Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

അബ്ദുല്ലാഹിബ്‌നു ബദീല്‍ എന്ന ധീരപോരാളി

സഈദ് ഉമരി, മുത്തനൂര്‍

അബ്ദുല്ലാഹിബ്‌നു ബദീല്‍ അല്‍ഖുദാഈ. ആരംഭകാലത്ത് തന്നെ ഇസ്‌ലാമിലെത്തി ഖുലഫാഉര്‍റാശിദീന്റെ കാലം വരെ ധീരപോരാളിയായി ജീവിച്ച് അവസാനം രക്തസാക്ഷിയായി ദൈവസാമീപ്യം പൂകിയ സ്വഹാബിപ്രമുഖന്‍. ബനൂ ഖുദാഅ എന്ന പ്രമുഖ ഗോത്രത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ബദീലു ബ്‌നു വറഖാ ബ്‌നു അംറുബ്‌നു റബീഅ അല്‍ ഖുദാഈ.
ഖുദാഅ ഗോത്രനേതാവായിരുന്ന അദ്ദേഹം ഹുദൈബിയ്യ സന്ധിവേളയില്‍ (ഹി: 6, ദുല്‍ഖഅദ്) മുസ്‌ലിംകളുമായി സന്ധിയിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ബനൂബക്ര്‍ ഗോത്രം ഹുദൈബിയ്യ കരാര്‍ ലംഘിച്ച് ബനൂ ഖുദാഅയെ ആകമിച്ചു. ഉടനെ ബനൂഖുദാഅ ഗോത്രക്കാര്‍ ഈ വിവരം റസൂല്‍ തിരുമേനിയെ അറിയിച്ചു. തിരുമേനിയെ വിവരം ധരിപ്പിക്കാന്‍ പോയ 40 അംഗ നിവേദക സംഘത്തില്‍ ചരിത്രപുരുഷനും പിതാവ് ബദീലു ബ്‌നു വറഖയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹി. 8-ല്‍ തിരുമേനി (സ) ബനൂബക്ര്‍ ഗോത്രത്തിനെതിരെ ഒരു സൈന്യത്തെ അയക്കാന്‍ തീരുമാനിക്കുന്നത്.
മക്കാ വിജയത്തിനു മുമ്പു തന്നെ അബ്ദുല്ലയും പിതാവ് ബദീലും ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഹി. 10-ല്‍ ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനിയുടെ സഹയാത്രികരായിരുന്നു ഇരുവരും.
ഇസ്‌ലാം സ്വീകരിച്ച സമയത്ത് വൃദ്ധനായ ബദീലിനോട് റസൂല്‍ തിരുമേനി ചോദിച്ചു: 'വയസ്സ് എത്രയായി?!'
'തൊണ്ണൂറ്റി ഏഴ്!' തിരുനബി അദ്ദേഹത്തിന്റെ കറുത്ത മുടിയിലേക്ക് ശ്രദ്ധിച്ചു നോക്കി ഇങ്ങനെ ആശംസിച്ചു: 'അല്ലാഹു താങ്കളുടെ ആരോഗ്യത്തിലും മുടിയിലും ബറകത്ത് ചെയ്യട്ടെ.' പിതാവും പുത്രനും ഹുനൈന്‍, ത്വാഇഫ്, തബൂക്ക് യുദ്ധങ്ങളിലും പങ്കെടുത്തു. ഹുനൈന്‍ യുദ്ധാനന്തരം ഗനീമത്തിന്റെ (യുദ്ധാര്‍ജിത സ്വത്ത്)യും തടവുകാരുടെയും ചുമതല റസൂല്‍ തിരുമേനി അബ്ദുല്ലയെയാണ് ഏല്‍പിച്ചത്.
നബി തിരുമേനി ബദീലിന് ഒരു കത്തയച്ചിരുന്നു. ആ കത്ത് ജീവനു തുല്യം ബദീല്‍ സൂക്ഷിച്ചുവെച്ചു. ബദീല്‍ രോഗബാധിതനായപ്പോള്‍ ആ കത്ത്  മകന്‍ അബ്ദുല്ലയെ ഏല്‍പിച്ച് വസ്വിയ്യത്ത് പോലെ ഇങ്ങനെ പറഞ്ഞു: 'ഈ എഴുത്ത് സൂക്ഷിച്ചുവെക്കുക. ഇത് നിന്റെ കൈയിലുള്ള കാലത്തോളം നിന്റെ ജീവിതം നന്മ നിറഞ്ഞതും അനുഗ്രഹപൂരിതവുമായിരിക്കും' അത്രമേല്‍ ആത്മബന്ധമായിരുന്നു ബദീലിനു തിരുമേനിയുടെ ആ കുറിപ്പടിയോട്. അത് ഒരു ചരിത്രരേഖയുമാണല്ലോ. ഓരോ യുദ്ധവും കഴിഞ്ഞ് പിതാവും പുത്രനും ഒന്നിച്ചായിരുന്നു തിരിച്ചു പോന്നിരുന്നത്. പിതാവിന്റെ വിയോഗത്തോടെ മകന്‍ അബ്ദുല്ല ഇസ്‌ലാമികമാര്‍ഗത്തില്‍ തന്റെ ദൗത്യവുമായി മുന്നോട്ടു പോയി.
അതിനിടക്ക് പ്രവാചകന്‍ തിരുമേനി ഇഹലോകവാസം വെടിയുകയും അബൂബക്ര്‍ സിദ്ദീഖ് (റ) ഖലീഫയായി അധികാരമേല്‍ക്കുകയും ചെയ്തു. തിരുനബിയുടെ വിയോഗത്തോടെ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തലപൊക്കിയ സമയമായിരുന്നു ഇത്. ചിലര്‍ ഇസ്‌ലാം വിട്ട് പോകാന്‍ തുനിഞ്ഞു. സകാത്ത്‌നിഷേധികളും രംഗത്തു വന്നു. അബൂബക്ര്‍ സിദ്ദീഖിന്റെ സമയോചിതമായ ഇടപെടല്‍ കാരണം അത്തരം ശക്തികള്‍ക്ക് അല്‍പായുസ്സേ ഉണ്ടായുള്ളൂ. എല്ലാ കലാപശ്രമങ്ങളെയും അബൂബക്ര്‍ ചെറുത്തു തോല്‍പിച്ചത് ചരിത്രം.  ഈ സംഘര്‍ഷവേളയില്‍ കഥാപുരുഷനായ അബ്ദുല്ല ഖലീഫക്കൊപ്പം ഉറച്ചു നിന്നു. ബനൂഖുദാഅ ഗോത്രത്തിനും അബ്ദുല്ലയുടെ നിലപാട് പ്രചോദനമായി. വൈകാതെ അബൂബക്കര്‍ (റ) മരണപ്പെട്ടു. തുടര്‍ന്ന് ഉമറുല്‍ ഫാറൂഖ് (റ) രണ്ടാം ഖലീഫയായി അധികാരമേറ്റു.
ഉമര്‍ (റ) തന്റെ ഖിലാഫത്തിന്റെ അവസാന കാലത്ത് അബ്ദുല്ലയെ, അബൂ മൂസല്‍ അശ്അരിയെ സഹായിക്കാനായി ഇറാനിലേക്കയച്ചു. ഇസ്ഫഹാനില്‍ സൈന്യത്തെ വിന്യസിക്കണമെന്ന് അദ്ദേഹത്തോട് ഖലീഫ നിര്‍ദേശിച്ചിരുന്നു. അന്നത്തെ ചില പ്രാദേശിക പ്രശ്‌നങ്ങളാല്‍ അബൂമൂസക്ക് ഇസ്ഫഹാനിലെത്താന്‍ കഴിയുമായിരുന്നില്ല. അബ്ദുല്ലയുടെ വരവ് അബൂമൂസല്‍ അശ്അരിക്ക് ഏറെ ആശ്വാസമായി. ഇസ്ഫഹാന്‍ വലിയൊരു മേഖലയായിരുന്നു. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ മേഖലയുടെ മിക്ക ഭാഗങ്ങളും ചരിത്രപുരുഷന്റെ നേതൃത്വത്തിലുള്ള സൈന്യം ജയിച്ചടക്കി. ഇസ്ഫഹാനിലെ പേരെടുത്ത സൈന്യാധിപന്‍ ഇസ്തന്ദറിനെയാണ് പിന്നീട് അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത്. പക്ഷേ അബ്ദുല്ലയുടെ ആദ്യ മുന്നേറ്റം കണ്ട് ഞെട്ടിയ ഇസ്തന്ദര്‍ ചെറിയ നിബന്ധനകളോടെ അബ്ദുല്ലയുമായി സന്ധിയിലായി. അതിനിടക്ക് ഖലീഫാ ഉമര്‍ രക്തസാക്ഷിയാവുകയും ഉസ്മാന്‍ (റ) മൂന്നാം ഖലീഫയായി അധികാരമേല്‍ക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അബൂ മൂസ ബസ്വറയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ വിജയമുന്നേറ്റങ്ങളിലും അബ്ദുല്ല സജീവസാന്നിധ്യമായിരുന്നു.
ഉസ്മാന്‍ (റ) രക്തസാക്ഷിയായതോടെ അലി (റ) ഖലീഫയായി അധികാരമേറ്റു. എന്നാല്‍ സിറിയയില്‍ അധികാരിയായി വാണ മുആവിയ (റ) നാലാം ഖലീഫയായി അധികാരത്തില്‍ വന്ന ഹസ്‌റത്ത് അലിയുടെ ഖിലാഫത്ത് അംഗീകരിച്ചില്ല. ഇവര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. അബ്ദുല്ലാഹിബ്‌നു ബദീല്‍ ആവട്ടെ അപ്പോഴും അലിയുടെ പക്ഷത്ത് ഉറച്ചുനിന്നു. അലിയും മുആവിയയും നേതൃത്വം നല്‍കിയ സൈന്യങ്ങള്‍ സിഫ്ഫീനില്‍ ഏറ്റുമുട്ടി. ഈ യുദ്ധത്തിലും കഥാനായകന്‍ അലിയുടെ സൈന്യത്തോടൊപ്പം ധീരമായി ഉറച്ചുനിന്നു. യുദ്ധം ജയിച്ച് മുന്നേറവെ, മുആവിയ പക്ഷക്കാര്‍ നടത്തിയ കല്ലേറില്‍ അബ്ദുല്ലാഹിബ്‌നു ബദീല്‍ (റ) രക്തസാക്ഷിയായി വീണു. അബ്ദുല്ലാഹിബ്‌നു ആമിറിനോടൊപ്പം മുആവിയ മൃതദേഹത്തിനടുത്തെത്തി. ഇബ്‌നു ആമിര്‍ മുഖം മൂടിയിട്ടു. എന്നാല്‍ മുആവിയക്ക് അത് ഇഷ്ടപ്പെട്ടില്ല. ഇസ്‌ലാമില്‍ വന്നതു മുതല്‍ റസൂല്‍ തിരുമേനിയുടെ കാലത്തും സച്ചരിതരായ ഖലീഫമാരോടൊപ്പവും ഇസ്‌ലാമിന്റെ ധീരപടയാളിയായി നിലകൊണ്ട അബ്ദുല്ലാഹിബ്‌നു ബദീല്‍ എന്ന ഈ സ്വഹാബിവര്യന്‍ അവസാനം രക്തസാക്ഷിയായി നാഥനിലേക്ക് മടങ്ങുകയായിരുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി