലേക്ക് ചൂണ്ടി അയാള്‍ വിതുമ്പി: 'ആ കിടക്കുന്നത് എന്റെ അമ്മയുടെ മൃതദേഹമാണ്. ഇന്ന് രാവിലെ അവര്‍ മരണപ്പെട്ടു. ഇവിടെ നിന്ന് 30-35 കി.മീറ്റര്‍ അകലെ ഒരു ഗ്രാമത്തിലാണ് ഞങ്ങളുടെ വീട്' അവന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു. 'അമ്മയുടെ മൃതദേഹവുമായി എനിക്ക് നാട്ടിലേക്ക് പോകണം. എന്നാല്‍ ഒരൊറ്റ ടാക്സി വാഹനവും കൂടെ വരാന്‍ കൂട്ടാക്കുന്നില്ല. അവര്‍ പറയുന്ന വാടക ആദ്യമേ ഒടുക്കണമെന്നും നാട്ടിലെത്തി കൊടുത്താല്‍ പോരെന്നുമാണ് പറയുന്നത്. എന്റെ കൈയിലാണെങ്കില്‍ മുഴുവന്‍ തുകയും ഇല്ല.' വെള്ള പുതപ്പിട്ട ഒരു മൃതദേഹം നിലത്ത് കിടക്കുന്നത് എഞ്ചിനീയര്‍ കണ്ടു.
ചെറുപ്പക്കാരന്റെ കൈയിലെ ആശുപത്രി രേഖകള്‍ പരിശോധിച്ച ശേഷം എഞ്ചിനീയര്‍ യുവാവിനെയും കൂട്ടി നേരെ ടാക്സി സ്റാന്റിലേക്ക് നടന്നു. 'ഇവനെയൊന്ന് സഹായിക്കണം, നാട്ടിലെത്തിയാല്‍ മുഴുവന്‍ തുകയും അവന്‍ തരും.' എഞ്ചിനീയര്‍ ടാക്സിക്കാരോട് കെഞ്ചി. 'അത് പറ്റില്ല, മുഴുവന്‍ തുകയും അഡ്വാന്‍സ് കിട്ടണം. എങ്കിലേ വണ്ടി വിടൂ.' തങ്ങളുടെ ഉടമകളുടെ തീരുമാനമാണിതെന്ന് അവര്‍ തറപ്പിച്ച് പറഞ്ഞപ്പോള്‍ എഞ്ചിനീയര്‍ അസ്വസ്ഥനായി. 'ഇതൊക്കെ സാറെ ഞങ്ങളുടെ അനുഭവമാണ്. നാട്ടിലെത്തിയാല്‍ മൃതദേഹത്തിന്റെ ആളുകള്‍ കരച്ചിലും പിഴിച്ചിലുമായി ബഹളം വെക്കും. പിന്നെ അവര്‍ എല്ലാം മറക്കും. അവസാനം ഞങ്ങള്‍ കാത്ത് നിന്ന് മടങ്ങും. അവര്‍ക്ക് ഞങ്ങളുടെ വാടകയല്ലല്ലോ വലുത്. മരണമല്ലേ കാര്യം.'
അവസാനം എഞ്ചിനീയര്‍ മുഴുവന്‍ വാടകയും കൊടുത്ത് ഒരു വാഹനത്തില്‍ മൃതദേഹം കയറ്റി. ആ ചെറുപ്പക്കാരന്‍ എഞ്ചിനീയറുടെ കാല്‍ക്കല്‍ വീണ് വീണ്ടും വീണ്ടും നന്ദിപറയാന്‍ വെമ്പുന്നുണ്ടായിരുന്നു. എഞ്ചിനീയര്‍ അയാളെ ആശ്വസിപ്പിച്ച് തോളില്‍ തട്ടി. ഡ്രൈവര്‍ വണ്ടിയെടുത്ത് അകലെ മറഞ്ഞു. ഇതൊക്കെ ദിവസവും നടക്കുന്ന സാധാരണ സംഭവം എന്നല്ലാതെ മറ്റൊരു പ്രാധാന്യവും ആ വലിയ മനുഷ്യന് തോന്നിയിരുന്നില്ല. 'നന്മചെയ്തിട്ട് അത് തോട്ടിലെറിയുക അഥവാ അക്കാര്യം മറന്നേക്കുക എന്നൊരു തത്വവും ഉണ്ടല്ലോ', എഞ്ചിനീയര്‍ എന്നോട് പറഞ്ഞു.
ഒരു ദിവസം എഞ്ചിനീയര്‍ തന്റെ ഓഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു. തടിച്ച് കൊഴുത്ത ഒരു മല്ലന്‍ അവിടെ വന്ന് കയറി. അയാള്‍ തലപ്പാവ് ധരിച്ചിട്ടുണ്ട്. തലപ്പാവ് കൊണ്ട് മുഖം മറച്ചിരുന്നതിനാല്‍ ആളെ വ്യക്തമായി തിരിച്ചറിയുമായിരുന്നില്ല. ഗ്രാമവാസി എന്ന് തോന്നിക്കുന്ന വേഷം. ഏതോ ഫയലില്‍ തലപൂഴ്ത്തിയിരിക്കുന്ന ഓഫീസറോട്, എഞ്ചിനീയര്‍ ഉണ്ടോ, എനിക്കൊന്ന് കാണണം എന്ന് ആഗതന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. എഞ്ചിനീയര്‍ ഫയലില്‍ നിന്ന് തലയുയര്‍ത്തി പറഞ്ഞു: 'ആ എഞ്ചിനീയര്‍ തന്നെയാണ് ഞാന്‍. വരൂ എന്താണ് താങ്കള്‍ക്ക് വേണ്ടത്.' എഞ്ചിനീയര്‍ തല ഉയര്‍ത്തിയപ്പോള്‍ വന്നയാള്‍ ആകെ വല്ലാതായി. ഇദ്ദേഹം പണ്ട് തന്റെ അമ്മയുടെ മൃതദേഹം കാറില്‍ കയറ്റാന്‍ പണം തന്ന് സഹായിച്ച ആ മനുഷ്യനാണല്ലോ. നിമിഷങ്ങള്‍ കഴിഞ്ഞിട്ടും മിണ്ടാതെ നില്‍ക്കുന്ന ആ 'ഉരുക്ക് മനുഷ്യ'നോട് എഞ്ചിനീയര്‍ വീണ്ടും: 'എന്തേ സഹോദരാ! പറയൂ വല്ല സഹായവും....' 'അന്ന് ഞാന്‍ കേട്ട അതേ ശബ്ദം!' ആ 'ഗ്രാമവാസി' ഓര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രതിസന്ധിയില്‍ തന്നെ സഹായിച്ച അതേ 'ദേവന്‍'. അതിനാകട്ടെ ഒരു നന്ദി പോലും പറയാന്‍ പിന്നീട് തനിക്ക് കഴിഞ്ഞിട്ടില്ല. അയാള്‍ എഞ്ചിനീയറുടെ കാലില്‍ വീണ് പൊട്ടിപൊട്ടി കരയാന്‍ തുടങ്ങി. താന്‍ വന്ന കാര്യം അയാള്‍ പാടെ മറന്ന് പോയിരുന്നു. 'എനിക്ക് മാപ്പ് തരണം, എന്നോട് പൊറുക്കണം' അയാള്‍ യാചിച്ച് കൊണ്ടിരുന്നു. 'ഞാന്‍ പാപിയാണ്, മൃഗതുല്യന്‍, നന്ദിയില്ലാത്തവന്‍, നീചന്‍' അവന്‍ സ്വയം ശപിച്ചുകൊണ്ടിരുന്നു.
എഞ്ചിനീയര്‍ക്ക് ഒന്നും മനസ്സിലായില്ല. ആരാണിയാള്‍, ഞാനുമായി ഇയാള്‍ക്കെന്ത് ബന്ധം. എഞ്ചിനീയര്‍ അയാളെ താങ്ങി എഴുന്നേല്‍പിച്ചു ചോദിച്ചു: 'എന്താണ് കാര്യം. താങ്കള്‍ ആരാണ്? എനിക്കിതൊന്നും മനസ്സിലാവുന്നില്ല.' അവന്‍ തന്റെ തലപ്പാവു ഊരി ആ പരോപകാരിയായ വലിയ മനുഷ്യന്റെ കാല്‍ക്കല്‍ വെച്ചു. 'സത്യത്തില്‍ താങ്കളുടെ ജീവനെടുക്കാന്‍ വന്ന ഗുണ്ടയാണ് ഞാന്‍! അതിന് താങ്കളുടെ ശത്രുവില്‍നിന്ന് പണം പറ്റിയ വാടക ഗുണ്ട! എന്നാല്‍ ഭഗവാന്‍ എന്നെ ഇവിടെ രക്ഷപ്പെടുത്തിയിരിക്കുന്നു. ആപത്തില്‍ പെടാതെ കാത്തു. താങ്കളെ കണ്ടപാടെ ഞാന്‍ തിരിച്ചറിഞ്ഞു. അന്നത്തെ സംഭവങ്ങള്‍ എല്ലാം ഇന്നലെ കഴിഞ്ഞപോലെ എന്റെ മനസ്സില്‍ തെളിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ മാതാവിന്റെ മൃതശരീരം വീട്ടിലെത്തിക്കാന്‍ ദേവനായി ഇറങ്ങിവന്ന മഹാമനുഷ്യനാണ്, താങ്കള്‍!' ഇത്രയും പറഞ്ഞ അയാള്‍ വീണ്ടും എഞ്ചിനീയറോടു മാപ്പപേക്ഷിച്ചു. എഞ്ചിനീയര്‍ക്കും ആ സംഭവങ്ങള്‍ ഓര്‍മവന്നു. എഞ്ചിനീയര്‍ അയാളെ സമാധാനിപ്പിച്ചു. ഇടക്ക് കയറി അയാള്‍ പറഞ്ഞു: 'എന്റെ കൂട്ടുകെട്ടാണ് എന്റെ ശാപം. മലീമസമായ ചുറ്റുപാടില്‍ കഴിയുന്നവരാണ് ഞങ്ങള്‍. കാശ് വാങ്ങി കാര്യം ഒപ്പിച്ച് കൊടുക്കുകയാണ് ഞങ്ങളുടെ പണി.' അയാള്‍ തുടര്‍ന്നു: 'ഞാന്‍ നിങ്ങളെ പലപ്പോഴും ഓര്‍ക്കാറുണ്ട്. പക്ഷേ, പേരോ വിലാസമോ ഇല്ലാത്തതിനാല്‍ ഒരിക്കലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ കണ്ടുമുട്ടിയതാവട്ടെ ഇങ്ങനെയും.'
'ഈശ്വരന്‍ സഹായിച്ചിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ എന്തൊരു പാപിയായി മാറിയേനെ. ദൈവം എനിക്ക് മാപ്പ് തരില്ല, ഞാന്‍ ദുഃഖ ഭാരം പേറി മരിച്ചുപോയേനെ.' അയാള്‍ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു. 'കഴിഞ്ഞതെല്ലാം മറക്കുക, നീ ഇപ്പോള്‍ സ്വീകരിച്ച ജീവിത ശൈലി ഉപേക്ഷിക്കുക. ആ വഴി നല്ലതല്ല. അധ്വാനിച്ച് ജീവിക്കുക. നല്ലത് മാത്രം പ്രവര്‍ത്തിക്കുക.' എഞ്ചിനീയര്‍ അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ദൈവത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് അയാള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
"ഞാന്‍ ഈ നിമിഷം മുതല്‍ തെറ്റില്‍നിന്ന് മടങ്ങുന്നു. അധ്വാനത്തിന്റെയും സേവനത്തിന്റെയും വഴിയേ പോകാന്‍ ഞാന്‍ തീരുമാനിക്കുകയാണ്.'' അയാള്‍ പ്രതിജ്ഞയെടുത്തു.
ചില ചെറുപുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് എഞ്ചിനീയര്‍ അയാളെ യാത്രയാക്കി - പുതിയ ലോകത്തേക്ക്....
(ദഅ്വത്ത്)
വിവ: സഈദ് മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം