Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

ഖുര്‍ആനും വ്യക്തി ഉടമാവകാശവും

മൌലാനാ മൌദൂദി

ആദ്യമായി ഒരു അടിസ്ഥാന തത്ത്വം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. സമൂഹത്തില്‍ നിലവിലുള്ള ഒരു സമ്പ്രദായത്തെക്കുറിച്ച് പ്രമാണങ്ങള്‍ പ്രത്യേക പരാമര്‍ശമൊന്നും നടത്താതിരിക്കുകയോ അതിനെക്കുറിച്ച് മൌനമവലംബിക്കുകയോ ചെയ്താല്‍ ആ സമ്പ്രദായത്തെ അനുവദനീയമായി കണക്കാക്കും. ഇതാണ് ആ തത്ത്വം. ഉദാഹരണത്തിന്, വിലക്ക് നോട്ടീസുകളൊന്നും പതിച്ചിട്ടില്ലാത്ത ഒരു ഭൂമിയിലൂടെ അന്നാട്ടുകാര്‍ ഒരു റോഡ് വെട്ടുകയും അതേത്തുടര്‍ന്ന് നിയമപ്രശ്നങ്ങളൊന്നും ഉയര്‍ന്നുവരാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ആ പ്രവൃത്തി നിയമാനുസൃതമാണെന്ന് വരുന്നു. ആ വഴിയിലൂടെ കടന്നുപോകുന്നത് തടയുന്ന നിയമവിലക്കുകള്‍ ഇല്ല എന്നത് തന്നെയാണ് ആ പ്രവൃത്തിയെ നിയമാനുസൃതമാക്കുന്നത്. ഇതുപോലെത്തന്നെയാണ് ഭൂവുടമസ്ഥതയുടെ കാര്യവും. മുഹമ്മദ് നബി(സ)യുടെ ആഗമനത്തിന് എത്രയോ ആയിരം വര്‍ഷം മുമ്പ് തന്നെ വ്യക്തികളുടെ ഭൂവുടമസ്ഥത എന്ന സമ്പ്രദായം നിലവിലുണ്ട്. ഖുര്‍ആന്‍ ഒരിക്കലും അത് തടഞ്ഞിട്ടില്ല. സ്വകാര്യ ഉടമാവകാശം എടുത്തു കളയണമെന്ന നിര്‍ദേശവും ഖുര്‍ആനില്‍ ഇല്ല. സ്വകാര്യ ഉടമസ്ഥതക്ക് പകരമായി മറ്റൊരു ബദല്‍ അത് അവതരിപ്പിക്കുന്നുമില്ല. വ്യംഗ്യമായി പോലും ഖുര്‍ആനിലൊരിടത്തും സ്വകാര്യ ഉമടസ്ഥതയെ അധിക്ഷേപിക്കുന്നുമില്ല. അല്ലാഹു ഈ സമ്പ്രദായത്തിന് നിയമസാധുത നല്‍കുന്നു എന്നാണല്ലോ അതിന്റെ അര്‍ഥം. അതുകൊണ്ടാണ് ഖുര്‍ആന്‍ അവതീര്‍ണമായ ശേഷവും അതിനു മുമ്പുള്ള ഒരു സമ്പ്രദായത്തെ മുസ്ലിംകള്‍ സ്വീകരിച്ചുപോരുന്നത്. അതിനാല്‍ ഇസ്ലാമില്‍ സ്വകാര്യ ഉടമസ്ഥതയില്ല എന്നാണ് ഒരാളുടെ വാദമെങ്കില്‍ അയാളാണ് അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കൊണ്ടുവരേണ്ടത്, അല്ലാതെ ഇസ്ലാമില്‍ അത് ഉണ്ട് എന്ന് പറയുന്നവരല്ല.
ഇസ്ലാം ഈ പൌരാണിക സമ്പ്രദായത്തെ തള്ളിക്കളഞ്ഞില്ല എന്ന് മാത്രമല്ല, ഖുര്‍ആന്‍ സൂക്ഷ്മമായി വായിച്ചാല്‍ സ്വകാര്യ ഉടമസ്ഥതയെ വ്യംഗ്യമായി സ്ഥാപിക്കുന്ന പരമാര്‍ശങ്ങള്‍ കണ്ടെത്താനും കഴിയും. ഈ സമ്പ്രദായത്തെ ആസ്പദിച്ചാണ് ഇസ്ലാമിലെ പല സാമൂഹിക-സാമ്പത്തിക നിര്‍ദേശങ്ങളും നിലനില്‍ക്കുന്നത് തന്നെ. നോക്കൂ, മനുഷ്യന്‍ ഭൂമിയെ രണ്ട് നിലക്ക് പ്രയോജനപ്പെടുത്തുന്നു-കൃഷിക്കും വാസത്തിനും. ഈ രണ്ട് ലക്ഷ്യങ്ങള്‍ക്കും വ്യക്തി ഭൂമി ഉടമപ്പെടുത്തുന്നതിനെ ഖുര്‍ആന്‍ അംഗീകരിക്കുന്നു.
"അവ കായ്ക്കുമ്പോള്‍ അവയുടെ പഴങ്ങള്‍ നിങ്ങള്‍ തിന്നുകൊള്ളുക. വിളവെടുപ്പ് കാലത്ത് അവന്റെ (അല്ലാഹുവിന്റെ) അവകാശം കൊടുത്ത് വീട്ടുകയും ചെയ്യുക'' (അല്‍അന്‍ആം 141).
ഇവിടെ 'അവന്റെ/ അല്ലാഹുവിന്റെ അവകാശം' (ഹഖഹു) എന്ന് പറഞ്ഞിരിക്കുന്നത് സകാത്തിനെക്കുറിച്ചും മറ്റു ദാനധര്‍മങ്ങളെക്കുറിച്ചുമാണ്. തോട്ടങ്ങളൊക്കെ പൊതു ഉടമയിലാണെങ്കില്‍ പിന്നെ സകാത്ത് കൊടുക്കുന്ന പ്രശ്നം തന്നെ ഉത്ഭവിക്കുന്നില്ലല്ലോ! ചിലയാളുകള്‍ക്ക് ഭൂമിയുണ്ട്, അതില്‍ നിന്ന് വരുമാനവും കിട്ടുന്നുണ്ട്, എങ്കില്‍ അവര്‍ അതില്‍ നിന്ന് നിശ്ചിത വിഹിതം ഭൂമിയോ വരുമാനമോ ഇല്ലാത്ത പാവങ്ങള്‍ക്ക് നല്‍കണം എന്ന നിലക്കല്ലേ ഈ സൂക്തത്തെ മനസ്സിലാക്കാനാവൂ. സ്വകാര്യ ഉടമസ്ഥത എന്ന പൌരാണിക ആശയത്തെ ഇസ്ലാം അംഗീകരിച്ചിട്ടുണ്ട് എന്നതിന് തെളിവല്ലേ ഇത്? മറ്റൊരു സൂക്തം കാണുക: "സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് നാം ഭൂമിയില്‍ ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക'' (അല്‍ബഖറ 267).
'ഭൂമി ഉല്‍പാദിപ്പിച്ച് തന്നവയില്‍ നിന്ന് ചെലവഴിക്കുക' എന്നതുകൊണ്ട് ഉദ്ദേശ്യം സകാത്തും ഐഛിക ദാനധര്‍മങ്ങളുമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ്. ഉല്‍പന്നങ്ങളും ഭൂമിയും ഉടമപ്പെടുത്തിയവന് മാത്രമല്ലേ ഈ നിര്‍ദേശം പാലിക്കാനാവൂ. അതിന്റ ഗുണഭോക്താക്കള്‍ ഉല്‍പന്നങ്ങളോ ഭൂമിയോ സ്വന്തമായി ഇല്ലാത്തവരുമായിരിക്കും. ആ നിസ്വ വിഭാഗത്തെ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു: "സകാത്ത് ദരിദ്യ്രര്‍ക്കും അഗതികള്‍ക്കും... ഉള്ളതാണ്.'' (അത്തൌബ 60). "ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ അവസരമില്ലാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ തീവ്രയത്നങ്ങളില്‍ ബന്ധിതരായ ദരിദ്യ്രര്‍ക്ക് വേണ്ടി ചെലവഴിക്കുക'' (അല്‍ബഖറ 60).
ഭൂമി വസിക്കാനുള്ളതാണ് എന്ന രണ്ടാമത്തെ ലക്ഷ്യം പരാമര്‍ശിക്കുന്ന ഖുര്‍ആനിക സൂക്തം കാണുക: "വിശ്വസിച്ചവരേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദം തേടുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും വരെ... ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടും വരെ അകത്ത് കടക്കരുത്'' (അന്നൂര്‍ 27,28).
വീട് കെട്ടി താമസിക്കുക എന്ന ലക്ഷത്തിനും ഭൂമി വ്യക്തികള്‍ക്ക് കൈവശം വെക്കാമെന്നതിന്റെ അസന്ദിഗ്ധമായ തെളിവാണ് മേല്‍ സൂക്തത്തില്‍ നാം കാണുന്നത്. തന്റെ സ്വകാര്യ സ്ഥലത്തേക്ക് കടക്കുന്ന അന്യരെ തടയാന്‍ ആ പുരയിടത്തിന്റെ ഉടമക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നു.
പ്രവാചകന്റെ മൊത്തം അധ്യാപനങ്ങളും പ്രവൃത്തികളും, ഖുലഫാഉര്‍റാശിദുകളുടെ പാരമ്പര്യവും, ആദ്യകാല ഖുര്‍ആന്‍-ഹദീസ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുമെല്ലാം ചേര്‍ത്ത് വായിച്ചാല്‍ ഇസ്ലാം സ്വകാര്യ ഉടമസ്ഥത അനുവദിച്ചിരുന്നു എന്ന് മാത്രമല്ല, ഭൂവുടമസ്ഥതക്ക് ഒരു പരിധിയും നിശ്ചയിച്ചിരുന്നില്ല എന്നും വ്യക്തമാകും.*
(തുടരും)

* സാധാരണ അവസ്ഥയിലാണ് ഈ നിയമം. ചില അസാധാരണ സാഹചര്യങ്ങളില്‍ പൊതുതാല്‍പര്യം മാനിച്ച് സ്റേറ്റിന് ഉടമസ്ഥാവകാശത്തില്‍ ചില നിയന്ത്രമങ്ങള്‍ കൊണ്ടുവരാം. അക്കാര്യം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ചില വ്യവസായ യൂനിറ്റുകളോ ഭൂഭാഗങ്ങളോ ദേശസാല്‍ക്കരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായാല്‍ അങ്ങനെ ചെയ്യാം. ഉല്‍പാദനോപകരണങ്ങളുടെ ദേശസാല്‍ക്കരണം ഒരു തത്ത്വമായി ആവിഷ്കരിക്കുന്നതിനെ ഇസ്ലാം അംഗീകരിക്കുന്നില്ല എന്നാണ് എന്റെ പഠനത്തിലൂടെ എനിക്ക് തെളിഞ്ഞുകിട്ടിയ വസ്തുത. ഇസ്ലാമിന്റെ സാമൂഹികതക്ക് ചേരുന്ന ഒന്നല്ല അത്. എല്ലാം പൊതു ഉടമയില്‍ കൊണ്ടുവരിക എന്നത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാണെന്നും ഇസ്ലാം കരുതുന്നില്ല. പൊതു താല്‍പര്യങ്ങള്‍ക്ക് വിഘാതമാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ അനിവാര്യമെങ്കില്‍ ദേശസാല്‍ക്കരണവും പരീക്ഷിച്ച് നോക്കാം എന്നു മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം