നയവികാസത്തിന്റെ ഇസ്‌ലാമികത
മാറിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനം എന്നത് ജമാഅത്തെ ഇസ്‌ലാമി നിരന്തരം കേള്‍ക്കാറുള്ള പഴിയാണ്. ജമാഅത്തെ ഇസ്‌ലാമി വിമര്‍ശന പുസ്തകങ്ങളില്‍ ഒന്നിന്റെ തലക്കെട്ടുതന്നെ 'ജമാഅത്തെ ഇസ്‌ലാമി പരിവര്‍ത്തനങ്ങളിലൂടെ' എന്നാണ്. ശരിയാണ്, നിരവധി പരിവര്‍ത്തനങ്ങളിലൂടെ കടന്നുവന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. പക്ഷേ മാറ്റങ്ങള്‍ വരുത്തിയത് ആദര്‍ശത്തിലല്ല, കര്‍മമാര്‍ഗങ്ങളിലാണ്.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഇതര ഇസ്‌ലാമിക മതസംഘടനകളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഘടകം അതിന്റെ ലക്ഷ്യമാണ്. കേവല പ്രബോധനമോ അനുഷ്ഠാന നിര്‍വഹണമോ അല്ല ഇസ്‌ലാമിന്റെ കാര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വെക്കുന്നത്; ഇസ്‌ലാമിനെ ഭൂമുഖത്ത് സ്ഥാപിക്കുക എന്നതാണ്. സ്ഥാപിക്കുക എന്നത് ലക്ഷ്യമാവുമ്പോള്‍ നയവും നയതന്ത്രജ്ഞതയും ആവശ്യമായി വരും. ഒരു ലക്ഷ്യത്തിലേക്ക് എങ്ങനെ മുന്നേറാം എന്ന ആലോചനയുടെ ഫലമാണ് നയം.
ഇത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മാത്രം സവിശേഷതയല്ല. ഇസ്‌ലാമിന്റെ തനതു സ്വഭാവമാണ്. പ്രവാചക ദൗത്യത്തിന്റെ ലക്ഷ്യം എല്ലാ ആശയങ്ങള്‍ക്കും മേല്‍ ഇസ്‌ലാമിന്റെ വിജയം സാധ്യമാക്കുക എന്നതാണ് (അസ്സ്വഫ്ഫ് 9). ഇതിന് വ്യത്യസ്ത നയസമീപനങ്ങളും കര്‍മപരിപാടികളുമാണ് പ്രവാചകന്‍ വ്യത്യസ്ത കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. റോമാ സാമ്രാജ്യത്തിനെതിരെ അല്ലാഹു പ്രവാചകനിലൂടെ രണ്ടു കാലങ്ങളില്‍ രണ്ട് നിലപാടുകള്‍ സ്വീകരിക്കുകയാണ്. ക്രിസ്ത്വബ്ദം 603 മുതല്‍ 615 വരെ നീണ്ടുനിന്ന റോമാ-പേര്‍ഷ്യന്‍ യുദ്ധത്തില്‍ ഖുര്‍ആന്‍ റോമിനെ പിന്തുണക്കുകയും റോമിന്റെ വിജയം പ്രവചിക്കുകയും ചെയ്തു. ''റോമക്കാര്‍ അടുത്ത ഇടത്തുവെച്ച് പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ ജേതാക്കളാകും. മുമ്പും പിമ്പും അധികാരം അല്ലാഹുവിന്റേതാകുന്നു. അന്ന് അല്ലാഹു അരുളിയ വിജയത്തില്‍ മുസ്‌ലിംകള്‍ സന്തോഷിക്കും'' (അര്‍റൂം 2-4).
ബദ്‌റിന്റെ വിജയവര്‍ഷത്തില്‍ തന്നെയാണ് റോമിന്റെ വിജയവുമുണ്ടാവുന്നത്. എന്നാല്‍ ഹിജ്‌റ എട്ടാം വര്‍ഷം മുഅ്ത്തയില്‍ വെച്ച് റോമാ സാമ്രാജ്യവുമായി ഇസ്‌ലാമിക രാഷ്ട്രം ഏറ്റുമുട്ടി. പിന്നീട് ഏറ്റുമുട്ടലില്ലാതെ തന്നെ റോമിന്റെ മേല്‍ വിജയമുണ്ടായ തബൂക്കിലെ സൈനിക നീക്കവും നടന്നു. അല്ലാഹു പറയുന്നു: ''വേദക്കാരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹു അവന്റെ ദൂതന് നിഷിദ്ധമാക്കിയതിനെ നിഷിദ്ധമായി ഗണിക്കാത്തവരും സത്യമാര്‍ഗത്തെ സ്വമാര്‍ഗമായി സ്വീകരിക്കാത്തവരുമായ ആളുകളോട് യുദ്ധം ചെയ്യുവിന്‍'' (അത്തൗബ 29).
നേരത്തേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും ഇപ്പോള്‍ യുദ്ധം ചെയ്യുന്നതും ഒരേ വിഭാഗത്തോടാണ്. ഈ നയംമാറ്റത്തിന് വ്യത്യസ്തമായ കാരണങ്ങളുണ്ട്. റോമാ സാമ്രാജ്യം ഇസ്‌ലാമിക പ്രബോധകരോട് സ്വീകരിച്ച സമീപനം ഇതിന്റെ ഒരു കാരണമാണ്. ഒന്നിലധികം പ്രബോധക സംഘങ്ങളെ റോമിന്റെ സഖ്യ ഗോത്രങ്ങള്‍ കൊന്നുകളഞ്ഞു. മക്കയില്‍ ഇസ്‌ലാം ഒരു പൗരസമൂഹ പ്രസ്ഥാനം മാത്രമായിരുന്നു. മദീനയില്‍ ഇസ്‌ലാം ഒരു രാഷ്ട്രമാണ്. ഖുര്‍ആനിലെ ഈ രണ്ട് പ്രതിപാദനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രവാചകന് റോമിന്റെ കാര്യത്തില്‍ സുസ്ഥിര നിലപാടില്ല എന്നു പറയുന്നത് നിരര്‍ഥകമാണ്. ഒരു ലക്ഷ്യത്തിലേക്ക് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടത്തുന്ന വ്യത്യസ്ത ചുവടുവെപ്പുകളാണിവ.
പ്രവാചകന്റെ പലായനം തന്നെ നയവികാസത്തിന്റെ ഒന്നാംതരം ഉദാഹരണമാണ്. പ്രവാചകന്റെ നിയോഗലക്ഷ്യം കേവല പ്രബോധനവും അതുവഴി ദൈവപ്രീതിയുമായിരുന്നെങ്കില്‍ പ്രവാചകന്‍ പലായനം ചെയ്യേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. പലായനം ചെയ്യാതെ മക്കയില്‍തന്നെ നിന്നാല്‍ പരമാവധി സംഭവിക്കുക പ്രവാചകന്‍ കൊല്ലപ്പെടും എന്നതാണ്. രക്തസാക്ഷിയായാല്‍ അത്രയും നേരത്തേ അല്ലാഹുവിന്റെ അടുത്ത് എത്തിച്ചേരാം. അങ്ങനെയല്ല പ്രവാചകന്‍ പ്രവര്‍ത്തിച്ചത്. കാരണം പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം കേവല പ്രബോധനമല്ല, സത്യത്തിന്റെ സംസ്ഥാപനമാണ്. ലക്ഷ്യം സംസ്ഥാപനമാകുമ്പോള്‍ അതിനു സഹായകമായ വഴികള്‍ തേടിക്കൊണ്ടേയിരിക്കും. കേവല പ്രബോധനത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ പ്രമാണത്തിന്റെയോ ആത്മസാക്ഷാത്കാരത്തിന്റെയോ മതത്തിന് ഒരിക്കലും പുതിയ വഴികള്‍ തേടേണ്ടിവരില്ല. സാഹചര്യനിരപേക്ഷമായ നേര്‍രേഖാ മതസരണികളാണവ.
സായുധ സമരത്തോട് സ്വീകരിച്ച രണ്ട് നിലപാടുകള്‍ ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. 'കൈയടക്കിവെക്കാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും കല്‍പിക്കപ്പെട്ട ഒരു വിഭാഗത്തെ കണ്ടില്ലേ' (അന്നിസാഅ് 77) എന്ന് സായുധ പോരാട്ടം അനുവദിക്കപ്പെടാത്ത കാലത്തിലേക്ക് ചൂണ്ടി ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ സൂറ അല്‍ ഹജ്ജിലെ 39 മുതലുള്ള വാക്യങ്ങളില്‍ യുദ്ധാനുമതി പ്രഖ്യാപനവും നമുക്ക് വായിക്കാനാവും. യുദ്ധാനുമതി പ്രഖ്യാപനമുണ്ടായതു മുതല്‍ നിരന്തര യുദ്ധങ്ങളല്ല, യുദ്ധങ്ങളേക്കാള്‍ എത്രയോ അധികം കരാറുകള്‍ ഉണ്ടാവുന്നുണ്ട്. കാരണം യുദ്ധം അനുഷ്ഠാനപരമായ ഒരു പ്രവൃത്തിയല്ല, അത് രാഷ്ട്രീയ വിജയത്തിനു വേണ്ടിയുള്ള ചുവടുവെപ്പാണ്. സമാധാന കരാര്‍ ഇതേ ലക്ഷ്യത്തിനായുള്ള മറ്റൊരു ചുവടും. യുദ്ധങ്ങളേക്കാള്‍ നേട്ടമുണ്ടാക്കിയ കരാറുകള്‍ നബിചരിത്രത്തില്‍ കാണാനാവും. യുദ്ധമോ കരാറോ പ്രവാചകന് സ്വയം ലക്ഷ്യങ്ങളായിരുന്നില്ല. വിമോചനത്തിനും വിജയത്തിനും സമാധാനത്തിനും വേണ്ടിയുള്ള വ്യത്യസ്ത സാഹചര്യങ്ങളിലെ വ്യത്യസ്തങ്ങളായ വഴികളായിരുന്നു ബാഹ്യ സാഹചര്യത്തിന്റെ മാറ്റങ്ങള്‍. മാത്രമല്ല, സ്വന്തം ശക്തിദൗര്‍ബല്യാവസ്ഥകളിലെ മാറ്റങ്ങളും ഇസ്‌ലാമിന്റെ നയംമാറ്റത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. 'ഹൃദയമിണക്കപ്പെട്ടവര്‍' സകാത്തിന്റെ ഖുര്‍ആന്‍ അനുശാസിച്ച എട്ട് അവകാശികളില്‍ നാലാമത്തേതാണ്. അബൂബക്‌റി(റ)ന്റെ ഭരണകാലത്ത് ഉമറി(റ)ന്റെ അഭിപ്രായം പരിഗണിച്ച് അവിശ്വാസികള്‍ക്ക് ഈ ഇനത്തില്‍നിന്ന് സകാത്ത് നല്‍കുന്നത് നിര്‍ത്തലാക്കി. അബുല്‍ അഅ്‌ലാ മൗദൂദി ചൂണ്ടിക്കാട്ടിയ പോലെ ഇത് ശാശ്വതമായ റദ്ദാക്കലല്ല. അല്ലാഹു പ്രമാണമാക്കിയ ഒന്നിനെ ഉത്തമരായ ഇസ്‌ലാമിക ഭരണാധികാരികള്‍ എന്നന്നേക്കുമായി നിര്‍ത്തലാക്കില്ല. അവരുടെ നടപടിയിലൂടെ അത് നിര്‍ത്തലാവില്ല. അത് അവരുടെ ഭരണപരവും നയപരവുമായ നടപടിയായിരുന്നു. ഹൃദയമിണക്കപ്പെട്ട വിശ്വാസികളല്ലാത്തവരുടെ കാര്യത്തില്‍ വീണ്ടും പ്രസക്തമാവുന്ന ഘട്ടത്തില്‍ അത് വീണ്ടും പ്രയോഗവത്കരിക്കപ്പെടും. രണ്ടു ഘട്ടങ്ങളിലും ദിവ്യപ്രമാണത്തില്‍ അത് നിലനില്‍ക്കുകയും ചെയ്യും. ഒരു കാര്യത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ അതേപോലെ പ്രാധാന്യമുള്ള മറ്റൊന്നിന്റെ പ്രസക്തി കുറച്ച് മനസ്സിലാക്കപ്പെടുക എന്നത് വൈകാരികത കൂടിയുള്ള മനുഷ്യപ്രകൃതത്തില്‍ സംഭവിക്കാവുന്ന ഒന്നാണ്. സമരത്തിന് പ്രോത്സാഹനം നല്‍കുന്ന ദിവ്യ പാഠങ്ങള്‍ ധാരാളമായി അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ അറിവ് ആര്‍ജിക്കുന്നതില്‍ താല്‍പര്യക്കുറവ് സമൂഹത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഇത് ഇസ്‌ലാമിക സമൂഹത്തില്‍ ജ്ഞാനക്ഷാമത്തിന് കാരണമായി. എല്ലാവരും പോരാളികളാവുന്നു, ജ്ഞാനം അവഗണിക്കപ്പെടുന്നു. ഇതാണ് സൂറഃ അത്തൗബയിലെ 122-ാം വചനത്തിന്റെ അവതരണ പശ്ചാത്തലമെന്ന് ഇബ്‌നു കസീര്‍ പറയുന്നുണ്ട്: ''വിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍നിന്നും ഒരു സംഘം ദീനില്‍ അഗാധ അവഗാഹം നേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരിലേക്ക് മടങ്ങിവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കാനുള്ള അറിവ് നേടലാണത്.'' ഊന്നലിനിടയില്‍ നഷ്ടപ്പെടാനിടയുള്ള സന്തുലിതത്വത്തെ വീണ്ടെടുക്കലാണിത്.
ഇസ്‌ലാമില്‍ മാറാത്തവയും മാറുന്നവയുമുണ്ട്. മാറാത്തവ കുറച്ചും മാറുന്നവ ധാരാളവുമാണ്. കാരണം ഉറച്ച അടിത്തറയിലുള്ള ചലനാത്മകതയാണ് ഇസ്‌ലാം. ഉറച്ച അടിത്തറയും ചലനാത്മകതയും - ഇതില്‍ ഒന്ന് മനസ്സിലാകാതെ പോയാല്‍ ഇസ്‌ലാമിനെ ശരിയായി മനസ്സിലാകാതെ പോകും. ചില സുസ്ഥിര മൂല്യങ്ങളുടെ അടിത്തറയിലുള്ള നയതന്ത്രജ്ഞതയാണ് നല്ല ജീവിതം. വിജയിക്കാന്‍ ശ്രമിക്കുന്ന എല്ലാ ജീവിതങ്ങളിലും സംരംഭങ്ങളിലും നയതന്ത്രജ്ഞത കാണാന്‍ കഴിയും. ചിലര്‍ അത് വ്യക്തിപരമോ സംഘടിതമോ ആയ കേവല ഭൗതിക വിജയത്തിനായി പ്രയോജനപ്പെടുത്തുന്നു. ഇസ്‌ലാമിക പ്രസ്ഥാനം അത് ഇസ്‌ലാമിന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തുന്നു. അത് കുതന്ത്രമാകാതിരിക്കാന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെ മുറുകെപ്പിടിക്കുന്നു. സ്ട്രാറ്റജികളെ ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍നിന്നു തന്നെ വികസിപ്പിച്ചെടുക്കുന്നു.
ഇന്ന് കര്‍മശാസ്ത്രരംഗത്ത് വികസിച്ചുകൊണ്ടിരിക്കുന്ന മഖാസ്വിദുശ്ശരീഅയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയവികാസ സമീപനങ്ങളും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഇസ്‌ലാമിന്റെ പ്രയോഗശാസ്ത്രത്തിന്റെ പേരാണ് ഫിഖ്ഹ്. വിശദമായ തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കപ്പെട്ട പ്രായോഗിക നിയമവിധികളെക്കുറിച്ച ജ്ഞാനം എന്നാണ് ഫിഖ്ഹിന്റെ പൊതുസ്വീകാര്യമായ നിര്‍വചനം. ഫിഖ്ഹ് അടിസ്ഥാനപരമായി ഇസ്‌ലാമിലെ നയത്തിന്റെ ശാസ്ത്രവും കലയുമാണ്. ക്ലാസിക്കല്‍ ഫിഖ്ഹിന് കാലാന്തരത്തില്‍ നവീകരണക്ഷമത ഇല്ലാതെ പോവുകയും രാഷ്ട്രീയസ്വഭാവം മറന്നുപോവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫിഖ്ഹിലെ നവോത്ഥാനമായി മഖാസ്വിദുശ്ശരീഅ വികസിക്കുന്നത്. ഇതു തന്നയായിരുന്നു ക്ലാസിക്കല്‍ ഫിഖ്ഹിന്റെയും ആത്മാവ്. ഇസ്‌ലാമിക പ്രയോഗത്തിന്റെ ഈ ആത്മാവിന്റെ പ്രാസ്ഥാനിക നാമമാണ് നയം. പ്രവാചകന്മാര്‍ക്ക് ഗ്രന്ഥവും ഹിക്മത്തും നല്‍കി എന്ന് അല്ലാഹു പറയുന്നുണ്ട്. ഈ ഹിക്മത്തിന്റെ തുടര്‍ച്ചയാണ് പ്രസ്ഥാനത്തിന്റെ നയപരത എന്നത്.
Comments