മുസ്ലിം രാഷ്ട്രീയം എവിടെ നങ്കൂരമിടും?
ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനം സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ സജീവ ചര്‍ച്ചാ വിഷയമാണ്. വിഭജനത്തിന് തൊട്ടു മുമ്പുള്ള പത്ത് കൊല്ലക്കാലം മുസ്‌ലിം സ്വയംനിര്‍ണയാവകാശത്തിനു വേണ്ടി വാദിച്ച ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ കൂടെയായിരുന്നു പൊതുവില്‍ മുസ്‌ലിം ജനസാമാന്യം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നുണ്ടായ നിരവധി മുന്‍വിധിയാര്‍ന്ന സമീപനങ്ങള്‍ക്കും അരികുവല്‍ക്കരണങ്ങള്‍ക്കുമൊടുവില്‍ തൊള്ളായിരത്തി നാല്‍പ്പതുകളില്‍ ആ രാഷ്ട്രീയാവശ്യം വര്‍ധിച്ച അധികാരങ്ങളോടു കൂടിയ മുസ്‌ലിം സ്വയംഭരണ പ്രദേശം എന്ന നിലയിലേക്ക് വളരുകയും 1946-ലെ കാബിനറ്റ് മിഷന്‍ നിര്‍ദേശങ്ങളോട് കോണ്‍ഗ്രസ് സ്വീകരിച്ച നിഷേധാത്മക സമീപനങ്ങളുടെ ഫലമായി ഇന്ത്യാ വിഭജനം എന്നതിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടുകയും ചെയ്തു.
വിഭജനത്തിന് തൊട്ടു മുമ്പുള്ള വര്‍ഷങ്ങളില്‍ രാഷ്ട്രീയ സാഹചര്യത്തെ അഭിമുഖീകരിച്ച് മൂന്ന് നിലപാടുകളാണ് മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെ കൊടിക്കീഴില്‍ അണിനിരന്നുകൊണ്ട് ഹിന്ദു-മുസ്‌ലിം ദേശീയതകളുടെ സംഘാതമായി മുന്നോട്ടു പോവുക എന്ന മുത്തഹിദ ഖൗമിയ്യത്ത് കാഴ്ചപ്പാടായിരുന്നു ഒന്നാമത്തേത്. മൗലാനാ അബുല്‍ കലാം ആസാദും ഹുസൈന്‍ അഹ്മദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദുമൊക്കെ ഇതിനോടൊപ്പമായിരുന്നു. കോണ്‍ഗ്രസിന്റെ ഹിന്ദു സ്വാധീനത്തില്‍ മുസ്‌ലിം അസ്തിത്വം സംരക്ഷിക്കപ്പെടില്ലെന്നും മുസ്‌ലിം ദേശീയതക്ക് അതിനോട് ഒത്തുചേര്‍ന്ന് പോകാന്‍ സാധ്യമല്ലെന്നും പറഞ്ഞ് അവസാനം വിഭജനവാദത്തിലെത്തിയ മുസ്‌ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയമായിരുന്നു രണ്ടാമത്തേത്. ഹിന്ദു സാമുദായികതക്ക് ബദലായി മുസ്‌ലിം സാമുദായികത എന്നതല്ല സമുദായത്തിന്റെ ഉത്തരമെന്നും, ആദര്‍ശ സമൂഹമെന്ന നിലയില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുകയും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയും ചെയ്യുന്നതിലൂടെ മാത്രമേ മുസ്‌ലിം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവൂ എന്നും താത്ത്വിക നിലപാട് പറഞ്ഞ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി നേതൃത്വം നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയുടേതായിരുന്നു മൂന്നാമത്തെ സമീപനം. 1947 ഏപ്രില്‍ മാസത്തില്‍ മദ്രാസില്‍ നടന്ന സമ്മേളനത്തില്‍, രാജ്യം വിഭജിക്കപ്പെടുന്നതോടെ അധികാരാവകാശങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളികള്‍ ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തിന്റെ അരികുവല്‍ക്കരണത്തിലേക്കായിരിക്കും നയിക്കുക എന്നും അതിനാല്‍ ദീനീ പ്രബോധനത്തിലും ആദര്‍ശ സമൂഹനിര്‍മിതിയിലും ഊന്നിയായിരിക്കണം പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടും വിഭജനപശ്ചാത്തലത്തിലുണ്ടായ വന്‍ രക്തച്ചൊരിച്ചിലിന്റെയും മുസ്‌ലിം സമുദായം നേരിട്ട അസ്തിത്വ ഭീഷണിയുടെയും പശ്ചാത്തലത്തിലും പ്രബോധന - സമുദായ സമുദ്ധാരണ പ്രവര്‍ത്തനത്തിലുമാണ് ജമാഅത്ത് മുഴുകിയത്. അതിനാല്‍ വിഭജനാനന്തര രാഷ്ട്രീയ ഇടപെടലുകളില്‍ ജമാഅത്ത് ഒരു പ്രകട സാന്നിധ്യമായതേയില്ല.
അതിനാല്‍ രണ്ട് ചോദ്യങ്ങളാണ് മുസ്‌ലിം സമുദായത്തിന് മുന്നില്‍ ബാക്കിയായത്. മതേതര ചേരിക്കൊപ്പം മാറിയ ഇന്ത്യയില്‍ പുതിയ പ്രവര്‍ത്തനങ്ങളോടെ വ്യതിരിക്തമായ രാഷ്ട്രീയ സംഘാടനമോ, അതോ പൊതു (കോണ്‍ഗ്രസ്) ധാരയോട് ചേര്‍ന്ന പ്രവര്‍ത്തനമോ എന്നതാണ് മുസ്‌ലിം പൊളിറ്റിക്കല്‍ ചോയ്‌സിന് മുമ്പില്‍ സ്വാതന്ത്ര്യത്തിന് തൊട്ടു ശേഷമുയര്‍ന്ന ചോദ്യം. ശക്തരായ ലീഗ് നേതാക്കളടക്കം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ കോണ്‍ഗ്രസില്‍ ചേരുകയോ പാകിസ്താനിലേക്ക് പോവുകയോ ചെയ്ത പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ തലത്തില്‍ ഒരു ചോയ്‌സേ ആയി വന്നില്ല. അതിനാല്‍, മലബാറിന്റെ ഒരു ഭാഗത്ത് ഒതുങ്ങിയ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍, എല്ലാ സാമുദായിക രാഷ്ട്രീയ സംഘാടനങ്ങളും അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേരാനുള്ള ആസാദിന്റെ ആഹ്വാനത്തോടൊപ്പമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവില്‍ നിന്നത്. ഗാന്ധിജിയുടെ വധത്തോടെ ആര്‍.എസ്.എസ് തേരോട്ടത്തിന് പ്രത്യക്ഷത്തിലുണ്ടായ തടസ്സങ്ങളും നെഹ്‌റുവിയന്‍ നേതൃത്വം നല്‍കിയ മത നിരപേക്ഷത സംബന്ധിച്ച ആത്മവിശ്വാസവും തുല്യ പൗരത്വവും ന്യൂനപക്ഷ പരിരക്ഷയും ഉള്‍പ്പെടുത്തിയ ഭരണഘടനയുമൊക്കെ ചേര്‍ന്ന് വലിയ പ്രതീക്ഷയാണ് മുസ്‌ലിംകളിലുണ്ടാക്കിയത്. അതിനാല്‍ തുടക്കത്തില്‍ കോണ്‍ഗ്രസിനോടൊപ്പവും കാലം മുന്നോട്ടുഗമിക്കെ കോണ്‍ഗ്രസ് പൊട്ടിപ്പിളര്‍ന്നുണ്ടായ ജനതാ പാര്‍ട്ടി, ജനതാദള്‍ മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെയുള്ള പൊതുധാരയോടൊപ്പമാണ് മുസ്‌ലിംകള്‍ സഞ്ചരിച്ചത്.
ഇപ്രകാരം മതനിരപേക്ഷ പാര്‍ട്ടികളോടൊപ്പം ഉറച്ചുനിന്നിട്ട് രാഷ്ട്രനിര്‍മിതിയില്‍ പങ്കുവഹിക്കാന്‍ എത്രത്തോളം അവസരം ലഭിച്ചു എന്ന ചോദ്യമാണ് പുതിയ കാലത്ത് മുസ്‌ലിം രാഷ്ട്രീയം അഭിമുഖീകരിക്കുന്നത്. അറുപതാണ്ടുകള്‍ക്കിപ്പുറം സാംസ്‌ക്കാരികാസ്തിത്വവും ജീവിതസുരക്ഷിതത്വവും അപകടത്തിലായതിനു പുറമെ ഉദ്യോഗ-അധികാര - വിദ്യാഭ്യാസ മേഖലകളിലും ജീവിത നിലവാര സൂചികകളിലും പട്ടിക വിഭാഗക്കാരേക്കാള്‍ പിന്നാക്കം പോയ മത സാമൂഹിക വിഭാഗമായി മുസ്‌ലിംകള്‍ മാറി എന്ന് സച്ചാര്‍ കമ്മിറ്റി വരച്ചുകാണിച്ചത് ഒരു സൂചകമാണ് എന്ന അസ്വസ്ഥതയാണ് ഉയരുന്നത്.
നിയമനിര്‍മാണ സഭകളില്‍ പ്രത്യേക നിയോജക മണ്ഡലം ആവശ്യപ്പെട്ട മുസ്‌ലിം അംഗങ്ങള്‍ക്ക്, ഇത്തരം ആവശ്യങ്ങളുന്നയിച്ച് സ്വയം അപരരാവരുതെന്നും എല്ലാ പ്രശ്‌നങ്ങളും നമ്മളൊന്നിച്ചു നിന്ന് പരിഹരിക്കുമെന്നുമായിരുന്നു ഭരണഘടനാ നിര്‍മാണ സഭയില്‍ ലഭിച്ച മറുപടി. ഈ ആവശ്യമുന്നയിച്ച് സംസാരിച്ച ബി. പോക്കര്‍ സാഹിബിന്റെ പ്രമേയത്തില്‍ ഇടപെട്ട അനന്തശയനം അയ്യങ്കാര്‍ ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു. മാത്രമല്ല, ഇപ്രകാരം പൊതുമണ്ഡലത്തില്‍ സമുദായത്തെ പ്രതിനിധീകരിക്കാന്‍ നിര്‍ത്തപ്പെടുന്ന ആള്‍ സമുദായ താല്‍പര്യം പ്രതിനിധീകരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ പാവ മാത്രമായിരിക്കും എന്നും പോക്കര്‍ സാഹിബ് ദീര്‍ഘദര്‍ശനം നടത്തുകയും ചെയ്തു. അന്ന് ആശങ്കപ്പെട്ട പോലെ, പോകെപ്പോകെ നിയമനിര്‍മാണ സഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം നേര്‍ത്തു വന്നു. കണക്കു പ്രകാരം മൊത്തം ഇന്ത്യന്‍ മുസ്‌ലിംകളുടെ 80.8 ശതമാനം താമസിക്കുന്ന 10 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള 281 മന്ത്രിമാരില്‍ 16 പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. ബിഹാര്‍ അടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ ഒരൊറ്റ മുസ്‌ലിം മന്ത്രിയുമില്ല. രാജ്യത്തെ മൊത്തം കണക്കെടുത്താല്‍ രാജ്യത്തെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളില്‍നിന്ന് ആകെയുള്ളത് മന്ത്രിമാരുടെ 3.93 ശതമാനം മാത്രമാണ്. ഇതാണ് ഒപ്പം ചേര്‍ന്നു നിന്നിട്ടും മതനിരപേക്ഷ കക്ഷികളുടെ സംഭാവനയെങ്കില്‍ അവരോട് ചേര്‍ന്നു നില്‍ക്കുന്നതില്‍ എന്തു കാര്യമെന്ന ചോദ്യം പ്രസക്തമാവുകയാണ്. മുസ്‌ലിംകള്‍ സ്വന്തമായ രാഷ്ട്രീയ സംഘാടനത്തിന് ശ്രമിക്കാതിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഹിന്ദുത്വ രാഷ്ട്രീയം തിടം വെച്ചത്. വിഭജനത്തിന് തൊട്ടുടനെ തന്നെ മുസ്‌ലിം സാമുദായിക സംഘാടനം മുസ്‌ലിം ലീഗ് ആരംഭിച്ച കേരളത്തിലാണ് ഇപ്പോഴും ഹിന്ദുത്വരുടെ അധികാരാരോഹണ ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കാത്തതും. അതിനര്‍ഥം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ച സംഭവിക്കുന്നത് മുസ്‌ലിം രാഷ്ട്രീയ സാന്നിധ്യം കൊണ്ടല്ല എന്നല്ലേ എന്ന ചോദ്യം ഉയരുകയും ചെയ്യുന്നുണ്ട്.
മുസ്‌ലിം എന്ന അപരന്‍
ഒരു ന്യൂനപക്ഷ മതസമൂഹം എന്നതോടൊപ്പം വികസന സൂചികകളില്‍ മിക്കതിലും പട്ടിക വിഭാഗങ്ങളേക്കാള്‍ പിന്നില്‍ നില്‍ക്കുന്നവരാണ് മുസ്‌ലിംകള്‍. കേരളത്തിലാണെങ്കില്‍ പിന്നാക്കമായി അടയാളപ്പെടുത്തപ്പെട്ട ഒരു സാമൂഹിക വിഭാഗമാണത്. അതിനാല്‍ തുല്യാവകാശങ്ങളോടാപ്പം മുന്‍ഗണനാ പരിചരണ(ജൃലളലൃലിശേമഹ ഠൃലമാേലി)േത്തിനു കൂടി ഭരണഘടനാപരമായിത്തന്നെ അര്‍ഹരായ ഒരു വിഭാഗമാണവര്‍. പക്ഷേ അത് അനുവദിച്ചുകിട്ടുന്ന തരത്തിലുള്ള രാഷ്ട്രീയ പിന്തുണ അവര്‍ക്ക് ലഭിക്കുന്നില്ല. മതേതര ചേരി തങ്ങളെ പരിഗണിക്കുന്നില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് സ്വന്തം സംഘാടനത്തിന് ശ്രമിച്ചാല്‍ അത് വര്‍ഗീയതയായും ഹിന്ദുത്വ ഫാഷിസത്തെ ശക്തിപ്പെടുത്തലായും ചിത്രീകരിക്കുകയും ചെയ്യും.
അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ തെരഞ്ഞെടുപ്പ് നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഈയിടെയായി ഈ വാദങ്ങള്‍ ഉയരാറ്. 2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും 2020 -ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മജ്ലിസിനെ കൂട്ടില്ലെന്ന് ശഠിച്ചു. ഏകപക്ഷീയമായി തങ്ങള്‍ക്ക് വോട്ട് കുത്താനായിരുന്നു സ്വന്തം ജീര്‍ണാവസ്ഥയെ കുറിച്ച് ബോധമില്ലാത്ത കോണ്‍ഗ്രസിന്റെ ആവശ്യം. ആത്മാഭിമാനമില്ലാത്ത ആ പണിക്ക് നില്‍ക്കാതിരുന്ന മജ്‌ലിസ് ഒറ്റക്ക് മത്സരിച്ച് സീറ്റുകള്‍ നേടി. അപ്പോള്‍ ബി.ജെ.പിയെ ജയിപ്പിച്ചതിന്റെ പാപഭാരം ഉവൈസിക്കായി. എങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പേ എന്തുകൊണ്ട് കൂടെ കൂട്ടിയില്ല എന്നതിന് ഉത്തരമൊന്നേയുള്ളൂ: വോട്ട് ബാങ്കായി നിങ്ങള്‍ വേണം, പക്ഷേ പ്രാതിനിധ്യം തരാനാവില്ല. അറുപത് കൊല്ലം ഒന്നിച്ചുനിന്നിട്ട് കിട്ടാത്ത പ്രാതിനിധ്യം ഒറ്റക്കു നിന്ന് കിട്ടുമെങ്കില്‍ അതാണല്ലോ ബുദ്ധിപരമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന നിലപാടിലാണ് മജ്‌ലിസ്. മാത്രമല്ല, സ്വന്തം കാലില്‍നിന്ന് ശക്തി തെളിയിച്ചാലേ രാഷ്ട്രീയ വിലപേശല്‍ ശക്തിയുണ്ടാവൂ എന്നത് കേരളത്തിലെ മുസ്‌ലിം ലീഗിന്റെ അനുഭവമാണു താനും.
മുസ്‌ലിം രാഷ്ട്രീയത്തിന്റെ കേരള പരിസരം
ദീര്‍ഘനാളത്തെ രാഷ്ട്രീയ അസ്പൃശ്യതയെ ത്യാഗപൂര്‍ണമായി മറികടന്ന് മുഖ്യധാരയില്‍ ഇടം പിടിച്ച ലീഗിനെ ചുറ്റിയാണ് സംസ്ഥാനത്തെ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനം ചര്‍ച്ച ചെയ്യാറുള്ളത്. മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനം പൊതു സ്വീകാര്യതക്കായി കൈക്കൊള്ളേണ്ടിവരുന്ന വിട്ടുവീഴ്ചകളുടെ ദൃഷ്ടാന്തമാണ് മുസ്‌ലിം ലീഗ്. ബാബരി മസ്ജിദ്, നരേന്ദ്രന്‍ കമീഷന്‍ പാക്കേജ്, ഇന്ദിരാ ആവാസ് യോജന തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പോലും ലീഗ് ശബ്ദിച്ചില്ല എന്ന് സമുദായത്തിനുള്ളില്‍നിന്ന് പരാതിയുയരുമ്പോള്‍, സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ നടത്തുന്ന വിട്ടുവീഴ്ചയായാണ് ലീഗ് അതിനെ വിശേഷിപ്പിക്കാറ്. ഇപ്രകാരം പൊതു സ്വീകാര്യത ഉറപ്പിച്ചു എന്ന് കരുതപ്പെട്ട ലീഗിനെ പോലും വര്‍ഗീയതയും സ്വാര്‍ഥ മതപരിഗണനകളും പേറുന്ന സംഘമായി ചിത്രീകരിക്കുകയാണ് ഇപ്പോള്‍. ആഗോള തലത്തിലെ ഇസ്‌ലാമോഫോബിയയും ഇന്ത്യന്‍ സാഹചര്യത്തില്‍ മോദിയുടെ രണ്ടാം വരവും ഉണ്ടാക്കിയെടുത്ത അന്തരീക്ഷത്തില്‍ മുസ്‌ലിം ലീഗിന്റെ സമവായ രാഷ്ട്രീയത്തിനു പോലും വംശീയ വെറികളില്‍നിന്നും തജ്ജന്യമായ തെറികളില്‍നിന്നും രക്ഷപ്പെടാന്‍ കഴിയാതെ വന്നിരിക്കുന്നു. കേരളീയ പരിസരത്തില്‍ ഒരു മുസ്‌ലിം പൊതുപ്രവര്‍ത്തകന് മതേതര മുദ്ര ലഭിക്കാനാവശ്യമായ എല്ലാ ചേരുവകളും എടുത്തുപയോഗിച്ചിട്ടും ക്രിസ്ത്യന്‍ മതനേതൃത്വം തനിക്കെതിരെ നടത്തിയ വംശീയാതിക്രമത്തെ പ്രതിരോധിക്കാന്‍ പോലും ഒരാളില്ലാതെ കെ.ടി ജലീല്‍ നിസ്സഹായനായിപ്പോകുന്നു.
ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് കത്തോലിക്കാ നേതൃത്വം നടത്തുന്ന നുണ പ്രചാരണത്തോടു ഗവണ്‍മെന്റും പ്രതിപക്ഷവും തുടര്‍ന്ന നിസ്സംഗത ന്യായമായ മുസ്‌ലിം പ്രശ്‌നങ്ങളെ പോലും ഏറ്റെടുക്കാന്‍ മതേതരമെന്നവകാശപ്പെടുന്ന സംഘടനകള്‍ക്കുള്ള മടിയെയും ഭയത്തെയും വെളിപ്പെടുത്തുന്നതായി. മുസ്‌ലിം സംഘടനകള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടക്കുന്നത് നുണ പ്രചാരണങ്ങളാണെന്നു പറഞ്ഞ് വര്‍ഗീയ വിദ്വേഷത്തെ തുടക്കത്തില്‍ തന്നെ തടയിടാന്‍ ശ്രമിക്കുന്നതിനു പകരം മുസ്‌ലിം സമുദായത്തെ ബലിയാടാക്കി തെരെഞ്ഞടുപ്പു വിജയം മാത്രം ലാക്കാക്കി മൗനം പാലിക്കുകയായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍. വോട്ട് ബാങ്ക് സമ്മര്‍ദ ശക്തിയില്‍ പേടിച്ചുപോയ പ്രതിപക്ഷമാകട്ടെ, ന്യായത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്നതിനു പകരം മതപൗരോഹിത്യത്തെ പ്രീതിപ്പെടുത്താന്‍ അരമനകള്‍ കയറിയിറങ്ങുകയായിരുന്നു.
സവര്‍ണ സംവരണമാണ് രാഷ്ട്രീയ രംഗത്തെ മുസ്‌ലിം വിരുദ്ധത പുറത്തു കൊണ്ടുവന്ന മറ്റൊന്ന്. ഒരു പഠനവും കൂടാതെ അനുമാനങ്ങളെയും മുന്‍വിധികളെയും മാത്രം അടിസ്ഥാനപ്പെടുത്തി 10 ശതമാനം സീറ്റുകളും ഉദ്യോഗങ്ങളും മുന്നാക്കക്കാര്‍ക്കു വേണ്ടി സംവരണം ചെയ്തത് ചോദ്യം ചെയ്തതിനെ മുസ്‌ലിം ലീഗ് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണ് എന്ന ഒരൊറ്റ പ്രസ്താവനയിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ നിശ്ശബ്ദമാക്കി. ഇന്ദിരാ സാഹ്നി കേസില്‍ 1992-ല്‍ സുപ്രീം കോടതി ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ് മുസ്‌ലിം ലീഗ് ചെയ്തത്. പക്ഷേ പറഞ്ഞത് ലീഗ് ആയപ്പോള്‍ ഉടനെ വന്നു വര്‍ഗീയാരോപണം. അതായത് മന്ത്രിസഭാ പ്രവേശം സാധ്യമായി അര നൂറ്റാണ്ടിനു ശേഷവും മുസ്‌ലിം ലീഗിനെ നിശ്ശബ്ദമാക്കാന്‍ പറ്റുന്ന ഒരു വര്‍ഗീയാരോപണ ഭീഷണി അവരുടെ തലക്കു മുകളില്‍ നമ്മുടെ രാഷ്ട്രീയ രംഗം തൂക്കിയിട്ടിട്ടുണ്ട് എന്നര്‍ഥം.
ഒളിച്ചുവെച്ചു പറയേണ്ടുന്ന മുസ്‌ലിം പ്രശ്‌നം
വിഭജനത്തിനു ശേഷം തങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു സങ്കലിത ദേശീയതയില്‍ വിശ്വാസമര്‍പ്പിച്ചവരാണ് ജന്മനാട്ടില്‍ തങ്ങിയ മുസ്‌ലിംകള്‍. പക്ഷേ, മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ആ പേരില്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനും നമ്മുടെ പൊതുമണ്ഡലത്തിന് ഭയമുണ്ടായിരുന്നു. ഈ ഭയം മുസ്‌ലിം സമുദായത്തെ കുറിച്ച് മാത്രമല്ല, അവര്‍ കൂടുതലായി വസിക്കുന്ന പ്രദേശങ്ങളെ കുറിച്ചു കൂടി ഉണ്ടായിരുന്നു. ഈ ഭയത്തെ സ്വയം അനുഭവിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് ഈ ഭയമുണ്ടാവരുതെന്നു കരുതി സ്വന്തം ആവശ്യങ്ങളില്‍, അതെത്ര ന്യായമാണെങ്കില്‍ പോലും, വിട്ടുവീഴ്ച ചെയ്യേണ്ടുന്ന ഇരട്ട ഭാരം കൂടി മുസ്‌ലിം സമൂഹം ഏറ്റെടുത്തിരുന്നു എന്നതാണ് ദയനീയം. നേരത്തേ കേരളത്തില്‍ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം, ഇന്ദിര ആവാസ് യോജന, ഇഫ്‌ളു കാമ്പസ് എന്നിവയിലൊക്കെ പ്രകടിപ്പിക്കപ്പെട്ട സാമൂഹിക സന്തുലനത്തെ സംബന്ധിച്ച ആശങ്ക ഏറ്റവും അറപ്പുളവാക്കുന്ന രീതിയില്‍ പ്രകടമായതിന്റെ ദുരന്തമാണ് പുതിയ ന്യൂനപക്ഷ വകുപ്പ് വിവാദത്തില്‍ മുസ്‌ലിം സമൂഹം അനുഭവിക്കുന്നത്.
സച്ചാര്‍ - പാലോളി കമ്മിറ്റികളുടെ ഫലമായി മുസ്‌ലിം പിന്നാക്ക പദ്ധതികളായി വരേണ്ടവ ന്യൂനപക്ഷ പദ്ധതികളായി വന്നപ്പോള്‍ പുതിയ അവകാശികളായി; വിഹിതങ്ങളായി. തങ്ങള്‍ക്ക് നഷ്ടപ്പെടുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്നതിലെന്താണ് കുഴപ്പം എന്ന സ്വതഃസിദ്ധമായ പങ്കുവെപ്പിന്റെ ആഹ്ലാദം അനുഭവിക്കുകയായിരുന്നു മുസ്‌ലിം സമൂഹം. അടുത്ത ഘട്ടത്തില്‍ തങ്ങളുടെ ക്വാട്ടയും പണവും കുറച്ചുകൊണ്ട് വീണ്ടും പുതിയ അവകാശികളെത്തിയപ്പോഴും ഇനി അതു പറഞ്ഞ് രംഗം വഷളാക്കണ്ട എന്ന പ്രശ്‌നമൊഴിവാക്കല്‍ നിലപാട് സ്വീകരിച്ചു. പക്ഷേ ഇത്തരം സ്‌നേഹവായ്പുകളൊന്നും പുതിയ പുതിയ അവകാശവാദങ്ങളുമായി വന്ന ക്രൈസ്തവ നേതൃത്വത്തെ തരിമ്പും സ്വാധീനിച്ചില്ല എന്ന സങ്കടകരമായ യാഥാര്‍ഥ്യത്തില്‍നിന്നാണ് മുസ്‌ലിം സമൂഹത്തില്‍ പുതിയ തിരിച്ചറിവുകളുണ്ടാകുന്നത്. വികാരാവേശങ്ങളല്ല, നിലപാടുകളുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആണ് സാമൂഹിക-രാഷ്ട്രീയ രംഗത്ത് പ്രധാനമെന്ന പാഠമാണ് പുതിയ സംഭവങ്ങള്‍ മുസ്‌ലിം സമൂഹത്തിന് നല്‍കുന്നത്. ഈ പാഠമാണ് മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനത്തിന്റെ ഫോക്കസ് സംബന്ധിച്ച പുതിയ ആലോചനകളിലേക്കുള്ള പ്രവേശിക.
മുസ്‌ലിം കേന്ദ്രീകൃത രാഷ്ട്രീയം
എഴുപത് വര്‍ഷക്കാലത്തെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അനുഭവത്തില്‍ നിന്നു കൊണ്ട്, ഏറെ മാറിക്കഴിഞ്ഞ പുതിയ രാഷ്ട്രീയ പരിസരത്ത് മുസ്‌ലിം രാഷ്ട്രീയം സ്വീകരിക്കേണ്ട ഈ ഫോക്കസിനെ നമുക്ക് മുസ്‌ലിം കേന്ദ്രിത രാഷ്ട്രീയം (ങൗഹെശാ ഇലിൃേശര ജീഹശശേര)െ എന്നു വിളിക്കാം. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ദലിത് കേന്ദ്രിതമായി ബി.എസ്.പിയും യാദവ കേന്ദ്രിതമായി എസ്.പിയുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനര്‍ഥം ആ സമുദായക്കാര്‍ മാത്രമേ അതിലുള്ളൂ എന്നോ അവരുടെ കാര്യം മാത്രമേ അവര്‍ ഏറ്റെടുക്കൂ എന്നോ അല്ല. മറ്റുള്ളവ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ പ്രാഥമികമായി തങ്ങളുടെ ഇീൃല ഇീിേെശൗേലിര്യയുടെ അന്തസ്സോടെയുള്ള സാമൂഹിക നിര്‍വഹണം അവയുടെ മുഖ്യ പ്രവര്‍ത്തനമായി വരുന്നു. ഈ ഒരു സ്‌പേസ് മുസ്‌ലിം രാഷ്ട്രീയത്തിന് കൂടി ലഭ്യമാക്കണം എന്നാണ് പറയുന്നത്. മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അകാലി ദളിനുള്ളതു പോലെ പോലും ഈ സ്‌പേസ് അനുവദിച്ചുകിട്ടുകയില്ല എന്നതിനാല്‍ ആ സ്‌പേസ് ആര്‍ജിച്ചെടുക്കാനുള്ള ധൈര്യം കാണിക്കുക എന്നതാണ് മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളില്‍നിന്നുണ്ടാവേണ്ടത്. ഈ ധൈര്യം കാണിക്കുന്നില്ലെങ്കില്‍ മുസ്‌ലിംകളുടെ ഏതു രാഷ്ട്രീയ പ്രതിനിധാനവും മോദിക്കാലത്ത് വളരെ പെട്ടെന്ന് മേധാശക്തി പുലര്‍ത്തുന്ന ഹിന്ദുത്വ അന്തരീക്ഷത്തില്‍ വിധേയപ്പെടലിലേക്ക് മാറുകയും മുസ്‌ലിം അരികുവല്‍ക്കരണം എളുപ്പമാവുകയും ചെയ്യും. മുസ്‌ലിം പ്രശ്‌നങ്ങളെ ന്യൂനപക്ഷപ്രശ്‌നം എന്ന് വിളിച്ചതു പോലെ, മുസ്‌ലിം പ്രശ്‌നത്തെ ദലിത് പിന്നാക്ക ന്യൂനപക്ഷ പ്രശ്‌നം എന്നു പറഞ്ഞ് അഭിമുഖീകരിക്കുമ്പോള്‍ മുസ്‌ലിം പ്രശ്‌നം വീണ്ടും അദൃശ്യവല്‍ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നാണ് പരാതി. മുസ്‌ലിംകള്‍ക്കു ലഭിക്കുന്നവക്കു കൂടുതല്‍ ദൃശ്യത ലഭിക്കുകയും അവര്‍ അനുഭവിക്കുന്ന വിവേചന പ്രശ്‌നങ്ങള്‍ അദൃശ്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം മാറണമെങ്കില്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ മറ്റൊന്നിനോട് ചേര്‍ത്തു പറയാതെ അവതരിപ്പിക്കപ്പെടണം എന്ന് ചുരുക്കം.
തുല്യ പൗരന്‍ എന്ന അഭിമാന ബോധം
സ്വാതന്ത്ര്യത്തിനു ശേഷം ഉണ്ടാക്കപ്പെട്ട ഇന്ത്യന്‍ നരേറ്റീവ് മുസ്‌ലിംകളുടെ മേല്‍ കെട്ടിയേല്‍പിച്ച വിഭജനത്തിന്റെ ഭാരം കുടഞ്ഞെറിയുക എന്നതാണ് ഒരു പ്രധാന പടി. നാമിന്ന് കാണുന്ന ഇന്ത്യാ രാജ്യത്തെ രൂപപ്പെടുത്തിയതില്‍ മുസ്‌ലിം സമൂഹം വഹിച്ച അഭിമാനകരമായ പങ്കിനെ ഓര്‍ത്തെടുത്തും അവയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടുമാണ് മുന്നോട്ടു പോവേണ്ടത്. 1940-ലെ രാംഗഢ് കോണ്‍ഗ്രസ് സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തില്‍ മൗലാനാ ആസാദ് ഇന്ത്യാ രാജ്യത്തിന് ഇസ്‌ലാമര്‍പ്പിച്ച ഏറ്റവും വലിയ രണ്ട് സംഭാവനകള്‍ സമത്വ സങ്കല്‍പവും ജനാധിപത്യ ബോധവുമാണ് എന്നാണ് പറഞ്ഞത്. ജാതിവ്യവസ്ഥയുടെ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഇന്ത്യാ മഹാരാജ്യത്തെ മനുഷ്യര്‍ക്ക് ഒന്നിച്ചു നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും തൊടാനും പെരുമാറാനും ഒക്കെയുള്ള സാഹചര്യം സൃഷ്ടിച്ചു എന്നതാണ് ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സംഭാവന. മുസ്‌ലിംകളെ എന്നല്ല ഇസ്‌ലാമിനെ തന്നെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നം, തങ്ങള്‍ സൃഷ്ടിച്ചെടുത്ത സാമൂഹിക അധികാരശ്രേണിയില്‍ നിന്നു കൊണ്ട് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ ഒഴിവാക്കിയ പ്രത്യയശാസ്ത്ര പരിസരമാണ് അത് എന്നതാണ്. ഈ സമത്വബോധം കേവലമായ ഒരു സാമൂഹികമാറ്റത്തിന് അപ്പുറം സാമ്പത്തിക രംഗത്തുള്ള പുരോഗതിക്കും കാരണമായി എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സാമൂഹിക രംഗത്ത് എല്ലാവര്‍ക്കും സമത്വത്തോടുകൂടി പണിയെടുക്കാവുന്ന ഒരു ഘല്‌ലഹ ജഹമ്യശിഴ എശലഹറ സൃഷ്ടിക്കപ്പെട്ടതിന്റെയും അതിനനുസൃതമായ ഒരു വിദ്യാഭ്യാസം നല്‍കുകയും ചെയ്തതിന്റെ ഫലമായി ഔറംഗസീബിന്റെ ഭരണകാലത്തിന്റെ അവസാനമായപ്പോഴേക്കും ലോക ജി.ഡി.പിയുടെ 25 ശതമാനത്തില്‍ കൂടുതല്‍ സംഭാവന ചെയ്യുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നിരുന്നു. ഇന്ത്യയോടൊപ്പം അക്കാലത്ത് ജി.ഡി.പിയില്‍ തോളോടു തോള്‍ ചേര്‍ന്ന് നിന്നിരുന്ന ചൈന ഇന്നും സാമ്പത്തികശക്തിയായി തുടരുകയും ഇന്ത്യ ദരിദ്ര നാരായണന്മാരുടെ രാജ്യമാവുകയും ചെയ്തതിനു പിറകില്‍ 190 വര്‍ഷത്തെ കൊളോണിയല്‍ ഭരണവും അതിനു ശേഷമുണ്ടായ സവര്‍ണാധിപത്യം അന്തര്‍ധാരയായി വര്‍ത്തിച്ച ഇന്ത്യന്‍ രാഷ്ട്രീയ ക്രമവും ആണ് എന്ന ബോധ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമാവണം. ഇപ്പോഴത്തെ കാലത്ത് പോലും കേരളം പോലുള്ള പ്രദേശങ്ങളില്‍ ഗള്‍ഫിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പുരോഗതിയുടെ ഗുണഫലം എല്ലാവര്‍ക്കും അനുഭവിക്കാനായതിന്റെ താത്ത്വികമായ അടിസ്ഥാനം ഇസ്‌ലാമിന്റെ മനുഷ്യസ്‌നേഹവും വിധിവിശ്വാസവുമൊക്കെയാണെന്ന് മനസ്സിലാക്കാം.
ചുരുക്കത്തില്‍, നാം ഇന്ന് കാണുന്ന ഇന്ത്യയുടെ പാരമ്പര്യം കഴിഞ്ഞ ആയിരം കൊല്ലത്തെ മേല്‍പറഞ്ഞ സാമൂഹിക, സാമ്പത്തിക ഔന്നത്യത്തിനൊപ്പം അതിനു വേണ്ട വിദ്യാഭ്യാസ പരിശീലന പദ്ധതികള്‍ കൂടി ചേര്‍ന്ന് രൂപപ്പെടുത്തിയതാണെന്നും അതില്‍ പ്രധാന പങ്ക് വഹിച്ചത് ഇസ്‌ലാമിക സംസ്‌കാരമാണെന്നും കൃത്യതയോടെ പറയാനാവണം. സമാധാനപരമായ സഹവര്‍ത്തിത്വം എന്നത് നവോത്ഥാനന്തര യൂറോപ്പിന്റെ സംഭാവനയാണെന്ന പ്രചാരണത്തെ കൊളോണിയല്‍പൂര്‍വ മുസ്‌ലിം ഭരണകാല അനുഭവം നിഷേധിക്കുന്നുണ്ട്. രാജഭരണ കാലത്ത് പോലും സഹവര്‍ത്തിത്വത്തിന്റെ അനുഭവങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ മുസ്‌ലിം പരിസരത്തിന് സ്വതന്ത്ര ജനാധിപത്യത്തിന്റെ കാലത്ത് അതിലേറെ മെച്ചപ്പെട്ട സംഭാവനകളര്‍പ്പിക്കാന്‍ കഴിയും എന്ന് കാണിക്കുകയാണ് മുസ്‌ലിം സെന്‍ട്രിക് പൊളിറ്റിക്‌സിന്റെ ദൗത്യം.
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ അനുഭവം
ബ്രിട്ടീഷ് ഗവണ്‍മെന്റ്, ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നിവ ചേര്‍ന്നുണ്ടാക്കിയ ധാരണയുടെ പുറത്ത് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ സങ്കലിത ദേശീയതയില്‍ വിശ്വാസമര്‍പ്പിച്ച് ഇവിടെ തുടരാന്‍ തീരുമാനിച്ചവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ നിരവധി ചര്‍ച്ചകള്‍ക്കു ശേഷം ഭരണഘടനയിലൂടെ ലിഖിത രൂപത്തിലായ ഈ ഉറപ്പ് പിന്നീട് പല ഘട്ടങ്ങളിലായി അലീഗഢ് പോലുള്ള വിഷയങ്ങളിലെ ചര്‍ച്ചകളിലൂടെ പാര്‍ലമെന്റില്‍ ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ ഇവയൊന്നും പ്രായോഗിക തലത്തില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമായി മാറ്റപ്പെട്ടില്ല എന്നതാണ് അനുഭവം.
ഭരണഘടനയുടെ അക്ഷരങ്ങള്‍ നിലനില്‍ക്കെത്തന്നെ, ഭരണഘടനയുടെ ആമുഖം നീതിയെക്കുറിച്ചും സാഹോദര്യത്തെ കുറിച്ചും നമ്മെ ഓര്‍മപ്പെടുത്തുന്ന അവസരത്തില്‍തന്നെ മുസ്‌ലിംകള്‍ രണ്ടാംതരം പൗരന്മാരായി മാറ്റപ്പെട്ട്, പ്രഖ്യാപനം മാത്രം ബാക്കിയുള്ള ഒരു ഹിന്ദുത്വ രാഷ്ട്രമായി നാം മാറിയതെങ്ങനെയാണ് എന്ന ആലോചനയില്‍നിന്ന് കൂടിയാണ് മുസ്‌ലിം സെന്‍ട്രിക് പൊളിറ്റിക്‌സ് വികസിക്കേണ്ടത്. അതിന്റെ മുന്നിലുള്ള വഴിയിലെ അടുത്ത ഒരു പ്രധാനപ്പെട്ട സ്റ്റെപ്പ് കഴിഞ്ഞ 70 കൊല്ലം എങ്ങനെയാണ് അവരോട് ഇന്ത്യന്‍ റിപ്പബ്ലിക്ക് പെരുമാറിയത് എന്നത് സംബന്ധിച്ച് ഒരു ചോദ്യം പൊതുസമൂഹത്തോട് ഉന്നയിക്കുക എന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ കൂടിയ അളവില്‍ തടസ്സപ്പെടുത്തിയത് ഇവിടെ നടന്ന നിരവധി മുസ്ലിം വിരുദ്ധ വര്‍ഗീയകലാപങ്ങളാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിവധാനന്തരമുള്ള ചെറിയ ഇടവേളയൊഴിച്ചാല്‍ കൂടെക്കൂടെ ഓരോ വ്യവസായ നഗരങ്ങളിലും അവിടങ്ങളിലെ മുസ്‌ലിം കുടില്‍ വ്യവസായങ്ങളുടെ നട്ടെല്ലൊടിക്കുന്ന രീതിയില്‍ ആവര്‍ത്തിക്കപ്പെട്ട കലാപങ്ങള്‍ ഒന്നില്‍ പോലും പ്രതികളായ ആര്‍.എസ്.എസുകാരെ ശിക്ഷിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞില്ല. കലാപങ്ങളൊന്നടങ്ങിയ തൊണ്ണൂറുകള്‍ മുതല്‍ ദുരൂഹമായ സ്‌ഫോടനങ്ങളുടെയും അറസ്റ്റുകളുടെയും പരമ്പരയായി. ഇവയില്‍ പലതിലും ജയിലിലായവര്‍ പത്തും പതിനഞ്ചും കൊല്ലങ്ങള്‍ക്കു ശേഷം നിരപരാധികളെന്നു കണ്ട് വിട്ടയക്കപ്പെടുകയായിരുന്നു. അതായത്, തങ്ങളുടെ ജീവിത നിലവാരമുയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കാനും ആസൂത്രണം ചെയ്യാനും സുരക്ഷാ ഭീഷണിയൊഴിഞ്ഞ് മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസ് ഭരണകാലത്തു തന്നെ അവസരം കിട്ടിയിട്ടില്ല. 2014-ല്‍ മോദി അധികാരത്തിലേറിയതു മുതല്‍ ഹിന്ദുത്വ ഭ്രാന്ത് മൂത്ത ആളുകള്‍ മുസ്‌ലിംകളെ പരസ്യമായി തല്ലിക്കൊല്ലുന്നതു പോലും വാര്‍ത്തയല്ലാതാവുകയും ചെയ്തു. കാര്യങ്ങളുടെ പരിണതി ഇങ്ങനെയായിരിക്കെ, കാര്യങ്ങളൊക്കെ ഭദ്രമാണെന്ന ഭരണകൂടഭാഷ്യം ആവര്‍ത്തിക്കുന്നതിനു പകരം ഭരണഘടനാ നിര്‍മാണ സഭ മുതല്‍ നല്‍കപ്പെട്ട ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും ഭരണഘടനയിലെ അക്ഷരങ്ങള്‍ കൊണ്ട് മാത്രം സുരക്ഷ ഉറപ്പായില്ലെന്നും പൊതു സമൂഹത്തില്‍ നിരന്തരമായി ആവര്‍ത്തിച്ച് ഉന്നയിക്കാന്‍ മുസ്‌ലിം രാഷ്ട്രീയത്തിനാവണം.
ഇത് കേവലം മുസ്‌ലിം സമുദായത്തിന്റെ മാത്രം ആവശ്യമല്ല; ഒരു ന്യൂനപക്ഷ സമൂഹത്തോട് അന്തസ്സോടെ പെരുമാറി ഇന്ത്യ ഒരു സമത്വാധിഷ്ഠിത സമൂഹമായി മാറുന്നതിന്റെ ഭാഗമാണ്. തങ്ങളിലെ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തിന് ഘല്‌ലഹ ജഹമ്യശിഴ എശലഹറ ഒരുക്കി രാജ്യത്തെ കൊളോണിയല്‍കാല പൂര്‍വ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമാണ്.
അനുഭവങ്ങളെ മുന്‍നിര്‍ത്തി സംസാരിക്കാം
സോഷ്യല്‍ മീഡിയയുടെ കാലത്ത് സംഭവിച്ചിരിക്കുന്ന ഒരു ദുരന്തം, തങ്ങളുടെ അനുഭവത്തിലുള്ള ഇസ്‌ലാമിനും മുസ്‌ലിമിനും പകരം, തങ്ങള്‍ 'വാട്ട്‌സ്ആപ് യൂനിവേഴ്‌സിറ്റി'യിലൂടെ മാത്രം അറിഞ്ഞ ഭയക്കേണ്ടതും വെറുക്കേണ്ടതുമായ ഒരു ഇസ്‌ലാമും മുസ്‌ലിമും ഉണ്ടെന്ന് മുസ്‌ലിമേതര സമൂഹങ്ങളില്‍ പെട്ടവര്‍ വിചാരിക്കുന്ന പ്രചണ്ഡമായ പ്രചാരണങ്ങളുടേതാണ്. അതിന്റെ ഫലമായി സിറിയയിലേക്ക് പോയതായി തങ്ങളറിയുന്നത് മൂന്ന് പെണ്‍കുട്ടികളാണെങ്കിലും അറിയാത്ത നൂറുകണക്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പോയിട്ടുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. കേരള രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയാര്‍ന്ന സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കളായ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇസ്‌ലാമികാധിപത്യം വരുമെന്ന് അവര്‍ ഭയക്കുന്നു. ഈ ഭയങ്ങളില്‍ പലരും കുടുങ്ങിപ്പോകുന്നതാണെങ്കില്‍ ഈ ഭയം ഉല്‍പാദിപ്പിക്കുന്ന മതനേതൃത്വങ്ങള്‍ തന്നെ ഉണ്ട് എന്നതും യാഥാര്‍ഥ്യമാണ്. അതിനാല്‍ തെറ്റിദ്ധാരണ നീക്കല്‍ ശ്രമങ്ങള്‍ കൊണ്ട് മാത്രം ഇല്ലാതാവുന്നതല്ല പ്രശ്‌നം.
മറിച്ച് ഇന്ത്യയില്‍, കേരളത്തില്‍ വിശേഷിച്ചും ഇതുവരെ നമ്മള്‍ അനുഭവിച്ച ഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും അടിസ്ഥാനത്തിലാണ് ആശയവിനിമയം നടക്കേണ്ടത്. അതിന് മുന്‍കാലത്തെ കുറിച്ച് കൊളോണിയല്‍ വ്യാഖ്യാനങ്ങള്‍ നല്‍കിയ മാപ്പുസാക്ഷി മനോഭാവമില്ലാതെ ധൈര്യപൂര്‍വം സംവദിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നിലപാടാണ് ആവശ്യം. മാനുഷികമായ ഏറ്റക്കുറച്ചിലുകള്‍ക്കും പരിമിതികള്‍ക്കുമപ്പുറത്ത് സമത്വമെന്ന മഹിതമായ ആശയം നല്‍കി രാജ്യത്തെ സാമ്പത്തികമായി വളര്‍ത്തിയ ആശയ പരിസരമേത്, കഴിഞ്ഞ നാല്‍പതഞ്ചോളം വര്‍ഷമായി കേരളത്തെ പട്ടിണി കിടക്കാതെ ജീവിക്കാന്‍ പാകത്തില്‍ ഗള്‍ഫ് പണത്തിന്റെ മെച്ചങ്ങള്‍ സമുദായഭേദമന്യേ അനുഭവിപ്പിച്ച സാംസ്‌കാരിക മൂല്യങ്ങളേത് എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ നടക്കണം. അവയുടെ തുടര്‍ച്ച അനുഭവിപ്പിക്കാന്‍ ത്രാണിയുണ്ടെന്ന് കരുതുകയും തദടിസ്ഥാനത്തില്‍ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് മുസ്‌ലിം സെന്‍ട്രിക് പൊളിറ്റിക്‌സ്.
ഉള്‍വലിയലല്ല; ഉള്‍ച്ചേരല്‍
മുസ്‌ലിം കേന്ദ്രിത രാഷ്ട്രീയമെന്നത് ഇതുവരെ പ്രാക്ടീസ് ചെയ്തുവന്നതില്‍നിന്ന് തീര്‍ത്തും ഭിന്നമായ ഒരു രീതിയല്ല. തങ്ങളാഗ്രഹിച്ചതല്ലെങ്കിലും ഇപ്പോള്‍ എത്തിപ്പെട്ട ഈ അവസ്ഥയെ തങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനത്തിനും അതുവഴി രാഷ്ട്ര പുരോഗതിക്കും ഉപയോഗിക്കാനുള്ള പ്രത്യുല്‍പന്നമതിത്വമാണ് മുസ്‌ലിം കേന്ദ്രിത രാഷ്ട്രീയം കാണിക്കേണ്ടത്. മുസ്‌ലിം എന്നത് ഒരു പ്രശ്‌ന കേന്ദ്രമാണെന്ന ആരോപണം പരസ്യമായാണ് പൊതു മണ്ഡലത്തില്‍ ഉയര്‍ത്തപ്പെടുന്നത്. നിങ്ങളാഗ്രഹിച്ചാലും ഇല്ലെങ്കിലും മുസ്‌ലിം എന്ന പേര് നെഗറ്റീവായ അര്‍ഥത്തില്‍ ഉന്നയിക്കപ്പെടുകയാണ്. അപ്പോള്‍ മുസ്‌ലിം പ്രതിനിധാനത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്ന ഗുണങ്ങളെന്തെന്ന് നാടിനെ ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടുകളെയാണ് മുസ്‌ലിം സെന്‍ട്രിക് പൊളിറ്റിക്‌സ് വെളിപ്പെടുത്തുക.
നേരത്തേയുള്ളതില്‍നിന്ന് കുറേക്കൂടി സത്യസന്ധമായും തുറന്ന രീതിയിലും കാര്യങ്ങളെ അവതരിപ്പിക്കാവുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. 15 കൊല്ലം മുമ്പ് മുസ്‌ലിം പ്രശ്‌നപരിഹാരത്തെ ന്യൂനപക്ഷ പ്രശ്‌നമാക്കിക്കണ്ട് ചികിത്സ തുടങ്ങിയതിന്റെ ആഘാതത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്‌ലിംകള്‍ക്കായുള്ള പദ്ധതികള്‍ അങ്ങനെ തന്നെ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാനുള്ള തലത്തിലേക്ക് മുസ്‌ലിം പ്രതിനിധാനങ്ങള്‍ വളര്‍ന്നത് ഈ മാറിയ സാഹചര്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
ഇത്തരമൊരു രാഷ്ട്രീയം വര്‍ഗീയ പ്രവര്‍ത്തനമാവില്ലേ എന്ന സംശയം നമ്മുടെ പൊതുബോധം ഉയര്‍ത്തിയേക്കും. മുസ്‌ലിം രാഷ്ട്രീയത്തിന് കര്‍തൃത്വമനുവദിച്ചുകൊടുക്കാതെ, അവര്‍ എന്നും തങ്ങള്‍ വിടര്‍ത്തി കൊടുക്കുന്ന സംരക്ഷണച്ചിറകിനുള്ളില്‍ കഴിയേണ്ടവരാണെന്ന ബോധത്തില്‍നിന്നാണ് പാര്‍ട്ടികള്‍ ഈ സംശയം ഉന്നയിക്കുന്നത്. വിഭജനാനന്തരം കാല്‍ നൂറ്റാണ്ടോളം അതിന്റെ ഉത്തരവാദിത്തം ആരോപിക്കപ്പെട്ട മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തന ചരിത്രം നമ്മുടെ മുമ്പിലുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വാദിച്ചപ്പോള്‍ തന്നെ വിവിധ സമുദായ വിഭാഗങ്ങളുമായി ഉറ്റ ചങ്ങാത്തം അവര്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസ് പക്ഷമടക്കം വില്ലനായി ചിത്രീകരിക്കുന്ന ഉവൈസിയുടെ പ്രവര്‍ത്തന രീതി നോക്കൂ; സമുദായത്തിനു പുറത്തുള്ളവരെ ആദരവോടെ പരിഗണിച്ചും ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും പാര്‍ലമെന്ററി വ്യവഹാരങ്ങളില്‍ ഇത്ര ശക്തമായി ഇടപെടുന്ന ആളില്ലെന്ന് തോന്നുന്നു. മുസ്‌ലിം ലീഗ് പക്ഷം തന്നെ തീവ്രമുദ്ര കുത്തി പുറത്താക്കിയ സുലൈമാന്‍ സേട്ടിന്റെ ഐ.എന്‍.എല്‍ ഇന്ന് കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷമെങ്കിലും സി.പി.എം മുന്നണിയുടെ ഭാഗമാണ്. പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവയൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സ്വീകരിച്ച ശൈലി ഒരിക്കലും സാമൂഹികൈക്യത്തെ തകര്‍ക്കുന്നതായിരുന്നില്ലെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. പുറത്തുള്ളവരെ നിന്ദ്യതയോടെയും വംശവെറിയോടെയും കാണാന്‍ കഴിയാത്ത ഒരു മൂല്യപരിസരം മുസ്‌ലിം മുന്‍കൈയിലെ രാഷ്ട്രീയ രൂപങ്ങള്‍ക്ക് ഉണ്ട് എന്നതായിരുന്നു അവയുടെ ഏറ്റവും വലിയ മൂലധനം. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.
ഇതിനായി ഇനിയും പുതിയൊരു പാര്‍ട്ടി വേണമെന്നില്ല; ഈ മൂലധനത്തെ ആധാരമാക്കി നിലവിലുള്ള പാര്‍ട്ടികള്‍ക്കും സംവിധാനങ്ങള്‍ക്കും തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പുനഃസംവിധാനിക്കാവുന്നതേയുള്ളൂ. സ്വന്തം നിലയില്‍നിന്നോ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായിക്കൊണ്ടോ തന്നെയുള്ള പ്രവര്‍ത്തനമാവുമത്. ആര് ഇത് ഏറ്റെടുക്കുന്നു എന്നത് ഓരോരുത്തരുടെയും ചോയ്‌സാണ്. പക്ഷേ, ഇത് ഏറ്റെടുക്കാതെ ഒരു മുസ്‌ലിം രാഷ്ട്രീയ രൂപത്തിനും മുന്നോട്ടു വഴിയില്ലെന്നതാണ് ഇപ്പോള്‍ കാണുന്ന കാഴ്ച. കാഴ്ചക്കപ്പുറമുള്ള ദീര്‍ഘദൂരം ആലോചനകളിലൂടെയും അനുഭവങ്ങളിലൂടെയും വികസിപ്പിക്കപ്പെടും എന്നതും തീര്‍ച്ച.
Comments