ജനകീയ പ്രമേയങ്ങള്‍ ഉയര്‍ത്തി ദല്‍ഹിയില്‍ ജനകീയ പാര്‍ലമെന്റ്
ദല്‍ഹി: ജനകീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും രാജ്യത്ത് നടക്കുന്ന വിവിധ സമരങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി മാര്‍ച്ച് 19-24 വരെ ദല്‍ഹിയില്‍ ജനകീയ പാര്‍ലമെന്റ് സംഘടിപ്പിച്ചു. മേധാപട്കറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ കൂട്ടായ്മ (ചഅജങ) യുടെ നേതൃത്വത്തിലാണ് ജനസന്‍സദ് (ജനകീയ പാര്‍ലമെന്റ്) സംഘടിപ്പിച്ചത്. 20 സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന 350 അംഗങ്ങളാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. വിവിധ തൊഴിലാളി നേതാക്കള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, ആദിവാസി ഗോത്രവിഭാഗങ്ങളുടെ നേതാക്കള്‍ തുടങ്ങിയവരായിരുന്നു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. മൂന്നുദിവസങ്ങളില്‍ ആറ് സെഷനുകളിലായി നടന്ന ചര്‍ച്ചകളും തുടര്‍ന്ന് നടന്ന ശൂന്യവേള ചര്‍ച്ചകളും അംഗങ്ങളുടെ ഇടപെടല്‍കൊണ്ട് ശ്രദ്ധേയമായിരുന്നു. 19-ന് ദല്‍ഹിയിലെ ചേരികളും കര്‍ഷക ഗ്രാമങ്ങളും സന്ദര്‍ശിച്ച ജനകീയ പാര്‍ലമെന്റ് അംഗങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ ദല്‍ഹിയുടെ കറുത്ത മുഖം അനാവരണം ചെയ്യുംവിധം സന്ദര്‍ശന അനുഭവങ്ങള്‍ പങ്കുവെച്ചു. 20, 21, 23 ദിവസങ്ങളില്‍ മൂന്ന് സെഷനുകളായാണ് ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉരുവിട്ട് കൊണ്ടാണ് ജനകീയ പാര്‍ലമെന്റിന് തുടക്കം കുറിച്ചത്.
ആദ്യ ദിനത്തിലെ ഒന്നാം സെഷനില്‍ പ്രകൃതി വിഭവങ്ങളുടെ മേലുള്ള ജനകീയ അധികാരത്തെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളായ ഹന്‍സരാജ് റാണ (ഹരിയാന), ശക്തിബികാല (മഹാരാഷ്ട്ര), കിഷോര്‍ദാസ് (ആന്ധ്ര), എസ്.പി ബെഹര്‍ (ഛത്തീസ്ഗഢ്), സന്‍ജയ് പ്രകീഷ് (വെസ്റ് ബംഗാള്‍), സി.ആര്‍ നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍ (കേരളം) തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ നടക്കുന്ന ദേശീയപാത പ്രക്ഷോഭം, ഗ്യാസ്പൈപ്പ്ലൈന്‍ വിരുദ്ധ സമരം, ഖനന പ്രശ്നങ്ങള്‍, മത്സ്യതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കേരളത്തില്‍ നിന്ന് സോളിഡാരിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത റസാഖ് പാലേരി ജനകീയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റ് സ്വീകരിക്കുന്ന കോര്‍പ്പറേറ്റ് അനുകൂല സമീപനങ്ങളെ നിശിതമായി വിശകലനം ചെയ്തുകൊണ്ട്് റിട്ടയര്‍ ജസ്റിസ് ത്രിവേദി ഒന്നാം സെഷനിലെ ചര്‍ച്ച ഉപസംഹരിച്ചു.
ഉച്ചക്കുശേഷം നടന്ന രണ്ടാം സെഷനില്‍, വളരുന്ന അസമത്വം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, കര്‍ഷകതൊഴിലാളികളുടെ പ്രശ്നങ്ങള്‍, വിലവര്‍ധനവിന്റെ കെടുതികള്‍, ദാരിദ്യ്രരേഖയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയാണ് ചര്‍ച്ചയായത്.
കേരളത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴിലാളികള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ മിനിമം കൂലിക്കുവേണ്ടി രൂപപ്പെടേണ്ട പ്രക്ഷോഭങ്ങളുടെ അനിവാര്യതയും കെ. സജീദ് ജനകീയ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സ്വാമി അഗ്നിവേശ്, കിരണ്‍ ഷഹിന്‍, കമല യാദവ്, സന്ദീപ് പാണ്ഡെ, മേധാപട്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചു.
രണ്ടാം ദിവസം കാര്‍ഷിക പ്രതിസന്ധിയും ഭക്ഷ്യസുരക്ഷാ ബില്ലും എന്ന വിഷയവും ഗവണ്‍മെന്റിന്റെ കരിനിയമങ്ങളും അതിന്റെ ഇരകളാക്കപ്പെടുന്ന ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.
മൂന്നാം ദിവസം അഴിമതിക്കെതിരായ നിയമങ്ങളും ലോക്പാല്‍ ബില്ല് ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ ഉണ്ടാകേണ്ട പരിഷ്കാരങ്ങളും ചര്‍ച്ചയായി. കെ.ബി സക്സേന, ഡോ. സത്യജിത്ത്സിംഗ്, അമിതാബ്ബഹര്‍, പ്രൊഫ. അരുണ്‍ കുമാര്‍, മീരശിവ, കമല്‍ നരായണന്‍ കാബ, പ്രഫുല്‍ ബിദ്വായ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉച്ചക്കുശേഷം നടന്ന അവസാന ചര്‍ച്ചയില്‍ ജനകീയ ബജറ്റും ബദല്‍ സാമ്പത്തിക നയങ്ങളുടെ ആവശ്യകതയും ഉയര്‍ന്നു വന്നു. കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തേക്കാള്‍ ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കും വിധം ബജറ്റ് പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. അശോക് ചൌധരി, അരവിന്ദ് ഗജരി വാള്‍, കുല്‍ദീപ് നയ്യാര്‍, ബി.ഡി ശര്‍മ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനകീയ പാര്‍ലമെന്റിന്റെ ഭാഗമായി 23ന് വൈകുന്നേരം പ്ളാച്ചിമട ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് മേധാപട്കര്‍ ഉദ്ഘാടനം ചെയ്തു. പ്രകടനത്തില്‍ പ്ളാച്ചിമട സമരപോരാളികളുള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുത്തു. 24ന് ഭഗത്സിംഗ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ആയിരങ്ങള്‍ അണിനിരന്ന ജനകീയമാര്‍ച്ച് സംഘടിപ്പിച്ചു. കൂടംകുളം സമരം, നര്‍മദ പ്രശ്നം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ സമരത്തില്‍ ഉയര്‍ത്തി. ജസ്റിസ് രജീന്ദ്ര സച്ചാര്‍, മേധാപട്കര്‍, സ്വാമി അഗ്നിവേശ്, സജീയ വരിയക്, ദേവരാജ് എം.എന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. സോളിഡിരിറ്റി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 150-ഓളം സംഘടനകളും സമരപ്രസ്ഥാനങ്ങളുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സോളിഡാരിറ്റി പ്രസിദ്ധീകരിച്ച ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള പത്രിക ജനകീയ പാര്‍ലമെന്റില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കൂല്‍ദീപ് നയ്യാര്‍ പ്രകാശനം ചെയ്തു. ചഅജങ കേരള കോ-ഓര്‍ഡിനേറ്റര്‍ പി.ടി.എം ഹുസൈനിന്റെ നേതൃത്വത്തില്‍ സി.ആര്‍ നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍, ജോയ് കൈതാരം, ജിയോജോസ്, റസാഖ് പാലേരി, കെ. സജീദ്, സി.എം ശരീഫ്, ഈസാ ബിന്‍ അബ്ദുല്‍ കരിം, ഫാദര്‍ ജോര്‍ജ്ജ് പുലികുത്തി, പ്രഫ. കുസുമം ജോസഫ്, സൈനബ് ടീച്ചര്‍, ബിജു തുടങ്ങി ഇരുപത്തഞ്ച് പ്രതിനിധികള്‍ കേരളത്തില്‍ നിന്ന് ജനകീയ പാര്‍ലമെന്റില്‍ പങ്കെടുത്തു.
സി.എം ശരീഫ്
[email protected]
Comments