Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

യര്‍മൂക്കിലെ പാനപാത്രത്തിന് മറൈന്‍ ഡ്രൈവ് മഹാ സംഗമത്തോട് പറയാനുള്ളത്

ടി.ഇ.എം റാഫി വടുതല

ഹൗറാന്‍ പര്‍വതനിരകളില്‍നിന്ന് നിര്‍ഗളിച്ച് സിറിയക്കും ഫലസ്ത്വീന്നും ദാഹജലം പകര്‍ന്ന് പ്രശാന്ത സുന്ദരമായി ഒഴുകുന്ന നദിയാണ് യര്‍മൂക്. ഒപ്പം റോമന്‍ സാമ്രാജ്യത്തെ ചരിത്രത്തില്‍നിന്ന് കടപുഴക്കിയെറിഞ്ഞ ആദര്‍ശപോരാട്ടത്തിന്റെ ഐതിഹാസിക നാമം കൂടിയാണത്. ലോകചരിത്രത്തെ ഗതിമാറ്റി സഞ്ചരിപ്പിച്ച വിസ്മയാവഹമായ വഴിത്തിരിവ്. ആദര്‍ശ ഇസ്‌ലാമിക സമൂഹം റോമന്‍ സാമ്രാജ്യത്തെ അതിജയിക്കുമെന്ന പ്രവാചകന്റെ ദീര്‍ഘദര്‍ശനം അക്ഷരാര്‍ഥത്തില്‍ പുലര്‍ന്ന അസുലഭ മുഹൂര്‍ത്തം. പരാജിതരായി പിന്‍വാങ്ങുന്ന റോമന്‍ പട്ടാളം ഒരു ഭാഗത്ത്. വിജയാഹ്ലാദം കൊണ്ട് ദൈവപ്രകീര്‍ത്തനം ചൊല്ലുന്ന പ്രവാചകാനുയായികള്‍ മറുഭാഗത്ത്.
വാളുകള്‍ മൗനത്തിന്റെ ഉറകളില്‍ വിശ്രമിക്കുകയും രക്തസാക്ഷികള്‍ പഞ്ചവര്‍ണക്കിളികളെ പോലെ സ്വര്‍ഗത്തിലേക്ക് പാറിപ്പറക്കുകയും ചെയ്തിരിക്കെ ആദര്‍ശരക്തം കൊണ്ട് ചരിത്രമെഴുതിയ യര്‍മൂക് യുദ്ധക്കളത്തില്‍ നേരിയ ശബ്ദത്തില്‍ ഒരു തേങ്ങല്‍. ഹുദൈഫ ചെവി കൂര്‍പ്പിച്ചു; അതാ, ഹാരിസുബ്‌നു ഹിശാം. നിലക്കാനിരിക്കുന്ന ശ്വാസത്തിന്റെ നേര്‍ത്ത ശബ്ദം. ഒപ്പം ഒരിറ്റു വെള്ളത്തിനു വേണ്ടിയുള്ള നാവിന്റെ അവസാനത്തെ ഒരനക്കവും. ഹുദൈഫ തോല്‍പാത്രത്തില്‍ വെള്ളമെടുത്ത് ഹാരിസിന്റെ ചുണ്ടോടു ചേര്‍ത്തു വെച്ചു. ആര്‍ത്തിയോടെ കുടിക്കാനൊരുങ്ങവെ തൊട്ടപ്പുറത്തു നിന്നും വെള്ളത്തിനായി മറ്റൊരു തേങ്ങല്‍. വെള്ളത്തിനു വേണ്ടി തുറന്ന ഹാരിസിന്റെ ചുണ്ടുകള്‍ അടച്ചു. വെള്ളത്തിനപേക്ഷിച്ച സഹോദരനു പാനപാത്രം കൊടുക്കാന്‍ ആംഗ്യം കാണിച്ചു. ഹുദൈഫ ശബ്ദം കേട്ട സ്ഥലത്തേക്ക് പാഞ്ഞുചെന്നു. ഇക്‌രിമത്തുബ്‌നു അബീജഹലായിരുന്നു നിലക്കാത്ത സമരവീര്യവുമായി നിലക്കാനിരിക്കുന്ന ജീവനു മുന്നില്‍ വെള്ളത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയത്. ഹുദൈഫ ഇക്‌രിമയുടെ വരണ്ടുണങ്ങിയ ചുണ്ടില്‍ പാനപാത്രം ചേര്‍ത്തുവെക്കാനൊരുങ്ങവെ തൊട്ടപ്പുറത്തുനിന്നതാ മറ്റൊരു വിലാപം. നാവ് നനക്കാനായി കൊതിച്ച ഇക്‌രിമ പാനപാത്രം മറ്റേയാള്‍ക്കായി പകര്‍ന്നുകൊടുക്കാന്‍ സൂചന നല്‍കി. അയ്യാശുബ്‌നു അബീറബീഅ ആയിരുന്നു അത്. ഹുദൈഫ പ്രതീക്ഷ നിറഞ്ഞ മനസ്സുമായി അയ്യാശുബ്‌നു അബീ റബീഅയുടെ അടുത്തു എത്തുമ്പോഴേക്കും അയ്യാശ് വെള്ളം കുടിക്കാതെ ഇഹലോകവാസം വെടിഞ്ഞു. ഹുദൈഫ, ആദ്യം വെള്ളം ആവശ്യപ്പെട്ട ഹാരിസിന്റെ അടുത്തേക്ക് അതിവേഗം ഓടിയെത്തി. ചേതനയറ്റ ശരീരമാണ് അദ്ദേഹത്തിന് അവിടെ കാണാന്‍ കഴിഞ്ഞത്. ധൃതിയില്‍ ഇക്‌രിമയുടെ സമീപത്തേക്ക് പോയെങ്കിലും അദ്ദേഹവും ഇഹലോകവാസം വെടിഞ്ഞിരുന്നു. അങ്ങനെ സത്യവിശ്വാസികളായ മൂന്ന് സഹോദരന്മാരും ഒരിറ്റു വെള്ളം പോലും കുടിക്കാതെ ഇഹലോകത്തോട് വിടപറഞ്ഞു.
ഭൗതികമായ കണക്കുകൂട്ടലില്‍ ഇത് മഹാ നഷ്ടം തന്നെ. പാനപാത്രം നിറഞ്ഞു തുളുമ്പിക്കൊണ്ടിരിക്കെ എല്ലാവരും ദാഹാര്‍ഥരായിരിക്കെ ആരുമാരും വെള്ളം കുടിക്കാതെ മരിച്ചുപോകുന്നു. ഒരാളെങ്കിലും കുടിച്ചിരുന്നെങ്കില്‍ എന്ന് സുമനസ്സുകള്‍ ചിന്തിച്ചു. പക്ഷേ ആദര്‍ശം വിളക്കിച്ചേര്‍ത്ത സാഹോദര്യത്തിന്റെ ഹൃദയതാളത്തില്‍ ഭൗതിക മാനങ്ങളൊക്കെയും നിഷ്പ്രഭമാകുന്നു.
ഗോത്രങ്ങളും ഉപഗോത്രങ്ങളും കുടുംബങ്ങളുമായി പിരിഞ്ഞ് കലാപത്തിന്റെ യുദ്ധക്കടലുകള്‍ നീന്തിക്കയറിയ ഒരു സമൂഹത്തെ വിശുദ്ധ ദര്‍ശനത്തിന്റെ മഹിമയുള്ള പാശത്താല്‍ കോര്‍ത്തിണക്കിയ വിശ്വസാഹോദര്യത്തിന്റെ ഒളിമങ്ങാത്ത പാഠമാണ് യര്‍മൂക്കിലെ കോപ്പയില്‍ അവര്‍ അവശേഷിപ്പിച്ചത്. കടലോളം വെള്ളം കിട്ടിയാലും കുടിച്ചു മതിവരാത്ത മരണനൊമ്പരത്തിന്റെ വേളയില്‍ പോലും ചുണ്ടോടു ചേര്‍ത്തുവെച്ച പാനപാത്രം സഹോദരന്റെ ചുണ്ടിലേക്ക് ചേര്‍ത്തുവെക്കാന്‍ പ്രചോദിപ്പിക്കുന്ന ഹൃദയവികാരം വിസ്മയാവഹം. ഛിദ്രതയുടെ നരകക്കുണ്ടില്‍നിന്ന് സുരക്ഷിതനായി, സാഹോദര്യത്തിന്റെ സ്വര്‍ഗവാതിലില്‍ യര്‍മൂക്കിലെ കോപ്പ ദൈവാനുഗ്രഹത്താല്‍ ഇന്നും നിറഞ്ഞു തുളുമ്പുന്നു.
''നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരാകാന്‍'' (ആലുഇംറാന്‍ 103).
കാലം കൗതുകത്തോടെ കാത്തുപോന്ന ഇസ്‌ലാമിക സാഹോദര്യത്തെ നശിപ്പിക്കാന്‍ അസൂയ മൂത്ത ശത്രുക്കള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്. പ്രവാചക കാലഘട്ടത്തില്‍ തന്നെയും മുസ്‌ലിം സമൂഹം നിഗൂഢ നീക്കങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമിനോടുള്ള ശത്രുത ജീവിത പ്രമാണമായി കൊണ്ടുനടന്ന  ജൂതപ്രമാണിയായിരുന്നു ശാസുബ്‌നു ഖൈസ്. മദീനയിലെ മുന്തിരിത്തോട്ടത്തില്‍ സൗഹൃദവും സന്തോഷവും പങ്കുവെച്ച് പ്രവാചക അനുചരന്മാര്‍ ഇരിക്കുന്നു. ശാസുബ്‌നു ഖൈസ് അവിചാരിതമായി അതിന് സമീപത്തുകൂടി കടന്നുപോകാനിടയായി. പ്രവാചക നിയോഗത്തിനു മുമ്പ് മക്കയിലെ ധാരാളം ഗോത്രങ്ങളിലും മദീനയിലെ ഔസ്-ഖസ്‌റജ് ഗോത്രങ്ങളിലുമായി വേര്‍പിരിഞ്ഞുനിന്ന യുവാക്കളായിരുന്നു അവര്‍. പോയകാലത്തെ പകയുടെ പുകമറകള്‍ക്കപ്പുറം സ്‌നേഹത്തിന്റെ തൂമന്ദഹാസം നിറഞ്ഞ സംഭാഷണങ്ങള്‍ കണ്ട് ശാസിന്റെ മനസ്സില്‍ വിദ്വേഷത്തിന്റെ കനലെരിഞ്ഞു. ശാസ് കൂടെയുണ്ടായിരുന്ന യുവാവിനോട് ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മിലുണ്ടായ ബുആസ് യുദ്ധക്കഥകള്‍ അനുസ്മരിക്കുന്ന കവിതാലാപനം നടത്താന്‍ നിര്‍ദേശം നല്‍കി. വാള്‍ത്തലകള്‍ രക്തമൂറ്റി കുടിച്ച ബുആസ് യുദ്ധത്തിന്റെ വിഷലിപ്തമായ അസ്ത്രങ്ങള്‍ അവരുടെ രക്തധമനികളെ ത്രസിപ്പിച്ചു. പഴയ വൈരം തലപൊക്കി. വാഗ്വാദമായി, പോര്‍വിളികളായി. മുന്തിരിത്തോപ്പിന്റെ ഇളം തെന്നലില്‍ ഹര്‍ഷപുളകിതരായിരുന്നവര്‍ പെട്ടെന്നു തന്നെ രണോത്സുകരായി. വിവരമറിഞ്ഞ പ്രവാചകന്‍ മുഹാജിറുകളെയും കൂട്ടി സംഭവസ്ഥലത്തെത്തി. തിരുമേനി ഇപ്രകാരം ചോദിച്ചു: 'അല്ലയോ ഇസ്‌ലാമിക സമൂഹമേ, ഞാന്‍ നിങ്ങളില്‍ ഒരുവനായി ജീവിച്ചുകൊണ്ടിരിക്കെ നിങ്ങള്‍ വളരെ വേഗം തന്നെ ജാഹിലിയ്യത്തില്‍ ആപതിക്കുകയാണോ?  ഇസ്‌ലാം നിങ്ങള്‍ക്ക് ആദരം നല്‍കി. ജാഹിലിയ്യത്തിനെ ഗളഛേദം ചെയ്തു. സുവര്‍ണ നൂലിലെ മുത്തുമണികള്‍ പോലെ സഹോദരന്മാരായി. എന്നിട്ടും നിങ്ങള്‍ സത്യനിഷേധത്തിലേക്ക് മടങ്ങിപ്പോവുകയാണോ?' പ്രവാചകന്‍ ദിവ്യബോധനത്തിന്റെ വിശുദ്ധ വചനം മൊഴിഞ്ഞു:
''നിങ്ങളെ ദൈവവചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കെ നിങ്ങളെങ്ങനെ നിഷേധികളാകും? നിങ്ങള്‍ക്കിടയില്‍ ദൈവദൂതനുണ്ടു താനും. ആര്‍ അല്ലാഹുവെ മുറുകെ പിടിക്കുന്നുവോ അവന്‍ ഉറപ്പായും നേര്‍വഴിയില്‍ നയിക്കപ്പെടും'' (ആലുഇംറാന്‍ 101).
ഖുര്‍ആന്‍ അവരുടെ ഹൃദയത്തെ പിടിച്ചുകുലുക്കി. അക്രമിക്കാന്‍ ആയുധമെടുത്ത കരങ്ങള്‍ ഹസ്തദാനം നല്‍കി. കീഴ്‌പ്പെടുത്താന്‍ മല്‍പ്പിടിത്തം നടത്തിയവര്‍ വീണ്ടും ആലിംഗനബദ്ധരായി. മദീനയുടെ മാനത്ത് മൂടിയ കലാപത്തിന്റെ കറുത്ത കാര്‍മുകിലുകള്‍ക്കുള്ളില്‍നിന്ന് സ്‌നേഹസാഹോദര്യത്തിന്റെ പേമാരി വീണ്ടും പെയ്തിറങ്ങി.
2020 ജനുവരി 1. കേരളീയ മുസ്‌ലിം സമൂഹം ഉറ്റുനോക്കിയിരുന്നത് എറണാകുളം മറൈന്‍ ഡ്രൈവിലേക്കായിരുന്നു. ചരിത്രപരമായ പല മത-രാഷ്ട്രീയ-സാമൂഹിക -സാംസ്‌കാരിക സംഗമങ്ങള്‍ക്കും മറൈന്‍ ഡ്രൈവ് സാക്ഷിയായിട്ടുണ്ട്. പക്ഷേ പശ്ചിമഘട്ടത്തില്‍ തടകെട്ടി നിര്‍ത്തിയ അണക്കെട്ട് തുറന്നു വിട്ടപോലെ ജനലക്ഷങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്കും അവിടെനിന്ന് മറൈന്‍ ഡ്രൈവിലേക്കും പ്രവാഹമായി ഒഴുകി. കൈവഴികളായി ഒഴുകിയെത്തി അറബിക്കടലില്‍ പതിക്കുന്ന കൊച്ചി കായല്‍ വിസ്മയം കൊണ്ടു. ജനപ്രവാഹത്തില്‍ ശ്വാസം മുട്ടിനിന്ന മറൈന്‍ ഡ്രൈവിന്റെ പാര്‍ശ്വപാതയോരങ്ങളും നിറഞ്ഞുകവിഞ്ഞു. സൂര്യന്‍ അറബിക്കടലിന്റെ തിരമാലകള്‍ക്കിടയിലൂടെ അസ്തമയത്തിലേക്ക് നീങ്ങി. വിശാലമായ സമ്മേളനവേദിയില്‍ മുസ്‌ലിം കേരളം പ്രാര്‍ഥനയോടെ കാണാന്‍ കാത്തിരുന്ന സംഘടനാ നേതാക്കള്‍. ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപു
രം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം.ഐ അബ്ദുല്‍ അസീസ്, ടി.പി അബ്ദുല്ലക്കോയ മദനി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി... തുടങ്ങി അസ്തമയശോഭയെ വെല്ലുന്ന പണ്ഡിത നക്ഷത്രങ്ങള്‍. മറൈന്‍ ഡ്രൈവിന്റെ പ്രദോഷം ഐക്യത്തിന്റെ സുപ്രഭാത കിരണങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. മാനത്തെ പൗര്‍ണമി ഭൂമിയിലെ നേതൃതാരങ്ങളെ നോക്കി പുഞ്ചിരിച്ചു.
ജനസാഗരത്തെ സാക്ഷിയാക്കി നേതാക്കള്‍ പ്രഭാഷണം ആരംഭിച്ചു. ടി.എച്ച് മുസ്ത്വഫയുടെ സ്വാഗതം. ഹൈദറലി ശിഹാബ് തങ്ങളുടെ അധ്യക്ഷ ഭാഷണം. എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഉദ്ഘാടന പ്രഭാഷണം. ടി.പി അബ്ദുല്ലക്കോയ മദനി ഉള്‍പ്പെടുന്ന വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുടെ ആശംസാ പ്രഭാഷണങ്ങള്‍. നേതാക്കളുടെ ഓരോ പ്രഭാഷണങ്ങള്‍ക്കും ജനസാഗരം സംഘടനാഭേദമില്ലാതെ കൈയടിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ പ്രശാന്തസുന്ദര ഗാംഭീര്യ ഭാഷണം ഫാഷിസത്തെ നിരൂപണം ചെയ്ത് നയാഗ്ര പോലെ പെയ്തു. 'ഇവിടെ സമരപ്രഖ്യാപനമാണ് നടന്നിട്ടുള്ളത്. ഈ വേദി തന്നെയും അതിനു സാക്ഷിയാണ്. ഒന്നുകൂടി ഞാന്‍ പറയട്ടെ, ഞങ്ങളെ നിങ്ങള്‍ ഒരുമിച്ചിരുത്തിയതിന് ഒരായിരം നന്ദി.' സംഘടനാവ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങള്‍ ഹൃദയം തുറന്നു കൈയടിച്ചു. 1987-ലെ ശരീഅത്ത് വിവാദ കാലഘട്ടത്തിനു ശേഷം കേരള മുസ്‌ലിംകള്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന നിമിഷം. നോമ്പിന്റെ നിലാവ് കണ്ടപ്പോഴും ഇഫ്ത്വാറിന് ബാങ്കു കൊടുത്തപ്പോഴും പെരുന്നാളിന്റെ പൊന്നമ്പിളി ദര്‍ശിച്ചപ്പോഴും ഒന്നിച്ചൊരുമിക്കാതിരുന്ന സമുദായം പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരപാതയില്‍ ഒരുമിച്ചതില്‍ കേരള മനസ്സ് സംഘടനാഭേദം മറന്നു സന്തോഷിച്ചിട്ടുണ്ട്. ചരിത്രപരമായ ഈ പ്രതിസന്ധി ഘട്ടത്തിലും ഒരുമിച്ചില്ലെങ്കില്‍ ഒരുമിച്ചുപോകേണ്ടിവരുമെന്ന തിരിച്ചറിവില്‍നിന്ന് ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞ ചരിത്രനിമിഷത്തെ ഒരു നാഴികക്കല്ലായി കേരളം ചാരിതാര്‍ഥ്യത്തോടെ രേഖപ്പെടുത്തും. മുസ്‌ലിം സമുദായത്തിന്റെ മതപ്രഭാഷണ പരമ്പരകളില്‍ ഹരം കൊള്ളിക്കുന്ന ചരിത്രചേരുവക്കപ്പുറം യര്‍മൂക്കിലെ ചരിത്രഭൂമിയില്‍ മരണം മുഖാമുഖം കണ്ട ഘട്ടത്തിലും സഹോദരന്റെ ചുണ്ടിലേക്ക് ദാഹജലം പകര്‍ന്ന യര്‍മൂക്കിലെ കോപ്പ ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും പ്രചാദനമായിത്തീരണം.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ യര്‍മൂക് കോപ്പക്കരികില്‍ ശാസുബ്‌നു ഖൈസുമാര്‍ പഴയ ബുആസ് കാവ്യങ്ങളുമായി പതിയിരിക്കും. മുസ്‌ലിം കൈരളിയെ പുളകം കൊള്ളിച്ച ഈ ഐക്യ മഹാസംഗമത്തെ അവര്‍ ശിഥിലമാക്കും. കൊട്ടപ്പുറം സംവാദം അടക്കമുള്ള വാദപ്രതിവാദങ്ങള്‍ അനുസ്മരിപ്പിക്കാന്‍ സമുദായത്തിനകത്തു തന്നെയും ഒറ്റുകാരായ കൂലി പ്രഭാഷകരുണ്ടാകും. ഇഴയടുപ്പത്തോടെ ഒരുമിച്ചിരുന്ന പലരെയും തീവ്രവാദ മുദ്ര ചാര്‍ത്തി അകറ്റുമ്പോഴും കുറുക്കന്റെ കൗശലത്തോടെ ചിലരെ മാത്രം ചേര്‍ത്തു നിര്‍ത്തി തല്‍പര കക്ഷികള്‍ മഹാ സംഗമം നടത്തുമ്പോഴും ജൂദാസ് യേശുവിനു നല്‍കിയത് അന്ത്യ ചുംബനമായിരുന്നു എന്നത് ഓര്‍മയുണ്ടാകണം. മതപാഠശാലകളില്‍ പഠിപ്പിക്കപ്പെടുന്ന സ്‌പെയിന്‍ ചരിത്രം ഒരു അക്കാദമിക് സിലബസിനപ്പുറം മുസ്‌ലിം സമുദായത്തിന് ചരിത്രപാഠമായി പുനര്‍വായന നടത്തണം. മുസ്‌ലിം കേരളം ഹൃദയം കൊണ്ട് സ്വീകരിച്ച മഹാ സംഗമത്തിന്റെ ഐക്യ സന്ദേശം ബഹുമാന്യരായ നേതാക്കളും വിനയാന്വിതരായ അനുയായികളും അണയാതെ സൂക്ഷിക്കണം. മറൈന്‍ ഡ്രൈവിലെ പ്രദോഷത്തിലുദിച്ച സാഹോദര്യത്തിന്റെ പൗര്‍ണമി ശോഭ താഴെ തലങ്ങളിലേക്കും പ്രാദേശിക മഹല്ലുകളിലേക്കും വ്യാപിപ്പിക്കാനുള്ള ഗൗരവപ്പെട്ട ആലോചനകള്‍ മുഴുവന്‍ നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടായാല്‍ മുസ്‌ലിം സമൂഹം അത് പതിന്മടങ്ങ് ഹര്‍ഷാരവത്തോടെ സ്വീകരിക്കും. യര്‍മൂക്കിലെ പാനപാത്രത്തിന് മറൈന്‍ ഡ്രൈവിലെ മഹാ സംഗമത്തോടും നേതാക്കളോടും പറയാനുള്ളതും സാഹോദര്യത്തിന്റെ ഐക്യസന്ദേശം മാത്രം.
''സത്യവിശ്വാസികളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കി ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ'' (അല്‍അന്‍ഫാല്‍ 63).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍