Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

ഒരു വെള്ളിനക്ഷത്രം കൂടി പൊലിഞ്ഞു

സയ്യിദ് സആദത്തുല്ലാ ഹുസൈനി (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍)

ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഒരു ഉജ്ജ്വല നക്ഷത്രം കൂടി പൊലിഞ്ഞുപോയി. കൊറോണ കൊണ്ടുവന്ന അന്ധകാരം കുറേകൂടി കനം വെച്ചു. നുസ്‌റത്ത് അലി സാഹിബിനെ മര്‍ഹൂം (പരേതന്‍) എന്നെഴുതാന്‍ എന്റെ കൈകള്‍ക്ക് കരുത്തില്ല. അല്ലാഹുവിന്റെ ഇംഗിതം അതായിരുന്നു. അതില്‍ നമുക്ക് തൃപ്തിയടയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അല്ലാഹു അദ്ദേഹത്തിന് അതിഗംഭീരമായ സ്വീകരണം ഒരുക്കട്ടെ. അദ്ദേഹത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ പ്രശോഭിതമാകാനും അവന്റെ കൃപാകടാക്ഷം ബര്‍സഖീ ജീവിതത്തില്‍ പ്രകാശം ചൊരിയാനും നമുക്ക് പ്രാര്‍ഥിക്കാം. ഒരുപാട് സമുദായ നേതാക്കളുടെ അനുശോചനം അറിയിച്ചുകൊണ്ടുള്ള ടെലിഫോണ്‍കോളുകള്‍ വന്നിരുന്നു.
എല്ലാ കപ്പലുകളും കടലില്‍ മുക്കി, പ്രസ്ഥാനത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച സേനാനായകരില്‍ ഒരാളായിരുന്നു നുസ്‌റത്ത് അലി സാഹിബ്. യു.പിയിലെ മീറത്തിനടുത്ത് ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്തു തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കിത്തുടങ്ങി. ഒരുപാട് ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തു. ഒപ്പം ബിരുദാനന്തര ബിരുദം നേടി കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. അതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ  മുഴുവന്‍സമയ സേവനങ്ങളിലേക്ക് ഇറങ്ങിവന്നു. പിന്നെ തിരിഞ്ഞുനോക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയിട്ടില്ല. സംസ്ഥാന-കേന്ദ്ര നേതൃത്വം ഏറ്റെടുത്ത് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റി.   
അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരുപാട് മേഖലകള്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത്, ഏറ്റവും ഇഷ്ടപ്പെട്ടത് സംഘടനാ ചുമതല തന്നെ ആയിരുന്നു എന്നാണ്. സംഘടനാ കാര്യങ്ങളില്‍ ഏറ്റവും നിപുണരായ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. സംഘടനാ വകുപ്പിന്റെ സെക്രട്ടറിയായും സെക്രട്ടറി ജനറലായും വളരെ ശ്രദ്ധേയമായ സേവനങ്ങളാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. 
അദ്ദേഹം പഠിക്കാന്‍ ഇഷ്ടപ്പെട്ട മറ്റൊരു മേഖല മുസ്‌ലിം സാമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നു. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്ലിം മജ്‌ലിസെ മുശാവറ എന്നിവയില്‍ സജീവ അംഗമായിരുന്നു അദ്ദേഹം. അതേപോലെ വിവിധ സാമുദായിക ഫോറങ്ങളില്‍ ജമാഅത്തിനെ അദ്ദേഹം പ്രതിനിധീകരിച്ചു.   
അദ്ദേഹത്തിന്റെ താല്‍പര്യങ്ങളില്‍ മൂന്നാമത് വരുന്നത് വിദ്യാഭ്യാസമാണ്. നേരത്തേ തന്നെ അദ്ദേഹം അധ്യാപകനായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ചവെച്ചു. യു.പിയിലെ ഫലാഹേ ആം സൊസൈറ്റിയുടെ സെക്രട്ടറിയെന്ന നിലയില്‍ അധ്യയനവും അധ്യാപനവും അനുബന്ധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വിശാലവും വൈവിധ്യമാര്‍ന്നതുമായ അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തക്കവിധം വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ സങ്കല്‍പവും അത് പ്രാവര്‍ത്തികമാക്കാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയാണ് ഈ പ്രവര്‍ത്തന കാലയളവില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത്. ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലക്ക് അദ്ദേഹം ചെയ്ത സേവനങ്ങളെ ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.
ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ നുസ്രത്ത് അലി സാഹിബ് സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ തെളിവുകള്‍ നിരത്തിക്കൊണ്ടാണ് സംഭാഷണം തുടങ്ങുക. പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി പരിഹാരം നിര്‍ദേശിക്കാനും സങ്കീര്‍ണമായ സംഘടനാ പ്രശ്‌നങ്ങളില്‍ സര്‍വസമ്മതമായ തീരുമാനമെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാഷ്ട്രീയ -സാമുദായിക പ്രശ്‌നങ്ങളില്‍ ഉള്‍ക്കാഴ്ച, അഭിപ്രായ സുബദ്ധത, പരിപൂര്‍ണമായ അനുസരണം, കഠിനാധ്വാനം, അക്ഷീണപ്രവര്‍ത്തനം, ആകര്‍ഷണീയമായ പെരുമാറ്റം ഇവയും ആ വ്യക്തിത്വത്തിന്റെ  സവിശേഷതകളായിരുന്നു.
അദ്ദേഹം തന്റെ കൂടുതല്‍ സമയവും ചെലവഴിച്ചത് ജമാഅത്ത് കേന്ദ്രത്തില്‍ തന്നെയാണ്. രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് മര്‍കസില്‍ വന്നാല്‍ കുറേ നേരം അതിവേഗത്തിലുള്ള നടത്തമാണ്. പിന്നെ നമസ്‌കാരം കഴിഞ്ഞ് മര്‍കസിലെ സ്വന്തം മുറിയില്‍ വന്നിരിക്കും. അവിടെ വ്യായാമവും ഖുര്‍ആന്‍ പാരായണവും പഠനവും കഴിഞ്ഞ് തിരിച്ചുപോയാല്‍ ഒമ്പത് മണിക്ക് മുമ്പായി ഓഫീസില്‍ തന്നെ തിരിച്ചെത്തും. വര്‍ഷങ്ങളോളമായി ഈ പതിവ് തുടര്‍ന്നു വന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വ്യായാമത്തിനും നടത്തത്തിനും ഒരിക്കലും തടസ്സം ഉണ്ടാക്കിയിട്ടില്ല. അതോടൊപ്പം പുതിയ പുസ്തകങ്ങള്‍ വായിക്കാനും മീഡിയ ശ്രദ്ധിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ലോകത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ വരെ അദ്ദേഹത്തിന് വ്യക്തമായ അറിവും ധാരണയും ഉണ്ടായിരുന്നു. ഉര്‍ദു, ഹിന്ദി ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷ് പുസ്തകങ്ങളും കൂടുതലായി വായിക്കാനും അറബിഭാഷാ പഠനത്തിനും സമയം കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസകാലത്ത് എല്ലാം അറിയാനും പഠിക്കാനുമുള്ള ഈ താല്‍പര്യം അദ്ദേഹത്തെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസം നേടിയ ആളാക്കി മാറ്റി.     
വിശാലവും പ്രകാശപൂര്‍ണവുമായ അനുഭവങ്ങളുടെയും ചിന്താശേഷിയുടെയും കാര്യഗ്രഹണത്തിന്റെയും അഭിപ്രായസുബദ്ധതയുടെയും നിറകുടമായ ഒരു വ്യക്തിത്വത്തെയാണ് അദ്ദേഹത്തിന്റെ നിര്യാണം മൂലം നമുക്ക് നഷ്ടപ്പെട്ടത്. അല്ലാഹു തന്റെ പ്രത്യേക ഔദാര്യത്തില്‍ അദ്ദേഹത്തെ  സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി