Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

ഉന്മാദ ദേശീയതക്കെതിരെ ടാഗോറിന്റെ മുന്നറിയിപ്പ്

എ.ആര്‍

രണ്ട് ലോകയുദ്ധങ്ങള്‍ ആഗോള ജനതയുടെ സമാധാനം സമ്പൂര്‍ണമായി അപഹരിച്ചു താണ്ഡവമാടിക്കൊണ്ടിരുന്ന 1939-'45 കാലഘട്ടത്തെ അതിതീവ്രമായ നടുക്കത്തോടും ദുഃഖത്തോടും കൂടി മാത്രമേ ഇന്നും മനുഷ്യരാശിക്ക് ഓര്‍ക്കാനാവൂ. ചരിത്രഗതി തന്നെ മാറ്റിമറിച്ച ആ മഹാദുരന്തം ഉന്മാദ ദേശീയതയുടെ സന്തതി ആയിരുന്നെന്ന സത്യം വിവേകവും യാഥാര്‍ഥ്യബോധവുമുള്ള ഒരാള്‍ക്കും നിഷേധിക്കാനാവില്ല. അതുകൊണ്ടുതന്നെ മാനവിക നന്മ കാംക്ഷിക്കുന്ന എല്ലാ മഹാന്മാരും ദേശീയതയുടെ പുനരുജ്ജീവനത്തെ ശക്തിയുക്തം എതിര്‍ത്തു. ദേശം, ഭാഷ, വര്‍ണം, വംശം, ജാതി ഇത്യാദിയെ ആസ്പദമാക്കിയുള്ള എല്ലാ അതിവൈകാരിക കൂട്ടായ്മകളും മാനവികതയുടെ ഏകീകരണത്തിനല്ല, അനേകീകരണത്തിനാണ് നിമിത്തമാവുക എന്നവര്‍ ചൂണ്ടിക്കാട്ടി. ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ചതു മുതല്‍ നേര്‍വഴി കാണിക്കാന്‍ നിയുക്തരായ സത്യപ്രവാചകരെല്ലാം ബോധനം ചെയ്ത സന്ദേശം തന്നെയാണിത്. ഉപര്യുക്ത ഘടകങ്ങളെല്ലാം എല്ലാ കാലത്തും മനുഷ്യവര്‍ഗത്തെ ഒന്നിപ്പിച്ചതിനേക്കാളേറെ ഭിന്നിപ്പിച്ചതിനാണ് ചരിത്രം സാക്ഷ്യം വഹിച്ചത്. കോളനി വാഴ്ചയുടെ ബൂട്ടുകളില്‍ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ അമര്‍ന്നത്, തങ്ങളാണ് ലോകം ഭരിക്കേണ്ടത് എന്ന് വിശ്വസിച്ച യൂറോപ്യന്‍ സാമ്രാജ്യശക്തികളുടെ ഉന്മാദ ദേശീയതയുടെ അഹങ്കാരമായിരുന്നെങ്കില്‍ കോളനികളുടെ ചെറുത്തുനില്‍പ്പും സ്വാതന്ത്ര്യസമരങ്ങളും ദേശീയതയുടെ ബാനറുകളില്‍ തന്നെയായിരിക്കെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ദേശരാഷ്ട്രങ്ങളുടെ ആഭ്യന്തര ഭദ്രതക്കോ സന്തുലിത വികസനത്തിനോ ദേശീയത ചാലക ശക്തിയായി പ്രവര്‍ത്തിച്ചില്ല. ഒരുവേള ഇന്ത്യ ഒഴിച്ച് മറ്റു രാജ്യങ്ങളെല്ലാം പട്ടാളത്തിന്റെയോ ഏകാധിപതികളുടെയോ തേര്‍വാഴ്ചയിലമരുകയായിരുന്നു. ജനാധിപത്യം സ്ഥാപിതമായ രാജ്യങ്ങളില്‍ പോലും ആഭ്യന്തര കലഹങ്ങളും അട്ടിമറികളും സാധാരണമായി. പതിറ്റാണ്ടുകള്‍ക്കു ശേഷവും ആരോഗ്യകരമായൊരു ജനാധിപത്യം കരുപ്പിടിപ്പിക്കാന്‍ കഴിയാതെ പോയ രാജ്യങ്ങളാണ് പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ലിബിയ, അള്‍ജീരിയ, സുഡാന്‍, സിറിയ, ലബനാന്‍, ഇറാഖ് തുടങ്ങിയവ. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ സ്വാതന്ത്ര്യം നേടിയ ഈജിപ്ത്, സിറിയ, ലബനാന്‍, ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ പില്‍ക്കാലത്ത് അറബ് ദേശീയതയുടെ ഊര്‍ജം സംഭരിച്ച ഭരണാധികാരികളും പാര്‍ട്ടികളും രംഗപ്രവേശം ചെയ്‌തെങ്കിലും സ്വന്തം ജനതയെ ഏകീകരിക്കാനോ വികസനപാതയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനോ അവക്ക് കഴിയാതെ പോയി. അസ്ഥിരതയും ഛിദ്രതയും മൗലികാവകാശനിഷേധവും ആ രാജ്യങ്ങളുടെ മുഖമുദ്രകളായി. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലും ഈയവസ്ഥ പ്രസ്താവ്യമായ മാറ്റമില്ലാതെ തുടരുന്നു. ചിലതൊക്കെ ആഭ്യന്തരയുദ്ധങ്ങളുടെ പിടിയില്‍നിന്ന് മോചനം നേടിയിട്ടുമില്ല.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ബൂട്ടുകളില്‍നിന്ന് ഇന്ത്യാ ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ദേശീയ പ്രസ്ഥാനത്തിന് സാധിച്ചുവെങ്കിലും ഹിന്ദു-മുസ്‌ലിം ദേശീയതകളുടെ രക്തരൂഷിത ധ്രുവീകരണത്തിനും തദടിസ്ഥാനത്തിലെ രാജ്യവിഭജനത്തിനും ശേഷമാണത് സാധിച്ചത് എന്ന ദുഃഖസത്യം വിസ്മരിക്കരുത്. എങ്കില്‍പോലും ദീര്‍ഘദര്‍ശികളും ജനാധിപത്യവിശ്വാസികളുമായ നവഭാരത ശില്‍പികളുടെ പ്രതിബദ്ധത മൂലം നിലവില്‍ വന്ന മതനിരപേക്ഷ ഭരണഘടനയുടെ തണലില്‍ ആരോഗ്യകരമായൊരു ജനാധിപത്യവും മതനിരപേക്ഷതയും മുറുകെ പിടിച്ചു മുന്നേറാന്‍ ഭാഗ്യമുണ്ടായ രാജ്യമാണ് 135 കോടി ജനങ്ങളുടെ ജന്മഭൂമിയായ സ്വതന്ത്ര ഇന്ത്യ. തീര്‍ച്ചയായും ബഹുവര്‍ണ ഉപദേശീയതകളെ ഉള്‍ക്കൊണ്ട് വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു ബഹുസ്വരരാഷ്ട്രമായി നിലനില്‍ക്കാനും വളരാനും വികസിക്കാനും ഈ രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് നമുക്ക് അഭിമാനപൂര്‍വം അവകാശപ്പെടാനാവും. അപ്പോഴും പക്ഷേ, തികഞ്ഞ അസഹിഷ്ണുതയിലും ദുരഭിമാനത്തിലും അഹന്തയിലും അധിഷ്ഠിതമായ തീവ്രഹിന്ദുത്വ ദേശീയത രാജ്യത്ത് ആസൂത്രിതമായി വളര്‍ത്തിയെടുക്കപ്പെടുകയായിരുന്നു എന്ന സത്യം ഇന്ന് ജനാധിപത്യ ഇന്ത്യയുടെ ഭാവിക്കു മുമ്പില്‍ തന്നെ വന്‍ വെല്ലുവിളിയായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. അനിര്‍വാച്യവും സങ്കീര്‍ണവും സന്ദിഗ്ധവുമായ ഒരു ഏകശിലാമുഖ സംസ്‌കാരത്തിന്റെ ഭൂമികയില്‍ പണിതുയര്‍ത്തിയ 'ഭാരതീയ ദേശീയത' പരമത നിന്ദയുടെയും പുറംതള്ളലിന്റെയും ഉച്ചനീചത്വത്തിന്റെയും ഉന്മാദത്തിലാണ് രാജ്യത്തെ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ സഹസ്രാബ്ദങ്ങള്‍ പിന്നിട്ട വിശ്വാസാചാരങ്ങളെ ന്യായീകരിക്കാനും നിലനിര്‍ത്താനും വിയോജിക്കുന്നവരില്‍ അടിച്ചേല്‍പിക്കാനും ദേശസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും പേരില്‍ അവര്‍ക്കാവുന്നു; എതിര്‍ക്കുന്നവരുടെ പേരില്‍ രാജ്യദ്രോഹമാണ് ആരോപിക്കുന്നതും കേസെടുക്കുന്നതും. രാജ്യം ഭരിക്കുന്നവരുടെ നീതിരഹിതമായ നിലപാടുകളെയും നടപടികളെയും ന്യായീകരിക്കാനോ പലപ്പോഴും തീര്‍പ്പു കല്‍പിക്കാതെ നീട്ടിവെക്കാനോ നിര്‍ബന്ധിതമാവുന്ന പരമോന്നത കോടതിക്കു പോലും പലതവണ ശക്തമായി ഇടപെടേണ്ടിവന്നു; സര്‍ക്കാറിനെ വിമര്‍ശിച്ചുവെന്ന ഏകകാരണത്താല്‍ രാജ്യദ്രോഹം ആരോപിച്ച് നിയമനടപടികള്‍ക്ക് വിധേയരാകുന്നവരുടെ കാര്യത്തില്‍. ആഴത്തില്‍ പരിശോധിക്കുമ്പോള്‍, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ആത്മാര്‍ഥമായി വിശ്വസിച്ച നവഭാരത ശില്‍പികളുടെതന്നെ ദേശീയതയോടുള്ള സമീപനത്തില്‍നിന്ന് ഉയിര്‍ക്കൊണ്ടതോ ഊര്‍ജം സംഭരിച്ചതോ അല്ലേ ഈ വിധിവൈപരീത്യം? വിശ്വമാനവനും ദാര്‍ശനികനും നോബല്‍ പുരസ്‌കാര ജേതാവും ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ രചയിതാവുമായ രബീന്ദ്രനാഥ ടാഗോറിന്റെ 160-ാം ജന്മദിനമായിരുന്നു 2021 മെയ് ഏഴ്. ഈ പശ്ചാത്തലത്തില്‍ ഡോ. അജയ് ശേഖര്‍ എഴുതിയ ലേഖനം തദ്വിഷയകമായ ചിന്തക്ക് തിരികൊളുത്തുന്നതാണ്. ദേശീയതയെ ശക്തമായെതിര്‍ത്ത ടാഗോര്‍ ഇക്കാര്യത്തില്‍ മഹാത്മാ ഗാന്ധിയോടു പോലും വിയോജിച്ചതും സംവാദത്തിലേര്‍പ്പെട്ടതും ലേഖകന്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍:
പാശ്ചാത്യ ലോകത്തെ ദേശീയവാദ സങ്കല്‍പങ്ങളും ഏഷ്യയില്‍ ജപ്പാനില്‍ വികസിച്ച ദേശീയവാദവും അദ്ദേഹം നിശിതമായ വിമര്‍ശവിചാരത്തിനു വിധേയമാക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും ഗാന്ധിജിയും തിലകും പട്ടേലും അതിനു മുമ്പ് ഓരബിന്ദോ, ബങ്കിം ചന്ദ്രോ ബിബേകാനന്ദോ എന്നീ ദേശീയവാദ വംഗ ത്രയങ്ങളും പ്രതിനിധാനം ചെയ്ത വരേണ്യ ദേശീയവാദത്തെയും അതിന്റെ അടിത്തറയായ ഹൈന്ദവവും ബ്രാഹ്മണികവുമായ രാജ്യസ്‌നേഹവാദത്തെയും അദ്ദേഹം കാലത്തെ കടന്ന് തുറന്നെതിര്‍ത്തു. നാമൊരു ദേശീയരാഷ്ട്രമേയാകുന്നില്ല എന്നദ്ദേഹം തുറന്നു പ്രഖ്യാപിച്ചു. കവികള്‍ സത്യം കാണാനും പറയാനും വെമ്പുന്നവരാണല്ലോ. കൃത്രിമമായി ഉണ്ടാക്കുന്ന ദേശീയവാദ സങ്കല്‍പത്തേക്കാള്‍ സഹജമാണ് മനുഷ്യരുടെ സാഹോദര്യ ഭാവനയും സഹഭാവവുമെന്ന് അദ്ദേഹം കണ്ടു. കൃത്രിമമായ ദേശവും ദേശീയതയും മനുഷ്യ സാഹോദര്യധാര്‍മിക ഭാവനയെ കാര്‍ന്നുതിന്നുന്ന മാരകമായ മഹാമാരിയായാണ് ഗുരുദേബ് കണ്ടത്.
കോവിഡ് മഹാമാരി ഈ ദേശീയ അതിര്‍ത്തികളെയും വേര്‍തിരിവുകളെയും കുറിച്ച് ഒരിക്കല്‍കൂടി നമ്മെ ഓര്‍മിപ്പിച്ചിരിക്കുകയാണ്. അതിദേശീയതയും വംശീയതയും അപരവല്‍ക്കരണവും നിര്‍മിക്കുന്ന സമഗ്രാധികാര അധീശകാമന ഫാഷിസത്തിലൂടെയും നാസിസത്തിലൂടെയും പത്തു ലക്ഷത്തിലധികം ന്യൂനപക്ഷ ബഹുജനങ്ങളെ യൂറോപ്പില്‍ തന്നെ പുകയാക്കിയത് നാം തുടര്‍ന്നു കണ്ടു. അഡോള്‍ഫിന്റെയും ബെനിറ്റോയുടെയും ഉയര്‍ച്ചയെ കുറിച്ചായിരുന്നു ഗുരുദേബ് 1916 കാലത്ത് മുന്നറിയിപ്പു തന്നതെന്ന് ഇന്നെങ്കിലും നാം മനസ്സിലാക്കിയിരുന്നെങ്കില്‍. ഗോമാതാവിനും ശംബൂകനിഗ്രഹകനായ രാമന്നും വരേണ്യവല്‍ക്കരിച്ച ഭാഷാമാതാവിനും കീ ജയ് വിളിക്കാത്തവരെ മനുസ്മൃതി അനുശാസിക്കുന്ന ദണ്ഡനീതി പ്രകാരം കൈകാര്യം ചെയ്യുന്ന അവസ്ഥയും മുന്‍കൂട്ടി കാണാന്‍ കവികള്‍ക്കും ജൈവനീതിബോധമുള്ള മനുഷ്യര്‍ക്കുമാകുമെന്നെങ്കിലും നമുക്കംഗീകരിക്കാവുന്ന കാലം സമാഗതമായി.
മനസ്സ് സ്വതന്ത്രമായില്ലെങ്കില്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും രാഷ്ട്രവും കൊണ്ടൊരു പ്രയോജനവുമില്ല എന്നദ്ദേഹം പറയുമ്പോള്‍ സാമൂഹിക സ്വാതന്ത്ര്യമില്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ട് യാതൊരു കാര്യവുമില്ല എന്നു പറഞ്ഞ അംബേദ്കറുടെ രാഷ്ട്രീയ മീമാംസയെ ആണദ്ദേഹം ഓര്‍മിപ്പിക്കുന്നത്. ദേശീയവാദം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന നവബുദ്ധന്റെ വാദവും ടാഗോറിന്റെ മനോരോഗ താരതമ്യവുമായി അടുത്തു വരുന്നതാണെന്നും ഇവിടെ ഓര്‍ക്കാം. ദേശീയതയുടെയും ദേശരാഷ്ട്രത്തിന്റെയും മാതൃരാജ്യ സ്‌നേഹത്തിന്റെയും പേരില്‍ ഇന്ത്യയില്‍ മാത്രം ചുരുങ്ങിയത് പത്തു ലക്ഷത്തോളം മനുഷ്യരാണ് കൊല്ലപ്പെട്ടതെന്ന 1947-ലെ ദേശീയ വിഭജനത്തിന്റെ യാഥാര്‍ഥ്യങ്ങളും കൂടി നാമോര്‍ത്താല്‍ നന്നായി. ജപ്പാനിലെ ആധുനികകാലത്തെ സൈനിക സായുധമായ ദേശീയതയെ തികച്ചും വിമര്‍ശിച്ച് പ്രാചീന മധ്യകാലങ്ങള്‍ പ്രബുദ്ധമായി വികസിപ്പിച്ച നാഗരിക സംസ്‌കാരത്തെ അദ്ദേഹം ആദരവോടെ വിലയിരുത്തുന്നു. നടീര്‍ പൂജയിലും ചണ്ടാലികയിലും ആ ധര്‍മപാതയെ ഗുരുദേബ് അനശ്വരമാക്കി.
ഹിംസാത്മകവും അധീശവും മര്‍ദനപരവുമായ ദേശീയതയെ ടാഗോര്‍ തന്റെ കത്തില്‍ വിവരിക്കുന്നത് 'ഹിംസ്രമൃഗഭോജനമെന്നും നരഭോജിത്തമെന്നും (കാര്‍നിവോറസ് കാനിബാളിസം)' ആണ്. ദേശീയവാദ വിഷയത്തില്‍ അദ്ദേഹം ഗാന്ധിജിയുമായി ശക്തമായി വിയോജിച്ചു. രാജ്യസ്‌നേഹം ദേശഭക്തിയാകുമ്പോള്‍ അത് ദൈവികമെന്ന പോലെ ദുരന്തങ്ങളിലേക്കു നയിക്കുന്നു. രാജ്യത്തെ സേവിക്കണം പക്ഷേ അതാത്യന്തികമല്ല, ദേശരാഷ്ട്രത്തേക്കാള്‍ വലിയ ശരികളും ധര്‍മങ്ങളുമുണ്ട്. ദൈവത്തെയെന്നവണ്ണം ദേശരാഷ്ട്രത്തെ ആരാധിച്ചു ഭജിച്ചാല്‍ മഹാമാരിയും ദുരന്തവും തന്നെ ഫലം എന്നദ്ദേഹം 1916-ലെ തന്റെ വിഖ്യാതമായ 'ഹോം ആന്റ് ദ വേള്‍ഡ്' എന്ന നോവലില്‍ എഴുതുന്നു. അതിദേശീയത സായുധവും വംശഹത്യാപരവും സമഗ്രാധികാരപരവുമായിരിക്കുന്ന മഹാമാരിയുടെ വര്‍ത്തമാന കാലത്ത് ഒരു നൂറ്റാണ്ട് മുമ്പ് ടാഗോറും ഗുരുവും സഹോദരനും മറ്റും ദേശീയവാദവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവങ്ങള്‍ പ്രവാചകസമാനമായി വരികയാണ്. മ്ലേഛനെ മൂര്‍ഛിപ്പിക്കുന്ന വംഗ മഹിഷാസുര മര്‍ദിനിയുടെ അമര്‍ത്തല്‍ ദേശീയവാദത്തെ ബങ്കിമും ഓരബിന്ദോയും ബിബേകാനന്ദോയും പിന്‍പറ്റിയപോലെ ഗുരുദേബ് താങ്ങിയില്ല, മറിച്ച് ആ ഹിംസാത്മകവും അപരനിഷേധപരവുമായ ആക്രമണാത്മക സായുധ അപരവല്‍ക്കരണ ദേശീയവാദത്തെ പരിപൂര്‍ണമായും തള്ളിക്കളഞ്ഞു. ഗുരുദേബിന്റെ വര്‍ത്തമാന ഭാവികളിലേക്കുള്ള പ്രസക്തിയും അതാണ്.
1921-ല്‍ കൊല്‍ക്കത്തയിലെ തന്റെ ഭവനത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗാന്ധിജിയോട് അദ്ദേഹം വ്യക്തമായി പറഞ്ഞു, ദേശീയവാദവും വംശഹത്യാത്മകമായ അപരഭീതിയും (സീനോഫോബിയ എന്ന ഫാഷിസത്തിന്റെ അടിസ്ഥാന മനോനില) തമ്മിലുള്ള വിഭജനരേഖ വളരെ നേര്‍ത്തതാണെന്ന്. 1933-ല്‍ ഹിറ്റ്‌ലര്‍ ജര്‍മന്‍ ചാന്‍സ്‌ലറായി അവരോധിക്കപ്പെട്ടപ്പോള്‍ തന്നെ അത് യൂറോപ്യന്‍ നാഗരികതയുടെ അന്ത്യം കാണുന്ന ചെകുത്താന്‍ വാഴ്ചയുടെ ലക്ഷണമാണെന്ന് ആ വിശ്വമാനവന്‍ പ്രതിവചിച്ചു. കവി താന്‍ സൃഷ്ടിച്ച ആശയാദര്‍ശ ലോകത്തിലാണ് ജീവിക്കുന്നതെന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. അധീശ ദേശീയവാദത്തെയും സമഗ്രാധിപത്യ രൂപീകരണങ്ങളെയും കുറിച്ചുള്ള പുതുവെളിച്ചങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും ഗുരുദേബിന്റെ വിപുലമായ വാങ്മയവും രചനാ സഞ്ചയങ്ങളും നമ്മെ വര്‍ത്തമാനത്തില്‍ വെളിവിലേക്കു നയിക്കട്ടെ എന്നു പ്രതീക്ഷിക്കാം. സങ്കുചിത ദേശീയവാദത്തിന്റെ സീമകളെ നാം അതിജീവിക്കുമാറാകട്ടെ (പച്ചക്കുതിര, ജൂണ്‍ 2021).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി