Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

ഭരണം അനന്തരമെടുപ്പോ, അതോ നാമനിര്‍ദേശമോ?

റാശിദുല്‍ ഗന്നൂശി

ഇസ്‌ലാമിക രാഷ്ട്രസംവിധാനത്തില്‍ ഭരണാധികാരിയെ സമൂഹം തെരഞ്ഞെടുക്കുന്നു. തന്നില്‍ അര്‍പ്പിതമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍, അഴിക്കാനും കെട്ടാനും യോഗ്യതയുള്ള സമിതി (അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്) അദ്ദേഹത്തെ സഹായിക്കുന്നു. മുഴുവന്‍ സമൂഹവും സഹായഹസ്തവുമായി ഭരണാധികാരിക്കൊപ്പമുണ്ടാകും. രണ്ടു തരം അനുസരണ പ്രതിജ്ഞകള്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. ഒന്നാമത്തേത്, പ്രഗത്ഭര്‍ അടങ്ങിയ ഉപരി സമിതിയുടേതും (ബൈഅ ഖാസ്സ്വ) രണ്ടാമത്തേത്, മുഴുവന്‍ വിശ്വാസികളുടേതും (ബൈഅ ആമ്മ); ഒറ്റ നേതൃത്വത്തിന്റെ കീഴില്‍ അവര്‍ താമസിക്കുന്നത് വിവിധ ഭൂഖണ്ഡങ്ങളിലാണെങ്കിലും. ഇനി വ്യത്യസ്ത രാഷ്ട്രങ്ങളായി ചിതറിയ അവസ്ഥയില്‍ മറ്റേതെങ്കിലും വഴികളുണ്ടോ ഭരണാധികാരിയെ തെരഞ്ഞെടുക്കാനായി?
ഇപ്പോള്‍ കണ്ടുവരുന്ന ഒരു രീതിയെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. നിലവിലുള്ള ഭരണാധികാരി തന്റെ പിന്‍ഗാമിയെ/ അനന്തരാവകാശിയെ (ഇസ്തിഖ്‌ലാഫ്/ വിലായതുല്‍ അഹ്ദ്) പ്രഖ്യാപിക്കുക എന്നതാണത്. പല പണ്ഡിതന്മാരും, ഭരണാധികാരിക്ക് ഈ വിധത്തില്‍ നിശ്ചയിക്കാമെന്നു അതിന് നിയമസാധുതയുണ്ടെന്നും വാദിക്കുന്നു. നിശ്ചയിക്കപ്പെടുന്ന ആള്‍ അടുത്ത ബന്ധുവാകാം, അല്ലാതിരിക്കാം. മാലികീ, ശാഫിഈ, ഹമ്പലീ എന്നീ മദ്ഹബുകള്‍ക്കും മുഅ്തസില, മുര്‍ജിഅ, ഖവാരിജ് വിഭാഗങ്ങള്‍ക്കും ഈ അഭിപ്രായമാണുള്ളത്. ചിലര്‍ ഇക്കാര്യത്തില്‍ ഇജ്മാഅ് (അഭിപ്രായ സമന്വയം) ഉണ്ടെന്നുവരെ പറഞ്ഞുവെച്ചിരിക്കുന്നു.1 എന്നല്ല, ഇബ്‌നു ഹസമിനെപ്പോലുള്ള ഒരു മഹാ പണ്ഡിതന്‍ പറയുന്നത്, ഇതാണ് ഏറ്റവും ശരിയും മികച്ചതുമായ വഴി എന്നാണ്. ഇങ്ങനെ നാമനിര്‍ദേശം ചെയ്യുന്നത് നിലവിലുള്ള ഭരണാധികാരി ആരോഗ്യവാനായിരിക്കുമ്പോഴോ രോഗിയായിരിക്കുമ്പോഴോ മരണാസന്നനായിരിക്കുമ്പോഴോ ഒക്കെ ആവാം. റസൂല്‍ തിരുമേനി അബൂബക്ര്‍ സിദ്ദീഖിനെയും, അബൂബക്ര്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിനെയും, സുലൈമാനുബ്‌നു അബ്ദില്‍ മലിക് ഉമറുബ്‌നുല്‍ അബ്ദില്‍ അസീസിനെയും ഇങ്ങനെ നാമനിര്‍ദേശം ചെയ്തിട്ടില്ലേ എന്നാണവര്‍ ചോദിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും ഇസ്‌ലാമിന്റെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ വ്യവസ്ഥപ്പെടുത്താനും, ആശങ്കപ്പെടുന്ന അഭിപ്രായ വ്യത്യാസങ്ങളും കുഴപ്പങ്ങളും അരാജകത്വവും ഇല്ലാതാക്കാനും ഇതുവഴി കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.2 ഇങ്ങനെ തനിക്കു ശേഷം ഒരാളെ ഭരണാധികാരി ഖലീഫയായി പ്രഖ്യാപിച്ചാല്‍ ആ ഉത്തരവ് നടപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടുന്നു. അബൂബക്ര്‍ തന്റെ പിന്‍ഗാമിയായി ഉമറിനെ നിര്‍ദേശിച്ചപ്പോള്‍ ആ നിര്‍ദേശം പാലിക്കപ്പെടണമെന്ന കാര്യത്തില്‍ സ്വഹാബികള്‍ ഒന്നടങ്കം ഏകാഭിപ്രായക്കാരായിരുന്നല്ലോ.3 ഇതിന് ന്യായമായി വേറെയും ചരിത്രസംഭവങ്ങള്‍ ഉദ്ധരിക്കുന്നവരുണ്ട്. പൊതുതാല്‍പര്യം മുന്നില്‍ വെച്ച് ഇക്കാര്യത്തില്‍ സമവായം ഉണ്ടായിരുന്നതായും അവര്‍ പറയുന്നു.4

ഈ നിലപാട് ശരിയോ?
ഇസ്‌ലാമിക പാരമ്പര്യത്തിലെ രാഷ്ട്രീയ ചിന്തക്കേറ്റ ജീര്‍ണതയായി മാത്രമേ ഈ ചിന്താഗതിയെ കാണാനാവൂ. ഈ വിഷയത്തിലേക്ക് കടക്കുന്ന വ്യക്തികളെ ഈ രോഗാതുര ചിന്ത പിടികൂടുന്നു. അങ്ങനെ ഇസ്‌ലാമിക നാഗരികതയെ ശിഥിലമാക്കിയ ആ കുഴിബോംബില്‍ അവര്‍ കൈവെക്കുന്നു. നമ്മെയും പടുഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നു. സമൂഹഗാത്രത്തിന്റെ ധമനികളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന, അതിന്റെ സകല ശക്തിയും ചോര്‍ത്തിക്കളയുന്ന, അതിന്റെ സ്വപ്‌നങ്ങളെ കരിച്ചുകളയുന്ന ഈ വിഷ വൈറസിനെ പിഴുതുമാറ്റിയെങ്കിലല്ലാതെ, നമ്മുടെ സമൂഹത്തില്‍ പുതിയൊരു നാഗരികത ഉദയം ചെയ്യുമെന്ന പ്രതീക്ഷ വെറുതെ. നാം നമ്മുടെ ശ്രമങ്ങളില്‍ അധികവും ചെലവിടുന്നത് ചിന്താപരമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനോ ഇസ്‌ലാമികാശയങ്ങളുടെ പ്രചാരണത്തിനോ നവോത്ഥാന സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനോ ഒന്നുമല്ല; ഇത്തരം ജീര്‍ണതകളെ അയവെട്ടുന്നതിനും പുനരുല്‍പ്പാദിപ്പിക്കുന്നതിനും കൂടിവന്നാല്‍ അതിനെ എതിര്‍ക്കാന്‍ അതുപോലുള്ള വേറെ ന്യായങ്ങള്‍ കൊണ്ടുവരുന്നതിനും മാത്രമാണ്.
ഈ വിഷത്തില്‍ പേന മുക്കിയാണ് നാം എഴുതുന്നത്; എന്നിട്ട് ഇസ്‌ലാമിന് പുതു ചരിത്രം രചിക്കുകയാണ് എന്ന് ഭാവിക്കുകയും! മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗം അപ്രമാദിത്വത്തെപ്പറ്റി സംസാരിക്കുകയും അതിനെ സിദ്ധാന്തവത്കരിക്കുകയുമാണ്. മറ്റൊരു കൂട്ടര്‍, പേരിനു മാത്രം കൂടിയാലോചന നടത്തുന്ന ഒരു നേതൃത്വത്തെപ്പറ്റി സംസാരിക്കുന്നു. അവര്‍ക്ക് രാഷ്ട്രമെന്നാല്‍ രാഷ്ട്രത്തലവന്‍ തന്നെയാണ്.5 പിന്നെയവര്‍ അധികാരം അനന്തരമായി കൊടുക്കുന്നതിനെക്കുറിച്ചും പിന്‍ഗാമിയെ മുന്‍കൂട്ടി നാമനിര്‍ദേശം ചെയ്യുന്നതിനെപ്പറ്റിയും സംസാരിച്ചു തുടങ്ങും. ഇതൊക്കെ നേരത്തേതന്നെ പ്രമാണങ്ങളില്‍ ഉള്ളതാണല്ലോ, ഇതിലൊക്കെ തര്‍ക്കിക്കാനെന്തിരിക്കുന്നു, എല്ലാമൊന്ന് ഓര്‍മിച്ചാല്‍ തന്നെ പോരേ എന്ന മട്ടാണ് അവര്‍ക്ക്. ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായിപ്പോലും അവരതിനെ കാണുന്നില്ല. ഇത്തരം 'ഇജ്മാഅ് ഇടിത്തീ' തലയില്‍ വന്ന് പതിച്ചുകഴിഞ്ഞാല്‍ നാമെന്ത് ചെയ്യാനാണ്! പിന്‍ഗാമിയെ നിശ്ചയിക്കുന്നതിനും അധികാരം അനന്തരമായി കൊടുക്കുന്നതിനും മുസ്‌ലിം സമൂഹത്തിന്റെ അഭിപ്രായ സമന്വയമുണ്ട് എന്നാണല്ലോ പറയുന്നത്. അതിനര്‍ഥം നമ്മെ സേവിക്കുന്ന ഒരു ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെട്ടു എന്നല്ലേ? ഒരു ഭാഗത്ത് നമ്മള്‍ ശൂറയെ സംബന്ധിച്ച ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും ഉരുവിടുന്നു. മറുവശത്ത് നാം കേള്‍ക്കുന്നത്, ജീര്‍ണതയില്‍ മുങ്ങിക്കിടക്കുന്ന ഇത്തരം സമവായങ്ങളും (ഇജ്മാആത്ത്). പൗരാണിക മതങ്ങളുടെ അനുയായികളെപ്പോലെ നമ്മളും ഉടുമ്പിന്റെ മടയില്‍ ക ടന്നിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയുന്നുമില്ല. തൗറാത്ത് ഭരമേല്‍പ്പിക്കപ്പെടുകയും എന്നിട്ടത് ഏല്‍ക്കാതിരിക്കുകയും ചെയ്യുന്നവരുടെ ഉപമ, ഗ്രന്ഥക്കെട്ടുകള്‍ ചുമക്കുന്ന കഴുതയുടേതാണെന്ന് ഖുര്‍ആന്‍ (അല്‍ ജുമുഅ 5) പറയുന്നുണ്ടല്ലോ; അതുപോലെ ഈ ചിന്താജീര്‍ണത പേറിക്കൊണ്ടാണ്, അല്ലെങ്കില്‍ നൂറ്റാണ്ടുകളുടെ വിവരക്കേടുകള്‍ മലീമസമാക്കിയ കണ്ണടകള്‍ വെച്ചുകൊണ്ടാണ് നാം ഖുലഫാഉര്‍റാശിദുകളുടെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നത്!
ശീഈ പക്ഷക്കാര്‍ പ്രവാചകന്റെ മേല്‍ എന്തെല്ലാമാണ് കെട്ടിച്ചമച്ചതെന്ന് നോക്കൂ. പ്രവാചകന്‍ ഉണ്ടാക്കിയെടുത്ത ശൂറാ സംസ്‌കാരത്തെ അവര്‍ അനന്തരാവകാശമാക്കി മാറ്റിയെടുത്തു; പുത്രന്മാരും പൗത്രന്മാരും അനന്തരാവകാശ സ്വത്ത് കൈപ്പറ്റുന്നതു പോലെ. പരമ പരിശുദ്ധമായ പ്രവാചക കുടുംബത്തിലേക്ക് അധികാരത്തിന്റെ അനന്തരമെടുപ്പ് എന്ന മാലിന്യം ചേര്‍ത്തുവെക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്തൊക്കെ പേരുകള്‍ പറഞ്ഞാലും അത് അനന്തരമെടുപ്പല്ലാതെ മറ്റൊന്നുമല്ല. ഇനി സുന്നി പക്ഷക്കാര്‍ എന്താണ് വാദിക്കുന്നത്? നബി നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുന്നതിന് പകരക്കാരനായി അബൂബക്‌റിനെ നിശ്ചയിച്ചല്ലോ, അത് തനിക്കു ശേഷം ഖലീഫ അദ്ദേഹമാണെന്ന് നാമനിര്‍ദേശം ചെയ്യലാണ്! വളരെ സ്ഫുടമായ ഭാഷയില്‍, ഒട്ടും അവ്യക്തതയില്ലാതെ ആശയവിനിമയം നടത്താന്‍ അസാധാരണ ശേഷിയുണ്ടായിരുന്ന പ്രവാചകന്‍, താന്‍ തന്റെ പിന്‍ഗാമിയെ നിശ്ചയിച്ച കാര്യമെന്തേ തുറന്നുപറയാതിരുന്നത്? പേടിച്ചിട്ടായിരുന്നോ? തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന് പറഞ്ഞുകൂടായിരുന്നോ, എന്റെ പിന്‍ഗാമി അബൂബക്ര്‍ ആയിരിക്കുമെന്ന്?
പ്രവാചകന്റെ വിയോഗാനന്തരം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ സഖീഫയില്‍ യോഗം ചേര്‍ന്നപ്പോള്‍ ഇങ്ങനെയൊരു 'തെളിവ്' അവരാരും നിരത്താതിരുന്നത് എന്തുകൊണ്ട്? നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ അബൂബക്ര്‍ സിദ്ദീഖിനെ നിശ്ചയിച്ചത് ഒരു തെളിവെന്നല്ല, അരത്തെളിവെങ്കിലും ആയിരുന്നെങ്കില്‍ അതവിടെ ഉന്നയിക്കപ്പെടുമായിരുന്നല്ലോ. അതോടെ പ്രശ്‌നത്തില്‍ ഒരു അന്തിമ തീരുമാനത്തിലും എത്താമായിരുന്നു. സഖീഫയിലെ ശൂറാ കൗണ്‍സിലില്‍ ഉമറും അബൂ ഉബൈദയും അബൂബക്ര്‍ സിദ്ദീഖിന്റെ പേര് നിര്‍ദേശിക്കുന്നു, ചൂടേറിയ ഗഹനമായ ചര്‍ച്ചക്കു ശേഷം നാമനിര്‍ദേശം സ്വീകരിക്കപ്പെടുന്നു, പിന്നെ പള്ളിയില്‍ വെച്ചുള്ള പൊതു ബൈഅത്തിലൂടെ പൊതുജനം അതിന് അംഗീകാരം നല്‍കുന്നു- ഇങ്ങനെയല്ലേ അബൂബക്ര്‍ സിദ്ദീഖ് ചുമതലയേല്‍ക്കുന്നത്? ഇതോടെ, ഇനി ആര് ഭരണാധികാരിയാവണമെന്ന് തീരുമാനിക്കാനുള്ള അധികാരം എന്നന്നേക്കുമായി തന്നില്‍ നിക്ഷിപ്തമായിക്കഴിഞ്ഞു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എന്നാണോ നാം കരുതേണ്ടത്? ആ വിശ്വാസത്തോടെയാണോ മരണാസന്നനായിരിക്കെ അദ്ദേഹം ഉമറിന്റെ പേര് നിര്‍ദേശിച്ചത്, തന്റെ സ്വകാര്യസ്വത്തുക്കള്‍ തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കു വേണ്ടി ഒരാള്‍ അനന്തരമായി എഴുതിവെക്കും പോലെ? അങ്ങനെയെങ്കില്‍ പള്ളിയില്‍ വെച്ച് ഉമറിന് പൊതു ബൈഅത്ത് സ്വീകരിക്കേണ്ട കാര്യമെന്തായിരുന്നു? മുസ്‌ലിംകള്‍ ഒരു ആചാരമെന്ന നിലക്ക് ആ ചടങ്ങ് നടത്തി തങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കളഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്? അതല്ല, അവര്‍ തങ്ങളില്‍ അര്‍പ്പിതമായ ഗൗരവമാര്‍ന്ന ഉത്തരവാദിത്തങ്ങളും ചുമതലകളും നിര്‍വഹിക്കുകയായിരുന്നോ? എങ്കില്‍ പിന്നെ അല്ലാഹുവിനോടും പിന്നെ തന്നെ പിന്‍ഗാമിയായി നിശ്ചയിച്ച വ്യക്തിയോടും മാത്രം സമാധാനം പറഞ്ഞാല്‍ മതി എന്നാണോ ഉമര്‍ കരുതിയത്? അതല്ല, സമൂഹത്തിനു മുന്നില്‍ ഉത്തരം ബോധിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്, കാരണം സമൂഹമാണ് തന്നെ ഈ ബാധ്യതയേല്‍പ്പിച്ചത് എന്നാണോ ഉമര്‍ മനസ്സിലാക്കിയത്? അതുകൊണ്ടല്ലേ താന്‍ വഴിതെറ്റുന്നുവെങ്കില്‍ സമൂഹം വാളൂരിയിട്ടാണെങ്കിലും തന്നെ നേര്‍വഴിക്ക് കൊണ്ടുവരട്ടെ എന്ന് അദ്ദേഹം പറഞ്ഞത്?
തനിക്കു ശേഷം ആര് എന്ന ചോദ്യത്തിന്, ഉമര്‍ ഒരാളിലേക്കല്ല, ആറു പേരിലേക്കാണ് വിരല്‍ ചൂണ്ടിയത്. ആ ആറു പേരില്‍ ഒരാളും ഉമറിന്റെ അടുത്ത ബന്ധുവല്ല. കൂട്ടത്തില്‍നിന്നൊരാളെ തെരഞ്ഞെടുക്കാന്‍ അവര്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനെ ശട്ടം കെട്ടുന്നു. ഇനി ആര് ഭരണാധികാരിയാവണമെന്ന് ഞാന്‍ തീരുമാനിക്കും, നമ്മുടെ ഒരു അടുപ്പക്കാരനെ നിശ്ചയിച്ചുകളയാം എന്നാണോ ഇബ്‌നു ഔഫ് വിചാരിച്ചത്? ഇത് മുസ്‌ലിം സമൂഹം തന്നെ ഏല്‍പിച്ച ഉത്തരവാദിത്തമാണെന്നും സമൂഹത്തിലെ സ്ത്രീപുരുഷന്മാര്‍ ആരെ പിന്തുണക്കുന്നുവെന്നറിയാന്‍ അവരുമായെല്ലാം താന്‍ ആശയവിനിമയം നടത്തേണ്ടതുണ്ടെന്നുമാണോ അദ്ദേഹം തീരുമാനിച്ചത്? അടുത്ത ഭരണാധികാരിയായി ഉസ്മാനുബ്‌നു അഫ്ഫാനെയാണ് കൂടുതലാളുകള്‍ പിന്തുണക്കുന്നതെന്നു കണ്ടപ്പോള്‍ ഇബ്‌നു ഔഫ് പൊതു ബൈഅത്തിനായി ജനങ്ങളെ പള്ളിയിലേക്ക് വിളിച്ചുവരുത്തുന്നു. ഭരണാധികാരിയായി വരേണ്ടത് ഉസ്മാനോ അലിയോ എന്ന ചര്‍ച്ച നടക്കുന്നു. ഓരോ സ്ഥാനാര്‍ഥിയുടെയും രാഷ്ട്രീയ നിലപാടറിയാന്‍ നമ്മുടെ കാലത്ത് സംഘടിപ്പിക്കപ്പെടുന്ന ടെലിവിഷന്‍ ചാനല്‍ ചര്‍ച്ച പോലെ തന്നെ! ഇതൊക്കെ കേവലം ചടങ്ങായിരുന്നുവെന്ന് എങ്ങനെ പറയും? യഥാര്‍ഥത്തില്‍ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ ഒരു അസ്തിവാരത്തിന് രൂപം കൊടുക്കുകയായിരുന്നു നമ്മുടെ ആദ്യ തലമുറ. ജ്വലിക്കുന്ന ദീനീ ബോധമാണ് അവര്‍ക്ക് വഴികാട്ടിക്കൊണ്ടിരുന്നത്. പക്ഷേ അവരുടെ പേരമക്കള്‍ക്ക് ആ ഉയര്‍ന്ന നിലവാരത്തിലേക്കെത്താനായില്ല. അവര്‍ കൈസര്‍മാരുടെയും മറ്റു സ്വേഛാധിപതികളുടെയും ജീര്‍ണിച്ച ഗോത്ര പാരമ്പര്യങ്ങളുടെയും 'അധികാരം അനന്തരാവകാശം' എന്ന ആശയത്തിന്റെ വക്താക്കളായി. നൂറ്റാണ്ടുകളുടെ ഇരുട്ട് അവരുടെ കണ്ണുകളെ വന്നു മൂടി. അങ്ങനെ അധികാരം സ്വന്തക്കാര്‍ക്ക് പാരമ്പര്യമായി കൈമാറുന്ന സമ്പ്രദായമേ ഇസ്‌ലാമിലും അവര്‍ക്ക് കണ്ടെത്താനായുള്ളൂ. ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആളുകള്‍ അലിയ്യുബ്‌നു അബീത്വാലിബിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്യമുണ്ട്; 'എന്നെപ്പോലുള്ളവര്‍ പള്ളിയില്‍ വെച്ചല്ലാതെ ബൈഅത്ത് ചെയ്യപ്പെടാവതല്ല' എന്ന്. പിന്നെ എങ്ങനെയാണ് ഈ സച്ചരിതരായ മുന്‍ഗാമികളുടെ പിന്മുറക്കാര്‍ക്ക് ഇത് സ്വന്തം കുടുംബകാര്യമാണ് എന്ന് തോന്നിത്തുടങ്ങിയത്? ബന്ധുക്കള്‍ കുട്ടികളോ ഭ്രാന്തന്മാരോ ആയിരുന്നാല്‍ പോലും അവരെ ഭരണാധികാരം ഏല്‍പിക്കാം എന്ന തീര്‍പ്പില്‍ എത്തിയത്? സച്ചരിതരുടെ ആ കാലം, അത് അക്കാലത്തെ പൊതു മനസ്സിന്റെ ദര്‍പ്പണമായിരുന്നു. സകലവിധ മാമൂലുകളുടെയും പാരമ്പര്യങ്ങളുടെയും ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞു, ഇസ്‌ലാം തുറന്നുവിട്ട ആ മഹാ പ്രവാഹം. പിന്നെപ്പിന്നെ ആ വിപ്ലവശക്തിയൊക്കെയും ചോര്‍ന്നുപോയി. അധികാരം അനന്തരമെടുക്കുന്ന പ്രചാരത്തിലുള്ള രീതി തന്നെ ചില്ലറ ഭേദഗതികളോടെ അവരും സ്വാംശീകരിച്ചു. അക്കാലത്തെ പണ്ഡിതന്മാര്‍ അതിന് ദീനിന്റെ വര്‍ണം നല്‍കി മൊഞ്ചു കൂട്ടി. ഭരണാധികാരിക്ക് അപ്രമാദിത്വം നല്‍കപ്പെട്ടു. അനന്തരാവകാശം പോലെ അത് കുടുംബത്തിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരുന്നു. ഖിലാഫത്ത് എന്നത് അതിന്റെ പുറം പൂച്ച് മാത്രമായി. എല്ലാം കൈപ്പിടിയിലൊതുക്കുന്ന സ്വേഛാധിപത്യങ്ങള്‍ (ഇബ്‌നുഖല്‍ദൂന്റെ ഭാഷയില്‍ 'മുല്‍കുല്‍ അളൂള്') ബാക്കിയായി. ഇസ്‌ലാമിക ശരീഅത്തല്ല ഇവിടെ പ്രതിക്കൂട്ടില്‍. ഓരോ കാലത്തെയും ആചാര സമ്പ്രദായങ്ങള്‍ സ്വാംശീകരിച്ചതുകൊണ്ട് ഉണ്ടായിത്തീര്‍ന്നതാണ് ഈ പരിണതി.
ഖിലാഫത്തുര്‍റാശിദയില്‍ പില്‍ക്കാലത്തുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച പ്രകമ്പനങ്ങളാണ് ഈ നിഷേധാത്മക നിലപാടിനും അതിന്റെ ഫലമായി ഉയര്‍ന്നുവന്ന സര്‍വാധിപത്യങ്ങള്‍ക്കും കാരണം എന്നു കണ്ടെത്താം. ഇസ്‌ലാമിക ചിന്തയുടെ വിമോചനത്വരയെ അത് കെടുത്തിക്കളഞ്ഞു. യാഥാസ്ഥിതികത്വം, പരിഷ്‌കരണത്തോടുള്ള ഭയം, വഴികള്‍ കൊട്ടിയടക്കല്‍ (സദ്ദുദ്ദറാഇഅ്) പോലുള്ളവയാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും മനസ്സുകളില്‍ ആധിപത്യം ചെലുത്തിയത്. അസാമാന്യ പ്രതിഭകളായ ഇമാം ഗസ്സാലി, ഇബ്‌നുതൈമിയ്യ, ഇബ്‌നു റുശ്ദ്, ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു ഹസം പോലുള്ളവരില്‍നിന്നു പോലും ഇതിനെതിരെയുള്ള പ്രതിരോധ ശ്രമങ്ങള്‍ നാം കാണുന്നില്ല. നിലനില്‍ക്കുന്ന ധാരണകള്‍ അവരെയും സ്വാധീനിച്ചിരുന്നതിനാല്‍ അവരുടെ പരിഷ്‌കരണയത്‌നങ്ങളെ അവ വല്ലാതെ ക്ഷീണിപ്പിച്ചുകളയുന്നുണ്ട്. ഇബ്‌നു ഹസമിനെപ്പോലുള്ള ഒരു വിപ്ലവകാരിയില്‍നിന്ന് മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു ഖിലാഫത്ത് സങ്കല്‍പം നമുക്ക് എങ്ങനെയാണ് ഉള്‍ക്കൊള്ളാനാവുക? മുആവിയ തന്റെ കുടുംബക്കാര്‍ക്ക് അനന്തരാവകാശം പോലെ അധികാരം കൈമാറിയത്, ഇസ്‌ലാമിക ചരിത്രം ആഴത്തില്‍ ഡോക്യുമെന്റ് ചെയ്ത ഇബ്‌നു ഹസമിന്റെ ദൃഷ്ടിയില്‍ പെടാതെ പോയത് എന്തുകൊണ്ടാവാം? സ്വഹാബികളുടെ രണ്ടാം തലമുറ സന്നിഹിതരായിരിക്കെ മുആവിയയുടെ അടുപ്പക്കാരനായ ഒരാള്‍ എഴുന്നേറ്റു നിന്ന് ധിക്കാരത്തോടെ മുആവിയയെ ചൂണ്ടി ഇങ്ങനെ പറഞ്ഞല്ലോ; 'ഇതാണ് ഖലീഫ.' പിന്നെ മുആവിയയുടെ അധര്‍മിയായ മകന്‍ യസീദിനെ ചൂണ്ടി: 'മുആവിയ മരിച്ചാല്‍ പിന്നെ ഇദ്ദേഹമാണ് ഖലീഫ.' പിന്നെ അയാള്‍ സ്വന്തം വാളിലേക്ക് വിരല്‍ ചൂണ്ടി: 'ആരെങ്കിലുമിതിനോട് വിസമ്മതിച്ചാല്‍ പിന്നെ ഇതേ വഴിയുള്ളൂ.' ഇതു കേട്ട് മുആവിയ പറഞ്ഞു: 'താങ്കള്‍ ഇരിക്കൂ. സമൂഹത്തിന്റെ പ്രഭാഷകന്‍ തന്നെ താങ്കള്‍.' ഇവിടം മുതലാണ് തിന്മയുടെയും അധര്‍മത്തിന്റെയും പരമ്പര ആരംഭിക്കുന്നത്.6 ഭരണാധികാരിക്ക് അപ്രമാദിത്വം കല്‍പ്പിക്കപ്പെടുന്നതും നാമനിര്‍ദേശത്തിലൂടെ അധികാരത്തില്‍ വാഴിക്കപ്പെടുന്നതും അങ്ങനെ സര്‍വാധിപത്യം രൂപപ്പെടുന്നതും ഇവിടം മുതല്‍ക്ക്. സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും ചെയ്തു. ഭരണാധികാരത്തെക്കുറിച്ച വന്ധ്യമായ ചര്‍ച്ചയില്‍ സമൂഹം അതിന്റെ കഴിവുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടുമിരുന്നു.
എന്നുവെച്ച്, ഖിലാഫത്തിന്റെ ചരിത്രം സ്വേഛാധിപത്യത്തിന്റെ മാത്രം ചരിത്രമായിരുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. സ്വേഛാധിപത്യവും ശൂറായും ഇസ്‌ലാമിക ചരിത്രത്തില്‍ സങ്കലിതമായി നിലകൊണ്ടു. മേല്‍പ്പറഞ്ഞ രാഷ്ട്രീയ അപചയം രാഷ്ട്ര വ്യവഹാരങ്ങള്‍ക്ക് ഇസ്‌ലാമികമെന്ന വിശേഷണം പൂര്‍ണമായി നഷ്ടപ്പെടുത്തിയിരുന്നില്ല. നിയമാധികാരത്തിന്റെ ഉയര്‍ന്ന രൂപം അപ്പോഴും ദൈവിക വിധികള്‍ ആസ്പദിച്ചു തന്നെയായിരുന്നു; അതിനെ അത്ര മാതൃകാപരം എന്ന് വിശേഷിപ്പിക്കാനാവുമായിരുന്നില്ലെങ്കിലും. രാഷ്ട്ര സംവിധാനത്തിന്റെ അടിസ്ഥാനം ശൂറാ ആയിരിക്കുമെന്നതിനെയോ, അഞ്ചു നൂറ്റാണ്ടുകളെങ്കിലും ഇസ്‌ലാമിക സമൂഹത്തില്‍നിന്ന് നിര്‍ഗളിച്ചുകൊണ്ടിരുന്ന ചിന്താ പ്രവാഹത്തെയോ, ഇസ്‌ലാമിക പൗരസമൂഹം നിര്‍വഹിച്ചുകൊണ്ടിരുന്ന റോളിനെയോ ഈ രാഷ്ട്രീയാപചയം റദ്ദു ചെയ്യുകയുണ്ടായില്ല. വിപ്ലവ മുഖരിതമായിരുന്നു അന്തരീക്ഷം. പ്രമാണങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കിയിരുന്നത് പണ്ഡിതന്മാരായിരുന്നു. ആ പ്രമാണങ്ങള്‍ക്കപ്പുറം കടക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല. നീതിന്യായ സംവിധാനവും രാഷ്ട്രസംവിധാനത്തില്‍നിന്ന് പൂര്‍ണമായും വിമുക്തമായി പണ്ഡിതന്മാരുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. സമൂഹം അതിന്റെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക, നിയമ, നീതിന്യായ സ്ഥാപനങ്ങളാല്‍ ശക്തമായി നിലകൊണ്ടു. ഇങ്ങനെ സമൂഹം വലിയ അളവില്‍ സ്വാതന്ത്ര്യം അനുഭവിച്ചു. അതിനാല്‍ പാശ്ചാത്യ അധിനിവേശമുണ്ടായപ്പോള്‍, സമൂഹം നിലനിര്‍ത്തുന്ന ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കാനാണ് അവര്‍ തുനിഞ്ഞത്. പൂര്‍ണാധിപത്യം ലഭിക്കണമെങ്കില്‍ അത് കൂടിയേ തീരൂ എന്നവര്‍ മനസ്സിലാക്കി. ദീനീസ്ഥാപനങ്ങളും ശര്‍ഈ കോടതികളും അടച്ചുപൂട്ടിയതും ഔഖാഫ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതും അതിനാലാണ്.
ചുരുക്കം പറഞ്ഞാല്‍, അധികാരം അനന്തരമെടുക്കുന്നതിനോ ഭരണാധികാരിയെ അപ്രമാദിത്വമുള്ളവനായി പ്രഖ്യാപിക്കുന്നതിനോ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുന്നതിനോ ഇസ്‌ലാമില്‍ യാതൊരു തരത്തിലുള്ള ന്യായപ്രമാണവുമില്ല. എല്ലാ അര്‍ഥത്തിലും ഒരു പൗരഭരണമായിരിക്കും അവിടെ നടക്കുക. അതായത് ഒരു ശൂറാ ഭരണക്രമം, പൊതു അനുസരണ പ്രതിജ്ഞയിലൂടെ മാത്രമേ അത് നിലവില്‍ വരൂ. അധികാരസ്രോതസ്സ് ഇസ്‌ലാമിക സമൂഹമായിരിക്കും. റാശിദീ ഭരണകാലത്ത് പിന്‍ഗാമികളെ നാമനിര്‍ദേശം ചെയ്തതിനെ കൂടിയാലോചനാസമിതി രൂപവത്കരിക്കാനുള്ള സൂചനയായി എടുത്താല്‍ മതി. സമൂഹത്തിന് ആ നാമനിര്‍ദേശം സ്വീകരിക്കാം, അല്ലെങ്കില്‍ മറ്റൊരാളെ കൂടി നിര്‍ദേശിക്കാം, അതുമല്ലെങ്കില്‍ നിലവിലുള്ള ഭരണാധികാരിയുടെ നാമനിര്‍ദേശം അപ്പടി തള്ളുകയും ചെയ്യാം.7 ഇതാണ് മാതൃകാ ഇസ്‌ലാമിക രാഷ്ട്രം; ശൂറായിലും ശരീഅത്തിലും ഖിലാഫത്തിലും അധിഷ്ഠിതമായ രാഷ്ട്രം. അതില്‍ പരമോന്നത നിയമാധികാരം ശരീഅത്തിനായിരിക്കും. ഒരൊറ്റ സമൂഹത്തിന്റെ രാഷ്ട്രം എന്ന നിലയില്‍നിന്ന് അത് ഭിന്ന ചെറുരാഷ്ട്രങ്ങളായി ചിതറുമ്പോള്‍ അവക്ക് പലതരം പോരായ്മകള്‍ ഉണ്ടാവും. അധികാരപ്രയോഗം കൂടിയാലോചനാ സമിതിയിലൂടെ എന്ന തത്ത്വം അപ്പോള്‍ പ്രയോഗവത്കരിക്കപ്പെടണമെന്നുമില്ല.

 

കുറിപ്പുകള്‍

1. അലി- അല്‍ ഖാനൂനുദ്ദസ്തൂരി, പേജ് 236.
2. ഇബ്‌നു ഹസം- അല്‍ ഫസ്വ്‌ലു ഫില്‍ മിലലി വല്‍ അഹ്‌വാഇ വന്നിഹല്‍ 4/169.
3. അബ്ദുല്‍ ഖാഹിര്‍ ബ്‌നു ത്വാഹിര്‍ ബഗ്ദാദി-ഉസ്വൂലുദ്ദീന്‍ 3/285 (ബൈറൂത്ത്, ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ, 1981).
4. അബൂഹബീബ്- ദിറാസതുന്‍ ഫീ മിന്‍ഹാജില്‍ ഇസ്‌ലാമിസ്സിയാസി, പേജ് 247, 248.
5. അന്നബഹാനി- നിളാമുല്‍ ഹുകും ഫില്‍ ഇസ്‌ലാം.
6. അബ്ദുല്ല ഫഹ്ദ് നഫീസിയുടെ ഇന്‍ദമാ യഹ്കുമുല്‍ ഇസ്‌ലാം എന്ന കൃതി (തുനീഷ്യ, പ്രസാധകര്‍: അല്‍മഅ്‌രിഫ, 1981) കാണുക.
7. മുഹമ്മദ് ഇമാറയുടെ 'ഇസ്‌ലാമിയ്യത്തുദ്ദൗല വമദനിയ്യതുഹാ' എന്ന ലേഖനം (അല്‍ ജിഹാദുല്‍ ഇസ്‌ലാമി ജേണല്‍, ലക്കം 56, ജൂലൈ 1987).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍