പറഞ്ഞേ തീരൂ, ഈ സത്യങ്ങള്‍
പൊള്ളുന്ന സത്യങ്ങള്‍ കണ്ടിട്ടും ഇത്രനാള്‍
എന്തിനു ഞാന്‍ മൌനം പൂണ്ടുനിന്നു?
യുദ്ധാഭ്യാസങ്ങള്‍ക്കിടെ നിസ്സങ്കോചം
അവലംബിക്കപ്പെടുന്ന അരുതായ്മകളെക്കുറിച്ച്
എന്തിന് ഞാന്‍ ഇനിയും മിണ്ടാതിരിക്കണം?
യുദ്ധാനന്തരം ശേഷിപ്പവര്‍ക്ക്
ലഭിച്ചെന്നുവരാം
കവിഞ്ഞാല്‍ അടിക്കുറിപ്പുകളുടെ മൂല്യം
ഇറാന്‍ ജനതയെ കൂട്ടത്തോടെ
തുടച്ചു നീക്കാന്‍ പോന്ന കടന്നാക്രമണത്തിനുള്ള
ആദ്യാവകാശം അവര്‍ക്കു വേണമത്രെ!
വലിയ വായില്‍ വീമ്പുപറയും നേതാവിനാല്‍
റാലികളിലേക്കാനയിക്കപ്പെടുവോര്‍
ഈ ഇറാനികള്‍ എന്ന മുറുമുറുപ്പ് സമ്മതിച്ചേക്കാം
അണിയറയിലെങ്ങോ അണ്വായുധം
പണിയാന്‍ ഇറാന്‍ കോപ്പുകൂട്ടുന്നതായി
അങ്കുരിക്കയാണത്രെ അവര്‍ക്കു സംശയം
എന്നാല്‍ സമീപത്തെ മറ്റൊരു ദേശം
ആണവായുധമാര്‍ജിച്ചെന്ന വാസ്തവം
വിളിച്ചോതാന്‍ എന്തിനു ഞാന്‍ മടിച്ചു നില്‍ക്കണം?
പരിശോധനകളില്ലവിടെ, മേല്‍നോട്ടവും വേണ്ട
വര്‍ഷങ്ങളായി അതിനിഗൂഢം, നിര്‍വിഘ്നം
നിര്‍ബാധമരങ്ങേറുകയാണാ മാരക പ്രക്രിയ
പക്ഷേ, ദീക്ഷിക്കയാണ് സര്‍വരും മൌനം
ആ കൂട്ട നിശ്ശബ്ദതയുടെ ഭാഗമായിരുന്നു ഞാനും
വസ്തുതകളെ മറയ്ക്കുന്ന ഈ മൌനം
എന്നെ ആത്മവഞ്ചകനാക്കുന്നു
മൌനം നുണകളെ ബലപ്പെടുത്താനേ ഉതകൂ
അതിനാല്‍ നിരാകരിക്കയാണു ഞാന്‍ നിശ്ശബ്ദതകള്‍
എനിക്ക് ഊഹിക്കാനാകും
മൌന ഭഞ്ജനത്തിന്റെ ശിക്ഷ എന്തെന്ന്
'സെമിറ്റിക് വിരുദ്ധന്‍' എന്ന മുദ്ര
വന്നു പതിയുമെന്‍ ചുമലില്‍ അനായാസം
ചരിത്രത്തിലെ തുല്യതയില്ലാത്ത
വിചാരണകള്‍ക്കു വിധേയമായ
എന്‍ മാതൃദേശവും ഇതാ ഇസ്രയേലിന്
ഒരു അന്തര്‍വാഹിനികൂടി കൈമാറിയിരിക്കുന്നു
(വ്യാപാരം, നഷ്ടപരിഹാര സഹായം
തുടങ്ങിയ മനോജ്ഞ പദങ്ങളാല്‍
സാധൂകരിക്കാം നിങ്ങള്‍ക്ക് ഈ ഇടപാടിനെ)
ഈ അന്തര്‍വാഹിനിക്ക് വഹിക്കാനാകും
മാരകശേഷിയാര്‍ന്ന ആണവതലപ്പുകള്‍
ഒറ്റ അണുബോംബും സ്വായത്തമാക്കാത്ത,
സംശയത്തിന്റെ ഇര മാത്രമായ ദേശത്തെ
ഈ ആണവത്തലപ്പുകള്‍ തൊടുത്ത് തരിപ്പണമാക്കാം.
ജനങ്ങളെ ഞെരിച്ചൊടുക്കും യുദ്ധം
ആരംഭിക്കാന്‍ സംശയം മതിപോലും
മുന്തിയ നിമിത്തമായ്
എന്നിട്ടും ഇത്രയും കാലം ഞാന്‍
മൌനം അവലംബിച്ചത് എന്തുകൊണ്ടായിരുന്നു.
എന്റെ വേരുകളെക്കുറിച്ച ബോധ്യമായിരുന്നു
എന്റെ മൌനത്തിന്റെ പ്രേരണ
അതിനാല്‍ ഞാനുരയ്ക്കുന്ന നേരുകള്‍
ഇസ്രയേല്‍ വിശ്വസിക്കില്ലെന്നും
ഞാന്‍ ഭയപ്പെട്ടു.
ഇപ്പോള്‍ കിഴവനായിരിക്കുന്നു ഞാന്‍.
ആയുര്‍രേഖകള്‍ മായാന്‍ തുടങ്ങുന്നു
പേനയില്‍ മഷി വറ്റുന്നു
സത്യമോതുവാന്‍ ഉറ്റ സന്ദര്‍ഭം
ഇനി വേറെയെപ്പോള്‍?
ദുര്‍ബലമായ ആഗോള സമാധാനത്തെ
ഇസ്രയേല്‍ ആണവശേഷികൊണ്ട്
അപകടപ്പെടുത്താതിരിക്കില്ല
നാളേക്കുപോലും നീട്ടിവെക്കാതെ
ഉച്ചത്തില്‍ ഘോഷിക്കേണ്ട യാഥാര്‍ഥ്യമത്രെയിത്
ഇസ്രയേലിന്റെ യുദ്ധോത്സുകതയ്ക്ക്
നാം ജര്‍മന്‍കാരും ഒത്താശ നല്‍കിയിരിക്കുന്നു
ഇസ്രയേല്‍ നടത്താനിരിക്കുന്ന
ഘോരപാതകത്തിന്റെ പങ്കില്‍നിന്ന്
ഒഴികഴിവുകളാല്‍ നമ്മുടെ
പാപക്കറ കഴുകി വെടിപ്പാക്കാന്‍ കഴിയുമോ?
ഇനിയും എനിക്ക് മൌനിയാകാന്‍ വയ്യ
പടിഞ്ഞാറിന്റെ കാപട്യങ്ങള്‍
ദിനേന ദര്‍ശിച്ചെന്‍
കണ്ണുകഴക്കുന്നു, മനസോ മുഷിയുന്നു.
എനിക്കു പിറകേ അനേകര്‍
സ്വന്തം നിശ്ശബ്ദതകള്‍ വിട്ട്
വിമുക്തരാകാതിരിക്കില്ല.
അവര്‍ സത്യങ്ങള്‍ ഉച്ചത്തില്‍ ഉദ്ഘോഷിക്കും
അപായകരമായ സൈനിക ബലപ്രയോഗങ്ങള്‍
അവസാനിപ്പിക്കാന്‍ അവര്‍ ആഹ്വാനം മുഴക്കും
അന്താരാഷ്ട്ര പരിശോധനകള്‍ക്ക്
ഇറാനിലെയും ഇസ്രയേലിലെയും
ഭരണകൂടങ്ങള്‍ ഒരേപോലെ
വഴങ്ങണമെന്ന് ആ നാവുകള്‍
ഏകസ്വരത്തില്‍ ആവശ്യപ്പെടും
പകയും സ്പര്‍ധയും ശത്രുതയും
അധിനിവേശം ചെയ്ത
മേഖലയുടെ ശാന്തിക്ക് മറുവഴിയില്ല.
സ്ഥിര വൈരത്തില്‍ കഴിയും
ഇസ്രയേലികളുടെയും
ഫലസ്ത്വീനികളുടെയും
നിയതി മാറ്റിമറിക്കാന്‍
ബദല്‍ വഴിയില്ല.
അന്തിമമായി നാം സര്‍വരുടെയും
സമാധാന പൂര്‍ണതക്കും
പോംവഴി ഇത്രമാത്രം.
വിവ: വി.പി.എ അസീസ്
Comments