ഇസ്‌ലാമിക പ്രസ്ഥാനവും പുതിയ കാലവും
ദിശാബോധം നല്‍കാന്‍ ശേഷിയുള്ള ബുദ്ധിജീവികളുടെയും ദാര്‍ശനികരുടെയും സാന്നിധ്യമാണ് ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ സവിശേഷത. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയില്‍നിന്നാണ് അതിന്റെ തുടക്കം. മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി, ഡോ. നജാത്തുല്ലാ സിദ്ദീഖി, ഡോ. എഫ്.ആര്‍ ഫരീദി, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി തുടങ്ങിയവരും ധൈഷണികവും പ്രാസ്ഥാനികവുമായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയുണ്ടായി.
വര്‍ത്തമാനകാലത്തും ദിശാബോധം നല്‍കാന്‍ കരുത്തുള്ള പല പ്രതിഭകളുമുണ്ട്. അവരില്‍ പ്രമുഖനാണ് ഇന്ത്യയിലെ ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ അമരക്കാരനായ സയ്യിദ് സആദത്തുല്ലാ ഹുസൈനി. എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനും ബുദ്ധിജീവിയുമാണ് അദ്ദേഹം. മതേതരത്വം, ജനാധിപത്യം, ദേശീയത പോലുള്ള ആധുനിക വിഷയങ്ങളിലും അപകോളനീകരണം, ഇസ്‌ലാമികഫെമിനിസം, ബഹുസ്വരത പോലുള്ള ഉത്തരാധുനിക വിഷയങ്ങളിലും സവിശേഷം പഠനം നടത്തിയിട്ടുണ്ട് എസ്.എസ് ഹുസൈനി. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഗവേഷണ ജേണലുകളില്‍ ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇരുഭാഷകളിലുമായി നിരവധി കൃതികളും രചിച്ചിട്ടുണ്ട്.
എസ്.എസ് ഹുസൈനിയുടെ പുതിയ കൃതിയാണ് 'പുതിയകാലത്തെ ഇസ്‌ലാമികപ്രസ്ഥാനം.' കെ.ടി ഹുസൈനാണ് വിവര്‍ത്തനം. 'മാറുന്ന ലോകവും ഇസ്‌ലാമികചിന്തയും' എന്ന കൃതിയുടെ തുടര്‍ച്ചയാണിത്. ഉത്തരാധുനിക പരിസരത്ത് നിന്നുകൊണ്ട് ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ സൈദ്ധാന്തികവ്യവഹാരങ്ങളുടെ പുനര്‍വായനയായിരുന്നു കഴിഞ്ഞ കൃതിയുടെ ഉള്ളടക്കം. ഇസ്‌ലാമികപ്രസ്ഥാനം സ്വീകരിച്ച പ്രായോഗിക സമീപനങ്ങള്‍, പ്രവര്‍ത്തകരുടെ മനോഭാവം, ശീലം തുടങ്ങിയയുടെ വിമര്‍ശനാത്മക വിശകലനമാണ് പുതിയ കൃതിയുടെ പ്രമേയം.
പുതിയ കൃതിയുടെ പ്രചോദനമെന്താണെന്ന് എസ്.എസ് ഹുസൈനി ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോവുന്നത്. പിന്നാക്കാവസ്ഥ, സാംസ്‌കാരിക തനിമക്കെതിരെയുള്ള ഭീഷണി, സാമൂദായിക ധ്രുവീകരണം, തുടര്‍ന്നു പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന സ്വത്വപ്രതിസന്ധികളാണ്. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനുള്ള ചിന്തയാണ് ഈ കൃതി രചിക്കാനുള്ള പ്രചോദനം. പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട ദിശയും കര്‍മപദ്ധതിയുമാണ് അദ്ദേഹം വരച്ചിടുന്നത്. പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്നതിനെക്കുറിച്ച് എസ്.എസ് ഹുസൈനി പറയുന്നു: '.......തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനായി പുറത്തുനിന്നുള്ളതിനേക്കാള്‍ കൂടുതല്‍ അകത്തുള്ള വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. സാഹചര്യത്തെക്കുറിച്ച് വിലപിക്കുന്നതിനു പകരം സാഹചര്യം നന്നാക്കാനുള്ള പദ്ധതികള്‍ തയാറാക്കുകയും പ്രസ്തുത പദ്ധതികള്‍ പ്രയോഗവല്‍ക്കരിക്കുന്നതിന് പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി പ്രയത്‌നിക്കുകയും ചെയ്യും.......'
ഒമ്പത് അധ്യായങ്ങളിലായാണ് 'പുതിയകാലത്തെ ഇസ്‌ലാമികപ്രസ്ഥാനം' ക്രമീകരിച്ചിരിക്കുന്നത്. ഇസ്‌ലാമികപ്രസ്ഥാനം പുതിയ ലോകപശ്ചാത്തലത്തില്‍, ഈജിപ്ത്-തുര്‍ക്കി: അനുഭവങ്ങളും പാഠങ്ങളും, ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹികസ്വാധീനം, ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ ഭാവി, വിദ്യാഭ്യാസവ്യവസ്ഥയുടെ വെല്ലുവിളിയും മുസ്‌ലിംകളും, മുസ്‌ലിംസമുദായത്തിന്റെ അഭ്യുത്ഥാനം, യുവജനകാഴ്ചപ്പാടില്‍ സന്തുലിതത്വത്തിന്റെ ആവശ്യകത, വര്‍ഗീയത: ഒരു സാമൂഹികവിശകലനം, ഭീകരവാദ ആരോപണം എന്നിവയാണ് അധ്യായങ്ങള്‍. വെല്ലുവിളികളെ സാധ്യതകളായി അഭിമുഖീകരിക്കണം എന്ന ശീര്‍ഷകത്തില്‍ ഒരു അനുബന്ധവുമുണ്ട്.
ഒന്നാം അധ്യായത്തില്‍ ആഗോളതലത്തില്‍ മുസ്‌ലിംകളും ഇസ്‌ലാമികപ്രസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍, അവയുടെ കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ച വിശകലനമാണ്.
മാറിയ സാഹചര്യത്തില്‍ ഇസ്‌ലാമികപ്രസ്ഥാനം തുര്‍ക്കിയിലെയും തുനീഷ്യയിലെയും ഇസ്‌ലാമികപ്രസ്ഥാനങ്ങളുടെ പുതിയ മാതൃകകള്‍ മുന്നില്‍വെച്ച് പുതിയ സ്ട്രാറ്റജികള്‍ രൂപപ്പെടുത്തണമെന്ന് എസ്.എസ് ഹുസൈനി നിര്‍ദേശിക്കുന്നു. തുര്‍ക്കി, തുനീഷ്യ മോഡലുകളുടെ സവിശേഷതകള്‍ അദ്ദേഹം വ്യക്തമാക്കുന്നു. പൂര്‍ണ വിപ്ലവത്തെക്കുറിച്ച കടുംപിടിത്തങ്ങള്‍ക്ക് പകരം ക്രമപ്രവൃദ്ധമായ കര്‍മരീതിയുടെ സ്വീകരണം, ആത്യന്തികലക്ഷ്യത്തില്‍ ശ്രദ്ധയൂന്നുന്നതോടൊപ്പം വര്‍ത്തമാനകാലത്ത് സാധ്യമായ മാറ്റങ്ങളില്‍ ഊന്നല്‍ നല്‍കല്‍, ഇസ്‌ലാമികമൂല്യങ്ങളില്‍ സാധ്യമായതിനെ പ്രയോഗവല്‍ക്കുന്നതിന് ശ്രദ്ധകൊടുക്കല്‍, പൂര്‍ണവിപ്ലവം പ്രതീക്ഷിച്ച് ഭാഗികമാറ്റം അവഗണിക്കാതിരിക്കല്‍, സംഘര്‍ഷത്തിനു പകരം സംവാദത്തിലൂടെയും സമവായത്തിലൂടെയും മുന്നോട്ടുപോവല്‍, ഇസ്‌ലാംവിരുദ്ധരോടുപോലും രാഷ്ട്രീയകരാറിന്റെ അടിസ്ഥാനത്തില്‍ ഭാഗിക നന്മ പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് പ്രയോജനപ്പെടുത്തല്‍, മുഴുവന്‍ മുസ്‌ലിംകളെയും സ്വന്തക്കാരായി ഉള്‍ക്കൊള്ളല്‍, സംഘടനാപരവും വീക്ഷണപരവുമായ പക്ഷപാതിത്വങ്ങളില്‍നിന്ന് മുക്തമായി മുസ്‌ലിംസമൂഹത്തിന് നേതൃത്വം നല്‍കല്‍, ഇസ്‌ലാമിന്റെ നാമം ഉയര്‍ത്തി പ്രവര്‍ത്തിക്കുന്നതിന് പ്രതിബന്ധമുണ്ടെങ്കില്‍ അതിന്റെ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതി രൂപപ്പെടുത്തല്‍, ജനസേവനത്തിലൂടെയും മറ്റും സാമൂഹികശക്തി ആര്‍ജിക്കല്‍, സാമൂഹികശക്തിയെ ക്രമപ്രവൃദ്ധമായി രാഷ്ട്രീയശക്തിയായി പരിവര്‍ത്തിപ്പിക്കല്‍ എന്നിവയാണ് തുര്‍ക്കി, തുനീഷ്യ മോഡലുകളുടെ സവിശേഷതകള്‍.
'ഈജിപ്ത്-തുര്‍ക്കി: അനുഭവങ്ങളും പാഠങ്ങളും' എന്ന അധ്യായത്തില്‍ ഈജിപ്ത് ഇപ്പോള്‍ വരാനിരിക്കുന്ന പുതുവസന്തത്തിന്റെ നോവാണ് അനുഭവിക്കുന്നതെന്ന് എസ്.എസ് ഹസൈനി നിരീക്ഷിക്കുന്നു. ഈജിപ്തില്‍ വിരിഞ്ഞ അറബ് വസന്തം താല്‍ക്കാലികമായി പരാജയപ്പെട്ടുവെന്നത് ശരിയാണ്. ഈജിപ്തിലെ ഇസ്‌ലാമികപ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അതില്‍നിന്ന് വലിയ അനുഭവങ്ങളും ആര്‍ജിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഇസ്‌ലാമികപ്രസ്ഥാനം ഈജിപ്തിലെ ഇഖ്‌വാനൂല്‍ മുസ്‌ലിമൂന്റെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ഡീപ് സ്റ്റേറ്റിനെ സ്വാധീനിക്കാന്‍ സാധിക്കാത്തതിനാലാണ് ഇഖ്‌വാന്‍ പരാജയപ്പെട്ടത്. എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ പോലുള്ള മധ്യവര്‍ഗത്തില്‍ മാത്രമായിരുന്നു ഇഖ്‌വാന്റെ സ്വാധീനം. ബുദ്ധിജീവികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ധര്‍ പോലുള്ള ഉപരിവര്‍ഗത്തിലും കര്‍ഷകര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍ പോലുള്ള കീഴാള വര്‍ഗത്തിലും ഇഖ്‌വാന് സ്വാധീനം കുറവായിരുന്നു. ഇഖ്‌വാന്റെ ഇതേ പ്രശ്‌നം ഇന്ത്യയിലെ ഇസ്‌ലാമികപ്രസ്ഥാനവും അഭിമുഖീകരിക്കുന്നുണ്ട്. മധ്യവര്‍ഗത്തെയും ഉപരിവര്‍ഗത്തെയും കീഴാള വര്‍ഗത്തെയും സ്വാധീനിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
'മുസ്‌ലിം സമുദായത്തിന്റെ അഭ്യുത്ഥാനം' എന്ന അധ്യായമാണ് ഏറ്റവും മികച്ചതായി തോന്നിയത്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ വളരെ പിന്നാക്കമാണെന്ന് കണക്കുകള്‍ വെച്ച് സച്ചാര്‍ കമ്മിറ്റി നിരത്തുന്നുണ്ട്. എന്നാല്‍, പിന്നാക്കാവസ്ഥയില്‍നിന്ന് മോചനം ലഭിക്കാന്‍ ഭൗതികപുരോഗതി കൊണ്ടുമാത്രം സാധിക്കുകയില്ല. സാമ്പത്തിക-വിദ്യാഭ്യാസ പുരോഗതി മാത്രമല്ല പ്രധാനം. സാമൂഹികശക്തി ആര്‍ജിക്കുമ്പോഴാണ് മുസ്‌ലിംകള്‍ക്ക് പുരോഗതിയിലേക്ക് വഴിനടക്കാനാവുക. സാമൂഹികശക്തിയുടെ ഘടകങ്ങള്‍ നാലു കാര്യങ്ങളാണെന്ന് എസ്.എസ് ഹുസൈനി വിവരിക്കുന്നു. പ്രത്യയശാസ്ത്ര ശക്തി, ധാര്‍മികശക്തി, മനോഭാവത്തിന്റെ ശക്തി, പ്രയോജനകാരിതയുടെയും വിനിമയത്തിന്റെയും ശക്തി എന്നിവയാണവ.
ഒരു സമൂഹത്തിന്റെ കൈവശമുള്ള ആശയങ്ങളുടെ സാകല്യമാണ് പ്രത്യയശാസ്ത്ര ശക്തി. ചെറിയ സംഘങ്ങള്‍ വലിയ സംഘങ്ങളെ സ്വാധീനിച്ചത് പ്രത്യയശാസ്ത്ര ശക്തിയിലൂടെയായിരുന്നു. സംസ്‌കാരങ്ങളുടെ ഉത്ഥാനപതനങ്ങള്‍ക്ക് പ്രചോദനമായി വര്‍ത്തിച്ചത് പ്രത്യയശാസ്ത്രമാണെന്ന് ടോയന്‍ബിക്ക് വാദമുണ്ട്. സംസ്‌കാരത്തിന്റെ ഉത്ഥാനം ആരംഭിക്കുന്നത് നൈസര്‍ഗികസിദ്ധിയുള്ള സര്‍ഗാത്മക ന്യൂനപക്ഷം പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുകയും ഭൂരിപക്ഷം അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുമ്പോഴാണ്. മുസ്‌ലിംകളുടെ പ്രത്യയശാസ്ത്രശക്തി ഇസ്‌ലാം തന്നെയാണ്. മുസ്‌ലിംകള്‍ ഏതൊരു പ്രത്യയശാസ്ത്രത്തിലാണോ വിശ്വസിക്കുന്നത് അതിനെ ജീവിതത്തിലൂടെ പ്രായോഗികമായി പ്രകാശിപ്പിക്കുകയെന്നതാണ് ധാര്‍മികശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംയമനം, സ്ഥൈര്യം, ദൈവത്തില്‍ ഭരമേല്‍പിക്കല്‍, പുനര്‍വിചിന്തനം, കര്‍മോത്സുകത പോലുള്ള മാനവികമൂല്യങ്ങളുടെ സമാഹാരമാണ് മനോഭാവത്തിന്റെ ശക്തി. ഒരു വിഭാഗത്തിന് മുഴുവന്‍ സമൂഹത്തിനും ഉപകാരം ചെയ്യാനുള്ള ശേഷിയാണ് പ്രയോജനകാരിതയുടെയും വിനിമയത്തിന്റെയും ശക്തി എന്നതിന്റെ താല്‍പര്യം.
പുതിയ നിരീക്ഷണങ്ങളെയും ചിന്തകളെയും പ്രമാണത്തിന്റെയും തെളിവിന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ അക്കാദമികമായി അവതരിപ്പിക്കുന്നുവെന്നതാണ് എസ്.എസ് ഹുസൈനിയുടെ സവിശേഷത. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ് 'പുതിയകാലത്തെ ഇസ്‌ലാമികപ്രസ്ഥാനം' പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments