Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

മൗദൂദിയെ 'ഗോള്‍വാള്‍ക്കറാ'ക്കുന്നവരോട്‌

റഹ്മാന്‍ മധുരക്കുഴി

'മുസ്‌ലിംകളിലെ ഗോള്‍വാള്‍ക്കറാണ് മൗദൂദി' എന്ന എം. സ്വരാജിന്റെ വിമര്‍ശനവും അതുപോലുള്ള ആരോപണങ്ങളും സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കടുത്ത പരമത വിദ്വേഷത്തിന്റെ വക്താവ് ഗോള്‍വാള്‍ക്കറും ജാതി മത വര്‍ഗ വിഭാഗീയതകള്‍ക്കതീതമായി ഇസ്‌ലാമിന്റെ മാനവിക വീക്ഷണം സമൂഹത്തിന് മുന്നില്‍ സമാധാനപരമായി പ്രബോധനം ചെയ്ത മൗദൂദിയും ഒരു ബിന്ദുവില്‍ സന്ധിക്കുകയില്ല.
രാജ്യനിവാസികളായ മുസ്‌ലിം-ക്രൈസ്തവ ജനസമൂഹങ്ങളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്നു പ്രഖ്യാപിച്ച ഗോള്‍വാള്‍ക്കറും തന്റെ ഏതെങ്കിലും ഗ്രന്ഥത്തിലോ പ്രഭാഷണത്തിലോ അന്യമതങ്ങളെയോ കമ്യൂണിസ്റ്റുകളെയോ ശത്രുക്കളെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ലാത്ത മൗദൂദിയും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാവുന്ന ലോജിക്ക് എന്താണാവോ? ഗോള്‍വാള്‍ക്കറോട് താരതമ്യം ചെയ്ത മൗദൂദിയില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട് ഇന്ത്യാ മഹാ രാജ്യത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് രാഷ്ട്രപിതാവ് ഗാന്ധിജി 'നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ചെയ്യുന്ന സാധുക്കള്‍' (സര്‍ച്ച്‌ലൈറ്റ്, പാറ്റ്‌ന, 1947 ഏപ്രില്‍ 27) എന്ന് വിശേഷിപ്പിച്ചപ്പോള്‍, ഗോള്‍വാള്‍ക്കറില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് രംഗത്ത് വന്ന ആര്‍.എസ്.എസ്സിനെ കുറിച്ച് ഗാന്ധിജി പറഞ്ഞത് 'സമഗ്രാധിപത്യ വീക്ഷണത്തോടു കൂടിയ വര്‍ഗീയ സംഘടന' (മഹാത്മാ ഗാന്ധി, ലാസ്റ്റ് ഫേസ്, പേജ് 450) എന്നായിരുന്നു. 
ഗോള്‍വാള്‍ക്കറെ പരമപൂജനീയ ഗുരുവായി പ്രകീര്‍ത്തിക്കുന്ന ആര്‍.എസ്.എസ്സിനെ നിരോധിച്ച തൊട്ടു പിറ്റേന്നാള്‍ ജവഹര്‍ലാല്‍ നെഹ്‌റു, എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ച കത്തില്‍ ആ സംഘടനയെക്കുറിച്ച് പറഞ്ഞത്, എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു കൂട്ടരെയാണ് നാം നേരിടുന്നതെന്നും ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടരാണിവരെന്നും സമാധാനപരമായ പരിപാടികളില്‍ വിശ്വസിക്കാത്തവരാണെന്നുമായിരുന്നു.
ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ആര്‍.എസ്.എസ്സിനെക്കുറിച്ച വിലയിരുത്തല്‍ അക്ഷരാര്‍ഥത്തില്‍ അനുഭവയാഥാര്‍ഥ്യമായി പുലരുന്ന ഭീകര ദൃശ്യമല്ലേ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്? മൗദൂദിയെ ഗോള്‍വാള്‍ക്കറോടുപമിച്ച സ്വരാജ് മൗദൂദി സ്ഥാപിച്ച സംഘടനയില്‍നിന്ന് ഈദൃശങ്ങളായ എന്തെങ്കിലും ചെയ്തികള്‍ ഇന്നോളം ഉണ്ടായിട്ടുണ്ടോ എന്ന് വിശദീകരിക്കുമോ? 

 

രാജ്യെത്ത തിരിച്ചുപിടിക്കണം

'ജനകീയ പ്രക്ഷോഭങ്ങളിലെ മുസ്‌ലിം പ്രതിനിധാനം' എന്ന ടി.കെ.എം ഇഖ്ബാലിന്റെ ലേഖനം വിമര്‍ശകര്‍ക്കുള്ള നല്ല മറുപടിയാണ്. മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ പൗരത്വ നിയമവുമായി ഇറങ്ങിത്തിരിച്ച സംഘ് പരിവാറിന് അറിയാമോ ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം? അതറിയണമെങ്കില്‍ നൂറ്റാണ്ട് ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ മുസ്‌ലിംകളുടെ പങ്കിനെക്കുറിച്ചും സാമാന്യ വിവരമെങ്കിലും വേണം. 
ഇന്ത്യ ജനാധിപത്യ-മതേതര രാജ്യമാണ്. ഇവിടെ എല്ലാ മതങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്നതിനിടയിലാണ് വര്‍ഗീയവാദികളായ സംഘ് പരിവാര്‍ തീവ്രവാദികളുടെ കടന്നുകയറ്റം രാജ്യത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
അക്രമങ്ങളും കൂട്ട ബലാത്സംഗങ്ങളും നടത്തിയ സാക്ഷാല്‍ സംഘ് ഫാഷിസ്റ്റ് തീവ്രവാദികള്‍ സുരക്ഷിതമായി വിലസുമ്പോള്‍, പാവപ്പെട്ട ദലിതുകളും മുസ്‌ലിംകളുമാണ് പോലീസ് ഭീകരതക്ക് ഇരകളാകുന്നത്. ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഒന്നാകെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ ഏതാനും വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രതിഷേധം ലോകതലത്തില്‍ ആളിക്കത്തുകയാണിപ്പോള്‍. ഈ പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ ജനതക്ക് രാജ്യത്തെ തിരിച്ചുപിടിക്കാന്‍ കഴിയണം.

നേമം താജുദ്ദീന്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍