Prabodhanm Weekly

Pages

Search

2021 ജൂലൈ 02

3208

1442 ദുല്‍ഖഅദ് 21

മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പരിസരം

ഇന്ത്യന്‍ രാഷ്ട്രീയം അത്യന്തം മലീമസവും അധാര്‍മികവുമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു. രണ്ട് ഉദാഹരണങ്ങള്‍ പറയാം. യു.പിയില്‍നിന്നുള്ള കോണ്‍ഗ്രസ്സിന്റെ യുവമുഖം, രാഹുല്‍ ഗാന്ധിയുടെ വലംകൈ, മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നൊക്കെ വിശേഷണമുള്ള ജിതിന്‍ പ്രസാദ കഴിഞ്ഞ ജൂണ്‍ ഒമ്പതിന് കോണ്‍ഗ്രസ് വിടുന്നു, നേരെ പോയി ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നു. അദ്ദേഹവും കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ജിതേന്ദ്ര പ്രസാദും മുത്തഛനായ ജ്യോതി പ്രസാദുമൊക്കെ പറഞ്ഞുകൊണ്ടിരുന്ന തത്ത്വങ്ങള്‍ പെട്ടെന്നൊരു ദിവസം അപ്പാടെ തുപ്പിക്കളഞ്ഞ് സംഘ് പരിവാര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നു. ഇതേ വിശേഷണങ്ങളൊക്കെ പറയാവുന്ന മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയും കളം മാറിച്ചവിട്ടിയിട്ട് അധികകാലമായിട്ടില്ല. ആ ഗ്രൂപ്പില്‍ പെട്ട രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റ് എപ്പോള്‍ പുറത്തു ചാടുമെന്നേ ഇനി അറിയേണ്ടതുള്ളൂ. മറ്റൊരു ഉദാഹരണം പശ്ചിമ ബംഗാളില്‍നിന്ന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ട് മുമ്പ്, ബി.ജെ.പി അധികാരം പിടിക്കുമെന്ന പ്രതീക്ഷയില്‍ കുറച്ചധികം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും സംഘ് പരിവാര്‍ നിവര്‍ത്തിക്കാട്ടിയ ചാക്കിലേക്ക് എടുത്ത് ചാടിയിരുന്നു. അവരുടെ സകല മോഹങ്ങളും തച്ചുടച്ച് ടി.എം.സി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി. കാലുമാറിയവര്‍ തെരഞ്ഞെടുപ്പില്‍ നിലം തൊട്ടില്ല. ഇപ്പോഴിതാ ഈ കാലുമാറ്റക്കാരൊക്കെ അക്ഷരാര്‍ഥത്തില്‍ ടി.എം.സി ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്; തെറ്റ് പറ്റിപ്പോയി, തങ്ങളെ ഏതു വിധേനയെങ്കിലും ടി.എം.സിയിലേക്ക് തിരിച്ചു കയറ്റേണമേ എന്ന് കേണുകൊണ്ട്. ഒരു ആറ് മാസം കഴിയട്ടെ, എന്നിട്ട് നോക്കാം എന്ന് പറഞ്ഞ് അവരെ ഇപ്പോഴും വെയിലത്ത് നിര്‍ത്തിയിരിക്കുകയാണ് മമതാ ബാനര്‍ജി. ഇതേപോലുള്ള ഒരശ്ലീല കാഴ്ച ലോകത്ത് മറ്റെവിടെയെങ്കിലും കാണുമെന്ന് തോന്നുന്നില്ല.
ഇതില്‍നിന്നൊക്കെ വ്യക്തമാവുന്ന കാര്യം, പ്രസംഗിക്കുന്ന ആദര്‍ശവുമായി ഒരു പാര്‍ട്ടിക്കും ഒരു ബന്ധവും ഇല്ല എന്നതാണ്. അപ്പുറത്ത് എല്ലിന്‍കഷ്ണം ഉണ്ടെന്ന് തോന്നിയാല്‍ മതി ഏതു പാര്‍ട്ടിയുടെ കൊലകൊമ്പനും വാലും മടക്കി അങ്ങോട്ടോടും. ഇന്ത്യയില്‍ ജീവിക്കുന്ന മുഴുവന്‍ ജനസമൂഹങ്ങളെയും വിഡ്ഢികളാക്കിക്കൊണ്ടാണ് രാഷ്ട്രീയ നേതാക്കളുടെ ഈ മറുകണ്ടം ചാടല്‍. ഇതില്‍ ഏറ്റവും കൂടുതല്‍ വിഡ്ഢികളാക്കപ്പെടുന്ന സമുദായമാണ് മുസ്‌ലിംകള്‍ എന്നു കൂടി പറയണം. തെരഞ്ഞെടുപ്പിലോ അധികാര പങ്കാളിത്തത്തിലോ ഒരു തരത്തിലുള്ള കര്‍തൃത്വവും അവര്‍ക്ക് നല്‍കപ്പെടുന്നില്ല. രാഷ്ട്രീയക്കാര്‍ക്ക് കളിക്കാനുള്ള കരുക്കള്‍ മാത്രമാണവര്‍. വിശുദ്ധ വേദഗ്രന്ഥം അവരോട് പറയുന്നത്, നിങ്ങള്‍ നീതിക്കും ധര്‍മത്തിനും വേണ്ടി നിലകൊള്ളണം എന്നാണ്. നീതിക്കും ധര്‍മത്തിനും വേണ്ടിയുള്ള പോരാട്ടം ഒരു രാഷ്ട്രീയ പോരാട്ടം കൂടിയാണല്ലോ. പക്ഷേ അതിന്റെ ഒരു ലാഞ്ഛന പോലും എങ്ങും കാണാനില്ല. സ്വന്തം അസ്തിത്വവും പൗരത്വവും വരെ ചോദ്യം ചെയ്യപ്പെടുന്ന ഈ സന്ദിഗ്ധ ഘട്ടത്തില്‍ പോലും സമുദായത്തില്‍ കാണുന്ന നിസ്സംഗതയും ദിശാബോധമില്ലായ്മയും ഞെട്ടിക്കുന്നതാണ്. യു.പിയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അധികാരം നിലനിര്‍ത്താന്‍ ഫാഷിസ്റ്റ് ശക്തികള്‍ ഇപ്പോഴേ പണി തുടങ്ങിക്കഴിഞ്ഞു; പതിവുപോലെ വംശീയാക്രമണങ്ങള്‍, വര്‍ഗീയ ധ്രുവീകരണങ്ങള്‍. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം വളരെ നിര്‍ണായകമാണ് ആ തെരഞ്ഞെടുപ്പ്. അതില്‍ സ്വീകരിക്കേണ്ട സ്ട്രാറ്റജിയെക്കുറിച്ച് മുസ്‌ലിം കൂട്ടായ്മകള്‍ എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി ഇന്നേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച് പ്രബോധനം ഒരു ചര്‍ച്ച തുടങ്ങിവെക്കുകയാണ്. ഭിന്ന വീക്ഷണങ്ങള്‍ വിശകലനം ചെയ്യപ്പെടുന്ന ഒരു ചര്‍ച്ചയാക്കി അതിനെ വികസിപ്പിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ സ്വീകരിക്കേണ്ട സ്ട്രാറ്റജികളെക്കുറിച്ച് ഉള്‍ക്കാഴ്ച പകരാന്‍ ഈ ചര്‍ച്ച പ്രയോജനപ്പെടുമെന്ന് കരുതുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (34-38)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഈ ഏഴ് ഉപദേശങ്ങള്‍ മുറുകെ പിടിക്കൂ
അബ്ദുര്‍റശീദ് നദ്‌വി