Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

ചിന്താമണ്ഡലത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന മൗദൂദി

ഡോ. ബദീഉസ്സമാന്‍

1950-കളുടെ തുടക്കം. വിഭജനശേഷം പാകിസ്താനില്‍ സയ്യിദ് മൗദൂദി തന്റെ പ്രവര്‍ത്തനം ആരംഭിച്ച കാലം. ലാഹോര്‍ അഛ്‌റയിലെ പ്രമുഖ ബറേല്‍വി പണ്ഡിതനായിരുന്ന മൗലാനാ മുഹമ്മദ് ഉമര്‍ അഛ്‌റവീ മൗദൂദിക്കെതിരില്‍ ആരോപണമുന്നയിച്ചു:  അഛ്‌റ തപാല്‍ ഓഫീസില്‍ മൗദൂദിയുടെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു അയച്ച ഒരു ലക്ഷം രൂപയുടെ മണിയോര്‍ഡര്‍ താന്‍  സ്വന്തം കണ്ണുകൊണ്ട് കണ്ടു എന്നായിരുന്നു അത്. മണിയോര്‍ഡറായി അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ രാജ്യത്തിനുള്ളില്‍തന്നെ അയക്കാന്‍ പറ്റാത്ത കാലത്താണ് ദല്‍ഹിയില്‍നിന്ന് അയക്കാന്‍ സാധ്യമാകാത്ത മണിയോര്‍ഡര്‍ പാകിസ്താനിലെ പോസ്റ്റാഫീസില്‍ കണ്ടതായി ഈ പണ്ഡിതന്‍ ആരോപണമുന്നയിക്കുന്നത്.
1948-ല്‍ പാക്കധീന കശ്മീരിലെ ഒളിപ്പോരുകാര്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്തി കശ്മീരിനെ പൂര്‍ണമായും ഇന്ത്യയില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പാക്‌സൈന്യം അതിനെ പിന്തുണച്ചു. അത് ശരിയല്ലെന്നും,  യുദ്ധമാണെങ്കില്‍ പരസ്യമായി പ്രഖ്യാപിച്ച് നടത്തണമെന്നും നയതന്ത്രബന്ധം നിലനില്‍ക്കുന്ന ഒരു രാജ്യത്തിനെതിരെ രഹസ്യമായി യുദ്ധം ചെയ്യുന്നത് വഞ്ചനയാണെന്നും ഇസ്‌ലാമിക മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നും മൗദൂദി നിലപാടെടുത്തു. വിഭജനത്തിനു മുമ്പ് അതിനെ എതിര്‍ത്ത ആളായതിനാല്‍ മൗദൂദിയുടെ ഇന്ത്യന്‍ കൂറിനുള്ള തെളിവാണിതെന്ന് എതിരാളികള്‍ പ്രസ്താവനയിറക്കി.
പാകിസ്താന്‍ പഞ്ചാബില്‍ 1953-ല്‍ ഉണ്ടായ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജ. മുനീര്‍ കമീഷന്‍ മുമ്പാകെ ഖാദിയാനി നേതാവ് ഖ്വാജാ നസീര്‍ അഹ്മദ്, മൗദൂദിക്ക് അമേരിക്കയില്‍നിന്ന് പണം വരുന്നെന്ന് ആരോപണമുന്നയിച്ചു.  എന്നാല്‍ കമീഷനു മുമ്പില്‍ ഹാജരായ പഞ്ചാബ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മിയാന്‍ അന്‍വര്‍ അലി അക്കാര്യം നിഷേധിച്ച്, വിദേശസഹായത്തിന്റെ ഒരു തെളിവും തങ്ങള്‍ക്കോ മിലിട്ടറി ഏജന്‍സികള്‍ക്കോ കണ്ടെത്താനായില്ലെന്ന് പറഞ്ഞു.
***
മൗദൂദി വീണ്ടും ചര്‍ച്ചയാവുമ്പോള്‍, എവിടെനിന്നെന്നില്ലാതെ അദ്ദേഹത്തിനു മേല്‍ പഴയ ആരോപണങ്ങള്‍ വീണ്ടും പൊട്ടിവീഴുമ്പോള്‍ ഇതെല്ലാം ഓര്‍മയില്‍ തെളിയുന്നു. ഒരത്ഭുത പ്രതിഭാസം തന്നെയാണ് മൗദൂദി. 1903-ല്‍ ഹൈദറാബാദില്‍ ജനിച്ച് 1979-ല്‍ അമേരിക്കയിലെ ബഫലോയില്‍ ഇഹലോകവാസം വെടിഞ്ഞ ഈ മനുഷ്യനെ ഏതെങ്കിലും തലത്തില്‍ സ്പര്‍ശിക്കാതെ തെക്കനേഷ്യയിലെ കഴിഞ്ഞ എഴുപത്തഞ്ചോളം വര്‍ഷത്തെ മുസ്‌ലിം രാഷ്ട്രീയത്തെയോ ജീവിതത്തെത്തന്നെയോ ചര്‍ച്ച ചെയ്യാനാകുന്നില്ല എന്നതിലടങ്ങിയിരിക്കുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ സ്വാധീനം. ജീവിച്ചിരിക്കുന്ന കാലത്തും മരണശേഷവും തന്നിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചിന്തയാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്തതിലെത്രയോ മടങ്ങ് ആളുകള്‍ വിമര്‍ശകരായും മൗദൂദിക്കുണ്ട്. ഇസ്‌ലാമിനെ അതിന്റെ തനിമയോടും ആദിമശുദ്ധിയോടും കൂടി പ്രസാരണം ചെയ്ത്, അതിന്റെ ശരിയായ സൗന്ദര്യം തങ്ങളെ ഇരുപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അനുഭവിപ്പിച്ചയാളാണ് ആകൃഷ്ടരായവര്‍ക്ക് മൗദൂദി. എന്നാല്‍ മതത്തിന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കി എന്നതു മുതല്‍ മതരാഷ്ട്രവാദത്തിനും ഭീകരവാദത്തിനും മാസ്റ്റര്‍ ബ്രെയ്‌നായി എന്നതു വരെയുള്ള ചെറുതും വലുതുമായ നിരവധി ആരോപണങ്ങളുണ്ട് സെക്യുലര്‍ സ്‌പെക്ട്രത്തിന്റേതായി.   അനുയായികളുടെ മഹത്വവര്‍ണനകള്‍ക്കും എതിരാളികളുടെ മുന്‍വിധികളിലധിഷ്ഠിതമായ ചിത്രവധങ്ങള്‍ക്കുമിടയില്‍ വേണം മൗദൂദി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും കാണാന്‍ ശ്രമിക്കേണ്ടത് എന്നാണ് പറഞ്ഞുവരുന്നത്.  പുതിയ കാലത്തെ ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രാഥമിക ഉത്തരവാദിത്തങ്ങളിലൊന്നാണത്.
മൗദൂദി ഒരു അതിമാനുഷനൊന്നുമല്ല. നമ്മുടെ കണ്‍മുമ്പില്‍ ജീവിച്ചു മരിച്ച, മനുഷ്യനെന്ന രീതിയില്‍ താന്‍ ജീവിച്ച സമയസന്ദര്‍ഭങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഒരാള്‍. പ്രവാചകന്‍ പ്രബോധനം ചെയ്യുകയും വിശുദ്ധരായ ഖലീഫമാരും സ്വഹാബികളും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയും ചെയ്ത പ്രകാരം ഇസ്‌ലാമിനെ പിന്തുടരുന്നതു മാത്രമാണ് ലോകര്‍ക്കു മുന്നിലെ ശരിയായ വഴി എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.  മുഹമ്മദ് നബിയുടെ സത്യസന്ദേശം ലോകാവസാനം വരേക്കുമുള്ളതായതിനാല്‍, അടിസ്ഥാന മൂല്യങ്ങളില്‍ മാറ്റമില്ലാതെ തന്നെ ഓരോ കാലത്തെയും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം മാറുമെന്ന് ഖുര്‍ആനെ മുന്‍നിര്‍ത്തി അദ്ദേഹം സിദ്ധാന്തിച്ചു. ഇപ്രകാരം കാലഘട്ടത്തിന്റെ ഭാഷയില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന ഒരു പ്രസ്ഥാനം അദ്ദേഹം രൂപവത്കരിച്ചു; അതിന് ദീര്‍ഘകാലം നേതൃത്വം കൊടുത്തു.  പ്രസ്ഥാന നായകന്‍ എന്ന രീതിയില്‍ തത്ത്വവും പ്രയോഗവും ഏറ്റുമുട്ടുന്ന പല സന്ദര്‍ഭങ്ങളെയും അദ്ദേഹത്തിന്  അഭിമുഖീകരിക്കേണ്ടിവന്നു. എന്നാല്‍ അവക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നതിനു പകരം അവയെ നേരിടുകയും മറികടക്കാന്‍ പാകത്തില്‍ തന്റെ ചിന്താമണ്ഡലത്തിന്റെ വ്യാപ്തി വിസ്തൃതമാക്കുകയുമാണ് അദ്ദേഹം ചെയ്തത്. ചിന്തയും പ്രസ്ഥാനവും ഒരുപോലെ കൊണ്ടുനടക്കുന്ന ആള്‍ എന്ന രീതിയില്‍ നിലപാടുമാറ്റങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളെ ധാരാളമായി നേരിടേണ്ടിവന്നു മൗദൂദിക്ക്.

മൗദൂദിയും വിമര്‍ശകരും
മൗദൂദി തന്നെയും താന്‍ വിമര്‍ശനത്തിനതീതനാണെന്ന് കരുതിയിട്ടില്ല. അതിനാല്‍ അങ്ങനെ കരുതുന്ന അനുയായികളുണ്ടെങ്കില്‍ അത് അദ്ദേഹത്തോടു തന്നെ ചെയ്യുന്ന അനീതിയാണ്. സത്യസാക്ഷ്യനിര്‍വഹണത്തിനും ഇസ്‌ലാമിന്റെ സമഗ്രത പ്രബോധനം ചെയ്യുന്നതിനും മറ്റാരും എഴുന്നേറ്റുനില്‍ക്കാത്തതിനാല്‍ മാത്രമാണ് തനിക്കൊരു പ്രസ്ഥാനം രൂപവല്‍ക്കരിക്കേണ്ടിവന്നതെന്ന് ആരംഭത്തില്‍തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. തുടക്കത്തില്‍ മൗദൂദിയോടൊപ്പം നിന്ന പലരും അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഇടക്കാലത്ത് പിരിഞ്ഞുപോവുകയുണ്ടായി. അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, ഇസ്‌റാര്‍ അഹ്മദ് തുടങ്ങി സ്വന്തമായി അനുയായിവൃന്ദത്തെ സൃഷ്ടിച്ചവര്‍ അവരിലുണ്ട്. ജാവേദ് അഹ്മദ് ഗാമിദിയെ പോലെ പലരും ജമാഅത്തിന്റെ നയനിലപാടുകളോട് വിയോജിച്ച് വഴിമാറിനടന്നിട്ടുണ്ട്. ബംഗ്ലാദേശ് രൂപീകരണത്തിലെത്തിച്ച ബംഗ്ലാ ദേശീയവികാരത്തെ കുറേക്കൂടി യാഥാര്‍ഥ്യബോധത്തോടെ നോക്കിക്കാണാന്‍ മൗദൂദിയുടെ നേതൃത്വത്തിന് കഴിയണമായിരുന്നു എന്ന് പാക് ജമാഅത്ത് നേതാവ് കൂടിയായിരുന്ന ചിന്തകന്‍ ഖുര്‍റം മുറാദ് വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
മൗദൂദിക്കെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയ പ്രസ്ഥാനേതരര്‍ എല്ലാവരും ശത്രുക്കളായിരുന്നില്ല.  ഖിലാഫത്തുര്‍റാശിദയിലെ പലരെയും നിരൂപണം ചെയ്യാന്‍ മൗദൂദി തയാറായതില്‍ വിഷമം കൊണ്ടവര്‍, മൗദൂദി ഉന്നയിച്ച വിഷയങ്ങളോട് അനുഭാവം പ്രകടിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് കമ്യൂണിസ്റ്റ് ഘടനയോട് സാമ്യം ഉണ്ടെന്ന് ആരോപിച്ച് മാറിനിന്നവര്‍, ഇസ്‌ലാമിന്റെ ആരാധനാഭാവത്തിനു മൗദൂദി വേണ്ടരീതിയില്‍ പരിഗണന നല്‍കുന്നില്ലെന്ന് പരിഭവിച്ചവര്‍..... ഇങ്ങനെ നിരവധി വിഭാഗക്കാരുണ്ടായിരുന്നു വിമര്‍ശകരില്‍. ഇവരൊക്കെ തങ്ങളുടെ വിമര്‍ശനങ്ങള്‍ മാന്യതയുടെയും പ്രതിപക്ഷ മര്യാദയുടെയും സീമകളില്‍ ഒതുക്കിനിര്‍ത്തിയവരായിരുന്നു.

മതേതര/ മാര്‍ക്‌സിസ്റ്റ് വിമര്‍ശങ്ങള്‍
എന്നാല്‍ മതേതര, മത കോണുകളില്‍നിന്നുയര്‍ന്ന പല ആരോപണങ്ങളും എതിര്‍പക്ഷത്ത് മൗദൂദിയാണ് എന്ന ഒറ്റക്കാരണത്താല്‍ സത്യസന്ധത തൊട്ടു തീണ്ടിയിട്ടില്ലാത്തവയാണെന്ന് പറയേണ്ടിവരും. ചിന്താപരമായ അഭിപ്രായവ്യത്യാസങ്ങളെ മുന്‍വിധിയില്ലാതെ സമീപിക്കുന്നതിനു പകരം നേരത്തേ പഠിച്ചുവെച്ച മൗദൂദിവിരുദ്ധ പാഠങ്ങള്‍ ആവര്‍ത്തിച്ചുരുവിടുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ഒരു സംഭവത്തിന്റെ / പ്രസ്താവനയുടെ കാരണം, പരിണിത ഫലങ്ങള്‍ എന്നിവയിലൊക്കെ അഭിപ്രായവ്യത്യാസമുണ്ടാവാം. പക്ഷേ സംഭവത്തെ / പ്രസ്താവനയെ കണ്ടില്ലെന്ന് നടിക്കുന്നതും വളച്ചൊടിക്കുന്നതും സത്യത്തോടുള്ള പ്രതിബദ്ധതയല്ല തന്നെ; മറ്റെന്തോ താല്‍പര്യങ്ങളാണ് അതിനു പിന്നില്‍. 
ഇസ്‌ലാമാണ് മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നതും, ദൈവത്തോട് സമാധാനം ബോധിപ്പിക്കേണ്ടിവരുന്ന അന്തിമ വിധിനാളിനെക്കുറിച്ച ബോധ്യത്തില്‍നിന്നേ ഭൂമിയിലെ അതിക്രമങ്ങള്‍ അവസാനിക്കൂ എന്നതും ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. ഈ വിശ്വാസധാരയെ ഇരുപതാം നൂറ്റാണ്ടിന്റെ ഭാഷയില്‍ പ്രബോധനം ചെയ്യുകയാണ് മൗദൂദി ചെയ്തത്. പ്രവാചകന്മാര്‍ ഓരോരുത്തരും തങ്ങളുടെ കാലഘട്ടത്തിലെ മുഖ്യ സാമൂഹികദൂഷ്യത്തെ അഭിമുഖീകരിച്ചാണ് തങ്ങളുടെ പ്രബോധനം നിര്‍വഹിച്ചതെന്നും, ആധുനികകാലത്തെ പ്രധാന പ്രശ്‌നങ്ങള്‍ ഭൗതികവാദത്തിലധിഷ്ഠിതമായ ജീവിതസങ്കല്‍പങ്ങളായതിനാല്‍ അതിന്റെ രൂപങ്ങളായ കമ്യൂണിസ്റ്റ്, മുതലാളിത്ത രീതികള്‍ എതിര്‍ക്കപ്പെടേണ്ടവയാണെന്നും മൗദൂദി സിദ്ധാന്തിച്ചു.
എന്നാല്‍, വര്‍ഗസമര സിദ്ധാന്തം മുറുകെ പിടിക്കുന്ന കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചേടത്തോളം ഇതൊരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. 1990-കള്‍ക്കു മുമ്പ് കമ്യൂണിസത്തിന്റെ വസന്തകാലത്തുതന്നെ മൗദൂദി രചനകളും അദ്ദേഹത്തിന്റെ പ്രസ്ഥാനവും മുസ്‌ലിംകള്‍ക്കിടയില്‍  കമ്യൂണിസത്തിന്റെ വ്യാപനം തടയുന്നതില്‍ ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ഇതിനെ ബൗദ്ധികമായി നേരിടാന്‍ കഴിയാതെ കിതച്ച ഇടതുപക്ഷം മൗദൂദിയെ സംബന്ധിച്ച് അപവാദ പ്രചാരണങ്ങളിലേക്കു നീങ്ങുകയായിരുന്നു പലപ്പോഴും.

മൗദൂദിയും ഗോള്‍വാള്‍ക്കറും
അക്കൂട്ടത്തില്‍ കാലങ്ങളായി ഉന്നയിക്കുന്ന ഒന്നാണ് ആര്‍.എസ്.എസ്-ജമാഅത്ത്, മൗദൂദി-ഗോള്‍വാള്‍ക്കര്‍ സമീകരണങ്ങള്‍. ഗാന്ധിവധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തിന് ആര്‍.എസ്.എസ്സിന്റെ ഭീകരത ബോധ്യമായി. എന്നാല്‍ ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്ര ഭീകരതയെ നേരിടുന്നത് കോണ്‍ഗ്രസ്സില്‍ വിഭജനാനന്തരവും ശക്തമായി സ്വാധീനം ചെലുത്തിയിരുന്ന വലതുപക്ഷ ധാരക്ക് താല്‍പര്യമുള്ള ഒന്നായിരുന്നില്ല.  പാകിസ്താന്‍ രൂപീകരണത്തോടെ അപ്രസക്തമായ ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന് പകരം ഹിന്ദുവര്‍ഗീയതയുടെ മുസ്‌ലിം ദ്വന്ദ്വത്തെ അന്വേഷിച്ചവര്‍ക്ക് കിട്ടിയ പിടിവള്ളിയാണ് ജമാഅത്തും മൗദൂദിയും. ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെ കുറിച്ച മൗദൂദിരചനകള്‍ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുകയും ചെയ്തു. അറുപതുകളില്‍ തുടങ്ങിയ ഈ പ്രവണതയുടെ തുടര്‍ച്ചയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സിനൊപ്പം ബാലന്‍സ് ചെയ്യിക്കാനായി ജമാഅത്തിനെ കൂടി നിരോധിച്ചത്. 1992-ലും ഇതാവര്‍ത്തിച്ചു.
തുടര്‍ന്ന്, ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക ഇടപെടലുകള്‍ രാഷ്ട്രീയ ശല്യമായിത്തോന്നുന്ന സന്ദര്‍ഭങ്ങളിലൊക്കെ അള്‍ട്രാ സെക്യുലര്‍ -കമ്യൂണിസ്റ്റ് ധാരയിലുള്ളവര്‍ അടിസ്ഥാനരഹിതമായ ഈ ആരോപണം പൊട്ടിതട്ടിയെടുക്കുന്നതായി കാണാം. അങ്ങനെയാണ് വീണ്ടുമിപ്പോള്‍ സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ ചര്‍ച്ചാ കാലത്ത് ഗോള്‍വാള്‍ക്കര്‍ - മൗദൂദി, ജമാഅത്ത് - ആര്‍.എസ്.എസ് സമീകരണവും പ്രത്യക്ഷപ്പെടുന്നത്. സംഘ് പരിവാറിനെ മാത്രം എതിര്‍ത്താല്‍ തങ്ങളുടെ ഹിന്ദുവോട്ട് ബാങ്കിലുണ്ടാവുമെന്ന് സി.പി.എം ഭയക്കുന്ന ചോര്‍ച്ചയെ കൗണ്ടര്‍ ബാലന്‍സ് ചെയ്യാനായി സമീകരണ സിദ്ധാന്തം കൊണ്ടിറങ്ങിയിരിക്കുകയാണ് പ്രമുഖരായ ചില സി.പി.എം പ്രസംഗകരും ബുദ്ധിജീവികളും. ഒരു മാര്‍ക്‌സിസ്റ്റ്  - ഇസ്‌ലാമിസ്റ്റ് ആശയ സംഘട്ടനത്തിന്റെ സമയമേ അല്ല ഇത്. പക്ഷേ,  നിരന്തരമായി നടക്കുന്ന അസത്യപ്രചാരണങ്ങള്‍ ചരിത്രകുതുകികളില്‍ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളുടെ പരിക്ക് വളരെ വലുതാവും. അസത്യപ്രചാരണങ്ങള്‍ നടക്കുന്നത് ആശയങ്ങളുടെ വിശദാംശങ്ങളെ സംബന്ധിച്ചല്ല, മറിച്ച് ചരിത്രവസ്തുതകളെ സംബന്ധിച്ചാണ് എന്നതിനാല്‍ അവയുടെ യാഥാര്‍ഥ്യം മുന്നില്‍ വരേണ്ടതുണ്ട്.
ആര്‍.എസ്.എസ്സും ഗോള്‍വാള്‍ക്കറും എന്തെന്നറിയാന്‍  വിചാരധാര മാത്രം പരിശോധിച്ചാല്‍  മതി. ഇന്ത്യയിലെ മൂന്ന് ആഭ്യന്തര ശത്രുക്കളില്‍ മുമ്പന്മാരായ മുസ്‌ലിംകള്‍ക്ക് ഒരിക്കലും അവരുടെ വിശ്വാസാചാരങ്ങള്‍ പൂര്‍ണമായും കൈയൊഴിക്കാതെ ഇന്ത്യക്കാരാകാനാവില്ലെന്നും, അവര്‍ക്കു മുന്നിലുള്ള വഴി എല്ലാ അവകാശവാദങ്ങളും കൈയൊഴിഞ്ഞ് രണ്ടാംതരം പൗരന്മാരായി കഴിയുകയാണെന്നും അര്‍ഥശങ്കക്കിടയില്ലാതെ അതില്‍ വ്യക്തമാക്കിയിരിക്കുന്നു.  ഇപ്രകാരം മറ്റു മതക്കാര്‍ തങ്ങളുടെ വിശ്വാസാചാരങ്ങള്‍ മുഴുക്കെ ഒഴിവാക്കി കടന്നുവരേണ്ട ഒരു ഇസ്‌ലാമിക രാജ്യത്തെ മൗദൂദിരചനകളിലൊരിടത്തും കാണാനാവുന്നില്ല. ജനഹിതം പരിഗണിച്ചുള്ള ദൈവികാധിപത്യം എന്ന അര്‍ഥത്തില്‍ തിയോ ഡെമോക്രസിയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.  തങ്ങളുടെ മുസ്‌ലിംകളല്ലാത്ത പൗരന്മാരുടെ വ്യക്തിനിയമത്തിന്റെയും  സാംസ്‌കാരികാസ്തിത്വങ്ങളുടെയും സംരക്ഷണ കാര്യത്തില്‍ സെക്യുലര്‍ രാഷട്രങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ വലിയ പരിരക്ഷയാണ് ഇസ്‌ലാമില്‍ എന്നതുപോലെ മൗദൂദിയുടെ രാഷ്ട്രസങ്കല്‍പത്തിലും കാണാനാവുന്നത്.  ആ മൗദൂദിയെയാണ്, മുസ്‌ലിംകള്‍ക്ക് ഒരു കാരണവശാലും ദേശസ്‌നേഹിയായിരിക്കാന്‍ കഴിയില്ലെന്നും മതത്തിന്റെ അടിസ്ഥാനങ്ങളെ ഉപേക്ഷിച്ചാല്‍ മാത്രമേ അവര്‍ക്ക് ഹിന്ദുരാഷ്ട്രത്തില്‍ സ്ഥാനമുള്ളൂ എന്നും പറയുന്ന ഗോള്‍വാള്‍ക്കറുമായി താരതമ്യം ചെയ്യുന്നത്. ഹിന്ദുവര്‍ഗീയതയെക്കുറിച്ച് പറയുമ്പോള്‍ ബാലന്‍സിംഗിനായി മുസ്‌ലിംവര്‍ഗീയതയെ പറയുന്ന ശീലം ഹിന്ദുത്വ ഭീകരര്‍ നാടിനെയൊന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ ആസുര കാലത്തും ഉപേക്ഷിക്കാന്‍ തയാറാവുന്നില്ല എന്ന വിഡ്ഢിത്തത്തില്‍നിന്നാണ് ഈ തെറ്റായ സമീകരണം ഇടതുപക്ഷം നടത്തുന്നത്.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതെ തങ്ങളുടെ ഊര്‍ജം മുഴുവന്‍ മുസ്‌ലിംകള്‍ക്കെതിരെ ചെലവഴിക്കാനായി എടുത്തുവെക്കണമെന്ന് ആര്‍.എസ്.എസ് ഹിന്ദുക്കളോട് ആവശ്യപ്പെട്ടതു പോലൊരു ആവശ്യം മുസ്‌ലിംകളോട് മൗദൂദി നടത്തിയതായി ഉത്തരവാദപ്പെട്ട മാര്‍ക്‌സിസ്റ്റ് പ്രസംഗകര്‍ പ്രചരിപ്പിക്കുന്നുണ്ട്. പല വേദികളിലായി ഇതാവര്‍ത്തിക്കുന്നുവെങ്കിലും തെളിവുകള്‍ നിരത്തുന്നത് കണ്ടില്ല.

മൗദൂദിയും സ്വാതന്ത്ര്യസമരവും
വിഭജനത്തെ എതിര്‍ത്ത മുസ്‌ലിം നേതാക്കളില്‍ പ്രമുഖനാണ് സയ്യിദ് മൗദൂദി. പക്ഷേ അദ്ദേഹം കോണ്‍ഗ്രസ്സിനോടൊപ്പമായിരുന്നില്ല. കോണ്‍ഗ്രസിന്റെ സങ്കലിത ദേശീയതയെയും മുസ്‌ലിം ലീഗിന്റെ മുസ്‌ലിം സാമുദായികതയെയും ശക്തമായി നിരൂപണം ചെയ്തും വിമര്‍ശിച്ചുമുള്ള സയ്യിദ് മൗദൂദിയുടെ രചനകള്‍ 'മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസീ കശ്മകശ്' എന്ന പേരില്‍ സ്വാതന്ത്ര്യത്തിനു മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിന്റെ ആദ്യഭാഗം കോണ്‍ഗ്രസ് വിമര്‍ശനമാണ് എന്നതിനാല്‍ അത് ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗുകാരും, രണ്ടാം ഭാഗം ലീഗ് വിമര്‍ശനമാണ് എന്നതിനാല്‍ ആ ഭാഗം കോണ്‍ഗ്രസ്സുകാരും വിതരണം ചെയ്തു എന്നതാണ് രസകരമായ യാഥാര്‍ഥ്യം. വിഭജനശേഷം 'തഹ്‌രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍' എന്ന പേരില്‍ അത് പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.
മുസ്‌ലിംകളില്‍ അര്‍പ്പിതമായ ഖുര്‍ആനിക ഉത്തരവാദിത്വമായ സത്യസാക്ഷ്യ നിര്‍വഹണത്തിന്റെ കോണിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങളെയും അദ്ദേഹം നോക്കിക്കണ്ടത് എന്ന് ആ പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ സത്യസാക്ഷ്യ ബോധമില്ലാതെ മുസ്‌ലിംകള്‍ കേവല സമുദായപ്പേരില്‍ സംഘടിച്ചതുകൊണ്ടോ, അത്തരമാളുകള്‍ ചേര്‍ന്ന് ഭരണം നടത്തുന്നതുകൊണ്ടോ ഉത്തമ സമുദായം എന്ന ദൗത്യം നിര്‍വഹിക്കാനാവില്ല എന്ന അഭിപ്രായമായിരുന്നു മൗദൂദിക്ക്. അതിനാല്‍ മുസ്‌ലിം ലീഗിന്റെ ഭാഗമാകാന്‍ മൗദൂദി തയാറായില്ല. ഈ എതിര്‍പ്പ് സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടം വരെയും തുടര്‍ന്നു.
1940-കളുടെ തുടക്കത്തില്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ പ്രഭാഷണത്തിനെത്തിയ മൗദൂദിയെ വിഭജനാനുകൂലികള്‍ മര്‍ദിക്കാന്‍ തുനിഞ്ഞതും,  ഇര്‍ഫാന്‍ ഹബീബിന്റെ പിതാവായ പ്രഫസര്‍ മുഹമ്മദ് ഹബീബ് മൗദൂദിയെ തന്റെ വീട്ടിലെത്തിച്ച് രക്ഷപ്പെടുത്തിയതും ദൃക്‌സാക്ഷികളില്‍നിന്ന് നേരിട്ട് കേട്ടതാണ്. പാകിസ്താന്‍പ്രക്ഷോഭം നടക്കുന്ന കാലത്ത്, വരാന്‍ പോകുന്നത് പാകിസ്താന്‍ (വിശുദ്ധ ഭൂമി) അല്ലെന്നും നാപാകി(അവിശുദ്ധ)സ്താന്‍ ആണെന്നും മൗദൂദി പറഞ്ഞിട്ടുണ്ടെന്ന് പിന്നീട് പാകിസ്താനിലെ മൗദൂദിവിരുദ്ധര്‍ ആരോപിക്കാന്‍ മാത്രം കടുത്തതായിരുന്നു മൗദൂദിയുടെ വിഭജനവിരോധം.
1930-കളില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനുള്ളിലെ മുസ്‌ലിംവിരുദ്ധ  ഹിന്ദു നാഷ്‌നലിസ്റ്റുകളുടെ സ്വാധീനം എത്രയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്വാധീനത്തിന്റെ ഫലമായി 1937-ലെ തെരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിം ലീഗിന്റെ ന്യായമായ ആവശ്യങ്ങളോടു പോലും കോണ്‍ഗ്രസ് കാണിച്ച നിന്ദാപരമായ അവഗണനകള്‍ക്ക്, ഒരു പ്രത്യേക രാഷ്ട്രം എന്ന നിലപാടിലേക്ക് മുസ്‌ലിം  ലീഗിനെ എത്തിച്ചതില്‍ പങ്കുണ്ടെന്നത് കോണ്‍ഗ്രസ് നേതാക്കളടക്കം രേഖപ്പെടുത്തിയ കാര്യമാണ്. കോണ്‍ഗ്രസിന്റെ ഈ നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ സ്വാധീനം 'സിയാസീ കശ്മകശി'ല്‍ കാണാവുന്നതാണ്.
ബ്രിട്ടീഷ് അടിമത്തത്തില്‍നിന്നുള്ള മോചനം ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനാലാണ് പണ്ഡിതരും സാധാരണക്കാരുമായ ആളുകള്‍ കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നിട്ടുള്ളതെന്നുമാണ് മൗദൂദി എഴുതുന്നത്. പക്ഷേ കോണ്‍ഗ്രസിന്റെ സങ്കലിത ദേശീയത എന്ന സങ്കല്‍പത്തോടൊപ്പം നിന്നാല്‍ കോണ്‍ഗ്രസില്‍ മേല്‍ക്കൈയുള്ള ഹിന്ദുദേശീയവാദികളുടെ സ്വാധീനത്തിന് ജനസംഖ്യയുടെ നാലിലൊന്ന് മാത്രം വരുന്ന മുസ്‌ലിംകള്‍ പെട്ടെന്ന് വിധേയരാകുമെന്നായിരുന്നു മൗദൂദിയുടെ ആശങ്ക.  സ്വന്തം ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച് നല്ല ബോധ്യവും സംസ്‌കാരപാരമ്പര്യങ്ങളെക്കുറിച്ച് അഭിമാനബോധവുമുള്ള ഒരു സമൂഹമായി മാറുക എന്നതാണ് സങ്കലിത ദേശീയതയുടെ വക്താക്കളാവും മുമ്പ് ചെയ്യാനുള്ളത്. അല്ലാത്തപക്ഷം മുസ്‌ലിം സംസ്‌കാരം ഭൂരിപക്ഷ സംസ്‌കാരത്തില്‍ അലിയിക്കപ്പെടും.
കോണ്‍ഗ്രസ് അനുകൂലികളോട് അദ്ദേഹം ഇങ്ങനെ ചോദിക്കുന്നു: 'തങ്ങളുടെ സംസ്‌കാരത്തിന്റെയും രീതികളുടെയും സംരക്ഷണത്തിനായി നിയമപരമായ ഉറപ്പുകളുണ്ടാവുമെന്നും അടിസ്ഥാന ഭരണഘടനയില്‍ അതിനു വേണ്ട സംരക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും നിങ്ങള്‍ പറയുന്നു.  സംശയലേശമന്യേ നിങ്ങളത് ചെയ്യുമായിരിക്കും. പക്ഷേ നിയമപരമായ ഉറപ്പുകളും ഭരണഘടനാപരമായ സംരക്ഷണവും മറ്റു രേഖാപരമായ കരാറുകളുമെല്ലാം ആര്‍ക്കാണ് ഉപകാരപ്പെടുക എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? സ്വന്തത്തെ മനസ്സിലാക്കുന്ന, ശക്തമായൊരു പൊതുബോധമുള്ള, സ്വന്തം സംസ്‌കൃതിയെ അറിയുന്ന, അതിന്റെ പ്രത്യേകതകളെ തിരിച്ചറിയുന്ന, അവയുടെ സംരക്ഷണത്തെ കുറിച്ച കീഴ്‌പ്പെടുത്താനാവാത്ത ആഗ്രഹം പേറുന്ന, വ്യക്തിപരമായും സമഷ്ടിഗതമായും അതിന്റെ സംരക്ഷണത്തിനായി ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ഒരു കൂട്ടര്‍ക്കു മാത്രം.  ഈ ഗുണങ്ങള്‍ നിങ്ങളുടെ സമുദായത്തില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിയമപരമായ ഉറപ്പുകളുടെയോ ഭരണഘടനാപരമായ സംരക്ഷണത്തിന്റെയോ ആവശ്യം ഉണ്ടായിരിക്കില്ല. അല്ല,  ഇവയൊന്നുമില്ലെങ്കില്‍ തീര്‍ച്ചപ്പെടുത്തിക്കോളൂ, ഏതെങ്കിലും ഉറപ്പുകളോ ഏതെങ്കിലും സംരക്ഷണങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല' (തഹ്‌രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, വാള്യം 1, പേജ് 60).
മൗദൂദിയുടെ ഈ നിലപാടില്‍നിന്ന് ഭിന്നമായി ഭരണഘടനാ സംരക്ഷണത്തിന്റെയും നിയമപരമായ ഉറപ്പുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നിലയുറപ്പിക്കുകയാണ് മൗലാനാ ആസാദും ഹുസൈന്‍ അഹ്മദ് മദനിയുമൊക്കെ ചെയ്തത്. പക്ഷേ, ഇപ്പോഴത്തെ പൗരത്വ നിയമഭേദഗതിയാനന്തര സംഭവഗതികള്‍ നിരീക്ഷിക്കുമ്പോള്‍,  മൗദൂദി പറഞ്ഞതുപോലെ സ്വന്തം വ്യതിരിക്തതകളെയും ഉത്തരവാദിത്വങ്ങളെയും സംബസിച്ച് ബോധമില്ലാത്ത സമൂഹത്തിന് ഭരണഘടനയിലെ അക്ഷരങ്ങള്‍ പ്രത്യേകമായ സുരക്ഷയൊരുക്കില്ല എന്ന പ്രവചനം ശരിയായി പുലരുന്നോ എന്ന് സംശയം തോന്നും.
അതെന്തായാലും ആര്‍.എസ്.എസ്സുകാരെ പോലെ ബ്രിട്ടീഷ് പാദസേവ ചെയ്തും കമ്യൂണിസ്റ്റുകളെ പോലെ സിദ്ധാന്തശാഠ്യത്തോടെ  സംഭവങ്ങളെ വിലയിരുത്തിയും സ്വാതന്ത്ര്യസമരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നില്ല സയ്യിദ് മൗദൂദി. സങ്കലിത ദേശീയതക്കു വേണ്ടി അണിനിരക്കുംമുമ്പ് സ്വന്തം വേരുകളെ കുറിച്ചറിയാനും ഉത്തരവാദിത്വങ്ങള്‍  അഭിമാനബോധത്തോടെ നിര്‍വഹിക്കാനും മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുകയായിരുന്നു മൗദൂദി.  അങ്ങനെ വരുമ്പോള്‍ മാത്രമേ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യാനന്തര സമൂഹത്തില്‍ സാംസ്‌കാരിക വ്യതിരിക്തതകളോടെ തങ്ങളുടെ റോള്‍ നിര്‍വഹിക്കാനാവൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

മുനീര്‍ കമീഷന്‍ റിപ്പോര്‍ട്ട് എന്ന വജ്രായുധം
മൗദൂദിവിരോധികളുടെ എക്കാലത്തെയും വലിയൊരു ആയുധമാണ് മുനീര്‍ കമീഷന്‍ റിപ്പോര്‍ട്ട്. 1952-ല്‍ മുഖ്യമായും ദയൂബന്ദീധാരയില്‍പെട്ട അഹ്‌റാര്‍ പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ തുടങ്ങിയ അഹ്മദിയാവിരുദ്ധ പ്രക്ഷോഭം ഗവണ്‍മെന്റിന്റെ തെറ്റായ നടപടികള്‍ നിമിത്തം 1953 ഫെബ്രുവരി അവസാനത്തോടെ രക്തരൂഷിതമാവുകയും മാര്‍ഷല്‍ ലോ പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തു. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെയും അതിന്റെ ഉത്തരവാദികളെയും കണ്ടെത്താന്‍ ജസ്റ്റിസ് മുഹമ്മദ് മുനീര്‍ അധ്യക്ഷനായി അക്കൊല്ലം ജൂണ്‍ മാസത്തില്‍ ഗവണ്‍മെന്റ് നിയമിച്ച കമ്മിറ്റിയാണ് മുനീര്‍ കമീഷന്‍.
പാകിസ്താനിലെ സെക്യുലര്‍ ലോബിയുടെ ശക്തനായ വക്താവായിരുന്നു ജ. മുനീര്‍. സെക്യുലര്‍ രാജ്യമായി മാത്രമേ പാകിസ്താന്‍ മുന്നോട്ടു പോകാനാവൂ എന്നും ഇസ്‌ലാമിനു രാഷ്ട്രീയ- സാമൂഹികജീവിതങ്ങളുടെ അടിസ്ഥാനമാകാന്‍ കഴിയില്ലെന്നുമുള്ള തന്റെ വീക്ഷണം പ്രസാരണം ചെയ്യാനാണ് റിപ്പോര്‍ട്ടിലൂടെ മുനീര്‍ ശ്രമിച്ചത്.  പാകിസ്താന്‍ ഇസ്‌ലാമിക രാഷ്ട്രമായാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാവില്ലേ എന്ന ചോദ്യം തന്റെ മുന്നില്‍ വന്ന എല്ലാ ഉലമാക്കളോടും അദ്ദേഹം ഉന്നയിക്കുന്നത് ഈ ഉദ്ദേശ്യത്തിലാണ്.
മൗദൂദിയോട് ഉന്നയിച്ച ചോദ്യവും അതിനദ്ദേഹം നല്‍കിയ ഉത്തരവും റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്:
ചോദ്യം: നമ്മള്‍ക്ക് പാകിസ്താനില്‍ (ഇപ്രകാരമുള്ള) ഒരു ഇസ്‌ലാമിക ഗവണ്‍മെന്റ് ഉണ്ടാവുകയാണെങ്കില്‍ (ഇന്ത്യയില്‍) ഹിന്ദുക്കളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടന ഉണ്ടാക്കാന്‍ താങ്കളനുവദിക്കുമോ?
ഉത്തരം: 'തീര്‍ച്ചയായും. അങ്ങനെയുള്ള (ഇന്ത്യയിലെ) ഗവണ്‍മെന്റ്, ഇന്ത്യന്‍ മുസ്‌ലിംകളെ മ്ലേഛന്മാരോ ശൂദ്രന്മാരോ ആയി കണക്കാക്കിയാലും ഗവണ്‍മെന്റിലെ പങ്കാളിത്തവും പൗരാവകാശങ്ങളും നിഷേധിച്ചുകൊണ്ട് മനുവിന്റെ നിയമങ്ങള്‍ അവരുടെ മേല്‍ നടപ്പാക്കിയാലും എനിക്ക് ഒരു എതിര്‍പ്പുമില്ല. യഥാര്‍ഥത്തില്‍ അത്തരമൊരു അവസ്ഥ ഇന്ത്യയില്‍ ഇപ്പോള്‍തന്നെ നിലനില്‍ക്കുന്നു.'
ഇതാണ് നേരത്തേ സീതാറാം യെച്ചൂരിയും ഇപ്പോള്‍ എം.ബി രാജേഷും സുനില്‍ പി. ഇളയിടവുമൊക്കെ മൗദൂദിയെ ഗോള്‍വാള്‍ക്കറുമായി സമീകരിക്കാനായി ഉദ്ധരിക്കാറുള്ള തെളിവ്. അഹ്മദിയാക്കള്‍ക്ക് പൗരാവകാശത്തിന് അര്‍ഹതയില്ലെന്ന് മൗദൂദി പറഞ്ഞെന്ന അസത്യ പ്രസ്താവനയോടെ സുനില്‍ പി. ഇളയിടത്തിന്റേതായി വന്ന ഏറെ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പില്‍ ഇത് അവതരിപ്പിക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ അക്കാലത്തുതന്നെ മൗലാനാ മൗദൂദി തന്റെ പേരില്‍ മുനീര്‍ കമീഷന്‍ വെച്ചുകെട്ടിയ ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്. 1962 ആഗസ്റ്റ് 20-ന് നജാത്തുല്ലാ സിദ്ദീഖിയുടെ അന്വേഷണത്തിന് മറുപടിയായി അയച്ച കത്തില്‍ മൗദൂദി ഇങ്ങനെ എഴുതി:
''മുനീര്‍ റിപ്പോര്‍ട്ടില്‍ എന്നോട് ചേര്‍ത്തു പറഞ്ഞ കാര്യങ്ങളില്‍ കൂടിയ അളവില്‍ വക്രീകരണം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മനുവിന്റെ ധര്‍മശാസ്ത്രം നടപ്പിലാവുകയും മുസ്‌ലിംകളോട് മ്ലേഛരോടും ശൂദ്രരോടുമെന്ന പോലെ പെരുമാറുകയും ചെയ്താലും ഞാന്‍ സംതൃപ്തനാണെന്ന് പറഞ്ഞിട്ടില്ല. അത് മുനീര്‍ സാഹിബ് അദ്ദേഹത്തിന്റെ കാര്യം എന്റെ മേല്‍ വെച്ചുകെട്ടിയതാണ്.  അദ്ദേഹത്തിന്റെ ചോദ്യം ഇതായിരുന്നു: 'പാകിസ്താനില്‍ താങ്കള്‍ ഇസ്‌ലാമിക ഗവണ്‍മെന്റ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയില്‍ ഹിന്ദു സര്‍ക്കാര്‍ നിലവില്‍വരികയും മനുവിന്റെ ധര്‍മശാസ്ത്രം നടപ്പിലാക്കുകയും മുസ്‌ലിംകളോട് മ്ലേഛരോടും ശൂദ്രരോടുമെന്ന പോലെ പെരുമാറുകയും ചെയ്യുന്നത് താങ്കള്‍ തൃപ്തിയോടെ കാണുമോ?''
ഞാന്‍ അദ്ദേഹത്തോട് ഇങ്ങനെയാണ് പറഞ്ഞത്: ''ഇന്ത്യയില്‍ എന്തു ചെയ്യണം, ചേയ്യേണ്ട എന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ഹിന്ദുക്കളുടെ ജോലിയാണ്. നമ്മോട് ചോദിച്ചല്ലല്ലോ അവര്‍ അവരുടെ വ്യവസ്ഥയുണ്ടാക്കുന്നത്. നമ്മുടെ പണി നമുക്ക് തീരുമാനാധികാരം ലഭിച്ചിടത്ത് നമ്മുടെ ദീനിനും വിശ്വാസത്തിനും അനുസൃതമായി ജോലിയെടുക്കുക എന്നതാണ്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയില്‍ ഹിന്ദുക്കള്‍ അവര്‍ ആഗ്രഹിക്കുന്നത് ചെയ്യും. താങ്കള്‍ എന്തു കാര്യമാണോ 'എങ്കില്‍' വെച്ച് എന്നോട് ചോദിച്ചത് അതിനേക്കാള്‍ ഗുരുതരമായ അവസ്ഥയാണവിടെ പ്രകടമാകുന്നതും ആയിക്കൊണ്ടിരിക്കുന്നതും. എന്തെങ്കിലും കുറവ് അതിലുണ്ടെങ്കില്‍ അതുകൂടി പൂര്‍ത്തീകരിക്കപ്പെടും. അത് എന്തുതന്നെയായാലും നമ്മളിവിടെ ചെയ്യേണ്ടത് നമ്മുടെ ബാധ്യത നിര്‍വഹിക്കുക എന്നതാണ്. എന്റെ വിശദമായ ഈ പ്രസ്താവനയുടെ ചുരുക്കമാണ് റിപ്പോര്‍ട്ടില്‍ കാണും വിധം മുനീര്‍ സാഹിബ് ചേര്‍ത്തിരിക്കുന്നത്.''
ഈ കത്ത് നജാത്തുല്ലാ സിദ്ദീഖിയുടെ ഇസ്‌ലാം, മആശിയാത്ത് ഓര്‍ അദബ്: ഖുതൂത്കീ ആയിനെ മേം (പ്രസാധനം: എജുക്കേഷ്‌നല്‍ ബുക്ക് ഹൗസ്, ഷംഷാദ് മാര്‍ക്കറ്റ്,  അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി) എന്ന കത്തുകളുടെ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഇപ്രകാരം തന്റെ ജീവിതകാലത്തു തന്നെ മൗദൂദി നിഷേധിച്ച കാര്യമാണ് അദ്ദേഹം മരിച്ച് 40 വര്‍ഷങ്ങള്‍ക്കു ശേഷവും മാര്‍ക്‌സിസ്റ്റ് പക്ഷക്കാര്‍ ആവര്‍ത്തിക്കുന്നത്. മൗദൂദിയുടെ പ്രസ്താവനക്ക് തെളിവായി ആദര്‍ശപരമായി അദ്ദേഹത്തിന്റെ വിരുദ്ധപക്ഷത്ത് നില്‍ക്കുന്ന മുനീറിന്റെ പ്രസ്താവന ആധാരമാക്കുന്നതിന്, നെഹ്‌റുവിന്റെ പ്രവൃത്തികള്‍ക്കും പ്രസ്താവനകള്‍ക്കും തെളിവായി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍പ്പിക്കുന്ന സംഘ് പരിവാര്‍ പ്രവര്‍ത്തകന്റെ നിലവാരമേ ഉള്ളൂ.
യഥാര്‍ഥത്തില്‍ സുനില്‍ പി. ഇളയിടവും എം.ബി രാജേഷും എം. സ്വരാജുമൊക്കെ 1993 മാര്‍ച്ച് 23-ന്റെ ഫ്രണ്ട്‌ലൈന്‍ മാഗസിനില്‍ സീതാറാം യെച്ചൂരി എഴുതിയ ലേഖനം ഒരു പരിശോധനയും കൂടാതെ ആവര്‍ത്തിക്കുക മാത്രമാണ്. യെച്ചൂരിയുടെ ലേഖനത്തില്‍, ഗോള്‍വാള്‍ക്കര്‍ ഹിറ്റ്‌ലറെ ഹീറോയായിക്കണ്ടതിന് തെളിവുദ്ധരിച്ച ശേഷം അതുപോലെ മൗദൂദിയും എന്നു പറയുന്നുണ്ട്. തെളിവൊന്നും എവിടെയും ഉദ്ധരിച്ചിട്ടില്ല.
എം.ബി രാജേഷിനോട് മുനീര്‍ കമീഷന്‍ പ്രസ്താവനയിലെ വാസ്തവവിരുദ്ധതയെ കുറിച്ച് ചോദിച്ചപ്പോള്‍ നിസാമി അങ്ങനെയെഴുതിയിട്ടുണ്ടല്ലോ എന്നാണ് പറഞ്ഞത്. ഏതാണീ നിസാമി എന്ന അന്വേഷണത്തിലാണ് യെച്ചൂരിയുടെ ലേഖനത്തില്‍ റഫറന്‍സായി കാണിച്ചതാണീ നിസാമി എന്നറിയുന്നത്. 1975-ല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് പ്രസിദ്ധീകരിച്ച Jamaat-e-Islami: Spearhead of Separatism  എന്ന പുസ്തകത്തിന്റെ രചയിതാവാണ് നിസാമി.  അതായത് മിക്കവാറും അടിയന്തരാവസ്ഥാ കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോപ്പഗണ്ടാ മെറ്റീരിയലാവുമത്. സംവാദങ്ങളിലുദ്ധരിക്കാന്‍ പറ്റിയ ക്ലാസിക് റഫറന്‍സ് തന്നെ അത്!
മുനീര്‍ കമീഷന്‍ പ്രസ്താവനയെ മൗദൂദിയെ അളക്കാന്‍ അവലംബമാക്കുന്നതിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ സര്‍ക്കാര്‍ കമീഷന്‍ റിപ്പോര്‍ട്ടായതുകൊണ്ട് താന്‍  വിശ്വസിക്കുന്നു എന്നാണ് സുനില്‍ പി. ഇളയിടം പ്രതികരിച്ചത്.  സംഘ് പരിവാര്‍ വിരുദ്ധ പോരാട്ടവീര്യത്താല്‍ സര്‍വാദരണീയനായിത്തീര്‍ന്ന ഈ പ്രഭാഷകന്റെ വളരെ ദുര്‍ബലമായ ന്യായീകരണം കേട്ടപ്പോള്‍ വിഷമം തോന്നി. നാനാവതി കമീഷന്‍ കുറ്റവിമുക്തനാക്കിയതിനാല്‍ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെടുത്തി  ഇനി മോദിയെ ചേര്‍ത്തുവെക്കേണ്ടതില്ല എന്ന് പറയും പോലെയല്ലേ അത്?
മൗദൂദി വിമര്‍ശനങ്ങള്‍ ഇനിയും തുടരണം. അതേസമയം,  വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയോ അസത്യപ്രചാരണങ്ങളോ ആയി തരംതാഴരുത്. പറയുന്നത് സത്യമാവണമെന്നുള്ള വാശിയും പറ്റിയ അബദ്ധങ്ങള്‍ തിരുത്താനുള്ള വിശാല മനസ്സും ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിനിറങ്ങുന്നവര്‍ക്ക് നിര്‍ബന്ധമാണ്. നുണകളുടെ ചീട്ടുകൊട്ടാരം കെട്ടിയുയര്‍ത്തി നില്‍ക്കുന്ന സംഘ് പരിവാര്‍ ഫാഷിസത്തെ തകര്‍ക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ; സത്യത്തിനു മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍