Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

ശാസ്ത്രമേഖലയില്‍ വളര്‍ന്നുയരാന്‍ വഴികളേറെ

ഡോ. ശഫഖത്ത് കറുത്തേടത്ത് / സുഹൈറലി തിരുവിഴാംകുന്ന്

മലപ്പുറം ജില്ലയിലെ വളവന്നൂരില്‍ ജനിച്ച് ശാസ്ത്ര ഗവേഷണത്തിന് ലോകത്ത് ലഭിക്കുന്ന ഏറ്റവും കീര്‍ത്തികേട്ട മേരി ക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ യുവ ശാസ്ത്രജ്ഞനാണ് ഡോ. ശഫഖത്ത്. സ്‌പെയിനിലെ മാഡ്രിഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടുകയും ഇപ്പോള്‍ സുഊദി അറേബ്യയിലെ കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(ഗഅഡടഠ)യില്‍ സയന്റിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 25-ഓളം ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആഗോള ശാസ്ത്ര ജേണലുകളിലും ശാസ്ത്ര സമ്മേളനങ്ങളിലും സജീവ സാന്നിധ്യം. പ്രബോധനം വാരികക്കു വേണ്ടി ഡോ. ശഫഖത്ത് കറുത്തേടത്തുമായി  നടത്തിയ അഭിമുഖം.

പഠനം, വിദ്യാഭ്യാസം, ജീവിതം?
നാട്ടിലെ പൊതു വിദ്യാലയങ്ങളിലാണ് പ്ലസ് ടു വരെ പഠിച്ചത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ 90 ശതമാനം മാര്‍ക്കോടെ ബിരുദം നേടി. ശേഷം, കോഴിക്കോട് എന്‍.ഐ.ടിയില്‍ ഫോട്ടോണിക്‌സില്‍ (പ്രകാശത്തിന്റെ സ്വഭാവം, സ്രോതസ്സുകള്‍, ഉപയോഗങ്ങള്‍ എന്നിവയെ കുറിച്ച പഠനം) ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. കോഴ്‌സിന്റെ ഭാഗമായി ഒരു വര്‍ഷം ബാംഗ്ലൂര്‍ സി.വി രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിലേര്‍പ്പെടാന്‍ അവസരം ലഭിച്ചു. 1930-ല്‍ ഭൗതിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ച സി.വി. രാമന്‍ തനിക്ക് ലഭിച്ച സമ്മാനത്തുക കൊണ്ട് ആരംഭിച്ച രാജ്യാന്തര പ്രശസ്തിയുള്ള ഗവേഷണ സ്ഥാപനമാണത്. അടിസ്ഥാന ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന കുറച്ച് ശാസ്ത്രജ്ഞരാണ് ഇവിടെയുള്ളത്. അവിടെ പ്രഫസര്‍ റെജി ഫിലിപ്പ് എന്ന മലയാളി ശാസ്ത്രജ്ഞന്റെ കൂടെ ഗവേഷണത്തിന് ചേര്‍ന്നു. അദ്ദേഹം നല്‍കിയ ഉപദേശങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി അവിടത്തെ പരീക്ഷണശാലയില്‍ പലതും സ്വന്തമായി സ്ഥാപിക്കാനായി.
ശാസ്ത്രരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യനാവണമെങ്കില്‍ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ സ്വന്തം പേരില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണം. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി മാത്രമായതിനാല്‍ സ്വന്തമായ പ്രബന്ധം രചിക്കുക എളുപ്പമല്ലാത്തതുകൊണ്ട് മുതിര്‍ന്ന ഗവേഷകരുടെ പഠനങ്ങളില്‍ സഹകരിച്ച് അവരുടെ പ്രബന്ധങ്ങളില്‍ സഹ എഴുത്തുകാരനായി. അക്കാലത്തു തന്നെ ഇത്തരം അഞ്ചോ ആറോ പ്രബന്ധങ്ങളില്‍ സ്വന്തം പേര് അച്ചടിച്ചു വന്നു. ശാസ്ത്രജ്ഞനാവണമെന്ന എന്റെ ആഗ്രഹത്തിന് മുന്നിലുളള തടസ്സങ്ങളെല്ലാം നീങ്ങിത്തുടങ്ങിയത് ഈ പരിശീലനത്തിനു ശേഷമാണ്.

ശാസ്ത്രജ്ഞനാവണം എന്ന് നേരത്തേ തീരുമാനമെടുത്തിരുന്നോ?
എനിക്ക് ശാസ്ത്രജ്ഞനാവാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് സാധ്യമാകുമോ എന്ന് സംശയമായി. അങ്ങനെയിരിക്കെയാണ് സി.വി രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. അവിടെ വന്നപ്പോഴാണ് ഇതെല്ലാം സാധ്യമാണെന്ന് മനസ്സിലാവുന്നതും പി.എച്ച്.ഡി ചെയ്യാന്‍ തീരുമാനിക്കുന്നതും. വിദേശത്ത് പോയി പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആദ്യമൊന്നും വലിയ പ്രതീക്ഷയില്ലായിരുന്നുവെങ്കിലും പിന്നീട് അവസരങ്ങള്‍ വന്നു. ആദ്യമായി ഇന്റര്‍വ്യൂ വന്നത് ലോകത്തിലെ തന്നെ മികച്ച സ്യൂറിച്ച് യൂനിവേഴ്‌സിറ്റിയിലായിരുന്നു. അവരുടെ ചെലവില്‍ തന്നെ സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോവാന്‍ അവസരമുണ്ടായി. അവിടെ പ്രവേശനം കിട്ടാതെ മടങ്ങിയെത്തിയപ്പോഴേക്കും ഇറ്റലിയില്‍നിന്നൊരു ഇ-മെയില്‍ വന്നിരുന്നു. ഇറ്റാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കകഠ) ജെനോവയില്‍ പ്രവേശനം ലഭിച്ചുവെന്ന അറിയിപ്പായിരുന്നു അത്. അവിടെ ചേരാനുള്ള ഒരുക്കത്തിനിടെയാണ് സ്‌പെയിനിലെ മാഡ്രിഡ് യൂനിവേഴ്‌സിറ്റിയില്‍നിന്നും മേരി ക്യൂറി ഫെല്ലോഷിപ്പ് ലഭിച്ചത്. ലോകത്തു തന്നെ പി.എച്ച്.ഡിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫെല്ലോഷിപ്പാണ് ഇത്. ലോകത്ത് പ്രതിവര്‍ഷം ആയിരത്തോളം പേര്‍ക്കാണ് അത് നല്‍കുന്നതെന്ന് തോന്നുന്നു. ഇതൊരു വലിയ അവസരമായി കണ്ടാണ് പി.എച്ച്.ഡി ചെയ്യാന്‍ സ്‌പെയിനില്‍ പോയത്.

നമ്മുടേതു പോലുള്ള സാമൂഹിക പരിസരത്തു നിന്ന് ശാസ്ത്രമേഖലയില്‍ എത്തിപ്പെടാനുള്ള കാരണം, പ്രചോദനം?
അക്കാലത്തെ പൊതുവെയുള്ള ട്രെന്റ് അത്യാവശ്യം മാര്‍ക്കുള്ളവരെല്ലാം മെഡിസിനോ എഞ്ചിനീയറിംഗിനോ പോവുക എന്നതായിരുന്നു. മാര്‍ക്കുള്ളവര്‍ പോലും അടിസ്ഥാന ശാസ്ത്ര ബിരുദം പൊതുവെ തെരഞ്ഞെടുത്തിരുന്നില്ല. ഇപ്പോഴും അതിന് എടുത്തുപറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. ശാസ്ത്രപഠനത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ മികച്ച പഠനകേന്ദ്രങ്ങളെ കുറിച്ച് അറിയുമായിരുന്നില്ല. അവിടത്തെ എന്‍ട്രന്‍സിനെ കുറിച്ച് ധാരണയും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും എല്ലാവരും ചെയ്യുന്ന പോലെ പ്ലസ്ടു കഴിഞ്ഞ് തൊട്ടടുത്ത കോളേജില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചു. അവിടെ പഠിക്കുമ്പോഴാണ് ഇതല്ല, ഇതിനപ്പുറവും വിശാലമായ ലോകമുണ്ടെന്ന് മനസ്സിലാക്കുകയും അങ്ങനെ എന്‍.ഐ.ടിയിലെത്തുകയും ചെയ്തത്. പിന്നീട് ബാംഗ്ലൂരിലെത്തി. അവിടെ നിന്ന്, ഇതൊന്നുമല്ല ഇതിനുമപ്പുറം വിശാലമാണ് ലോകം എന്ന് തിരിച്ചറിഞ്ഞാണ് രാജ്യത്തിന് പുറത്തേക്ക് എത്തിച്ചേരുന്നത്. ഈ സ്വപ്‌നത്തിലേക്ക് ചേക്കേറാനായി പതിനഞ്ചോളം ലാബുകളില്‍ ജോലി ചെയ്യുകയും പല രാജ്യങ്ങളും സന്ദര്‍ശിക്കുകയും പല വ്യക്തികളുമായും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത ചിന്താഗതികളെ മനസ്സിലാക്കാനായിട്ടുണ്ട്. ഓരോരുത്തരും ശാസ്ത്രത്തിലെ ചോദ്യങ്ങളെ നേരിടുന്ന രീതി കണ്ടും ചോദിച്ചും മനസ്സിലാക്കിയിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ നില്‍ക്കുകയായിരുന്നെങ്കില്‍ ഇവിടത്തെ ശാസ്ത്ര രീതികള്‍ മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ.

ഏതു വിഷയത്തിലായിരുന്നു ഗവേഷണം?
ഓര്‍ഗാനിക് സോളാര്‍ സെല്‍ അഥവാ പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ട് സോളാര്‍ പാനല്‍ ഉണ്ടാക്കുക എന്നതായിരുന്നു പഠനമേഖല. ഇതിന്റെ സൗകര്യം ഭാരക്കുറവുണ്ടാവും, വ്യത്യസ്ത നിറങ്ങള്‍ നല്‍കാം എന്നെല്ലാമാണ്. മൊബൈല്‍ ചാര്‍ജിംഗ് പോലെയുള്ള ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കാവുന്ന, മടക്കിവെക്കാന്‍ സൗകര്യപ്രദമായ സംവിധാനമാണ് വികസിപ്പിക്കുന്നത്. ഇത് സാധാരണ പ്ലാസ്റ്റിക്കല്ല, വൈദ്യതി കടത്തിവിടുന്ന പോളിമര്‍ ഉപയോഗിച്ചുണ്ടാക്കുന്നതാണ്. ലോകത്തെങ്ങുമുള്ള ഗവേഷകര്‍  മത്സരിച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന നൂതനമായ മേഖലയാണിത്. ഇത് ഇപ്പോഴും നില്‍ക്കുന്നത് റിസര്‍ച്ച് സ്റ്റേജിലാണ്. ഒരു അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാവാന്‍ സാധ്യതയുള്ള ഒരു എനര്‍ജി ഹാര്‍വെസ്റ്റിംഗ് പ്രൊവൈഡര്‍, അഥവാ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ഒരു സംവിധാനമായിരിക്കും എന്ന് വിചാരിക്കുന്നു.

താങ്കളുടെ ശാസ്ത്രപ്രവര്‍ത്തന മേഖല സോളാര്‍ എനര്‍ജി എന്നു പറഞ്ഞു. ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണ് സൂര്യന്‍. പക്ഷേ പ്രകൃതിദത്തമായ, പ്രകൃതിയുടെ മറ്റു അവസ്ഥകളെ തകിടം മറിക്കാതെ ലഭിക്കുന്ന ഈ ഊര്‍ജം ഫലപ്രദമായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ?
വളരെ ഉപയോഗപ്രദമായ ഒരു ഊര്‍ജ സ്രോതസ്സാണ് സൂര്യന്‍. ലളിതമായി പറഞ്ഞാല്‍ ഒരു ദിവസം സൂര്യനില്‍നിന്ന് ഭൂമിയിലെത്തുന്ന സൗരോര്‍ജം പൂര്‍ണമായി സംഭരിക്കാനായാല്‍ ഒരു വര്‍ഷത്തേക്ക് നമുക്ക് ഭൂമിയില്‍ ഉപയോഗിക്കാവുന്ന വൈദ്യുതി ഉണ്ടാക്കാനാവുമത്രെ. സോളാര്‍ എനര്‍ജി എന്നത് തികച്ചും സൗജന്യമായതും ഏറക്കുറെ എക്കാലത്തേക്കും നിലനില്‍ക്കുന്നതുമാണ്. അതിനെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ, ശക്തമായ കാറ്റും അടിച്ചുയരുന്ന തിരമാലയുമൊക്കെ നമുക്ക് ഉപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളാണ്.
ജഹമേെശര ടീഹമൃ ഇലഹഹ െവ്യപകമാകാത്തതിന്റെ മുഖ്യ കാരണം അതിന്റെ ചെലവാണ്. ഒരുപാട് ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. 2013-ലാണ് സിലിക്കണ്‍ സോളാര്‍ പാനലുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ചൈനയില്‍ സിലിക്കണിന്റെ വില കുത്തനെ കുറയുകകൂടി ചെയ്തതോടെ കുറച്ച് വര്‍ഷമായി നമ്മുടെ നാട്ടില്‍ സോളാര്‍ പാനലുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. ഇപ്പോഴും അത് ചിലവേറിയതാണ്. ഇനി ഞങ്ങള്‍ ചെയ്യുന്നതു പോലെയുള്ള പ്ലാസ്റ്റിക് പോളിമര്‍ ഉപയോഗിച്ചുള്ള സോളാര്‍ പാനലുകള്‍ വരുന്നതോടെ പത്തു വര്‍ഷത്തിനകം വിപ്ലവകരമായ മാറ്റം ഈ മേഖലയില്‍ ഉണ്ടായേക്കാം. സോളാര്‍ കാറുകള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ അപ്രകാരം പ്രവര്‍ത്തിക്കുന്ന തരത്തിലേക്കു വരാം. ഈ പരീക്ഷണങ്ങളെല്ലാം ശൈശവദശയിലാണ്. അതുകൊണ്ടുതന്നെ ഒരുപാട് ഗവേഷണ സാധ്യതയും വിപണന സാധ്യതയും ഉള്ള മേഖലയാണിത്.

ഇത്തരം ശാസ്ത്ര പഠനമേഖലകളില്‍ നിലവില്‍ മുസ്‌ലിംകളുടെ സാന്നിധ്യം എത്രത്തോളമുണ്ട്?
പുറത്തുനിന്ന് കാണുന്നതു പോലെ തന്നെ ശാസ്ത്ര-സാങ്കേതിക മേഖലയില്‍, വിശിഷ്യാ ശാസ്ത്ര മേഖലയില്‍   അറബ് / മുസ്‌ലിം ലോകത്തു നിന്ന് വളരെക്കുറഞ്ഞ പ്രാതിനിധ്യമേയുള്ളൂ. ലോക ജനസംഖ്യയില്‍ നല്ലൊരു ശതമാനം വരുന്ന മുസ്‌ലിംകളുടെ  ബൗദ്ധിക സമ്പത്ത് അതിന്റെ ജനസംഖ്യാനുപാതത്തിന്റെ അടുത്തുപോലും എത്താത്ത സാഹചര്യമാണ്. റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റില്‍ വളരെ വളരെ പിന്നാക്കം. പൊതുവെയുള്ള വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോടൊപ്പം  അത്തരം കാഴ്ചപ്പാടുള്ള, ഭൗതിക വിഷയങ്ങളില്‍ മികച്ച പരിശീലനം ലഭിച്ച നേതൃത്വങ്ങള്‍ ലോകതലത്തിലോ ഇന്ത്യയിലോ മുസ്‌ലിംകള്‍ക്കില്ല എന്നതും സമുദായത്തെ പിന്നോട്ടടിപ്പിക്കാന്‍ കാരണമായിട്ടുണ്ടാവാം.

ഇതിനെ എങ്ങനെ മറികടക്കാനാവും?
ഏതൊരു കാലത്തും ലോകത്തെ നിയന്ത്രിക്കാനാവുക ധൈഷണിക പ്രതിഭകള്‍ക്കാണ്. ക്രിയാത്മകതയുള്ള, മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ശാസ്ത്രജ്ഞരെ വളര്‍ത്തിക്കൊണ്ടുവരികയെന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. മുസ്‌ലിം സംഘടനകളും വ്യക്തികളും അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ദൗത്യമാണിത്. ആ രീതിയില്‍ ഒരു സമൂഹത്തെ പുനരുദ്ധരിക്കുന്നതിലൂടെ സമുദായത്തിനു മാത്രമല്ല, രാജ്യത്തിനും മുഴുവന്‍ ലോകത്തിനും അത് അനുഗ്രഹമായി ഭവിക്കും.
കേരളത്തിലെ മുസ്‌ലിംകള്‍ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും നാഗരികവും സാമ്പത്തികവും മറ്റുമായ മേഖലകളിലും താരതമ്യേന മുന്‍പന്തിയിലാണെങ്കിലും ലോകത്തെ നിയന്ത്രിക്കുന്ന ശാസ്ത്ര-സാങ്കേതിക മേഖലയിലേക്ക് വരുമ്പോള്‍ ഒരു മികവും അവകാശപ്പെടാനില്ല, മറ്റുള്ളവരെപ്പോലെ വളരെ പിന്നില്‍ തന്നെയാണ്.
ഗള്‍ഫ് സ്വാധീനവും അതിന് കാരണമായിട്ടുണ്ടാവാം.  ഗള്‍ഫില്‍ ഫാമിലിയായി ജീവിക്കുന്നവരുടെ വിദ്യാഭ്യാസനില  താരതമ്യേന മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുന്നില്ല ഗള്‍ഫ് രാഷ്ട്രങ്ങള്‍. അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഒക്കെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവരുടെ കുട്ടികളെ അവിടെ തന്നെയുള്ള ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഗള്‍ഫിലേക്ക് വരുന്ന കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ് വരെ പരമാവധി അവിടെ പഠിക്കുകയും പിന്നെ നാട്ടിലേക്ക് തിരിച്ചുവരുകയുമാണ്. അവര്‍ക്ക് ആ വിദേശരാജ്യത്ത് പോയി ജീവിക്കുന്നതിന്റെ മെച്ചമൊന്നും കിട്ടുന്നില്ല എന്ന പരിമിതി അതിനുണ്ട്. യൂറോപ്പിലേക്ക് കുടിയേറിയവര്‍ക്ക് വളരെ എളുപ്പത്തില്‍ അടുത്ത തലമുറയെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. പതുക്കെയാണെങ്കിലും പ്രതീക്ഷക്ക് വകനല്‍കുന്ന മാറ്റം ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. എല്ലാ മുസ്‌ലിം സംഘടനകളും ബോധപൂര്‍വമായ ശ്രമം നടത്തിയാല്‍ ഇത്തരം മേഖലകളിലേക്ക് സമുദായത്തെ കൊണ്ടുവരാനും അതിന്റെ വെളിച്ചം എല്ലാവരിലേക്കുമെത്തിക്കാനും സാധിക്കും.  

പുതിയ കാലത്ത് ഒരു തിരിച്ചുനടത്തം അറബ്‌ലോകത്തു നിന്ന് പ്രതീക്ഷിക്കാമോ? യു.എ.ഇയുടെ ചൊവ്വ പര്യവേക്ഷണമായ അല്‍ അമല്‍ (ഹോപ് പ്രോബ്) ഇതിന്റെ ഭാഗമായി കാണാമോ?
അറബ്‌സമൂഹം തിരിച്ചുനടത്തത്തിനൊരു ശ്രമം നടത്തുന്നുണ്ട്. ഒരുപാട് ഇന്റര്‍നാഷ്‌നല്‍ യൂനിവേഴ്‌സിറ്റികളുടെ ശാഖകള്‍ കൊണ്ടുവരികയും ലോകോത്തരമായ യൂനിവേഴ്‌സിറ്റികള്‍ അവിടെ സ്ഥാപിക്കുകയും പ്രശസ്തരായ ശാസ്ത്രജ്ഞരെ അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്യുന്ന  പ്രവണത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി കാണാനുണ്ട്.
ഉദാഹരണമായി,  ഞാന്‍ നില്‍ക്കുന്ന സുഊദിയിലെ കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഗഅഡടഠ). അബ്ദുല്ല രാജാവാണ് ഇത് സ്ഥാപിച്ചത്. അതിന് പ്രചോദനമായത് ബഗ്ദാദില്‍ മധ്യയുഗത്തില്‍ സ്ഥാപിതമായ ബൈത്തുല്‍ ഹിക്മ (ഒീൗലെ ീള ണശറെീാ) ആയിരുന്നു. ശാസ്ത്ര പ്രതിഭകളെയും ടെക്‌നോക്രാറ്റുകളെയും ആകര്‍ഷിച്ച് ഇവിടെ നോളജ് ഹബ് ആക്കി മാറ്റുക എന്നതാണ് ഈ സ്ഥാപനത്തിന്റെയും ലക്ഷ്യം. പത്തു വര്‍ഷമേ ആയുള്ളൂവെങ്കിലും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനാല്‍തന്നെ പതുക്കെയാണെങ്കിലും കേവലം എണ്ണഖനന രാജ്യങ്ങള്‍ എന്നതിനപ്പുറത്തേക്ക് ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ മധ്യപൗരസ്ത്യദേശം മാറുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. പക്ഷെ അതിന് ഇതുപോലെ ഇനിയും ഒരുപാട് ഉന്നത സ്ഥാപനങ്ങള്‍ ഉണ്ടായിവരേണ്ടതുണ്ട്.
എണ്ണ കൊണ്ട് മാത്രം ഭാവി സുരക്ഷിതമായില്ല എന്ന സത്യം ഇന്ന് ഏറക്കുറെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് പല രീതിയിലുള്ള ഗവേഷണങ്ങളിലും അവര്‍ മുതല്‍മുടക്കുന്നു. സുഊദി അറേബ്യയിലെ വലിയ എണ്ണ കമ്പനിയായ ആരാംകോ അടക്കം സൗരോര്‍ജത്തിലേക്ക് തങ്ങളുടെ മൂലധനം മാറ്റുന്നുണ്ട്. യു.എ.ഇയില്‍ നടക്കുന്ന ചൊവ്വ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പുരോഗതിയും ഇതിന്റെ ഭാഗമാണ്. ശൈശവ ദശയിലാണെങ്കിലും സമയമെടുത്ത് അത് പക്വത പ്രാപിക്കും.

പ്രബോധനം വായനക്കാരോട് പൊതുവിലും പുതിയ തലമുറയിലെ വിദ്യാര്‍ഥി സമൂഹത്തോട് വിശേഷിച്ചും എന്താണ്  പറയാനുള്ളത്?
രക്ഷിതാക്കളോട് പറയാനുള്ളത്, വിദ്യാര്‍ഥികളെ അവര്‍ക്ക് താല്‍പര്യവും അഭിരുചിയുമുള്ള മേഖലകളില്‍ പഠിക്കാന്‍ വിടണം എന്നാണ്. കഴിയുന്നത്ര അവരെ പഠനത്തില്‍ സഹായിക്കുക. പെണ്‍കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാമൂഹിക - സാമ്പത്തിക മേഖലയില്‍ ഗവേഷണ തല്‍പരരാണ് പലരും. അതേസമയം ശാസ്ത്രരംഗത്തും താല്‍പര്യം ഉണ്ടാവേണ്ടതുണ്. അതിലൂടെ ഒരുപാട് ഉയരങ്ങളിലെത്താന്‍ പറ്റും. പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും ഒരു ദീര്‍ഘകാല പദ്ധതി ഉണ്ടായിരിക്കണം. നേരത്തേ അതിനുള്ള ഒരുക്കം തുടങ്ങണം.
ഏതു കോഴ്‌സ് എന്നതിനേക്കാള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാപനങ്ങളില്‍ ആയിരിക്കണം പഠിക്കേണ്ടത്. അവിടങ്ങളിലെ അധ്യാപകരുടെ ഉയര്‍ന്ന നിലവാരം വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തും. അവിടെനിന്ന് കിട്ടുന്ന ഉള്‍ക്കാഴ്ച ഒരു സാധാരണ കലാലയത്തില്‍ ലഭിക്കുന്നതിനേക്കാള്‍  വലുതായിരിക്കും. പ്രബോധനം വായിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് ലോകത്തിലെ മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത പത്തു വര്‍ഷത്തിനകം ഉയര്‍ന്നുവരണമെന്നാണ്. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് ഇവിടെ എത്തിച്ചേരാന്‍ എനിക്ക് സാധിച്ചുവെങ്കില്‍ ഇതൊരു അസാധ്യമായ കാര്യമല്ല. 

Linkedin Acc: linkedin.com/in/safakathkaruthedath
Google scholar: cutt.ly/ZbetDZV
Twitter: twitter.com/safakathk
ResearchGate: researchgate.net/profile/Safakath-Karuthedath

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി