കടന്നുവന്നത് പ്രതിസന്ധികളുടെ വഴികള്‍
സി.കെ അബ്ദുല്‍ അസീസിന്റെ 'ദേശരാഷ്ട്ര സങ്കല്‍പങ്ങളും കരിനിയമങ്ങളും' (ലക്കം 3132) വായിച്ചപ്പോള്‍ ഓര്‍മവന്ന ചില ഭൂതകാല സ്മരണകളാണിത്. ആയിരം കൊല്ലത്തോളം ഇന്ത്യാ രാജ്യം ഭരിച്ച ചരിത്രമുണ്ട് മുസ്‌ലിംകള്‍ക്ക്. രാജ്യത്തിന്റെയും ജനങ്ങളുടെയും സര്‍വതോമുഖമായ വളര്‍ച്ചക്കും പ്രതാപത്തിനും ഈ ഭരണം നിദാനമായിട്ടുണ്ട്. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം കോണ്‍ഗ്രസ്സിന്റെ ഭാഗമാവുകയായിരുന്നു. അങ്ങനെയാണ് ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ശക്തിപ്പെടുത്തുന്നത്. അലി സഹോദരന്മാര്‍, മൗലാനാ ആസാദ്, ഇബ്‌റാഹീം റഹ്മത്തുല്ല തുടങ്ങിയ മഹാരഥന്മാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പടയാളികളായിരുന്നു. ഇന്ത്യയെ ഫെഡറല്‍ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രമാക്കാനാണ് കാബിനറ്റ് മിഷനും വൈസ്രോയി ആയിരുന്ന വേവല്‍ പ്രഭുവും ഉദ്ദേശിച്ചിരുന്നത്. എങ്കില്‍ കേന്ദ്രത്തില്‍ കുറഞ്ഞ അധികാരങ്ങളും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളുമാണ് ലഭിക്കുക. പക്ഷേ, മൗണ്ട് ബാറ്റന്‍ പ്രഭു പുതിയ വൈസ്രോയിയായി നിയമിക്കപ്പെട്ടു. മൗലാനാ ആസാദിനു പകരം പണ്ഡിറ്റ് നെഹ്‌റു കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി. നെഹ്‌റുവിനെ പ്രീണിപ്പിച്ചും മറ്റു ചില നേതാക്കളെ സ്വാധീനിച്ചും മൗണ്ട് ബാറ്റന്‍ പ്രഭു ഇന്ത്യയെ രണ്ടായി വിഭജിച്ചു. പാകിസ്താന്‍ നിലവില്‍ വന്നു. ഈ വസ്തുതകള്‍ 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്ന പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
അഭയാര്‍ഥികള്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കും ഒഴുകാന്‍ തുടങ്ങി. ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളുടെ പരമ്പര തന്നെ ഉണ്ടായി. അതിന് പരിഹാരം കാണാന്‍ ആള്‍ ഇന്ത്യാ മജ്‌ലിസെ മുശാവറയും ഏക സിവില്‍ കോഡ് ഭീഷണി മുഴങ്ങിയപ്പോള്‍ ആള്‍ ഇന്ത്യാ പേഴ്‌സണല്‍ ലോ ബോര്‍ഡും ബാബരി മസ്ജിദ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ രൂപപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയും ചെയ്തു.
ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം വിഭജനത്തിനു ശേഷം ജിന്നയും മുസ്‌ലിം ലീഗ് നേതാക്കളും ലീഗ് ആശയക്കാരും ഏതാനും പ്രമാണിമാരുമാണ് പാകിസ്താനിലേക്ക് പോയത്. കോണ്‍ഗ്രസ്സിലെയും മറ്റു പാര്‍ട്ടികളിലെയും മുസ്‌ലിം നേതാക്കള്‍ ഇന്ത്യയില്‍ തന്നെ നിലകൊള്ളുകയാണുണ്ടായത്. കേന്ദ്ര ഭരണത്തിലും സംസ്ഥാനങ്ങളിലെ ഭരണത്തിലും വിവിധ പാര്‍ട്ടികളില്‍ നേതൃസ്ഥാനങ്ങളിലും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുള്ളവരാണ് അവര്‍. അതുപോലെ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ മുതല്‍ ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ വരെ മുസ്‌ലിംകള്‍ ചെന്നെത്തിയിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചില്ല എന്നതാണ് സത്യം. ഇപ്പോള്‍ മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന സി.എ.എയും എന്‍.ആര്‍.സിയും വരെ എത്തി കാര്യങ്ങള്‍. ഇത് രാജ്യത്തിന് ആപത്താണെന്ന് ഇന്ത്യയിലുള്ള ബുദ്ധിജീവികളും രാഷ്ട്രീയക്കാരും അന്തര്‍ദേശീയ വ്യക്തിത്വങ്ങളും ഒരുപോലെ വ്യക്തമാക്കിക്കഴിഞ്ഞു. ഈ നിയമങ്ങള്‍ക്കെതിരായുള്ള സമരം ഇന്ത്യന്‍ ജനത ഏറ്റെടുത്തിരിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഉത്തമ സമുദായത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പ്രാപ്തരാവുകയാണ് നിലനില്‍പിന് കരണീയമായിട്ടുള്ളത്.
കള്ളപ്രചാരണങ്ങള്‍ക്ക് എതിരായ താക്കീത്
നിരപരാധികളുടെ പേരില്‍ കുറ്റം ചുമത്തി ജയിലിലടച്ചു പീഡിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ വ്യക്തികളെയും സംഘടനകളെയും കുറിച്ച് വ്യാജമായ അപവാദങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഖുര്‍ആന്‍ ബോധനം 1054 അല്‍അഹ്‌സാബ് സൂക്തം 58-ന്റെ വിശദീകരണം വളരെ പ്രസക്തമാണ്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിനും ഭദ്രതക്കും വേണ്ടിയാണ് അസത്യ പ്രചാരണം, പരദൂഷണം, ഏഷണി പോലുള്ള തിന്മകള്‍ ഇസ്‌ലാം നിഷിദ്ധമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂക്ഷ്മമായി പരിശോധിക്കാതെ ഫോര്‍വേഡും ലൈക്കും ചെയ്യുന്നവര്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. വിഭാഗീയതയും വര്‍ഗീയതയും സൃഷ്ടിച്ച് ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുന്നതിനു പകരം നന്മകള്‍ പ്രചരിപ്പിക്കാനും തിന്മകള്‍ തടയാനുമായിരിക്കണം സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത്. സമൂഹ മാധ്യമങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞ് വഞ്ചിതരാവാതെ അവയെ ഉപയോഗപ്പെടുത്തുന്നവരാണ് വിവേകശാലികള്‍.
കെ.ടി ഇബ്‌റാഹീം എടക്കഴിയൂര്‍
Comments