Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

മുസ്‌ലിം ലീഗ് വെല്ലുവിളി നേരിടുന്നുവോ?

കെ.ടി ഹുസൈന്‍

മറ്റേതൊരു ഇന്ത്യന്‍  സംസ്ഥാനത്തേക്കാളും  മുസ്‌ലിം സമുദായത്തിന്റെ ദൃശ്യത കേരളത്തില്‍ ശക്തമാണ്. ഇതിന് പലതരം കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകുമെങ്കിലും മുസ്ലിം രാഷ്ട്രീയത്തിന്റെ സാന്നിധ്യം അതിലൊരു പ്രധാന കാരണമാണ്. മുസ്ലിം രാഷ്ട്രീയം കൊണ്ടുദ്ദേശിക്കുന്നത് മുസ്ലിംകളുടെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല. കേരളത്തിലെ പ്രധാന സെക്യുലര്‍ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിലും കമ്യൂണിസ്റ്റ്  പാര്‍ട്ടികളിലുമെല്ലാം തരക്കേടില്ലാത്ത  മുസ്ലിം സാന്നിധ്യമുണ്ട്. ഈ പാര്‍ട്ടികള്‍ ഭരണം കൈയാളുമ്പോള്‍ മുസ്ലിം പ്രാതിനിധ്യം ഭരണ രംഗത്ത് എത്രത്തോളം ഉണ്ട് എന്നത് ചര്‍ച്ചയാകാറുണ്ടെങ്കിലും മുസ്ലിംകളുടെ അവകാശ സംരക്ഷണം അത്തരം സംഘടകളുടെയോ അതില്‍ അണിനിരന്ന മുസ് ലിംകളുടെയോ പ്രധാന പരിഗണനാ വിഷയമാകാറില്ല. അതുകൊണ്ടാണ് പൊതു രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മുസ്ലിം രാഷ്ട്രീയം എന്ന് വ്യവഹരിക്കാത്തത്.
അതേസമയം അത്തരം പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംകളുടെ രാഷ്ട്രീയ നിലപാടിലും  സമീപനത്തിലും ഒരാദര്‍ശമെന്ന നിലയിലും മൂല്യവ്യവസ്ഥയെന്ന നിലയിലും ഇസ്ലാം ചിലപ്പോഴൊക്കെ  സ്വാധീനം  ചെലുത്തിയിരുന്നതായി കാണാം. മൗലാനാ അബുല്‍ കലാം ആസാദും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും മൊയ്തു മൗലവിയും കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയപ്പോള്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ സ്വാധീനിച്ചിരുന്നത്  മറ്റെന്തിനേക്കാളും ഇസ്ലാം തന്നെയായിരുന്നു. സ്വാഭാവികമായും മുസ്ലിംകളുടെ രാഷ്ട്രീയവും  സാംസ്‌കാരികവുമായ അവകാശ സംരക്ഷണം അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.
എന്നാല്‍ ജനാധിപത്യം  ഭൂരിപക്ഷത്തിന്റെ ആധിപത്യവും ഹിതവും ആയതിനാല്‍  ന്യൂനപക്ഷത്തിന്റെ അവകാശവും  ഹിതവുമെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അപരവല്‍ക്കരിക്കപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പൊതു രാഷ്ട്രീയ പാര്‍ട്ടികളുടെ, അവയെത്ര സെക്യുലറായാലും, ഭൂരിപക്ഷാഭിമുഖ്യം  അതുകൊണ്ടുതന്നെ ഒഴിവാക്കാനാവില്ല. അതിനാല്‍  ജനാധിപത്യത്തെ സമത്വം, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തണമെങ്കില്‍ ന്യൂനപക്ഷ രാഷ്ട്രീയം അനിവാര്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളുടെ കര്‍തൃത്വം ഉറപ്പുവരുത്തുന്ന  മുസ്ലിം രാഷ്ട്രീയം അപര വിദ്വേഷം ഇല്ലാത്ത കാലത്തോളം സമത്വം, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നു ചുരുക്കം.
അതുകൊണ്ടുതന്നെ കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ  ആഭിമുഖ്യത്തില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ട കാലത്തു തന്നെ  അതിന് സമാന്തരമായി മുസ്ലിം രാഷ്ട്രീയവും ഇവിടെ നിലനിന്നിരുന്നു. സര്‍വേന്ത്യേ മുസ്‌ലിം ലീഗിന്റെ ബാനറില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം രാഷ്ട്രീയത്തിന്റെ സാധുതയെയും പ്രസക്തിയെയും ഹിന്ദുത്വവാദികളെ മാറ്റിനിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ദലിത് പ്രസ്ഥാനങ്ങളുമെല്ലാം അക്കാലത്തു തന്നെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു മുഖ്യധാരാ രാഷട്രീയ പാര്‍ട്ടിയുടെയും  ഭൂരിപക്ഷാഭിമുഖ്യം സ്വാഭാവികമായതിനാല്‍ അതിനിടയില്‍ പെട്ട് ജനാധിപത്യത്തിന്റെ അന്തസ്സത്തയായ സമത്വവും നീതിയും ബലികഴിക്കപ്പെട്ടുപോകരുതെന്ന  ചിന്തയായിരുന്നു അതിനു കാരണം.
സ്വാതന്ത്ര്യത്തിനു ശേഷം നിര്‍ഭാഗ്യവശാല്‍ ഈ മുസ്ലിം രാഷ്ട്രീയം കേരളത്തില്‍ മാത്രമാണ് വേരുപിടിച്ചത്. അതിനുള്ള കാരണങ്ങളെ  കുറിച്ച ചര്‍ച്ച തല്‍ക്കാലം നമുക്ക് വിടാം. സര്‍വേന്ത്യാ മുസ്ലിം ലീഗിന്റെ തുടര്‍ച്ചയായ ഇന്ത്യന്‍ യൂനിയന്‍  മുസ്ലിം ലീഗ് തന്നെയാണ് സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍  മുസ്‌ലിം രാഷ്ട്രീയം കൈകാര്യം ചെയ്തത്. തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതില്‍ പോലും തുടക്കത്തില്‍ വലിയ വെല്ലുവിളികള്‍ കേരളത്തിലെ  മുസ്ലിം രാഷ്ട്രീയം നേരിട്ടിരുന്നുവെങ്കിലും  ക്രമേണ ഭരണത്തില്‍ വരെ പങ്കാളിത്തമുള്ള  ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായി വളരാന്‍ കേരളത്തില്‍ മുസ്ലിം ലീഗിന് സാധിച്ചു. മുസ്ലിം  ലീഗ്  അവകാശപ്പെടുന്നതു പോലെ മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ് അക്ഷരാര്‍ഥത്തില്‍ ഉറപ്പു വരുത്തിയതോടൊപ്പം കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ സാമുദായികവും പ്രാദേശികവുമായ സന്തുലനവും വിവേചനമില്ലായ്മയും  ഒരു പരിധി വരെ  നിലനിര്‍ത്തുന്നതിലും  മുസ്ലിം ലീഗിന്റെ ഭരണപങ്കാളിത്തം നിര്‍ണായകമാണ്. അത് പലപ്പോഴും മുസ്ലിം ലീഗിനെ അന്ധമായി വിമര്‍ശിക്കുന്നവര്‍ ആരോപിക്കാറുള്ളതു  പോലെ,  അപചയം പല രീതിയില്‍  മുസ്ലിം ലീഗിനെ ബാധിച്ച  '90-കള്‍ക്കു മുമ്പുള്ള മലപ്പുറം ജില്ലയുടെ രൂപീകരണത്തിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ  സ്ഥാപനത്തിലും  മാത്രം പരിമിതമല്ല ലീഗിന്റെ ഭരണപങ്കാളിത്തം കൊണ്ടുള്ള നേട്ടം. മറിച്ച് മലബാറിലെ പ്ലസ് ടു സ്‌കൂളുകള്‍, എയ്ഡഡ് തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള കോളേജുകള്‍, സ്വാശ്രയ മേഖലയിലെ  പ്രഫഷണല്‍ കോളേജുകള്‍, മലബാറിലെ റോഡ് വികസനം തുടങ്ങിയവയെല്ലാം '90-നു ശേഷമുള്ള മുസ്‌ലിം ലീഗിന്റെ ഭരണ പങ്കാളിത്തത്തിന്റെ നേട്ടങ്ങള്‍ തന്നെയാണ്. മുസ്ലിം സമുദായത്തെ കുറിച്ച് ഒട്ടേറെ മുന്‍വിധികള്‍  കാലങ്ങളായി നിലനില്‍ക്കുന്ന   ഒരു സമൂഹത്തില്‍ തീര്‍ച്ചയായും ധാരാളം വിട്ടുവിഴ്ചകള്‍ മുസ്ലിം ലീഗിന് ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നിരുന്നാലും സെക്യുലര്‍ രാഷ്ട്രീയത്തിന്റെ  ഭൂരിപക്ഷാഭിമുഖ്യത്തെ ഒരു പരിധി വരെ പ്രതിരോധിച്ച് കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയെ സാമൂഹിക നീതിയിലും സമത്വത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ മുസ്ലിം ലീഗ് പ്രതിനിധാനം  ചെയ്യുന്ന മുസ്ലിം രാഷ്ട്രീയം വലിയ അളവില്‍ വിജയം നേടിയെന്ന് നിസ്സംശയം പറയാം.
അതുകൊണ്ടുതന്നെ വീണ്ടുമൊരു അഞ്ച് വര്‍ഷം കൂടി ഭരണ പങ്കാളിത്തം ലഭിക്കാതിരിക്കാന്‍  കാരണമായ ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പു  ഫലം മുസ്ലിം ലീഗിന്റെയും തദ്വാരാ കേളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെയും മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമായി കാണാന്‍ പറ്റില്ല. സംഘ് പരിവാറിന്റെ കോണ്‍ഗ്രസ്മുക്ത ഭാരതം  എന്നതു  പോലെ ലീഗ് മുക്ത കേരളം എന്നത് 1987 മുതല്‍ സി.പി.എമ്മിന്റെ ഒരു പ്രധാന മുദ്രാവാക്യമാണ്. ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് സി.പി.എം പോലും യഥാര്‍ഥത്തില്‍ വിശ്വസിക്കാത്ത ഒരു സാമുദായിക രാഷ്ട്രീയ പാര്‍ട്ടിക്ക് ജനാധിപത്യ പ്രക്രിയയില്‍  ഇടം അനുവദിക്കില്ല എന്ന മുദ്രാവാക്യം തീര്‍ത്തും വിവേചനപരമായ ഒന്നാണ്. നീതി, സമത്വം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയാണ് അത് വെല്ലുവിളിക്കുന്നത്. പരസ്പരം മത്സരിക്കുമെങ്കിലും കോണ്‍ഗ്രസ്മുക്ത കേരളം എന്ന്  സി.പി.എമ്മോ സി.പി.എംമുക്ത കേരളം എന്ന് കോണ്‍ഗ്രസോ പറഞ്ഞാല്‍ അതെത്ര മാത്രം അശ്ലീലമാണോ അത്ര തന്നെ അശ്ലീലമാണ് ഇടതു പക്ഷത്തിന്റെ ലീഗ്മുക്ത കേരളം എന്ന മുദ്രാവാക്യവും.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണന്ന് ഇടതുപക്ഷം തന്നെ അംഗീകരിക്കുന്നില്ല എന്നു പറഞ്ഞത്  ബോധപൂര്‍വമാണ്. കാരണം ഇടതുപക്ഷം  ഇപ്പോഴത്തേക്കാളും പതിന്മടങ്ങ് തത്ത്വാധിഷ്ഠിത നിലപാടില്‍ ഉറച്ചു നിന്നിരുന്ന കാലത്ത് കേരളത്തില്‍ ആദ്യമായി ലീഗിന് ഭരണപങ്കാളിത്തം നല്‍കിയത്  ഇടതുപക്ഷം അഥവാ സി.പി.എമ്മാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട്  നേതൃത്വം  നല്‍കിയിരുന്ന  1967-ലെ സപ്ത കക്ഷി മുന്നണിയിലെ ഒരു പ്രധാന കക്ഷിയായിരുന്നല്ലോ മുസ്ലിം ലീഗ്. ഇ.എം.എസ് മന്ത്രിസഭയില്‍ മുസ്ലിം ലീഗിലെ സി.എച്ച് മുഹമ്മദ്  കോയ  വിദ്യാഭ്യാസ മന്ത്രിയും അഹ്മദ് കുരിക്കള്‍ പഞ്ചായത്ത്  മന്ത്രിയും ആയിരുന്നത്  ചരിത്രം. മലപ്പുറം ജില്ലയും കാലിക്കറ്റ് സര്‍വകലാശാലയും സപ്ത കക്ഷി മന്ത്രിസഭയുടെ സംഭാവനയാണ്. പിന്നീട് ലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ ലീഗിന് സി.പി.എം ഭരണത്തില്‍ പങ്കാളിത്തം നല്‍കിയതും ചരിത്രമാണ്. ലീഗില്ലാത്ത ഭരണം മുദ്രാവാക്യമാക്കിയ 1987-നു ശേഷവും പിണറായി വിജയന്‍ നേരിട്ട് തന്നെ അടവുനയത്തിലൂടെ മുസ്‌ലിം ലീഗുമായി അടുക്കാന്‍ ശ്രമിച്ചിരുന്നതാണ്. ഇടതുപക്ഷം യഥാര്‍ഥത്തില്‍ മുസ്‌ലിം ലീഗിനെ  വര്‍ഗീയ കക്ഷിയായി കാണുന്നില്ല എന്നതിന്റെ തെളിവാണ് ഇതെല്ലാം.
യഥാര്‍ഥത്തില്‍  മുസ്ലിം ലീഗിനെ വര്‍ഗീയമുദ്ര കുത്തി മാറ്റിനിര്‍ത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ച പ്രധാന ഘടകം ആശയപരം എന്നതിലേറെ, ലീഗില്ലാതെ തന്നെ മുസ്ലിം സമുദായത്തിലേക്ക് നേരിട്ട് ഇറങ്ങിചെല്ലാവുന്ന പുതിയ സാഹചര്യം മുസ്ലിം സമുദായത്തില്‍ രൂപപ്പെട്ടതാണ്. അതില്‍ ചിലത് മുസ്ലിം ലീഗ് അതിന്റെ പിടിപ്പുകേട് കൊണ്ട് സ്വയം സൃഷ്ടിച്ചതാണെങ്കില്‍ മറ്റു ചിലത് മുസ്ലിം സമുദായത്തിലെ മതപരപായ വിഭാഗീയതയുടെ ഫലമാണ്. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം നേരിടുന്ന പ്രധാന വെല്ലുവിളിയും അതു തന്നെയാണ്.
 കേരള മുസ്ലിംകളുടെ അനിഷേധ്യ  രാഷ്ട്രീയ ശക്തിയായി മുസ്ലിം ലീഗ് വളര്‍ന്നതിന്റെ ഒരു പ്രധാന കാരണം, കേരള മുസ്‌ലിംകളിലെ  ഭൂരിപക്ഷമായ പരമ്പരാഗത സുന്നികളെയും  ഇസ്ലാഹി പ്രസ്ഥാനക്കാരായ ഉല്‍പ്പതിഷ്ണു  വിഭാഗത്തെയും ഒരേ പ്ലാറ്റ്‌ഫോമില്‍ അണി നിരത്തിയ മുസ്ലിം ലീഗിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗാണ്. സയ്യിദ് അബ്ദുര്‍റഹ് മാന്‍ ബാഫഖി തങ്ങളും സീതി സാഹിബുമായിരുന്നു  ഈ സോഷ്യല്‍ എഞ്ചീനീയറിംഗിന്റെ വക്താക്കള്‍. മത സ്റ്റേജുകളില്‍ കൊമ്പു കോര്‍ത്തിരുന്ന സമസ്തയുടെ സ്ഥാപക വൈസ് പ്രസിഡന്റായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരും കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന്  വിളിക്കാവുന്ന തയ്യില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം മൗലവിയും ലീഗ് കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതും തിരൂരങ്ങാടിയില്‍ ഉല്‍പ്പതിഷ്ണുവായ എം.കെ ഹാജി സ്ഥാപിച്ച യത്തീംഖാനക്കും പള്ളിക്കും ബാഫഖി തങ്ങള്‍ തറക്കില്ലിട്ടതും ലീഗിന്റെ ആദ്യകാല സാരഥികളുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് എത്രമാത്രം വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ്.
മുസ്ലിം ലീഗില്‍ ബാഫഖി തങ്ങളുടെ നേതൃത്വം എന്തെങ്കിലും പരിവേഷം ഉണ്ടാക്കി ബോധപൂര്‍വം സൃഷ്ടിച്ചതായിരുന്നില്ല. മറിച്ച്,  സമുദായത്തെ കുറിച്ച് സ്വന്തമായ  സ്വപ്‌നങ്ങളും അവ പ്രയോഗവല്‍ക്കരിക്കാനുള്ള കര്‍മകുശലതയും  അതിലേക്ക് ആയിരങ്ങളെ പ്രചോദിപ്പിക്കാനുള്ള ശേഷിയുമുള്ള, അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു ലീഡറായിരുന്നു ബാഫഖി തങ്ങള്‍. അതുകൊണ്ടാണ് അദ്ദേഹത്തിന് യാഥാസ്ഥിതിക സുന്നി വിഭാഗത്തിന്റെ വക്താവായിക്കൊണ്ടു തന്നെ ഉല്‍പ്പതിഷ്ണു വിഭാഗത്തെയും പൊതുവായ ലക്ഷ്യത്തിനു വേണ്ടി ചേര്‍ത്തു നിര്‍ത്താനായത്. ബാഫഖി തങ്ങള്‍ക്കു ശേഷം ലീഗ് നേതൃത്വം ചില പരിവേഷങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇത്  സമുദായത്തെ ചേര്‍ത്തു നിര്‍ത്താനുള്ള  ശേഷി  മുസ്‌ലിം ലീഗിന്  നഷ്ടപ്പെടുത്തുക മാത്രമല്ല, മതപരമായ വിഷയങ്ങളില്‍  സമാന ആശയം വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ പോലും  ശക്തിപ്പെടുന്ന  വിഭാഗീയതയെ മാനേജ് ചെയ്യാനുള്ള കരുത്ത്  പോലും അത്തരം നേതൃത്വങ്ങള്‍ക്കില്ലാതെ പോയി.  സമസ്തയിലെ പിളര്‍പ്പും ഇസ്‌ലാഹി ആശയക്കാര്‍ക്കിടയിലെ വിഭാഗീയതയുമെല്ലാം സമുദായത്തില്‍ മുസ്‌ലിം ലീഗിന്റെ സ്വാധീനം കുറച്ചിട്ടുണ്ട് എന്ന വസ്തുത സമ്മതിക്കാതിരുന്നിട്ടു കാര്യമില്ല. സമുദായത്തിലേക്ക് നേരിട്ട് കയറിച്ചെല്ലാന്‍ സി.പി.എം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയതും  ഈ വിഭാഗീയതയാണ്. കാന്തപുരം വിഭാഗം പ്രത്യക്ഷമായും ഒരു മുജാഹിദ് വിഭാഗം പരോക്ഷമായും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം അനുകൂല നിലപാടാണ് സ്വീകരിച്ചത്. 
മൊത്തത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ മോശമായ പ്രകടനം കാരണം അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് വലിയ തിരിച്ചടി നേരിട്ടിട്ടില്ല എന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് അവകാശപ്പെടാം. 27 സീറ്റില്‍ മത്സരിച്ച് 15 സീറ്റ് അവര്‍ നേടിയിട്ടുണ്ടല്ലോ. എന്നാല്‍, കഴിഞ്ഞ തവണ 24 സീറ്റില്‍ മത്സരിച്ച് 18 സീറ്റ് നേടിയത് വെച്ചു നോക്കുമ്പോള്‍ ക്ഷീണം അത്ര നിസ്സാരമല്ല. പുതുതായി മത്സരിച്ച സീറ്റുകള്‍ മൂന്നില്‍ ഒന്നില്‍  പോലും ലിഗിന് വിജയിക്കാനായില്ല. കഴിഞ്ഞ തവണ ജയിച്ച കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട കൊടുവള്ളി  മാത്രമാണ് തിരിച്ചു പിടിക്കാനായത്. ലീഗ് അടുത്ത കാലം വരെ പതിവായി ജയിച്ചിരുന്ന തിരുവമ്പാടിയും ഗുരുവായൂരും  സ്ഥിരം എല്‍.ഡി.എഫ് മണ്ഡലങ്ങളായി മാറുന്നതും നിസ്സാരമായി കാണാനാവില്ല. സാക്ഷാല്‍ മലപ്പുറത്തു പോലും മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ അടക്കം  ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സി.എച്ച് മുഹമ്മദ് കോയ, ഇ. അഹ്മദ്, പി. സീതി ഹാജി തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുകയും ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ലീഗ്  ജയിക്കുകയും ചെയ്തിരുന്ന താനൂര്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ലീഗിന് നഷ്ടപ്പെടുന്നത്. യുവ രക്തമായ പി.കെ ഫിറോസിനെ രംഗത്തിറക്കിയിട്ടും മണ്ഡലം തിരിച്ചു പിടിക്കാനായില്ല. പെരിന്തല്‍മണ്ണയില്‍ മറ്റൊരു  യുവരക്തം കഷ്ടിച്ചാണ് കടന്നു കൂടിയത്. മങ്കടയില്‍ ലീഗിന്റെ വിജയത്തേക്കാള്‍ മഞ്ഞളാംകുഴി അലിയുടെ വിജയമാണ്. തിരൂരങ്ങാടിയിലും തിരൂരിലും കൊണ്ടോട്ടിയിലും മത്സരം കടുത്തതാക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു. ഇതെല്ലാം തെളിയിക്കുന്നത് മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായി ഗണിക്കപ്പെടുന്ന മലപ്പുറത്ത് പോലും യു.ഡി.എഫ്, എല്‍.ഡി.എഫ് വ്യത്യാസം കുറഞ്ഞു വരുന്നുവെന്നാണ്. ഇവിടെയാണ് ലീഗ് ആത്മപരിശോധന നടത്തണമെന്ന  അഭിപ്രായം സംഗതമാവുന്നത്.
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, തീര്‍ച്ചയായും മുസ്‌ലിം ലീഗിന്റെ അധികാര പങ്കാളിത്തം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ് മാത്രമല്ല, കേരളത്തിലെ ജനാധിപത്യത്തെ സാമൂഹിക നീതിയിലും സമത്വത്തിലും ഉറപ്പിച്ചു നിര്‍ത്തുന്ന ഒരു ഘടകം കൂടിയാണ്. അതോടൊപ്പം കേരളത്തില്‍  രാഷ്ട്രീയമായി ഫാഷിസത്തെ പ്രതിരോധിച്ചു നിര്‍ത്തുന്നതിലും മുസ്‌ലിം ലീഗിന് നിര്‍ണായകമായ റോളുണ്ട്. കാരണം കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യു.ഡി.എഫിലെ ഏറ്റവും വലിയ ഘടക  കക്ഷിയാണല്ലോ മുസ്‌ലിം ലീഗ്. അതിനാല്‍ മുസ്‌ലിം ലീഗില്ലെങ്കില്‍ യു.ഡി.എഫ് ഇല്ല. അത്തരമൊരവസ്ഥ ആര്‍ക്കാണ് പ്രയോജനം ചെയ്യുക എന്ന കാര്യം ഉറപ്പാണല്ലോ.
ഇത്തരത്തില്‍  മുസ്ലിം രാഷ്ട്രീയം ഏറെ പ്രസക്തമായ ഈ ഫാഷിസ്റ്റ് കാലത്ത് മുസ്ലിം ലീഗ് എന്തുകൊണ്ട് ദുര്‍ബലപ്പെടുന്നതിന്റെ ലക്ഷണം കാണിക്കുന്നുവെന്നത് ഗൗരവത്തില്‍ ആലോചിക്കേണ്ടത്  മുസ്‌ലിം ലീഗ് തന്നെയാണ്. മുസ്ലിം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്  നിലപാട് വളരെ പ്രധാനമാണ്. കാരണം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സമൂഹം മുസ്ലിംകളാണ്. സാമൂഹികവും സാംസ്‌കാരികവുമായ നിലനില്‍പ് ഓരോ നിമിഷവും ചോദ്യം ചെയ്യപ്പെടുന്ന ദേശീയ-സാര്‍വദേശീയ സാഹചര്യമാണ് അവരെ ഏറ്റവും വലിയ രാഷ്ട്രീയ സമൂഹമാക്കി മാറ്റിത്തീര്‍ക്കുന്നത്. അതിനാല്‍ തങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓരോ വിഷയത്തിലെയും നിലപാട് അവര്‍ കൃത്യമായി പരിശോധിക്കും.
ബാബരി മസ്ജിദിന്റെ രക്തസാക്ഷിത്വം മുതല്‍ നിലപാടില്ലായ്മ ഏറ്റവും വലിയ നിലപാടാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതിന്റെ ശിക്ഷ ഒരു ഘട്ടത്തില്‍ സമുദായം മുസ്ലിം ലീഗിന് നല്‍കിയതുമാണ്. പഴയ മഞ്ചേരി പാര്‍ലമെന്റ് സീറ്റില്‍ ലീഗ് തോറ്റതും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം എട്ടു സീറ്റില്‍ ഒതുങ്ങിപ്പോയതും അങ്ങനെയാണ്. എന്നാല്‍ ലീഗ് അതില്‍നിന്ന് വല്ല പാഠവും പഠിച്ചോ? കേന്ദ്രത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ മുന്നണിക്ക് ശക്തി പകരാന്‍ എന്ന അവകാശവാദവുമായി ലോക്‌സഭയിലേക്ക് പോയ പാര്‍ട്ടിയുടെ സമുന്നത നേതാവ് കേവലം മൂന്നര വര്‍ഷം കൊണ്ട് പാര്‍ലമെന്റ് അംഗത്വം മതിയാക്കി കേരളത്തിലേക്ക് തിരിച്ചുപോന്നുവെന്നു മാത്രമല്ല, താന്‍ ലോക് സഭാംഗമായ കാലത്ത്  മുസ്ലിം സമുദായത്തെ നിര്‍ണായകമായി ബാധിക്കുന്ന ചില വിഷയങ്ങള്‍ ലോക്‌സഭയില്‍ ചര്‍ച്ചയായപ്പോള്‍ തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി വിഷയത്തിലും സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിലുമെല്ലാം ലീഗിന് നിലപാടുണ്ടായിരുന്നുവെന്നത് ശരിയാണ്. എങ്കിലും അറച്ചുനില്‍പ് അതിലെല്ലാം പ്രകടമായിരുന്നു. മുസ്ലിം പ്രശ്നങ്ങളില്‍ ലീഗ് പരിധിയില്‍ കവിഞ്ഞ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുവെന്നതും പുതിയ തലമുറ ശ്രദ്ധിക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ നിയമസഭാ നേതാവ് നല്ലൊരു മാനിപ്പുലേറ്ററാണ്. സമവായമാണ് അദ്ദേഹത്തിന്റെ ശൈലി. മുന്നണി രാഷ്ട്രീയത്തില്‍ അതിന് അതിന്റേതായ പ്രസക്തിയുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്  ജനങ്ങളില്‍ സ്വീകാര്യത ലഭിക്കണമെങ്കില്‍ ഓരോ രാഷ്ട്രീയ - സാമൂഹിക വിഷയത്തിലും  കൃത്യമായ നിലപാട് എടുക്കുകയും അത് പത്രസമ്മേളനത്തിലും മറ്റും നേതാക്കള്‍  ചടുലതയോടെയും വ്യക്തതയോടെയും അവതരിപ്പിക്കുകയും എതിരാളികള്‍ക്ക് ആര്‍ജവത്തോടെ മറുപടി നല്‍കുകയും വേണം. എന്നാല്‍  മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം നടത്തുന്ന  പത്രസമ്മേളനങ്ങള്‍  പലപ്പോഴും പരമദയനീയവും  പാര്‍ട്ടിയെ കുറിച്ച് ജനങ്ങളില്‍  അവമതിപ്പ്  ഉണ്ടാക്കുന്നതുമാണ്. അധികമൊന്നും സംസാരിക്കാത്ത ലീഗ് പ്രസിഡന്റിനെ മുന്നില്‍ നിര്‍ത്തുകയും അദ്ദേഹം എന്തോ പറയുന്നതിനിടയില്‍ സമുന്നത നേതാവ് മൈക്ക് കൈയിലെടുത്ത് എന്തൊക്കെയോ പറഞ്ഞുവെന്ന് വരുത്തിത്തീര്‍ത്ത്  അവസാനിപ്പിക്കുകയുമാണ് ലീഗിന്റെ   പത്രസമ്മേളനങ്ങളില്‍ പൊതുവെ കണ്ടുവരുന്ന രീതി.
തലമുറമാറ്റവും ശൈലീമാറ്റവും കോണ്‍ഗ്രസ്സിനു മാത്രമല്ല ലീഗിനും  ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാം. ഒരാളുടെ മാത്രം താല്‍പര്യം ഉന്നതാധികാര സമിതിയുടെ തീരുമാനമായി വരുന്നതാണ് ലീഗിലെ ജനാധിപത്യം എന്ന  വിമര്‍ശനം പുതുതലമുറ ലീഗുകാര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നുവന്നു തുടങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ യുവ നേതൃത്വത്തിനും ചില പ്രശ്‌നങ്ങളുണ്ട്. കേരളത്തില്‍ മുസ്‌ലിം തീവ്രവാദം എന്ന സംഘ് പരിവാര്‍ നരേഷന്‍ ശക്തിപ്പെടുത്തുന്നതില്‍ അവരില്‍ ചിലരുടെ പങ്ക് വളരെ വലുതായിരുന്നു.
സ്ത്രീ  വോട്ടര്‍മാരുടെ വര്‍ധിച്ച പിന്തുണ ഇപ്രാവശ്യം ഇടതുപക്ഷത്തിനായിരുന്നു. മുസ്ലിം സ്ത്രീകളുടെ പുതുതലമുറ ഇന്ന് വിദ്യാസമ്പന്നമാണ്. 25 വര്‍ഷത്തിനു ശേഷം സ്ത്രീക്കു വേണ്ടി ഒരു സീറ്റ് മാറ്റിവെക്കാന്‍ ഇപ്രാവശ്യം ലീഗ് തയാറായെങ്കിലും പാര്‍ട്ടിയുടെ സിറ്റിംഗ് എം.എല്‍.എ  വീണ്ടും മത്സരിക്കാന്‍  ധൈര്യപ്പെടാത്ത മണ്ഡലമാണ് അവര്‍ക്ക് നല്‍കിയത്. പ്രതീക്ഷിച്ചതു  പോലെ വനിതാ സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു. വനിതാ ലീഗ് എന്ന  പേരില്‍ ഒരു സംഘടന നിലവിലുണ്ടെങ്കിലും കേരളത്തിലെ ഏതെങ്കിലും വിഷയത്തില്‍ അവര്‍ ഇടപെടുന്നതായി കാണുന്നില്ല. ഇതെല്ലാം നടേ പറഞ്ഞ വിദ്യാസമ്പന്നരായ പുതുതലമുറ മുസ്ലിം സ്ത്രീകളില്‍  എന്ത് പ്രതികരണമാണുണ്ടാക്കുക?
മുസ്ലിം ലീഗ് സംശയമില്ല, മുസ്ലിം പ്രതിനിധാന  പാര്‍ട്ടിയാണ്. എങ്കിലും ദലിത് - ആദിവാസി തുടങ്ങിയ  പ്രാന്തവല്‍കൃതരുടെ  പ്രശ്‌നങ്ങളെ കൂടി  അഭിമുഖീകരിക്കാന്‍   പാര്‍ട്ടിക്ക് കഴിയണം. കാരണം മുമ്പ് കോണ്‍ഗ്രസ്സായിരുന്നു മതേതര പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍  സവര്‍ണാഭിമുഖ്യം  കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു പക്ഷത്തിനാണ് ഏറ്റവും കൂടുതല്‍ സവര്‍ണ പക്ഷപാതമുള്ളത്. സാമ്പത്തിക സംവരണത്തില്‍ അത് നാം കണ്ടു. അതേ സമയം പിന്നാക്ക, ദലിത് വിഭാഗങ്ങളെ അവര്‍ കൂടെ നിര്‍ത്തുകയും ചെയ്യുന്നു. ഏറ്റവും വലിയ വഞ്ചനയാണിത്. അതിനാല്‍ ഇടതു പക്ഷത്തിന്റെ ദലിത് - പിന്നാക്ക വിരുദ്ധതയും വഞ്ചനയും തുറന്നുകാണിച്ച് ലീഗ് രംഗത്തു വരണം. അതുപോലെ ന്യൂനപക്ഷ  പാര്‍ട്ടിയാണെങ്കിലും കേരളത്തിലെ  എല്ലാ പൊതു പ്രശ്‌നങ്ങളിലും സക്രിയമായി ഇടപെടാനും ലീഗിന് സാധിക്കണം. മലബാറിന്റെ, പ്രത്യേകിച്ച് കാസര്‍കോട്  ജില്ലയുടെ  വികസന പിന്നാക്കാവസ്ഥയും ലീഗിന്റെ അജണ്ടയില്‍ വരണം.
   അതുപോലെ ലീഗിന്റെ പാര്‍ലമെന്റ്  പ്രതിനിധികളില്‍നിന്ന് മോദിയുടെ ഫാഷിസ്റ്റ് വാഴ്ചക്കെതിരെ  ഉറച്ച നിലപാട് സ്വീകരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ. മുസ്‌ലിം പ്രശ്‌നങ്ങളിലെ ഇടപെടല്‍, ഫാഷിസ്റ്റ് വിരുദ്ധ സമീപനം എന്നിവ വെച്ചാണ് മുസ്‌ലിം ലീഗ് പലപ്പോഴും മുസ്‌ലിം സമുദായത്തിന്റെ ഓഡിറ്റിംഗിന് വിധേയമാകാറുള്ളത്.
മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്,  ജി.എം ബനാത്ത് വാല തുടങ്ങിയ ലീഗിന്റെ മുന്‍ പാര്‍ലമെന്റംഗങ്ങള്‍ അവരുടെ പാര്‍ലമെന്റ് ഇടപെടലുകളിലൂടെയാണ് മുസ്‌ലിം ലീഗിന്റെ മാത്രമല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ തന്നെ നേതാക്കളായി മാറിയത് എന്നും ലീഗിന്റെ പാര്‍ലമെന്റംഗങ്ങള്‍ക്ക് ഓര്‍മ വേണം.
ഇത്തരത്തില്‍ സംഘടനാപരമായും രാഷ്ട്രീയമായും  നയപരമായും വലിയൊരു പൊളിച്ചെഴുത്തിന് മുസ്‌ലിം ലീഗ്  തയാറായാല്‍ മാത്രമേ കേരളത്തിലെ  മുസ്ലിം രാഷ്ട്രീയം നേരിടുന്ന  പുതിയ വെല്ലുവിളികളെ വിജയകരമായി നേരിടാന്‍  അവര്‍ക്ക്  സാധിക്കൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി