ട്രംപിന്റെയും നെതന്യാഹുവിന്റെയും 'സമാധാന പദ്ധതി'
ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്ന് മധ്യപൗരസ്ത്യദേശത്തിന് ഒരു 'സമാധാന പദ്ധതി' സമര്‍പ്പിച്ചിരിക്കുന്നു. അതിനെ വിശേഷിപ്പിച്ചിരിക്കുന്നതോ 'നൂറ്റാണ്ടിന്റെ ഇടപാട്' എന്നും. ഇത്രയേറെ വഞ്ചനയും കാപട്യവും നിറഞ്ഞ, തീര്‍ത്തും പരിഹാസ്യമായ ഈ എണ്‍പത് പേജ് കടലാസ്‌കെട്ടിനെ അങ്ങനെ വിളിക്കാന്‍ നാണമില്ലേ എന്നാണ് മര്‍വാന്‍ ബിശാറയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇരു ഭരണാധികാരികളുടെയും തീവ്ര വലതുപക്ഷ നയങ്ങളെ കണ്ണടച്ച് പിന്താങ്ങുന്ന അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകള്‍ക്ക് വരെ ഇത് ദഹിച്ചിട്ടില്ല. പ്രകടമായിത്തന്നെ അത്രക്ക് പക്ഷപാതപരവും അനീതിയുടെ ഉടലെടുത്ത രൂപവുമാണ് ഈ 'സമാധാന പദ്ധതി'. തികഞ്ഞ സയണിസ്റ്റ് പക്ഷപാതിയും ട്രംപിന്റെ മരുമകനും ട്രംപിനെപ്പോലെ പശ്ചിമേഷ്യയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവനുമായ ജെറാഡ് കുഷ്‌നറാണത്രെ ഇതിന്റെ ശില്‍പി. കഴിഞ്ഞ മാസം ട്രംപ് പറഞ്ഞത്, തന്റെ മരുമകന് പശ്ചിമേഷ്യന്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കും അത് പരിഹരിക്കാന്‍ കഴിയില്ല എന്നാണ്. എന്തൊരു വിവരക്കേട്! എത്രയധികം പ്രഗത്ഭരായ അമേരിക്കന്‍ നയന്ത്രജ്ഞരെയാണ് ട്രംപ് ഒറ്റയടിക്ക് താഴ്ത്തിക്കെട്ടിയത്!
ഇങ്ങനെയൊരു 'നൂറ്റാണ്ടിന്റെ ഇടപാട്' ഉണ്ടാക്കാന്‍ ട്രംപിന് എന്തെങ്കിലും ധാര്‍മികമായ അവകാശമുണ്ടോ എന്ന് ആരും ചോദിച്ചുപോകും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് എന്തായിരുന്നു ഫലസ്ത്വീന്‍ വിഷയത്തില്‍? വാഷിംഗ്ടണിലെ പി.എല്‍.ഒ ഓഫീസ് ട്രംപ് ഭരണകൂടം അടച്ചുപൂട്ടി. ഫലസ്ത്വീനീ അഭയാര്‍ഥികള്‍ക്കുള്ള എല്ലാ ധനസഹായവും നിര്‍ത്തിവെച്ചു. ഫലസ്ത്വീനികളുടെ മുറിവുകളില്‍ മുളക് തേച്ചുകൊണ്ട് യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി. ഇദ്ദേഹമാണ് ഇപ്പോള്‍ സമാധാനത്തിന്റെ മിശിഹയായി അവതരിക്കുന്നത്. യഥാര്‍ഥത്തില്‍, ഫലസ്ത്വീനികളോട് എക്കാലത്തും അതിക്രൂരമായി പെരുമാറിയിട്ടുള്ള ബെഞ്ചമിന്‍ നെതന്യാഹു എഴുതിക്കൊണ്ടു വന്നത് വായിക്കുക മാത്രമാണ് ട്രംപ് ചെയ്തത്.
ഇനി 'സമാധാനക്കരാറി'ന്റെ ഉള്ളടക്കത്തിലേക്ക് കടന്നാലോ, തീര്‍ത്തും ഫലസ്ത്വീനീവിരുദ്ധം എന്ന് പറയേണ്ടിവരും. ഫലസ്ത്വീന്റെ 90 ശതമാനത്തിലധികം ഭാഗം ഇസ്രയേലിലേക്ക് ചേര്‍ത്തുകൊണ്ടുള്ള പദ്ധതിയാണിത്. പടിഞ്ഞാറേ കരയിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളൊക്കെ ഇസ്രയേലിന്റെ ഭാഗമാകും. സകല നിയമവിരുദ്ധ കൈയേറ്റങ്ങള്‍ക്കും നിയമസാധുത ഒപ്പിച്ചെടുക്കാനുള്ള വിദ്യ. ഇതു പ്രകാരം, ജറൂസലം ഇസ്രയേലിന്റെ തലസ്ഥാനം തന്നെയായിരിക്കും. അവിടെ ഫലസ്ത്വീനികള്‍ക്ക് അവകാശമൊന്നുമില്ല. ഫലസ്ത്വീന്‍ അഭയാര്‍ഥികളെ മടങ്ങിവരാനും സമ്മതിക്കില്ല. ആകെയൊരു സമാശ്വാസ വര്‍ത്തമാനമുള്ളത്, ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ പാത പണിയും എന്നതു മാത്രമാണ്. അതിനു വേണ്ടി ഇസ്രയേലിന്റെ ഭൂപടത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തും. മാത്രമല്ല, ഇസ്രയേലിനകത്തുള്ള പത്ത് ഫലസ്ത്വീന്‍ നഗരങ്ങള്‍ ഫലസ്ത്വീന് കൈമാറും. ഇതുവഴി രണ്ടര ലക്ഷത്തിലധികം ഫലസ്ത്വീനീ വംശജര്‍ ഇസ്രയേലി പൗരന്മാരല്ലാതായിത്തീരും. എറിഞ്ഞുതരുന്ന ഈ അപ്പക്കഷ്ണങ്ങള്‍ക്ക് പകരമായി ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പോലുള്ള സകല ചെറുത്തുനില്‍പ്പു സംഘങ്ങളെയും നിരായുധീകരിക്കണം. പോരാത്തതിന് സര്‍വ പ്രദേശങ്ങളിലും ഇസ്രയേലിന്റെ ഡ്രോണ്‍ നിരീക്ഷണവും മറ്റും തുടരുകയും ചെയ്യും.
ട്രംപിനും നെതന്യാഹുവിനും ഇതുവഴി ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അമേരിക്കയിലെ ഇവാഞ്ചലിസ്റ്റ്-സയണിസ്റ്റ് കൂട്ടുകെട്ടിനെ തൃപ്തിപ്പെടുത്തി അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കുക എന്നതാണ് ട്രംപിന്റെ മനസ്സിലിരിപ്പ്. മിശിഹയായി അവതരിച്ച് ഇംപീച്ച്‌മെന്റ് നാണക്കേട് കുറച്ചൊക്കെ മറച്ചുപിടിക്കുകയും ചെയ്യാം. ഇസ്രയേലില്‍ അഴിമതിയാരോപണം നേരിടുന്ന നെതന്യാഹുവിനും തന്റെ തകര്‍ന്ന പ്രതിഛായ ശരിപ്പെടുത്തണം. ഇതൊക്കെ ഒറ്റനോട്ടത്തില്‍തന്നെ ആര്‍ക്കും വ്യക്തമാകുമെന്നിരിക്കെ, ഈ 'നൂറ്റാണ്ടിന്റെ ഇടപാടി'ന് ഒരാളും പുല്ലുവില കല്‍പിച്ചിട്ടില്ല. എല്ലാ ഫലസ്ത്വീനീ കൂട്ടായ്മകളും ഒറ്റയടിക്ക് അത് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു.
Comments