അള്‍ജീരിയയില്‍ ജനകീയത തെളിയിച്ച് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍
പ്രതീക്ഷിച്ചതു പോലെ കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടിന് അള്‍ജീരിയയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. 107 സീറ്റ് നേടി നാഷ്‌നല്‍ ലിബറേഷന്‍ ഫ്രന്റ് (എഫ്.എല്‍.എന്‍) ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 407 അംഗ പാര്‍ലമെന്റില്‍ മന്ത്രിസഭയുണ്ടാക്കാന്‍ 204 സീറ്റ് വേണമെന്നിരിക്കെ കേവല ഭൂരിപക്ഷത്തില്‍നിന്ന് വളരെ പിറകെയാണ് ഈ കക്ഷിയുടെ സീറ്റുനില. ധാരാളം സ്വതന്ത്രര്‍ ജയിച്ചുകയറിയ ഈ തെരഞ്ഞെടുപ്പില്‍ പല തരക്കാരായ അവരെ കൂട്ടുപിടിക്കുക എന്നതും ദുഷ്‌കരം. മുന്‍ തെരഞ്ഞെടുപ്പുകളെന്ന പോലെ ഈ തെരഞ്ഞെടുപ്പും സ്വതന്ത്രമോ സുതാര്യമോ ആണെന്ന് പറയാന്‍ കഴിയില്ല. ആര് അധികാരത്തില്‍ വന്നാലും ഫ്രാന്‍സിന്റെയും മറ്റും താല്‍പര്യങ്ങള്‍ക്കൊത്ത് തുള്ളുന്ന മിലിട്ടറിയുടെ കൈകളിലായിരിക്കും യഥാര്‍ഥ അധികാരം എന്നതിനാല്‍ പോളിംഗ് ശതമാനം പൊതുവെ കുറവായിരിക്കും. മാത്രവുമല്ല, ഇരുപത് വര്‍ഷം അധികാരത്തിലിരുന്ന അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുത്തപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന 'ഹിറാക്' പ്രക്ഷോഭം ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രക്ഷോഭകാരികളും അവരെ പിന്തുണക്കുന്ന ചില മുഖ്യധാരാ കക്ഷികളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അതിനാല്‍ പോളിംഗ് ശതമാനം മുപ്പത് മാത്രമായിരുന്നു. ബഹിഷ്‌കരണാഹ്വാനം ഇല്ലാതിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോളിംഗ് മുപ്പത്തിയഞ്ചര ശതമാനം മാത്രമായിരുന്നതിനാല്‍ ആഹ്വാനം വലിയ സ്വാധീനം ചെലുത്തി എന്നൊന്നും പറയാനാകില്ല.
ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഇസ്‌ലാമിസ്റ്റ് കക്ഷികളാണ്. അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് സുതാര്യമാകും എന്ന മിഥ്യാധാരണ കൊണ്ടൊന്നുമായിരുന്നില്ല ഇത്. കൃത്യം മുപ്പത് വര്‍ഷം മുമ്പ് 1991-ല്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് (എഫ്.ഐ.എസ്) അധികാരത്തില്‍ വരുമെന്ന് കണ്ടപ്പോള്‍ ഫ്രാന്‍സിന്റെ സഹായത്തോടെ അള്‍ജീരിയന്‍ സൈന്യം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. അതിന് ശേഷം നടന്ന പതിനേഴ് തെരഞ്ഞെടുപ്പുകളിലെങ്കിലും ഇസ്‌ലാമിസ്റ്റ് കക്ഷികളെ തെരഞ്ഞുപിടിച്ച് തോല്‍പിച്ചിട്ടുണ്ട് ഭരണകൂടം. ഇങ്ങനെ പലതവണ കത്തിക്കരിക്കപ്പെട്ടിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു ഇസ്‌ലാമിസ്റ്റ് സംഘടനകള്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 'ഹിംസ്' എന്ന ഇസ്‌ലാമിസ്റ്റ് കക്ഷിക്ക് 64-ഉം ഹറകത്തുല്‍ ബിനാഇന് 40 സീറ്റും ഹുര്‍റിയ്യ വല്‍ അദാല പാര്‍ട്ടിക്ക് രണ്ടും അദാല വത്തന്‍മിയ പാര്‍ട്ടിക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചു. ഈ നാല് പാര്‍ട്ടികളാണ് മുഖ്യമായും അള്‍ജീരിയന്‍ രാഷ്ട്രീയത്തിലെ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍. ഇസ്‌ലാമിസ്റ്റ് ബ്ലോക്കിന് മൊത്തം 108 സീറ്റുകള്‍. 2017-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഏതാണ്ട് ഇരട്ടി സീറ്റുകളാണ് ഈ കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത്. മുജ്തമഉസ്സില്‍മ് എന്ന 'ഹിംസ്' പാര്‍ട്ടിക്ക് 34 സീറ്റേ ഉണ്ടായിരുന്നുള്ളൂ, ഇത്തവണ അത് 64 ആയി. ഈ പാര്‍ട്ടികളെല്ലാം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ആശയധാരയില്‍ പെടുന്നവയാണെങ്കിലും ആരുമായും അവര്‍ക്ക് സംഘടനാ ബന്ധമില്ല. ഇസ്‌ലാമിക പണ്ഡിതന്മാരും ചിന്തകന്മാരും നേതൃത്വം നല്‍കിയ അള്‍ജീരിയന്‍ വിമോചനപ്പോരാട്ട പാരമ്പര്യത്തില്‍ വേരുകളുറപ്പിക്കുന്ന ഇസ്‌ലാമിസ്റ്റ് കക്ഷികളെ പിഴുതെറിയണമെന്ന കാര്യത്തില്‍ ഭരണകൂടവും സെക്യുലര്‍ കക്ഷികളും ഒറ്റക്കെട്ടാണെങ്കിലും ആ പ്രസ്ഥാനങ്ങളുടെ ജനകീയത തകര്‍ക്കാനായിട്ടില്ല എന്ന സൂചനയാണ് സുതാര്യമല്ലാത്ത ഈ തെരഞ്ഞെടുപ്പ് പോലും നല്‍കുന്നത്.
ഇബ്‌റാഹീം റഈസിക്ക് മുമ്പില്‍ കടമ്പകളേറെ
ഇത്തവണത്തെ ഇറാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരാളിലും യാതൊരുവിധ ആകാംക്ഷയും ഉണര്‍ത്തുകയുണ്ടായില്ല. സിറിയയില്‍ ഇറാന്റെ കളിപ്പാവയായ ബശ്ശാറുല്‍ അസദ് 'വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു കയറിയ' പോലെ ഇവിടെയും കാര്യങ്ങളൊക്കെ മുന്‍കൂട്ടി തീരുമാനിച്ചു കഴിഞ്ഞിരുന്നു. ആദ്യം തന്നെ സ്ഥാനാര്‍ഥി ലിസ്റ്റ് 'ശരിപ്പെടുത്തി.' സ്ഥാനാര്‍ഥികളാകാന്‍ 600 പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും ഏഴു പേര്‍ക്ക് മാത്രമായിരുന്നു മത്സരിക്കാന്‍ അനുമതി നല്‍കിയത്. മുന്‍ ചീഫ് ജസ്റ്റിസും ജനകീയ നേതാവുമായ അലി ലാരിജാനി (ഇദ്ദേഹമായിരിക്കും അടുത്ത പരമോന്നത ആത്മീയ നേതാവ് എന്നു വരെ ഒരു കാലത്ത് സംസാരമുണ്ടായിരുന്നു), മുന്‍ ഇറാനിയന്‍ പ്രസിഡന്റ് കൂടിയായ അഹ്മദീ നിജാദ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഈ കടും വെട്ടില്‍ പുറത്തായി. ബാക്കിയായ ഏഴു പേരില്‍ ആറ് പേരും തനി യാഥാസ്ഥിതിക പക്ഷക്കാര്‍. അവരില്‍ മൂന്ന് പേര്‍ മത്സരിക്കാതെ പിന്‍വാങ്ങുകയും ചെയ്തു. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയ ഏക പരിഷ്‌കരണവാദി എന്ന് പറയാവുന്നത് മുന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി അബ്ദുന്നാസിര്‍ ഹിമ്മത്തി മാത്രം. ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെയാവണം അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെട്ടത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉള്‍പ്പെടെയുള്ള പരിഷ്‌കരണവാദികള്‍ പലതവണ ജയിച്ചു കയറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ഈ പരിഷ്‌കരണവാദിക്ക് കിട്ടിയത് വെറും 8.38 ശതമാനം വോട്ട് മാത്രം! അതുകൊണ്ടുതന്നെ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയുടെ സ്വന്തം ആളായ ഇബ്‌റാഹീം റഈസി മാത്രമേ ഈ തെരഞ്ഞെടുപ്പില്‍ ജയിക്കൂ എന്ന് ഉറപ്പായിരുന്നു. പോള്‍ ചെയ്ത വോട്ടിലെ അറുപത്തിരണ്ട് ശതമാനത്തിലധികം റഈസി നേടി എന്നാണ് ഔദ്യോഗിക വിശദീകരണം. എല്ലാം കാലേക്കൂട്ടി തന്നെ ഉറപ്പായതിനാല്‍ വിപ്ലവാനന്തരമുള്ള ഇറാന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ശതമാനം പോളിംഗ് (48 ശതമാനം) രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
കടുത്ത പാരമ്പര്യവാദിയായി അറിയപ്പെടുന്ന ആളാണ് റഈസിയെങ്കിലും ആദ്യകാലങ്ങളില്‍ ഇടക്കിടെ പുരോഗമനാശയങ്ങളും പ്രകടിപ്പിച്ചിരുന്നു. പിന്നീട് പരമോന്നത മതനേതൃത്വം പറയുന്നതെന്തോ അതപ്പടി നടപ്പാക്കുന്ന കര്‍ക്കശക്കാരനും പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായി അദ്ദേഹം മാറി. പല സീനിയര്‍ നേതാക്കളെയും മറികടന്ന് ഭരണശ്രേണിയിലെ രണ്ടാമനാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ചില കോണുകളില്‍നിന്ന് ഇപ്പോഴേ അദ്ദേഹം 'ആയത്തുല്ല' എന്ന് അഭിസംബോധന ചെയ്യപ്പെടുന്നതുകൊണ്ട് അടുത്ത പരമോന്നത നേതാവ് അദ്ദേഹമായിരിക്കും എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. അലി ഖാംനഈ അടുത്ത കാലത്ത് ചെയ്ത പ്രഭാഷണങ്ങളില്‍ ഇറാന്‍ പരാജയപ്പെട്ടത് ഭരണ നിര്‍വഹണരംഗത്താണ് എന്ന് പറയാറുണ്ടായിരുന്നു. പരിഷ്‌കരണവാദികളായ ഇറാനിയന്‍ പ്രസിഡന്റുമാര്‍ക്കെതിരെയുള്ള ഒളിയമ്പായിരുന്നു അത്. തന്റെ ആശയങ്ങള്‍ നടപ്പാക്കുന്ന ഒരാള്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് വരണം എന്ന ഖാംനഈയുടെ നിര്‍ബന്ധബുദ്ധിയാണ് ഈ സ്ഥാനാരോഹണത്തിലേക്ക് നയിച്ചത് എന്നര്‍ഥം. അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയ ഇറാനിയന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഈ പുതിയ പ്രസിഡന്റ്. അതിന് കാരണമായി പറയുന്നത്, 1988-ല്‍ 2000 മുതല്‍ 4000 വരെ രാഷ്ട്രീയത്തടവുകാരെ വധിക്കാന്‍ ഉത്തരവിട്ട കോടതി വിധിയും. അന്നത്തെ കോടതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു റഈസി. 'മരണ കമ്മിറ്റി' എന്നായിരുന്നു വധശിക്ഷക്ക് ഉത്തരവിട്ട ആ ജുഡീഷ്യല്‍ ബെഞ്ചിനെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. നിയുക്ത ആത്മീയ നേതാവായിരുന്ന ആയത്തുല്ല ഹുസൈന്‍ അലി മുന്‍തസരി വരെ ആ കൂട്ടവധശിക്ഷയെ വിമര്‍ശിക്കുകയുണ്ടായി. അതിന്റെ പേരിലാണ് മുന്‍തസരി ആ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതും.
ജുഡീഷ്യറിയിലാണ് തുടക്കം മുതലേ റഈസി പ്രവര്‍ത്തിച്ചിരുന്നത്. ഖുമ്മിലെ മതപാഠശാലയിലായിരിക്കെ പഠനം ഇടക്കു വെച്ച് നിര്‍ത്തിയാണ് തെഹ്‌റാന് ചേര്‍ന്നുള്ള നഗരമായ കറജില്‍ ജഡ്ജിമാരിലൊരാളായി നിയമിതനാകുന്നത്. പത്തു വര്‍ഷത്തിനകം നേരത്തേപ്പറഞ്ഞ 'മരണ കമ്മിറ്റി'യിലടക്കം അംഗത്വം നേടി അദ്ദേഹം തന്റെ സ്വാധീനം വര്‍ധിപ്പിച്ചു. 1989-ല്‍ തെഹ്‌റാന്‍ പ്രോസിക്യൂട്ടറായി അദ്ദേഹം നിയമിതനായി. 2009-ല്‍ ചീഫ് ജസ്റ്റിസിന്റെ ഡെപ്യൂട്ടിയായി. ഈ പദവിയില്‍ പത്തു വര്‍ഷം തുടര്‍ന്നെങ്കിലും അന്നത്തെ ചീഫ് ജസ്റ്റിസായ ലാരിജാനി അദ്ദേഹത്തെ പ്രോസിക്യൂട്ടര്‍ ജനറലായി തരംതാഴ്ത്തുകയായിരുന്നു. ഇത്തവണ ലാരിജാനിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അവസരം നല്‍കാതെയാണ് ഖാംനഈ- റഈസി പക്ഷം ഇതിന് പകരം വീട്ടിയത്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചീഫ് ജസ്റ്റീസും റഈസി ആയിരുന്നല്ലോ.
ഒട്ടറെ വെല്ലുവിളികളാണ് ഈ ഖാംനഈ പക്ഷക്കാരനെ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക നിലപാട് പുനരാരംഭിച്ച ഇറാന്‍ ആണവ ചര്‍ച്ചകളെ എങ്ങനെ വഴി തിരിച്ചുവിടുമെന്ന് കണ്ടു തന്നെ അറിയണം. പരിഷ്‌കരണവാദിയായ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ലിബറല്‍ നിലപാടുകള്‍ അദ്ദേഹം തുടരാന്‍ സാധ്യതയില്ല. അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായുമുള്ള സമവായ ചര്‍ച്ചകളെ അത് പ്രതികൂലമായി ബാധിച്ചേക്കും.
Comments