വിദേശ മാധ്യമങ്ങളും കൈവിടുേമ്പാള്‍
2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അധികാരമേറുന്ന ഘട്ടത്തില്‍, വിവാദങ്ങള്‍ നിറംകെടുത്തിയ ഭൂതകാലം എടുത്തുപറഞ്ഞാണെങ്കിലും വികസനത്തിന് മുന്‍ഗണന നല്‍കുന്ന ഒരു നല്ല നേതാവിന്റെ ആഗമനത്തെ കുറിച്ചായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച നെടുനീളന്‍ ലേഖനങ്ങള്‍ പലതും. ഹിന്ദുത്വ ദേശീയതയിലൂന്നിയ അജണ്ടകള്‍ അദ്ദേഹത്തെ ഇനിയും വശംകെടുത്തില്ലെന്ന് അവ പ്രത്യാശ പ്രകടിപ്പിച്ചു. ഭരണത്തിന്റെ ഒന്നാമൂഴം ലോകസഞ്ചാരവും ലോക നേതാക്കളെ സന്ദര്‍ശിക്കലുമായി വര്‍ണാഭമായപ്പോള്‍ 'ആഗോള രാഷ്ട്രീയത്തിലെ പുതിയ നക്ഷത്രം' 2002-ലെ ഗുജറാത്ത് കലാപവും ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയവും കടന്ന് അടുത്തതലത്തിലേക്ക് വളര്‍ന്നെന്ന് ടൈം, എക്കണോമിസ്റ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ കൊട്ടും കുരവയുമിട്ടു.
മൃഗീയ ഭൂരിപക്ഷവുമായി വീണ്ടും ഭരണം ലഭിച്ച രണ്ടാമൂഴത്തില്‍ പക്ഷേ, ഏറെ മാറിയിരിക്കുന്നു കാര്യങ്ങള്‍. നോട്ടുനിരോധനമുള്‍പ്പെടെ തെറ്റായ നയങ്ങളുടെ സൃഷ്ടിയായ സാമ്പത്തിക പ്രതിസന്ധി, മുസ്‌ലിംകളുടെ പൗരത്വം അപകടത്തിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരായ വ്യാപക പ്രതിഷേധം, ഭരണത്തോടുള്ള വിദേശ മാധ്യമങ്ങളുടെ അമര്‍ഷം തുടങ്ങി എണ്ണമറ്റ പ്രശ്‌നങ്ങളാണ് മോദി നേരിടുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പ് 'വിഭാഗീയതയുടെ നായകന്‍' എന്ന് ടൈം എഴുതിയപ്പോള്‍ ഏറ്റവുമൊടുവില്‍ എക്കണോമിസ്റ്റ് നല്‍കിയ കവര്‍ സ്റ്റോറിയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ നെടുകെ പിളര്‍ത്തുകയാണ് മോദിയെന്ന് കുറ്റപ്പെടുത്തി.
കവര്‍ സ്റ്റോറിയെ കുറിച്ച് കഴിഞ്ഞ വ്യാഴാഴ്ച എക്കണോമിസ്റ്റ് ട്വീറ്റ് ചെയ്തു: 'ഇന്ത്യയുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും ചേര്‍ന്ന് എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നത് എന്നതിനെ കുറിച്ച്.' രാജ്യത്ത് വ്യാപക പ്രതിഷേധത്തിന്റെ അലകള്‍ തീര്‍ത്ത് പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം (സി.എ.എ) വര്‍ഗീയ വിദ്വേഷം കുത്തിപ്പൊക്കാന്‍ പതിറ്റാണ്ടുകളായുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് എക്കണോമിസ്റ്റ് പറയുന്നു.
ഇതുണ്ടാക്കുന്ന സംഘര്‍ഷം എങ്ങനെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി വോട്ടാക്കി മാറ്റുമെന്നും ലേഖനം (എക്കണോമിസ്റ്റ് ലേഖനങ്ങളില്‍ എഴുതിയവരുടെ പേര് നല്‍കാറില്ല) വ്യക്തമാക്കുന്നുണ്ട്.
''മതത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പേരില്‍ വിഭജനമുണ്ടാക്കി രാഷ്ട്രീയമായി നേട്ടം കൊയ്യാന്‍ ബി.ജെ.പിക്കും മോദിക്കും സാധിക്കുമെന്നതാണ് ദുഃഖസത്യം. സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന നിലക്ക് അവസാനിക്കാത്ത പ്രക്രിയ ആയതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ഹിന്ദുത്വ ദേശീയത മുന്നില്‍ നിര്‍ത്തുന്ന സഖ്യകക്ഷികളെയും ആവേശഭരിതമാക്കാന്‍ ഇതിനാകും''.
സമ്പദ്‌വ്യവസ്ഥ പോലുള്ള കുഴഞ്ഞുമറിഞ്ഞ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇത്തരം വിഷയങ്ങള്‍ക്ക് സ്വാഭാവികമായും സാധിക്കുന്നുണ്ട്. വലിയ മാന്ദ്യത്തിന്റെ അടയാളങ്ങള്‍ പ്രകടിപ്പിക്കുന്ന കടുത്ത പ്രതിസന്ധിയിലാണ് സമ്പദ്‌വ്യവസ്ഥ. അയോധ്യയില്‍ സുപ്രീം കോടതി വിധിയോടെ ഇഷ്ട വിഷയം കൈവിട്ടുപോയ ദുരവസ്ഥ നേരിടുന്ന ബി.ജെ.പിക്ക് പൗരത്വ ഭേദഗതി വിഷയത്തില്‍ രാജ്യവ്യാപകമായി ഉണര്‍ന്ന ആശങ്ക സന്തോഷകരമാണെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.
മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന അസഹിഷ്ണുത, 370-ാം വകുപ്പ് എടുത്തുകളയല്‍, ജമ്മു-കശ്മീരില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അടച്ചുപൂട്ടല്‍ എന്നിവക്കെതിരെ രംഗത്തുവന്ന അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒന്നുമാത്രമാണ് എക്കണോമിസ്റ്റ്. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വാഷിങ്ടണ്‍ പോസ്റ്റ് നല്‍കിയ കവറേജ് മോദി സര്‍ക്കാറിനെ വല്ലാതെ പ്രകോപിപ്പിച്ചതിന്റെ തെളിവായിരുന്നു പത്രത്തിന്റെ ഉടമ ജെഫ് ബിസോസ് ഇന്ത്യയിലെത്തിയപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
2014-ല്‍ മോദി ഭരണത്തിലെത്തുമ്പോള്‍, അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പലതും അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് വേരുകളും ഭാവിയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള സാധ്യതകളും ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ഗംഭീര വിജയം ഉറപ്പാക്കുംമുമ്പ് തന്നെ മോദിയെ പിന്തുണക്കാന്‍ തങ്ങളില്ലെന്ന് നയം വ്യക്തമാക്കിയ എക്കണോമിസ്റ്റ്, സമ്പദ്‌വ്യവസ്ഥക്ക് പുതുജീവന്‍ പകരാനാകും അദ്ദേഹത്തിന്റെ ശ്രമങ്ങളെന്ന ശുഭപ്രതീക്ഷയും പങ്കുവെച്ചു. 2014-ല്‍ ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ എഡിറ്റോറിയലിലെ വരികള്‍ ഇങ്ങനെ: ''സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവെക്കുന്നത്. പക്ഷേ, മുസ്‌ലിംകള്‍ക്കെതിരെയും മറ്റും വര്‍ഗീയത കുത്തിപ്പൊക്കിയാകും ഭരണമെങ്കില്‍ ലക്ഷ്യം കൈവരിക്കാന്‍ അദ്ദേഹത്തിന് സാധ്യമാകില്ല.''
മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും മാത്രമല്ല, തകര്‍ന്നു കിടക്കുന്ന സമ്പദ് വ്യവസ്ഥയും ചേര്‍ന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കിപ്പോള്‍ നിരാശ മാത്രമാണ് ബാക്കി. കശ്മീര്‍, സി.എ.എ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെതിരെ ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്കര്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പത്രങ്ങള്‍ കടുത്ത വിമര്‍ശനവുമായി വാര്‍ത്ത നല്‍കിയത് അതിന്റെ തുടര്‍ച്ചയായിരുന്നു. കശ്മീരിലെ ജനങ്ങളെ ബന്ദികളാക്കിയതും ആയിരങ്ങളെ അറസ്റ്റ് ചെയ്ത് തടവിലിട്ടതും പലവട്ടം അവ റിപ്പോര്‍ട്ട് ചെയ്തു.
370-ാം വകുപ്പ് എടുത്തുകളഞ്ഞ് രണ്ടു മാസം പൂര്‍ത്തിയാകാനടുത്ത്, 2019 ഒക്‌ടോബര്‍ ഒന്നിന് ന്യൂ യോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ കശ്മീരായിരുന്നു പ്രധാന ചിത്രം. 'കശ്മീരില്‍ ദുരിതം കൂടുന്നു' എന്ന അടിക്കുറിപ്പോടെ നല്‍കിയ ചിത്രത്തിനൊപ്പം ജെഫ്‌റി ഗെറ്റ്ല്‍മാന്‍ (Jeffrey Gettleman) നല്‍കിയ വിശദ റിപ്പോര്‍ട്ടും അതുല്‍ ലോകിന്റെ കൂടുതല്‍ ചിത്രങ്ങളുമുണ്ടായിരുന്നു. വ്യാപക അറസ്റ്റും ദീര്‍ഘമായ വിലക്കുകളും കശ്മീരിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ നിശ്ചലമാക്കിയതായിരുന്നു പ്രമേയം.
ഡിസംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കറില്‍ ഡെക്സ്റ്റര്‍ ഫില്‍കിന്‍സ് മോദിയുടെ മുസ്‌ലിം വിരുദ്ധ, വിഭാഗീയ നയങ്ങളെ കുറിച്ച് എഴുതിയത് 'നരേന്ദ്ര മോദിയുടെ ഇന്ത്യയിലെ ചോരയും മണ്ണും' എന്ന പേരിലായിരുന്നു.
ഡിസംബര്‍ 24-ന് വാഷിങ്ടണ്‍ പോസ്റ്റ് എഴുതിയ എഡിറ്റോറിയല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ സര്‍ക്കാറിന്റെ പ്രതിലോമകരമായ നിലപാടിനെ കുറിച്ചായിരുന്നു. 'ഇതുവരെ ചെയ്ത പോലെ ശക്തിയും ശാസനയും പ്രയോഗിച്ച് പ്രതികരിക്കുന്നതിനു പകരം, സ്വന്തം കക്ഷിയായ ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയെന്ന തെറ്റായ പദ്ധതി ഉപേക്ഷിക്കാന്‍ മോദി സന്നദ്ധത കാണിക്കണം. വിവേചനം മാത്രം സംസാരിക്കുന്ന പൗരത്വ നിയമം തെറ്റായിപ്പോയെന്ന് സമ്മതിച്ച് അത് ഉപേക്ഷിക്കുകയും വേണം' - എഡിറ്റോറിയല്‍ ആവശ്യപ്പെട്ടു.
370-ാം വകുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തിന് മുമ്പേ നിലപാടുമാറ്റം പ്രകടമായിരുന്നു. രണ്ടാം തവണയും മോദി വിജയിച്ചപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റ് എഴുതിയ എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്‍കിയത് 'ഇത് ഇന്ത്യക്ക് അപകടകരമായ വന്‍വിജയ'മെന്നാണ്.
''അഞ്ചു വര്‍ഷം മുമ്പ് സാമ്പത്തിക ആധുനികവത്കരണത്തിന്റെ വക്താവായി എത്തിയ, വ്യക്തിപ്രഭാവമുള്ള പ്രധാനമന്ത്രി ഇത്തവണ നല്‍കിയ വാഗ്ദാനങ്ങള്‍ ദേശീയതയും വിഭാഗീയതയും മണക്കുന്നവയായിരുന്നു. ലിബറല്‍ വിരുദ്ധമാണ് അജണ്ടകള്‍. സര്‍ക്കാറിനെതിരെ സംസാരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ തലക്കു മേല്‍ ഭീഷണിയുടെ വാള്‍ തൂങ്ങിനില്‍ക്കുന്നു''- വാഷിങ്ടണ്‍ പോസ്റ്റ് എഴുതി. മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.
2019 മേയ് ഒമ്പതിന് ഇറങ്ങിയ ടൈം ലക്കത്തില്‍ ആതിഷ് തസീര്‍ എഴുതിയ കവര്‍ സ്റ്റോറി മോദിയെ 'വിഭാഗീയതയുടെ നായകന്‍' എന്നാണ് വിശേഷിപ്പിച്ചത്. മോദി പ്രഖ്യാപിച്ച സാമ്പത്തിക അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്നും പകരം വിഷമയമായ മതാധിഷ്ഠിത ദേശീയതയുടെ അന്തരീക്ഷമാണ് ഇന്ത്യയിലെന്നും ലേഖനം പറയുന്നു.
അതേ ലക്കം ടൈമില്‍ ബ്രെമ്മര്‍ എഴുതിയ പ്രത്യാശ പങ്കുവെക്കുന്ന മറ്റൊരു ലേഖനത്തില്‍ മോദി ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഏറ്റവും മികച്ച പ്രതീക്ഷയാണെന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈ ലേഖനം, മോദിഭക്തരെ ഹരം കൊള്ളിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞ്, താനും നിലപാട് മാറ്റിയെന്ന് ബ്രെമ്മര്‍ തന്നെ തിരുത്തി. രാഷ്ട്രീയ മേല്‍ക്കോയ്മ നേടാന്‍ സ്വത്വ രാഷ്ട്രീയത്തിലേക്ക് പ്രധാനമന്ത്രി വീഴുകയാണെന്ന് 2019 ഡിസംബറില്‍ ബ്രെമ്മര്‍ എഴുതി: ''വീണ്ടും തെരഞ്ഞെടുപ്പ് ജയിച്ചതോടെ, ഹിന്ദുത്വ ദേശീയതയെ കൂടുതലായി പുല്‍കിയ മോദി ഭൂപരിഷ്‌കരണം, വ്യാപാര നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവഗണിച്ചു. ദേശീയത സര്‍ക്കാര്‍ നയങ്ങളില്‍ വലിയ പങ്കു വഹിച്ചു തുടങ്ങിയത് സ്വാഭാവികമായും ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര ജനാധിപത്യത്തെ അപായത്തിലാക്കുകയും ചെയ്തു.''
പാശ്ചാത്യ മാധ്യമങ്ങള്‍ക്കു സംഭവിച്ച ശൈലീമാറ്റം ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തമല്ലെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക അമ്മു ജോസഫ് പറയുന്നു:
''സാമ്പത്തിക പരിഷ്‌കാരങ്ങള്‍, വികസന 'മന്ത്ര', ആദ്യ വര്‍ഷങ്ങളിലെ പ്രഖ്യാപിച്ച വന്‍പദ്ധതികള്‍ തുടങ്ങിയവയായപ്പോള്‍ കാര്യങ്ങള്‍ അനുഗുണമായ പഥത്തിലാണെന്ന് തുടക്കത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ ചിന്തിച്ചു. ഇടക്കു നടന്ന ചില ആള്‍ക്കൂട്ടക്കൊലകളും മോദിയുടെ മൗനവും നിര്‍ഭാഗ്യകരമായ ചെറിയ സംഭവങ്ങള്‍ മാത്രമായി അവ കണ്ടു'' - ഇമെയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്‍ അവര്‍ പ്രതികരിച്ചു.
എന്നാല്‍, തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും പോലുള്ള ഗൗരവതരമായ വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കെ അവക്കു ചെവികൊടുക്കാതെ കശ്മീരിനെ വരിഞ്ഞുമുറുക്കാനും മുസ്‌ലിം പൗരത്വം അപായപ്പെടുത്താനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് മാധ്യമങ്ങളെ നയംമാറ്റത്തിന് നിര്‍ബന്ധിച്ചത്.
''സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, അടിസ്ഥാന വസ്തുക്കളുടെ വില കുത്തനെ കൂടല്‍ തുടങ്ങിയവ ജനജീവിതത്തെ ദുസ്സഹമാക്കുന്നതിനിടയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ വിഭാഗീയ നടപടികള്‍ സര്‍ക്കാറിന്റെ പ്രഥമ പരിഗണനയിലെത്തുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതൊന്നുമല്ല. വാക്ചാതുരിയും വ്യക്തിപ്രഭാവവും കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് മറയിടുന്നതിന് ഒരു പരിധിയുണ്ടാകും. ചിലരുടെ കണ്ണുകളിലെങ്കിലും ഈ സാഹചര്യം പതിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു'' അമ്മു ജോസഫ് പറഞ്ഞു.
ബി.ജെ.പിയുടെ പ്രതികരണം
ജെഫ് ബിസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടണ്‍ പോസ്റ്റിന്റെ എഡിറ്റോറിയല്‍ നിലപാടിനെതിരെ ബി.ജെ.പി ശക്തമായാണ് രംഗത്തുവന്നത്. റിപ്പോര്‍ട്ട് 'ഏകപക്ഷീയവും അജണ്ട മുന്നില്‍ നിര്‍ത്തിയുള്ളതും മോദിവിരുദ്ധവുമാണെ'ന്നായിരുന്നു പാര്‍ട്ടി വിദേശകാര്യ വക്താവ് വിജയ് ചൗതാല്‍വാല പറഞ്ഞത്. ആയിടെ ഇന്ത്യയിലെത്തിയ ജെഫ് ബിസോസിനെതിരെ തിരിഞ്ഞ സര്‍ക്കാര്‍, പുതുതായി അദ്ദേഹം പ്രഖ്യാപിച്ച 100 കോടി ഡോളര്‍ നിക്ഷേപം രാജ്യത്തിന് കാര്യമായ പ്രയോജനം ചെയ്യുന്നതല്ലെന്നുകൂടി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കൊണ്ടു പറയിപ്പിച്ചു.
ടൈം കവര്‍ സ്റ്റോറി വന്ന് ആറു മാസം കഴിഞ്ഞതോടെ ഇന്ത്യയില്‍ സ്ഥിരമായി കഴിയാന്‍ അനുമതി നല്‍കുന്ന, ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ് (ഒ.സി.െഎ) ഇന്ത്യ റദ്ദാക്കി. 'ഇത് താന്‍ എഴുതിയതിന് ശിക്ഷയാണെ'ന്ന് തസീറും പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം 150-ാം ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് 'ഓപ്എഡ്' പേജില്‍ മോദി ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. കശ്മീര്‍ കടുത്ത വിലക്കുകളില്‍ നീറുേമ്പാഴും മോദിക്ക് അവസരം നല്‍കിയതിനെതിരെ 'ട്വിറ്ററാറ്റി' രംഗത്തുവരിക സ്വാഭാവികം. കശ്മീരിലെ ജനങ്ങളുടെ ദുരിതം ലോകത്തോടു പങ്കുവെച്ച ന്യൂേയാര്‍ക്ക് ടൈംസ് ഒന്നാം പേജ് പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഈ മോദി കുറിപ്പെന്നതാണ് അതിലെ വൈരുധ്യം.
അവലംബം: ഹഫിംഗ്ടണ്‍ പോസ്റ്റ്
വിവ: മന്‍സൂര്‍ മാവൂര്‍
Comments