ഇന്ത്യയെ ഒരുമിപ്പിച്ച ദര്‍ശനവും സംസ്‌കാരവും
ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനം അന്യാദൃശമാണ്. പ്രാചീന കാലം മുതലേ ഇന്ത്യയില്‍ നിലനിന്നുപോന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെയും ജാതീയ ഉച്ചനീചത്വങ്ങളുടെയും ഇരകളായിരുന്നു ജാതിശ്രേണിയില്‍ താഴെ തട്ടിലുള്ള പഞ്ചമര്‍. ഇന്ന് ദലിതര്‍ എന്നു വിളിക്കപ്പെടുന്ന ഭൂരിപക്ഷം വരുന്ന ജനത ജാതിശ്രേണിയില്‍ മുകള്‍ത്തട്ടിലുള്ള സവര്‍ണ ന്യൂനപക്ഷത്താല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. ജാതിവ്യവസ്ഥ വേദപ്രോക്തമല്ലെന്നും ഋഗ്വേദത്തില്‍ ഒരിടത്തു മാത്രമേ (പുരുഷ സൂക്തം) തദ്‌സംബന്ധമായ പരാമര്‍ശമുള്ളൂ എന്നുമൊക്കെ വാദങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ജാതി വ്യവസ്ഥ എന്നതില്‍ തര്‍ക്കമില്ല. സിന്ധിലാവട്ടെ, മലബാറിലും തമിഴ് തീരങ്ങളിലുമാവട്ടെ ഇസ്‌ലാമിന്റെ ആഗമനം ജാതീയ വിവേചനം അനുഭവിക്കുന്നവര്‍ക്ക് വലിയ സമാശ്വാസമാണ് നല്‍കിയത്. 'ദുരവസ്ഥ'യില്‍ എന്തോ തെറ്റിദ്ധാരണവശാല്‍ മുസല്‍മാന്മാരെ 'ക്രൂരര്‍' എന്നും 'രാക്ഷസര്‍' എന്നും വിശേഷിപ്പിച്ച കുമാരനാശാന്‍ പക്ഷേ ഇസ്‌ലാം ജാതിയില്‍ താണവര്‍ക്ക് പ്രദാനം ചെയ്ത ഔന്നത്യത്തെ വാഴ്ത്തിപ്പാടിയത് ഇവിടെ സ്മണീയമാണ്:
എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടൊ-
രേഴചെച്ചറുമന്‍ പോയി തൊപ്പിയിട്ടാല്‍
ചിത്രമവനെത്തി ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട നമ്പൂരാരെ.
'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്' എന്ന കൃതിയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ഹിന്ദു ധര്‍മശാസ്ത്ര(സ്മൃതികളും പുരാണങ്ങളും)ത്തിന്റെ ഭാഗമാണ് ജാതി വ്യവസ്ഥ എന്നു നിരീക്ഷിക്കുന്നുണ്ട്. വേദോപനിഷത്തുകള്‍ക്ക് ഹിന്ദു സാമൂഹിക ജീവിതത്തില്‍ കാര്യമായ പങ്കില്ലെന്നു വ്യക്തമാക്കുന്ന അംബേദ്കര്‍ ദലിതുകളുടെ മുന്നില്‍ ഹിന്ദുമതം ഉപേക്ഷിക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് തീര്‍ത്തു പറയുന്നു. മാന്യമായ ജീവിതം ലഭിക്കണമെങ്കില്‍ ഹിന്ദുമതത്തില്‍നിന്ന് ദലിതുകള്‍ പുറത്തുവരണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മതം മാറുമ്പോള്‍ രണ്ട് ഘടകങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു: ഒന്ന്, അസ്തിത്വപരം (Existential). രണ്ട്, ആധ്യാത്മികം (Spiritual). ഈ രണ്ട് ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദലിതര്‍ക്ക് കരണീയം ഇസ്‌ലാം ആശ്ലേഷിക്കലാണെന്ന് അദ്ദേഹം പറഞ്ഞു (Which Path to Salvation? എന്ന പ്രസംഗം). 1929 മാര്‍ച്ച് 15-ന് 'നോട്ടീസ് റ്റു ഹിന്ദുയിസം' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ "If you have converted and become Musalman' എന്നു കൃത്യമായി പറയുന്നുണ്ട്. ബുദ്ധമതമോ ക്രിസ്തുമതമോ സ്വീകരിക്കുന്നതിന്റെ വ്യര്‍ഥതയെക്കുറിച്ചും അതേ ലേഖനത്തില്‍ അദ്ദേഹം പറയുകയുണ്ടായി (ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രഫസറും ദലിത് ആക്ടിവിസ്റ്റും ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ച് ധാരാളമായി എഴുതിയിട്ടുള്ള ഗവേഷകനുമായ ആനന്ദ് ടെല്‍റ്റുംബ്‌ദെ- Anand Teltumbde- എഴുതിയ Why Ambedkar Considered Islam the religion of choice for Dalits before opting for Budhism എന്ന ലേഖനത്തില്‍നിന്ന്). നമുക്ക് ഊഹിക്കാവുന്ന കാരണങ്ങളാല്‍ അംബേദ്കര്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. അദ്ദേഹം അതുവരെ പറഞ്ഞ കാര്യങ്ങളെ സ്വയം നിരാകരിക്കുകയായിരുന്നു തീരുമാനമാറ്റം വഴി എന്ന് ആനന്ദ് ടെല്‍റ്റുംബ്‌ദെ നിരീക്ഷിക്കുന്നു.
തെന്നിന്ത്യയിലെ മറ്റൊരു മഹാനായ പരിഷ്‌കര്‍ത്താവായിരുന്ന ഇ.വി രാമസ്വാമി നായ്ക്കര്‍ വിമോചനമാഗ്രഹിക്കുന്ന ദലിതരോട് ഇസ്‌ലാം ആശ്ലേഷിക്കാന്‍ ആഹ്വാനം ചെയ്തത് പ്രസിദ്ധമാണ്. രാമസ്വാമി നായ്ക്കറുടെ ആശയങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരള കൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരന്‍, എസ്.എന്‍.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി തയ്യില്‍, എ.കെ ഭാസ്‌കര്‍, സഹോദരന്‍ അയ്യപ്പന്‍, ഒറ്റപ്പാലം പി.കെ കുഞ്ഞുരാമന്‍ എന്നിവര്‍ ചേര്‍ന്ന് 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം തന്നെ എഴുതുകയുണ്ടായി. പ്രസ്തുത ഗ്രന്ഥത്തില്‍ കെ. സുകുമാരന്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം:
''ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ശ്രീനാരായണ സ്വാമി അവര്‍കളുടെ മുദ്രാവാക്യങ്ങള്‍ ഏകദേശമെങ്കിലും പരിപൂര്‍ത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാം മതക്കാരുടെ ഇടയിലാണ്. ഇവരുടെ ഇടയില്‍ കല്ലുകെട്ടി ഉറപ്പിച്ചുവെച്ച പോലെ തോന്നുന്ന ഒരു ജാതിഭേദവും ഇല്ലെന്ന് നിസ്സംശയം പറയാവുന്നതാണ്'' (2005:24,25).
ജാതിവിവേചനത്താല്‍ നരകിക്കുന്നവരുടെ മുന്നിലുള്ള ഏക മോക്ഷാമാര്‍ഗമായിരുന്നു ഇസ്‌ലാം എന്നതിന് ഇതില്‍പരം തെളിവുകളൊന്നും നിരത്തേണ്ടതില്ല. കുമാരനാശാന്റെ നടേ ഉദ്ധരിച്ച വരികളുടെ തുടര്‍ച്ച കൂടി കാണുക:
ഇത്ര സുലഭമാശ്ചര്യവുമായി
സിദ്ധിക്കും സ്വാതന്ത്ര്യസൗഖ്യമെങ്കില്‍
ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു
ബദ്ധരായ് മേവുമോ ജാതി ജേലില്‍.
ഇസ്‌ലാം സ്വീകരിച്ചതോടെ അടിമയായിരുന്ന പുലയനു സ്വാതന്ത്ര്യം കിട്ടുകയും കൊച്ചി പ്രജാ സഭാംഗമായിരുന്ന തനിക്കു കിട്ടാത്ത ആദരം അദ്ദേഹത്തിനു കിട്ടുകയും ചെയ്ത സന്ദര്‍ഭത്തില്‍ പണ്ഡിറ്റ് കറുപ്പന്‍ ചൊല്ലിയ കവിത കൂടി ഉദ്ധരിക്കാം:
അല്ലാ ഇവനിന്നൊരു പുലയനല്ലേ
അല്ലാ മതം നാളെ സ്വീകരിച്ചാല്‍
ഇല്ലാ തടസ്സം ഇല്ലില്ലായിടത്തും പോകാം
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ, നോക്ക്
സുന്നത്തും മാഹാത്മ്യം യോഗപ്പെണ്ണേ.
ദേശീയവാദവും രാഷ്ട്രീയവും
ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പ് പരസ്പരം കലഹിക്കുന്ന അനേകം നാട്ടുരാജ്യങ്ങളായി ശിഥിലമായി കിടക്കുകയായിരുന്നു ഇന്ത്യ. സിന്ധു നദിയെ അറബികളും പേര്‍ഷ്യക്കാരും വിളിച്ചിരുന്നത് 'ഹിന്ദ്' എന്നാണ്. 'ഹിന്ദ്' എന്ന സ്ത്രീനാമം പ്രവാചകനു മുമ്പേ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. 'ഹിന്ദി'നോട് 'നാട്' എന്നര്‍ഥമുള്ള പേര്‍ഷ്യന്‍ പദമായ 'സ്താന്‍' ചേര്‍ന്നപ്പോള്‍ 'ഹിന്ദുസ്താന്‍' ആയി. ഇതില്‍നിന്നാണ് ഇന്ത്യക്ക് ആ പേരു ലഭിക്കുന്നത്. ഇന്ത്യ എന്ന പേര്‍ മാത്രമല്ല, ആ പേരില്‍ പിന്നീടറിയപ്പെട്ട രാജ്യത്തിന്റെ ശില്‍പികളും നൂറ്റാണ്ടുകളോളം ഈ നാട് ഭരിച്ച മുസ്‌ലിം ഭരണാധികാരികളായിരുന്നു എന്നു ചരിത്രം.
വിശാലമായ ഇന്ത്യാ രാജ്യത്തെ ഒറ്റ ഭരണത്തിനു കീഴില്‍ ഐക്യപ്പെടുത്തിയത് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ (1556-1605) ആണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഏക ചക്രവര്‍ത്തിയായിരിക്കുന്നതിന് കഴിയാവുന്നത്ര പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു 'മുഗള്‍ യൂനിയന്‍' സൃഷ്ടിക്കുന്നതിന് അദ്ദേഹം ഉത്സാഹിച്ചു. നിരവധി ഭരണപരിഷ്‌കാരങ്ങള്‍ ഇതിനായി അക്ബര്‍ ആവിഷ്‌കരിച്ചു. തന്റെ ചില നയങ്ങള്‍ മുസ്‌ലിം മതപണ്ഡിതന്മാരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയെങ്കിലും തന്റെ രാഷ്ട്രീയ ദൗത്യത്തില്‍നിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല. മുഗളന്മാര്‍ക്കു കീഴില്‍ നടന്ന ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തെക്കുറിച്ച് നിരവധി പഠനങ്ങളുണ്ട്. ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യാ മഹാ രാജ്യത്തിന്റെ 'ഐക്കണ്‍' ആയാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ ദേശീയ ബോധം ഉണര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച ഘടകമാണതെന്ന് ബി.എന്‍ പാണ്ഡെ എഴുതിയിട്ടുണ്ട്: ''രാഷ്ട്രീയ വിപ്ലവത്തിന്റെ പ്രതീകമായ ബഹദൂര്‍ഷായോടുള്ള കൂറിന്റെയും സമര്‍പ്പണത്തിന്റെയും സാര്‍വത്രികമായ ഓളം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ രാഷ്ട്രീയമായ ആത്മബോധം കൈവരിച്ചിരിക്കുന്നു എന്ന് അസന്ദിഗ്ധം കാണിച്ചുതന്നു. അതേപോലെ ഇന്ത്യന്‍ ദേശീയവാദത്തിന്റെ അടിസ്ഥാനശിലകള്‍ സത്യമായും ആഴത്തിലും പാകപ്പെട്ടുകഴിഞ്ഞു എന്നും'' (ബി.എന്‍ പാണ്ഡെ, 1987).
ഭാഷ, സാഹിത്യം, വിജ്ഞാനം
ഭാഷാ, സാഹിത്യ, വൈജ്ഞാനിക രംഗങ്ങളില്‍ അത്യപൂര്‍വമായ സംഭാവനകളാണ് മുസ്‌ലിംകള്‍ ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. ദല്‍ഹി സല്‍ത്തനത്തുകളുടെയും മുഗള്‍ സാമ്രാജ്യത്തിന്റെയും ഔദ്യോഗിക ഭാഷയായിരുന്ന പേര്‍ഷ്യന്‍ പ്രാദേശിക ഭാഷയായ ഖഡീബോയി(പടിഞ്ഞാറന്‍ ഹിന്ദി)യുമായി സംയോജിച്ചപ്പോള്‍ ഇന്ത്യക്ക് ലഭിച്ച മനോഹരമായ ഭാഷയാണ് ഉര്‍ദു. സംസ്‌കൃതജടിലമായ ഹിന്ദിയേക്കാള്‍ ജനപ്രിയമാണ് ഉര്‍ദു. ഹിന്ദി സാഹിത്യത്തേക്കാള്‍ പഴക്കമുണ്ട് ഉര്‍ദു സാഹിത്യത്തിന്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ദര്‍ബാറില്‍ വ്യത്യസ്ത മതക്കാരായ പണ്ഡിതന്മാരുടെ പൊതു സമ്പര്‍ക്ക ഭാഷ ഉര്‍ദുവായിരുന്നു എന്ന് സ്ഥാപിക്കുന്ന രേഖകളുണ്ട്. ആസേതുഹിമാചലം കോടിക്കണക്കിനാളുകളുടെ സംസാരഭാഷയാണ് ഇന്ന് ഉര്‍ദു. 2019-ലെ കണക്കനുസരിച്ച് 68.62 മില്യന്‍ ജനങ്ങളുടെ ഒന്നാം ഭാഷയും 101.58 മില്യന്‍ ജനങ്ങളുടെ രണ്ടാം ഭാഷയുമാണ് ഉര്‍ദു (കണക്കുകള്‍ക്ക് ആധാരം 'എത്‌നോലോഗ്: ലോക ഭാഷകള്‍' എന്ന ഓണ്‍ലൈന്‍ സ്ഥിതിവിവര രേഖ). ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്ന പതിനൊന്നാമത്തെ ഭാഷ എന്ന പദവിയും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഇരുപത്തി ഒന്നാമത്തെ മാതൃഭാഷ എന്ന പദവിയും ഉര്‍ദുവിന് അവകാശപ്പെട്ടതാണ്. ഇന്ത്യയില്‍ ഏഴു സംസ്ഥാനങ്ങളില്‍ രണ്ടാം ഔദ്യോഗിക ഭാഷയാണ് ഉര്‍ദു. 'ദില്‍ കി സബാന്‍' (ഹൃദയത്തിന്റെ ഭാഷ) എന്നാണ് ഉര്‍ദുവിനെ കവികള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനതയെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കുന്നതില്‍ ഈ ഭാഷ വഹിച്ച പങ്ക് സുവിദിതമത്രെ. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് ഉര്‍ദുവാണ്. സംഗീതത്തിന്റെ ഭാഷ എന്ന നിലയിലാണ് ഉര്‍ദുവിന്റെ മഹാ ഖ്യാതി. ഗസലുകള്‍ക്കും ഖവാലികള്‍ക്കും പുറമെ ഹിന്ദി സ്‌നിമാഗാനങ്ങള്‍ക്കും സംഗീതാസ്വാദകര്‍ കടപ്പെട്ടിരിക്കുന്നത് ഈ മധുര ഭാഷയോടാണ്.
ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി, പഞ്ചാബി, തമിഴ്, മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലെല്ലാം അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ സംഭാവനകള്‍ ധാരാളമായി കാണാം. ഈ ഭാഷകളിലെയെല്ലാം സാഹിത്യത്തിലും ഗണ്യമായ മുസ്‌ലിം സംഭാവനകളുണ്ട്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള മധ്യകാല ഘട്ടത്തിലെയും അതിനു ശേഷമുള്ള ആധുനിക കാലഘട്ടത്തിലെയും ബംഗാളി സാഹിത്യത്തിലെയും മുസ്‌ലിം സാന്നിധ്യം ബംഗാളി സാഹിത്യ ചരിത്രകാരന്മാര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതേപോലെ മുസ്‌ലിം ഭരണത്തിനു കീഴിലാണ് ബംഗാളി സാഹിത്യം അടിസ്ഥാന വളര്‍ച്ച കൈവരിച്ചത് എന്ന വസ്തുതയും ചൂണ്ടിക്കാണിക്കേണ്ടതുണ്ട് (അബൂ മൂസ മുഹമ്മദ് ആരിഫ് ബില്ലാഹിന്റെ 'ദ ഡെവലപ്‌മെന്റ് ഓഫ് ബംഗാളി ലിറ്ററേച്ചര്‍ ഡ്യൂറിംഗ് മുസ്‌ലിം റൂള്‍' നോക്കുക). എല്ലാ ഇന്ത്യന്‍ ഭാഷകളിലുമുണ്ട് ശക്തമായ മുസ്‌ലിം സാന്നിധ്യം.
ഗുജറാത്തിയും അറബിയും ചേര്‍ന്നപ്പോഴുണ്ടായ സങ്കര ഭാഷയാണ് ദാവൂദി ബോറകളുടെ സ്വന്തം ഭാഷയായ 'ലിസാനുദ്ദഅ്‌വ:' വടക്കന്‍ കര്‍ണാടകയിലും തെക്കന്‍ മഹാരാഷ്ട്രയിലും പ്രചാരത്തിലുള്ള 'നവായത്ത്', തമിഴ്‌നാട്ടിലെ 'അറബിത്തമിഴ്' അഥവാ ആര്‍വി, കേരളത്തിലെ 'അറബിമലയാളം' ഇങ്ങനെ നിരവധി സങ്കര ഭാഷകള്‍ക്ക് മുസ്‌ലിംകള്‍ ജന്മം നല്‍കുകയുണ്ടായി. സമ്പുഷ്ടമാണ് നൂറ്റാണ്ടുകള്‍ കൊണ്ട് ഈ ഭാഷകളിലെല്ലാം ഉണ്ടായ സാഹിത്യം എന്നു ചുരുക്കിപ്പറയാനേ ഇവിടെ നിവൃത്തിയുള്ളൂ.
ഇന്ത്യയുടെ വൈജ്ഞാനിക വികാസത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളും വിലമതിക്കാനാവാത്തതാണ്. വൈജ്ഞാനിക രംഗത്തെ ഇന്ത്യയുടെ യശസ്സ് പുറംലോകത്തെത്തിച്ചത് ഇവിടെ വന്ന അറബി സഞ്ചാരികളാണ്. ഇന്ത്യന്‍ അക്കങ്ങള്‍, വിശിഷ്യാ പൂജ്യം എന്ന ഗണിത ശാസ്ത്രത്തിന്റെ ഗതി മാറ്റിയ സംഖ്യ ലോകത്തിന് പരിചയപ്പെടുത്തിയത് അറബി-മുസ്‌ലിം പണ്ഡിതന്മാരാണ്. ഇന്ത്യന്‍ അക്കങ്ങള്‍ യൂറോപ്യര്‍ക്ക് അറബി അക്കങ്ങള്‍ (Arab Numerals) ആണ്.
ഇന്ത്യക്കകത്ത് വരേണ്യര്‍ക്കു മാത്രം പ്രാപ്യമായിരുന്ന വിജ്ഞാനത്തെ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയത് മുസ്‌ലിം ഭരണകര്‍ത്താക്കളും പണ്ഡിതന്മാരുമാണ്. മുസ്‌ലിംകള്‍ അറിവിനെ ജനകീയവത്കരിച്ചു. നിരവധി സംസ്‌കൃത ഗ്രന്ഥങ്ങള്‍ അറബി, പേര്‍ഷ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. മഹ്മൂദ് ഗസ്‌നിയോടൊപ്പം ഇന്ത്യയില്‍ എത്തുകയും 'ഇന്തോളജി' എന്ന പഠനശാഖക്ക് തുടക്കം കുറിക്കുകയും ചെയ്ത അല്‍ബിറൂനി(973-1050)യെ ഇവിടെ ഓര്‍ക്കാതിരിക്കുന്നത് മര്യാദകേടാവും. ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്തും സംസ്‌കൃതത്തില്‍നിന്നുള്ള മൊഴിമാറ്റത്തിനു വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ഹിന്ദു കവികള്‍ക്കും ശാസ്ത്രകാരന്മാര്‍ക്കും വലിയ പ്രോത്സാഹനം നല്‍കിയവരായിരുന്നു മുഗള്‍ രാജാക്കന്മാര്‍. സുന്ദര്‍ ദാസ്, ചിന്താമണി, കവീന്ദ്ര ആചാര്യ, ജഗന്നാഥ് ത്രിപാഠി, ഇന്ദര്‍ജിത് ത്രിപാഠി തുടങ്ങി നിരവധി കവികള്‍ മുഗള്‍ സംരക്ഷണത്തില്‍ വളര്‍ന്നവരാണ്. ചരിത്ര രചനക്ക് മുസ്‌ലിം രാജാക്കന്മാര്‍ നല്‍കിയ പ്രോത്സാഹനം പ്രസിദ്ധമാണ്. മുഗള്‍ ചക്രവര്‍ത്തിമാരും അവരുടെ സദസ്സിലെ പണ്ഡിതന്മാരും ചരിത്ര രചനക്ക് വലിയ പ്രാധാന്യം കല്‍പിക്കുകയുണ്ടായി. അബുല്‍ ഫസലിന്റെയും നിസാമുദ്ദീന്‍ അഹ്മദിന്റെയും അബ്ദുല്‍ ഹമീദ് ലാഹോരിയുടെയും ജഹാംഗീറിന്റെയുമെല്ലാം ചരിത്ര ഗ്രന്ഥങ്ങള്‍ വിഖ്യാതങ്ങളാണ്.
ഗണിതം, ഭൗതിക ശാസ്ത്രം, ഗോളശാസ്ത്രം, വൈദ്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളിലും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചു. യവനരില്‍നിന്ന് കടം കൊണ്ട് അറബ് - പേര്‍ഷ്യന്‍ ഭിഷഗ്വരന്മാര്‍ വികസിപ്പിച്ച യൂനാനി വൈദ്യം പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയില്‍ എത്തുകയുണ്ടായി. അലാഉദ്ദീന്‍ ഖില്‍ജിയുടെ കൊട്ടാരത്തിലെ നിപുണന്മാരായ വൈദ്യന്മാര്‍ ഈ വൈദ്യശാഖക്ക് മൗലികമായ സംഭാവനകള്‍ നല്‍കിയവരാണ്. ഇന്ന് കേരളത്തിലടക്കം യൂനാനി മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഈ വൈദ്യശാഖയുടെ ജനകീയതക്ക് തെളിവാണ്.
വിദ്യാഭ്യാസരംഗത്തെ മുസ്‌ലിം സംഭാവനകള്‍ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതാണെങ്കിലും വിസ്താരഭയത്താല്‍ വിശദീകരിക്കുന്നില്ല.
സാമ്പത്തിക വളര്‍ച്ച
ദല്‍ഹി സല്‍ത്തനത്തിലെയും മുഗള്‍ സാമ്രാജ്യത്തിലെയും ഹൈദറാബാദിലെയും ബീജാപ്പൂരിലെയും മൈസൂരിലെയും വിവിധ മുസ്‌ലിം ഭരണാധികാരികളുടെ ശ്രമഫലമായി റവന്യൂ വരുമാന രംഗത്തും കാര്‍ഷികോല്‍പന്നങ്ങളിലും അന്താരാഷ്ട്ര വാണിജ്യ മേഖലകളിലും ഇന്ത്യ കൈവരിച്ച അഭൂതപൂര്‍വമായ പുരോഗതിയും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തില്‍ തന്മൂലം സംജാതമായ ഗുണകരമായ മാറ്റങ്ങളും ചരിത്ര ഗവേഷകര്‍ പഠനവിധേയമാക്കിയിട്ടുള്ള വിഷയങ്ങളാണ്. വിളകള്‍ക്കനുസരിച്ച് കൃഷിഭൂമി വിവിധ ഇനങ്ങളാക്കി തിരിക്കുകയും ഓരോ വിളക്കും ഭൂമിയുടെ തരത്തിനനുസരിച്ച് നികുതി ഏര്‍പ്പെടുത്തുകയും പിരിച്ചെടുക്കുന്ന നികുതി വരുമാനം ഉപയോഗിച്ച് പൊതുജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തവരായിരുന്നു ദല്‍ഹി സല്‍ത്തനത്തുകളിലെ ഭരണാധിപന്മാര്‍. അലാഉദ്ദീന്‍ ഖില്‍ജിയും മുഹമ്മദ് ബിന്‍ തുഗ്ലക്കും നികുതി സംഭരണത്തിലും വിതരണത്തിലും കാതലായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നവരാണ്. 'ദീവാനി കോഹി' എന്ന പേരില്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഒരു കൃഷി വകുപ്പിനു രൂപം നല്‍കി. ഈ വകുപ്പിനു കീഴില്‍ കൂടുതല്‍ നിലങ്ങള്‍ കൃഷിയോഗ്യമാക്കി. നികുതി അടക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള പരാതികള്‍ കോടതികളില്‍ ബോധിപ്പിക്കാന്‍ ഫിറോസ് ഷാ തുഗ്ലക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് 'തഖവി' എന്ന പേരില്‍ ജലസേചനത്തിനും മറ്റുമായി കടം ലഭ്യമാക്കി. കൃഷിയിടങ്ങളില്‍ എല്ലാ ഋതുക്കളിലും ജലം കിട്ടുന്നതിന് നാലു തോടുകള്‍ നിര്‍മിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ അവരുടെ ശമ്പളം വര്‍ധിപ്പിച്ചു. നികുതികളുടെ എണ്ണം നാലായി നിജപ്പെടുത്തിയതും ഫിറോസ് ഷാ തുഗ്ലക്കാണ്.
രാഷ്ട്രീയ ശക്തി കൊണ്ടു മാത്രമല്ല മുഗളന്മാര്‍ ഭദ്രമായ സാമ്രാജ്യം പടുത്തുയര്‍ത്തിയത്; മറിച്ച് കരുത്തുറ്റ റവന്യൂ ഭരണം കൊണ്ടു കൂടിയാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അവര്‍ രാജ്യത്തെ പ്രവിശ്യകളായി തിരിച്ചു. അക്ബറിന്റെ കാലത്ത് പതിനഞ്ചും ഔറംഗസീബിന്റെ കാലത്ത് ഇരുപതും പ്രവിശ്യകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു മുഗള്‍ സാമ്രാജ്യം. പ്രവിശ്യയെ സര്‍ക്കാര്‍, പര്‍ഗാന, ഗ്രാമം എന്നിങ്ങനെ വിഭജിച്ചു. സാമ്രാജ്യത്തെ കൃത്യമായ ഭരണവ്യവസ്ഥക്കു കീഴില്‍ ഏകീകരിക്കാന്‍ ഇതുമൂലം സാധിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിന് കൃഷിയും കാര്‍ഷികേതര ഉല്‍പാദന പ്രക്രിയകളും പ്രോത്സാഹിപ്പിച്ചു. ഭൂനികുതി വ്യവസ്ഥപ്പെടുത്തി. വിളയും വരുമാനവും തിട്ടപ്പെടുത്തുന്നതിന് വ്യത്യസ്ത സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. ഗ്രാമീണ കര്‍ഷകര്‍ക്ക് അളവറ്റ പ്രോത്സാഹനമാണ് മുഗള്‍ ഭരണാധികാരികള്‍ നല്‍കിയത്. വിളവെടുപ്പിനും ഉല്‍പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് പൊതു വിപണിയില്‍ വില്‍ക്കുന്നതിനും സര്‍ക്കാര്‍ സഹായം ചെയ്തു. ഗോതമ്പ്, ചോളം, പരുത്തി, പഞ്ചസാര, സുഗന്ധ ദ്രവ്യങ്ങള്‍, നാണ്യവിളകള്‍ മുതലായവയുടെ ഉല്‍പാദനത്തില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ ഇതുമൂലം സാധിച്ചു. കാര്‍ഷിക പുരോഗതിക്കു സമാന്തരമായി അന്താരാഷ്ട്ര സമുദ്ര വ്യാപാരവും വളര്‍ന്നു. ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വലിയ വിപണി ലഭിച്ചു. അറബ്, യൂറോപ്യന്‍ തുറമുഖങ്ങളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. വിദേശങ്ങളില്‍നിന്നുള്ള ചരക്കുകള്‍ മുഗള്‍ സാമ്രാജ്യത്തില്‍ സുലഭമായി ലഭിച്ചു. ഇന്ത്യന്‍ ജനത വ്യാപാര വിജയങ്ങളുടെ നേരിട്ടുള്ള ഗുണഭോക്താക്കളായിരുന്നു. ഈ സമൃദ്ധിയിലേക്കാണ് പോര്‍ച്ചുഗലിന്റെയും ഹോളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഒടുവില്‍ ഇംഗ്ലണ്ടിന്റെയും കഴുകക്കണ്ണുകള്‍ പതിഞ്ഞത്. രാജ്യത്തിന്റെ നന്മയെ കരുതി വിദേശ വ്യാപാരികള്‍ക്ക് അവസരം ഒരുക്കുകയായിരുന്നു മുഗള്‍ ഭരണാധികാരികള്‍. പാല്‍ കൊടുത്ത കൈകള്‍ക്ക് പാമ്പ് കൊത്തിയതും ഇന്ത്യയുടെ സമ്പത്ത് അതിഥികളായി വന്ന യൂറോപ്യന്‍ കച്ചവടക്കാര്‍ കൊള്ളയടിച്ചതും ചരിത്രം. ഇന്ത്യ പട്ടിണി കിടക്കുമ്പോള്‍ ഇന്ത്യയുടെ അപ്പം ബ്രിട്ടീഷുകാര്‍ തിന്നുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ നശിപ്പിച്ചതിന്റെ ചരിത്രം ഡോ. ശശി തരൂര്‍ തന്റെ 'ഇന്‍ഗ്ലോറിയസ് എംപയര്‍: വാട്ട് ദ ബ്രിട്ടീഷ് ഡിഡ്് റ്റു ഇന്ത്യ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. മുഗളന്മാര്‍ സുഭിക്ഷമാക്കിയ ഒരു രാജ്യം കൊള്ളയടിച്ചു നശിപ്പിക്കുകയായിരുന്നു ഇംഗ്ലീഷുകാരും മറ്റു യൂറോപ്യന്മാരും. അക്കഥ അറിയുമ്പോഴേ മുസ്‌ലിം ഭരണാധികാരികള്‍ ഈ നാടിനോട് എത്രമാത്രം കൂറും സ്‌നേഹവുമുള്ളവരായിരുന്നു എന്ന് ശരിക്കും ബോധ്യപ്പെടുകയുള്ളൂ. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്ക് വിശദമായി പഠിക്കേണ്ടതുണ്ട്.
കല, സംഗീതം, വാസ്തുവിദ്യ
കലയുടെയും സംഗീതത്തിന്റെയും വാസ്തുവിദ്യയുടെയും പ്രായോജകരും സംരക്ഷകരുമായിരുന്നു മുസ്‌ലിം ഭരണാധികാരികള്‍. ലോക സാംസ്‌കാരിക ഭൂപടത്തില്‍ ഇന്ത്യക്ക് അസൂയാവഹമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ പ്രാചീന ഇന്ത്യന്‍ വാസ്തുശില്‍പങ്ങളോടൊപ്പം മുസ്‌ലിം ഭരണകാലത്തെ വേറിട്ട ചിത്രങ്ങളും നിര്‍മിതികളും സംഗീതവും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വാസ്തുപ്രതീകങ്ങള്‍ എല്ലാം- താജ്മഹല്‍, ഖുത്വ്ബ് മിനാര്‍, ചാര്‍മിനാര്‍, ചെങ്കോട്ട, ഗോല്‍കുംഭസ് മുതലായവ- മുസ്‌ലിം സാംസ്‌കാരിക ഈടുവെപ്പുകളാണ്. ഇവ മാറ്റിനിര്‍ത്തി ഇന്ത്യയെ സങ്കല്‍പിക്കാനാവില്ല.
ക്രി.വ 711, 712 കാലത്ത് സിന്ധില്‍ അറബ് സൈന്യം എത്തിയതോടുകൂടിത്തന്നെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരത്തിന് തുടക്കം കുറിച്ചുവെന്ന് 'ഇന്ത്യന്‍ സബ് കോണ്ടിനന്റ്: ഫ്രം സുല്‍ത്താനേറ്റ് റ്റു മുഗള്‍ എംപയര്‍' എന്ന പഠനത്തില്‍ ഫിലിപ്പാ വോഗന്‍ (Islam Art and Architecture, Edited by Markus Hattestein and Peter Delius, Konemann, p 454) രേഖപ്പെടുത്തുന്നു. പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയില്‍നിന്നും മധ്യേഷ്യയില്‍നിന്നുമുള്ള മുസ്‌ലിം കലാകാരന്മാര്‍ പഞ്ചാബില്‍ എത്തി. ഇന്ത്യയിലെ നാനാതരം നിര്‍മാണങ്ങള്‍ക്കു വേണ്ടി പേര്‍ഷ്യയില്‍നിന്നും തുര്‍ക്കിയില്‍നിന്നും മധ്യേഷ്യയില്‍നിന്നുമുള്ള വിദഗ്ധരായ തൊഴിലാളികളെയും വാസ്തുവിദ്യാ വിദഗ്ധരെയും കലിഗ്രഫിസ്റ്റുകളെയും ചിത്രകലാകാരന്മാരെയും സുല്‍ത്താന്മാര്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളില്‍ മുസ്‌ലിം സല്‍ത്തനത്തുകളുടെ സ്വാധീനം പഞ്ചാബില്‍നിന്ന് ഗുജറാത്ത്, ബംഗാള്‍, ദക്കാന്‍ വഴി തെക്ക് മധുര വരെ എത്തി. മുസ്‌ലിം സാന്നിധ്യം എത്തിയ പ്രദേശങ്ങളിലെല്ലാം ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും സാന്നിധ്യവും അറിഞ്ഞു. പള്ളികള്‍, മദ്‌റസകള്‍, കൊട്ടാരങ്ങള്‍, പൊതു വിശ്രമ കേന്ദ്രങ്ങള്‍, ശവകുടീരങ്ങള്‍, മാര്‍ക്കറ്റുകള്‍ ഇവയുടെ നിര്‍മാണമാണ് വാസ്തുവിദ്യയുടെ വികസനത്തിന് കളമൊരുക്കിയത്. നിര്‍മിതികളുടെ അലങ്കാരത്തിന് ചിത്രകലയും കലിഗ്രഫിയും ധാരാളമായി ഉപയോഗപ്പെടുത്തി. ദല്‍ഹി സല്‍ത്തനത്തിന്റെ കലാപരമായ ഈടുവെപ്പില്‍ ഏറ്റവും പുകള്‍പ്പെറ്റതാണ് ദല്‍ഹിയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദും അതിന്റെ അനുബന്ധമായി നിര്‍മിച്ച ഖുത്വ്ബ് മിനാറും.
ഇന്തോ-ഇസ്‌ലാമിക കലയുടെ ഉച്ചഘട്ടമാണ് മുഗള്‍ ഭരണകാലം. 1526-ല്‍ ദല്‍ഹിയുടെ വടക്കു പടിഞ്ഞാറ് പാനിപ്പത്തില്‍ വെച്ച് ഇബ്‌റാഹീം ലോദിയെ പരാജയപ്പെടുത്തി തിമൂര്‍ വംശജനായ ബാബര്‍ അടിത്തറ പാകിയ മുഗള്‍ വംശമാണ് 1858-ല്‍ ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ രണ്ടാമനെ ബ്രിട്ടീഷുകാര്‍ റങ്കൂണില്‍ തടവിലിടുന്നതു വരെ ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിച്ചത്. ഇന്ത്യയുടെ കലാ, സംഗീത, വാസ്തുവിദ്യാ ചരിത്രത്തില്‍ വിസ്മയകരമായ ഉണര്‍വിന്റെയും ഉജ്ജ്വലമായ ആവിഷ്‌കാരങ്ങളുടെയും യുഗമായിരുന്നു മുഗളരുടേത്. ഹുമയൂണ്‍ ശവകുടീരം, ദല്‍ഹി ജമാ മസ്ജിദ്, ചെങ്കോട്ട, ആഗ്രാ കോട്ട, താജ്മഹല്‍, ഫത്തേപൂര്‍ സിക്രി, അനേകം മുഗള്‍ ഉദ്യാനങ്ങള്‍ ഇവ ആ കലാചാതുരിയുടെ നീക്കിയിരിപ്പുകളില്‍ ചിലതു മാത്രം. ഇവ കൂടാതെ കലിഗ്രഫിയിലും ചിത്രകലയിലുമുള്ള മുഗള്‍ സംഭാവനകള്‍ അതീവസമ്പന്നമാണ്. ധാരാളം സചിത്രഗ്രന്ഥങ്ങള്‍ കൊട്ടാര കലാകാരന്മാര്‍ തയാറാക്കുകയുണ്ടായി. ഗ്രന്ഥങ്ങള്‍ക്കു പുറമെ ആഭരണങ്ങള്‍, ആയുധങ്ങള്‍, പാത്രങ്ങള്‍, പരവതാനികള്‍, ലോഹ വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കളെല്ലാം കലാമേന്മ വിളിച്ചോതുന്നവയായിരുന്നു. ഇന്ത്യന്‍ പാരമ്പര്യ കലാ സമ്പ്രദായങ്ങളും പേര്‍ഷ്യന്‍-തുര്‍ക്കി-മധ്യേഷ്യന്‍ ആവിഷ്‌കാര രീതികളും യൂറോപ്യന്‍ കലയും മുഗള്‍ അഥവാ ഇന്തോ അറബ്/ ഇന്തോ-ഇസ്‌ലാമിക് കലയില്‍ സംഗമിച്ചു. മുസ്‌ലിം ഭരണാധികാരികള്‍ കലയെയും സാഹിത്യത്തെയും സംരക്ഷിച്ചത് ഹിന്ദു രാജാക്കന്മാര്‍ക്ക് പ്രചോദനമായിത്തീര്‍ന്നു എന്ന് താരാചന്ദ് എഴുതിയിട്ടുണ്ട്: The Muslim rulers set the example of patronage of art and literature and the Hindu princes imitated them (താരാചന്ദ്, 2018 പേജ് 273). മുഗള്‍ കൊട്ടാരത്തില്‍ പിറവിയെടുത്ത കലാ ശൈലി അങ്ങനെ ഇന്ത്യയുടെ മുഴുവന്‍ ശൈലിയായിത്തീര്‍ന്നു എന്നും അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സംഗീത ചരിത്രം വലിയ അളവില്‍ മുസ്‌ലിംകളോട് കടപ്പെട്ടിരിക്കുന്നു. ജോന്‍പൂരിലെ സുല്‍ത്താന്‍ ഹുസൈന്‍ ഷാ സൃഷ്ടിച്ച രാഗമാണ് ജോന്‍പുരി. അനശ്വര രാഗങ്ങളായ ദര്‍ബാശി, മിയാന്‍ കി തോഡി, മിയാന്‍ കി മല്‍ഹര്‍ എന്നിവയുടെ സ്രഷ്ടാവ് അക്ബറിന്റെ രാജസദസ്സിലെ ടാന്‍സന്‍ ആണ്. മുസ്‌ലിം യാഥാസ്ഥിതികത്വത്തിന്റെയും സംഗീതവിരോധത്തിന്റെയും പ്രതീകമായി ശത്രുക്കള്‍ അവതരിപ്പിക്കാറുള്ള ഔറംഗസീബ് സ്വയം തന്നെ നല്ല സംഗീതജ്ഞനും സംഗീതം ആസ്വദിച്ചിരുന്ന വ്യക്തിയുമായിരുന്നു എന്ന് കാതറന്‍ ബട്ട്‌ലര്‍ സ്‌കൊഫീല്‍ഡ് 'മോഡേണ്‍ ഏഷ്യന്‍ സ്റ്റഡീസി'ല്‍ 2007-ല്‍ പ്രസിദ്ധീകരിച്ച 'ഡിഡ് ഔറംഗസീബ് ബാന്‍ മ്യൂസിക്' എന്ന പ്രബന്ധത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്. ജീവിതാന്ത്യത്തില്‍ അദ്ദേഹം സംഗീതത്തില്‍നിന്ന് വിട്ടുനിന്നത് വിരക്ത ജീവിതം നയിക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ്. എന്നാല്‍ സംഗീതത്തിനു മേല്‍ എന്തെങ്കിലും തരത്തിലുള്ള നിരോധനം അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നില്ല. മുസ്‌ലിം സന്യാസ (സൂഫി) ജീവിതത്തിന്റെ അനുപേക്ഷ്യ ഘടകമായിരുന്നു സംഗീതം. സൂഫി സംഗീത സദസ്സുകള്‍ 'സമാഅ്' എന്ന പേരില്‍ പ്രസിദ്ധമാണ്. അമീര്‍ ഖുസ്രു/ബുല്ലേ ഷാ, മിര്‍സാ ഗാലിബ്, മീര്‍തഖി മീര്‍, അല്ലാമാ ഇഖ്ബാല്‍ ഇങ്ങനെ നീളുന്ന ഒരു നീണ്ട പട്ടികയുണ്ട് മുസ്‌ലിം കവികളുടേതും ഗാനരചയിതാക്കളുടേതുമായി. നുസ്രത്ത് ഫത്ഹ് അലി ഖാന്‍, തലത് മഹ്മൂദ്, മുഹമ്മദ് റഫി, എ.ആര്‍ റഹ്മാന്‍ സംഗീതനഭസ്സിലെ നക്ഷത്രങ്ങള്‍. മുസ്‌ലിം ഗാന രചയിതാവ് എഴുതുകയും മുസ്‌ലിം സംഗീത സംവിധായകന്‍ ചിട്ടപ്പെടുത്തുകയും മുസ്‌ലിം ഗായകന്‍ പാടുകയും ചെയ്ത പ്രസിദ്ധമായ ഭജനയാണ് 'ബൈജു ബവ്‌റ' (1952) എന്ന ഹിന്ദി സിനിമയിലെ മന്‍ തര്‍വത് ഹരി ദര്‍ശന്‍ കോ ആജ്. എഴുതിയത് ശകീല്‍ ബദായൂനി, ചിട്ടപ്പെടുത്തിയത് നൗഷാദ്, പാടിയത് റഫി. ഗസലുകളും ഖവാലികളും ഇന്ത്യന്‍ സംഗീതത്തിന്റെ ജനപ്രിയ മുഖമാണ്. മലയാളത്തിന്റെ ജനകീയ ഗാനശാഖയായ മാപ്പിളപ്പാട്ടിനെ മറക്കാനാവുമോ?
(അവസാനിച്ചു)
Comments