Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

പ്രഫസര്‍ ബി.എം ഇച്ച്‌ലങ്കോട്‌

അബ്ദുര്‍റഹ്മാന്‍, വിരാജ്പേട്ട

മംഗലാപുരത്ത് നിര്യാതനായ മുതിര്‍ന്ന എഴുത്തുകാരനും ഭാഷാ ഗവേഷകനും ചരിത്രകാരനുമായ ബി.എം ഇച്ച്‌ലങ്കോട് എന്നറിയപ്പെടുന്ന പ്രഫസര്‍ ബി.എം മുഹമ്മദ് കുഞ്ഞി 'ബ്യാരി' എന്ന ഭാഷയെയും സംസ്‌കാരത്തെയും നെഞ്ചേറ്റിയ സാഹിത്യകാരനായിരുന്നു. 
1937-ല്‍ കാസര്‍കോട് ജില്ലയിലെ ഇച്ച്ലങ്കോട് എന്ന സ്ഥലത്ത് മലയാളിയായാണ് ജനനമെങ്കിലും കര്‍ണാടകയിലെ മംഗലാപുരത്തെയാണ് കര്‍മഭൂമിയായി തെരഞ്ഞെടുത്തത്. പത്താം ക്ലാസ്സ് വരെ സ്വദേശമായ ഇച്ച്ലങ്കോടിലായിരുന്നു വിദ്യാഭ്യാസം. ഉപരിപഠനത്തിനായി മംഗലാപുരത്തും മൈസൂരുമെത്തി. ഡിഗ്രി ക്ലാസ്സിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ലാസ്സിലെ അധ്യാപകന്‍ മുഹമ്മദ് കുഞ്ഞിയോട് താന്‍ ബ്യാരിയാണോ എന്ന് ചോദിച്ചു. താന്‍ ബ്യാരിയാണ് എന്ന് എഴുന്നേറ്റു നിന്ന് ധൈര്യത്തോടെ പറഞ്ഞു. അപ്പോള്‍ അധ്യാപകന്റെ അടുത്ത ചോദ്യം: 'മുസ്ലിംകളായ നിങ്ങള്‍ക്ക് ബ്യാരി എന്ന പേര്‍ എങ്ങനെ വന്നു?' മുഹമ്മദ് കുഞ്ഞിയുടെ പക്കല്‍ വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ആ സംഭവമാണ് ബ്യാരികളെ കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്. ബ്യാരികളെ കുറിച്ച് നിരവധി ലേഖനങ്ങളും എഴുതി. മുതിര്‍ന്ന എഴുത്തുകാരന്‍ പരേതനായ ബി.എം ഇദിനബ്ബ, മുന്‍ വൈസ് ചാന്‍സ്‌ലര്‍ പ്രഫസര്‍ ശൈഖ് അലി എന്നിവര്‍ അദ്ദേഹത്തെ സഹായിച്ചു. 
ബ്യാരി എന്ന് എഴുതിയതിനും ബ്യാരികളെ കുറിച്ച് പ്രസംഗിച്ചതിനും സ്വസമുദായത്തില്‍ നിന്ന് വധഭീഷണി വരെ അദ്ദേഹം നേരിട്ടു. സമുദായത്തിന്റെ നോട്ടത്തില്‍ അന്ന് അതൊക്കെ വന്‍ അപരാധങ്ങളായിരുന്നു. പക്ഷേ, ഇച്ച്ലങ്കോട് പിന്‍വാങ്ങിയില്ല. 
ബ്യാരികള്‍ ആരാണ്? അവര്‍ എവിടെ നിന്നു വന്നു? അവരുടെ ചരിത്രമെന്ത്? ഈ വിഷയങ്ങളെ കുറിച്ച് വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചു. നിരവധി വേദികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്നും ബ്യാരി സമുദായത്തെ കുറിച്ച് അറിയാന്‍ ആധികാരികമായി സ്വീകരിക്കാന്‍ പറ്റിയ ഗ്രന്ഥങ്ങള്‍ ഇച്ച്ലങ്കോടിന്റേതാണ്. ബ്യാരി സമുദായത്തിന് സാമൂഹികമായ സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ഇച്ച്ലങ്കോടിന്റേതായ വലിയ സംഭാവനകളുണ്ട്. 
ബ്യാരി സംസ്‌കാരത്തെയും ബ്യാരികളുടെ ജീവിത ക്രമത്തെയും കുറിച്ച് നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ച ഇച്ച്ലങ്കോട് കന്നട ഭാഷയില്‍ പരിശുദ്ധ ഖുര്‍ആന്‍ ആശയങ്ങളുടെ കാവ്യരൂപമായ 'ദിവ്യദര്‍ശന' എന്ന പേരില്‍ ഗ്രന്ഥം രചിച്ച് ശ്രദ്ധേയനായി. ഈ ഗ്രന്ഥത്തിന് 1975-ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 'ഹൃദയദീപ' എന്ന പേരില്‍ പ്രവാചക വചനങ്ങള്‍ അടങ്ങുന്ന ഹദീസ് ഗ്രന്ഥവും സമാഹരിച്ചു. മലയാളത്തിലെ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ രചിച്ച പ്രസിദ്ധമായ 'ബദ്‌റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍' എന്ന അറബി മലയാള കാവ്യം കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തു. 94 അറബി മലയാള കാവ്യങ്ങള്‍ അടങ്ങിയ പുസ്തകവും കന്നടയിലേക്ക് തര്‍ജമ ചെയ്തു. അദ്ദേഹത്തിന്റെ 'കര്‍ണാടക ദര്‍ശന' എന്ന ഗ്രന്ഥം രണ്ടായിരത്തോളം വര്‍ഷങ്ങളുടെ കര്‍ണാടകയുടെ ചരിത്രം പറയുന്ന ആധികാരിക ചരിത്ര ഗവേഷണമാണ്. ഇച്ച്ലങ്കോടും ബി.എം ഇദിനബ്ബയും ചേര്‍ന്ന് 'തവനിധി' എന്ന പേരില്‍ വാരികയും നടത്തിയിരുന്നു. 2014-ല്‍ കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി ബ്യാരി - കന്നട- ഇംഗ്ലീഷ് നിഘണ്ടു രചിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഇച്ച്ലങ്കോടിനെയാണ് ഏല്‍പിച്ചത്. 
ബി.എം ഇദിനബ്ബക്കു ശേഷം അവശേഷിച്ചിരുന്ന പഴയ തലമുറയിലെ മുസ്ലിം കന്നട സാഹിത്യകാരന്മാരില്‍ അവസാനത്തെ കണ്ണിയാണ് വിടവാങ്ങിയ പ്രഫസര്‍ ഇച്ച്ലങ്കോട്. ഭാര്യയും നാലു പുത്രന്മാരും ഒരു പുത്രിയുമാണ് അദ്ദേഹത്തിനുള്ളത്.

 

കെ.പി അഫ്‌സല്‍ മാസ്റ്റര്‍

അര നൂറ്റാണ്ടിലധികം ശാന്തപുരത്ത് മത - സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കെ.പി അഫ്സല്‍ മാസ്റ്റര്‍ (73) അല്ലാഹുവിലേക്ക് യാത്രയായി. പൂര്‍ണമായും ദീനീനീഷ്ഠയോടുകൂടിയ ജീവിതം നയിച്ചിരുന്ന പരേതരായ കളത്തുംപടിയന്‍ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. കരുവമ്പാറ എല്‍.പി സ്‌കൂള്‍, പെരിന്തല്‍മണ്ണ, പട്ടിക്കാട് ഹൈ സ്‌കൂളുകള്‍, മമ്പാട് എം.ഇ.എസ് കോളേജ്, ആനക്കര വി.ജി.ടി.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മണ്ണാര്‍മല എ.എം.എല്‍.പി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി ജി.എല്‍.പി.എസ്, തച്ചിങ്ങനാടം ജി.എം.യു.പി, പട്ടിക്കാട് ജി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളില്‍ ജോലി ചെയ്ത ശേഷം പള്ളിക്കുത്ത് ജി.എം.എല്‍.പി സ്‌കൂളില്‍നിന്ന് പ്രധാനാധ്യാപകനായി റിട്ടയര്‍ ചെയ്തു. ജോലിചെയ്ത സ്ഥാപനങ്ങളിലെല്ലാം സവിശേഷമായ വ്യക്തിത്വവും സ്വഭാവ മഹിമയും പ്രസ്ഫുരിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. അധ്യാപക ജോലിയോടൊപ്പം സ്‌കൂളിന്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഫ്സല്‍ മാസ്റ്റര്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. പട്ടിക്കാട് ഗവ. ഹൈസ്‌കൂളില്‍ ജോലിചെയ്തിരുന്ന കാലത്ത് ഭരണപരവും ഓഫീസ് സംബന്ധവുമായ കാര്യങ്ങളില്‍ പ്രധാനാധ്യാപകരുടെ വിശ്വസ്തനായ വലംകൈയായിരുന്നു അഫ്സല്‍ മാസ്റ്റര്‍. റിട്ടയര്‍ ചെയ്തതിനുശേഷം ഏതാനും വര്‍ഷം പെരിന്തല്‍മണ്ണ ഇലക്ട്രോ ടെക്നിക്കല്‍ സെന്റര്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ജോലിയിലുടനീളം തികഞ്ഞ ആത്മാര്‍ഥതയും ഉത്തരവാദിത്തബോധവും പുലര്‍ത്തുന്നതില്‍ അതീവ ശുഷ്‌കാന്തി കാണിച്ചു. സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് സംഘാടകനുമായിരുന്ന അദ്ദേഹം മികച്ച സ്‌കൗട്ട്സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡിനും അര്‍ഹനായി.
പള്ളിപരിപാലന കാര്യങ്ങളില്‍ വളരെയധികം ഔത്സുക്യം കാണിച്ചിരുന്നു. ശാന്തപുരം മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ചുങ്കം സല്‍മാനുല്‍ ഫാരിസ് മസ്ജിദ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് മാതൃകാപരമായ സേവനങ്ങളാണ് കാഴ്ചവെച്ചത്. മദ്‌റസാ കമ്മിറ്റി സെക്രട്ടറിയും പ്രദേശത്തെ എല്ലാവിധ ദീനീ സംരംഭങ്ങളുടെയും സഹകാരിയുമായ അദ്ദേഹം ശാന്തപുരം മഹല്ല് കമ്മിറ്റി നടത്തുന്ന മുള്ള്യാകുര്‍ശ്ശി മോഡല്‍ സ്‌കൂളിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
1970-കളില്‍ ശാന്തപുരം ഇസ്ലാമിയാ കോളേജിലെ അധ്യാപകരെയും സീനിയര്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്റ്റഡി ക്ലാസുകളും ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്തു. യുവാക്കളില്‍ ഇസ്ലാമിക പ്രസ്ഥാന ബന്ധം വളര്‍ത്തുന്നതില്‍ ഇത്തരം സംരംഭങ്ങള്‍ വളരെയധികം ഉപകരിച്ചു. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. വിനയാന്വിതമായ പെരുമാറ്റം, ശാന്തമായ പ്രകൃതം, സ്നേഹമസൃണമായ ബന്ധങ്ങള്‍ എന്നിവയെല്ലാം ജാതിമതഭേദമന്യേ നൂറുകണക്കിനാളുകളെ അഫ്സലിന്റെ സ്നേഹിതരാക്കി മാറ്റി. ശാന്തപുരത്തിന്റെ കര്‍മമണ്ഡലത്തില്‍ തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി അംഗമായിരുന്ന പരേതനായ തിരൂര്‍ക്കാട് കോല്‍ക്കാട്ടില്‍ മരക്കാര്‍ ഹാജിയുടെ മകള്‍ ഹബീബയാണ് ഭാര്യ.
മക്കള്‍: ഫഹദ് (ഐ.എസ്.ആര്‍.ഒ എറണാകുളം), ഫൈറൂസ് (യു.എ.ഇ), ഫാഇസ. മരുമക്കള്‍: ഡോ. ഫില്‍ദ അരിപ്ര, ജാഫര്‍ അഞ്ചച്ചവടി, രശ്മിത എടത്തനാട്ടുകര.
പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്


തങ്കയത്തില്‍ അബ്ദുല്‍ ഖാദര്‍ മാഷ്


ഈ ലോകത്തെ തന്റെ നിയോഗം പൂര്‍ത്തിയാക്കി അല്ലാഹുവിലേക്ക് മടങ്ങിയ വടക്കാങ്ങരയിലെ തങ്കയത്തില്‍ അബ്ദുല്‍ ഖാദര്‍ മാഷ് (75) ഏറെ സ്വഭാവ സവിശേഷതകളുള്ള വ്യക്തിത്വമായിരുന്നു. ലക്ഷണമൊത്തൊരു പ്രവര്‍ത്തകന്‍ എന്നതാകും അദ്ദേഹത്തിന് ചേരുന്ന ഏറ്റവും അനുയോജ്യമായ വിശേഷണം. തുറന്ന മനസ്സോടും നിറഞ്ഞ പുഞ്ചിരിയോടും എല്ലാവരെയും സ്വീകരിക്കുകയും ശാന്തമായി കേള്‍ക്കുകയും ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. വലുപ്പച്ചെറുപ്പമില്ലാതെ സ്‌നേഹബഹുമാനങ്ങളോടെ എല്ലാവരുമായും ഇടപഴകുകയും പരിചയപ്പെടുന്നവരുടെ മുഴുവന്‍ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുകയും ചെയ്താണ് അദ്ദേഹം ജീവിതം ധന്യമാക്കിയത്. ദീര്‍ഘകാലം വടക്കാങ്ങരയിലെ ട്രസ്റ്റിന്റെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തം വഹിച്ചപ്പോള്‍ മാതൃകാപരമായ പെരുമാറ്റങ്ങളിലൂടെ എല്ലാവരുടെയും മനം കവര്‍ന്ന അദ്ദേഹം  തികഞ്ഞ സാത്വികനായിരുന്നു. വിനയാന്വിതമായ പെരുമാറ്റവും പ്രവര്‍ത്തനവും അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനും ജനകീയനുമാക്കി. സദാ ശുഭ്ര വസ്ത്രധാരിയായിരുന്ന അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും അത്ര തന്നെ തെളിഞ്ഞതായിരുന്നു.
കൃത്യനിഷ്ഠയും സമയബോധവും അദ്ദേഹം എന്നും കാത്തുസൂക്ഷിച്ച ഗുണങ്ങളായിരുന്നു. ഒന്നും പിന്നേക്ക് മാറ്റിവെക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് പൂര്‍ത്തിയാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. എല്ലാറ്റിനും അടുക്കും ചിട്ടയുമുണ്ടായിരുന്നതുകൊണ്ട് ഒന്നിലധികം ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല. സാമ്പത്തിക അച്ചടക്ക രംഗത്തും വേറിട്ട മാതൃകയാണ് അദ്ദേഹം കാഴ്ചവെച്ചത്. ട്രസ്റ്റിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ സാമ്പത്തിക ഇടപാടുകളും  മൂന്നു പതിറ്റാണ്ടിലേറെ കാലം അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തത്.
ഖുര്‍ആനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എടുത്തു പറയേണ്ടതാണ്. ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താണ് ഖുര്‍ആനുമായുള്ള ബന്ധം അദ്ദേഹം ശക്തിപ്പെടുത്തിയത്. മഗ്രിബിനു ശേഷം നാട്ടിലെ സാധാരണക്കാരും കാരണവന്മാരുമായ ആളുകള്‍ക്ക് ഖുര്‍ആന്‍ ക്ലാസെടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പ്രവര്‍ത്തന മേഖലകളില്‍ എന്നും മുന്‍പന്തിയിലായിരുന്നു. പ്രസ്ഥാനം ആവശ്യപ്പെടുന്ന എന്ത് ഉത്തരവാദിത്തവും സന്തോഷപൂര്‍വം അദ്ദേഹം ഏറ്റെടുത്തു.  ട്രസ്റ്റ് സെക്രട്ടറിയുടെ ഇടുങ്ങിയ മുറിയില്‍ ഏത് നേരത്തും വിടര്‍ന്ന പുഞ്ചിരിയോടെ സേവന സന്നദ്ധനായി അബ്ദുല്‍ ഖാദര്‍ മാഷ് ഉണ്ടാവും.
സ്വന്തം കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ബേജാറാവാതിരുന്ന അദ്ദേഹം സ്ഥാപനങ്ങളുമായും ട്രസ്റ്റുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറെ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്. അവസാന കാലത്ത്  ചില ശാരീരിക അവശതകള്‍ കാരണം  ശരിക്ക് നടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നെങ്കിലും വേദനകളോ ബുദ്ധിമുട്ടുകളോ ആരെയുമറിയിക്കാതെ, പരാതിയും പരിഭവങ്ങളുമില്ലാത്ത ജീവിതം നയിച്ചതുകൊണ്ടാവാം എപ്പോഴും അദ്ദേഹം സുസ്‌മേരവദനനായി മാത്രം കാണപ്പെട്ടത്.
കുടുംബനാഥന്‍ എന്ന നിലക്ക് വീട്ടില്‍ വളരെ മാതൃകാപരമായ ജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചത്. മക്കളുടെയും പേരക്കുട്ടികളുടെയും വാത്സല്യനിധിയായ പിതാവായും പിതാമഹനായും ജീവിതത്തില്‍ പൂര്‍ണ സായൂജ്യത്തോടെയാണ അദ്ദേഹം ജീവിച്ചത്. മക്കളും മരുമക്കളുമൊക്കെ പ്രാസ്ഥാനിക പാതയില്‍ സജീവമായത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നു. എന്റെ പിതൃസഹോദരന്‍ എന്ന നിലക്ക് എന്റെ പഠനകാര്യത്തില്‍ ഏറെ ശ്രദ്ധിക്കുകയും ആവശ്യമായ പ്രോത്സാഹനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തിരുന്നത് നന്ദിയോടെ അനുസ്മരിക്കട്ടെ.
ഡോ. അമാനുല്ല വടക്കാങ്ങര


കണ്ണഞ്ചേരി മൂസ


ജമാഅത്തെ ഇസ്‌ലാമി താനൂര്‍ ഓലപ്പീടിക ഘടകത്തിലെ സജീവ സാന്നിധ്യമായിരുന്ന കണ്ണഞ്ചേരി മൂസ സാഹിബ് താനൂര്‍ ഏരിയയിലെ പഴയകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.
കര്‍മാവേശം ചോര്‍ന്നുപോകാതെ നിലനിര്‍ത്തിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് വലിയ പ്രചോദനമായിരുന്നു. മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മലയാളി ഹല്‍ഖയില്‍നിന്നാരംഭിച്ച പ്രസ്ഥാന ബന്ധം മരണം വരെ തുടര്‍ന്നു. സജീവ ലീഗ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ലീഗിനു വേണ്ടി പാട്ടുകള്‍ പാടിയിരുന്നു.
ഓലപ്പീടികയില്‍ ഘടകം രൂപീകരിക്കുന്നതു വരെ താനൂര്‍ ഹല്‍ഖയില്‍ വാരാന്ത യോഗങ്ങളില്‍ പങ്കെടുത്ത് കാല്‍നടയായി തിരിച്ചുപോകലായിരുന്നു പതിവ്. താനൂര്‍ ഇസ്‌ലാമിക് ട്രസ്റ്റ് അംഗമായിരുന്നു. ഏരിയാ മലര്‍വാടി കോ ഓര്‍ഡിനേറ്ററായിരുന്നിട്ടുണ്ട്. ഓലപ്പീടിക മിനാ മസ്ജിദ്  കമ്മിറ്റി, സകാത്ത് കമ്മിറ്റി തുടങ്ങിയവയില്‍ നേതൃപരമായ പങ്ക് വഹിച്ചു. ഓലപ്പീടിക റോഡ് വികസനത്തിലും മറ്റും സജീവമായി ഇടപെട്ട അദ്ദേഹം കൃഷിയിലും തല്‍പരനായിരുന്നു. താനൂര്‍ ബ്ലോക്ക് കര്‍ഷകശ്രീയായി അദ്ദേഹം തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.
അന്തരിച്ച ഭാര്യ എം.എന്‍ സൈനബ സാഹിബ  ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന പ്രസ്ഥാന പ്രവര്‍ത്തകയായിരുന്നു. മക്കളും പ്രസ്ഥാനമാര്‍ഗത്തില്‍ നിലയുറപ്പിച്ചവരാണ്. മക്കള്‍: അശ്‌റഫ്, മുംതാസ്, അന്‍വര്‍ സാദത്ത്, ജാഫര്‍, നൗഫല്‍.
ഹബീബുര്‍റഹ്മാന്‍

 

മാളിയേക്കല്‍ അഹ്മദ് കുട്ടി ഹാജി


വേങ്ങരയിലെയും പരിസരത്തെയും ജനങ്ങള്‍  എപ്പോഴും, എന്തിനും ആശ്രയിച്ചിരുന്ന തണല്‍ മരമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ ആറിന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായ മാളിയേക്കല്‍ അഹ്മദ് കുട്ടി ഹാജി. മതഭക്തനും മത-സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്നു വ്യാപാരപ്രമുഖനായിരുന്ന ഹാജി. അദ്ദേഹം ഒരു സംഘടനയുടെയും ഭാഗമായിരുന്നില്ല. എങ്കിലും എല്ലാവരുടെയും നല്ല പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ഉദാരമായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹാജി സാഹിബ് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായില്ല. ആരാധനാ കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുകയും ജീവിതത്തില്‍ ധാര്‍മികത ഉയര്‍ത്തി പിടിക്കുകയും ചെയ്തു. രോഗം മൂര്‍ഛിക്കുന്നതിനു മുമ്പ് വരെ അടുത്തുള്ള പള്ളിയില്‍ പോയി അഞ്ച് നേരവും ജമാഅത്ത് നമസ്‌കാരത്തില്‍  പങ്കെടുക്കുമായിരുന്നു. യാത്രയിലാണെങ്കില്‍ ഏതു പള്ളിയില്‍നിന്നാണോ ആദ്യം ബാങ്ക് വിളിക്കുന്നത് അവിടെ കയറി ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തും സുന്നത്ത് നമസ്‌കരിച്ചും മാത്രമേ യാത്ര തുടരൂ.
സാമ്പത്തിക രംഗത്ത് അച്ചടക്കവും കൃത്യതയും പുലര്‍ത്തി. തന്റെ മുമ്പില്‍ വരുന്ന എന്തൊരു പ്രശ്‌നവും സശ്രദ്ധം കേട്ട് പഠിച്ച ശേഷം അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടും. ചേറൂര്‍, തിരൂരങ്ങാടി യത്തീംഖാനാ കമ്മിറ്റികളില്‍ അംഗമായിരുന്നു. കച്ചവട രംഗത്തും കുടുംബ ജീവിതത്തിലുമുള്ള തന്റെ ചിട്ടയും രീതിയും കുടുംബാംഗങ്ങളെയും അദ്ദേഹം പരിശീലിപ്പിച്ചു. അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഭാര്യയും ചേര്‍ന്നതാണ് കുടുംബം. ഇളയ മകന്‍ നൗഫല്‍ വേങ്ങര ഇസ്ലാമിക് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനും ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകനുമാണ്.
വി.ടി അബ്ദുര്‍റഹ്മാന്‍ മൗലവി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി