ആര്.എസ്.എസ് ദേശവിരുദ്ധതയുടെ തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍
സാമൂഹിക വളര്‍ച്ചക്കും സാമ്പത്തിക ശാക്തീകരണത്തിനും തടസ്സം നിന്ന് ഇന്ത്യയുടെ പുരോഗതിയെ പ്രതിസന്ധിയിലാക്കിയ ദേശവിരുദ്ധതയുടെ ആള്‍ക്കൂട്ടമാണ് സംഘ പരിവാര്‍. 1925-ല്‍ ആര്‍.എസ്.എസ് രൂപം കൊണ്ടതുമുതലുള്ള തൊണ്ണൂറ്റിയഞ്ചു വര്‍ഷങ്ങള്‍ പരിശോധിക്കുക; ഇന്ത്യാ മഹാരാജ്യത്തിന്റെ വികസന മുന്നേറ്റത്തില്‍ ക്രിയാത്മമായ എന്ത് സംഭാവനയാണ് അവര്‍ നല്‍കിയത്? പറയത്തക്ക പ്രയോജനങ്ങള്‍ ഒന്നുമുണ്ടായില്ലെന്ന് മാത്രമല്ല, രാജ്യത്തെ പ്രതിസന്ധിയിലാക്കിയ പലതും ചെയ്തു കൂട്ടിയിട്ടുമുണ്ട്.
അവിഭക്ത ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങള്‍, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഉള്‍പ്പെടെ സ്വാതന്ത്ര്യ സമരത്തിന് എതിരായ നിലപാടുകള്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്തുണക്കുന്ന സമീപനങ്ങള്‍, ദ്വിരാഷ്ട്ര വാദവും ദുരന്തപൂര്‍ണമായ വിഭജനവും, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വധത്തിലെ പങ്കാളിത്തം, ദേശീയ പതാകക്കും മറ്റുമെതിരായ നിലപാട് തുടങ്ങി, സ്വാതന്ത്ര്യത്തിന്റെ മുമ്പും തൊട്ടുടനെയുമുള്ള ഘട്ടങ്ങളില്‍ നടത്തിയ തികച്ചും പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത്. രാജ്യം ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിലേക്ക് ഉണരാന്‍ കഠിന ശ്രമങ്ങള്‍ നടത്തുമ്പോള്‍, രാഷ്ട്രഗാത്രത്തില്‍ വര്‍ഗീയതയുടെയും ഒറ്റുകൊടുക്കലിന്റെയും കരിമ്പടം വലിച്ചിടുകയായിരുന്നു സംഘപരിവാര്‍. പിന്നീട്, സാമുദായിക ധ്രുവീകരണം, വര്‍ഗീയ കലാപങ്ങള്‍, ബോംബ് സ്‌ഫോടനങ്ങള്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെ അരുംകൊലകള്‍... തുടങ്ങിയവയിലൂടെ സാമൂഹിക രംഗത്ത് സൃഷ്ടിച്ച ദുരന്തങ്ങള്‍, അന്തര്‍ദേശീയ രംഗത്ത് രാജ്യത്തിന്റെ യശസ്സിനുണ്ടായ ഇടിവ് മുതലായവ മറുഭാഗത്ത്. അണ്ടിമുക്ക് ശാഖകളില്‍ അടവെച്ച് വിരിയിച്ചെടുത്തവരെ അധികാരത്തിലേറ്റിയതുവഴി രാജ്യത്തിന്റെ കാര്‍ഷിക, വ്യവസായ, തൊഴില്‍ മേഖലകളിലുള്‍പ്പെടെ ഉണ്ടായിട്ടുള്ള വന്‍വീഴ്ചകളും സാമ്പത്തിക തകര്‍ച്ചകളും മൂന്നാമതൊരു വശത്ത്. ജസ്റ്റിസ് ലോയ മുതല്‍ സഞ്ജീവ് ഭട്ട് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവിലെയും ജുഡീഷ്യറിയിലെയും മറ്റും പ്രമുഖര്‍ക്ക് നേരിടേണ്ടി വന്ന ജീവഹാനിയും പീഡനങ്ങളും വേറെ. എല്ലാറ്റിനും മുകളില്‍ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയും അര്‍ധ പ്രാണനായി നില്‍ക്കുന്ന വര്‍ത്തമാനകാല ദുരന്തം. ഇവയിലെല്ലാം സംഘപരിവാറിന്റെ സംഭാവനകള്‍ മഹത്തരമാണ്!
വര്‍ഗീയ കലാപങ്ങളും സാമൂഹിക-സാമ്പത്തിക തകര്‍ച്ചയും
ഇന്ത്യയെ എല്ലാ രംഗങ്ങളിലും അസ്ഥിരപ്പെടുത്തുകയാണ് വംശവെറിയുടെ പ്രചാരണവും കലാപങ്ങളും വഴി സംഘപരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ അസ്ഥിരത സാമ്പത്തിക മേഖലയെ കടുത്ത രീതിയില്‍ ബാധിക്കുകയും ജി.ഡി.പി തകര്‍ച്ച, തൊഴിലില്ലായ്മ, വ്യാപാരമാന്ദ്യം തുടങ്ങിയവക്ക് കാരണമാവുകയും ചെയ്യുന്നു. അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തില്‍, നിക്ഷേപകര്‍ പിന്‍വാങ്ങുകയും വാണിജ്യ മേഖല സ്തംഭിക്കുകയും ചെയ്യുക സ്വാഭാവികം. സുരക്ഷിതത്വമില്ലാതാകുമ്പോഴുള്ള ഭയം ഉല്‍പാദനത്തെയും നിര്‍മാണം മുതല്‍ ചെറുകിട വ്യാപാരങ്ങളെയും വരെ സാരമായി ബാധിക്കുന്നു. വലിയ തോതിലുള്ള സാമ്പത്തിക തകര്‍ച്ചയാണ് ഇതിന്റെ അനിവാര്യമായ ദുരന്തം. ബി.ജെ.പി തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം ഇത്രമാത്രം കൂപ്പുകുത്തിയതിന്റെ കാരണങ്ങളിലൊന്ന് സംഘപരിവാറിന്റെ വംശവെറി കാരണമുണ്ടായ ഈ സാമൂഹിക അസ്ഥിരത തന്നെയാണ്, പിന്നെ കഴിവുകേടും. അപ്പോള്‍, വര്‍ഗീയ ഫാഷിസം ഇരകളുടെ സമുദായത്തെ മാത്രമല്ല ബാധിക്കുക, പലതലങ്ങളിലായി അത് എല്ലാവരെയും സാരമായിത്തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വെറുപ്പും ശത്രുതയും അടിയാധാരമായ ഒരു ആള്‍ക്കൂട്ടം അധികാരത്തിലിരിക്കുമ്പോള്‍, തങ്ങളുടെ വര്‍ഗീയ അജണ്ട നന്നായി നടപ്പിലാക്കുന്നവരെയും അതിന് കൂട്ടുനില്‍ക്കുന്നവരെയുമായിരിക്കും അവര്‍ മന്ത്രിസഭയിലും ബ്യൂറോക്രസിയിലും ഭരണ ചുമതലയേല്‍പ്പിക്കുക. ഭരണനിര്‍വഹണത്തിലെ കഴിവും യോഗ്യതയും അവിടെ ഒട്ടും പരിഗണിക്കപ്പെടുകയേ ഇല്ല. വംശീയ ഭ്രാന്തുള്ളവനാണെങ്കില്‍, ഏതു ദുര്‍ബലനെയും അവര്‍ മന്ത്രിയുടെ കോട്ടണിയിക്കും, ഉന്നതോദ്യോഗസ്ഥന്റെ യൂനിഫോം ധരിപ്പിക്കും. നരേന്ദ്ര മോദിയും അമിത് ഷായും നിര്‍മലാ സീതാരാമനും സ്മൃതി ഇറാനിയും മറ്റും കേന്ദ്ര മന്ത്രിമാരായി വരുന്നതിന്റെ മാനദണ്ഡം ഈ വംശീയത മാത്രമാണ്. കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് താന്താങ്ങളുടെ വകുപ്പ് കൈകാര്യം ചെയ്യാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് പരിശോധിച്ചു നോക്കൂ. ലോകപ്രശസ്ത ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ സന്തതിയായ ഡോ. മന്‍മോഹന്‍ സിംഗ് ഇരുന്ന കസേരയില്‍ ബി.ജെ.പി മോദിയെ ഇരുത്തിയത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഗീയതയില്‍ ഡോക്ടറേറ്റ് എടുത്ത, ഭരണനിര്‍വഹണത്തില്‍ കഴിവും വിവരവും കെട്ട ഒരു ആള്‍ക്കൂട്ടം രാജ്യത്തിന് നല്‍കുന്ന സാമ്പത്തിക, സാമൂഹിക തകര്‍ച്ച എന്താണെന്നറിയാന്‍ സമകാലിക ഇന്ത്യ തന്നെയാണ് മികച്ച റഫറന്‍സ്.
സാമുദായിക സംഘര്‍ഷങ്ങളാല്‍ കലുഷിതമായ സാമൂഹിക അന്തരീക്ഷം സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ഇന്ത്യയിലെ കലാപങ്ങളെ മുന്‍നിര്‍ത്തിത്തന്നെ നടന്നിട്ടുണ്ട്. അഞ്ചലി തോമസ് ബോള്‍ക്കനും ഏണസ്റ്റ് ജോണ്‍ സെന്റിയും ചേര്‍ന്ന് നടത്തിയ, 'സാമ്പത്തിക വളര്‍ച്ചയും വംശീയ സംഘര്‍ഷങ്ങളും: ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം കലാപങ്ങളെക്കുറിച്ച അനുഭവാന്വേഷണം' എന്ന പഠനം ഉദാഹരണം. കലാപങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു (പേജ് - 2). സാമ്പത്തിക വളര്‍ച്ച സാമുദായിക ലഹളകള്‍ കുറക്കുന്നുവെന്ന നിരീക്ഷണവും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ദാരിദ്ര്യം കലാപത്തിന് കാരണമാകുന്നുവെന്ന വായന നേരത്തേ നടന്നിട്ടുള്ളതാണെങ്കിലും, ഇന്ത്യയെ സംബന്ധിച്ചേടത്തോളം വംശീയത തന്നെയാണ് കലാപത്തിന് കാരണം. പക്ഷേ, ദരിദ്ര-തൊഴില്‍രഹിത യുവാക്കളെ കലാപത്തിന് ഉപയോഗിക്കാന്‍ വര്‍ഗീയ വാദികള്‍ക്ക് എളുപ്പമാണ്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ 200 രൂപ കൂലിക്ക് വരെ മോദിയുടെ റാലിയില്‍ പങ്കെടുപ്പിച്ചതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓട്ടോമൊബൈല്‍, വ്യോമയാനം, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സമീപകാലത്ത് ഉണ്ടായ ഇടിവ് പരിശോധിക്കുക. ആക്രമണോത്സുകമായ സംഘര്‍ഷങ്ങള്‍ കാരണം 2017-ല്‍ ഇന്ത്യയുടെ ജി.ഡി.പി ഒമ്പതു ശതമാനം കുറവ് വന്നതായി സാമ്പത്തിക കാര്യ ലേഖകന്‍ ദില്‍ഷെര്‍ ദില്ലണ്‍ സൂചിപ്പിക്കുകയുണ്ടായി(https://www.businessinsider.in/india-lost-around-9-of-its-gdp-last-year-due-to-violence-report/articleshow/64538595.cms). 2017-ല്‍ മാത്രം ഇന്ത്യയില്‍ 882 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നതായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നുണ്ട്. മോദി ഗവണ്‍മെന്റിനെ ഉന്നം വെച്ചു കൊണ്ട്, 'വേദാന്ത രാഷ്ട്രീയവും സാമൂഹിക അസ്വാസ്ഥ്യങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വലിച്ചിഴക്കുകയാണോ?' എന്ന ലേഖനത്തില്‍ ഡോ. മന്‍മോഹന്‍ സിംഗിനെ ഉദ്ധരിച്ചു കൊണ്ട് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ ആഴവും അതില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള അവിശ്വാസവും പങ്കുവെക്കുന്നുണ്ട് ഗള്‍ഫ് ന്യൂസിന്റെ യു.എ.ഇ എഡിറ്റര്‍ ബോബ്ബി നഖ്‌വി ( https://gulfnews.com/world/asia/india/are-vendetta-politics-and-social-anxiety-dragging-indian-economy-down-1.1567521969867).
ഭരണാധികാരികള്‍ കഴിവ് കുറഞ്ഞവരാണെങ്കിലും, അവര്‍ രാജ്യപുരോഗതിയില്‍ തല്‍പരരാണെങ്കില്‍, കഴിവുറ്റ നല്ല ഉദ്യോഗസ്ഥരുടെ പിന്തുണയോടെ അവര്‍ക്ക് ക്രിയാത്മകമായി പലതും ചെയ്യാനാകും. അത്തരം അനുഭവങ്ങള്‍ ഇന്ത്യയില്‍ തന്നെ ധാരാളം ഉണ്ടായിട്ടുണ്ട്. കഴിവ് കെട്ടവര്‍ എന്നതോടൊപ്പം, വര്‍ഗീയ അജണ്ടകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭരണകൂടം യഥാര്‍ഥത്തില്‍ രാജ്യത്തെ തകര്‍ത്തെറിയുകയാണ് ചെയ്യുക. ന്യൂനപക്ഷങ്ങളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കുക മാത്രമല്ല. തൊഴിലില്ലായ്മയുടെ പരിഹാരം, ആരോഗ്യ-വിദ്യാഭ്യാസ ശാക്തീകരണം, കാര്‍ഷിക മേഖലയുടെ വളര്‍ച്ച, സാമ്പത്തിക തകര്‍ച്ചയില്‍ നിന്നുള്ള രക്ഷ തുടങ്ങി അടിസ്ഥാന പ്രശ്‌നങ്ങളൊന്നും വംശവെറിയന്‍ ഭരണകൂടത്തിന് മുഖ്യവിഷയമാവുകയില്ല. രാജ്യം തകര്‍ന്നാലും വംശീയത ജയിക്കണം എന്നതായിരിക്കും അവരുടെ ലക്ഷ്യം. രണ്ടാം ഘട്ടത്തിലെ മോദി ഭരണം തന്നെ ഇതിന് തെളിവാണ്. സ്വയം കൃതാനര്‍ഥങ്ങള്‍ കാരണം കാര്‍ഷിക, സാമ്പത്തിക മേഖലകള്‍ തകര്‍ന്നു കിടക്കുമ്പോഴാണ് മോദി വീണ്ടും അധികാരത്തിലേറിയത്. രാജ്യത്തിന്റെ തകര്‍ന്നു പോയ നട്ടെല്ല് നേരെയാക്കുന്നതിലായിരുന്നില്ല, വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിലായിരുന്നു 2019 മേയില്‍ ഭരണമേറ്റതു മുതല്‍ മോദിയുടെ മുഖ്യശ്രദ്ധ. കശ്മീരിന്റെ 370-ാം വകുപ്പ് എടുത്ത് കളയല്‍, അസം പൗരത്വ രജിസ്റ്റര്‍, ബാബരി മസ്ജിദ് വിധി, സി.എ.എ തുടങ്ങി ഈ ഗവണ്‍മെന്റ് അധികാരമേറ്റ് അഞ്ച് മാസത്തിനകം കൈ വെച്ച പ്രധാന വിഷയങ്ങളെല്ലാം വര്‍ഗീയ സ്വഭാവമുള്ളതായിരുന്നു. ജനക്ഷേമത്തില്‍ ഊന്നിയ ഭരണകൂടത്തെയല്ല, വംശവെറി പൂണ്ട ഒരാള്‍ക്കൂട്ടത്തെയാണ് ഈ നടപടികള്‍ പ്രതിനിധീകരിക്കുന്നത്. ഇതിലൊന്നും രാജ്യത്തിന് യാതൊരു നേട്ടവുമുണ്ടായിട്ടില്ല, നഷ്ടം ഏറെയുണ്ട് താനും. പെട്രോളിയം മുതല്‍ നിത്യോപയോഗ വസ്തുക്കളുടെ വരെ വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ മാത്രമല്ലല്ലോ ബാധിക്കുന്നത്. ജനസംഖ്യയില്‍ ഭൂരിപക്ഷം ഏതു മതസമുദായക്കാരാണോ, അവര്‍ക്ക് തന്നെയാണ് ബി.ജെ.പി ഗവണ്‍മെന്റിന്റെ നയങ്ങള്‍ കൂടുതല്‍ ദോഷം ചെയ്യുക. ജുഡീഷ്യറിയെയും മീഡിയയെയും കീഴ്‌പ്പെടുത്തിവെച്ചത് കൊണ്ട്, ന്യൂനപക്ഷ വിരുദ്ധതയെ മാത്രമല്ല, വംശീയ ഭരണകൂടത്തിന്റെ പൊതുവായ ജനവിരുദ്ധതയെയും അവ പ്രശ്‌നവല്‍ക്കരിക്കുകയില്ല.
വംശഹത്യയുടെ ബാക്കിപത്രം
രാജ്യപുരോഗതിയുടെ മാപിനികളില്‍ പ്രധാനമായ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക മുന്നേറ്റവും പരസ്പരബന്ധിതമാണെന്ന കാര്യം അവിതര്‍ക്കിതമാണ്. പൗരന്മാരുടെ മാനസിക സ്വാസ്ഥ്യം വികസനത്തിന്റെ അടിയാധാരമാകുന്നു. ശാന്തവും സമാധാനപൂര്‍ണവുമായ സാമൂഹിക അന്തരീക്ഷവും സുരക്ഷിതത്വബോധവും നിലനില്‍ക്കുമ്പോള്‍ മാത്രമേ, വിദ്യാഭ്യാസപരവും സാംസ്‌കാരികവും സാമ്പത്തികവുമൊക്കെയായി രാജ്യം പുരോഗതി പ്രാപിക്കൂ. മെച്ചപ്പെട്ട വിദ്യാഭ്യാസവും സാമൂഹികാവസ്ഥയുമുണ്ടെങ്കിലേ ഏതു മേഖലയിലും മെച്ചപ്പെട്ട തൊഴിലുണ്ടാകൂ.
ഈ തൊഴില്‍ ലഭ്യത, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ആരോഗ്യം തുടങ്ങി എല്ലാറ്റിനെയും സ്വാധീനിക്കുന്നു. ഇതൊരു പരസ്പരബന്ധിത ചാക്രിക പ്രവര്‍ത്തനമാണ്.
എങ്കില്‍, വിഭജനാനന്തര ഇന്ത്യയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന രൂക്ഷമായ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് ചിന്തിക്കുക. ഭാഗല്‍പൂര്‍, മീറത്ത്, നെല്ലി, മുംബൈ തുടങ്ങിയവ കടന്ന്, 2002-ല്‍ ഗുജറാത്തും ഇപ്പോള്‍ മുസഫര്‍ നഗറും വരെയുള്ള നൂറുകണക്കിന് കലാപങ്ങള്‍. 1954-നും 1980-നും ഇടക്ക് മാത്രം ചെറുതും വലുതുമായ 6000-ലേറെ സംഘര്‍ഷങ്ങളും കലാപങ്ങളും ഇന്ത്യയില്‍ നടന്നിട്ടുണ്ട്. അപ്പോള്‍ 1947-2019 കാലത്ത് എത്ര വരും!
ഈ കലാപങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തിലെ വംശവെറിയും ജീവഹാനിയും സ്വത്ത് നശീകരണവും മാത്രമേ പൊതുവില്‍ വിശകലനം ചെയ്യപ്പെടാറുള്ളൂ, അതും ഇരകളായ സമുദായത്തിന്റേത് മാത്രം. എന്നാല്‍, ഈ കലാപങ്ങള്‍ രാജ്യത്തിന് ഏല്‍പ്പിച്ച ദീര്‍ഘകാല സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളും പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്. ഓരോ കലാപവും അതിന്റെ രൂക്ഷതയനുസരിച്ച്, ബാധിത മേഖലകളെ അഞ്ച് മുതല്‍ പത്ത് വര്‍ഷങ്ങള്‍ വരെ പിറകോട്ട് നയിക്കുന്നു. അപ്പോള്‍, നൂറ് കലാപങ്ങള്‍ രാജ്യത്തെ എത്ര വര്‍ഷങ്ങള്‍ പുറകോട്ട് നയിക്കും! ഒരു കുടുംബം വര്‍ഷങ്ങളെടുത്ത് ഉണ്ടാക്കിയെടുത്തതെല്ലാം ഏതാനും മണിക്കൂറുകള്‍ക്കകം നശിപ്പിക്കപ്പെടുന്നു. പിന്നീടവര്‍ തല്‍സ്ഥിതിയിലേക്ക് എത്തണമെങ്കില്‍ അതിലേറെ വര്‍ഷങ്ങള്‍ വേണ്ടിവരും, പലരും പൂര്‍വാവസ്ഥ പ്രാപിക്കുകയുമില്ല. വീടും തൊഴിലും മെച്ചപ്പെട്ട വിദ്യാഭ്യാസവും ഇല്ലാത്തവരായി മറ്റൊരു ജീവിതാവസ്ഥയിലേക്ക് അവര്‍ എടുത്തെറിയപ്പെടുന്നു. 1993 ജനുവരിയില്‍ ബോംബെയില്‍ നടന്ന മുസ്‌ലിം വംശഹത്യ, നഗരജീവിതത്തെ പൊതുവിലും, മുസ്‌ലിംകളുടെ തുടര്‍ ജീവിതത്തെ പ്രത്യേകിച്ചും വലിയ അളവില്‍ മാറ്റിമറിച്ചിട്ടുണ്ട്.
ഭവനരഹിതരുടെയും നിരക്ഷരരുടെയും തൊഴിലില്ലാത്തവരുടെയും എണ്ണപ്പെരുപ്പം രാജ്യത്തിന്റെ പിന്നാക്കാവസ്ഥയുടെ പ്രധാന അടയാളമാണ്. ഇവ മൂന്നിലും വര്‍ഗീയ കലാപങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടെന്ന് ബോധ്യപ്പെടാന്‍ നീണ്ട ഗവേഷണ പഠനങ്ങള്‍ വേണമെന്നില്ല, ബാധിത പ്രദേശങ്ങളിലൂടെ ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും യാത്ര ചെയ്ത് ഇരകളോട് സംസാരിച്ചാല്‍ മതി. ചേരികള്‍ രൂപപ്പെടുന്നതില്‍, നഗരവല്‍ക്കരണത്തോടൊപ്പം, വര്‍ഗീയ കലാപങ്ങള്‍ക്കും പങ്കുണ്ട്. ബിഹാര്‍, ഗുജറാത്ത്, ദല്‍ഹി, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ചേരിപ്രദേശങ്ങള്‍ വംശഹത്യയുടെ ബാക്കി പത്രങ്ങളാണ്. ഭാഗല്‍പൂര്‍ കലാപത്തെത്തുടര്‍ന്ന് ഓടിപ്പോരേണ്ടി വന്നവര്‍ക്ക് വേണ്ടി സംസ്ഥാന ഗവണ്‍മെന്റ് പറ്റ്‌നയില്‍ പണിത ഒരു കോളനി സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. തുടക്കത്തില്‍ മൂന്ന് നിലകളുള്ള ഒരു കെട്ടിടമായിരുന്നു അതെങ്കിലും, അടുത്ത തലമുറ വരുന്നതോടെ ആ കെട്ടിടത്തിനു ചുറ്റും കുടിലുകള്‍ കെട്ടി ചേരി രൂപപ്പെടുകയാണുണ്ടായത്. ഗുജറാത്ത് കലാപാനന്തരം ഇരകള്‍ പുനരധിവസിപ്പിക്കപ്പെട്ട അഹ്മദാബാദിലെ ഇത്തരം കെട്ടിടങ്ങളിലെ ജീവിതവും നേരിട്ടു കണ്ടതാണ്. ആദ്യഘട്ടത്തില്‍ തന്നെ അവ കോണ്‍ക്രീറ്റ് ചേരികളായിരുന്നു. പിന്നീട് തലമുറകളുണ്ടാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. കുറച്ച് മുസ്‌ലിംകളെ വഴിയാധാരമാക്കി, അരികുവല്‍ക്കരിച്ചതിന്റെ അര്‍മാദമാണ് സംഘപരിവാറിന് ഇത് നല്‍കുന്നതെങ്കിലും, രാജ്യത്തെ സംബന്ധിച്ചേടത്തോളം നാഗരിക, സാമ്പത്തിക വളര്‍ച്ചയെ വലിച്ച് താഴേക്കിടലാണിത്. 1947-ന് ശേഷം സംഘ പരിവാര്‍ കാരണം, ഇന്ത്യയില്‍ എത്ര കുടുംബങ്ങള്‍ ഭവനരഹിതരായി, എത്ര വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ന്നു, എത്ര ചേരികള്‍ രൂപപ്പെട്ടു, എത്ര സാമ്പത്തിക നഷ്ടമുണ്ടായി തുടങ്ങിയവയുടെ കണക്ക് പരിശോധിച്ചാല്‍, രാഷ്ട്രഗാത്രത്തില്‍ ഈ ആള്‍ക്കൂട്ടം സൃഷ്ടിച്ച പരിക്കിന്റെ ആഴം ബോധ്യപ്പെടും.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍
സംഘപരിവാറിന്റെ പാരമ്പര്യം രാജ്യസ്‌നേഹപരമോ, അതോ രാജ്യദ്രോഹപരമോ? രാജ്യസ്‌നേഹം മൊത്തമായി നെറ്റിയില്‍ ചാര്‍ത്തുകയും മറ്റുള്ളവരെ രാജ്യദ്രോഹികളാക്കി നെഞ്ചില്‍ തൃശൂലം ഇറക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ രാജ്യത്തോട് ചരിത്രപരമായിത്തന്നെ കൂറില്ലാത്തവരാണ്. ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമരത്തോട് പുറം തിരിഞ്ഞു നിന്നതും ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തതും സാമ്രാജ്യത്വ അജണ്ടയായ ഭിന്നിപ്പിച്ചു ഭരിക്കലിന് പ്രയോഗത്തില്‍ ഒത്താശ ചെയ്തതും ഇതിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്. സംഘപരിവാറിന്റെ ദേശവിരുദ്ധമായ ഈ ചരിത്രം ഉറക്കെ പറയേണ്ട സന്ദര്‍ഭമാണിത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന പ്രക്രിയയാണ്. 1857-ലാണ് അത് സംഘടിത രൂപം സ്വീകരിച്ച് ജനകീയമായി കത്തിപ്പടര്‍ന്നത്. ഹിന്ദുമഹാസഭയുടെ ചില നേതാക്കള്‍ ഒരു ഘട്ടത്തില്‍ ഒറ്റപ്പെട്ട രീതിയിലും കോണ്‍ഗ്രസ്സിന്റെ ഭാഗമായും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതൊഴിച്ചാല്‍, ഹിന്ദുമഹാസഭയോ, ആര്‍.എസ്.എസോ സ്വാതന്ത്ര്യ സമരത്തില്‍ ഔദ്യോഗികമായി ഒരു പങ്കും വഹിച്ചിട്ടില്ല. പങ്കെടുത്തുവെന്നതിന് എന്തെങ്കിലുമൊരു രേഖ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. എന്നല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. രണ്ട് മൂന്ന് പേര്‍ തല കാണിച്ച് പോയതു തന്നെ രാജ്യത്തിനു വേണ്ടിയായിരുന്നില്ല, സംഘത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നു.
1925-ല്‍ രൂപീകരിച്ചിട്ടും ആര്‍.എസ്.എസ് എന്തുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തില്ല? എം.എസ് ഗോള്‍വാള്‍ക്കര്‍ അതിന്റെ കാരണം വിശദീകരിക്കുന്നു: ''പൊതുവായ ശത്രുവിനെയും ഭൂപ്രദേശപരമായ ദേശീയതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ആണ് ഇന്ന് രാഷ്ട്രം സംബന്ധിച്ച നമ്മുടെ സങ്കല്‍പത്തിന് അടിത്തറയായിരിക്കുന്നത്. ഇത് ഹിന്ദുരാഷ്ട്രം എന്നതിന്റെ ക്രിയാത്മകതയും ആവേശകരമായ ഉള്ളടക്കവും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ വെറും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമാക്കിത്തീര്‍ത്തിരിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹവും ദേശീയതയുമായി സമീകരിച്ചിരിക്കുന്നു. ഈ പിന്തിരിപ്പന്‍ കാഴ്ചപ്പാടിന് മൊത്തം സ്വാതന്ത്ര്യസമരപോരാട്ടത്തിലും അതിന്റെ നേതാക്കളിലും സാധാരണ ജനങ്ങളിലും വരെ ദോഷകരമായ ഫലങ്ങള്‍ ഉളവാക്കി'' (ഗോള്‍വാള്‍ക്കര്‍, വിചാരധാര, പേജ് 138). എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സ്വാതന്ത്ര്യ സമരം ഹിന്ദു ദേശീയതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് അദ്ദേഹം കണ്ടത്.
1921-ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു കൊണ്ട് പ്രകോപനപരമായി പ്രസംഗിച്ച, അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഡോ. ഹെഡ്‌ഗേവാര്‍ ജയിലിലടക്കപ്പെട്ടു. ഒരു വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിക്കപ്പെട്ടതെങ്കിലും, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്ക് അദ്ദേഹം പതിനൊന്ന് കിലോ തൂക്കം കൂടിയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, യൂനിഫോം മാറ്റി തന്റെ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിച്ചെങ്കിലും അത് മുറുക്കം കൂടി, പാകമാകാത്ത അവസ്ഥയിലായിരുന്നു. ജയിലിലെ ബ്രിട്ടീഷ് പട്ടാളക്കാരുമായി ഉറ്റ സൗഹൃദത്തിലായിത്തീര്‍ന്ന ഹെഡ്‌ഗേവാര്‍, ജയില്‍ മോചിതനായ ശേഷം, ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു (ഡോ. ഹെഡ്‌ഗേവാര്‍, എച്ച്.വി ശേഷാദ്രി, പേജ് 57,56). എന്തായിരുന്നു ഈ സുഹൃദ് ബന്ധത്തിന്റെ സ്വഭാവമെന്നറിയാന്‍ പിന്നീടുളള ഹെഡ്‌ഗേവാറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ മതി. 1925-ഓടെ അദ്ദേഹം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകനായി മാറി. പിന്നീട്, സ്വാതന്ത്ര്യ സമരരംഗത്ത് അദ്ദേഹം ഉണ്ടായില്ല. അഥവാ, നേരത്തേ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിരുന്ന ഒരാള്‍, ആര്‍.എസ്.എസില്‍ ചേര്‍ന്നതോടെ സ്വാതന്ത്യസമരത്തില്‍ നിന്ന് പിന്‍വാങ്ങി! മാത്രമല്ല, സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞും ഹിന്ദു-മുസ്‌ലിം ധ്രുവീകരണം ശക്തിപ്പെടുത്തിയും 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ബ്രിട്ടീഷ് തന്ത്രത്തിന് സഹായം നല്‍കുകയും ചെയ്തു.
1930-ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിയമലംഘന സമരം ആരംഭിക്കുകയും അതിന്റെ ഭാഗമായി ഉപ്പുസത്യഗ്രഹം നടക്കുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഈ നിര്‍ണായക മുന്നേറ്റത്തില്‍ ആര്‍.എസ്.എസ് പങ്കെടുത്തില്ല. സത്യഗ്രഹത്തില്‍ സംഘ പരിവാര്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി തീരുമാനിച്ചു. ഹെഡ്‌ഗേവാര്‍ തന്നെ ഈ വിവരം എല്ലാവരെയും അറിയിച്ചു. വ്യക്തിപരമായി വേണമെങ്കില്‍ പോകാമെന്ന് പ്രവര്‍ത്തകരെ അനുവദിച്ചു. എന്നാല്‍, 'സംഘിന്റെ ഉത്തരവാദിത്തമുള്ള ഏതെങ്കിലും പ്രവര്‍ത്തകന് സത്യഗ്രഹത്തില്‍ പങ്കെടുക്കാനാവില്ല' എന്നതായിരുന്നു അവരുടെ ഔദ്യോഗിക നയം (ടമിഴ ്ശൃമസവെ ഗല ആലലഷ, ദല്‍ഹി. പേജ് 9). എന്നാല്‍ ഹെഡ്‌ഗേവാര്‍ ഇതില്‍ പങ്കെടുത്ത്, ജയിലില്‍ പോയി. എന്തിനെന്നോ? കോണ്‍ഗ്രസ്സുകാരെ ആര്‍.എസ്.എസില്‍ ചേര്‍ക്കാന്‍! ''അവിടെ അദ്ദേഹത്തോടൊപ്പം (കോണ്‍ഗ്രസ്സിലെ) സത്യഗ്രഹമിരിക്കുന്നവരും ത്യാഗസന്നദ്ധരും ആദരണീയരുമായ ആളുകള്‍ ഉണ്ടാവുമെന്നറിയാമായിരുന്ന ഡോക്ടര്‍ സാഹേബിന് അവരുമായി സംഘത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അതിന്റെ പ്രവര്‍ത്തനത്തിനായി അവരെ സ്വന്തമാക്കാനും കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു. തടവുകാലത്ത് ഒരു നിമിഷ നേരത്തേക്ക് പോലും സംഘത്തിന്റെ പ്രവര്‍ത്തനം ഡോക്ടര്‍ സാഹേബിന്റെ മനസ്സില്‍ നിന്ന് വിട്ട് പോയിട്ടില്ല. ജയിലിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ എല്ലാ നേതാക്കളുമായും പ്രവര്‍ത്തകരുമായും അദ്ദേഹം ഉറ്റബന്ധം സ്ഥാപിക്കുകയും സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ഭാവിയിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരണം വാഗ്ദാനം ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ വലിയൊരു കുതിച്ചു ചാട്ടത്തിനുള്ള പദ്ധതി ആവിഷ്‌കരിച്ച ശേഷം മാത്രമാണ് അദ്ദേഹം ജയിലില്‍ നിന്ന് പുറത്ത് വന്നത്'' (അതേ പുസ്തകം 20, 21). കോണ്‍ഗ്രസ്സില്‍ നുഴഞ്ഞു കയറുക, കോണ്‍ഗ്രസ് അണികളില്‍ വിള്ളലുണ്ടാക്കി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയവയായിരുന്നു ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ലക്ഷ്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യമല്ല, ആര്‍.എസ്.എസ് ആണ് വലുത്! സംഘ് നേതാക്കള്‍ നടത്തിക്കൊണ്ടിരുന്ന ഇത്തരം നീക്കങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ നിരന്തരം പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന് കൂറ് പ്രഖ്യാപിച്ച് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറുടെ ചരിത്രം നമുക്കറിയാം. അത് വെറുമൊരു മാപ്പപേക്ഷയായിരുന്നില്ല, അതിനു ശേഷം സവര്‍ക്കറില്‍ നിക്ഷിപ്തമായതും അദ്ദേഹം പൂര്‍ത്തീകരിച്ചതുമായ ബ്രിട്ടീഷ് ദൗത്യം അത്യന്തം അപകടകരമായിരുന്നു.
ബ്രിട്ടീഷ് വിരുദ്ധ സമരം, നിസ്സഹകരണം ഉള്‍പ്പെടെ, ഇന്ത്യക്കാര്‍ ഒരുമിച്ചു നിന്ന് നടത്തണം എന്ന് കോണ്‍ഗ്രസ്സും ഗാന്ധിജിയും ആവശ്യപ്പെട്ടു. എന്നാല്‍, ഹെഡ്‌ഗേവാര്‍ അത് തള്ളിക്കളഞ്ഞു. വിദേശികളായ മുസ്‌ലിംകളില്‍ നിന്ന് ഹിന്ദുവിന്റെ മതവും സംസ്‌കാരവും സംരക്ഷിക്കലാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ''ഹിന്ദു സംസ്‌കാരം ഹിന്ദുസ്ഥാന്റെ ജീവശ്വാസമാണ്. അപ്പാള്‍, ഹിന്ദുസ്ഥാനെ സംരക്ഷിക്കണമെങ്കില്‍ ആദ്യം ഹിന്ദു സംസ്‌കാരത്തെ പരിപോഷിപ്പിക്കണമെന്ന് വ്യക്തം. ഹിന്ദുസ്ഥാനില്‍ തന്നെ ഹിന്ദു സംസ്‌കാരം നശിക്കുകയാണെങ്കില്‍ ഹിന്ദു സമൂഹം നിലവിലില്ലാതാവുകയാണെങ്കില്‍ കേവലം ഭൂമിശാസ്ത്രപരമായി നിലനില്‍ക്കുന്ന ഒരു പ്രദേശത്തെ ഹിന്ദുസ്ഥാന്‍ എന്ന് പരാമര്‍ശിക്കുന്നത് തികച്ചും ഔചിത്യമില്ലായ്മയായിത്തീരും. നിര്‍ഭാഗ്യവശാല്‍ ഹിന്ദുധര്‍മത്തെയും ഹിന്ദുസംസ്‌കാരത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് സംഘടന ഒട്ടും ചിന്തിച്ചിട്ടില്ല. പുറത്തു നിന്ന് വന്നവര്‍ ഹിന്ദു സമൂഹത്തിനുമേല്‍ നിത്യേന നടത്തുന്ന അതിക്രമത്തിന് നേരെ ആ സംഘടന കണ്ണുകളടച്ചിരിക്കുകയാണ്'' (ഡോ. ഹെഡ്‌ഗേവാര്‍, ശേഷാദ്രി, പേജ് 115).
രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍, സംഘം പിന്നിലായിപ്പോകരുതെന്ന് ആഗ്രഹിച്ച്, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പലരും ഹെഡ്‌ഗേവാറിന്റെ അടുക്കല്‍ വന്നു. അവരെ പിന്തിരിപ്പിക്കുകയായിരുന്നു ആര്‍.എസ്.എസ് നേതാവ് ചെയ്തത്. ജയിലില്‍ പോകാന്‍ തയാറാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, 'കുടുംബത്തെ ആര് നോക്കും' എന്നായി അദ്ദേഹത്തിന്റെ ചോദ്യം. 'രണ്ട് വര്‍ഷത്തേക്ക് കുടുംബത്തിന്റെ ചെലവുകള്‍ മാത്രമല്ല, ആവശ്യാനുസാരം പിഴയടക്കാനുള്ള വിഭവങ്ങളും കൈയിലുണ്ട്' അയാള്‍ പറഞ്ഞു. ഹെഡ്‌ഗേവാറിന്റെ മറുപടി ഇതായിരുന്നു; 'നിങ്ങള്‍ വിഭവങ്ങള്‍ പൂര്‍ണമായും കരുതിയിട്ടുണ്ടെങ്കില്‍ രണ്ട് വര്‍ഷക്കാലം സംഘിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് വരൂ. സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയ ശേഷം ആ മാന്യന്‍ ജയിലില്‍ പോവുകയോ, സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് വരികയോ ചെയ്തില്ല' (Shri Guruji Samagra Darshan, Vol.4, Golvaker, Nagpur 1974, P.39-40).
നിസ്സഹകരണ പ്രസ്ഥാനത്തെ ഹെഡ്‌ഗേവാര്‍ വിലയിരുത്തിയത്, 'മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ സമരം മൂലം-ദേശീയതക്കു വേണ്ടിയുള്ള- രാജ്യത്തിന്റെ ആവേശം തണുത്തുറയുകയും ആ പ്രസ്ഥാനം ഉണര്‍ത്തിവിട്ട സാമൂഹിക ജീവിതത്തിലെ ദുഷ്ടശക്തികള്‍ തലയുയര്‍ത്തുകയും അത് ഭീഷണി സൃഷ്ടിക്കുകയും ചെയ്തു. നിസ്സഹകരണത്തിന്റെ പാലുകുടിച്ചു വളര്‍ന്ന യവനസര്‍പ്പങ്ങള്‍ അവയുടെ വിഷം നിറഞ്ഞ സീല്‍ക്കാരങ്ങള്‍ കൊണ്ട് രാജ്യത്ത് ലഹളകള്‍ കെട്ടഴിച്ചുവിടുകയും ചെയ്തു' എന്നാണ് (Shri Guruji Samagra Darshan, C P Bhishikar, 1979, , പേജ് 7). നിരന്തരം പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടിരുന്ന ആര്‍.എസ്.എസ് ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രസംഗങ്ങള്‍ നടത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് ചോദിച്ചപ്പോള്‍, 'സ്വാശ്രയവും അച്ചടക്കവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം' എന്നാണ് ഹെഡ്‌ഗേവാര്‍ മറുപടി പറഞ്ഞത് (Smritikan, Nagpur 1962, P. 43) സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകുന്നത് തടയുകയും കോണ്‍ഗ്രസിന്റെ സമരങ്ങളില്‍നിന്ന് അകന്നു നില്‍ക്കാന്‍ ആവശ്യപ്പെടുകയുമാണ് അദ്ദേഹം ചെയ്തത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തില്‍ അണിനിരന്ന യുവാക്കളെ ഹെഡ്‌ഗേവാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല (അതേ പുസ്തകം, പേജ് 117). 'മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലൂടെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമേ നാം നമ്മുടെ പ്രതിജ്ഞയില്‍ പറഞ്ഞിട്ടുള്ളൂ എന്ന് നാം ഓര്‍ക്കണം. അതില്‍ ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടു പോകുന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല' (Shri Guruji Samagra Darshan Vol.4, P. 2).
ഇതു തന്നെയായിരുന്നു സ്വാതന്ത്ര്യ സമരത്തോട് ഉടനീളം ആര്‍.എസ്.എസ് സ്വീകരിച്ച സമീപനം. ഇതേ സംഘം ഇപ്പോള്‍ ദേശസ്‌നേഹത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നത് എന്തുമാത്രം അശ്ലീലമാണ്!
ഇന്ത്യ ഒന്നല്ല, രണ്ടാണ് എന്ന് നിരന്തരം പറഞ്ഞു കൊണ്ട്, രാജ്യ വിഭജനത്തിന് കോപ്പുകൂട്ടിയതും ആര്‍.എസ്.എസ് തന്നെയാണ്. ലാലാ ലജ്പത് റായ്, ഭായി പരമാനന്ദ്, ബി.എസ് മൂഞ്ചേ, രാജ് നാരായണ്‍ ബസു, നഭ ഗോപാല്‍ മിത്ര, ഹാര്‍ദയാല്‍, സവര്‍ക്കര്‍ തുടങ്ങിയവരൊക്കെ, 1880 മുതല്‍ 1937 വരെയുള്ള ഘട്ടത്തില്‍ തന്നെ ദ്വിരാഷ്ട്ര വാദം ശക്തമായി മുന്നോട്ട് വെച്ചവരാണ്. 1940-ല്‍ മാത്രമാണ് ജിന്ന ഇത് ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്ത് ആര്യന്‍ ജാതി രാഷ്ട്രം നിര്‍മിക്കുക എന്നതായിരുന്നു, പാകിസ്താന്‍ മുറിച്ചു മാറ്റിയതിനു പിന്നിലെ സംഘപരിവാറിന്റെ ലക്ഷ്യം. 1947 ആഗസ്റ്റ് പതിനാലിന് ബി.എസ്. മൂഞ്ചേ അത് കൃത്യമായി പറയുന്നുണ്ട്. ജാതി രാഷ്ട്രം എന്ന ലക്ഷ്യം നേരത്തേ ഉറപ്പിച്ചിരുന്നതിനാല്‍ മതനിരപേക്ഷ രാജ്യത്തിന്റെ എല്ലാ ആശയങ്ങളെയും അടയാളങ്ങളെയും ആര്‍.എസ്.എസ്. അന്നു തന്നെ തള്ളിക്കളഞ്ഞിരുന്നു. 1930 ജനുവരി 26-നു ത്രിവര്‍ണ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ആര്‍.എസ്.എസ് ഇത് തളളിക്കളഞ്ഞു. പകരം കാവിപ്പതാകയെ വണങ്ങാനായിരുന്നു ഹെഡ്‌ഗേവാറിന്റെ ആഹ്വാനം. ദേശീയ പതാകയോടുളള എതിര്‍പ്പ് സംഘം പ്രകടിപ്പിക്കുകയും ചെയ്തു. 'ചെകുത്താന്റെ മൂര്‍ത്തീമദ്ഭാവം' എന്നാണ് സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് ദേശീയ പതാകയെ ആര്‍.എസ്.എസ് വിശേഷിപ്പിച്ചത്. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍, ആദ്യം ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയി കാവിക്കൊടിയെ വണങ്ങിയ ശേഷമാണ് സത്യപ്രതിജ്ഞക്ക് പോയത്! ദേശീയപതാക ഉയര്‍ത്തേണ്ടി വരുന്ന പല സന്ദര്‍ഭങ്ങളിലും ആദ്യം കാവിക്കൊടി ഉയര്‍ത്തിയ ശേഷമാണ് ബി.ജെ.പി മന്ത്രിമാരില്‍ പലരും അത് ചെയ്യാറുള്ളത്.
സംഘ് പരിവാറിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ ചരിത്രത്തിന് ഇനിയുമേറെ ദൈര്‍ഘ്യമുണ്ട്, വര്‍ത്തമാനത്തിലേക്ക് കണ്ണികള്‍ നീണ്ടു കിടക്കുന്നുമുണ്ട്. ഈ പാരമ്പര്യത്തിന്റെ പാപഭാണ്ഡം തലയില്‍ വെച്ചശേഷം, ദേശ സ്‌നേഹത്തിന്റെ അടയാളങ്ങള്‍ നെറ്റിയില്‍ വെക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്
Comments