മക്തി തങ്ങള്‍ ജീവിതത്തെ വിവര്‍ത്തനം ചെയ്യുമ്പോള്‍
സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ മരിച്ചിട്ട് നൂറ് വര്‍ഷം തികയുകയാണ്. 1847-ല്‍ പൊന്നാനിക്കടുത്ത വെളിയങ്കോട് ജനിച്ച മക്തി തങ്ങള്‍ മരണപ്പെടുന്നത് 1912-ലാണ്. മക്തി തങ്ങളുടെ മത, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും നിര്‍വഹിക്കപ്പെട്ടത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം പ്രകടമായത് 20-ാം നൂറ്റാണ്ടിലാണ്. ആ നിലക്ക് നോക്കുമ്പോള്‍ 20-ാം നൂറ്റാണ്ടിലെ മുസ്ലിം കേരളത്തിന്റെ സ്വത്വത്തെ നിര്‍ണയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും മക്തി തങ്ങളോളം പങ്കുവഹിച്ച മറ്റൊരാളില്ല എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. മക്തി തങ്ങളില്ലാത്ത കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരള മുസ്ലിംകള്‍ മത, സാമൂഹിക, സാംസ്കാരിക രംഗത്ത് പുരോഗതിയുടെ പല നാഴികക്കല്ലുകളും പിന്നിട്ടിട്ടുണ്ട്. സൂക്ഷ്മമായി അവയോരോന്നും പരിശോധിച്ച് നോക്കിയാല്‍ അവയിലെല്ലാം ഏതെങ്കിലും വിധത്തില്‍ മക്തി തങ്ങളുടെ മുദ്രകള്‍ പതിഞ്ഞതായി കാണാം.
മത പരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഗ്രന്ഥ രചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം തുടങ്ങി മക്തി തങ്ങള്‍ കൈവെക്കാത്ത മേഖല വളരെ വിരളമാണ്. നിരവധി സാമൂഹിക നവോത്ഥാന പ്രക്രിയയിലൂടെ കടന്നുപോയ ആധുനികനായ ഒരു കേരളീയന്‍ എന്ന സ്വത്വത്തിലേക്ക് സ്വയം വികസിച്ച് കേരളത്തിലെ ഇതര മത സമുദായങ്ങളോടൊപ്പം ചേര്‍ന്ന് മുന്നേറാന്‍ സ്വന്തം സമുദായത്തെ കൂടി പ്രാപ്തമാക്കുകയാണ് ഇതിലൂടെ മക്തി തങ്ങള്‍ ലക്ഷ്യമിട്ടത്. ചുരുക്കത്തില്‍ ഇസ്ലാമിന്റെ അന്തസത്തയോട് ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ മുസ്ലിം കേരളത്തിന്റെ അന്തരംഗത്തെ ആധുനിക ലോകവുമായി അടുപ്പിച്ച് കേരളീയനായ ആധുനിക മുസ്ലിമിനെ രൂപപ്പെടുത്തുകയും പുനര്‍നിര്‍ണയിക്കുകയും ചെയ്തതാണ് കേരള മുസ്ലിം നവോത്ഥാനത്തിന്റെ പ്രധാന ശില്‍പിയായി മക്തി തങ്ങള്‍ പരിഗണിക്കപ്പെടാനും കൊണ്ടാടപ്പെടാനും കാരണം.
ക്രൂരവും പൈശാചികവുമായ കൊളോണിയല്‍ ഭരണം സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും മുച്ചൂടും തകര്‍ത്തുകളഞ്ഞ ഒരു സമുദായത്തിലേക്കാണ് പരിഷ്കരണത്തിന്റെ കാഹളധ്വനിയുമായി മക്തി തങ്ങള്‍ കടന്നുവരുന്നത്. ചെറുത്തുനില്‍പിന്റെ രാഷ്ട്രീയ പാഠം നേരത്തെ തന്നെ കേരള മുസ്ലിംകള്‍ വേണ്ടത്ര അഭ്യസിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ആദ്യം പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും അധിനിവേശത്തിന് കേരളത്തിലെ ഇതര സമുദായങ്ങള്‍ വേഗത്തില്‍ കീഴടങ്ങിയപ്പോള്‍ മുസ്ലിംകള്‍ ഒറ്റക്ക് ദീര്‍ഘകാലം ചെറുത്തുനില്‍പിന്റെ വീരേതിഹാസങ്ങള്‍ രചിച്ചത്. അനീതിയോടും അക്രമത്തോടും ഒരു നിലക്കും സമരസപ്പെടാനില്ല എന്ന തീവ്രമായ രാഷ്ട്രീയ ബോധം പ്രസരണം ചെയ്ത ഈ ചെറുത്തുനില്‍പിനിടയില്‍ മുസ്ലിം സമുദായം വിസ്മരിച്ചുകളഞ്ഞ കാര്യം, ഒരു കാലഘട്ടത്തിലും സാഹചര്യത്തിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ യഥാവിധം ഉള്‍ക്കൊണ്ട് സാമൂഹികമായും സാംസ്കാരികമായും സ്വയം പരിഷ്കരണത്തിന് വിധേയമാകാതെ കേവല രാഷ്ട്രീയ പോരാട്ടം കൊണ്ട് മാത്രം അതിജീവനം അസാധ്യമാണ് എന്ന വസ്തുതയാണ്.
ആദ്യകാല മഖ്ദൂമുകളെ മാറ്റിനിര്‍ത്തിയാല്‍ മുസ്ലിം സമുദായത്തെ ചെറുത്തുനില്‍പിന്റെ രാഷ്ട്രീയ പാഠം ചൊല്ലിപ്പഠിപ്പിച്ച പണ്ഡിതന്മാര്‍ പോലും ഈ വശത്തെ കുറിച്ച് വേണ്ടത്ര ധാരണയുള്ളവരായിരുന്നില്ല. ഇംഗ്ളീഷ്, മലയാളം ഭാഷകളോടും ആധുനിക വിദ്യാഭ്യാസത്തോടും ഏറെക്കാലം മുസ്ലിം സമുദായം പുറംതിരിഞ്ഞു നിന്നതിന് മാറ്റത്തെ ഉള്‍ക്കൊള്ളാനാകാത്ത പണ്ഡിതന്മാരുടെ ഈ യാഥാസ്ഥിതിക നിലപാട് കാരണമായിട്ടുണ്ട് എന്ന് സമ്മതിക്കുന്നതാണ് ബുദ്ധി. വിട്ടുവീഴ്ചയില്ലാത്ത അവരുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടായിരുന്നു ഈ ആധുനികതാ വിരോധത്തിന് അടിസ്ഥാനം എന്ന രീതിയിലുള്ള പുനര്‍വായനയിലൊന്നും വലിയ കാര്യമില്ല. രാഷ്ട്രീയമായി സാമ്രാജ്യത്വത്തോടു ചേര്‍ന്ന് നിന്ന മതപണ്ഡിതന്മാരും ആധുനിക വിദ്യാഭ്യാസത്തോടും ഇംഗ്ളീഷ്, മലയാളം ഭാഷകളോടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത് എന്ന വസ്തുത യാഥാസ്ഥിതികത്വത്തെ സാമ്രാജ്യത്വ വിരുദ്ധതയായി പുനര്‍ വായിക്കുന്നതിലെ നിരര്‍ഥകതയാണ് ബോധ്യപ്പെടുത്തുന്നത്.
മത യാഥാസ്ഥിതികത്വത്തിന്റെ ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ കാരണം വിദ്യാഭ്യാസപരമായും സാമൂഹികമായും ബഹുദൂരം പിന്തള്ളപ്പെട്ടുപോയ മുസ്ലിംസമുദായത്തില്‍ പുരോഗമന ചിന്തയും ആധുനിക വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യവും വളര്‍ത്താന്‍ കഠിനമായി പ്രയത്നിച്ചതാണ് മക്തി തങ്ങളെ കേരള മുസ്ലിം നവോത്ഥാനത്തിലെ വേറിട്ട വ്യക്തിത്വമാക്കുന്നത്. മത വിദ്യാഭ്യാസത്തെപോലെ തന്നെ ആധുനിക വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഒരുക്കലും മുസ്ലിം സമുദായത്തിന്റെ മതപരമായ ബാധ്യതയാണെന്നായിരുന്നു മക്തി തങ്ങളുടെ നിലപാട്. വൈദ്യശാസ്ത്ര പഠനം സാമൂഹിക ബാധ്യത (ഫര്‍ദ് കിഫായ)യാണെന്ന ഇമാം ഗസാലിയുടെ ആശയത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് മക്തി തങ്ങള്‍ ആധുനിക വിദ്യാഭ്യാസ പ്രചാരണം നടത്തിയത്. ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ചിന്തയും ഇല്ലാതെ എല്ലാവരും മതപഠനത്തിലേക്ക് തിരിയുന്ന പ്രവണതയെ അദ്ദേഹം ഇപ്രകാരം വിമര്‍ശിച്ചു. "ഇസ്ലാം ജനമൊക്കെയും മൌലവിമാരാകണമെന്നോ അറബി ഭാഷ പഠിച്ചിരിക്കണമെന്നോ മതം നിര്‍ബന്ധിക്കുന്നില്ല. ഈ നിലയില്‍ പാഠശാലകള്‍ അത്രയും മൌലവി സ്ഥാനത്തെ ഉദ്ദേശിച്ച് സ്ഥാപിക്കുന്നതും ഉദ്ദേശ്യ നിയമങ്ങളില്‍ കുട്ടികളെ കെട്ടിക്കൂട്ടുന്നതും മതവിധിക്ക് വിപരീതമെന്ന് മാത്രമല്ല, മതത്തിനും ജനത്തിനും ദോഷം ഭവിക്കുന്നതുമാണ്'' (മുസ്ലിം ജനവും വിദ്യാഭ്യാസവും). സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്ന് ഭൌതിക വിഷയങ്ങളും ഇംഗ്ളീഷ് മലയാള ഭാഷകളും പഠിക്കാന്‍ അദ്ദേഹം മുസ്ലിംകളെ ആഹ്വാനം ചെയ്തു. മുസ്ലിം കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കാനുള്ള മുഖ്യ തടസ്സം ഇംഗ്ളീഷ് നരകത്തിലെ ഭാഷയും, മലയാളം ഹിന്ദുശാസ്ത്ര ഭാഷയും ആയതിനാല്‍ അത് പഠിക്കല്‍ നിഷിദ്ധമാണെന്ന മതപണ്ഡിതന്മാരുടെ ഫത്വകളായിരുന്നു. ഇത്തരം ഫത്വകളെ മക്തിതങ്ങള്‍ നിശിതമായി ചോദ്യം ചെയ്തു. സംഗതിവശാല്‍ നരകത്തില്‍ പോകേണ്ടിവന്നാല്‍ അവിടത്തെ കാവല്‍ക്കാരായ മാലാഖമാരോട് സംസാരിക്കാനെങ്കിലും ഇംഗ്ളീഷ് പഠിച്ചിരിക്കണം എന്ന് പറഞ്ഞാണ് ഇംഗ്ളീഷ് നരകഭാഷയാണെന്ന പണ്ഡിത ജല്‍പനത്തെ അദ്ദേഹം കളിയാക്കിയത്. മലയാള ഭാഷാപഠനം മത പ്രബോധനത്തിനും മതാധ്യാപനം നടത്തുന്നതിനും ഒഴിച്ചുകൂടാനാവാത്തതിനാല്‍ അത് പഠിക്കല്‍ മതപരമായ ബാധ്യതയാണെന്നായിരുന്നു മക്തി തങ്ങളുടെ നിലപാട്.
"മലയാളം മാതൃഭാഷയായാലും അത് ഈമാന്‍ എന്ന വിശുദ്ധ സംഗതികളെ ധ്വനിപ്പിക്കുന്ന ഗുരുവായും മരണം വരെയും മരണാനന്തരം താനും ദൈവത്തോട് അപേക്ഷിക്കാന്‍ തുണയായും ഇരിക്കുന്ന അവസ്ഥക്ക് ആദ്യം പഠിച്ചിരിക്കേണ്ടതായ ഈ ഭാഷയെ നിരസിച്ചും നിന്ദിച്ചും അഭ്യസിക്കാതിരിക്കുന്നത് പടുമൂഡര്‍ക്ക് മാത്രം അലങ്കാരമായിരിക്കും'' എന്ന് അദ്ദേഹം എഴുതി.
ഭൌതിക വിദ്യാഭ്യാസത്തിന് പൊതു സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം മുസ്ലിം സമുദായം സ്വന്തം നിലക്ക് തന്നെ ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് മക്തി തങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഉത്തരേന്ത്യയിലെ അലീഗഢ് മാതൃകയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നത്തിലുണ്ടായിരുന്നത്. പക്ഷേ, എവിടെ നിന്നും പിന്തുണ ലഭിക്കാതിരുന്നതിനാല്‍ ആ സ്വപ്നം പൂവണിഞ്ഞില്ല. എന്നാല്‍, ഭാവിയിലെങ്കിലും അത്തരം സ്ഥാപനങ്ങള്‍ മുസ്ലിം സമുദായത്തിന്റെ മുന്‍കൈയില്‍ ഉയര്‍ന്നുവരാന്‍ പാകത്തിലുള്ള ആശയ രൂപീകരണം മക്തി തങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു. ഭൌതിക വിദ്യാഭ്യാസ പ്രചാരണം മുസ്ലിംകളുടെ സാമൂഹിക ബാധ്യതയാണെന്ന കണ്ടെത്തലിലൂടെയാണ് ഈ ആശയ രൂപീകരണം അദ്ദേഹം നിര്‍വഹിച്ചത്. അതിനാല്‍ പില്‍ക്കാലത്ത് മുസ്ലിംകളുടെ മുന്‍കൈയില്‍ ഉയര്‍ന്നു വന്ന ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീര്‍ച്ചയായും മക്തി തങ്ങളോട് കടപ്പെട്ടിരിക്കുന്നു.
കേരളത്തില്‍ അക്കാലത്ത് നിലനിന്ന മത വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും കാലോചിത പരിഷ്കരണം ആവശ്യമാണെന്ന ആശയം ആദ്യമായി ഉയര്‍ത്തിയതും മക്തി തങ്ങളാണ്. ഇതിന്റെ ഭാഗമായി അക്കാലത്തെ കേരള മുസ്ലിംകള്‍ പൊതുവെ വിശുദ്ധ പശുവായി കരുതിയിരുന്ന പൊന്നാനിയിലെ ദര്‍സ് സമ്പ്രദായത്തെ അതിരൂക്ഷമായിട്ടാണ് മക്തി തങ്ങള്‍ വിമര്‍ശിച്ചത്. മക്തി തങ്ങള്‍ക്ക് മതപണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടിവന്നതും ഈ വിമര്‍ശനത്തിന്റെ പേരിലാണ്. ഏതായാലും മക്തി തങ്ങള്‍ ഉയര്‍ത്തിയ ഈ പരിഷ്കരണ ആശയത്തിന്റെയും വിമര്‍ശനത്തിന്റെയും ചുവടുപിടിച്ചാണ് പില്‍ക്കാലത്ത് ചാലിലകത്ത് കുഞ്ഞഹമ്മദാജിയെ പോലുള്ളവര്‍ മത വിദ്യാഭ്യാസത്തില്‍ സമൂലമായ പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയത്.
സാമൂഹികമായ ദുരാചാരങ്ങള്‍ക്കെതിരെയും വിശ്വാസ, അനുഷ്ഠാന മണ്ഡലത്തിലെ ജീര്‍ണതകള്‍ക്കെതിരെയും മക്തി തങ്ങള്‍ അതിരൂക്ഷമായ വിമര്‍ശന ശരങ്ങളുയര്‍ത്തി. ഹൈന്ദവ സംസ്കാരത്തിന്റെ ശേഷിപ്പാണ് വടക്കെ മലബാറില്‍ മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായമെന്ന് സമര്‍ഥിച്ചുകൊണ്ട് അദ്ദേഹം അറബി മലയാളത്തിലും മലയാളത്തിലും ലഘുലേഖകള്‍ എഴുതി പ്രചരിപ്പിച്ചു. ഹിന്ദു ശാസ്ത്ര ഭാഷയാണെന്ന് ജല്‍പിച്ച് മലയാള ഭാഷക്കെതിരെ പടനയിച്ച മതപണ്ഡിതന്മാര്‍ക്ക് മരുമക്കത്തായ സമ്പ്രദായത്തിലൂടെ മുസ്ലിം കുടുംബ ഘടനയിലേക്കുള്ള ഹൈന്ദവ സംസ്കാരത്തിന്റെ ഈ നഗ്നമായ കടന്നുകയറ്റത്തെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ സാധിക്കാതിരുന്നത് വിരോധാഭാസമായി തോന്നാം. ഇസ്ലാമിക പ്രമാണങ്ങളേക്കാള്‍ അവര്‍ മുന്‍ഗണന നല്‍കിയത് ആചാരങ്ങള്‍ക്കും ശീലങ്ങള്‍ക്കുമായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
മുസ്ലിം കേരളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ എഴുത്തുകാരനും ചിന്തകനുമാണ് മക്തി തങ്ങള്‍. സ്ത്രീ വിദ്യാഭ്യാസത്തെ അത്യധികം പ്രോത്സാഹിപ്പിച്ച മക്തി തങ്ങള്‍ മിശ്ര വിദ്യാഭ്യാസത്തെയും അനുകൂലിച്ചു. നാരി നരാഭിചാരി എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ സ്ത്രീപക്ഷ രചനകള്‍ അധികവും വെളിച്ചം കണ്ടത്. ബഹുഭാര്യാത്വം, സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്യ്രം, സ്ത്രീവിദ്യാഭ്യാസം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
പത്രപ്രവര്‍ത്തനവും പുസ്തക പ്രസാധനവുമാണ് മക്തി തങ്ങള്‍ കൈവെച്ച മറ്റു രണ്ട് പ്രധാന മേഖലകള്‍. ഈ രണ്ട് മേഖലയിലും തുടക്കക്കാരന്‍ എന്ന സ്ഥാനം മക്തി തങ്ങള്‍ക്ക് കല്‍പിച്ചു കൊടുക്കാവുന്നതാണ്. അറബി മലയാളത്തിലും മലയാളത്തിലും അദ്ദേഹം പത്രം നടത്തിയിരുന്നു. സത്യപ്രകാശം, പരോപകാരി തുടങ്ങിയവയാണ് അദ്ദേഹം നടത്തിയിരുന്ന പ്രധാന പത്രങ്ങള്‍. സ്വന്തം പുസ്തകങ്ങളുടെ പ്രസാധനത്തിന് ഒരു അച്ചുകൂടവും അദ്ദേഹം സ്ഥാപിച്ചു നടത്തിയിരുന്നു.
കേരളത്തില്‍ മതാന്തര സംവാദത്തിന് തുടക്കമിട്ടതും മക്തി തങ്ങളാണ്. മക്തി തങ്ങളുടെ മത സംവാദത്തിന് കേവല മതപ്രചാരണത്തിനുള്ള ഉപാധി എന്നതിലുപരി അധിനിവേശ വിരുദ്ധത എന്ന ഒരുതലം കൂടിയുണ്ടായിരുന്നു. കാരണം അദ്ദേഹം സംവാദത്തിലൂടെ പ്രധാനമായും നേരിട്ടത് ക്രിസ്തുമത പ്രചാരകരെയും മിഷനറിമാരെയുമാണ്. കോളനി രാജ്യങ്ങളിലെ ക്രിസ്തുമത പ്രചാരണം കേവല മതപ്രബോധനത്തേക്കാള്‍ കോളനിവത്കരണത്തെ ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക അധിനിവേശത്തിന്റെ പ്രഛന്ന രൂപങ്ങളായിരുന്നു. അധിനിവേശത്തെ രാഷ്ട്രീയമായി നേരിട്ട മത പണ്ഡിതന്മാര്‍ക്ക് പോലും ഈ സാംസ്കാരികാധിനിവേശത്തെ വേണ്ട രീതിയില്‍ തിരിച്ചറിയാനോ അതിനെ ഫലപ്രദമായി നേരിടാനോ സാധിച്ചിരുന്നില്ല. മലയാള ഭാഷാ പരിജ്ഞാനമോ സംവാദത്തിന്റെയും ഖണ്ഡനത്തിന്റെയും നവീന രീതിയെയും യുക്തിയെയും കുറിച്ചുള്ള അറിവോ അവര്‍ക്കില്ലാത്തതായിരുന്നു അതിനു കാരണം. ഈ പശ്ചാത്തലത്തില്‍ മതവിജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ക്രൈസ്തവ മത മീമാംസയില്‍ അവഗാഹവും നേടിയ മക്തി തങ്ങള്‍ ക്രൈസ്തവ മിഷനറിമാരുടെ ഇസ്ലാംവിമര്‍ശനങ്ങളെയും കുപ്രചാരണങ്ങളെയും സംവാദത്തിലൂടെയും അല്ലാതെയും ശക്തമായി നേരിട്ടു. ക്രിസ്ത്യന്‍ മിഷനറിമാരുടെ ഇസ്ലാംവിമര്‍ശനത്തിന് മറുപടി പറയുന്നതില്‍ പരിമിതപ്പെടാതെ ത്രിയേകത്വം, കുരിശ്മരണം തുടങ്ങിയ ക്രൈസ്തവ വിശ്വാസങ്ങളെ ഒരു കടന്നാക്രമണ ശൈലിയില്‍ അദ്ദേഹം ചോദ്യം ചെയ്തു. മക്തി തങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ആശയപരമായി നേരിടാനാകാതെ വന്നപ്പോള്‍ അദ്ദേഹത്തെ ശാരീരികമായും മാനസികമായും തകര്‍ത്ത് ഇല്ലാതാക്കാനാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ മിഷനറിമാര്‍ ശ്രമിച്ചത്. മക്തി തങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടിവന്നത് ഈ ക്രൈസ്തവ വിമര്‍ശനത്തിന്റെ പേരിലായിരുന്നു.
ലഹളയെ പിന്തുണക്കാതിരിക്കുകയും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ മുസ്ലിംകളെ ആഹ്വാനം ചെയ്യുകയും ചെയ്തതിന്റെ പേരില്‍ മക്തി തങ്ങളെ സാമ്രാജ്യത്വ ദാസനായി പുനര്‍വായിക്കാന്‍ ഇപ്പോള്‍ വെമ്പല്‍ കൊള്ളുന്നവര്‍ സാംസ്കാരിക അധിനിവേശത്തിനെതിരെ അദ്ദേഹം നടത്തിയ ഈ ധീരമായ ചെറുത്തുനില്‍പുകള്‍ കാണാന്‍ വിസമ്മതിക്കുകയാണ്.
Comments