Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

രാഷ്ട്രീയ പരീക്ഷണങ്ങള്‍ സ്ഥലകാല ബന്ധിതമാണ്

ഡോ. സഅ്ദുദ്ദീന്‍ ഉസ്മാനി

(പ്രായോഗിക രാഷ്ട്രീയവും പ്രവാചക മാതൃകയും - 4)

നേതാവെന്ന നിലക്കുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ ഖിലാഫത്തുര്‍റാശിദക്ക് വമ്പിച്ച ചരിത്രാനുഭവങ്ങളാണ് പകര്‍ന്നുനല്‍കിയത്. ഖിലാഫത്തുര്‍റാശിദയുടെ അനുഭവങ്ങള്‍ സമകാലീന ഇസ്‌ലാമിക ചിന്തക്ക് തണലായി വര്‍ത്തിക്കുന്നുമുണ്ട്. അങ്ങനെ വരുമ്പോള്‍ നമ്മുടെ രാഷ്ട്രീയവും നിയമനിര്‍മാണവും പഴയകാല അനുഭവങ്ങളുടെ തടവറയിലാണ് എന്ന് മനസ്സിലാക്കേണ്ടിവരും. നമ്മെ സംബന്ധിച്ചേടത്തോളം ഖിലാഫത്തുര്‍റാശിദയുടെ രാഷ്ട്രീയ അനുഭവങ്ങള്‍ ഏറ്റവും മികച്ച മാതൃകയാണെന്നതില്‍ തര്‍ക്കമോ സംശയമോ ഇല്ല. മുസ്‌ലിം മനസ്സുകളില്‍ അതിനോട് അങ്ങേയറ്റത്തെ ആദരവും ബഹുമാനവുമുണ്ട്. എന്നുവെച്ച് അതിനെ സ്ഥലകാല സാഹചര്യങ്ങള്‍ക്ക് അതീതമായ അനുഭവങ്ങളായി കാണാന്‍ പാടില്ല.
പ്രവാചകന്റെ രാഷ്ട്രീയ അനുഭവങ്ങളും പ്രയോഗങ്ങളും ആപേക്ഷികമാണെങ്കില്‍, അതിനേക്കാള്‍ ആപേക്ഷികമായിരിക്കുമല്ലോ ഖിലാഫത്തുര്‍റാശിദയുടെ രാഷ്ട്രീയ നടപടികളും അനുഭവങ്ങളും. ശാഖാപരമായ നിയമങ്ങളില്‍ ജഢാവസ്ഥ ഒഴിവാക്കി പ്രവാചകന്റെ രാഷ്ട്രീയ നടപടികളുടെ രീതിശാസ്ത്രമാണ് നാം പിന്തുടരാന്‍ ബാധ്യസ്ഥരെങ്കില്‍, ഖുലഫാഉര്‍റാശിദുകളുടെ വിഷയത്തിലും ഇതുതന്നെയാണ് നാം സ്വീകരിക്കേണ്ട സമീപനം. പ്രവാചക നടപടിയുടെ രീതിശാസ്ത്രത്തെയാണ് അവര്‍ പിന്തുടര്‍ന്നത്. അതനുസരിച്ച് മാറിവരുന്ന സാഹചര്യങ്ങളില്‍ മതത്തിന്റെ തത്ത്വങ്ങളെ അവക്ക് അനുരൂപമായി പുനരാവിഷ്‌കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ സംവിധാനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, രാഷ്ട്രീയവും നിയമനിര്‍മാണസ്വഭാവവുമുള്ള ഗവേഷണങ്ങള്‍ എല്ലാം റാശിദീ കാലത്ത് മനുഷ്യപ്പറ്റുള്ളതായിരുന്നു. അവയെല്ലാം അക്കാലത്തെ സാംസ്‌കാരിക-നാഗരിക സാഹചര്യങ്ങളോടാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ഇത്തരം അവസ്ഥകള്‍ മാറുമ്പോള്‍ പഴയ സംവിധാനങ്ങളെ മുസ്‌ലിംകള്‍ തങ്ങളുടെ ദീനിന്റെ ഭാഗമായി കാണേണ്ടതില്ല. മനുഷ്യരുടെ രാഷ്ട്രീയ ചിന്തയും നാഗരിക ചുറ്റുപാടുകളും ഇസ്‌ലാമിന്റെ രാഷ്ട്രീയ ഘടനയെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഈ സാംസ്‌കാരികവും നാഗരികവുമായ പരിസരം തങ്ങള്‍ക്ക് അനുവദിച്ചു തന്നതിനപ്പുറത്തേക്ക് ഇസ്‌ലാമിക വ്യവസ്ഥയുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കാതെ പോകരുത്. ഖുര്‍ആന്‍ ദിവ്യവെളിപാടാണ്. മനുഷ്യന്‍ തന്റെ കഴിവിന്റെ പരിധിക്കുള്ളില്‍നിന്നാണ് അതിനെ മനസ്സിലാക്കുന്നത്. അവര്‍ക്കിനിയും ഈ വിഷയത്തില്‍ മുന്നോട്ടു പോകാനുണ്ട്.

മദീനാ ചാര്‍ട്ടര്‍ ഇസ്‌ലാമിലെ പ്രഥമ ഭരണഘടന

മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തിയ തൊട്ടുടനെ പ്രവാചകന്‍ തയാറാക്കിയ മദീനാ പത്രിക, ഇസ്‌ലാമിക നിയമവ്യവസ്ഥിതി പ്രയോഗവല്‍ക്കരിക്കുന്നതിന് സ്വീകരിക്കപ്പെട്ട രീതിശാസ്ത്രത്തിന്റെ പ്രഥമ മാതൃകയാണ്. മദീനയിലെ ആഭ്യന്തര ഭദ്രത ഉറപ്പാക്കുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം. വിശ്വാസികള്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കുമിടയിലുള്ള ബന്ധം പൊതുവിലും യഹൂദരുമായുള്ള ബന്ധം സവിശേഷമായും ശക്തിപ്പെടുത്തുകയായിരുന്നു പ്രസ്തുത കരാറിലൂടെ പ്രവാചകന്‍ ചെയ്തത്. 'മദീനാ ചാര്‍ട്ടര്‍' എന്നാണ് ഈ കരാര്‍ അറിയപ്പെടുന്നത്.
ഈ പത്രികയുടെ പ്രസക്തമായ ഭാഗങ്ങള്‍ ശ്രദ്ധിക്കുക: 'പ്രവാചകന്‍ മുഹമ്മദും ഖുറൈശികളും യസ്‌രിബുകാരുമായ മുസ്‌ലിംകളും മദീനാ വാസികളുമായി ചേര്‍ന്നുണ്ടാക്കുന്ന കരാറാണിത്. ഞങ്ങള്‍ ഒരൊറ്റ രാഷ്ട്രം -ഉമ്മത്ത്- ആണ്. ഞങ്ങളോടൊപ്പം ചേരുന്ന ജൂതന്മാര്‍ക്കും സംരക്ഷണമുണ്ടായിരിക്കും. അവര്‍ ആക്രമിക്കപ്പെടുകയോ അവര്‍ക്കെതിരില്‍ ഞങ്ങള്‍ ആരെയും സഹായിക്കുകയോ ഇല്ല. തങ്ങള്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കെ മുസ്‌ലിംകളോടൊപ്പം യുദ്ധഫണ്ടിലേക്ക് ജൂതന്മാരും പണം നല്‍കുന്നതായിരിക്കും. ബനൂഔഫിലെ ജൂതന്മാര്‍ മുസ്‌ലിംകളോടൊപ്പം ഒറ്റ ഉമ്മത്തായിരിക്കും. ജൂതന്മാര്‍ക്ക് തീര്‍ച്ചയായും അവരുടെ മതമുണ്ട്, മുസ്‌ലിംകള്‍ക്ക് അവരുടെ മതവും ഉണ്ട്. അവര്‍ക്ക് സമ്പൂര്‍ണമായ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ അനീതിയും പാപവും ചെയ്യുന്നവര്‍ക്കിത് ബാധകമല്ല. തിന്മ ചെയ്യുന്നത് മുഖേന സ്വന്തത്തോടും കുടുംബത്തോടുമാണ് അവര്‍ തെറ്റു ചെയ്യുന്നത്.' ഈ കരാര്‍ ബനൂഔഫിനെ കൂടാതെ മറ്റു ജൂതഗോത്രങ്ങള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. കരാറില്‍ ഓരോ ഗോത്രത്തെയും പ്രത്യേകം പ്രത്യേകം പേരു പരാമര്‍ശിക്കുന്നു. 'മുസ്‌ലിംകളും ജൂതന്മാരും പരസ്പരം സഹായിക്കണം. യുദ്ധകാര്യങ്ങള്‍ക്ക് ഇരുകൂട്ടരും സമ്പത്ത് ചെലവഴിക്കണം. ഈ കരാറിന്റെ പരിധിയില്‍ വരുന്നവര്‍ക്കെതിരായി യുദ്ധമുണ്ടായാല്‍ പരസ്പരം സഹായവും പിന്തുണയും നല്‍കണം. ഗുണകാംക്ഷയും സഹായവും പുണ്യവും നിലനിര്‍ത്തണം. പാപം അനുവദിക്കാവതല്ല. യസ്‌രിബിനെതിരായ യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം.'1
മതസ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം, ബഹുസ്വരത തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ മൂല്യങ്ങളുടെ അടിത്തറയായി മനുഷ്യചരിത്രത്തിലെ ആദ്യ അനുഭവമാണ് ഈ ചാര്‍ട്ടര്‍. വ്യത്യസ്ത മതവിഭാഗങ്ങളില്‍പെടുന്ന മദീനാവാസികളെ മുഴുവന്‍ ഒരു രാഷ്ട്രത്തിലെ പൗരന്മാരായി, തുല്യ പൗരന്മാരായി, ഒറ്റ ജനതയായി, ഈ ഭരണഘടന വിഭാവന ചെയ്യുന്നു എന്നത് നിസ്സാര കാര്യമല്ല. മുസ്‌ലിംകള്‍ക്കും മറ്റുള്ളവര്‍ക്കും അവകാശങ്ങള്‍ ഒരുപോലെയാണെന്ന് ഈ കരാര്‍ നിഷ്‌കര്‍ഷിക്കുന്നു.
ഈ കരാര്‍ വിശദാംശങ്ങളില്‍ ഭരണാധികാരി എന്ന നിലക്കുള്ള പ്രവാചകന്റെ നടപടിയാണ്. പൊതുവായി പറഞ്ഞാല്‍ ഇതിലെ ചില നിര്‍ദേശങ്ങള്‍ ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങളെന്ന് നാം കരുതുന്ന പലതിനും വിരുദ്ധമാണെന്നു തോന്നാം. അവയാകട്ടെ, തങ്ങളുടെ രാഷ്ട്രീയ വികാസപരിണാമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും മുസ്‌ലിംകള്‍ അതിന്റെയെല്ലാം അടിത്തറയായി സ്വീകരിക്കേണ്ട തത്ത്വങ്ങളുമാണ്.

രാഷ്ട്രീയ പരിഷ്‌കരണം: ചില നിഗമനങ്ങള്‍

ഇസ്‌ലാമിക ചരിത്രത്തിലെ രാഷ്ട്രീയ നടപടികള്‍ നിയമപ്രാബല്യമുള്ള മാതൃകയാവുകയില്ല എന്നത് എപ്രകാരമാണ് എന്ന് നാം മനസ്സിലാക്കി. രാഷ്ട്രീയസ്വഭാവമുള്ള സാങ്കേതിക പ്രയോഗങ്ങളും നിയമത്തിന്റെയോ മതത്തിന്റെയോ ഭാഗമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പരിഷ്‌കരണത്തോട് നമുക്ക് സ്വീകരിക്കാവുന്ന ചില സമീപനങ്ങള്‍ എളുപ്പത്തില്‍ ഉരുത്തിരിച്ചെടുക്കാന്‍ സാധിക്കും.
ജനങ്ങള്‍ നേരിട്ടോ അല്ലാതെയോ ഭരണം നടത്തുന്നതാണ് ജനാധിപത്യമെങ്കില്‍, ഇസ്‌ലാമും ജനാധിപത്യവും തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് വാദിക്കുന്നതില്‍ തീര്‍ച്ചയായും അപാകതയുണ്ട്. ഭരണത്തെ കുറിച്ചോ ജനങ്ങളുടെ ഭരണപങ്കാളിത്തത്തെ സംബന്ധിച്ചോ നിര്‍ണിതമായ ഒരു രൂപം ഇസ്‌ലാം മുന്നോട്ടുവെക്കുന്നില്ല എന്നതാണ് ഇതിന്റെ ഒന്നാമത്തെ കാരണം.
മനുഷ്യരുടെ ആവിഷ്‌കാര സാധ്യതയുടെ പരിധിയില്‍ വരുന്നതുകൊണ്ട് അവര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഇതെല്ലാം. മനുഷ്യന്റെ നാഗരിക സഞ്ചാരപഥങ്ങള്‍ വികസിക്കുമ്പോള്‍ ഈ സിദ്ധിയിലും വികാസമുണ്ടാവും. അതുവഴി രൂപപ്പെടുന്ന അനുയോജ്യമായ മാതൃക ഏതായാലും അതിനെ സ്വീകരിക്കാനുള്ള പ്രാപ്തിയും കഴിവും ഇസ്‌ലാമിനുണ്ട്. മാത്രവുമല്ല അത് പരമാവധി പ്രയോജനപ്പെടുത്തേണ്ടത് നമ്മുടെ കടമയും ബാധ്യതയുമാണ്.
ശൂറാ സംവിധാനം ഇസ്‌ലാമിക ലോകത്ത് പ്രയോഗവല്‍ക്കരിക്കുന്നതിന് മുസ്‌ലിംകള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇജ്തിഹാദിലൂടെ രൂപപ്പെട്ട ഇത്തരം കാര്യങ്ങള്‍ ആ ചരിത്രസാഹചര്യങ്ങള്‍ മാറിയതിനു ശേഷം തുടരേണ്ട ഒരാവശ്യവുമില്ല. അതില്‍ നിശ്ചലമായി നില്‍ക്കുന്നത് ശരിയുമല്ല. ഇതുപോലെ തന്നെയാണ് പ്രശ്‌നപരിഹാര സമിതിയുടെയും ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന രീതിയുടെയും ഭരണ കാലയളവ് എത്രയെന്ന് നിശ്ചയിക്കുന്നതിന്റെയും മറ്റും കാര്യങ്ങള്‍. ഇതെല്ലാം സാഹചര്യങ്ങള്‍ മാറുന്ന മുറക്കും നാഗരിക മാറ്റങ്ങള്‍ക്കനുസരിച്ചും നിരന്തരം മാറിക്കൊണ്ടിരിക്കും. ഇതിനൊന്നും എല്ലാ കാലത്തേക്കും വേണ്ടി പൊതുവായ രീതി ഇസ്‌ലാം മുന്നോട്ടു വെക്കുന്നില്ല.
മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, രാഷ്ട്രമെന്നാല്‍ ഇസ്‌ലാമില്‍ സിവില്‍ സ്റ്റേറ്റാണ്. അതിന്റെ നിയമസാധുത പൗരന്മാരെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മനുഷ്യരാശി കണ്ടെത്തിയ സംവിധാനങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഭരണ മാതൃക വികസിപ്പിക്കാനുള്ള അവസരം മുസ്‌ലിംകള്‍ക്കു മുന്നില്‍ തുറന്നിടപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തെ അതിന്റെ ഏറ്റവും ഉന്നതമായ രീതിയില്‍ പ്രതിഫലിപ്പിക്കാനും ആഴത്തിലുള്ള സാമൂഹികതയും വിശാലമായ മാനുഷികതയും ചൂഴ്ന്നുനില്‍ക്കുന്ന തത്ത്വങ്ങള്‍ കൊണ്ടും മൂല്യങ്ങള്‍ കൊണ്ടും അതിനെ സമ്പന്നമാക്കാനുമുള്ള കരുത്തും ശേഷിയും മുസ്‌ലിംകള്‍ക്കുണ്ട്.
എന്നാല്‍ ജനാധിപത്യം എല്ലാ സമൂഹങ്ങളിലും ഒരേ വഴിയിലൂടെയല്ല സ്ഥാപിതമായിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലും മൂന്നാം ലോക സമൂഹങ്ങളിലും നിലനില്‍ക്കുന്ന ജനാധിപത്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്; പ്രത്യേകിച്ച് മുസ്‌ലിം നാടുകളില്‍. അവരുടെ മതതത്ത്വങ്ങളും സാംസ്‌കാരിക രീതികളും ജനാധിപത്യത്തെ സ്വാംശീകരിക്കാന്‍ കഴിവുറ്റതാണ്. ഏതൊരു ജനാധിപത്യ സംവിധാനവും അത് നിലവില്‍ വരുന്ന ഭൂപ്രദേശം, കാലം എന്നിവയെ ആസ്പദിച്ചാണ് നിലവില്‍ വരിക. അല്ലാതെ, ഔഷധക്കൂട്ട് പോലെ നേരത്തേ തയാറാക്കിവെച്ച ഒന്നല്ല ജനാധിപത്യം. മറിച്ച് ജനങ്ങളാണ് അവിടെ തീരുമാനമെടുക്കുന്നത്. അവര്‍ തൃപ്തിപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലല്ലാതെ അവരെ ഭരിക്കാന്‍ സാധിക്കുകയുമില്ല. ഇതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്ത.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഉയര്‍ന്നുവരാറുള്ള ചോദ്യമാണ്, ശരീഅത്തിനെക്കുറിച്ച് അതിന്റെ നിലപാടെന്ത് എന്നത്. ധാരാളമാളുകള്‍ ഇന്നും തെറ്റായി മനസ്സിലാക്കുന്ന ഒരു പദമാണ് ശരീഅത്ത്. ദീന്‍ എന്ന് വിവക്ഷിക്കാവുന്നതും മനസ്സിലാക്കാവുന്നതുമായ ഈ പദം ഇപ്പോള്‍ ഒരു പിടി ശിക്ഷാ നിയമങ്ങളായി ചുരുങ്ങിപ്പോയിരിക്കുന്നു. അതിനാല്‍ നിയമങ്ങളെയും നിയമ നിര്‍മാണത്തെയും എങ്ങനെ സമീപിക്കണമെന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. 'മതത്തില്‍ ബലാല്‍ക്കാരമില്ല' എന്ന് ഇസ്‌ലാം അനുശാസിക്കുന്നതുകൊണ്ട് ഒരു സാഹചര്യത്തിലും സമൂഹത്തിന്റെ മേല്‍ ഒരു നിയമവും അടിച്ചേല്‍പിക്കാവതല്ല. മതകാര്യത്തില്‍ ഇതാണ് ഇസ്‌ലാമിന്റെ സമീപനമെങ്കില്‍ മതപരമല്ലാത്ത നിയമത്തിന്റെ വിഷയത്തിലും ഇതല്ലാത്ത സമീപനം ഉണ്ടാകാന്‍ പാടില്ലല്ലോ. മതനിയമങ്ങള്‍ പൊതു നിയമങ്ങളല്ല. മതനിയമങ്ങള്‍ അതത് മതവിശ്വാസികള്‍ക്കു മാത്രം ബാധകമാകുന്നതാണ്. ജനാധിപത്യം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ മതവിശ്വാസിക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകണം. എന്തു പേരിലായാലും ഭരണകൂടത്തിന് ജനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാനുള്ള യാതൊരവകാശവും ഇല്ല.
നിയമനിര്‍മാണം മതത്തിന്റെ അന്തസ്സത്തയില്‍നിന്ന് പുറത്തുകടക്കുകയില്ല എന്നതിന് വല്ല ഉറപ്പുമുണ്ടോ എന്ന് ചിലര്‍ക്ക് സംശയമുണ്ടാകാം. അതിനുള്ള ഉറപ്പ് 'സമൂഹം തിന്മയില്‍ ഒന്നിക്കുകയില്ല' എന്ന പ്രവാചകന്റെ വചനമാണ്. ഒന്നിക്കുകയില്ല എന്നതിന്റെ വിവക്ഷ അത്തരം ഒരു പൊതുബോധം ഉണ്ടാകില്ല എന്നാണ്. ശരീഅത്തിന് വിരുദ്ധമായ ഒന്ന് ഭൂരിപക്ഷത്തിന്റെ തീര്‍പ്പിന് വിട്ടുകൊടുക്കുകയുമില്ല. നിയമനിര്‍ധാരണത്തിന്റെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ അറിവില്ലായ്മയാലോ മറ്റോ അങ്ങനെ സംഭവിച്ചാല്‍ അത് തിരുത്താനും കഴിയും. പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഇന്ന് ഇതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. മതപരമായ കാരണങ്ങള്‍ നിരത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമങ്ങള്‍ക്കെതിരെ രംഗത്തു വരികയും അത്തരം ആവശ്യങ്ങള്‍ പരിഗണിച്ച് ജനാധിപത്യ വഴികളിലൂടെ അവരുടെ വാദങ്ങള്‍ക്ക് നിയമസാധുതയുണ്ടാക്കുകയും ചെയ്യുന്നുമുണ്ട്. അമേരിക്കയില്‍ ബഹുഭൂരിപക്ഷം പേരും ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനെതിരായ നിലപാട് സ്വീകരിച്ചത് ചെറു ന്യൂനപക്ഷത്തിന്റെ മതപരമായ ആവശ്യത്തെ പരിഗണിച്ചുകൊണ്ടായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, രാഷ്ട്രവും രാഷ്ട്രീയ നീക്കങ്ങളും ജനങ്ങളുടെ മതപരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ ഇടപെടാവതല്ല. പൊതുവായ മൂല്യങ്ങളുടെ ചട്ടക്കൂടില്‍നിന്ന് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുകയാണ് രാഷ്ട്രത്തിന്റെ കടമ. ഫലവത്തായും വളരെ വിജയകരമായും രാഷ്ട്രീയ-സാമൂഹിക പരിഷ്‌കരണം സാധ്യമാക്കലാണ് ഇസ്‌ലാമിക ഉള്ളടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ബാധ്യത. ഒരിസ്‌ലാമേതര സമൂഹത്തില്‍ മഹാനായ യൂസുഫ് നബി(അ) സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നടത്തിയതും ഈജിപ്തിലെ ഭരണനിര്‍വഹണത്തിന് നായകത്വം നല്‍കിയതും ഇതിന്റെ മികച്ച ഉദാഹരണമാണ്. തല്‍ഫലമായി ദാരിദ്ര്യവും പട്ടിണിയും ക്ഷാമവും പരിഹരിക്കാനും അതിന്റെ കെടുതിയില്‍നിന്ന് ഈജിപ്ഷ്യരെ മോചിപ്പിക്കാനും പര്യാപ്തമായ ഒരു പദ്ധതി സമര്‍പ്പിക്കാനും നടപ്പാക്കാനും യൂസുഫ് നബിക്ക് സാധിച്ചു. ഈ അടിസ്ഥാനത്തില്‍ മതപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രവണതകളെ അഭിമുഖീകരിക്കേണ്ടത് മതപണ്ഡിതന്മാരുടെയും മത-സാമൂഹിക പ്രസ്ഥാനങ്ങളുടെയും കടമയാണ്.  

വിവ: എസ്.എം സൈനുദ്ദീന്‍

(തുടരും)

കുറിപ്പുകള്‍
1. ഇബ്‌നു കസീര്‍ - അസ്സീറത്തുന്നബവിയ്യ 2/319-323

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍