വിചാരണ
കൈകള്‍
ഒരു നാള്‍
തലയോടു പറഞ്ഞു;
നിന്റെ അതിരുവിട്ട
ഭാവനകളാണ്
എല്ലാ അതിക്രമങ്ങള്‍ക്കും
എനിക്ക് പ്രേരണയാകുന്നത്.
മോഹിക്കുന്നത്
കൈക്കലാക്കാന്‍
നീയെന്നെ പറഞ്ഞുവിടുന്നു
തട്ടിപ്പറിച്ചും
കൊന്നും കൊലവിളിച്ചും
വാരിക്കൂട്ടുന്നു.
തല പ്രതിവചിച്ചു;
എല്ലാ ഭാവനകളും
ഹൃദയത്തിലാണുയിരെടുക്കുന്നത്.
ഹൃദയം കല്‍പിക്കുന്നു
ഞാന്‍ നിര്‍ദേശിക്കുന്നു.
കാലുകളും
ആവലാതിപ്പെട്ടു;
പോകേണ്ടെന്ന്
എത്ര കരുതിയിരുന്നാലും
ഇരുട്ടിന്റെ വീട്ടിലേക്ക്
നിങ്ങളെ കൊണ്ടെത്തിക്കുന്നത്
ഞാനാണ്.
എന്നെ പഴിക്കരുതേ
ഉടലിന്റെ
രണ്ടു വെറും ചക്രങ്ങള്‍
മാത്രമാണ് ഞാന്‍.
ഹൃദയം പ്രതിവചിച്ചു;
ഉടലിന്റെ ഉത്സവത്തില്‍
എല്ലാവരും
പങ്കാളികള്‍ തന്നെ
കവര്‍ന്നെടുക്കുന്ന സുഖം
കൈയാണ്
ആദ്യമറിയുന്നത്
കുമാര്‍ഗങ്ങളില്‍
ഉടലിനെ കൊണ്ടെത്തിക്കുമ്പോള്‍
കാലുകള്‍ക്കുമുണ്ട് സുഖം
പിശാചാണ്
പ്രലോഭനത്തിന്റെ
മുന്തിരിച്ചാറുമായ് എന്നും
എന്നെ ഭ്രമിപ്പിക്കുന്നത്.
കണ്ണും
കാതും
പകര്‍ന്നു നല്‍കുന്നത്
ചിന്തകളായ് എന്നില്‍
ഉയിരെടുക്കുന്നു.
ചിന്തയാണ്
ഓരോ മനുഷ്യനെയും
കൊത്തിയുണ്ടാക്കുന്നത്.
ചിന്തകളുടെ കടിഞ്ഞാണ്‍
കൈയിലേന്തൂ.
Comments