Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല

കെ.പി തശ്‌രീഫ്

പൗരത്വഭേദഗതി നിയമത്തിനെതിരെയും സംഘ് പരിവാര്‍ വംശീയ അജണ്ടകള്‍ക്കെതിരെയും നിരന്തരമായി  പോരാടിയതിന് ദല്‍ഹി പോലീസ് വേട്ടയാടിയ വിദ്യാര്‍ഥി നേതാക്കള്‍ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാല്‍ എന്നിവര്‍ കഴിഞ്ഞ ആഴ്ച  ജയില്‍മോചിതരായി. അന്യായ അറസ്റ്റുകള്‍ക്കെതിരെ ഒരു വര്‍ഷത്തിലധികം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് ജാമ്യം നേടി മൂവര്‍ക്കും തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനായത്. സമാന സാഹചര്യങ്ങളില്‍ ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകരുടെയും രാഷ്ട്രീയ തടവുകാരുടെയും നിയമപോരാട്ടത്തിന് കരുത്തു പകരുന്നത് കൂടിയാണ് ഇവരുടെ മോചനം.
2020 മെയ് മാസമാണ് മൂന്നു പേരെയും ദല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലും ജാമിഅയിലും നടന്ന പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പങ്കുണ്ട് എന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കുകയായിരുന്നു. ആയിരക്കണക്കിന് പേജ് വരുന്ന കുറ്റപത്രത്തില്‍ മൂവര്‍ക്കുമെതിരെ ഒരു തെളിവും ഹാജരാക്കാനാവാതെ വേട്ടയാടിയ ദല്‍ഹി പോലീസിന്റെ കുത്സിത നീക്കങ്ങള്‍ക്കേറ്റ പ്രഹരം കൂടിയാണ് ഇവരുടെ ജാമ്യം.
സമര നേതാക്കളെ കൂടാതെ ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിനാളുകളെ വിവിധ കേസുകളില്‍ പോലീസ് കസ്റ്റഡിയിലെടുത്ത്  വേട്ടയാടിയിരുന്നു. സമരങ്ങളെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളായിരുന്നു അത്. അക്രമത്തില്‍ പരിക്കേല്‍ക്കുകയും സര്‍വതും നഷ്ടപ്പെടുകയും ചെയ്തവര്‍ക്കെതിരെയായിരുന്നു ഭൂരിഭാഗം കേസുകളും.
      
ആസിഫ് ഇഖ്ബാല്‍ തന്‍ഹ
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ അവസാന വര്‍ഷ വിദ്യാര്‍ഥിയും ജാമിഅ കോഡിനേഷന്‍ കമ്മിറ്റി അംഗവും എസ്.ഐ.ഒ  മെമ്പറുമാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ. പൗരത്വ ഭേദഗതിക്കെതിരെ  ജാമിഅ മില്ലിയ്യയില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാവ് കൂടിയാണ്. കോവിഡ് പ്രതിസന്ധികള്‍ മൂര്‍ഛിച്ചപ്പോള്‍ ദല്‍ഹിയിലെ തെരുവുകളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് പൗരത്വ സമരങ്ങളുടെ പേരില്‍ ദല്‍ഹി പോലീസ്  ആസിഫടക്കമുള്ളവരെ അറസ്റ്റ്  ചെയ്യുന്നത്. ജാമിഅ സമരത്തിന്റെ പേരില്‍ ആസിഫിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് വടക്കു കിഴക്കന്‍ ദല്‍ഹി അക്രമങ്ങളുടെ പേരില്‍ കള്ളക്കേസുകളുണ്ടാക്കിയും യു.എ.പി.എ ചുമത്തിയും തിഹാര്‍ ജയിലില്‍ അടക്കുകയായിരുന്നു. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ്  ഈ ഇരുപത്തിനാലുകാരന് ഇപ്പോള്‍ ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങുമ്പോഴും ആസിഫ് പങ്കുവെക്കുന്നത്   ആത്മാഭിമാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വാക്കുകളാണ്.
''എന്റെ സ്രഷ്ടാവിനെയല്ലാതെ ഒരാളെയും ഞാന്‍ ഭയപ്പെടുന്നില്ല. അതുകൊണ്ടുതന്നെ നീതിക്കായുള്ള പോരാട്ടത്തില്‍ ഒരിക്കലും എന്നെ ഒന്നും തളര്‍ത്തുന്നില്ല. ഈ മാര്‍ഗത്തില്‍ പോരാടിയ ധാരാളം പേര്‍ ഇപ്പോഴും ജയിലറകളിലാണ്. നിരപരാധികളായ അവരും മോചിപ്പിക്കപ്പെടണം. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ പിന്‍വലിക്കുന്നത് വരെയും സംഘ് പരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടം പരാജയപ്പെടുന്നത് വരെയും നമ്മുടെ പോരാട്ടങ്ങള്‍ തുടരും.
ജയിലിലടക്കപ്പെട്ടപ്പോള്‍ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ എല്ലാം കൂടെ നിന്നു.  പുറത്തുനിന്ന് അവര്‍ അനീതിക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. യു.എ.പി.എ ഉള്ളതിനാല്‍  ജയിലില്‍നിന്നും  പുറത്തുകടക്കുക ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ആശ്വാസം പകരുന്ന വിധിയാണ്  ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ജയിലില്‍നിന്ന് പുറത്തുവന്ന്  കുടുംബത്തെയും സുഹൃത്തുക്കളെയും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയയിലെ സഹപാഠികളെയും മറ്റു പ്രവര്‍ത്തകരെയും കാണാനായത് വല്ലാത്ത സന്തോഷം തരുന്നു.  അറസ്റ്റുകളിലും ഭീഷണികളിലും ഭയപ്പെടുകയോ നിശ്ശബ്ദമാവുകയോ പിന്മാറുകയോ ചെയ്യാതെ ഈ പ്രക്ഷോഭം മുന്നോട്ടു പോവുക എന്നതാണ് അനിവാര്യമായിട്ടുള്ളത്. യു.എ.പി.എയുടെ ദുരുപയോഗം തുടരുകയാണ്. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ളതാണ് ഈ ഭീകര നിയമങ്ങള്‍.
ജയിലിലെ അവസ്ഥ വളരെ മോശമാണ്. അവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്.  ഈ മഹാമാരി കാലത്ത് പോലും  അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങളൊന്നും നല്‍കുന്നില്ല. എന്റെ പഠനം, ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും ചെയ്തുകൊണ്ട് അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകും. നീതിക്കായുള്ള സമര പോരാട്ടങ്ങള്‍ കാമ്പസിലും പുറത്തും തുടരും. മറ്റൊരു കേസില്‍ ഇനിയും ഞാന്‍ തടവിലാക്കപ്പെട്ടേക്കാം. പക്ഷേ ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ല.''
അവസാന വര്‍ഷ ഡിഗ്രി പരീക്ഷകള്‍ ജയില്‍ വാസത്തിനിടയില്‍ പഠിച്ച് എഴുതുകയായിരുന്നു ആസിഫ്. 

ദേവാംഗന കലിത, നതാഷ നര്‍വാല്‍
ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥികളായ ഹരിയാന സ്വദേശിനി നതാഷ നര്‍വാല്‍, അസം സ്വദേശിനി ദേവാംഗന കലിത എന്നിവരെയും ദല്‍ഹിയിലെ ശാഹിന്‍ ബാഗ് സമരകേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ദല്‍ഹി അതിക്രമങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കുകയുമായിരുന്നു. 'പിഞ്ചറ തോഡ്' എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ കൂടിയാണ് ഇരുവരും.
'യു.എ.പി.എ  ചുമത്തിയാല്‍ ജാമ്യം കിട്ടാന്‍ വളരെ പ്രയാസപ്പെടുമെന്ന് അറിയാമായിരുന്നതിനാല്‍  ഞങ്ങള്‍ വളരെക്കാലം ജയിലില്‍ ചെലവഴിക്കാന്‍ തയാറായിരുന്നു, അതിനാല്‍ കാലതാമസമുണ്ടായിട്ടും ഇത് അപ്രതീക്ഷിതമാണെന്നു പറയണം. ഹൈക്കോടതി വിധിയില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്, സന്തുഷ്ടരാണ്.
കഴിഞ്ഞ വര്‍ഷമുടനീളം അകത്തും പുറത്തും നിരവധി പേര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹവും പിന്തുണയും ജയിലില്‍ കിടന്ന പാഠങ്ങളും ഞങ്ങള്‍ക്ക് കരുത്താകും. സമര പോരാട്ടങ്ങള്‍ക്ക് അത് പ്രചോദനം നല്‍കും. അതേസമയം,  നിയമ സഹായമൊന്നും ലഭിക്കാത്ത മറ്റു തടവുകാരുടെ കാര്യം ഞങ്ങളെ  അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. ഭരണകൂട അടിച്ചമര്‍ത്തലുകള്‍ വര്‍ധിക്കുകയാണ്. എന്നാലും, സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ വിരുദ്ധ പ്രക്ഷോഭം മുതല്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ വരെയുള്ള ഒന്നിനെയും തകര്‍ക്കാന്‍ അതിനായിട്ടില്ല. പകര്‍ച്ചവ്യാധിയുടെ  സമയത്തുള്ള അത്തരം അടിച്ചമര്‍ത്തലുകള്‍ ഭരണകൂടത്തിന്റെ തനിനിറം തുറന്നുകാട്ടുന്നുണ്ട്.
വെല്ലുവിളികള്‍ വളരെ വലുതാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ ചരിത്ര നിമിഷം നമ്മില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ചുമത്തുന്നുണ്ട്. അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളുമില്ലാത്ത  സമൂഹം കെട്ടിപ്പടുക്കുക തന്നെയാണ് പോംവഴി''- ദേവാംഗന കലിത പറയുന്നു.
കഴിഞ്ഞ മാസമാണ് നതാഷ നര്‍വാലിന്റെ പിതാവ് മഹാവീര്‍ നര്‍വാല്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്നത്. ഇടതുപക്ഷ നേതാവ് കൂടിയായ അദ്ദേഹം മകളെ കുറിച്ചോര്‍ത്ത് താന്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞിരുന്നു.
നതാഷയുടെ വാക്കുകള്‍: 'കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളെ പിന്തുണക്കുന്ന ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും തീര്‍ച്ചയായും  ആശ്വാസമാണ് ഞങ്ങളുടെ മോചനം. എന്നാലും ഞങ്ങളുടെ സുഹൃത്തും ജയിലിലെ സഹപ്രവര്‍ത്തകയുമായ ഗുല്‍ഷിഫയെപ്പോലെ, തങ്ങള്‍ക്കറിയാത്തതോ ഒരിക്കലും ചെയ്യാത്തതോ ആയ കുറ്റകൃത്യങ്ങള്‍ക്ക്  ഒരു വര്‍ഷത്തോളം തടവിലാക്കപ്പെട്ട ധാരാളം പേര്‍ ഇപ്പോഴും ഉണ്ട്. അവര്‍ക്കിപ്പോഴും നീതി നിഷേധിക്കപ്പെടുമ്പോള്‍ ഞങ്ങളുടെ ജാമ്യത്തിന് പൂര്‍ണത ഉണ്ടാവുകയില്ല.
യു.എ.പി.എ പോലുള്ള നിയമങ്ങള്‍ എങ്ങനെയാണ് വിയോജിപ്പുള്ള ശബ്ദങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍നിന്നുള്ളവരെയും ജാമ്യമില്ലാതെ ദീര്‍ഘകാലം അകത്തിടുന്നതെന്ന്   ഞങ്ങള്‍ നേരില്‍ കണ്ടു.  വിചാരണ നടക്കുന്നതിന് മുമ്പുതന്നെ ഇതൊരു ശിക്ഷയായി മാറുന്നു. 'ഇത് എപ്പോഴാണ് അവസാനിക്കുക?' എന്ന  ചോദ്യവുമായി ഞങ്ങള്‍  ജയിലിനകത്ത് ഒരു നീണ്ട ജീവിതത്തിന്  തയാറെടുത്തിരുന്നു.'
ഹൈക്കോടതി വിധിക്കു ശേഷവും  ജാമ്യം നീട്ടിക്കൊണ്ടുപോകാനും അത് റദ്ദ് ചെയ്യാനും  വിധിയില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി അനുവദിക്കാനും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു ദല്‍ഹി പോലീസ്. ഒരു കാരണവശാലും നീതി കിട്ടരുതെന്ന ശാഠ്യമാണ് ഇതിനു പിന്നില്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി