എതിര്‍പ്പിന്റെ ഉത്സവ രാവുകള്‍
ഊതിവീര്‍പ്പിച്ച പൊള്ളത്തരങ്ങള്‍ പൊള്ളുന്ന വാക്കുകളാല്‍ പൊളിച്ചെറിഞ്ഞും ആയുധക്കൂമ്പാരങ്ങളെ വെല്ലുന്ന ഇഛാശക്തി പ്രകടിപ്പിച്ചും കത്തുന്ന വിരലുകള്‍ അതിക്രമങ്ങള്‍ക്കു നേരെ ചൂണ്ടിയും ആശയങ്ങളുടെയും പ്രതിരോധത്തിന്റെയും പുത്തന്‍ രാപ്പകലുകള്‍ രചിച്ച് ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സ്.' പുതിയ ആശയങ്ങളും സംവാദങ്ങളുമാണ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നത്. വേട്ടയാടിയും ശ്വാസം മുട്ടിച്ചും ഒരു ജനതയെ എന്നന്നേക്കുമായി തുടച്ചുനീക്കാന്‍ കരുക്കള്‍ നീക്കുന്നവര്‍ക്കെതിരെയുള്ള യുവത്വത്തിന്റെ വിയോജിപ്പും മുന്നറിയിപ്പുമായിരുന്നു 2019 ഡിസംബര്‍ 27 മുതല്‍ 29 വരെ മൂന്നു ദിനം കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട്യാര്‍ഡില്‍ സംഘടിപ്പിച്ച ഫെസ്റ്റിവല്‍. കീഴാള മര്‍ദിത സമൂഹങ്ങളുടെ സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയ പ്രതിരോധത്തിന്റെ വിവിധ തലങ്ങളില്‍നിന്നുള്ള ചര്‍ച്ചകള്‍ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കി. വിസമ്മതര്‍ക്കു നേരെ ബുള്ളറ്റുകള്‍ പായിക്കുന്നവര്‍ക്കും നീതിയും അധികാരവും നീതിപൂര്‍വം വിതരണം ചെയ്യാതെ മതവും ജാതിയും രാഷ്ട്രീയവും നോക്കി പങ്കുവെക്കുന്നവര്‍ക്കു വലിയ താക്കീത് കൂടിയായിരുന്നു യുവത്വത്തിന്റെ ഒത്തുകൂടല്‍. 'ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ സംസാരിക്കും' എന്ന് ചോദിച്ച് പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിലൂടെ ദേശീയ മുഖങ്ങളായ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ ആഇശ റെന്ന, ലദീദ ഫര്‍സാന, ഷഹീന്‍ അബ്ദുല്ല എന്നിവര്‍ നിരവധി വിദ്യാര്‍ഥികളെ സാക്ഷിയാക്കി പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞുകൊണ്ടാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ആധിപത്യ ആശയങ്ങളോട് വിസമ്മതത്തിന്റെ പുതിയ രാഷ്ട്രീയം പറയുക, വിജ്ഞാന-രാഷ്ട്രീയത്തിന്റെ പുതിയ സംവാദങ്ങള്‍ തുറന്നിടുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒയും കാമ്പസ് അലൈവുമാണ് ഫെസ്റ്റിവലിന് വേദിയൊരുക്കിയത്.
കശ്മീരിന്റെ വര്‍ത്തമാനം
തീര്‍ത്തും വര്‍ഗീയ നിലപാടുകളാണ് കശ്മീരിനോട് ഭരണകൂടവും പൊതുസമൂഹവും സ്വീകരിക്കുന്നതെന്നും സമാധാനപരമായി സമരം നയിക്കുന്ന കശ്മീരികള്‍ തങ്ങളുടെ ദേശത്തിന്റെ പേരില്‍ മാത്രമല്ല, മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ കൂടി ക്രൂരമായി പീഡനത്തിനിരയാകുന്നുന്നെും കശ്മീരി ഫോട്ടോഗ്രാഫറും ജേണലിസ്സുമായ സന്ന ഇര്‍ശാദ് മാട്ടൂ പറഞ്ഞു. നിങ്ങളുടെ ചിന്തയിലും ഭാവനയിലുമുള്ള ഒരു ദേശമല്ല ഇന്ന് കശ്മീര്‍. വലിയ അടിച്ചമര്‍ത്തലുകളാണ് ഇവിടത്തെ ജനതക്കു മേല്‍ വന്നുവീഴുന്നത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ആരംഭിച്ച വാര്‍ത്താവിനിമയബന്ധങ്ങളുടെ വിഛേദനവും ഭരണകൂട അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടരുകയാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടതിനാല്‍ കശ്മീരില്‍നിന്നും താന്‍ പകര്‍ത്തിയ ഫോട്ടോകളും വീഡിയോകളും പുറംലോകത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് തങ്ങളുടെ മണ്ണില്‍ നടക്കുന്നതെന്നും സന്ന പറഞ്ഞു. ഇതുവരെ പുറത്തുവിടാത്ത സന്ന ഇര്‍ശാദ് പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഫെസ്റ്റിവലില്‍ നടന്നിരുന്നു.
വിയോജിപ്പുകള്‍ ഉയര്‍ന്ന സംവാദങ്ങള്‍
സംവാദങ്ങളുടെയും സാംസ്‌കാരികോത്സവങ്ങളുടെയും മുഖ്യധാരാ വേദികളില്‍നിന്നും അകറ്റപ്പെടുന്ന, എന്നാല്‍ വിജ്ഞാന രാഷ്ട്രീയത്തിന്റെയും സാമൂഹിക നീതിയുടെയും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം അതിഥികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായത്. നാലു വേദികളിലായി 30 സെഷനുകളില്‍ ആയിരത്തിലധികം പ്രതിനിധികള്‍ വിയോജിപ്പുകള്‍ പ്രകടമാക്കി പുതിയ ഇന്ത്യക്കായി ആശയങ്ങള്‍ പങ്കുവെച്ചു. 'വേദങ്ങളില്‍ ഐതിഹ്യങ്ങളായി അവതരിപ്പിക്കപ്പെട്ടവ മുഴുവന്‍ ചരിത്ര യാഥാര്‍ഥ്യങ്ങളല്ല. ഇവയെ മുഴുവന്‍ യാഥാര്‍ഥ്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ദേശീയ ചരിത്രകാരന്മാര്‍ നടത്തുന്നത്. ഇവയെ പൊളിച്ചെഴുതാന്‍ സാധിക്കണം' - പ്രമുഖ ചരിത്രകാരന്‍ ബാങ്ക്യ ഭൂക്യ പറഞ്ഞു. സിനിമ പോലെ പ്രചാരമുള്ള മാധ്യമങ്ങള്‍ ബ്രാഹ്മണിക്കല്‍ വ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടുകവഴി സാധാരണക്കാരുടെ ചിന്തയിലെ ദേശീയത, സവര്‍ണ ദേശീയതയായി നിറം മാറുന്നുവെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ആധുനികതയില്‍നിന്നാണ് ചരിത്രം നിര്‍മിക്കപ്പെടുന്നത്. ദേശീയതയെ ഉല്‍പാദിപ്പിച്ച ആധുനികത തന്നെയാണ് ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് തെറ്റിക്കുന്നത് എന്ന് ചെന്നൈ ന്യൂ കോളേജ് അസി. പ്രഫ. ഇ.എസ് അസ്‌ലം അഭിപ്രായപ്പെട്ടു. അക്കാദമീഷ്യര്‍, എഴുത്തുകാര്‍, സമുദായ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, കലാ-സാഹിത്യ-സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലെ ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പലരീതിയില്‍ ഫെസ്റ്റിവലില്‍ പങ്കാളിത്തം വഹിച്ചു.
'ഹാല്‍'
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ക്രിയാത്മക ആവിഷ്‌കാരമായി മാറി 'ഹാല്‍' എന്നപേരില്‍ ഒരുക്കിയ എക്‌സിബിഷന്‍. ആവിഷ്‌കാരത്തിന്റെ വ്യത്യസ്തത കൊണ്ട് വേറിട്ട കാഴ്ചയാണ് 'ഹാല്‍' കാണികളുടെ മുന്നില്‍ തുറന്നിട്ടത്. ഫലസ്ത്വീന്‍ മുതല്‍ ലോകത്തെ വിവിധയിടങ്ങളില്‍ അരങ്ങേറുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ തുടങ്ങി ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും നീതി ലഭിക്കാതെ പോയ ബാബരി മസ്ജിദും എക്‌സിബിഷന്റെ ഭാഗമായി. മാധ്യമങ്ങള്‍ ഫ്രയിം ചെയ്‌തെടുത്ത മുസ്‌ലിം ജീവിതങ്ങള്‍, മുസ്‌ലിം സ്ത്രീയുടെ സ്വത്വ പ്രതിസന്ധികള്‍, പൗരത്വ പ്രതിസന്ധികള്‍ മൂലം പുറന്തള്ളപ്പെടാനിരിക്കുന്ന ജനതകള്‍ തുടങ്ങി ഇരകളാക്കപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്ന സ്റ്റാളുകളാണ് എക്‌സിബിഷന്റെ മുഖ്യ ആകര്‍ഷണമായത്. ഷിയാസ് പെരുമാതുറയായിരുന്നു എക്‌സിബിഷന്‍ ക്യൂറേറ്റര്‍. സുമീത് സാമോസ്, മുഅസ്സം ഭട്ട് എന്നിവര്‍ ഒരുക്കിയ റാപ്-ഹിപ്-ഹിപ് സംഗീത വിരുന്നും സോംഗ്സ് ഓഫ് സോള്‍ ആന്റ് സോയില്‍ മെഹ്ഫിലെ സമായും സംഗീതാവിഷ്‌കാരങ്ങളിലെ പ്രാദേശിക വൈവിധ്യങ്ങള്‍ നിറഞ്ഞ നാഗൂര്‍ ബാവാസ്, സോളി പാട്ട് തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി.
Comments