Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

കേരളത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ചരിത്ര-വര്‍ത്തമാനങ്ങള്‍

ടി. മുഹമ്മദ് വേളം

മനുഷ്യ വിമോചന പ്രവര്‍ത്തനങ്ങളുടെ വലിയ പാരമ്പര്യമുള്ള സമൂഹമാണ് കേരളത്തിലെ മുസ്‌ലിംകള്‍. കേരളത്തില്‍ ജാതിക്കതീതമായ പൊതുമണ്ഡലം രൂപപ്പെടുത്തിയതു തന്നെ അവരാണ്. പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങളെ തുടര്‍ന്ന് തീരപ്രദേശത്തു നിന്ന് ഇട നാടുകളിലേക്ക് മാറിത്താമസിക്കേണ്ടി വന്ന മുസ്‌ലിംകളാണ് ജാതിയില്‍ താഴ്ത്തപ്പെട്ട സമൂഹങ്ങളുമായി ചേര്‍ന്ന് കേരളത്തിലെ പൊതുമണ്ഡല രൂപീകരണത്തിന് തുടക്കം കുറിക്കുന്നത്. അതുവരെ ജാതിയുടെ വെള്ളം കടക്കാത്ത അറകളല്ലാതെ  എല്ലാ  മനുഷ്യരും പരസ്പരം ഇടപഴകുന്ന ഒരു പൊതുമണ്ഡലം കേരളത്തില്‍ ഉണ്ടായിരുന്നില്ല. മലയാളിയെ മനുഷ്യനാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഒരു വിമോചക ശക്തിയുടെ പേരാണ് കേരളചരിത്രത്തില്‍ ഇസ്‌ലാം. 
ഏഷ്യനാഫ്രിക്കന്‍ നാടുകളിലേക്കുള്ള യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന് കപ്പല്‍ ആദ്യം നങ്കൂരമിട്ടത് ഈ തീരത്തായിരുന്നല്ലോ. അതുകൊണ്ടുതന്നെ ചെറുത്തുനില്‍പ്പിന്റെ കൊടി പറന്നുതുടങ്ങിയതും ഇവിടെ നിന്നുതന്നെയാണ്. കാലമേല്‍പ്പിച്ച ഉത്തരവാദിത്തം പോലെ ചരിത്രത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ പണ്ഡിതന്മാരുടെയും പടയാളികളുടെയും സാധാരണക്കാരുടെയും പാരമ്പര്യത്താല്‍ സമ്പന്നമായ സമൂഹമാണ് കേരള മുസ്‌ലിംകള്‍. കേരള മുസ്ലിംകള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് കോണ്‍ഗ്രസിന്റെ വരവോടെയോ സ്വാതന്ത്ര്യാനന്തരമോ അല്ല.  മുസ്‌ലിംകള്‍ എപ്പോഴും ഒരു രാഷ്ട്രീയ സമൂഹം കൂടിയാണ്. മലബാര്‍ സമരം നടന്ന പ്രദേശങ്ങളില്‍ ജന്മിത്വത്തിന്റെ ചൂഷണങ്ങള്‍ അനുഭവിച്ചിരുന്നത് മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. എന്നിട്ടും മുസ്‌ലിംകള്‍ മാത്രം എന്തുകൊണ്ട് പോരാട്ടത്തിന്റെ നേതൃനിരയില്‍ വന്നു  എന്നതിന്റെ ഉത്തരം കെ.എന്‍ പണിക്കര്‍ പറഞ്ഞപോലെ പോരാട്ടത്തിന് പ്രേരിപ്പിക്കുന്ന ഒരാശയം അവര്‍ക്കുണ്ടായിരുന്നു എന്നതാണ്.
കേരളത്തെ ഇന്ന് കാണുന്ന കേരളം ആക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഒരാശയത്തിന്റെ പേരാണ്  ഇസ്‌ലാം. കേരളം ഇന്ന് അനുഭവിക്കുന്ന നന്മകള്‍ക്ക് അത് ഇസ്‌ലാമിക രാഷ്ട്രീയത്തോട് ഏറെ കടപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാം കുഴപ്പമില്ല, പൊളിറ്റിക്കല്‍ ഇസ്‌ലാമാണ് കുഴപ്പം എന്ന പ്രചാരണം കേരളത്തിലെ മുസ്‌ലിം സമൂഹത്തിലടക്കം മാറ്റൊലിക്കൊള്ളുന്നത് ഇപ്പോള്‍ കേള്‍ക്കാം.  യഥാര്‍ഥത്തില്‍ കേരളത്തിലെ ഇസ്‌ലാം എന്നും പൊളിറ്റിക്കല്‍ കൂടിയായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനിലാണ് കേരളത്തിലെ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആരംഭം എന്ന്  ഇടതുപക്ഷ എഴുത്തുകാരന്‍ ഷാനവാസ് എഴുതുന്നുണ്ട്.
പോര്‍ച്ചുഗീസ് അധിനിവേശവിരുദ്ധ പോരാട്ടം മുതല്‍ 1921-ലെ മലബാര്‍ സമരം വരെ തുടര്‍ന്ന വിമോചന രാഷ്ട്രീയത്തിന്റെ ഈ പാരമ്പര്യത്തിന്, ആ സമരത്തിനു ശേഷം എന്തു സംഭവിച്ചു എന്ന അന്വേഷണം പ്രസക്തമാണ്. '21-നു ശേഷം കേരള മുസ്‌ലിംകള്‍ ഈ പാരമ്പര്യത്തില്‍നിന്ന് പൊതുവെ പുറകോട്ടു പോയി എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
'21-ന് ശേഷം സ്വന്തം നിലനില്‍പ്പും മറ്റുള്ളവരുടെ വിമോചനവും തമ്മില്‍ ഒരു വിഛേദം സംഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരള മുസ്‌ലിംകളുടെ രാഷ്ട്രീയം ആദ്യം സ്വന്തം നിലനില്‍പ്പിനെ കുറിച്ച്  മുഖ്യമായും ചിന്തിക്കുന്ന രാഷ്ട്രീയമാണ്. സമരാനന്തര  മുസ്‌ലിം രാഷ്ട്രീയത്തെ മുഖ്യമായും നയിച്ചത് മുസ്‌ലിം ലീഗ് ആണ്. ഒരാശയത്തെ അടിസ്ഥാനപ്പെടുത്തി എന്നതിനേക്കാള്‍ ഒരാവശ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു മുസ്ലിം ലീഗിന്റെ സംഘാടനം നിര്‍വഹിക്കപ്പെട്ടത്.
മുസ്‌ലിം ലീഗ് കേരള മുസ്‌ലിംകള്‍ക്കോ കേരളത്തിനോ ഗുണപരമായ  സംഭാവനകള്‍ നല്‍കിയിട്ടില്ല എന്നല്ല ഇവിടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ പറയുന്നത് കേരള മുസ്ലിം ചരിത്രത്തെ കുറിച്ച് തെറ്റായ വിധിപ്രസ്താവം മാത്രമായിരിക്കും. തീര്‍ച്ചയായും മുസ്‌ലിം സമൂഹത്തെ ആധുനിക ജനാധിപത്യ പ്രക്രിയയുമായി സംയോജിപ്പിക്കുന്നതില്‍ മുസ്‌ലിം ലീഗ് സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്ന കാര്യം, മുസ്‌ലിം ലീഗിന്റെ ആശയ മണ്ഡലം തുലോം ദരിദ്രമായിരുന്നു എന്നതാണ്. ഇത് കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ പാരമ്പര്യത്തില്‍നിന്നുള്ള ഒരു വിഛേദമാണ്. വലിയ ആശയസമ്പുഷ്ടത കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ പാരമ്പര്യത്തിനുണ്ട്.
ടിപ്പുവാണ് കേരളത്തില്‍ വിപുലമായ സ്വഭാവത്തില്‍ ഭരണം കൈയാളിയ ഒരു മുസ്ലിം രാഷ്ട്രീയ വ്യക്തിത്വം. കേരള ചരിത്രത്തിലെ സാമൂഹിക പരിഷ്‌കരണത്തിന്റെ അധികാര രൂപമായിരുന്നു അത്. മുസ്ലിം ലീഗ് '67-ലെ സപ്ത കക്ഷി മന്ത്രിസഭ മുതല്‍ '87 വരെ തുടര്‍ച്ചയായും പിന്നീട് പല ഘട്ടങ്ങളിലും കേരളത്തില്‍ അധികാരം പങ്കിടുന്നുണ്ട്. ഈ ഭരണപങ്കാളിത്തത്തിന്റെയെല്ലാം സാമൂഹികപരിഷ്‌കരണ ഉള്ളടക്കം വളരെ ദരിദ്രമായിരുന്നു. ഭരണപങ്കാളിത്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളുടെ വിമോചനത്തെ കുറിച്ച് ആലോചിക്കാന്‍ ലീഗ് കാര്യമായൊന്നും ശ്രമിച്ചിട്ടില്ല. സാമൂഹിക പരിഷ്‌കരണത്തിന്റെ രാഷ്ട്രീയ ശ്രമമെന്ന നിലക്ക് ലീഗിനെ ഒരിക്കലും കേരള ചരിത്രം രേഖപ്പെടുത്താന്‍ ഇടയില്ല. കുറേക്കൂടി ആശയ ഉള്ളടക്കമുള്ള ചുറ്റുമുള്ള മതസംഘടനകളും മുസ്ലിം ലീഗിന് അത്തരമൊരു ഭാവം നല്‍കാന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയതായി കാണാന്‍ കഴിയുന്നില്ല
അത്തരത്തിലുള്ള ഉദ്യമങ്ങള്‍ ഒന്നും നടത്താറില്ല എന്നത് ലീഗിന്റെ പൊതു സ്വീകാര്യതക്ക് ബലമായി വര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്കും സ്വീകാര്യമാവുക എന്നത് ജനാധിപത്യ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ രാഷട്രീയത്തെ സംബന്ധിച്ചേടത്തോളം  പ്രധാനം തന്നെയാണ്. ആ പൊതു സ്വീകാര്യതയും ആരുടെയെങ്കിലും ഔദാര്യമായി ലഭിക്കേണ്ടതല്ല. പൊതുസമൂഹത്തോടുള്ള സ്വന്തം രാഷ്ട്രീയ വിശദീകരണങ്ങളിലൂടെ നേടിയെടുക്കേണ്ടതാണ്. എതിരാളികളടക്കം വകവെച്ചുതരുന്ന ഔദാര്യത്തിന് ജനമധ്യത്തില്‍ സ്വയം സ്ഥാപിച്ചെടുത്ത  രാഷ്ട്രീയാശയാടിത്തറ ഇല്ലെങ്കില്‍  അത് എപ്പോള്‍ വേണമെങ്കിലും പൂര്‍ണമായോ ഭാഗികമായോ റദ്ദായിപ്പോകാനുള്ള അപകട സാധ്യതയുണ്ട്. ഭരണത്തിലിരിക്കുമ്പോള്‍  അഞ്ചാം മന്ത്രി വിവാദത്തിലും പച്ച ബോര്‍ഡ് വിവാദത്തിലും, ഭരണമില്ലാതിരിക്കുമ്പോള്‍ 'മുസ്‌ലിം ലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കാന്‍ പോകുന്നു, കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാന്‍ പോകുന്നു'   മുതലായ  സാമാന്യം സ്വീകാര്യത നേടിയെടുത്ത വിമര്‍ശനങ്ങളിലും പൊതു സ്വീകാര്യത  റദ്ദാവുന്ന കാഴ്ചകളാണ് നാം കണ്ടത്.
സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഇസ്‌ലാമിന്റെ വിമോചനരാഷ്ട്രീയത്തെ സാക്ഷാത്കരിക്കാനുള്ള ചെറിയ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എഴുപതുകളിലെയും എണ്‍പതുകളുടെ തുടക്കത്തിലെയും സിമി ഇതിന്റെ ഒരു ചെറിയ ഉദാഹരണമാണ്. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരെ ശക്തമായ സമര പ്രചാരണ പരിപാടികള്‍ ഈ ഘട്ടത്തില്‍ ആ സംഘടന നടത്തുന്നുണ്ട്. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സ് വിരുദ്ധ സമരത്തോടൊക്കെ ആ  വിദ്യാര്‍ഥി-യുവജന പ്രസ്ഥാനം ശക്തമായി ഐക്യപ്പെടുന്നുണ്ട്. '83 മുതല്‍ എസ്.ഐ.ഒവും ഈ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വിമോചന രാഷ്ട്രീയത്തിന്റെ ശക്തമായ ആവിഷ്‌കാരമായിരുന്നു പുതിയ നൂറ്റാണ്ടില്‍ രൂപംകൊണ്ട സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. കേരളീയ സാമൂഹിക ജീവിതത്തില്‍ ചലനം സൃഷ്ടിച്ച ഒരു ഇസ്ലാമിക ആവിഷ്‌കാരം ആയിരുന്നു അത്. എന്നാല്‍ അതിന്റെ ഒരു പ്രധാന പരിമിതി, മുതലാളിത്ത സാമ്രാജ്യത്വത്തെ അത് ശരിയായ വലുപ്പത്തില്‍ കണ്ടെങ്കിലും ഇന്ത്യയുടെ ആഭ്യന്തര കൊളോണിയലിസമായ  ജാതി മേധാവിത്വത്തെ ശരിയായ വലുപ്പത്തില്‍ കാണാന്‍ അതിന് കഴിയാതെ പോയി എന്നതാണ്.
പിന്നീട് കേരളത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിനകത്ത് ഈ പരിമിതി തിരിച്ചറിയപ്പെടുന്നുണ്ട്. ഈ തിരിച്ചറിവുകള്‍ കേവല സ്വത്വ രാഷ്ട്രീയത്തിലേക്ക് വഴുക്കിവീഴാതിരിക്കാനുള്ള ജാഗ്രതകളും ഉണ്ടായിവരുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇസ്‌ലാമിക  മുന്‍കൈയില്‍  ദേശീയാടിസ്ഥാനത്തില്‍ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപമെടുക്കുന്നത്. മുതലാളിത്തത്തിനും ജാതി മേല്‍ക്കോയ്മക്കും ഇസ്‌ലാമോഫോബിയക്കുമെതിരായ ശക്തമായ രാഷ്ട്രീയ ഉള്ളടക്കമാണ് അത് മുന്നോട്ടുവെച്ചത്. സമുദായ രാഷ്ട്രീയത്തിന്റെ പരിമിതികളെ അതിവര്‍ത്തിക്കുന്ന വിമോചനത്തിന്റെ പൊതുരാഷ്ട്രീയമാണിത്. നല്ല അധ്വാനം ചെലവഴിച്ചാല്‍ ഫലസിദ്ധിയുള്ള രാഷ്ട്രീയ ഉള്ളടക്കമാണിത്. പൊതുവില്‍ മനുഷ്യരുടെ, പ്രത്യേകിച്ച് നീതിനിഷേധിക്കപ്പെട്ട മനുഷ്യരുടെ വിമോചനം ലക്ഷ്യം വെക്കുന്ന, പൊതുരാഷ്ട്രീയ ഭാഷയില്‍ സംസാരിക്കുന്ന കേരള മുസ്‌ലിം രാഷ്ട്രീയ പാരമ്പര്യത്തിന്റെ പുനരുജ്ജീവന ശ്രമമാണത്.
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തില്‍ ഇന്ന് നാലു ധാരകളെങ്കിലും ഉണ്ട്. മുഖ്യധാരയോട് പരമാവധി ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നതും കോണ്‍ഗ്രസ് സഹയാത്രികവുമായത്, ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഇതിന്റെ തന്നെ മറ്റൊരാവിഷ്‌കാരം,  അല്‍പ്പം കൈക്കരുത്തോടെ മുസ്‌ലിം-ദലിത് രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ധാര, മാനവികവും വിമോചനാത്മകവുമായ ധാര എന്നിങ്ങനെ. ഇവക്കിടയിലെല്ലാം വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ എന്ന നിലക്ക് വൈവിധ്യങ്ങളും ചിലപ്പോള്‍ വൈരുധ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. സംഘ് പരിവാര്‍ ആധിപത്യകാലത്ത് വിശാലാര്‍ഥത്തില്‍ ഒരേ ലക്ഷ്യത്തിലേക്കുള്ള പല വഴികളായി ഇവയെ കാണുക എന്നതും പ്രധാനമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി