ഭാഷ
മനുഷ്യപ്പിറവിക്കു മുമ്പ്
ഭാഷകള്‍ നീണ്ട മൗനത്തിലായിരുന്നു.
ഭാഷ മനുഷ്യനോട്
മിണ്ടിത്തുടങ്ങുന്നതിനുമെത്രയോ മുന്നേ
മഴ, മണ്ണിനോടൊച്ചവെച്ചു
പുഴ, കടലിനോട് കിന്നരിച്ചു
കാട്, ഏകാന്തതകളോട് സംവദിച്ചു
കാറ്റ്, തളിരിലകളില്‍ വന്നു ചൂളംകുത്തി.
ആദം ഹവ്വയിലോ
ഹവ്വ ആദത്തിലോ
ഭാഷ പറിച്ചുനട്ടത്?
അവര്‍ക്കിടയില്‍ ഭാഷ
പനങ്കുല പോലെ വളരുകയായിരുന്നു.
ഭാഷ പിണങ്ങിപ്പോയതില്‍പിന്നെ
മൗനികളായവരല്ല ഊമകള്‍
മൗനത്തിന്റെ ലിപികളുമായി
ഉടമ്പടിയുണ്ടാക്കിയവരാണ്
അവരുടെ പൂര്‍വികര്‍.
ബധിരരുടെ ലോകത്ത്
ഭാഷകള്‍ക്കെന്തു കാര്യമെന്ന്
ചോദിക്കാന്‍ വരട്ടെ,
ഹൃദയത്തിന്റെ ഭാഷയില്‍
നാമവരോട് സംസാരിക്കുമ്പോള്‍
എല്ലാ ലിപികളും മുട്ടുകുത്തുന്നു.
നേര് പുലമ്പാനിന്ന്
നാവുകള്‍ക്കാവതില്ലായെന്നത് നേര്,
ചരിത്രം വളച്ചൊടിക്കാന്‍ ചില്ലക്ഷരങ്ങള്‍
വഴങ്ങിക്കൊടുത്തതും നേര്.
സത്യം പറയാനൊരുമ്പെടുമ്പോള്‍
വിക്കുന്നത് ഭാഷയോ നാവോ?
നിശ്ശബ്ദനാക്കാനുമുണ്ട്
നമുക്കൊരു ഭാഷ;
ആയുധത്തിന്റെ ഭാഷ,
അധികാരത്തിന്റെ ഭാഷ!
തെരുവുകള്‍ക്കൊച്ചവെക്കാന്‍
ഒരു ഭാഷയും വേണ്ട
തെരുവുകളുടെ വായ പൊത്താന്‍
നുണകളുടെ ഭാഷ തികയാതെ വരും.
സ്വാതന്ത്ര്യത്തിന്റെ ഭാഷ
കൂമ്പിടുന്ന തെരുവിലേക്ക് വരൂ....
തെരുവ് മുഴക്കുന്ന
ഭാഷയിലേക്ക് വരൂ.....
Comments