അടിമത്തത്തെ പുനര്‍ നിര്‍വചിക്കുന്നു
അടിമത്തത്തിന്റെ ബാഹ്യഘടന നിലനിര്‍ത്തുകയും ആന്തരികഘടന അടിമുടി മാറ്റിപ്പണിയുകയുമാണ് ഇസ്ലാം ചെയ്തത്. അടിമയുടെ മേലുള്ള വ്യക്തിയുടെ ഉടമാവകാശം എന്നത് അടിമത്തത്തിന്റെ അടിസ്ഥാന ഘടനയാണ്. അത് ഇല്ലാതായാല്‍ പിന്നെ അടിമത്തം എന്ന വ്യവസ്ഥിതി തന്നെ ഇല്ലാതായി. സാമൂഹികവും സാമ്പത്തികവുമായ അനിവാര്യത എന്ന നിലക്ക് ഈ ഘടനയെ ഇസ്ലാം നിലനിര്‍ത്തി. അതേസമയം അടിമ-ഉടമ ബന്ധത്തെ അധികാരത്തിന്റെയും ഉടമസ്ഥതയുടെയും തലത്തില്‍നിന്ന് കുടുംബ ബന്ധത്തില്‍ എന്ന പോലെ സാഹോദര്യബന്ധത്തിന്റെ വൈകാരികതലത്തിലേക്ക് ഉയര്‍ത്തി. അതോടൊപ്പം അടിമകളെ സ്വതന്ത്രരാക്കുന്നതിന് വമ്പിച്ച പ്രാധാന്യവും പ്രോത്സാഹനവും നല്‍കി. അടിമകളില്‍ സ്വാതന്ത്ര്യബോധവും അവകാശബോധവും വളര്‍ത്തി. അടിമസമ്പ്രദായത്തെ സ്ഥിരമായി നിലനിര്‍ത്തലായിരുന്നു ഇസ്ലാമിന്റെ ലക്ഷ്യമെങ്കില്‍ അടിമ മോചനത്തിന് ഇത്രയധികം പ്രാധാന്യം നല്‍കപ്പെടുമായിരുന്നില്ല. ആദ്യകാലത്ത് ഇറങ്ങിയ ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ വിശ്വാസികളുടെ 'ദുര്‍ഘട പാത'(അഖബ:)യെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'അഖബ എന്താണെന്ന് നിനക്കറിയുമോ? അടിമത്തനുകത്തില്‍ നിന്ന് ഒരു മനുഷ്യനെ സ്വതന്ത്രനാക്കുക. അല്ലെങ്കില്‍ പട്ടിണിനാളില്‍ ബന്ധുവായ അനാഥക്കോ ദുരിതത്തിന്റെ ചേറിലമര്‍ന്ന അഗതിക്കോ അന്നം നല്‍കുക' (ഖുര്‍ആന്‍ 90:12-16).
ഇസ്ലാം അടിമ മോചനത്തെ നിരവധി പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി നിശ്ചയിച്ചു. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ അബദ്ധത്തില്‍ കൊല ചെയ്താല്‍ മുസ്ലിമായ ഒരു അടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുകയും വേണം (ഖുര്‍ആന്‍ 4:92). ഒരു മുസ്ലിം പ്രതിജ്ഞ ലംഘിച്ചാല്‍ പത്ത് അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയോ അതിന് കഴിവില്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ, അതിനും കഴിവില്ലെങ്കില്‍ മൂന്ന് ദിവസം നോമ്പെടുക്കുകയോ വേണം (ഖുര്‍ആന്‍ 5:89). റമദാനില്‍ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പ്രായശ്ചിത്തമായി അടിമയെ മോചിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചു. അടിമ മോചനപത്രം എഴുതാന്‍ അപേക്ഷിച്ചാല്‍ അത് സ്വീകരിക്കണമെന്നും അടിമസ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടരുതെന്നും ഉടമകളോട് ഖുര്‍ആന്‍ നിര്‍ദേശിച്ചു. 'നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവരില്‍ (അടിമകള്‍) ആരെങ്കിലും മോചനക്കരാര്‍ എഴുതാന്‍ അപേക്ഷിച്ചാല്‍ മോചനക്കരാര്‍ എഴുതുക. അവരില്‍ നന്മയുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ധനത്തില്‍നിന്ന് അവര്‍ക്കു നല്‍കുക. ഭൗതികലാഭം തേടിക്കൊണ്ട് സ്വന്തം വാല്യക്കാരികളെ (അടിമസ്ത്രീകളെ) നിങ്ങള്‍ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കരുത്. ചാരിത്രവതികളായിരിക്കാന്‍ അവര്‍ സ്വയം ആഗ്രഹിക്കുമ്പോള്‍' (ഖുര്‍ആന്‍: 24:33).
അടിമകളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹ ജീവിതത്തിന് അവസരം സൃഷ്ടിച്ചു കൊടുക്കണമെന്ന് ഉടമകളോട് ഖുര്‍ആന്‍ നിര്‍ദേശിച്ചു: 'നിങ്ങളില്‍ ഇണയില്ലാതെ കഴിയുന്നവരെയും നിങ്ങളുടെ അടിമകളായ സ്ത്രീ പുരുഷന്മാരിലെ സദ് വൃത്തരെയും വിവാഹം കഴിപ്പിച്ചുകൊടുക്കേണ്ടതാകുന്നു. അവര്‍ ദരിദ്രരാണെങ്കില്‍, അല്ലാഹു അവന്റെ ഔദാര്യത്താല്‍ അവരെ ക്ഷേമമുള്ളവരാക്കും. അല്ലാഹു അങ്ങേയറ്റം വിശാലതയുള്ളവനും സര്‍വജ്ഞനുമല്ലോ' (ഖുര്‍ആന്‍ 24: 32).
അടിമകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കാളിയായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥരോടും അഗതികളോടും ബന്ധുക്കളായ അയല്‍ക്കാരോടും സഹവാസികളോടും വഴിയാത്രക്കാരോടും നിങ്ങളുടെ വലംകൈ അധീനപ്പെടുത്തിയവരോടും (അടിമകള്‍) നന്നായി വര്‍ത്തിക്കുവിന്‍. അഹന്തയാല്‍ നിഗളിക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല' (4:36).
അടിമമോചനത്തെയും അടിമകളോടുള്ള മനുഷ്യത്വപരമായ പെരുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവാചക വചനങ്ങളും ചരിത്ര സംഭവങ്ങളുമുണ്ട്. ഒരിക്കല്‍ നബിയുടെ സഹചരന്മാരില്‍ ഒരാളായ അബൂദര്‍റ് തന്റെ അടിമയെ ചീത്ത പറഞ്ഞു. അയാള്‍ നബിയോട് പരാതിപ്പെട്ടു. ഇതു കേട്ട് കോപിഷ്ഠനായ പ്രവാചകന്‍ അബൂദര്‍റിനെ വിളിച്ച് ശാസിച്ചു:
'അബൂദര്‍റ്, താങ്കളില്‍ ഇപ്പോഴും ജാഹിലിയ്യത്തിന്റെ ഗന്ധമുണ്ടല്ലോ. ഇയാള്‍ എന്റെ സഹോദരനും സേവകനുമാണ്. ഇയാളെ അല്ലാഹുവാണ് താങ്കളുടെ കീഴിലാക്കിയത്. അതുകൊണ്ട് താങ്കള്‍ ഭക്ഷിക്കുന്നത് ഇയാളെയും ഊട്ടുക. താങ്കള്‍ ഉടുക്കുന്നത് ഇയാളെയും ഉടുപ്പിക്കുക. കഴിവിനതീതമായത് ഒരിക്കലും ഇയാളെക്കൊണ്ട് വഹിപ്പിക്കരുത്. ഏതെങ്കിലും ഭാരിച്ച സേവനം ചെയ്യിക്കുകയാണെങ്കില്‍ ഒരു കൈ സഹായിക്കുക.' പ്രവാചകന്‍ അബൂദര്‍റിനെ ഉപദേശിക്കാന്‍ ഉപയോഗിച്ച ഭാഷയും ശൈലിയും ശ്രദ്ധേയമാണ്. പ്രവാചകന്‍ അടിമയുടെ അവകാശത്തിനു വേണ്ടി ശക്തമായി നിലകൊണ്ടു എന്നത് മാത്രമല്ല പ്രധാനം. ഉടമയുടെ ഒരു ശകാരവാക്കിനെതിരെ പോലും പ്രവാചകനോട് പരാതി പറയാനുള്ള മാനസിക നിലവാരത്തിലേക്ക് ഇസ്ലാമിക സമൂഹത്തിലെ അടിമകള്‍ എത്തിയിരുന്നു എന്നത് കൂടിയാണ്. ശബ്ദിക്കാനും പ്രതിഷേധിക്കാനും അവകാശമില്ലാത്ത പതിതനാണ് താന്‍ എന്ന അപകര്‍ഷബോധത്തില്‍നിന്ന് അടിമയെ മോചിപ്പിക്കുകയാണ് ഇസ്ലാം ഒന്നാമതായി ചെയ്തത്. മറ്റു മനുഷ്യരെപ്പോലെ അസ്തിത്വവും വ്യക്തിത്വവുമുള്ള മനുഷ്യനാണ് താന്‍ എന്ന ബോധം അടിമയില്‍ സൃഷ്ടിച്ചു. അടിമ അടിമത്തത്തെ തിരിച്ചറിയുക എന്നതാണ് വിമോചനത്തിന്റെ ആദ്യപടി.
അടിമയുടെ ഭക്ഷണവും വസ്ത്രവും സമൂഹത്തില്‍ മാന്യമെന്ന് കരുതപ്പെടുന്ന തരത്തിലുള്ളതായിരിക്കണം എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. 'നിങ്ങളുടെ അടിമ നിങ്ങള്‍ക്ക് ഭക്ഷണവുമായി വന്നാല്‍ നിങ്ങളുടെ കൂടെയിരുത്തി അവനെ ഭക്ഷിപ്പിക്കണം. അത്രത്തോളം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സ്വന്തം ഭക്ഷണത്തില്‍ ഒന്നോ രണ്ടോ ഉരുള അവന് നല്‍കുകയെങ്കിലും ചെയ്യണം' എന്ന് പഠിപ്പിക്കുന്ന നബിവചനമുണ്ട്. ഒരിക്കല്‍ ഒരാള്‍ നബിയോട് ചോദിച്ചു: 'ഒരിടമക്ക് എത്ര തവണ പൊറുത്തു കൊടുക്കാം?' നബി പറഞ്ഞു: 'ദിനേന എഴുപത് തവണ കുറ്റം ചെയ്താലും പൊറുത്തു കൊടുക്കേണ്ടതാണ്.'
അബൂ മസ്ഊദ് അന്‍സ്വാരി പറയുന്നു: 'ഒരിക്കല്‍ ഞാന്‍ എന്റെ അടിമയെ തല്ലി. അന്നേരം പിന്നില്‍നിന്ന് ആരോ ഇങ്ങനെ പറയുന്നത് കേട്ടു; 'ഓര്‍ത്തുകൊള്ളുക അബൂ മസ്ഊദ്! നിനക്ക് ഈ അടിമയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ അധികാരം നിന്റെ മേല്‍ അല്ലാഹുവിനുണ്ട്.' തിരിഞ്ഞു നോക്കിയപ്പോള്‍ അത് പ്രവാചകനായിരുന്നു. ഞാന്‍ ഉടനെ പറഞ്ഞു: 'അവനെ അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി ഞാന്‍ സ്വതന്ത്രനാക്കിയിരിക്കുന്നു.' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: നീ അപ്രകാരം ചെയ്തില്ലായിരുന്നുവെങ്കില്‍ നിന്നെ നരകശിക്ഷ സ്പര്‍ശിക്കുമായിരുന്നു.'
നിയമവിധേയമായ ശിക്ഷാവിധിയുടെ (ഹദ്ദ്) ഭാഗമായിട്ടല്ലാതെ ആരെങ്കിലും അടിമയെ പ്രഹരിക്കുകയും ശരീരത്തില്‍നിന്ന് രക്തമൊഴുകുകയും ചെയ്താല്‍ പ്രായശ്ചിത്തമായി ആ അടിമയെ മോചിപ്പിക്കണം എന്ന് നിര്‍ദേശിക്കുന്ന നബിവചനമുണ്ട്. അടിമയെ ഷണ്ഡീകരിക്കുന്നതും അംഗഭംഗം വരുത്തുന്നതും പ്രവാചകന്‍ വിലക്കി. അടിമകളോടുള്ള ഇത്തരം മനുഷ്യത്വഹീനമായ പെരുമാറ്റങ്ങള്‍ അന്നത്തെ കാലത്ത് സാര്‍വത്രികമായിരുന്നു. അത് മോശപ്പെട്ട ഒരു കാര്യമായി പോലും കരുതപ്പെട്ടിരുന്നില്ല. 'ആരെങ്കിലും തന്റെ അടിമയെ അംഗഭംഗം വരുത്തിയാല്‍ നാം അവനെ അംഗഭംഗം വരുത്തും. ആരെങ്കിലും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെ ഷണ്ഡീകരിക്കും', പ്രവാചകന്‍ അരുളി. സ്വന്തം അടിമയെ കൊലചെയ്ത ഒരാള്‍ക്ക് നൂറടി ശിക്ഷ നല്‍കാനും അയാളെ നാടുകടത്താനും യുദ്ധമുതലുകളിലെ ഓഹരി അയാള്‍ക്ക് വിലക്കാനും പ്രവാചകന്‍ ഉത്തരവിട്ടതായി ചരിത്രത്തില്‍ കാണാം. ഇതിനെല്ലാം പുറമെ ഒരടിമയെ സ്വതന്ത്രനാക്കാന്‍ അയാളെ നിര്‍ബന്ധിക്കുകയും ചെയ്തു. ഗ്രഹണം പോലെയുള്ള ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ച ഓര്‍മയുടെ സൂചകമായി അടിമകളെ മോചിപ്പിക്കുന്നത് പുണ്യമുള്ള കാര്യമായി പ്രവാചകന്‍ പഠിപ്പിച്ചു.
പ്രവാചകന്റെ ഇത്തരം നടപടികള്‍ ഉപദേശ നിര്‍ദേശങ്ങളില്‍ പരിമിതമായിരുന്നില്ല. ചൂഷണത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും അടിമകളെ സംരക്ഷിക്കാനുള്ള അധികാരവും ഉത്തരവാദിത്തവും ഭരണാധികാരികള്‍ക്ക് ഇസ്ലാം നല്‍കി. പീഡനത്തിനിരയാവുന്ന അടിമകളെ ഉടമകളുടെ അനുവാദമില്ലാതെ തന്നെ മോചിപ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് അധികാരമുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ ഒരംഗം അവരുടെ അടിമസ്ത്രീയുടെ മുഖത്തടിച്ചപ്പോള്‍ അവളെ സ്വതന്ത്രയാക്കാന്‍ ആ കുടുംബത്തോട് പ്രവാചകന്‍ നിര്‍ദേശിച്ചു. കോപാവേശത്തില്‍ ഒരാള്‍ സ്വന്തം അടിമയെ ഷണ്ഡീകരിച്ച സംഭവത്തെ തുടര്‍ന്ന് പ്രവാചകന്‍ ആ അടിമയെ സ്വതന്ത്രനാക്കി (അവലംബം: ടകമ്‌ലൃ്യ മിറ കഹെമാ. ഖീിമവേമി അ. ഇ ആൃീംി).
ഇസ്ലാമിലേതു പോലെ ഉദാരമായിട്ടല്ലെങ്കിലും അടിമകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനുള്ള ആഹ്വാനങ്ങള്‍ റോമന്‍, ഗ്രീക്ക് തത്ത്വചിന്താ പാരമ്പര്യത്തിലും കണ്ടെത്താന്‍ കഴിയും. വിശേഷാവസരങ്ങളില്‍ ആഹ്ലാദസൂചകമായി അടിമകളെ മോചിപ്പിക്കുന്ന പതിവ് പ്രവാചകനു മുമ്പുള്ള അറേബ്യന്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്നു. അടിമസമ്പ്രദായത്തിലെ നല്ല അംശങ്ങളെ നിലനിര്‍ത്തുകയും അടിമവ്യവസ്ഥിതിയെ വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു ഇസ്ലാം. ഗ്രീക്ക് - റോമന്‍ പാരമ്പര്യത്തില്‍ അടിമകളോടുള്ള മാനുഷികമായ പെരുമാറ്റത്തിന്റെ പ്രചോദകമായി കരുതപ്പെട്ടത് അടിമകളുടെ ഉല്‍പാദനക്ഷമത പരമാവധി വര്‍ധിപ്പിക്കുക എന്നതായിരുന്നു. ഇസ്ലാം അതിനെ ആത്മീയമായ തലത്തിലേക്ക് ഉയര്‍ത്തുകയും അടിമ മോചനത്തിലൂടെയും അടിമകളോടുള്ള നല്ല പെരുമാറ്റത്തിലൂടെയും ദൈവപ്രീതി കരസ്ഥമാക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക സമൂഹത്തില്‍ അടിമയും ഉടമയും, അടിമയും സമൂഹവും തമ്മിലുള്ള ബന്ധം മാനുഷികവും വൈകാരികവുമായ ഒരു വിതാനത്തിലേക്ക് ഉയര്‍ന്നു എന്നതായിരുന്നു ഇതിന്റെ ഫലം. പ്രവാചകന്റെ അനുയായികളില്‍ ബിലാലിനെയും സൈദിനെയും സുമയ്യയെയും യാസിറിനെയും പോലുള്ള അടിമകള്‍ ആര്‍ജിച്ച ആദരവും അംഗീകാരവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സുമയ്യ പ്രവാചകനില്‍ വിശ്വസിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം ഏറ്റുവാങ്ങേണ്ടി വന്ന അടിമസ്ത്രീയായിരുന്നു. പ്രവാചകന്റെ സന്തത സഹചാരി അബൂബക്ര്‍ വില കൊടുത്ത് വാങ്ങി സ്വതന്ത്രനാക്കിയ ബിലാലിനെക്കുറിച്ച് ഖലീഫ ഉമര്‍ പില്‍ക്കാലത്ത് പറയാറുണ്ടായിരുന്ന ഒരു വചനം പ്രസിദ്ധമാണ്: 'അബൂബക്ര്‍ നമ്മുടെ നേതാവായിരുന്നു. അദ്ദേഹം നമ്മുടെ നേതാവിനെ (ബിലാലിനെ) സ്വതന്ത്രനാക്കി.' മക്കാവിജയ സമയത്ത് കഅബയുടെ മുകളില്‍ കയറി ബിലാല്‍ ബാങ്കു വിളിച്ചപ്പോള്‍ അത് മര്‍ദിതരുടെയും അടിമകളുടെയും വിമോചന പ്രഖ്യാപനം കൂടിയായി മാറുകയായിരുന്നു.
അടിമകള്‍ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കരുതപ്പെടുകയും കുടുംബാംഗങ്ങളും അടിമകളും തമ്മില്‍ അഗാധമായ ആത്മബന്ധം വളര്‍ന്നു വരികയും ചെയ്തു. സ്വതന്ത്രരാക്കപ്പെട്ട അടിമകള്‍ ധാരാളമായി സമൂഹത്തിന്റെ മുഖ്യധാരയില്‍ അലിഞ്ഞു ചേര്‍ന്നു. കേവലം വില്‍പനച്ചരക്കായി ഗണിക്കപ്പെട്ടിരുന്ന അടിമയെ ഇസ്ലാം മനുഷ്യനാക്കി മാറ്റി എന്ന് ചുരുക്കം. മോചിതരാവുന്നതു വരെ അടിമ എന്ന അവരുടെ സാമൂഹിക പദവി നിലനിന്നുവെങ്കിലും അനുഭവതലത്തില്‍ അതിന്റെ തിന്മകള്‍ പൂര്‍ണമായും ഇല്ലാതാവുകയോ അങ്ങേയറ്റം ലഘൂകരിക്കപ്പെടുകയോ ചെയ്തു. അടിമവ്യവസ്ഥയുമായി ക്രിയാത്മകമായി എന്‍ഗേജ് ചെയ്തുകൊണ്ട് ഇസ്ലാം അതിനെ മറ്റൊന്നായി പരിവര്‍ത്തിപ്പിച്ചു.
(തുടരും)
Comments