'അസ്സ്വഹാബ'യുടെ ഈണതീര്‍ഥങ്ങള്‍
താങ്കള്‍ പാടുക, ഹസ്സാനുബ്‌നു സാബിത്... എന്ന് പാട്ടെഴുതിപ്പാടുന്ന അനുചരനോട് പ്രവാചകന്‍ ചൊല്ലിയതെന്തിനാവും; കവിതയെയും ഗദ്യത്തെയും കവിഞ്ഞുനില്‍ക്കുന്ന ഖുര്‍ആനിന്റെ അവതരണത്തിനു ശേഷവും? പ്രഭാഷണങ്ങള്‍ക്കും വായനക്കും ആവാത്തത് പകരാനാണല്ലോ കവിത. പ്രത്യക്ഷത്തില്‍ ഊഷരമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ കാലമെന്ന് പ്രസംഗങ്ങള്‍ പഠിപ്പിച്ച പ്രവാചകന്റെയും സഹചരരുടെയും 'ജീവിതാധാരയില്‍ ചേര്‍ത്ത സംഗീത'ത്തെ അനുഭവിപ്പിക്കുകയാണ് എസ്.ഐ.ഒ പുറത്തിറക്കിയ 'അസ്സ്വഹാബ- അറിവിന്റെ പാട്ടുകള്‍' ആല്‍ബം. സ്വഹാബത്തിനെ കുറിച്ചും പ്രമുഖരായ ഏഴു സ്വഹാബിമാരെ കുറിച്ചുമുള്ള 'മധുരത്തേനു'-കളാണ് ജമീല്‍ അഹ്മദിന്റെയും കൂട്ടുകാരുടെയും ഏഴു പാട്ടുകളുടെ ഈ കെട്ട്.
നിശിതമായ നീതിബോധം സമ്മാനിച്ച വീട്ടിനകത്തെ ദാരിദ്ര്യക്കയത്തില്‍നിന്ന് ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ അകതാരില്‍ മൊട്ടിട്ടു വളരുന്ന മുന്തിരിമോഹം പ്രിയതമയോട് പങ്കുവെക്കുന്ന വരികളുണ്ടല്ലോ; 'ഉണ്ട് സഖീ ഖല്‍ബിലൊരാശ...' ഈ വരികളല്ലാതെ ആ വികാരവായ്പുകളെ മലയാളത്തിന് അനുഭവിപ്പിച്ച ഭാഷയുണ്ടോ! പാട്ടിനും സംഗീതത്തിനും മാത്രമേ അത്രയുമളവില്‍ മനസ്സുകളെ തരളിതമാക്കാനും കണ്ണുകളെ നനയിപ്പിക്കാനുമാവൂ. അസ്സ്വഹാബയും നല്‍കുന്നത് അതുതന്നെയാണ്. അസ്സ്വഹാബ വിപ്ലവഗാനമല്ല, വിപ്ലവം നടത്താന്‍ അവരെ പ്രാപ്തരാക്കിയ ജീവിതത്തിന്റെ 'ഈണതീര്‍ഥങ്ങള്‍' നുകര്‍ന്നു നല്‍കുന്ന അറിവിന്റെ പാട്ടുകളാണ്. ആരുടെയും ഹൃദയത്തിന്റെ അടിയിലെവിടെയോ കിടന്നുറങ്ങുന്ന വിത്തിനെ പിളര്‍ത്തി വിപ്ലവത്തിന്റെ 'സുന്ദര നാമ്പുകള്‍' ആകാന്‍ ഈ വരികള്‍ക്ക് ശേഷിയുണ്ട്.
'യൂഫ്രട്ടീസിന്റെ തീരത്തെ ആട്ടിന്‍കുട്ടി'യെ പതിവ് ആഖ്യാനങ്ങളില്‍നിന്നെടുത്ത് 'ഉലകില്‍ ഒരാട്ടിന്‍കുട്ടി കരഞ്ഞാല്‍, ഉടയവനെന്നെ ശിക്ഷിക്കു'മെന്ന് ആത്മഗതം ചെയ്യുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)നെ 'ഉമറുഖലീഫ'യാക്കിയ രചയിതാവ് ജമീല്‍ അഹ്മദ് മുസ്‌ലിം വാമൊഴിയെ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു. ആ ഒരു വാക്കില്‍ മലയാളത്തിലെ മുസ്‌ലിം 'വീഴും', വിശേഷിച്ചും മലബാറില്‍.
മദീനയില്‍ കടുത്ത ക്ഷാമം പിടിപെട്ട സമയത്ത് സിറിയയില്‍നിന്നെത്തിയ കച്ചവടമുതലുകളെല്ലാം അദ്ദേഹം ദാനം ചെയ്തു എന്ന ഒറ്റവാചകത്തിലൊതുങ്ങുന്നതായിരുന്നു നമുക്ക് ആ ക്ഷാമവും ഉസ്മാനും(റ). ശ്രോതാക്കളെന്നും അതിനു പുറത്തായിരുന്നു. പക്ഷേ, മൂന്നാമത്തെ ഗാനം നമ്മിലൂടെ കടന്നുപോകുമ്പോള്‍ ആ ക്ഷാമത്തിന്റെ തീവ്രതയനുഭവിക്കുന്നു. അതിലേറെ സുന്ദരമാണ് 'ഓരോ കുടിലിലും അഹ്ലാദത്തിന്‍ ഹംദ് വെളിച്ചം വിതറു'മ്പോള്‍ ആ ഖാഫിലക്കൊപ്പം പാട്ടുകേട്ടുള്ള നമ്മുടെ ആ ഇരിപ്പ്.
സത്യാന്വേഷണത്തിന്റെ സന്ദിഗ്ധമായ നീണ്ടയാത്രകള്‍ക്കൊടുവില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും കണ്ടെത്തുന്ന സല്‍മാനുല്‍ ഫാരിസിയുടെ നെടുവീര്‍പ്പിന് ഇത്രമേല്‍ സൗന്ദര്യമുണ്ടെന്ന് 'മദീനത്തെ കാരക്ക മധുരം തേടി, പേര്‍ഷ്യന്‍ മണല്‍ക്കാടും മുറിച്ചെത്തിയ കുളിര്‍ക്കാറ്റൊന്ന്' പാടിത്തരുന്നു.
'സാന്ത്വനം കൊള്‍ക ഹേ യാസിര്‍ കുടുംബമേ; സ്വര്‍ഗം നിങ്ങള്‍ക്കുള്ളതത്രെ' എന്നു തുടങ്ങുന്ന വരികളിലുണ്ട് പീഡനപര്‍വങ്ങള്‍ താണ്ടാന്‍ തുണയേകിയ വിശ്വാസത്തിന്റെ സംഗീതമധുരം.
'ധീരതക്കൊരു വെറെ വാക്കായി ചരിതമെഴുതിയ' അലിയ്യുബ്‌നു അബീത്വാലിബിനെ കുറിച്ച വരികള്‍ എത്രമേല്‍ ആസ്വാദ്യകരമാണ്! തന്നെത്തേടിയലഞ്ഞ് ഒടുവില്‍ കൂടെക്കൂട്ടാന്‍ വേണ്ടി പ്രവാചകനു മുമ്പില്‍ പിതാവെത്തുമ്പോഴുള്ള സൈദുബ്‌നു ഹാരിസയുണ്ടല്ലോ; 'പിരിശത്തിനാല്‍ നിറയും കണ്ണീര്‍, തുടച്ച് സൈദ് പറഞ്ഞാന്‍, പ്രിയപ്പെട്ടൊരീ സവിധംവിട്ട് പിരിഞ്ഞെങ്ങ് ഞാന്‍ വരുവാന്‍'. മനസ്സില്‍ നിറയും സന്ദിഗ്ധതയുടെ സകല ഭാവസാന്ദ്രതയും! ഇതൊക്കെയും ഈ വരികളെ കുറിച്ച് പറയാനാവുന്നതാണ്. പറയാനാവാത്തതിന്റെ ഭാഷയാണല്ലോ കവിത. മറ്റൊരര്‍ഥത്തില്‍ കഴിഞ്ഞുപോയ തലമുറയോട് ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തുകയാണ് ഈ പാട്ടുകള്‍. പരമ്പരാഗത മാപ്പിളപ്പാട്ട് വഴക്കങ്ങളോടും ശീലുകളോടും ഓരോ പാട്ടിനെയും ഇണക്കിനിര്‍ത്തിയിരിക്കുന്നു.
എസ്.ഐ.ഒ തന്നെ പുറത്തിറക്കിയ 'ആദം- അറിവിന്റെ പാട്ടുകളു'ടെ വഴിയില്‍നിന്ന് വഴുക്കാതെ അക്ബര്‍ മലപ്പുറവും ശമീര്‍ ബിന്‍സിയും നഫാദ് സിനാനും ഷാനവാസും സഫൂറാ അക്ബറും 'അസ്സ്വഹാബ'യെ കെട്ടിയൊരുക്കിയപ്പോഴും ഒന്നര പതിറ്റാണ്ടിനിപ്പുറവും 'ഇടയില്‍ പനിനീരൊഴുകും പോലൊരു തെളിനീരിന്റെ കുതിച്ചോട്ടം.'
Comments