Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

ഇതരമതങ്ങളില്‍ അവഗാഹമില്ലാതെ എന്ത് സംവാദം?

ഡോ. സയ്യിദ് ഫരീദ് അല്‍ അത്താസ് / എം. നൌഷാദ്

വിജ്ഞാനത്തിന്റെ അപകോളനീകരണ പദ്ധതിയില്‍ പലതരം ചിന്താധാരകളുണ്ടെന്ന് പറഞ്ഞല്ലോ. ബഹുസ്വരതയുടെ സാധ്യതകള്‍ എന്തൊക്കെയാണിവിടെ? പലതരം കാഴ്ചപ്പാടുകള്‍ക്ക് കൈകോര്‍ത്തുപോകാനാകുന്ന ഒരിടമാണോ ഇത്?
തീര്‍ച്ചയായും അതെ. അത്തരമൊരു കൂട്ടായ പരിശ്രമത്തിന്റെ അഭാവമുണ്ട്. ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ അനേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യക്കാര്‍ ഈ മേഖലയില്‍ വളരെ സജീവമാണെന്ന് തോന്നുന്നു. ഫിലിപ്പീനികളും ദക്ഷിണാഫ്രിക്കക്കാരും ഇന്തോനേഷ്യക്കാരും ഇറാനികളും നൈജീരിയക്കാരും മൊറോക്കക്കാരും തുര്‍ക്കികളുമൊക്കെ ഈ പദ്ധതിയില്‍ സജീവമാണ്. ലോകത്തിന്റെ പല ഭാഗത്തും ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെന്നര്‍ഥം. പക്ഷേ, ഒരു കൂട്ടായ പ്രവര്‍ത്തനമില്ല. ഈ നാടുകളിലെ ആളുകള്‍ക്ക് പരസ്പരം അറിയില്ല. എന്താണ് ചിന്തിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും പരസ്പരം അറിയില്ല. ഇതൊരു പ്രശ്നമാണ്.

ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ബ്രാഹ്മണരുടെ/ സവര്‍ണരുടെ മേല്‍നോട്ടത്തിലുള്ള ആന്തരിക കോളനീകരണം കൂടി ദലിതുകള്‍ക്കും മുസ്ലിംകള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും നേരിടേണ്ടിവരുന്നുണ്ട്
അക്കാദമികരംഗത്ത്, ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളും പ്രാദേശിക സര്‍വകലാശാലകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രാദേശിക-സംസ്ഥാന തലത്തില്‍ നിങ്ങള്‍ക്ക് നിരവധി സര്‍വകലാശാലകളുണ്ട്. പക്ഷേ, ഗവേഷണത്തിന്റെയും സിദ്ധിയുടെയും ശേഷിയുടെയും അവസര ലഭ്യതയുടെയും കാര്യത്തില്‍, അവര്‍ വളരെ പിറകിലാണ്. പ്രാദേശിക സര്‍വകലാശാലകളില്‍ നിന്ന് വരുന്ന പല സാമൂഹിക ശാസ്ത്രകാരന്മാര്‍ക്കും കേന്ദ്ര സര്‍വകലാശാലകളിലെ മികച്ച സാമൂഹിക ശാസ്ത്രകാരന്മാരുമായി ഇടപഴകാന്‍ അക്കാദമിക സമ്മേളനങ്ങളില്‍ പോലും അവസരമുണ്ടാകാറില്ല എന്നത് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ദേശീയ-അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച അക്കാദമിഷ്യന്മാരുമായി അവര്‍ ഇടപഴകുന്നില്ല. ഒരു വിടവ് അനുഭവപ്പെടും നമുക്ക്. പടിഞ്ഞാറന്‍ പണ്ഡിതന്മാരും പൌരസ്ത്യ പണ്ഡിതന്മാരും തമ്മിലുണ്ടാകുന്നതുപോലുള്ള ഒരു അധികാര ശ്രേണി ഇവിടെ അനുകരിക്കപ്പെടുന്നതായി തോന്നും. ആലങ്കാരികമായ അര്‍ഥത്തില്‍, ജാതി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടാകാം. പ്രാദേശിക സര്‍വകലാശാലകളിലുള്ളവര്‍ താഴ്ന്ന ജാതിയില്‍ നിന്നെന്ന പോലെ പരിഗണിക്കപ്പെടുന്ന അവസ്ഥ. ചില ഉയര്‍ന്ന അക്കാദമീഷ്യന്മാര്‍ ഇവരെ അവഗണിക്കുന്ന മനോഭാവക്കാരുമായേക്കാം. പ്രാദേശിക സര്‍വകലാശാലകളിലേക്കും പ്രഫസര്‍മാരിലേക്കും അങ്ങോട്ടു ചെല്ലുന്നത് സമയനഷ്ടം മാത്രമാണെന്നും അതുകൊണ്ട് കാര്യമായൊന്നും തങ്ങള്‍ക്ക് കിട്ടാനില്ലെന്നും അവര്‍ വിചാരിക്കുന്നു. ജനങ്ങളെ വിദ്യാസമ്പന്നരാക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം നിങ്ങള്‍ക്കില്ലാ എങ്കില്‍ തീര്‍ച്ചയായും നിങ്ങളങ്ങനെ ചെയ്യില്ല. നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍, ഉദാഹരണത്തിന് പുതിയ ആശയങ്ങളോ സിദ്ധാന്തങ്ങളോ നിങ്ങള്‍ക്കവരില്‍ നിന്ന് പഠിക്കാനാകില്ല. പക്ഷേ, അവര്‍ നിങ്ങളില്‍ നിന്ന് ധാരാളമായി പഠിക്കുന്നു. അതുപോലെ, പല പ്രാദേശിക കോളേജുകളിലെയും സംസ്ഥാനതല സര്‍വകലാശാലകളിലെയും അധ്യാപകരും വിദ്യാര്‍ഥികളും വളരെ ധാരണക്കുറവുള്ളവരും പല കാര്യങ്ങളെക്കുറിച്ചും അജ്ഞരുമാണ്. അവരോട് സംസാരിക്കുന്നതുകൊണ്ട് ഒന്നാം തരമൊരു പ്രഫസര്‍ക്ക് പുതിയ ആശയങ്ങള്‍ ലഭിക്കണമെന്നില്ല. പക്ഷേ, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള നമ്മുടെ കടമയാണത് എന്നു ഞാന്‍ കരുതുന്നു. വളരെ വിചിത്രമായി തോന്നുന്ന കാര്യം, പലപ്പോഴും പ്രാദേശിക പ്രഫസര്‍മാരും വിദ്യാര്‍ഥികളും ഏറെ ലജ്ജാലുക്കളായും അപകര്‍ഷിതരായും പെരുമാറുന്നു എന്നതാണ്. രണ്ട് വശത്തുമുണ്ട് പ്രശ്നങ്ങള്‍.

ഫാറൂഖ് കോളേജില്‍ താങ്കള്‍ നടത്തിയ പ്രസംഗത്തില്‍, ഇസ്ലാമിനോടുള്ള ഓറിയന്റലിസ്റുകളുടെ സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടായിക്കഴിഞ്ഞതായി പറഞ്ഞിരുന്നു. എന്താണാ മാറ്റമെന്നു വിശദീകരിക്കാമോ?
ഇപ്പോഴും ഓറിയന്റലിസം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, 19-ാം നൂറ്റാണ്ടിലോ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നമ്മള്‍ കണ്ട ഓറിയന്റലിസമല്ല അത്. അന്നുണ്ടായിരുന്നത് ഇസ്ലാമിനോട് മുന്‍വിധിയുള്ള, നിഷേധാത്മക കാഴ്ചപ്പാടുകളുള്ള ഓറിയന്റലിസ്റ് പണ്ഡിതരായിരുന്നു. അവരുടെ എഴുത്തുകളില്‍ തീര്‍ച്ചയായും അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഇസ്ലാം ഒരു മോശം മതമാണെന്നും വ്യാജ മതമാണെന്നും അത് ഹിസംയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സ്ത്രീകള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നുമൊക്കെ അവര്‍ വിശ്വസിച്ചു. ഖുര്‍ആന്‍ അവര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ഗ്രന്ഥമായിരുന്നു. ഇത്തരം നിരവധി പ്രസ്താവങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാം. പലപ്പോഴും ഈ ഗവേഷണങ്ങള്‍ കൊളോണിയല്‍ ശക്തികളുടെ താല്‍പര്യങ്ങളോടെയാണ് നടത്തപ്പെട്ടിരുന്നത്.
ഇന്ന്, വളരെയേറെ പടിഞ്ഞാറന്‍ പണ്ഡിതര്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നത് മൌലികമായ താല്‍പര്യം കൊണ്ടുതന്നെയാണ്. മിക്കവാറും അവരില്‍ ഭൂരിഭാഗം പേരും ഇസ്ലാമിന് എതിരല്ല എന്നു പറയാം. ഇനി എതിര്‍പ്പുള്ളവരുണ്ടെങ്കില്‍ തന്നെ, അതവരുടെ ഗവേഷണത്തിലേക്കവര്‍ കൊണ്ടുവരുന്നില്ല. അവര്‍ക്ക് കിട്ടുന്ന വസ്തുനിഷ്ഠതയുടെ പരിശീലനഫലമായി വ്യക്തിപരമായ എതിര്‍പ്പുകള്‍ അവര്‍ തങ്ങളില്‍ തന്നെ സൂക്ഷിക്കുന്നു. ഗവേഷണത്തെ അതുബാധിക്കുന്നില്ല. തല്‍ഫലമായി ഇസ്ലാമിനെക്കുറിച്ച് വസ്തുനിഷ്ഠമായ നിരവധി പാശ്ചാത്യ പഠനങ്ങള്‍ ഇന്നു ലഭ്യമാണ്. അവരെഴുതുന്നതില്‍ പ്രശ്നങ്ങളില്ലെന്നല്ല. പ്രശ്നങ്ങളുണ്ട്. പക്ഷേ, അത് മുന്‍വിധി കൊണ്ടോ ശത്രുത കൊണ്ടോ ഉണ്ടാകുന്നതല്ല. സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്. മറുവാക്കുകളില്‍ പറഞ്ഞാല്‍, ഇന്നത്തെ ഓറിയന്റലിസത്തിന്റെ സവിശേഷ സ്വഭാവം പണ്ടത്തേതുപോലെ മുന്‍വിധിയോ ശത്രുതയോ അല്ല, മറിച്ച് പാശ്ചാത്യേതര സങ്കല്‍പങ്ങളോടുള്ള അവഗണനയാണ്. പഴയ ഓറിയന്റലിസത്തിലും ഇതുണ്ടായിരുന്നു. ഇന്നു പക്ഷേ, പ്രകടമായ മുന്‍വിധി ഒരു മുന്തിനില്‍ക്കുന്ന ഘടകമല്ല. ഉദാഹരണത്തിന്, ഇബ്നു ഖല്‍ദൂനെക്കുറിച്ചുള്ള പഠനങ്ങളില്‍, അവരദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ പ്രതിഭയെ വാഴ്ത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. സാമൂഹിക ശാസ്ത്രത്തിന്റെ ഒരു സ്ഥാപകനായും അവരദ്ദേഹത്തെ അംഗീകരിക്കുന്നു. പക്ഷേ, ഖല്‍ദൂനെയും അദ്ദേഹത്തിന്റെ രചനകളെയും നിയതമായ ഒരിടത്ത് അവര്‍ പരിമിതപ്പെടുത്തുന്നു. പുതിയ ആശയങ്ങളുടെ ഒരുറവിടമായി ഖല്‍ദൂനെ കാണാനോ പ്രയോഗവത്കരിക്കാനോ അവര്‍ ഒരുക്കമല്ല. ഇബ്നു ഖല്‍ദൂനെ പ്രായോഗികമായി അവഗണിക്കുന്നതിനു തുല്യമാണിത്. ഇന്നത്തെ ഓറിയന്റലിസത്തിന്റെ പ്രധാനമുഖം ഇങ്ങനെയാണ് എന്നെ സംബന്ധിച്ച്.

മുസ്ലിം ലോകത്തിന്റെ ധൈഷണിക മണ്ഡലത്തില്‍, പ്രത്യേകിച്ചും സമകാലീന സാമൂഹിക ശാസ്ത്രചിന്തയില്‍, രാഷ്ട്രീയ ഇസ്ലാം വൈജ്ഞാനികമായ എന്തെങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോ? താങ്കള്‍ ഇതിനെ എങ്ങനെയാണ് കാണുന്നത്?
പൊതുവെ, മുസ്ലിം ലോകത്തെ ഇസ്ലാമിക രാഷ്ട്രീയ സംഘടനകള്‍ ബദല്‍ ധൈഷണിക പാരമ്പര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലോ സ്വയം പര്യാപ്ത സാമൂഹിക ശാസ്ത്രശാഖകള്‍ രൂപപ്പെടുത്തുന്നതിലോ വലിയ ആഭിമുഖ്യം കാണിച്ചിട്ടില്ല. പക്ഷേ, അതിന് എല്ലാ പഴിയും അവരുടെ മേല്‍ ചാര്‍ത്തുന്നത് ന്യായമല്ല. അവരതിനോട് ആഭിമുഖ്യം കാണിക്കാത്തതിനു കാരണം, ബദല്‍ വിജ്ഞാനീയങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നില്ല അവരുടെ പ്രാഥമിക ലക്ഷ്യം എന്നതാണ്. മറ്റൊരു കാര്യം, ഇത്തരം പ്രസ്ഥാനങ്ങള്‍ ഒരു സമൂഹത്തിന്റെ സ്വാഭാവിക ഭാഗമാണ്. എല്ലാതരം സമൂഹങ്ങളിലും തീവ്ര നിലപാടുകളുള്ളവരും പ്രാദേശികവാദികളുമൊക്കെയുണ്ടാകും. അവരുടെ സാന്നിധ്യം ആ സമൂഹങ്ങളില്‍ ബദല്‍ സര്‍ഗാത്മക ധൈഷണികതയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നില്ല എന്നതാണ് കാര്യം. കാരണം, അത്തരം സമൂഹങ്ങളില്‍, ബദല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമുണ്ട്. ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ട് എന്നതല്ല മുസ്ലിം ലോകത്തെ പ്രശ്നം. ശരിയായ ബദലുകളിലേക്ക് ആര്‍ക്കും എത്തിച്ചേരാനാവുന്നില്ല എന്നതാണ്. രാഷ്ട്രീയത്തിനോ ഉപരിവര്‍ഗ ഭരണസംവിധാനത്തിനോ ബദലില്ല. ബദല്‍ വിജ്ഞാനീയങ്ങള്‍ക്കും ഇടമില്ല. ഇതാണ് പ്രശ്നം. പലപ്പോഴും, ഭരണകൂടങ്ങള്‍ രാഷ്ട്രീയ ഇസ്ലാമിക സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടവും അവസരവും കൊടുക്കുന്നത് കാണാം. ഭരണാധികാരികള്‍ക്ക് അവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സ്വാധീനിക്കാനും മറ്റു പ്രസ്ഥാനങ്ങള്‍ക്കെതിരെ ഒരു ബാലന്‍സ് സാധിക്കാനും ഇതുവഴി കഴിയുന്നു.

അന്തര്‍ സമുദായ സംവാദങ്ങളില്‍ തല്‍പരനാണല്ലോ താങ്കള്‍. ഇതര മതവിശ്വാസികള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുകയും വാദപ്രതിവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന നിരവധി പ്രബോധക വ്യക്തിത്വങ്ങള്‍ മുസ്ലിം ലോകത്തുണ്ട്. അവരില്‍ പലരും പൊതുവേദികളില്‍ സ്വന്തം വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടി മറ്റു വിശ്വാസങ്ങളോട് അനാദരവോ വാശി നിറഞ്ഞ ധാര്‍ഷ്ട്യമോ കാണിക്കുന്നത് സ്വീകാര്യമായ രീതിയാണോ? ഏതുതരം അന്തര്‍സമുദായ സംവാദ ശൈലിയാണ് അഭികാമ്യം?
തീര്‍ച്ചയായും അപ്രമാദിത്വബോധത്തോടെയും അനാദരവോടെയും പെരുമാറുന്ന മുസ്ലിം പ്രബോധകരുണ്ട്. അവരില്‍ പലര്‍ക്കും വന്‍ അനുയായി വൃന്ദവുമുണ്ട്. അതോടൊപ്പം, അന്തര്‍ സമുദായ സംവാദങ്ങളില്‍ പ്രതിബദ്ധതയുള്ള മുസ്ലിം നേതാക്കളും ധാരാളമുണ്ട്. അവര്‍ ലോകത്തെല്ലായിടത്തുമുണ്ട്. ചിലര്‍ പാശ്ചാത്യ രാജ്യങ്ങളിലാണ്. പലരും മികച്ച സേവനങ്ങള്‍ ചെയ്യുന്നു. ഇസ്ലാമിന്റെ പ്രതിഛായ വര്‍ധിപ്പിക്കുന്നതില്‍ അവര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അമേരിക്കക്കാരുമായും ബ്രിട്ടീഷുകാരുമായും ഇതര യൂറോപ്യരുമായും വളരെ അടുപ്പമുള്ള ഹൃദ്യബന്ധങ്ങള്‍ കെട്ടിപ്പടുത്ത കുറേ പേരുണ്ട്.
ഇത്തരം സംവാദങ്ങളില്‍, മുസ്ലിംകളുടെ ഭാഗത്തുനിന്നുള്ള ഒരു വലിയ പോരായ്മ, മറ്റു മതങ്ങളില്‍ ആഴത്തിലുള്ള അവഗാഹമോ വൈദഗ്ധ്യമോ വികസിപ്പിച്ചെടുക്കുന്നതിന് ഇനിയും സാധിച്ചിട്ടില്ല എന്നതാണ്. അതേസമയം, മറ്റു മതസ്ഥര്‍ പ്രത്യേകിച്ചും ക്രൈസ്തവരും ജൂതരും ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ പി.എച്ച്.ഡിയുള്ള അനേകം കത്തോലിക്കാ പുരോഹിതരെ നിങ്ങള്‍ക്ക് കാണാം. ഉദാഹരണത്തിന്, അമേരിക്കയില്‍ നിന്നുള്ള ജെസ്യൂട്ട് പുരോഹിതനായ ഫാദര്‍ തോമസ് മിഷേല്‍ ഇബ്നു തൈമിയ്യയെക്കുറിച്ചുള്ള തന്റെ ഗവേഷണം നടത്തിയത് പ്രമുഖ പാകിസ്താനി-അമേരിക്കന്‍ പണ്ഡിതനായിരുന്ന ഫസ്ലുര്‍റഹ്മാന്റെ മേല്‍നോട്ടത്തിലാണ്. ഫാദറിന് അറബി അറിയാം. അദ്ദേഹത്തെപ്പോലെയുള്ള നിരവധി കത്തോലിക്കാ പുരോഹിതരും ജൂത പണ്ഡിതരുമുണ്ട്. എത്ര മുസ്ലിംകളുണ്ട് അങ്ങനെ? ഒന്നാമത്, നമ്മുടെ എത്ര മൌലാനാമാര്‍ക്ക് പി.എച്ച്.ഡി.യുണ്ട്? നിരവധി ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് അറബി അറിയാം, ഖുര്‍ആന്‍ തഫ്സീറുകളും സൂഫി ഗ്രന്ഥങ്ങളും അവര്‍ അറബിയിലോ പേര്‍ഷ്യനിലോ വായിക്കുന്നു. ക്രൈസ്തവ വിജ്ഞാനീയങ്ങളില്‍ പി.എച്ച്.ഡിയുള്ള എത്ര മുസ്ലിം പണ്ഡിതന്മാരുണ്ട്? ഹീബ്രു അറിയുന്നവരും ബൈബിളിന്റെ ഗ്രീക്ക് വ്യാഖ്യാനങ്ങള്‍ വായിക്കാന്‍ കഴിയുന്നവരുമായി? അങ്ങേയറ്റം കുറവാണ് അത്തരക്കാര്‍. ഈ അസന്തുലിതത്വമാണ് പ്രശ്നം. തുല്യ പാണ്ഡിത്യത്തോടെ സംസാരിക്കാന്‍ നിങ്ങള്‍ക്കാവില്ല.

അതുകൊണ്ടായിരിക്കുമോ പല മുസ്ലിം പ്രബോധകരും ധാര്‍ഷ്ട്യത്തോടെയും അപ്രമാദിത്വബോധത്തോടെയും പെരുമാറുന്നത്?
അവര്‍ പ്രതിരോധത്തിലാവുന്നതുകൊണ്ടാണിത്. പ്രതിരോധ മനഃസ്ഥിതിക്കാരല്ലാത്തവരും ധാരാളമുണ്ട്. പക്ഷേ, അപ്പോഴും ക്രൈസ്തവ പണ്ഡിതരുമായി ആശയങ്ങള്‍ ഒരേ ധൈഷണിക നിലവാരത്തില്‍ ചര്‍ച്ച ചെയ്യുന്ന വ്യവഹാരങ്ങള്‍ക്ക് അവര്‍ അപ്രാപ്തരാണ്. ഉദാഹരണത്തിന് ക്രൈസ്തവ-മുസ്ലിം സംവാദത്തിന്റെ ഒരു പരമ്പര നമ്മള്‍ ആസൂത്രണം ചെയ്യുകയാണെങ്കില്‍, 50 പണ്ഡിതര്‍ ക്രൈസ്തവരുടെ വേദിയിലും 50 പണ്ഡിതര്‍ മുസ്ലിംകളുടെ വേദിയിലും അണിനിരന്നാല്‍, അറബി അറിയാവുന്നവരും ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ഗവേഷണം നടത്തിയവരുമായ നിരവധി ക്രൈസ്തവ പണ്ഡിതരെ കാണാം. അതേ നിലവാരത്തില്‍ മുസ്ലിംകളുടെ പക്ഷത്ത് ഒന്നോ ര ണ്ടോ പേരേ കാണൂ. അവര്‍ തന്നെയും പ്രസിദ്ധരോ ലബ്ധപ്രതിഷ്ഠരോ ആയിരിക്കുകയുമില്ല. തുല്യ നിലയിലുള്ള സംവാദമുണ്ടാവില്ല എന്നതാണിതിന്റെ ഫലം.
അവസാനിച്ചു.
(ഡോ. സയ്യിദ് ഫരീദ് അല്‍ അത്താസിന്റെ ഉടനെ പുറത്തുവരാനിരിക്കുന്ന പുസ്തകങ്ങള്‍ ഇബ്നു ഖല്‍ദൂനിയന്‍ സാമൂഹിക ശാസ്ത്രത്തെക്കുറിച്ചും ക്രൈസ്തവ- മുസ്ലിം സംവാദത്തെക്കുറിച്ചുമുള്ളതാണ്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം