Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

ശാഹീന്‍ ബാഗിലെ സമരധീരത

എ. റശീദുദ്ദീന്‍

ശാഹീന്‍ ബാഗിലൂടെ കാളിന്ദികുഞ്ച് വഴി ഉത്തര്‍പ്രദേശിലേക്കു പോകുന്ന റോഡിനു കുറുകെ ഉയര്‍ന്ന ഒരു തുണിപ്പന്തലില്‍ 2019 ഡിസംബര്‍ 15-ന് ഏതാനും വനിതകള്‍ പൗരത്വ നിയമത്തിനെതിരെ ലളിതമായ രീതിയില്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധസമരത്തിന് തുടക്കം കുറിച്ചു. ഇത് അച്ചടിച്ചുവരുമ്പോഴേക്കും ആ സമരം 50 ദിവസം പിന്നിട്ടിട്ടുണ്ടാകും. സ്ത്രീകള്‍ നയിച്ച ഇത്തരമൊരു സമരം സമീപകാലത്തൊന്നും ഇന്ത്യ കണ്ടിരുന്നില്ല. ജാമിഅ മില്ലിയ്യയില്‍ നടന്ന പോലീസ് നരനായാട്ടിന്റെ പശ്ചാത്തലവും കൂടി ഈ സമരത്തിനുണ്ടായിരുന്നു. ആ സമരത്തിന്റെ മുഖങ്ങളായി ദേശീയതലത്തില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചത് പെണ്‍കുട്ടികളായിരുന്നല്ലോ. ശാഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്ലയുടെ അങ്ങേപ്പകുതിയിലാണ് ജാമിഅ മില്ലിയ്യ എന്നതുകൊണ്ടും വിഷയം നേര്‍ക്കുനേരെ തങ്ങളെ ബാധിക്കുന്നതാണ് എന്ന തിരിച്ചറിവ് കൊണ്ടും അതിശക്തമായ സമരമായി, എന്നാല്‍ തികച്ചും സമാധാനപരമായി ഈ കുത്തിയിരിപ്പ് സമരം മുന്നോട്ടു പോകുന്നതാണ് രാജ്യം കണ്ടത്. കാളിന്ദികുഞ്ച് വഴിയുള്ള എല്ലാ ഗതാഗതവും ഒന്നര മാസത്തിലേറെയായി പൂര്‍ണമായും തടസ്സപ്പെട്ടുകഴിഞ്ഞു. ഈ റോഡില്‍ ഉണ്ടായിരുന്ന മിക്ക വ്യാപാര സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി അടഞ്ഞുകിടക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ ഇതിനകം പങ്കെടുത്ത, ഏറ്റവും ചുരുങ്ങിയത് രണ്ടായിരം പേരെങ്കിലും ദിവസവുമെത്തുന്ന ഈ സമരത്തിനിടെ ഒരു ലാത്തിച്ചാര്‍ജ് പോലും ഇന്നേവരെ ദല്‍ഹിയില്‍ ഉണ്ടായിട്ടില്ല. കൊല്‍ക്കത്തിലെ പാര്‍ക്ക് സര്‍ക്കസില്‍, മുംബൈയിലെ നാഗ്പാഡയില്‍, പൂനെയിലെ കോണ്ട്വയില്‍, ദല്‍ഹിയില്‍ തന്നെ ഖുറേജിയില്‍, ലഖ്നൗ ക്ലോക്ക് ടവറില്‍, ബംഗളൂരുവിലെ ഫ്രേസര്‍ ടൗണില്‍, ഗയയിലെ ശാന്തിബാഗില്‍, കോട്ടയിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ .... വനിതകള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭ രംഗത്തിറങ്ങുന്നതിന്റെ വാര്‍ത്തകളായിരുന്നു പിന്നീട് കേട്ടുകൊണ്ടിരുന്നത്.
ശാഹീന്‍ ബാഗ് പ്രതിഷേധത്തിന് ഒരു നേതാവും ഉണ്ടായിരുന്നില്ല.  പ്രായം 80-കളിലും 90-കളിലുമൊക്കെ എത്തിയ മൂന്ന് വനിതകള്‍ ഒഴികെ ആരെയും സമരപ്പന്തലില്‍ നേതൃത്വം ഏല്‍പ്പിച്ചതായി കാണാന്‍ കഴിയുമായിരുന്നില്ല. മൂന്നു വല്യുമ്മമാര്‍ അസ്മ, ബില്‍ക്കീസ്, സര്‍വരി അവരായിരുന്നു തത്ത്വത്തില്‍ സമരനായികമാര്‍. ദല്‍ഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ചര്‍ച്ചക്കു വിളിച്ചത് ഇവരെ ആയതുകൊണ്ടുതന്നെ സമരത്തിന്റെ പിതൃത്വം പോലീസ് മറ്റാരുടെയെങ്കിലും തലയില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല. കാളിന്ദികുഞ്ച് റോഡിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ആസ്ഥാനം സ്ഥിതിചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി സമരത്തെ അവരിലേക്ക് ചേര്‍ത്തുകെട്ടാന്‍ ബി.ജെ.പി നടത്തിയ ശ്രമവും ഫലം ചെയ്തില്ല. നേതാവ് ഉണ്ടായിരുന്നില്ലെങ്കിലും സമരത്തിനെതിരെ നടന്ന വ്യത്യസ്തമായ ആക്രമണങ്ങളെ ബുദ്ധിപരമായി നേരിടുന്നതില്‍ ഈ വനിതകള്‍ ആരുടെയും പിന്നിലായിരുന്നില്ല. 500 രൂപ ദിവസക്കൂലിക്കാണ് ശാഹീന്‍ ബാഗിലെ പെണ്ണുങ്ങള്‍ സമരം ചെയ്യുന്നതെന്ന് ആരോപണമുന്നയിച്ച ബി.ജെ.പി നേതാവ് അമിത് മാളവ്യക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസിന് വനിതകള്‍ വക്കീല്‍ നോട്ടീസ് അയച്ചു. മാളവ്യയുടെ ദുഷിപ്പിനെ പ്രാധാന്യപൂര്‍വം ഏറ്റുപിടിച്ച റിപ്പബ്ലിക് ടി.വി, സീ ന്യൂസ്, ടൈംസ് നൗ, ടി.വി 18 മുതലായ ബി.ജെ.പി ചാനലുകളെയും ശാഹീന്‍  ബാഗിലെ സമരക്കാര്‍ വെറുതെവിട്ടില്ല. മാത്രമല്ല, അവിടന്നിങ്ങോട്ട് ഒറ്റ ദിവസം പോലും മേല്‍പ്പറഞ്ഞ ടെലിവിഷന്‍ ചാനലുകളെ സമരപ്പന്തലിലേക്ക് കയറ്റാനോ ഈ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കാനോ പ്രതിഷേധക്കാര്‍ തയാറായില്ല. പോലീസിനൊപ്പം എത്തിയിട്ടുപോലും അവര്‍ക്ക് പന്തലിനരികിലേക്കു പോലും എത്താനാവാതെ പരമദയനീയമായി തിരിച്ചുപോകേണ്ടിവന്നു.
ദല്‍ഹിയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ദിവസങ്ങളിലായതുകൊണ്ട് ശാഹീന്‍ ബാഗ് സമരം സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ചങ്കിടിപ്പ് കൂട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സമരവുമായി കൂട്ടിച്ചേര്‍ക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് വിലയിരുത്തിയ ബി.ജെ.പി ഈ സമരത്തെ വര്‍ഗീയജ്വരം മൂര്‍ച്ച കൂട്ടുന്നതിനുള്ള അവസരമാക്കി മാറ്റിയെടുക്കാന്‍ ശ്രമിച്ചു. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാനുള്ള ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നില്ല. എന്നാല്‍ മാധ്യമങ്ങളെയും വിഷം തുപ്പാനറിയുന്ന നേതാക്കളെയും ഉപയോഗിച്ച് സമരത്തിന്റെ പേരില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കിയെടുക്കാനായിരുന്നു ബി.ജെ.പി ശ്രമിച്ചത്. വനിതകളാണ് സമരം ചെയ്യുന്നതെന്നു പോലും മറന്ന് ശാഹീന്‍ ബാഗിലുള്ള സമരക്കാര്‍ ബലാത്സംഗികളാണെന്നും ഇതുപോലെ ദല്‍ഹിയിലുടനീളം സംഘടിച്ച് 'നമ്മുടെ' അമ്മമാരെയും പെങ്ങന്മാരെയും 'അവര്‍' പീഡിപ്പിക്കുമെന്നും വീടുകള്‍ ചുട്ടെരിക്കുമെന്നും ബി.ജെ.പിയുടെ പാര്‍ലമെന്റംഗമായ പര്‍വേഷ് വര്‍മ പ്രസ്താവനയിറക്കി. ദല്‍ഹിയിലെ മസ്ജിദുകളും മദ്‌റസകളുമൊക്കെ അനധികൃത നിര്‍മിതികളാണെന്നും ജനങ്ങള്‍ ജയിപ്പിച്ചാല്‍ ഒരു മാസത്തിനകം ബി.ജെ.പി സര്‍ക്കാര്‍ അവ തകര്‍ക്കുമെന്നു പോലും ഈ വര്‍മ മാധ്യമങ്ങളോടു പറയാന്‍ തുടങ്ങി. വര്‍മ ഒരു ചെറിയ നേതാവായിരുന്നുവെങ്കില്‍ രവിശങ്കര്‍ പ്രസാദിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ശാഹീന്‍ ബാഗ് സമരത്തെ വിശേഷിപ്പിച്ചത്, ദേശവിരുദ്ധ ശക്തികള്‍ ഭൂരിപക്ഷ സമുദായത്തിനെതിരെ നടത്തുന്ന നീക്കമായിട്ടാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സി.എ.എ എന്ന കരിനിയമത്തിനെതിരെ നടന്നുവന്ന ഉദാത്തമായ ഒരു സമരത്തെ ബലാത്സംഗികളുടെയും ദേശവിരുദ്ധരുടെയും സമരമായി കാണുന്ന നേതാക്കളും അവരുടെ വഷളത്തങ്ങളെ ഏറ്റുപിടിക്കുന്ന ടെലിവിഷന്‍ ചാനലകളും ഇത്തരം കുടിലബുദ്ധിക്കാരായ നേതാക്കള്‍ക്ക് വോട്ടു കൊടുക്കാന്‍ തയാറുള്ള അണികളുമായിരുന്നു പക്ഷേ ഇന്ത്യ എന്ന രാജ്യത്തിന്റെ പൊതുബോധത്തെ അടയാളപ്പെടുത്തുന്നുണ്ടായിരുന്നത്.
ശാഹീന്‍ ബാഗ് സമരത്തെ താറടിക്കാന്‍ ബി.ജെ.പി ഏറ്റവുമാദ്യം ഉപയോഗിച്ച ആയുധമായിരുന്നു ശര്‍ജീല്‍ ഇമാം എന്ന ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന കേസ്. അസമിനെ ഇന്ത്യയില്‍നിന്നും വേര്‍പ്പെടുത്തണമെന്ന് ശര്‍ജീല്‍ പ്രസംഗിച്ചുവെന്നും ഇത് രാജ്യദ്രോഹമാണെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ശാഹീന്‍ ബാഗ് സമരപ്പന്തലില്‍ ശര്‍ജീല്‍ നടത്തിയ 40 മിനിറ്റ് പ്രസംഗത്തില്‍നിന്നും 3 മിനിറ്റ് അടര്‍ത്തിമാറ്റിയാണ് മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി കരുക്കള്‍ നീക്കിയത്. ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ 'ചിക്കന്‍ നെക്ക്' അഥവാ കോഴിക്കഴുത്ത് എന്നറിയപ്പെടുന്ന പ്രദേശത്തെ താമസക്കാരായ മുസ്ലിംകള്‍ റോഡുകളും റെയിലും ഉപരോധിച്ചാല്‍ അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നന്നേക്കുമായോ ഏതാനും മാസങ്ങളുടെ കാലയളവിലേക്കെങ്കിലുമോ ഇന്ത്യയില്‍നിന്നും വേര്‍പ്പെടുമെന്നും അങ്ങനെയൊരു ഉപരോധ സമരം മുസ്ലിംകള്‍ ചെയ്യണമെന്നുമായിരുന്നു ശര്‍ജീലിന്റെ ആഹ്വാനം. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ഉപയോഗിച്ചാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേസെടുത്തത്. ശാഹീന്‍ ബാഗിലെ സമരം അവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യൂ എന്നായിരുന്നു പാര്‍ട്ടിയുടെ ആഹ്വാനം.
ശര്‍ജീല്‍ ഇമാമിനെ ആഴത്തില്‍ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം ഒരര്‍ഥത്തിലും ശാഹീന്‍ ബാഗിലെ സമരക്കാരോടൊപ്പം ബുദ്ധിപരമായി നിലയുറപ്പിക്കാന്‍ കഴിയുന്ന ഒരാളായിരുന്നില്ല. സമരത്തിന് മുസ്ലിം മുഖം നല്‍കുന്നത് ഇപ്പോഴത്തെ ഇന്ത്യയില്‍ ഗുണം ചെയ്യില്ലെന്ന് ശാഹീന്‍ ബാഗിലെ സമരപ്പന്തലില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍, ലാ ഇലാഹ ഇല്ലല്ലാഹു എന്ന മുദ്രാവാക്യം സി.എ.എ വിരുദ്ധ സമരത്തെ വിജയിപ്പിക്കുകയാണ് ചെയ്യുകയെന്ന ഉറച്ച ബോധ്യമായിരുന്നു ശര്‍ജീലിന്റേത്. എന്നാല്‍ 'ബോലേ സോനിഹാല്‍' എന്ന് സിഖ് സഹോദരന്മാര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ 'സത്ശ്രീ അകാല്‍' എന്ന മറുപടി മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കുന്ന പര്‍ദയിട്ട പെണ്ണുങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ അവരെല്ലാവരും ആചാരപരമായ മതവിശ്വാസവും വേഷവിധാനങ്ങളും വെച്ചുപുലര്‍ത്തുന്നവരുമായിരുന്നു. ഗാന്ധിജിയെ ശര്‍ജീലിന് പുഛമായിരുന്നു. കോണ്‍ഗ്രസ്സിനെയോ ആം ആദ്മിയെയോ ഒരു വിശ്വാസവുമുണ്ടായിരുന്നില്ല. മതേതര രാഷ്ട്രീയ പാര്‍ട്ടികളാണ് സി.എ.എ വിഷയത്തില്‍ സത്യസന്ധമായി നിലപാട് സ്വീകരിക്കുന്നവരെന്ന് സ്ഥാപിക്കാനല്ല ഇക്കാര്യം എടുത്തുപറഞ്ഞത്. ഈ കോണ്‍ഗ്രാറാും ആം ആദ്മിയുമാണ് ശാഹീന്‍ ബാഗില്‍ സമരക്കാരെ ഇളക്കിവിടുന്നതെന്നാണ് ആദ്യദിവസങ്ങളില്‍ ബി.ജെ.പി ആരോപിച്ചുകൊണ്ടിരുന്നത്. ശാഹീന്‍ ബാഗിലെ സമരത്തിന്റെ നായകനാക്കി അതേ ബി.ജെ.പി തന്നെയാണ് ശര്‍ജീലിനെ ചിത്രീകരിക്കുന്നുണ്ടായിരുന്നതും. ശര്‍ജീലിന്റെ 40 മിനിറ്റ് നീണ്ട പ്രസംഗത്തില്‍നിന്നും ബി.ജെ.പിയുടെ ആരോപണത്തിന് അടിക്കുറിപ്പെഴുതാനാകുംവിധം  വാചകഘടന കൊണ്ട് വേറിട്ടുനിന്ന ഒരു ഭാഗം ഇളക്കിയടര്‍ത്തി ചാനലുകള്‍ ഒരു 'ബൈറ്റ്' ഒപ്പിച്ചുകൊടുത്തിരുന്നില്ലെങ്കില്‍ ശാഹീന്‍  ബാഗ് സമരപ്പന്തലിനു മുമ്പില്‍ ബി.ജെ.പി സുല്ലിടുമായിരുന്നു. ഗാന്ധിജിയും അംബേദ്കറും ഭരണഘടനയുമായിരുന്നു അവരെ നയിച്ചുകൊണ്ടിരുന്നത്. യഥാര്‍ഥ്യലോകത്തെ ശര്‍ജീലിന് ശാഹീന്‍ ബാഗ് സമരവുമായി ബുദ്ധിപരമായ ഒരു ബന്ധവും സാധ്യമായിരുന്നില്ല.
സമരപ്പന്തലില്‍ പിന്തുണ പ്രഖ്യാപിച്ചെത്തുന്നവരില്‍ കാണാനുള്ള സമാനതകളാണ് ഈ സമരത്തെ രാജ്യം കണ്ട അതിശക്തമായ ഒരു പ്രക്ഷോഭമായി നിലനിര്‍ത്തുന്നുണ്ടായിരുന്നത്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടവരായിരുന്നു അവരെല്ലാം. ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും പ്രത്യയശാസ്ത്രപരമായ ഞരമ്പുദീനത്തിന്റെ  ഇരകള്‍ക്ക് അവിടെ വരാതിരിക്കാനാവുമായിരുന്നില്ല. എന്നാല്‍ മതവിശ്വാസികള്‍ എന്ന നിലയില്‍ ഹിന്ദുക്കളും സിഖുകാരും ബുദ്ധ മതവിശ്വാസികളും ജൈനന്മാരുമൊക്കെ ശാഹീന്‍ ബാഗില്‍ എത്തുന്നുണ്ടായിരുന്നു. സിഖ് മതവിശ്വാസികള്‍ സമരപ്പന്തലിലുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാനായി രണ്ടാഴ്ചയിലേറെ 'ലങ്കാര്‍' എന്ന് അവരുടെ ഭാഷയില്‍ വിളിക്കുന്ന ഭക്ഷണപ്പന്തല്‍ തുറന്നുവെച്ചിരുന്നു. നേരത്തേ പറഞ്ഞ ഞരമ്പുദീനം പിടിപെട്ട ചില സാമൂഹികദ്രോഹികള്‍ വന്ന് അടിച്ചു തകര്‍ക്കുന്നതു വരെയും. ഈ ലങ്കാറിന് ആവശ്യമായ ചെലവ് കണ്ടെത്താനായി അതിന് നേതൃത്വം നല്‍കിയ സിഖ് മതവിശ്വാസിയായ ഒരു യുവാവ് തന്റെ ചെറിയ ഒരു സ്വത്ത് വില്‍ക്കുക പോലും ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന കലാകാരന്മാര്‍ ഇന്ത്യയുടെ ബഹുസ്വരത വിളിച്ചോതുന്ന നിരവധി പെയ്ന്റിംഗുകള്‍ സമരപ്പന്തലിനു പുറത്തെ റോഡില്‍ വരച്ചിട്ടിരുന്നു. രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് പഠിക്കാനായി ഒരു ലൈബ്രറി അവിടെ തുറന്നുവെച്ചിരുന്നു. രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന പലതരം ദൃശ്യാവിഷ്‌കാരങ്ങള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ തികച്ചും സമാധാനപരമായിരുന്നു ഈ പ്രതിഷേധം. റോഡ് ഉപരോധിച്ചായിരുന്നു സമരമെങ്കിലും സരിതാ വിഹാര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഒഴികെയുള്ള മറ്റാരും അതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നില്ല. ആംബുലന്‍സുകള്‍ക്ക് അവര്‍ പ്രത്യേകം വഴിയൊരുക്കുന്നുണ്ടായിരുന്നു. യാത്രയുമായി ബന്ധപ്പെട്ട് അസൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടൊപ്പം നില്‍ക്കുന്നവരല്ലാത്ത ആരും ഈ സമരത്തിനെതിരെ രംഗത്തിറങ്ങുന്നത് കാണാനുണ്ടായിരുന്നില്ല. സമരത്തെ എങ്ങനെയെങ്കിലും കരിതേച്ചുകാണിക്കാനും ഭീകരതയുമായി ബന്ധപ്പെടുത്താനുമൊക്കെയാണ് സംബിത് പത്ര മുതല്‍ രവിശങ്കര്‍ പ്രസാദ് വരെയുമുള്ള ബി.ജെ.പി നേതാക്കളും അമിത് ഷായും മോദിയുമൊക്കെ കൊണ്ടുപിടിച്ച് ശ്രമിച്ചുകൊണ്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ ശാഹീന്‍  ബാഗില്‍ പ്രമേയം പാസ്സാക്കിയെന്നുവരെ പ്രചാരണം നടന്നു. പാകിസ്താനിലും ബംഗ്ലാദേശിലും നിന്നുമെത്തിയവരാണ് സമരം ചെയ്യുന്നതെന്നും അവര്‍ നാളെ ദല്‍ഹിയിലുടനീളം വ്യാപിച്ച് ഹിന്ദുക്കളെ ഇല്ലാതാക്കുമെന്നും പരസ്യമായി ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.
ദല്‍ഹിയിലെ തെരഞ്ഞെടുപ്പിനെ തീര്‍ച്ചയായും ശാഹീന്‍ ബാഗ് സമരം സ്വാധീനിക്കുന്നുണ്ടായിരുന്നു. അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടി നേതാക്കളും സമരത്തില്‍നിന്ന് പൂര്‍ണമായി വിട്ടു നിന്നു. എ.ഐ.സി.സി നേതാക്കള്‍ ചിത്രത്തിലെവിടെയും ഉണ്ടായിരുന്നില്ല. കൊല്‍ക്കത്തയിലെ പാര്‍ക് സര്‍ക്കസില്‍ നടന്ന സ്ത്രീകളുടെ സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഈ ലേഖനം എഴുതുന്നതുവരെ പ്രിയങ്കയോ രാഹുലോ ശാഹീന്‍ ബാഗിലേക്ക് എത്തിനോക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. അതേസമയം ശശി തരൂറും രമേശ് ചെന്നിത്തലയും എം.കെ മുനീറുമൊക്കെ അടങ്ങുന്ന കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് നേതാക്കളും സീതാറാം യെച്ചുരി, ബൃന്ദ കാരാട്ട് തുടങ്ങിയ ഇടതു നേതാക്കളും സമരപ്പന്തലിലെത്തി. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ പന്തല്‍ സന്ദര്‍ശിക്കാതിരുന്നത് ബി.ജെ.പിയെ പേടിച്ചായിരുന്നുവെന്നത് വ്യക്തം. മ്ലേച്ചമായ വാക്കുകള്‍ ഉപയോഗിച്ച് ബി.ജെ.പി സമരക്കാരെ അധിക്ഷേപിക്കുമ്പോഴും പന്തല്‍ പൊളിക്കാനോ പന്തലിന് ഇരുപുറവും കെട്ടിപ്പൊക്കിയ ബാരിക്കേഡുകളെങ്കിലും നീക്കാനോ പോലീസിന് താല്‍പര്യമില്ലാതിരുന്നതിന്റെ കാരണം അതിലൂടെ പൊതുസമൂഹത്തില്‍ അവര്‍ക്ക് വിഷം പടര്‍ത്താനുള്ള അവസരം തുറന്നുകിട്ടുന്നുണ്ട് എന്ന തിരിച്ചറിവ് തന്നെയായിരുന്നു. ദല്‍ഹിയിലെ വോട്ട്ബാങ്കിനെ സ്വാധീനിക്കാന്‍ വര്‍ഗീയതയല്ലാത്ത മറ്റൊരു ആയുധവും കൈയിലില്ലാതിരുന്ന നരേന്ദ്ര മോദിയും അമിത് ഷായും പൗരത്വ നിയമത്തെയും പൗരത്വ പട്ടികയെയും പൗരത്വ രജിസ്റ്ററിനെയും കുറിച്ചല്ലാതെ മറ്റൊന്നും ജനത്തോട് പറഞ്ഞിരുന്നില്ല. കരന്റിനെയും വെള്ളത്തെയും വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കുറിച്ചല്ലാതെ ആം ആദ്മി പാര്‍ട്ടിയും മറ്റൊരു വിഷയവും പറഞ്ഞ് വോട്ട് ചോദിച്ചില്ല.
ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 145 ഹരജികള്‍ കോടതിയിലെത്തിയിട്ടും സര്‍ക്കാറിന് മറുപടി നല്‍കാന്‍ ആഴ്ചകളോളം സുപ്രീംകോടതി സമയം നല്‍കിയത് ശാഹീന്‍ ബാഗിലെ സമരക്കാര്‍ അവര്‍ക്കനുകൂലമായി മറ്റൊരു വിധത്തില്‍ വ്യാഖ്യാനിക്കുന്നുണ്ടായിരുന്നു. സമരം ചെയ്യാനുള്ള തങ്ങളുടെ അവകാശത്തിനു കൂടിയാണ് കോടതി നാലാഴ്ച സമയം നീട്ടിനല്‍കിയതെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈ സമരം ദല്‍ഹിയിലെ വോട്ടെടുപ്പു ദിവസമായ ഫെബ്രുവരി 8 വരെ നീളുമായിരിക്കാം. ബി.ജെ.പിയാണ് ജയിക്കുന്നതെങ്കില്‍ പര്‍വേഷ് വര്‍മ പറഞ്ഞതുതന്നെ നടക്കും. ഒരു മണിക്കൂറിനകം അവര്‍ സമരപ്പന്തല്‍ പൊളിച്ചുനീക്കും. ബി.ജെ.പി ദല്‍ഹിയില്‍ തോറ്റാല്‍ പിറ്റേദിവസം മുതല്‍ രാഷ്ട്രീയ നേതാക്കളുടെ കുത്തൊഴുക്കായിരിക്കും ഈ പന്തലിലേക്ക്. ശാഹീന്‍ ബാഗിലെ സമരം ഇന്ത്യയൊട്ടുക്കും വ്യാപിച്ചെന്നും വരും. ഒരുവേള ബി.ജെ.പിയുടെ വാട്ടര്‍ലൂ ആയിട്ടു പോലും അത് മാറിയേക്കും. എങ്കിലും പറയട്ടെ, ബി.ജെ.പിയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന ആര്‍.എസ്.എസ്സിന്റെ ആ പാമ്പ് പക്ഷേ ഇന്ത്യയെയും കൊണ്ടേ പോകൂ. ദല്‍ഹിയില്‍ മാത്രമല്ല, ബി.ജെ.പി രാജ്യത്തുടനീളം തോറ്റുതൊപ്പിയിട്ടാല്‍ പോലും സി.എ.എയും എന്‍.ആര്‍.സിയും പിന്‍വലിക്കാന്‍ ആര്‍.എസ്.എസ് മോദിയെ അനുവദിക്കുമെന്ന് കരുതുന്നതിനേക്കാളും വലിയ മൗഢ്യം വേറെയുണ്ടാവില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍