Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 28

മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍ നിന്ന് നവ യാഥാസ്ഥികതയിലേക്ക്

സദ്റുദ്ദീന്‍ വാഴക്കാട്

ഏറനാടന്‍ ഗ്രാമമായ എടവണ്ണ മലപ്പുറം ജില്ലയില്‍ മത-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച പ്രദേശങ്ങളിലൊന്നാണ്. പ്രാഥമികതലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെ നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാദമിക രംഗത്ത് മികവു തെളിയിച്ച് സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രഗത്ഭമതികള്‍, പുതിയ തലമുറക്ക് ദീനീവിദ്യാഭ്യാസം നല്‍കാന്‍ ഒട്ടേറെ മദ്റസകള്‍, ഉന്നത ദീനീ കലാലയമായ ജാമിഅ നദ്വിയ്യ, സ്ത്രീകള്‍ക്ക് പ്രവേശനമുള്ളതും മാതൃഭാഷയില്‍ ഖുത്ബകള്‍ നടക്കുന്നതുമായ നിരവധി പള്ളികള്‍, സകാത്ത് ശേഖരണ-വിതരണ സംവിധാനം, ഖുര്‍ആന്‍ പഠനക്ളാസുകള്‍, പൊതുവെ പ്രബുദ്ധരായ മുസ്ലിം പൊതുജനം, സ്ത്രീ സമൂഹം നേടിയ വിദ്യാഭ്യാസപരവും ദീനീപരവുമായ വളര്‍ച്ച തുടങ്ങിയവയെല്ലാം എടവണ്ണയിലും പരിസരപ്രദേശങ്ങളിലും നടന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളാണ്. സ്ത്രീവിദ്യാഭ്യാസത്തിന് 'പെണ്‍ പള്ളിക്കൂടം' സ്ഥാപിച്ചും, സ്ത്രീകള്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ പള്ളിക്കവാടങ്ങള്‍ തുറന്നുകൊടുത്തും, മാതൃഭാഷയില്‍ ഖുത്വ്ബ നടത്താനുള്ള അവകാശം പോരാട്ടത്തിലൂടെ നേടിയെടുത്തും, അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്ന് മുസ്ലിം സമുദായത്തെ മോചിപ്പിക്കാന്‍ അത്യധ്വാനം ചെയ്തും കേരളീയ മുസ്ലിം നവോത്ഥാനത്തിന് പ്രായോഗിക മാതൃക കാഴ്ചവെച്ച പ്രദേശങ്ങളിലൊന്നാണ് എടവണ്ണ. 1920-30 കളില്‍ ആരംഭിച്ച പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ 1950-60 കളില്‍ ശ്രദ്ധേയമായ വളര്‍ച്ച നേടുകയുണ്ടായി. എടവണ്ണയുടെ മത-വിദ്യാഭ്യാസ മണ്ഡലങ്ങളിലെ മാതൃകാപരമായ ഈ മുന്നേറ്റത്തിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമായും മുജാഹിദ് പ്രസ്ഥാനമാണ്.
എടവണ്ണയിലെ ഒരു മുജാഹിദ് കുടുംബത്തിലെ പെണ്‍കുട്ടി, വിവാഹിത. ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില പൊരുത്തക്കേടുകള്‍, ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ല, ഇണങ്ങിചേരാനുള്ള കാലതാമസം മാത്രം, ക്രമേണ ശരിയാകും. എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മതവൃത്തങ്ങളില്‍നിന്ന് ലഭിച്ച ഉപദേശം മറ്റൊന്നായിരുന്നു; 'പെണ്‍കുട്ടിക്ക് ജിന്ന് ബാധിച്ചിരിക്കുന്നു. അതാണ് കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണം. ദാമ്പത്യ ജീവിതം നന്നാകണമെങ്കില്‍ ജിന്ന്ബാധ ഒഴിപ്പിക്കണം!' തദാവശ്യാര്‍ഥം സമീപിച്ചത് അരീക്കോടിനടുത്ത ചെറുവാടിയിലെ ഒരു മുജാഹിദ് പണ്ഡിതനെ. അദ്ദേഹത്തിന്റെ വീട്ടില്‍ ജിന്ന് ബാധ ഒഴിപ്പിക്കല്‍ ചികിത്സ! മന്ത്രോച്ചാരണങ്ങള്‍, മര്‍ദനം. ശാരീരികവും മാനസികവുമായി തളര്‍ന്ന പെണ്‍കുട്ടി ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ടി വന്നു. ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്തു.1
മുസ്ലിം സമൂഹം ഏറെ ഉല്‍ബുദ്ധമായ, മുജാഹിദു പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രദേശത്തെ, മുജാഹിദ് പണ്ഡിതന്‍ അംഗമായ കുടുംബത്തിലെ പെണ്‍കുട്ടിയെയാണ്, മറ്റൊരു മുജാഹിദ് പണ്ഡിതന്‍ ജിന്ന്ബാധ ഒഴിപ്പിക്കാനുള്ള മന്ത്രവാദചികിത്സക്ക് വിധേയമാക്കിയത്!
കേരളീയ മുസ്ലിം നവോത്ഥാനത്തില്‍ അനല്‍പമായ പങ്കുവഹിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്പന്നമായ ഭൂതകാലത്തെയും ജീര്‍ണമായ വര്‍ത്തമാനത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് എടവണ്ണയുടെ ചരിത്രവും പുതിയ ജിന്ന് വിവാദവും. ഒരു സംഭവത്തെ സാമാന്യവല്‍ക്കരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. മുജാഹിദ് വൃത്തങ്ങളില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നതും പ്രയോഗവല്‍ക്കരണ സാധ്യത തേടിക്കൊണ്ടിരിക്കുന്നതുമായ ചിന്താഗതിയാണ് ഇത്. കഴിഞ്ഞകാലത്ത് പരിചിതമല്ലാത്ത, ഒട്ടേറെ പുത്തന്‍ പ്രവണതകള്‍ മുജാഹിദ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെടുകയും ആശങ്കാജനകമായ ബഹിസ്ഫുരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ചോദ്യങ്ങള്‍
മലയാളക്കരയില്‍ മുസ്ലിം സമുദായത്തിന്റെ മത-വിദ്യാഭ്യാസ മുന്നേറ്റത്തില്‍ കനപ്പെട്ട സംഭാവനകളര്‍പ്പിച്ച മഹത്തായ ഒരു പരിഷ്കരണ പ്രസ്ഥാനം -കേരള നദ്വത്തുല്‍ മുജാഹിദീന്‍- ബഹുമുഖമായ ജീര്‍ണതകള്‍ പേറി പൂതലിച്ചു പോവുകയും തിരിച്ചുപിടിക്കല്‍ ക്ഷിപ്രസാധ്യമല്ലാത്ത തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നതിന്റെ കാരണമെന്താണ്? ചരിത്രപരമായ ദൌത്യം നിര്‍വഹിച്ച് നവോത്ഥാന ശില്‍പികളില്‍ മുന്‍നിര സ്ഥാനം നേടിയ മുജാഹിദ് പ്രസ്ഥാനം, കാലത്തിന്റെ ഗതിയറിഞ്ഞ് തുഴ പിടിക്കാന്‍ കഴിയാതെ ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെടുന്നത് എന്തുകൊണ്ടാണ്? ഇസ്ലാമിന്റെ ആദിമ വിശുദ്ധിയും പ്രവാചകന്മാരുടെ യഥാര്‍ഥ പാരമ്പര്യവും പുനസ്ഥാപിക്കല്‍ മുഖ്യലക്ഷ്യമാക്കിയ ഒരു പ്രസ്ഥാനം ആത്മാവ് ചോര്‍ന്നുപോയ 'അനുഷ്ഠാന മത'ത്തിന്റെയും സാമൂഹിക ജീവിതത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയുടെയും വാഹകരായതെങ്ങനെ?
നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കാനൊരുങ്ങുകയും 2002ല്‍ സംഭവിച്ച പിളര്‍പ്പിന് പതിറ്റാണ്ട് തികയുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ഒരു അന്വേഷണം ഏറെ സംഗതമാണെന്ന് തോന്നുന്നു.
എന്താണ് മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ചത്? മുസ്ലിം സമൂഹത്തെ ആദര്‍ശ വിശുദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വന്ന പ്രസ്ഥാനം ആദര്‍ശപരമായിത്തന്നെ കടുത്ത വെല്ലുവിളികളെ നേരിടുന്നു, ആശയപരമായി അറ്റമില്ലാത്ത അവ്യക്തതകളില്‍ ഉഴലുന്നു. വിശ്വാസത്തിന്റെ തെളിമ ഉല്‍ഘോഷിച്ച്, അന്ധവിശ്വാസങ്ങള്‍ക്കെതിരെ പടനയിച്ച പ്രസ്ഥാനം, അവര്‍ തന്നെ ഉച്ചാടനം ചെയ്ത അന്ധവിശ്വാസങ്ങളെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്നു. തൌഹീദി പ്രബോധനത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും ഉദ്ഘോഷിക്കുന്നവര്‍ തൌഹീദിന്റെ ചില പ്രധാന ഭാഗങ്ങളെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ദീനില്‍ കൂട്ടിച്ചേര്‍ത്തവയെ (ബിദ്അത്ത്) ഉച്ചാടനം ചെയ്യാന്‍ വന്നവര്‍, ദീനിന്റെ ഭാഗമായ ചിലതിനെ മുറിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. സമുദായ ഐക്യം മുഖ്യ അജണ്ടയാക്കി രംഗത്തുവന്ന 'മുസ്ലിം ഐക്യസംഘ'ത്തിന്റെ പൈതൃകം വാദിക്കുമ്പോള്‍ തന്നെ, അനൈക്യത്തെ ആദര്‍ശവല്‍ക്കരിക്കുന്നു. രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള കലഹം തീര്‍ക്കാന്‍ പരിശ്രമിച്ച് പരിഷ്കരണ പ്രവര്‍ത്തനമാരംഭിച്ച കെ.എം മൌലവിയുടെ പിന്‍മുറക്കാര്‍ രണ്ടിലേറെ ഗ്രൂപ്പുകളും, ഗ്രൂപ്പുകള്‍ക്കകത്തെ ഉപഗ്രൂപ്പുകളുമായി തമ്മിലടിക്കുന്നു. സലഫിസത്തിന്റെ മഹത്തായ പൈതൃകം അവകാശപ്പെടുമ്പോഴും ചില അടിസ്ഥാന വിഷയങ്ങളിലും ഒട്ടേറെ വിശദാംശങ്ങളിലും സലഫിസവുമായി ഏറ്റുമുട്ടുന്നു. മുസ്ലിം സാമൂഹിക ജീവിതത്തെ വലിയ അളവില്‍ മുന്നോട്ടു ചലിപ്പിച്ചവര്‍ തന്നെ സാമൂഹിക പിന്‍മടക്കവും അതിരു കടന്ന ആത്മീയവാദവും പ്രഘോഷണം ചെയ്യുന്നു.
നവോത്ഥാനത്തിന്റെ ഈടുവെപ്പിനെത്തന്നെ പരിഹസിച്ചുകൊണ്ട് യാഥാസ്ഥിതിക പൌരോഹിത്യം 'മുടി പള്ളി'യിലൂടെ 'മാനവികത ഉണര്‍ത്തു'മ്പോള്‍ അതിനോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ സ്വന്തം ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുന്ന നവപൌരോഹിത്യത്തിന്റെ പേറ്റുനോവനഭവിക്കുകയാണ് മുജാഹിദ് പ്രസ്ഥാനം. അതുകൊണ്ട് തന്നെയാകണം, മുജാഹിദ് പ്രസ്ഥാനം സ്വയം അപ്രസക്തമാവുകയാണോ എന്ന് നിരീക്ഷിക്കപ്പെടുന്നത്. ഒരു കാലഘട്ടത്തിന്റെ അനിവാര്യതയില്‍ രംഗത്തു വരികയും ചരിത്രപരമായ ദൌത്യം നിര്‍വഹിച്ച് പിന്‍വാങ്ങുകയും ചെയ്യുന്ന ഒട്ടേറെ നായകന്മാരും പ്രസ്ഥാനങ്ങളുമുണ്ട്. ഇസ്ലാമിക നവോത്ഥാനത്തിനും ഇത് വലിയ അളവില്‍ ബാധകമാണ്. ദൌത്യം നിര്‍വഹിച്ച് രംഗംവിടുന്നതിന്റെ ലക്ഷണങ്ങളാണോ ഇപ്പോള്‍ മുജാഹിദ് പ്രസ്ഥാനം പ്രകടിപ്പിക്കുന്നത്? അതോ, സ്വയം നവീകരണത്തിന് തയാറാകാത്തതിന്റെയും കാലത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതിന്റെയും അനിവാര്യ ദുരന്തമോ?

ചരിത്രം
വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രബോധനം ചെയ്യുക, അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് മുസ്ലിം സമുദായത്തെ മോചിപ്പിക്കുക, മത-ഭൌതിക വിദ്യാഭ്യാസം നല്‍കി അവരെ വളര്‍ത്തികൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളുമായി 'കേരള ജംഇയത്തുല്‍ ഉലമ' സ്ഥാപിതമായത് 1924ലാണ്. പേരു സൂചിപ്പിക്കുന്നതുപോലെ അതൊരു പണ്ഡിത സംഘടനയാണ്. ഉലമാക്കള്‍ക്ക് മാത്രമായിരുന്നു അംഗത്വം. ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തിന്ന് നേതൃത്വം നല്‍കിയ 'കേരള മുസ്ലിം ഐക്യ സംഘ'മാകട്ടെ, 1934ല്‍ തിരോഭവിക്കുകയും ചെയ്തു. തുടര്‍ന്ന് മുസ്ലിം ബഹുജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഒരു സംവിധാനത്തെക്കുറിച്ച ചര്‍ച്ചയില്‍ നിന്നാണ്, കേരള നദ്വത്തുല്‍ മുജാഹിദീന്റെ പിറവി 1950 ഏപ്രില്‍ 20ന്.
വിശുദ്ധ ഖുര്‍ആനും ഹദീസും അനുസരിച്ച് പ്രവര്‍ത്തിക്കുക, അതിലെ ആശയങ്ങള്‍ പ്രബോധനം ചെയ്യുക, മുസ്ലിം സമൂഹത്തില്‍ പടര്‍ന്നുപിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുക, ദീനിന്റെ യഥാര്‍ഥ മുഖം സമുദായത്തെ ബോധ്യപ്പെടുത്തുക, മുസ്ലിം സമുദായത്തെ മത-ഭൌതിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരിക, അതിനാവശ്യമായ സ്ഥാപനങ്ങള്‍ ആരംഭിക്കുക, മുസ്ലിം സ്ത്രീകളുടെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുക തുടങ്ങിയവയായിരുന്നു കെ.എന്‍.എമ്മിന്റെ പ്രധാനലക്ഷ്യങ്ങള്‍. ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സംഘടന അത്യധ്വാനം ചെയ്തു. ഒട്ടേറെ പീഡനങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് കെ.എന്‍.എം വളര്‍ന്നുവന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ മദ്റസകളും പള്ളികളും സ്ഥാപിച്ചും പൊതുപ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചുമാണ് സംഘടനാ പ്രവര്‍ത്തനത്തെ ജനകീയവല്‍ക്കരിച്ചത്. വാദപ്രതിവാദങ്ങളുടെയും ഖണ്ഡനമണ്ഡനങ്ങളുടെയും പരമ്പര തന്നെ സൃഷ്ടിച്ചുകൊണ്ട് ആശയപ്രചാരണ രംഗത്ത് സവിശേഷമായ വഴി മുജാഹിദ് പ്രസ്ഥാനം വെട്ടിത്തുറന്നു. വാശിയേറിയ സംഘടനാ പ്രവര്‍ത്തന ശൈലിയും അനഭിലഷണീയമായ കക്ഷിത്വവും മതമണ്ഡലത്തിലെ സംഘര്‍ഷാവസ്ഥയും അതുവഴി നേടുന്ന പാര്‍ട്ടി 'വളര്‍ച്ച'യുമായിരുന്നു ഇതിന്റെ അനന്തരഫലം. അതുകൊണ്ടാകണം പിന്നീട് വന്ന മുജാഹിദുകളിലെ യുവനിര ഇത്തരമൊരു പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശന മുന്നയിച്ചത്.2
മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ വിശകലനം ചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്, കെ.എന്‍.എമ്മിന്റെയും ജംഇയ്യത്തുല്‍ ഉലമയുടെയും പ്രവര്‍ത്തന മേഖലകള്‍. രണ്ട്, പ്രസ്ഥാനത്തിന്റെ പാരമ്പര്യവും പ്രചോദനവും.

കര്‍മമണ്ഡലം
സമഗ്രസ്വഭാവമുള്ള ഒരു ഇസ്ലാമിക നവോത്ഥാന(തജ്ദീദ്) പ്രസ്ഥാനമായല്ല കേരള ജംഇയ്യത്തുല്‍ ഉലമയും തുടര്‍ന്ന് മുജാഹിദ് പ്രസ്ഥാനവും രംഗത്തുവന്നതും മുന്നോട്ടു പോയതും. വിശ്വാസം, അനുഷ്ഠാനം, ആചാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മുസ്ലിം സമൂഹത്തെ സംസ്കരിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പരിഷ്കരണ ദൌത്യം(ഇസ്ലാഹ്) ആണ് അത് നിര്‍വഹിച്ചത്. അമുസ്ലിം സമൂഹത്തിലെ ഇസ്ലാമിക പ്രബോധനത്തിനും(ദഅ്വത്ത്), ആത്മ സംസ്കരണത്തിനും(തസ്കിയത്ത്) വേണ്ടത്ര പരിഗണന നല്‍കുന്ന പ്രവര്‍ത്തന ശൈലിയല്ല കെ.എന്‍.എം സ്വീകരിച്ചത് (ദഅ്വത്തും തസ്കിയത്തും താത്വികമായി നിരാകരിക്കപ്പെട്ടു എന്നല്ല). ആദ്യകാലത്ത് തസ്കിയത്തിലുണ്ടായിരുന്ന ശ്രദ്ധ പിന്നീട് നഷ്ടപ്പെട്ടു, ആദ്യകാലത്ത് ദഅ്വത്തിന് കിട്ടിയിട്ടില്ലാത്ത പ്രാധാന്യം പിന്നീട് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹിക-രാഷ്ട്രീയ മുഖത്തിന് ഊന്നല്‍ നല്‍കിയ ഇസ്ലാമായിരുന്നില്ല മുജാഹിദ് പ്രസ്ഥാനത്തിന്റേത്; വിശ്വാസ-അനുഷ്ഠാന പ്രധാനമായ ഇസ്ലാമായിരുന്നു അത്. മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളെയും സാമ്രാജ്യത്വ അധിനിവേശങ്ങളെയും ചെറുത്ത് നിന്ന് ലോകത്തെ നയിക്കാന്‍ കെല്‍പുള്ള ഒരു ബദല്‍ ജീവിത ദര്‍ശനമായി ഇസ്ലാമിനെ അവതരിപ്പിക്കുകയായിരുന്നില്ല മുജാഹിദ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം; വിശ്വാസ-അനുഷ്ഠാനങ്ങളില്‍ മുസ്ലിം സമുദായത്തെ കലര്‍പ്പുകളില്‍നിന്ന് ശുദ്ധീകരിക്കുകയും പ്രമാണബദ്ധമായി ജീവിക്കുന്നവരാക്കി അവരെ മാറ്റുകയും ചെയ്യുക എന്നതായിരുന്നു. അതുകൊണ്ട് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സമീപന രീതികളോ പ്രവര്‍ത്തന ശൈലികളോ മുജാഹിദു പ്രസ്ഥാനത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതിനര്‍ഥമില്ല. ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് രൂപീകരിക്കപ്പെടുന്നത് എന്നതും, ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീനം ആദ്യകാലത്ത് മുജാഹിദു പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നുവെന്നതും ശരിയാണ്. പക്ഷേ, നിയോഗം വ്യത്യസ്തമായിരുന്നു.
വിവിധ പ്രദേശങ്ങളില്‍ ഒറ്റക്കൊറ്റക്ക് പ്രവര്‍ത്തിച്ചിരുന്ന പുരോഗമന ആശയക്കാരെയും വേദികളെയും ഒരുമിപ്പിക്കുന്നതിനെകുറിച്ച ചര്‍ച്ചയില്‍ നിന്നാണ് ഒരു കോ-ഓര്‍ഡിനേഷന്‍ എന്ന സ്വഭാവത്തില്‍ കെ.എന്‍.എം നിലവില്‍ വന്നത്.3 മുസ്ലിം ഐക്യസംഘത്തിന്റെ ഉപദേശ സമിതി മാത്രമായിരുന്ന 'ജംഇയ്യത്തുല്‍ ഉലമാ' അതിന് മുന്‍കൈ എടുത്തു. അതുകൊണ്ട് സുചിന്തിതവും വ്യവസ്ഥാപിതവുമായ ഒരു നവോത്ഥാന പ്രസ്ഥാനമായിട്ടാണോ കെ.എന്‍.എം പിറവിയെടുത്തത് എന്ന കാര്യം വിശകലന വിധേയമാക്കേണ്ടതാണ്. ആരാധനാ രംഗത്തെ തൌഹീദ് പൂര്‍ണമായും പാലിക്കുക, അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കുക, പ്രവാചകന്മാര്‍ക്കും മഹാന്മാര്‍ക്കും ദിവ്യത്വം കല്‍പിക്കരുത്, ഖബ്ര്‍ പൂജ പാടില്ല, ഖുര്‍ആന്‍ പഠനം കാര്യക്ഷമമാക്കുക, മത-ഭൌതിക വിദ്യാഭ്യാസം നേടുക, സ്ത്രീകള്‍ക്ക് പള്ളി വിലക്കരുത്, സകാത്ത് സംഘടിതമായി ശേഖരിച്ച് വിതരണം ചെയ്യുക, മാതൃഭാഷയില്‍ ഖുത്വ്ബ നടത്തുക, വിവാഹരംഗത്ത് സ്ത്രീധനം, മുത്തലാഖ് പോലുള്ള അനാചാരങ്ങള്‍ ഒഴിവാക്കുക, മദ്ഹബുകളെ തഖ്ലീദ് ചെയ്യരുത് തുടങ്ങിയവയായിരുന്നു കെ.എന്‍.എം ഉയര്‍ത്തിപ്പിടിച്ച പ്രധാന വിഷയങ്ങള്‍. ഇതില്‍നിന്നുതന്നെ സംഘടനയുടെ സ്വഭാവം മനസിലാക്കാവുന്നതാണ്. ആദര്‍ശം, ലക്ഷ്യം, പ്രവര്‍ത്തന മേഖല, ശൈലി, സമീപന രീതികള്‍ തുടങ്ങിയവയിലെല്ലാം കെ.എന്‍.എമ്മിന് പല ഘട്ടങ്ങളിലായി വികാസ സങ്കോചങ്ങള്‍ -ഗുണപരമായും ദോഷകരമായും- സംഭവിച്ചിട്ടുണ്ട്. മത-രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ ഓരോ ഘട്ടത്തിലും മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ രൂപീകരണത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ ചില നന്മകളും, പല ദൌര്‍ബല്യങ്ങളും മുജാഹിദ് പ്രസ്ഥാനം കാലാകാലങ്ങളില്‍ പ്രകടിപ്പിച്ചു പോന്നിട്ടുമുണ്ട്.

പൈതൃകം
ഈജിപ്തിലെ സയ്യിദ് റഷീദ് രിദയുടെയും അദ്ദേഹത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട കേരളത്തിലെ വക്കം മൌലവിയുടെയും പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണമായ പിന്തുടര്‍ച്ചയായിരുന്നില്ല മുജാഹിദ് പ്രസ്ഥാനം. മുസ്ലിം ഐക്യ സംഘത്തിന്റെ ശരിയായ പാരമ്പര്യം പോലും കെ.എന്‍.എം അനന്തരമെടുത്തിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടണം.
സലഫിസത്തിനകത്ത് 'ഇസ്ലാഹി മൂവ്മെന്റിന്' നേതൃത്വം നല്‍കിയ സയ്യിദ് റഷീദ് രിദയില്‍നിന്നാണ് വക്കം മൌലവി പ്രചോദനമുള്‍ക്കൊണ്ടത്. എന്നാല്‍, കേരള മുസ്ലിം ഐക്യസംഘവും പിന്നീടുവന്ന കേരള ജംഇയ്യത്തുല്‍ ഉലമയും, തുടര്‍ന്നുണ്ടായ കെ.എന്‍.എമ്മും പരിഷ്കരണം എന്ന തത്വമാണ് പ്രധാനമായും റഷീദ് രിദയില്‍നിന്നും വക്കം മൌലവിയില്‍നിന്നും സ്വീകരിച്ചത്. സ്വാഭാവികതയെന്നോണം, ചില വിഷയങ്ങളില്‍ ആശയ-സമീപന രീതികളുടെ സ്വാധീനവും കാണാം. മുസ്ലിം ഐക്യസംഘത്തിന്റെ നയരൂപീകരണത്തില്‍ വക്കം മൌലവിയുടെ പങ്ക് തീരെ ചെറുതാണെന്നാണ് മനസിലാകുന്നത്. കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കെ.എന്‍.എമ്മിന്റെയും ആശയ രൂപീകരണം നടക്കുന്നത് 1940-50 കളിലാണ്. അത് വികസിക്കുന്നതാകട്ടെ 60-70കളിലും. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ രൂപീകരണത്തിന് നേതൃത്വം കൊടുത്തത് മര്‍ഹൂം കെ.എം മൌലവി സാഹിബായിരുന്നു. അദ്ദേഹം മറ്റൊരു വഴിക്കാണ് കെ.ജെ.യുവിനെയും കെ.എന്‍.എമ്മിനെയും നയിച്ചത്. റഷീദ് രിദയുടെയും വക്കം മൌലവിയുടെയും വഴിയായിരുന്നില്ല, സുഊദി അറേബ്യയിലെ മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെ പരിഷ്കരണ പ്രസ്ഥാനമാണ് കെ.എം മൌലവിയെ ആകര്‍ഷിച്ചത്. 1927ല്‍ ഒന്നാം തവണ ഹജ്ജ് യാത്ര നടത്തിയപ്പോഴും, 1940കളില്‍ തുടര്‍ച്ചയായി ഹജ്ജിന് പോയപ്പോഴും സുഊദി രാജാവുമായും സുഊദിയിലെ സലഫി പണ്ഡിതന്മാരുമായും കെ.എം മൌലവി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഒരു സന്ദര്‍ഭത്തില്‍ കെ.എം മൌലവി സുഊദി രാജാവിന് സമര്‍പ്പിച്ച നിവേദനം ചരിത്ര പ്രാധാന്യമുള്ളതാണ്.4 കെ.എന്‍.എമ്മിന്റെ ആശയ രൂപീകരണം നടക്കുന്ന സന്ദര്‍ഭമായിരുന്നു ഇതെന്നും ഓര്‍ക്കുക. ഇതിനര്‍ഥം റഷീദ് രിദയെ തീര്‍ത്തും തള്ളിപ്പറഞ്ഞുവെന്നല്ല. ഈജിപ്ഷ്യന്‍ സലഫി ഇസ്ലാഹി മൂവ്മെന്റിനെക്കാള്‍, സുഊദിയിലെ വഹാബി ധാരയോടാണ് മുജാഹിദ് പ്രസ്ഥാനം തുടക്കം മുതലേ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ഈ വിഷയത്തില്‍ വക്കം മൌലവിയുടെ പരിഷ്കരണ ദൌത്യത്തെയും അതിന്റെ പ്രചോദനത്തെയും മുജാഹിദ് പ്രസ്ഥാനത്തെയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പൈതൃകം ഈജിപ്ഷ്യന്‍ സലഫിസമാണ്, സുഊദി വഹാബിസമായിരുന്നില്ല എന്ന വാദം5 വലിയൊരളവോളം അബദ്ധമാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.
അതേസമയം സലഫിസത്തിന്റെ പൈതൃകം അവകാശപ്പെടുകയും സലഫി പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ഥ സലഫിസവുമായി അടിസ്ഥാന കാര്യങ്ങളിലും വിശദാംശങ്ങളിലും മുജാഹിദ് പ്രസ്ഥാനം ഏറ്റുമുട്ടുന്നുണ്ട്. ലോക സലഫികള്‍ പൊതുവെ അംഗീകരിക്കുന്ന പലതും മുജാഹിദുകള്‍ നിഷേധിക്കുന്നു. ഹാകിമിയ്യത്ത്- അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരം, ഇബാദത്തിന്റെ വിവക്ഷ, മദ്ഹബുകളെ തഖ്ലീദ് ചെയ്യല്‍, കര്‍മശാസ്ത്ര ഭിന്നതകളിലെ വിശാലത തുടങ്ങിയവ ഉദാഹരണം. ഹാകിമിയ്യത്തിന്റെ വിഷയത്തില്‍ ഇബ്നു ബാസ് ഉള്‍പ്പെടെ ലോക സലഫി പണ്ഡിതരുടെ വിശ്വാസങ്ങള്‍ക്ക് എതിരാണ് മുജാഹിദുകളുടെ വാദം.6 ലോക സലഫികള്‍ പൊതുവെ നിരാകരിക്കുന്ന പലതും മുജാഹിദുകള്‍ അംഗീകരിക്കുന്നുമുണ്ട്. ശിര്‍ക്ക് ചെയ്യുന്നവരോടുള്ള സമീപനം, അനിസ്ലാമിക കോടതികള്‍, ഒട്ടേറെ കര്‍മശാസ്ത്ര പ്രശ്നങ്ങള്‍ ഇതിന് ഉദാഹരണമായുണ്ട്. ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള വൈരുധ്യങ്ങളെക്കുറിച്ച പുസ്തകങ്ങള്‍ മുജാഹിദ് പണ്ഡിതര്‍ തന്നെ രചിച്ചിട്ടുണ്ട്.
ഇതില്‍നിന്ന് മനസിലാവുന്നത്, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വതന്ത്രമായ ഒരു സംഘടനയാണെന്നാണ്. സലഫിസം, ഇസ്ലാഹി മൂവ്മെന്റ്, കേരളീയ മുസ്ലിം മതപരിസരം, മോഡേണിസം, മതേതരത്വം തുടങ്ങിയവയില്‍നിന്നെല്ലാം ആശയങ്ങളും കാഴ്ചപ്പാടുകളും സ്വീകരിച്ചാണ് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നത്. ലോക സലഫിസത്തിന്റെയോ ഇസ്ലാഹി മൂവ്മെന്റിന്റെയോ വക്കം മൌലവിയുടെയോ പൂര്‍ണമായ പിന്തുടര്‍ച്ചയല്ല അത്. വിശ്വാസം, അനുഷ്ഠാനം തുടങ്ങിയവയിലെല്ലാം ഖുര്‍ആനും സുന്നത്തും മുമ്പില്‍ വെച്ചുകൊണ്ട് സ്വതന്ത്രമായ ആശയരൂപീകരണം നടത്തുന്ന മുജാഹിദു പ്രസ്ഥാനത്തിന് മറ്റൊരു ആശയ ധാരയുടെയും ചിന്താസരണിയുടെയും പാരമ്പര്യമില്ല. ഉണ്ടായിരുന്ന വേരുകള്‍ തന്നെ അല്‍പാല്‍പമായി മുറിച്ചു മാറ്റുകയും ചെയ്യുന്നു. മുജാഹിദ് പണ്ഡിതന്മാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണിത്. "ഏഴു പതിറ്റാണ്ടിലധികം കാലമായി ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ നവോത്ഥാന പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാര്‍ഗത്തിലും നയപരിപാടികളിലും പൂര്‍ണമായി യോജിപ്പുള്ള മറ്റേതെങ്കിലും സംഘടന ലോകത്തെവിടെയെങ്കിലും ഉള്ളതായി നാമിതുവരെ വാദിച്ചിട്ടില്ല, മനസിലാക്കിയിട്ടില്ല.''7 "കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാര്‍ഗത്തിലും പൂര്‍ണമായും യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലുമുള്ളതായി നമുക്കറിയില്ല.''8

പുതിയ പ്രവണത
ലോകസലഫിസത്തിന്റെ നന്മകള്‍ പലതും നിരാകരിക്കുകയും ദൌര്‍ബല്യങ്ങള്‍ പലതും സ്വീകരിക്കുകയുമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ചെയ്തിട്ടുള്ളത്. ലോകസലഫിസത്തിനില്ലാത്ത ചില നന്മകള്‍, കേരളത്തിന്റെ പ്രത്യേകമായ പശ്ചാത്തലത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിനുണ്ടായിരുന്നു. പല സ്വാധീനങ്ങള്‍ കൊണ്ടും ഉണ്ടായിത്തീര്‍ന്ന അത്തരം നന്മകള്‍ ഒന്നൊന്നായി നഷ്ടപ്പെടുത്തുകയായിരുന്നു പിന്നീട് മുജാഹിദ് പ്രസ്ഥാനം. പുതിയ കാലത്ത് അവര്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥജനകമായ പിന്‍മടക്കം ഇതിന്റെ ലക്ഷണമാണ്.
പാളിച്ചകളും ദൌര്‍ബല്യങ്ങളും ഉണ്ടെങ്കിലും, മുജാഹിദ് പ്രസ്ഥാനത്തിനുണ്ടായിരുന്ന നന്മകള്‍ നിഷേധിക്കാനോ അതിന്റെ മഹത്തായ സംഭാവനകള്‍ തള്ളിപ്പറയാനോ സാധ്യമല്ല. 'നവോത്ഥാന വിചാരണ'കൊണ്ട് മറച്ചുവെക്കാവുന്നത്ര നിസാരവുമല്ല അത്. ആ ഗുണവശങ്ങളില്‍ ചിലത്.
1. മുസ്ലിം സമൂഹത്തെ അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് മോചിപ്പിക്കാനുള്ള ത്യാഗപൂര്‍ണമായ പരിശ്രമങ്ങള്‍.
2. വിദ്യാഭ്യാസ വളര്‍ച്ചക്ക് നല്‍കിയ കനപ്പെട്ട സംഭാവനകള്‍.
3. ഇസ്ലാമിനെ ജീവിത വ്യവസ്ഥയായി അവതരിപ്പിച്ചിരുന്നില്ലെങ്കിലും ദീനിന്റെ പൂര്‍ണതയെയോ ജീവിതക്രമത്തെയോ തള്ളിപ്പറഞ്ഞിരുന്നില്ല.
4. ഇസ്ലാമിക രാഷ്ട്രീയത്തെയും ഭരണത്തെയും നിഷേധിച്ചിരുന്നില്ല എന്നുമാത്രമല്ല, അതിന്റെ പ്രാധാന്യം തുറന്നു പറയുകയും ചെയ്തിരുന്നു.
5. സയ്യിദ് മൌദൂദി, ഹസനുല്‍ബന്ന, സയ്യിദ് ഖുത്വ്ബ് എന്നിവരെ അംഗീകരിക്കുകയും അവരുടെ രചനകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
6. ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞശേഷവും ഇഖ്വാനുല്‍ മുസ്ലിമൂനെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
7. തറാവീഹിന്റെ റക്അത്തുകള്‍ ഉള്‍പ്പെടെ കര്‍മശാസ്ത്രത്തിലെ അഭിപ്രായ ഭിന്നതകളില്‍ സന്തുലിത നിലപാട് സ്വീകരിച്ചു.9
8. മുസ്ലിം ഐക്യത്തിന് ആദര്‍ശ ഭിന്നതയെക്കാള്‍ സ്ഥാനം നല്‍കി.
9. മുസ്ലിം-അമുസ്ലിം സഹകരണത്തെയും സൌഹൃദത്തെയും വിലക്കിയില്ല.
ഇങ്ങനെ ഒട്ടേറെ നന്മകള്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായിരുന്നു. പുറത്തുനിന്ന് വീക്ഷിക്കുന്നവര്‍ക്ക് മാത്രമല്ല, അകത്തുള്ളവര്‍ക്ക് പോലും ഇന്നത്തെ മുജാഹിദ് പ്രസ്ഥാനത്തെ പഠിക്കുമ്പോള്‍ ഈ ചരിത്രം ഒരത്ഭുതമായി അനുഭവപ്പെടാം.
മുജാഹിദ് പ്രസ്ഥാനത്തെ പ്രസക്തമാക്കിയിരുന്ന ഇത്തരം നന്മകളില്‍ പലതും കാലക്രമത്തില്‍ കൈയൊഴിഞ്ഞതും പല വഴികളിലൂടെയും ഒട്ടേറെ ദൌര്‍ബല്യങ്ങളും ജീര്‍ണതകളും പ്രസ്ഥാനത്തിനകത്ത് പാര്‍പ്പുറപ്പിച്ചതുമാണ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് കാരണം. ആശയപരമായ അപചയത്തിലേക്ക് പ്രസ്ഥാനത്ത നയിച്ച പ്രധാനഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ബോധ്യമാകും.
1. മുസ്ലിം ലീഗ് രാഷ്ട്രീയം. ലീഗിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി 'മതേതരമതം' രൂപപ്പെടുത്താന്‍ മുജാഹിദ് പ്രസ്ഥാനം നിര്‍ബന്ധിതമായി.
2. ഉമര്‍ മൌലവിയുടെ രംഗപ്രവേശം. 1960-70കളില്‍ പ്രസ്ഥാനത്തിനകത്ത് സജീവമായി ഇടപെടുകയും ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ഉമര്‍ മൌലവിയാണ് പല സലഫിയേതരവാദങ്ങളും സംഘടനയുടേതാക്കിയത്. കെ.എന്‍.എമ്മിന്ന് താന്‍ എന്തൊക്കെ പ്രയാസങ്ങള്‍ സൃഷ്ടിച്ചുവെന്ന് ആത്മകഥയില്‍ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.10
3. മോഡേണിസത്തിന്റെ സ്വാധീനം. കേരളീയ മുസ്ലിം സമൂഹത്തില്‍ ഒരു ഘട്ടത്തില്‍ ഉദയം ചെയ്ത മോഡേണിസ്റു വാദങ്ങളുടെയും മോഡേണ്‍ ഏജ് സൊസൈറ്റിയുടെയും അതിനോട് സഹകരിച്ച മുസ്ലിം സാഹിത്യകാരന്മാരുടെയും സ്വാധീനം മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായി.
4. 'മുജ്തഹിദ് മുത്ലഖു'കളുടെ രംഗപ്രവേശം- ആഴമുള്ള അറിവോ, പക്വമായ പാണ്ഡിത്യമോ ഇല്ലാത്ത, സംഘടനാ സങ്കുചിതത്വവും അപരന്മാരെ തോല്‍പിക്കാനുള്ള വാശിയും മാത്രം കൈമുതലായുള്ള യുവ 'പണ്ഡിതനിരയുടെ' നേതൃത്വം. 'സ്വതന്ത്ര ഗവേഷകര്‍' എന്നാണ് ഇവര്‍ക്ക് നല്‍കപ്പെട്ട പട്ടം.
5. ലോക സലഫിസത്തോടുള്ള അന്ധമായ അനുകരണം.
1990കളിലാണ് സുഊദി സലഫിസത്തോട് തീവ്രമായ അനുരാഗം മുജാഹിദ് പണ്ഡിതന്മാര്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്നത്. 2000 കാലത്ത് ഇത് ശക്തിപ്പെട്ടു. ഇപ്പോള്‍ സുഊദി സലഫിസത്തെ അന്ധമായി അനുകരിക്കുന്ന സ്വഭാവത്തിലേക്ക് അതു വളര്‍ന്നിരിക്കുന്നു. സലഫി ലോകത്തെ ആശയ കാലുഷ്യങ്ങളും ആഭ്യന്തര ഛിദ്രതകളും കേരളത്തിലേക്ക് കടന്നുവരുന്നത് അങ്ങനെയാണ്. 1990കളില്‍ സലഫിലോകത്ത് ഉടലെടുത്ത ഭിന്നതകള്‍ അധികം വൈകാതെ മുജാഹിദു പ്രസ്ഥാനത്തിലും ഭിന്നതയുടെ വിത്തുവിതച്ചു. 2002ലെ മുജാഹിദ് പിളര്‍പ്പ് ലോക സലഫിസത്തിലെ ഭിന്നതയുടെ ഭാഗം കൂടിയാണ്. 'സലഫി മന്‍ഹജ്' എന്ന പുതിയ പ്രയോഗത്തിലൂടെയാണ്, ചില മുജാഹിദ് പണ്ഡിതന്മാര്‍ സുഊദി സലഫിസത്തിലെ പുതിയ പ്രവണതകളെ കേരളത്തിലേക്ക് ആനയിച്ചത്.11 'സലഫി മന്‍ഹജി'നെക്കുറിച്ച ചൂടേറിയ ചര്‍ച്ചകളാണ് ആ ഘട്ടത്തില്‍ കേരളത്തിലെ മുജാഹിദ് വൃത്തത്തില്‍ നടന്നത്. അതിരുവിട്ട ആത്മീയത പ്രസരിപ്പിക്കുന്ന 'വഹാബി സൂഫിസം' പിന്നാലെ വന്നു. നേരത്തെ സുഊദി സലഫികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ജിന്ന്-സിഹ്ര്‍' വിഷയങ്ങളിലെ വിശ്വാസങ്ങളും തുടര്‍ന്ന് കേരളത്തിലെത്തി. ബഹുമത സമൂഹത്തില്‍ പരസ്പര ബന്ധങ്ങളില്‍ പോലും വിള്ളലുകള്‍ വീഴ്ത്തുന്ന അപക്വമായ അഭിപ്രായ പ്രകടനങ്ങളും തുടര്‍ന്നുണ്ടായി. ശൈഖ് ഇബ്നു ബാസ്, സ്വാലിഹുല്‍ ഫൌസാന്‍, ഇബ്നു ഉസൈമിന്‍ തുടങ്ങിയ പ്രമുഖ സലഫി പണ്ഡിതരോട് വിയോജിക്കുന്ന ജാമിയ-മദ്ഖലിയ സലഫിസത്തിന്റെ വാദങ്ങളും കേരളത്തിലെ മുജാഹിദുകള്‍ക്ക് ഏറെ പഥ്യമായി. മദ്ഖലികളുടെ നേതാവായ റബീഉബ്നു ഹാദി മദ്ഖലിയുടെ, പ്രവാചകന്മാരുടെ പ്രബോധനത്തെക്കുറിച്ച പുസ്തകം പ്രസിദ്ധീകരിച്ചത് 'മദ്ഖലി സലഫിസ'ത്തോടുള്ള ചിലരുടെ ആഭിമുഖ്യത്തിന്റെ അടയാളമാണ്. ഇങ്ങനെ പ്രതിലോമകരമായി തീര്‍ന്നേക്കാവുന്ന പുതിയൊരു സലഫിസം കേരളത്തിന്റെ മതമണ്ഡലത്തില്‍ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു.
മെറമ്വ്ൃസറ@ഴാമശഹ.രീാ
കുറിപ്പുകള്‍
1. കേരളശബ്ദം 13.5.2007
2. 1993 ല്‍ നടന്ന ഐ.എസ്.എം സ്റേറ്റ് കമ്മറ്റിയില്‍ അവതരിപ്പിച്ച നയരേഖ പേജ്.5,6 ശബാബ് വാരിക-2002 ഓഗസ്റ് 23.
3. മുജാഹിദ് സംസ്ഥാന സമ്മേളനം 97 സുവനീര്‍, പേജ്:370.
4. കെ.എം മൌലവി ജീവചരിത്രം പേജ്:125 യുവത ബുക്സ്
5. എം.എന്‍ കാരശ്ശേരി, ആ വഹാബികളല്ല ഈ വഹാബികള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഫെബ്രുവരി 21-28
6. അല്‍ അഖാഇദു സലഫിയ പേജ് 44.
7. കേരള നദ്വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍, പേ. 9.
8. ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേ. 9.
9. അല്‍മനാര്‍, 1951 ഒക്ടോബര്‍ 8, പേജ് 19
10. ഓര്‍മകളുടെ തീരത്ത്, ഉമര്‍ മൌലവിയുടെ ആത്മകഥ.
11. മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പ് കാരണങ്ങളും വസ്തുതകളും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം