ചേരാവള്ളി മഹല്ല് ജമാഅത്ത് കേള്‍ക്കാന്‍ ആഗ്രഹിച്ച ബാങ്കൊലി, കാണാന്‍ കൊതിച്ച കതിര്‍മണ്ഡപം
മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയ ഒരേടാണ് ഇന്ന് ചേരാവള്ളിയില്‍ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്‌ലിം- മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ തയാറാക്കിയ കതിര്‍മണ്ഡപത്തില്‍ - ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കേടത്ത് തറയില്‍ ശശിധരന്റെയും മകന്‍ ശരത്തും വിവാഹിതരായി........
മതത്തിന്റെ പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളികമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു
(മുഖ്യമന്ത്രി പിണറായി വിജയന്‍, എഫ്.ബി പോസ്റ്റ്).
സൂര്യന്‍ മധ്യാഹ്നത്തില്‍നിന്ന് നീങ്ങിക്കൊണ്ടിരിക്കുന്നു. ചേരാവള്ളി മുസ്‌ലിം ജമാഅത്ത് പള്ളിയുടെ മിനാരങ്ങളില്‍നിന്ന് ഉച്ച നമസ്‌കാരത്തിന് ബാങ്കൊലി മുഴങ്ങാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം. വിവാഹ മംഗള കര്‍മത്തിന്റെ ശുഭമുഹൂര്‍ത്തത്തിനുള്ള സമയം 12.10-നോടടുത്തു. മുസ്‌ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്തൊരുക്കിയ കതിര്‍മണ്ഡപത്തിലേക്ക് വരന്‍ ശരത്തും വധു അഞ്ജുവും പ്രവേശിച്ചു. അഞ്ചു നേരവും ബാങ്കൊലി മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്ന മിനാരങ്ങള്‍ക്കു കീഴെ പള്ളി അങ്കണത്തില്‍ മണിനാദമുയര്‍ന്നു. ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ കര്‍മങ്ങള്‍ക്ക് ശിവന്‍ ആചാരി മുഖ്യകാര്‍മികത്വം വഹിച്ചു. നിറദീപം തെളിഞ്ഞു. ശരത് അഞ്ജുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. പിതാവ് നഷ്ടപ്പെട്ട പൊന്നുമോളെ വിവാഹത്തിലേക്കു കൈപിടിച്ചു നടത്താന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന അമ്മയുടെ കവിളുകളില്‍ ആനന്ദക്കണ്ണീര്‍ മുത്തുകള്‍ പോലെ അടര്‍ന്നുവീണു. പൊട്ടുതൊട്ടവരും തട്ടമിട്ടവരും തൊപ്പിയണിഞ്ഞവരും കുറിതൊട്ടവരും വെള്ള ധരിച്ചവരും കാവി ഉടുത്തവരും ഒരുമയുടെ പെരുമയില്‍ മനം നിറയെ സന്തോഷിച്ചു. അതിരില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ ഹൃദയസംഗമം കണ്ട് മാലാഖമാര്‍ പോലും മന്ദഹസിച്ചിട്ടുണ്ടാകും.
ഭര്‍ത്താവ് അശോകന്റെ നിര്യാണം മൂലം ഉണ്ടായ വൈധവ്യത്തിന്റെ ദുഃഖഭാരം ഒരു ഭാഗത്ത്. സ്വന്തമായി ഒരു കിടപ്പാടമില്ലാത്തതിന്റെ സങ്കടം മറുഭാഗത്ത്. ഇതിനിടയില്‍ താന്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന മകളുടെ മംഗല്യം നടത്തുകയെന്നത് ബിന്ദുവെന്ന ആ അമ്മയുടെ മനസ്സില്‍ ഒരു ബാലികേറാമല തന്നെയായിരുന്നു. വിവാഹം നിശ്ചയിച്ചെങ്കിലും കല്യാണ ചടങ്ങുകള്‍ക്ക് പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. മനസ്സില്‍ മാനം മുട്ടെ പ്രതീക്ഷവെച്ച് ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീന്‍ ആലുമ്മൂട്ടിലിനോട് ഒരു സഹായാഭ്യര്‍ഥന നടത്തി. വിവാഹം ഏറ്റെടുത്ത് നടത്താന്‍ കമ്മിറ്റി ആവേശത്തോടെ മുന്നോട്ടു വന്നു. വിവാഹത്തിന്റെ ചെലവുകള്‍ കമ്മിറ്റിക്കുവേണ്ടി നസീര്‍ പട്ടന്റയ്യത്ത് ഏറ്റെടുത്തു. പള്ളിമുറ്റത്ത് ഒരുക്കിയ പന്തലിലും മദ്‌റസാ ഹാളിലുമായി മൂവായിരം പേര്‍ക്കുള്ള സദ്യയും വിളമ്പി.
പള്ളിമുറ്റത്തെ കതിര്‍മണ്ഡപത്തില്‍ ദീപം തെളിഞ്ഞിരിക്കെ മസ്ജിദിന്റെ മിനാരത്തില്‍ ഉച്ചനമസ്‌കാരത്തിന്റെ ബാങ്കൊലി മുഴങ്ങി. മാനവസൗഹാര്‍ദത്തിന്റെ സമാനതകളില്ലാത്ത ചരിത്ര മുഹൂര്‍ത്തത്തിന് പള്ളിയങ്കണത്തില്‍ നിറഞ്ഞുകവിഞ്ഞ ജന സഹസ്രം സാക്ഷിയായി. മതജാതിഭേദങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കപ്പുറം മനുഷ്യരൊക്കെയും ഒന്നാണെന്ന മഹനീയ സന്ദേശമാണ് മഹല്ല് കമ്മിറ്റി സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചത്. അമ്മ ബിന്ദു അനുഭവിച്ച വൈധവ്യത്തിന്റെ ദുഃഖഭാരത്തിനും മകള്‍ അഞ്ജുവിന് ആകസ്മികമായി അഭിമുഖീകരിക്കേണ്ടി വന്ന അനാഥത്വത്തിന്റെ കണ്ണുനീരിനും മതത്തിന്റെ വേലിക്കെട്ടുകളില്ലെന്ന മഹാപാഠം സമൂഹത്തിന് കര്‍മം കൊണ്ട് പഠിപ്പിച്ച മഹല്ല് കമ്മിറ്റി ഈ വര്‍ത്തമാനകാലത്തും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. മാനവലോകമഖിലവും ആദമിന്റെ മക്കള്‍, ആദമോ മണ്ണില്‍നിന്നും, ആദമിന്റെ മക്കളോ ചീര്‍പ്പിന്‍ പല്ലുപോലെ സമവും എന്ന മുഹമ്മദ് നബിയുടെ ഹജ്ജിലെ അറഫാ പ്രഭാഷണം മഹല്ല് കമ്മിറ്റി പള്ളിയങ്കണത്തില്‍ അന്വര്‍ഥമാക്കിയിരിക്കുന്നു. വിവാഹത്തിന്റെ ചെലവ് മുഴുവന്‍ സഹോദരന്‍ നസീര്‍ ഏറ്റെടുത്തതും അഛന്റെ സ്ഥാനത്തു നിന്ന് ദക്ഷിണ വാങ്ങിയും അഞ്ജുവിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് കൊടുത്തപ്പോള്‍ രക്ഷാധികാരിയില്ലാത്തവന്റെ രക്ഷാധികാരി ഞാനാണെന്ന തിരുനബിയുടെ പ്രഖ്യാപനം കര്‍മതലത്തില്‍ വീണ്ടും മുഴങ്ങിക്കേട്ടു.
വിവാഹമംഗള കര്‍മങ്ങള്‍ക്കു ശേഷം വധൂവരന്മാരും ഇമാം റിയാസുദ്ദീന്‍ ഫൈസിയും യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനിലും ജമാഅത്ത് ഭാരവാഹികളും പള്ളി മിഹ്‌റാബിന്റെ (പ്രാര്‍ഥനാ മണ്ഡപം) പശ്ചാത്തലത്തില്‍ നമസ്‌കാരത്തിനു വിരിച്ച കാര്‍പറ്റില്‍ അണിയണിയായി നിന്നപ്പോള്‍ അത് പകര്‍ത്താന്‍ ക്യാമറക്കണ്ണുകളേക്കാള്‍ കാത്തിരുന്നത് സൗഹാര്‍ദം കൊതിക്കുന്ന കോടാനുകോടി മനുഷ്യരുടെ ഹൃദയനേത്രങ്ങളായിരുന്നു. വധൂവരന്മാരുടെ സംഗമത്തിനു മാത്രമല്ല ബഹുമതസമൂഹങ്ങളുടെ സ്‌നേഹാര്‍ദ്രമായ ഒത്തുചേരലിനും പള്ളി അങ്കണം സാക്ഷിയായി. മാനവമൈത്രിയുടെയും സാഹോദര്യത്തിന്റെയും ചരിത്രസ്മരണികയില്‍ കേരളം ആ വിവാഹ സംഗമചിത്രം വര്‍ണമനോഹര പ്രതലങ്ങളില്‍ ഒട്ടിച്ചുവെക്കും. മതസമൂഹങ്ങളെ മതത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തുന്ന ഈ കെട്ടകാലത്തും ഒരിക്കലും അണയാത്ത മൈത്രിയുടെ നിറദീപമായി കതിര്‍മണ്ഡപത്തിലെ തിരികളഖിലവും തെളിഞ്ഞുനില്‍ക്കും. മനുഷ്യസൗഹൃദങ്ങളെ നിശ്ശബ്ദമാക്കുന്ന ഫാഷിസ്റ്റ് കാലത്ത് സാഹോദര്യത്തിന്റെ നിലക്കാത്ത സന്ദേശവുമായി മസ്ജിദ് മിനാരങ്ങളില്‍നിന്ന് ബാങ്കൊലിയും നിത്യം മുഴങ്ങിക്കൊണ്ടിരിക്കും.
മഹാസംഗമത്തിനു സാക്ഷിയായി പള്ളിയുടെ കവാടത്തില്‍ സ്വര്‍ണനിറം കൊടുത്ത ചന്ദ്രക്കലയും നക്ഷത്രവും കീഴെ ഒരാദര്‍ശവാക്യം അതിനേക്കാള്‍ തങ്കശോഭയോടെ തിളങ്ങി നില്‍ക്കുന്നു; 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്.' അഥവാ ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാകുന്നു, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനുമാകുന്നു എന്നാണതിന്റെ സാരാംശം. ദൈവം ഹിന്ദുവിന്റേത്, കര്‍ത്താവ് ക്രിസ്ത്യാനിയുടേത്, അല്ലാഹു മുസ്‌ലിംകളുടേത് എന്നു മതിലു കെട്ടി തിരിച്ച ദൈവസങ്കല്‍പമാണ് അധിക പേരുടെയും ഭാവനയിലുള്ളത്. ആകാശം പോലെ അതിരില്ലാത്ത ദൈവസങ്കല്‍പമാണ് സുവര്‍ണ ലിപിയിലെഴുതിയ ആദര്‍ശവാക്യം പ്രതിനിധീകരിക്കുന്നത്.
ഖുര്‍ആന്റെ പ്രഥമാധ്യായമായ സൂറത്തുല്‍ ഫാതിഹ(പ്രാരംഭം) മുതല്‍ അവസാന അധ്യായമായ സൂറത്തുന്നാസ് (ജനങ്ങള്‍) വരെയുള്ള അധ്യായങ്ങള്‍ പ്രസരിപ്പിക്കുന്നതും ഇതേ സന്ദേശം തന്നെ. പരമകാരുണികന്‍, കരുണാനിധി, ലോകങ്ങളുടെ രക്ഷിതാവ് എന്നെല്ലാം തുടങ്ങി ജനങ്ങളുടെ രക്ഷകന്‍, ജനങ്ങളുടെ അധിപന്‍, ജനങ്ങളുടെ ആരാധ്യന്‍ എന്ന പ്രവിശാലമായ സങ്കല്‍പത്തിലേക്കും മാനവികതയിലേക്കും ചേര്‍ത്തുവെക്കുന്നു ഓരോ സൂക്തവും. ആദര്‍ശവാക്യത്തിലെ രണ്ടാം അര്‍ധാംശമായ മുഹമ്മദുര്‍റസൂലുല്ലാഹ് സാര്‍വലൗകിക സമൂഹത്തിനും നായകനായ, കരുണ കവിഞ്ഞൊഴുകിയ ലോകാനുഗ്രഹിയും. ആദര്‍ശവാക്യത്തില്‍ വിശ്വസിച്ച മുസ്‌ലിം സമൂഹമോ, മാനവസമൂഹത്തിനു വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിച്ച ഉത്തമസമുദായവും. അതിരില്ലാത്ത മനുഷ്യസ്‌നേഹത്തെ കാലോചിതമായി പുനരാവിഷ്‌കരിക്കാന്‍ മഹല്ല് ഭാരവാഹികള്‍ക്ക് പ്രചോദനമാകുന്നതും വര്‍ഗീയതയില്ലാതെ നിലാവ് പെയ്യുന്ന നിത്യപൗര്‍ണമി പോലെയുള്ള ആദര്‍ശവാക്യം തന്നെ.
ബഹുസ്വര സമൂഹത്തില്‍ അംബരചുംബികളായ മിനാരങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളികളും മഹല്ല് സംവിധാനങ്ങളും മാതൃകയാക്കേണ്ട കാലോചിതമായ ദൗത്യമാണിത്. ആരാധനാലയങ്ങള്‍ ഏതു മതവിഭാഗത്തിന്റേതാണെങ്കിലും മറ്റിതര മതവിഭാഗങ്ങള്‍ക്കിടയില്‍ ആശകളേക്കാള്‍ ആശങ്കകളാണ് പങ്കുവെക്കുന്നത്. മസ്ജിദുകളും മതപാഠശാലകളും തീവ്രവാദികളെ സൃഷ്ടിക്കുന്ന ഭീകരവാദ കേന്ദ്രങ്ങളാണെന്ന് തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാംഭീതിയുടെ ഇക്കാലത്ത് വിശേഷിച്ചും. മുസ്‌ലിംകള്‍ ലോകരക്ഷിതാവിനു സുജൂദ് ചെയ്യുന്ന പള്ളികള്‍ ഇതര മതവിഭാഗങ്ങള്‍ക്ക് അപകര്‍ഷബോധമില്ലാതെ കയറിച്ചെല്ലാനും ആവശ്യങ്ങള്‍ ബോധിപ്പിക്കാനും സങ്കടങ്ങള്‍ സമര്‍പ്പിക്കാനും സാധിക്കുന്ന പ്രതീക്ഷാകേന്ദ്രങ്ങളാണ് എന്ന മഹനീയ സന്ദേശമാണ് സഹൃദയസമൂഹത്തിന് വിവാഹസംഗമത്തിലൂടെ ലഭിച്ചത്. വിശക്കുന്നവന്റെ അന്നവും ദാഹിക്കുന്നവന്റെ വെള്ളവും രോഗിക്കുള്ള ഔഷധവും കിടപ്പാടമില്ലാത്തവന്റെ ഭവനവും മാത്രമല്ല, വൈധവ്യവും അനാഥത്വവും അനുഭവിക്കുന്ന കുടുംബങ്ങളില്‍ മംഗല്യസൗഭാഗ്യം സ്വപ്‌നം കാണുന്ന ആശയറ്റ അശരണര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന പുണ്യകേന്ദ്രങ്ങളുമാണ് മസ്ജിദുകളെന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.
Comments