Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

പ്രകാശം പരത്തിയ കര്‍മയോഗി

പി.പി അബ്ദുര്‍റഹ്മാന്‍, കൊടിയത്തൂര്‍

വളരെ കുറഞ്ഞ ഇടവേളകളിലായി ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് മൂന്ന് മഹദ് വ്യക്തിത്വങ്ങളെയാണ് നഷ്ടപ്പെട്ടത്. രണ്ടു പേര്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ ഉപാധ്യക്ഷന്മാരും ഒരാള്‍ സെക്രട്ടറി ജനറലായും ആയിരുന്നു. യാദൃഛികമാവാം മൂന്നുപേരും യൂനിവേഴ്‌സിറ്റിയിലും കോളേജുകളിലും പ്രഫസര്‍മാരായി സേവനമനുഷ്ഠിച്ചിരുന്നു. ഡോക്ടര്‍ മുഹമ്മദ് റഫ്അത്ത്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, നുസ്‌റത്ത് അലി എന്നിവരാണ് തങ്ങളുടെ കര്‍മമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആ മഹാരഥന്മാര്‍.
ഈ ഓര്‍മക്കുറിപ്പ് ഏറ്റവുമൊടുവില്‍ കഴിഞ്ഞ മെയ് 2-ന് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയ നുസ്‌റത് അലി സാഹിബിനെ പറ്റിയാണ്.  ഒരു പ്രവര്‍ത്തന കാലയളവി(മീഖാത്ത്)ല്‍ ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷനും രണ്ടു മീഖാത്തുകളില്‍ സെക്രട്ടറി ജനറലും മരിക്കുമ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു അദ്ദേഹം. നേരത്തേ ഉത്തര്‍പ്രദേശ് സംസ്ഥാന അമീര്‍ ആയും കേന്ദ്ര സെക്രട്ടറിയായും കര്‍മകുശലത തെളിയിച്ചിട്ടുണ്ട്. ഇസ്ലാമികപ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച പോരാളിയായിരുന്നു നുസ്‌റത്ത് അലി സാഹിബ്.
വിവിധ ബോര്‍ഡുകളിലും ട്രസ്റ്റുകളിലും അംഗമായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിനു പുറത്ത് ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്നിവയില്‍ അംഗവും സൊസൈറ്റി ഓഫ് ബ്രൈറ്റ് ഫ്യൂച്ചര്‍ പ്രസിഡന്റും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിയും റേഡിയന്‍സ് വീക്ക്‌ലി പ്രസിദ്ധീകരിക്കുന്ന ബോര്‍ഡ് ഓഫ് ഇസ്ലാമിക് പബ്ലിക്കേഷന്‍ ഗവേണിംഗ് ബോഡി അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.    
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി കോളേജില്‍ അധ്യാപകനായാണ് വിദ്യാഭ്യാസ പ്രവര്‍ത്തനം തുടങ്ങിയത്. ആ ജോലി രാജിവെച്ച് പ്രസ്ഥാനസാരഥ്യം ഏറ്റെടുത്ത നുസ്‌റത്ത് അലി സാഹിബ് ഏറ്റവുമൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ആയി.
മജ്ലിസെ മുശാവറ പ്രസിഡന്റ് നവീദ് ഹാമിദ് അദ്ദേഹത്തെ അനുസ്മരിക്കുന്നു: 'നുസ്‌റത്ത് അലി സാഹിബ് ജമാഅത്തെ ഇസ്‌ലാമിക്കു പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട സ്‌കോളറൂം ലീഡറുമാണ്. മുസ്ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ അവഗാഹം നേടുകയും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. എല്ലാ ആശയവ്യത്യാസങ്ങളൂം മാറ്റിവെച്ച് സമുദായത്തിന്റെ പൊതുവേദികളില്‍ കര്‍മനിരതരായിരുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച ശേഷം മാത്രമേ പൊതുവേദികളില്‍ അവതരിപ്പിക്കാറുണ്ടായിരുന്നുള്ളൂ. വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാവരെയും സ്‌നേഹിക്കുകയും മാന്യമായി പെരുമാറുകയും ചെയ്തു. പുസ്തകങ്ങളെ ഇഷ്ടപ്പെടുകയും സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് സമുദായത്തിനും രാഷ്ട്രത്തിനും അത് പ്രയോജനപ്പെടുത്തുകയും ചെയ്തു.'
ജമാഅത്തെ ഇസ്ലാമിയുടെ സാമ്പത്തിക ഉപദേഷ്ടാവും ബോര്‍ഡ് ഓഫ് ഇസ്ലാമിക് പബ്ലിക്കേഷന്‍ സെക്രട്ടറിയുമായ ഡോ. വഖാര്‍ അന്‍വര്‍ പറയുന്നു: 'ഇന്ത്യന്‍ നാഷ്‌നല്‍ ആര്‍മിയിലെ ക്യാപ്റ്റനും പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ മേജര്‍ ജനറലും ആയിരുന്ന ഷാനവാസ് ഖാനുമായുള്ള ബന്ധങ്ങളാണ് നുസ്‌റത്ത് അലിയുടെ ചെറുപ്പകാലം കരുപ്പിടിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ 'രാഷ്ട്രത്തെയും സമുദായത്തെയും സംരക്ഷിക്കുക' (മുല്‍കൊ മില്ലത് ബചാഓ തഹ്‌രീക്) എന്ന പ്രസ്ഥാനത്തില്‍ ഷാനവാസ് ഖാനോടൊപ്പം സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഇന്ദിരാ ഗാന്ധി ഷാനവാസ് ഖാനെ സ്വാധീനിച്ച് പ്രക്ഷോഭം നിര്‍ത്തിവെപ്പിച്ചതോടെ നുസ്‌റത്ത് അലി ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധപ്പെട്ടു. ഉദ്യോഗം രാജിവെച്ച് ലഖ്‌നൗവില്‍ മൗലാനാ അബ്ദുല്‍ ഗഫാറിന്റെ കൂടെ പ്രവര്‍ത്തിച്ചു തുടങ്ങി. അദ്ദേഹത്തില്‍നിന്നാണ് അറബി ഭാഷയിലും ഇസ്ലാമിക വിഷയങ്ങളിലും അദ്ദേഹം അവഗാഹം നേടിയത്. തുടര്‍ന്ന് മൗലാനാ ശഫീഅ് മൂനിസിന്റെ ശിക്ഷണത്തില്‍ സംഘടനാ സിസ്റ്റം പഠിച്ചു. ജമാഅത്തെ ഇസ്ലാമി യു.പി സ്റ്റേറ്റ് അമീറായി നിയോഗിക്കപ്പെട്ടു. ഈ രണ്ടു പേരുമാണ് ജീവിതത്തിന് ദിശാബോധം ഉണ്ടാക്കിയതെന്ന് അദ്ദേഹം പറയുമായിരുന്നു.'  
വസ്തുതകള്‍ ആഴത്തില്‍ സൂക്ഷ്മമായി പഠിക്കാന്‍ താല്‍പര്യമുള്ള നല്ലൊരു വിദ്യാര്‍ഥിയായിരുന്നു ജീവിതകാലം മുഴുക്കെ അദ്ദേഹം. നല്ലപോലെ ഗൃഹപാഠം ചെയ്ത ശേഷമേ പൊതുവേദികളിലും സെമിനാറുകളിലും വിഷയം അവതരിപ്പിക്കുമായിരുന്നുള്ളൂ. സംഘടനാ യോഗങ്ങളില്‍ അവതരിപ്പിക്കുന്ന ഓരോ വിഷയവും അദ്ദേഹം ആഴത്തില്‍ പഠിച്ചിരിക്കും. എന്നും പുതിയ ആശയങ്ങളും ചിന്തകളും അദ്ദേഹം പങ്കു വെക്കുമായിരുന്നു. ചെറുതും വലുതുമായ ഉത്തരവാദിത്തങ്ങള്‍ വളരെ കൃത്യമായും ഭംഗിയായും അദ്ദേഹം നിറവേറ്റി.
ഹ്രസ്വമായ  കാലയളവു മാത്രമേ ഈ കുറിപ്പുകാരന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിട്ടുള്ളൂ. പ്രവര്‍ത്തനങ്ങളിലെ കൃത്യതയും സമയനിഷ്ഠയുമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സെക്രട്ടറി ജനറലിന്റെ  കസേരയില്‍ കര്‍മനിരതനായി മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും രേഖപ്പെടുത്തിവെക്കുകയും ചെയ്യുമായിരുന്നു. ആവശ്യാനുസരണം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും, പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും.
ഒരു മീഖാത്തിന്റെ അവസാനം കേന്ദ്രപ്രതിനിധി സഭയുടെ സമ്മേളനം നടക്കാന്‍ പോവുകയാണ്. അദ്ദേഹം മര്‍കസിലെ മലയാളികളായ ഞങ്ങള്‍ മൂന്നു പേരെ ഓഫീസിലേക്ക് വിളിപ്പിച്ചു. 'എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ സമ്മേളനത്തിന് എത്തുന്നുണ്ട്. അവരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കണമെങ്കില്‍ മലയാളികള്‍ മുമ്പില്‍ ഉണ്ടാവണം. വളന്റിയര്‍മാരായി മലയാളി വിദ്യാര്‍ഥി ഹല്‍ഖകളിലെ അംഗങ്ങളെ സജ്ജമാക്കണം' - അദ്ദേഹം പറഞ്ഞു.
വിശദമായി ചര്‍ച്ച ചെയ്ത്, ഉത്തരവാദിത്തം ഞങ്ങളെ ഏല്‍പ്പിച്ചു. സമ്മേളനം ഭംഗിയായി നടന്നു. ഞങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. എന്നാല്‍ ദല്‍ഹി, ഹരിയാനാ ഹല്‍ഖാ പ്രവര്‍ത്തകര്‍ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി മലയാളികളെ ഏല്‍പ്പിച്ചതിനെപ്പറ്റി പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, 'നിങ്ങള്‍ പത്ത് വളന്റിയര്‍മാര്‍ വേണ്ട സ്ഥലത്ത് മലയാളികള്‍ രണ്ടു പേര്‍ മതിയാകും' എന്നായിരുന്നു.
പ്രതിനിധിസഭാ സമ്മേളനത്തിലെ ഭക്ഷണത്തിന്റെയും മറ്റും കണക്കുകളുടെ ചുമതല എന്നെ ഏല്‍പ്പിച്ചിരുന്നു. എനിക്ക് പിറ്റേന്ന് അതിരാവിലെ മമ്മുണ്ണി മൗലവിയോടൊപ്പം കൊല്‍ക്കത്തയില്‍ പോകേണ്ടതിനാല്‍ ഞാന്‍ രാത്രി തന്നെ എല്ലാ കണക്കുകളും ശരിയാക്കി, വൗച്ചറുകളും ബില്ലുകളും അടക്കം  സ്വുബ്ഹ് നമസ്‌കാരത്തിന് വന്നപ്പോള്‍ നുസ്‌റത്ത് അലി സാഹിബിനെ ഏല്‍പ്പിച്ചു. 'സാധാരണ രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞാല്‍ പോലും കണക്ക് ലഭിക്കാറില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു വന്നപ്പോള്‍ അവലോകന യോഗം ചേര്‍ന്നു. അദ്ദേഹം മലയാളികളെ മുക്തകണ്ഠം പ്രശംസിച്ചു. മലയാളികളോടുള്ള ഈ പ്രതിപത്തി പലപ്പോഴും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.  മലയാളി ഹല്‍ഖാ യോഗങ്ങള്‍ നിരീക്ഷിച്ച്  ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. മറ്റു വിദ്യാര്‍ഥി ഹല്‍ഖകളില്‍ നിന്ന് വ്യത്യസ്തമായി, ദല്‍ഹിയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ മലയാളി വിദ്യാര്‍ഥി ഹല്‍ഖകള്‍ പുതുമയുള്ള പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അദ്ദേഹം പൊതുവേദികളില്‍ വെച്ച് ഏറെ പ്രശംസിക്കുമായിരുന്നു.
ദല്‍ഹി മര്‍കസിനോട് വിടപറയുമ്പോള്‍ നുസ്‌റത്ത് അലി സാഹിബിനെ കണ്ട് യാത്രപറഞ്ഞു. 'ഒരു വര്‍ഷം കഴിഞ്ഞ് സര്‍വീസില്‍നിന്ന് വിരമിച്ചാല്‍ തിരിച്ചുവരണം, വിഷന്‍ 2016-ന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയികണം' എന്ന് ആവശ്യപ്പെടുകയും പ്രാര്‍ഥനയോടെ യാത്രാമംഗളം ആശംസിക്കുകയും ചെയ്തു.
അല്ലാഹു അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ സ്വീകരിക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി