ഒരായുധ വായ്പയുടെ ബാക്കിപത്രം
മദീനയില്‍ സ്വഫ്‌വാന്‍ എന്നു പേരായ ഒരു യഹൂദ പുരോഹിതനുണ്ടായിരുന്നു. അബൂവഹബ് എന്നാണ് അദ്ദേഹം പരക്കെ വിളിക്കപ്പെട്ടിരുന്നത്. അല്‍പം സമ്പത്തുള്ള കൂട്ടത്തിലായിരുന്നു സ്വഫ്‌വാന്‍. ചെറിയ തോതില്‍ ആയുധ വ്യാപാരവും നടത്തിയിരുന്നു. ഒരര്‍ഥത്തില്‍, അതായിരുന്നു അയാളുടെ പ്രധാന വരുമാനമാര്‍ഗം. ഇത്തിരി കവിഞ്ഞ ദ്രവ്യാനുരാഗവും അയാള്‍ക്കുണ്ടായിരുന്നു.
നബി തിരുമേനിയുമായി സൗഹാര്‍ദവുമുണ്ടായിരുന്നു അബൂവഹബിന്. റസൂല്‍, ഒരിക്കല്‍ അദ്ദേഹത്തോട് അല്‍പം യുദ്ധോപകരണങ്ങള്‍ ചോദിച്ചു. പ്രധാനമായും പടയങ്കികളാണ് റസൂലിന് വേണ്ടിയിരുന്നത്. കൂടാതെ, വാളുകള്‍ അടക്കമുള്ള അല്‍പം ചില കൈയായുധങ്ങളും. ഖുറൈശികളുമായി ഒരു സംഘട്ടനത്തിന് നിര്‍ബന്ധിതമായ ഘട്ടത്തില്‍ അടിയന്തരമായി വന്ന ആവശ്യമാണ്.
'ആയുധങ്ങളുടെ ഉടമസ്ഥത താങ്കള്‍ക്ക് പൂര്‍ണമായും വിട്ടുതരാനുള്ള കല്‍പ്പനയാണോ, അതോ ആവശ്യം കഴിയുന്ന മുറക്ക്, തിരിച്ചുതരും വിധമുള്ള വായ്പയാണോ?' അയാള്‍ തിരുമേനിയോട് ആരാഞ്ഞു.
'തികച്ചും വായ്പ. ആവശ്യം കഴിഞ്ഞാല്‍ തിരിച്ചുതരാം.'
നബിതിരുമേനി അപ്പോള്‍ ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം നല്‍കി. തിരിച്ചുകൊടുക്കാനുള്ള സമയവും നിശ്ചയിച്ചു.
നിശ്ചിത സമയത്ത് അദ്ദേഹം തന്റെ ആയുധങ്ങള്‍ തിരിച്ചുകൊണ്ടുപോകാന്‍ വന്നു. എടുത്തു നിരത്തിയപ്പോഴാണ്, ഉപയോഗം മൂലം ചില അങ്കികള്‍ക്കും മറ്റു ആയുധങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടത്. തിരുമേനിയുടെ ശ്രദ്ധയിലും അക്കാര്യം അപ്പോഴാണ് പെടുന്നത്. സ്വഫ്വാന്റെ മുഖത്ത് ഒരു തരം പാരവശ്യം നിഴലിട്ടു. അയാള്‍ മൗനിയായി നിന്നു. തനിക്കുണ്ടായ സാമ്പത്തിക നഷ്ടം എങ്ങനെ നികത്തും എന്നോര്‍ത്താണ് അദ്ദേഹത്തിന്റെ മുഖം കെട്ടുപോയതെന്ന് റസൂല്‍ മനസ്സിലാക്കി. ആ ഉപകരണങ്ങള്‍ക്ക് പറ്റിയ കേടുപാടുകള്‍ പെട്ടെന്ന് തീര്‍ത്തുകൊടുക്കാനാവട്ടെ, അപ്പോള്‍ അവിടെ സംവിധാനം ഒന്നുമുണ്ടായിരുന്നില്ല. തിരുമനസ്സിലും നല്ല പ്രയാസം തോന്നിയിരിക്കണം. അയാള്‍ അങ്ങനെ മൗനിയായി നില്‍ക്കുന്നു.
എന്നാല്‍ അയാളുടെ ശ്രദ്ധ അപ്പോള്‍ കണ്ണെത്തും ദൂരത്ത് കൂട്ടമായി മേഞ്ഞുകൊണ്ടിരുന്ന ആടുമാടുകളില്‍ ഉടക്കിനില്‍ക്കുന്നതായി തിരുമേനി കണ്ടു. അവയത്രയും ഇസ്‌ലാമിക മദീനയുടെ പൊതു ഉടമസ്ഥതയില്‍ ഉള്ളവയായിരുന്നു. ധാരാളം ആടുകളും വേറെ ചില മൃഗങ്ങളും ചേര്‍ന്നു, സാമാന്യം നല്ലൊരു കൂട്ടം ഉണ്ട്.
'നോക്കൂ അബൂവഹബ്, ആ രണ്ടു കൊച്ചു കുന്നുകള്‍ക്കിടയില്‍ ഇപ്പോള്‍ മേയുന്ന കന്നുകാലികളെയെല്ലാം താങ്കള്‍ക്ക് കിട്ടിയാല്‍, താങ്കള്‍ക്ക് സന്തോഷമാകുമോ?' റസൂല്‍ ആ യഹൂദ പാതിരിയോട് ചോദിച്ചു.
അയാള്‍ കൊതിയോടെ റസൂലിന്റെ മുഖത്തേക്കു നോക്കി.
'എന്നാല്‍ അവിടെ ഇപ്പോള്‍ കാണുന്ന വളര്‍ത്തു മൃഗങ്ങളെയെല്ലാം താങ്കള്‍ക്ക് തെളിച്ചുകൊണ്ടുപോകാം'- റസൂല്‍ പറഞ്ഞു.
'അല്‍ബിദായ വന്നിഹായ'യില്‍ ഇബ്‌നുകസീര്‍ ഉദ്ധരിച്ച സംഭവമാണ് ഈ വിവരണത്തിനാധാരം. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. സ്വാലിഹ് യഹ്‌യ അല്‍ സഹ്‌റാനി ഈ സംഭവത്തെ ഉപജീവിച്ച് എഴുതിയ ഒരു കുറിപ്പില്‍ എടുത്തുകാട്ടുന്നത്, തന്റെ നാട്ടിലെ ഒരു അമുസ്ലിം പൗരന്റെ 'അമാനത്ത്' എത്ര ഗൗരവത്തോടെയാണ് തിരുമേനി കൈകാര്യം ചെയ്തത് എന്നാണ്. സമാനമായ കുറേ സംഭവങ്ങളുടെ കൂട്ടത്തിലാണ് അദ്ദേഹം ഇതും വിവരിക്കുന്നത്.
എന്നാല്‍ ഈ സംഭവത്തെ തനിച്ചെടുത്താല്‍ പോലും, അതിനേക്കാളുപരി ഒരുപാട് കാര്യങ്ങള്‍, തിരുപ്രവൃത്തി സ്വയം വിളംബരം ചെയ്യുന്നതായി കാണാം. ആയുധങ്ങളുടെ ഉടമസ്ഥനായ സ്വഫ്‌വാന്, യഥാര്‍ഥ നഷ്ടം കൃത്യമായി കണക്കാക്കി നല്‍കിയിരുന്നെങ്കില്‍ പോലും അദ്ദേഹം പൂര്‍ണമായും സംതൃപ്തന്‍ ആകുമായിരുന്നു. റസൂലിന്റെ ദാനം അതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലായിരുന്നു. ഈ നടപടിയില്‍ റസൂല്‍ തിരുമേനി ആദ്യമായി പരിഗണിച്ചത്, ഇടപാട് മൂലം അദ്ദേഹത്തിനുണ്ടായ മനഃക്ലേശമാണ്. അത് പൂര്‍ണമായി ഒറ്റയടിക്ക് മായ്ച്ചുകളയാന്‍ അവിടുന്ന് ആഗ്രഹിച്ചു. രണ്ടാമതായി, നഷ്ടപരിഹാരത്തോടൊപ്പം, വിലമതിക്കാനാവാത്ത ഉപകാരമാണ് താങ്കളുടെ വായ്പ മൂലം ലഭിച്ചതെന്നും, അതിന് കൃതജ്ഞത ഉണ്ടെന്നും, മേലിലും സഹകരണം തുടരണമെന്നും വാചികമായി പറയാതെ പ്രവൃത്തികൊണ്ട് അരുളുകയായിരുന്നു നബിതിരുമേനി. താല്‍ക്കാലികമായ ഭംഗിവാക്കുകള്‍ പറയാന്‍ ആര്‍ക്കാണ് സാധിക്കാത്തത്! ഏറ്റവുമൊടുവില്‍, ഇങ്ങനെയുള്ള അമാനത്തുകള്‍ സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉത്കൃഷ്ട മാതൃകയും അവിടുന്ന് കാഴ്ചവെച്ചു. പൊതു ആവശ്യം ഉന്നയിച്ച് നടത്തുന്ന നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ പോലെയുള്ള, സര്‍ക്കാര്‍ നടപടികള്‍ മൂലം മനം കരിയുന്ന പതിനായിരങ്ങള്‍ക്ക്, ഈ മാതൃകയുടെ മനോഹാരിത വേഗത്തില്‍ മനസ്സിലാക്കാനാവും.
അവിശ്വസനീയമായ എന്തോ കേട്ടപോലെ സ്വഫ്വാന്‍ റസൂലിന്റെ മുഖത്തേക്ക് ഏതാനും നിമിഷങ്ങള്‍ കണ്ണിമക്കാതെ നോക്കിനിന്നു. ആ മുഖത്ത് തെളിയുന്ന ഉത്കൃഷ്ട ഗുണങ്ങളിലേക്കും തിരുമേനിയുടെ ശരീരഭാഷ വിളംബരം ചെയ്യുന്ന അത്യസാധാരണത്വങ്ങളിലേക്കും, തിരുമേനിയെ ജീവിതത്തില്‍ നടാടെ കാണുന്നതു പോലെ സ്വഫ്‌വാന്‍ മനക്കണ്ണുകള്‍ കൊണ്ടു കൂടി സൂക്ഷ്മമായി നിരീക്ഷിച്ചു. വളരെ പെട്ടെന്ന് തന്റെ ബോധതലത്തില്‍ ഒരു പുതുവെളിച്ചം പിറന്നപോലെ അയാള്‍ റസൂലിനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു: 'ഒരു പ്രവാചകനല്ലാതെ ഇങ്ങനെയൊരു മനസ്സ് ഉണ്ടാവുക സംഭവ്യമേ അല്ല.' ഉടനെ സത്യസാക്ഷ്യ വാചകങ്ങള്‍ ഉറക്കെ ചൊല്ലി അയാള്‍ മുസ്‌ലിമായി. ശേഷം തന്റെ ധന മുതലുകളുടെ നേര്‍പകുതി, രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് സംഭാവന ചെയ്തു.
Comments