ക്രിസ്റ്റ്യാേനായും പ്ലാച്ചിമടയും
ഒരു ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുന്നിലുണ്ടായിരുന്ന കൊക്ക കോളയുടെ പാനീയം എടുത്തു മാറ്റി, വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശം ലോകത്തിനു കൈമാറിയത് കഴിഞ്ഞ ദിവസമാണ്. ശരീരത്തിന് അപകടമായ വിഷാംശങ്ങള്‍ അടങ്ങിയ കോളയുടെ പേരില്‍ തന്നെയാണ് കാലങ്ങളായി പാലക്കാട് പ്ലാച്ചിമടയില്‍ പ്രതിഷേധങ്ങള്‍ നടന്നത്. ഒടുവില്‍ പ്ലാച്ചിമടക്കാരുടെ ഐക്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ കൊക്ക കോള കമ്പനി മുട്ടുമടക്കിയെങ്കിലും, ഒരു പ്രദേശത്തെ മുഴുവന്‍ ശുദ്ധജലം ഊറ്റി ജനങ്ങള്‍ക്ക് കുടിവെള്ളം പോലും വറ്റിപ്പോയ അവസ്ഥയിലായിരുന്നു കമ്പനിയുടെ പിന്മാറ്റം.
കുടിവെള്ളവും കൃഷി ആവശ്യത്തിനുള്ള വെള്ളവും കമ്പനി ഇല്ലാതാക്കി. വെള്ളം കിട്ടാതായപ്പോള്‍ അത് തേടിപ്പോയതിനാല്‍ പലര്‍ക്കും ജോലിക്ക് പോവാനോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനോ പോലും കഴിഞ്ഞില്ല. തൊഴില്‍, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നീ മേഖകളില്‍ വലിയ നഷ്ടം സംഭവിച്ചു. ജലചൂഷണവും മലിനീകരണവും സൃഷ്ടിച്ച ദുരന്തങ്ങള്‍ നിരവധി. കമ്പനിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജീവിക്കുന്നവര്‍ തന്നെ അമ്പതിനായിരത്തോളം വരും. അവരൊക്കെയും അതിന്റെ ഇരകളാണ്. ഏകദേശം മുപ്പതിനായിരം കോടി രൂപയുടെയെങ്കിലും നഷ്ടം കോക്ക കോള കമ്പനി ഇവിടെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. കാലമിത്രയായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി അധികൃതര്‍ തയാറാവാത്തതിനാല്‍ പ്ലാച്ചിമടക്കാര്‍ ഇന്നും സമരത്തിലാണ്. താന്‍ കോള ഉപയോഗിക്കാറില്ലെന്നും മകന്‍ കഴിക്കുന്നതില്‍ അസ്വസ്ഥനാണെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചതും ഇതോട് ചേര്‍ത്തു വായിക്കണം.
നവ ബാത്വിനികളുടെ ക്ലബ് ഹൗസ് ഇടപെടലുകള്‍
'ഗൂഢാര്‍ഥവാദികള്‍ മതനവീകരണത്തിന്റെ കുപ്പായമിടുമ്പോള്‍' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രബോധനം മൂന്നു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ബാത്വിനികള്‍ ലക്ഷ്യം വെക്കുന്ന മൂന്ന് കാര്യങ്ങളെ കുറിച്ച് കാലികപ്രസക്തമായ നിരീക്ഷണങ്ങള്‍ അതില്‍ വന്നിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാംവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ 'ക്ലബ് ഹൗസു'കളില്‍, ഇസ്‌ലാംവിരുദ്ധത കച്ചവടം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അത്തരം ലേഖനങ്ങള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. മുസ്‌ലിം ഉമ്മത്തില്‍ കണ്ടുവരുന്ന മൂല്യശോഷണവും ആദര്‍ശച്യുതിയും മതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയും ഇസ്‌ലാമിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ക്ഷീണാവസ്ഥയുമൊക്കെ മുതലെടുത്താണ് ഗൂഢാര്‍ഥവാദികള്‍ ബഹളം കൂട്ടുന്നത്.
ഇക്കാലത്ത് ഗൂഢവാദികളുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരായി നമുക്ക് കാണാന്‍ കഴിയുക ഹദീസ്‌നിഷേധികളെയാണ്. ഹദീസ്‌നിഷേധത്തില്‍ തുടങ്ങി ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ വരെ വിശ്വാസികള്‍ക്കിടയില്‍ അങ്കലാപ്പുണ്ടാക്കാന്‍ ചിലപ്പോഴൊക്കെ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. നവകാല ബാത്വിനികള്‍ കൃത്യമായ അജണ്ടയോടു കൂടി മുസ്‌ലിം യുവാക്കളെയും വിദ്യാര്‍ഥികളെയും കെണിയില്‍ ചാടിക്കുന്നുണ്ടെന്നത് ഇസ്‌ലാമിക സംഘടനകളും മഹല്ലുകളും ഗൗരവമായി കണ്ട് അല്ലാഹുവിന്റെ ഗ്രന്ഥത്തിലും അവന്റെ റസൂലിന്റെ ചര്യയിലും അവരെ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.
ഇന്ന് സോഷ്യല്‍ മീഡിയയെയാണ് നവ ബാത്വിനികള്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ അവിടെയും കര്‍മശാസ്ത്ര തര്‍ക്കത്തില്‍ തന്നെയാണുള്ളത്. അതിനൊക്കെ അവധി കൊടുത്ത് നവ മാധ്യമങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ നാം തയാറാകേണ്ടതുണ്ട്.
ഇ.എം ഉബൈദത്ത്, പെരുമ്പാവൂര്‍
ബശ്ശാര്‍ തുടക്കമല്ല, അവസാനവും
ലോകം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും ജാഹിലിയ്യത്തിന്റെ പടുകുഴിയിലാണെന്ന് രാഷ്ട്ര നേതാക്കള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍, സിറിയയിലെ ഏകാധിപതി ബശ്ശാറുല്‍ അസദ് തെരഞ്ഞെടുപ്പ് മാമാങ്കം നടത്തി ജനവഞ്ചന തെളിയിച്ചിരിക്കുന്നു (പ്രബോധനം 2021 ജൂണ്‍ 11). ലോക ജനതയെ മുഴുവന്‍ വിഡ്ഢികളാക്കി സ്വന്തം ശിങ്കിടികളായ രണ്ടു പേരെ മത്സര രംഗത്തു നിര്‍ത്തി, 95 ശതമാനം വോട്ട് കൈക്കലാക്കി ഭരണം നിലനിര്‍ത്തുമ്പോള്‍ 'ബുദ്ധിമാന്മാരായ' രാഷ്ട്രത്തലവന്മാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ് എന്നതും, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ഒരു കുഞ്ഞു പോലും ബാക്കിയാവുന്നില്ല എന്നതും ശുഭലക്ഷണമല്ല തന്നെ. അഥവാ ഈ സ്വേഛാധിപതിയുടെ പാത പിന്‍പറ്റാന്‍ വെമ്പല്‍ കൊള്ളുകയാണ് ആധുനിക രാജാക്കന്മാരും പ്രധാനമന്ത്രിമാരും എന്നര്‍ഥം. അല്ലെങ്കില്‍ നാഴികക്ക് നാല്‍പതു വട്ടം ജനാധിപത്യം കൊട്ടിഘോഷിക്കുന്ന ഭരണാധികാരികള്‍ക്ക് ഈ വിഷയത്തില്‍ ഒരക്ഷരം ഉരിയാടിക്കൂടേ?
പാലാഴി മുഹമ്മദ് കോയ, പരപ്പനങ്ങാടി
ശരീഅത്ത് തത്ത്വവും പ്രയോഗവും
ശരീഅത്ത് സംബന്ധിച്ചുള്ള ഖാലിദ് അബൂ ഫദ്‌ലിന്റെ ലേഖനം (ലക്കം 3203) വിഷയത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതും ശരീഅ നിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും മാറിയ ലോകസാഹചര്യങ്ങളില്‍ ശരീഅ നിയമങ്ങളുടെപ്രയോഗവത്കരണത്തിലുള്ള ആഖ്യാനസാധ്യതകളെക്കുറിച്ചും പുതിയ അറിവുകള്‍ പകരുന്നതുമായിരുന്നു.
ഹുദൂദിന്റെ/ ഇസ്‌ലാമിലെ ശിക്ഷാവിധികളുടെ പ്രത്യേകത അവയില്‍ സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും അവകാശങ്ങള്‍ കൂടിക്കലര്‍ന്നിരിക്കുന്നു എന്നതാണെന്നും, ഇസ്‌ലാമിക നിയമ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഹുദൂദ് വളരെ വിരളമായി, സമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന അവസരത്തിലേ നടപ്പിലാക്കിയിട്ടുള്ളൂവെന്നും, അല്ലാത്ത സന്ദര്‍ഭങ്ങളില്‍ പുനരാലോചനകള്‍ക്ക് സാധ്യതയുണ്ടെന്നും, ഹുദൂദിന്റെ രീതിയോ രൂപഭാവങ്ങളോ അല്ല, മറിച്ച് ആ ഹുദൂദ് വഴി പാലിക്കപ്പെടാനുള്ള മൂല്യത്തിനാവണം പ്രാധാന്യമെന്നും, ശിക്ഷ നടപ്പിലാക്കുമ്പോള്‍ കുറ്റവാളിയുടെ വൈയക്തികവും രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളും പരിഗണിക്കണമെന്നുമൊക്കെയായി ശരീഅത്തിന്റെ പ്രയോഗവത്കരണത്തിലുള്ള കാലാനുസൃതമായ സാധ്യതകളെ പരിചയപ്പെടുത്തുന്ന ആ ലേഖനം വളരെ വിജ്ഞാനപ്രദമായി.
ശമീം ഇരിണാവ്
നേതൃ-നീത ബന്ധത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം
'നേതൃത്വത്തിന്റെ സമീപനങ്ങള്‍ അനുയായികളുടെ കര്‍മശേഷി' പി.കെ ജമാലിന്റെ ലേഖനം (ലക്കം 3206) ശ്രദ്ധേയമായിരുന്നു. അനുയായികളോടുള്ള കലവറയില്ലാത്ത സ്‌നേഹവും ഗുണകാംക്ഷയും ഇസ്ലാമിക നേതൃത്വത്തിന്റെ മുഖമുദ്ര ആവണം. 'നിങ്ങളുടെ നേതാക്കളില്‍ ഉത്തമര്‍ നിങ്ങള്‍ സ്‌നേഹിക്കുകയും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങള്‍ അവര്‍ക്കു വേണ്ടിയും അവര്‍ നിങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാകുന്നു' എന്ന നബിവചനം അതാണ് വ്യക്തമാക്കുന്നത്. ആര്‍ക്കും വഴങ്ങാത്ത അറേബ്യന്‍ ഗോത്രങ്ങളെ ഒറ്റ ചരടില്‍ കോര്‍ത്തിണക്കി ഭദ്രമായ ഒരു ഇസ്‌ലാമിക സമൂഹത്തെ കെട്ടിപ്പടുക്കാന്‍ പ്രവാചകന് സാധിച്ചത് സ്‌നേഹാദരപൂര്‍വവും ഗുണകാംക്ഷാനിര്‍ഭരവുമായ സമീപനത്തിലൂടെയായിരുന്നു. 'നീ മുരടനും പരുഷസ്വഭാവിയുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയേനെ' എന്ന് ഖുര്‍ആന്‍ പറയുന്നു. പ്രവാചകന്‍ അറേബ്യയില്‍ അത്ഭുതാവഹമായ വിജയം വരിച്ചത് മെച്ചപ്പെട്ട മനുഷ്യ വിഭവം ഒരുക്കിയപ്പോഴാണെന്ന് ഉസ്താദ് മൗദൂദിയും ഇസ്ലാമിക ചിന്തകളെ വ്യക്തികളാക്കി മാറ്റിയപ്പോഴാണ് മുഹമ്മദ് (സ) വിജയിച്ചതെന്ന് സയ്യിദ് ഖുത്വ്ബും വിലയിരുത്തുന്നു. ഒരു പാവപ്പെട്ട പ്രസ്ഥാന പ്രവര്‍ത്തകന് അകലെ ഒരു കല്യാണത്തിന് പോകാന്‍ പ്രാദേശിക ഹല്‍ഖ ഒരുക്കിയ സൗകര്യം സ്ഥലത്തെ സമ്പന്നന്റെ യാത്രക്ക് വേണ്ടി നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞ ഹാജി സാഹിബ് പണക്കാരെ ഇപ്പണിക്ക് പറ്റില്ലെന്നു പറഞ്ഞ് പ്രസ്തുത ഹല്‍ഖ തന്നെ പിരിച്ചുവിട്ടതും, വീടിന്റെ ഉമ്മറപ്പടിയില്‍ മിസ്വാക്ക് ചെത്തിക്കൊണ്ടിരിക്കെ ഹാജി സാഹിബിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് സ്വയം മറന്ന് ലുങ്കിയും ബനിയനും, കൈയില്‍ പാതി ചെത്തിയ മിസ്‌വാക്കുമായി കോഴിക്കോട് ടൗണിലെത്തി ഭൂപതിക്കാരുടെ വണ്ടി കിട്ടി എടയൂരിലെത്തിയ ടി.എമ്മും നേതൃ-നീത ബന്ധത്തിന്റെ ഉജ്ജ്വല മാനങ്ങളായിരുന്നു. ദാറുല്‍ ഉലൂമിലെയും ആലിയയിലെയും വിദ്യാര്‍ഥികളായിരുന്ന തങ്ങളെയും ടി.കെയെയും പ്രസ്ഥാനത്തിന്റെ അമരത്തിരുത്തി, നായകരാക്കി മാറ്റിയതും ഹാജി സാഹിബിന്റെ നേതൃപാടവം തന്നെ. അനുയായികളുടെ കഴിവുകള്‍ കണ്ടെത്തി, ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചതിന്റെ ഏറെ ഉദാഹരണങ്ങളുണ്ട് പ്രവാചക ചരിത്രത്തില്‍. കഴിവുള്ളവരുടെ അഭാവത്തേക്കാളേറെ സഹപ്രവര്‍ത്തകരുടെ കഴിവ് കണ്ടെത്തുന്നതിനുള്ള നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് നമ്മുടെ സംഘടനകള്‍ അനുഭവിക്കുന്ന വിഭവക്കമ്മിയുടെ അടിസ്ഥാന കാരണം.
അബ്ദുര്‍റഹ്മാന്‍ എടച്ചേരി
മനസ്സില്‍ തറച്ച രണ്ടു കാര്യങ്ങള്‍
ജൂണ്‍ 18-ലെ പ്രബോധനം ഹദീസ് പംക്തിയിലെ വിശദീകരണത്തില്‍ തര്‍ക്കങ്ങളെയും സംവാദങ്ങളെയും കുറിച്ചാണല്ലോ പ്രതിപാദ്യം. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി മുസ്സമ്മില്‍ പറയുന്നൂണ്ട്. ഇത് അടിവരയിട്ടു മനസ്സിലാക്കണം. 'വിതണ്ഡവാദങ്ങള്‍ നിരത്തി വിവരദോഷികള്‍ വിളയാടുന്ന വിളനിലമായി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ.' കൃത്യമാണ് ഈ വാക്കുകള്‍. മറ്റൊരു കാര്യം ലൈക് പേജിലേതാണ്. ഹബീബ്‌റഹ്മാന്‍ പറയുന്നു; കിലോ കണക്കിനു ഭാരമുള്ള പുസ്തകങ്ങളും ടിഫിന്‍ പാത്രങ്ങളുമായി വീടിനു മുന്നില്‍ വാഹനം കാത്തിരിക്കുന്ന കുട്ടികളുടെയും അമ്മമാരുടെയും ചിത്രം ഇനി മാറാന്‍ പോകുന്നു. ഈ വരികള്‍ യാഥാര്‍ഥ്യമായിത്തുടങ്ങി. മാതാപിതാക്കളും സമൂഹവും മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയല്ലാതെ നിവൃത്തിയില്ല.
അബ്ദുല്‍ മാലിക്, മുടിക്കല്‍
Comments