പ്രതിസന്ധികളില്‍ പ്രാര്‍ഥനയും ധീരതയും
സത്യമാര്‍ഗത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങളെ സധീരം നേരിടുകയാണ് വേണ്ടത്. ആ മാര്‍ഗത്തില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ നിരാശരാവുന്നതിനു പകരം ആഹ്ലാദചിത്തരാവുക. ദൈവമാര്‍ഗത്തിലെ സമര്‍പ്പണം അല്ലാഹു സ്വീകരിച്ചതാണെന്ന് മനസ്സിലാക്കി അവന്റെ മുമ്പാകെ കൃതജ്ഞത രേഖപ്പെടുത്തുകയും വേണം.
അസ്മാഅ്(റ) രോഗിണിയായിരിക്കെ അവരെ സന്ദര്‍ശിക്കാന്‍ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) എത്തുകയുണ്ടായി. അപ്പോള്‍ മാതാവ് മകനോട് പറഞ്ഞു: 'മകനേ, മനസ്സിലുള്ള രണ്ട് ആഗ്രഹങ്ങളിലൊന്ന് പൂവണിയുംവരെ നാഥന്‍ എന്നെ ജീവിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിലൊന്ന് നീ രണാങ്കണത്തില്‍ രക്തസാക്ഷ്യം വരിച്ചതിന്റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സ്ഥൈര്യപൂര്‍വം ആ വാര്‍ത്ത ഏറ്റുവാങ്ങാനുള്ള സൗഭാഗ്യമാണ്. അല്ലെങ്കില്‍ ആനന്ദാശ്രു പൊടിഞ്ഞ കണ്ണുകളോടെ, വിജയശ്രീലാളിതനായി തിരിച്ചെത്തുന്ന നിന്നെ കാണാനുള്ള ഭാഗ്യം.' അങ്ങനെ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) രക്തസാക്ഷിയായപ്പോള്‍ മക്കയിലെ തീര്‍ഥാടകര്‍ അദ്ദേഹത്തിന്റെ മയ്യിത്ത് പലകയില്‍ കിടത്തി അങ്ങേയറ്റം അവശയായ മാതാവിന് കാണിച്ചുകൊടുത്തു. പ്രിയപ്പെട്ട പുത്രന്റെ ആ മയ്യിത്ത് കണ്ടപ്പോള്‍ അലമുറയിട്ടു കരയുകയും മറ്റും ചെയ്യാതെ കൂടിനിന്നവരോട് അവര്‍ പറഞ്ഞത്, 'ഈ കുതിരപ്പടയാളിക്കു വാഹനപ്പുറത്തുനിന്ന് ഇറങ്ങാന്‍ ഇനിയും സമയമായില്ലേ?' എന്നാണ്.
ദുഃഖവും പ്രയാസവും അനുഭവിക്കുമ്പോള്‍ പരസ്പരം ഒന്നിച്ചുനിന്ന് ആ ദുഃഖത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. നബി(സ) പറഞ്ഞു: 'എല്ലാ വിശ്വാസികളും ചേര്‍ന്ന് ഒരു മനുഷ്യശരീരം കണക്കെ ആവണം. കണ്ണിനു പ്രയാസമുണ്ടായാല്‍ അത് മുഴുവന്‍ ശരീരത്തിന്റെയും ദുഃഖമാണ്. തലവേദന അനുഭവപ്പെടുമ്പോള്‍ അതിന്റെ പ്രയാസം ശരീരം മുഴുവനായാണ് ഏറ്റുവാങ്ങുന്നത്.'
ജഅ്ഫര്‍ ത്വയ്യാര്‍ രക്തസാക്ഷിയായ ദിവസം നബി(സ) പറഞ്ഞു: 'അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്ഷണം എത്തിച്ചുനല്‍കുക. കാരണം ദുഃഖപാരമ്യത്താല്‍ വീട്ടുകാര്‍ക്കിന്ന് ഭക്ഷണം പാകംചെയ്യാന്‍ കഴിയില്ല' (അബൂദാവൂദ്). അബൂഹുറൈറ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: 'മകന്‍ മരണപ്പെട്ട സ്ത്രീയെ അനുശോചനമറിയിക്കാന്‍ ചെല്ലുന്ന ആളെ അല്ലാഹു സ്വര്‍ഗസ്ഥനാക്കുന്നതാണ്. അതിനു വേണ്ടി സ്വര്‍ഗത്തിന്റെ കട്ടിലുകള്‍ ഉയര്‍ത്തപ്പെടുന്നതാണ്'(തിര്‍മിദി). ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് അത്രതന്നെ പ്രതിഫലവും ലഭിക്കുന്നതാണെന്ന നബിവചനവും(തിര്‍മിദി) കാണാം. ഈ ഇനത്തിലാണ് ജനാസയെ അനുഗമിക്കുന്നതിനെയും നബി(സ) ഉള്‍പ്പെടുത്തിയത്. നബി
(സ)യില്‍നിന്ന് അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'മയ്യിത്തിനെ അനുഗമിക്കുകയും ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു വലിയ (ഖീറാത്വ്) പ്രതിഫലം നല്‍കുന്നതാണ്. അതിനുശേഷം ഖബ്‌റടക്കത്തില്‍ കൂടി പങ്കെടുത്താല്‍ രണ്ട് ഖ്വീറാത്വ് പ്രതിഫലം ലഭിക്കുന്നു.' ഒരാള്‍ ചോദിച്ചു: 'രണ്ട് ഖീറാത്വ് എന്നാല്‍ എത്രയാണ് പ്രവാചകരേ?' അവിടുന്ന് പറഞ്ഞു: 'അത് രണ്ട് പര്‍വതങ്ങള്‍ക്കു സമാനമാണ്.'
പരീക്ഷണങ്ങള്‍ ഉണ്ടാവുമ്പോഴും ദുഃഖം നമ്മെ കീഴ്‌പ്പെടുത്തുമ്പോഴും അല്ലാഹുവിലേക്കു മടങ്ങാനുള്ള ത്വര ശക്തമാകണം. നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞ് പരമാവധി താഴ്മയില്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം. ഖുര്‍ആന്‍ പറയുന്നു: ''വിശ്വാസികളേ നിങ്ങള്‍ ക്ഷമകൊും നമസ്‌കാരം കൊും അല്ലാഹുവോട് സഹായം ചോദിച്ചുകൊണ്ടിരിക്കുക'' (അല്‍ബഖറ: 53). ദുഃഖവേളയില്‍ കണ്ണുകള്‍ നിറയുന്നതും അസ്വസ്ഥത അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. അപ്പോഴെല്ലാം ഉറക്കെ അലറിവിളിച്ച് കരയാതിരിക്കാന്‍ ശ്രദ്ധിക്കണം. നബി(സ) കരഞ്ഞിട്ടുണ്ട്. പക്ഷേ, ശബ്ദം ഉയര്‍ത്തി കരഞ്ഞിട്ടില്ല. പതുക്കെ ശ്വാസമയച്ച്, കണ്ണുകള്‍ ജലബാഷ്പങ്ങള്‍ പൊഴിച്ച്, ഹൃദയത്തില്‍നിന്ന് പ്രത്യേകമായ ശബ്ദം ഉയര്‍ന്നു വരുന്ന വിധമായിരുന്നു ആ കരച്ചില്‍. തന്റെ കരച്ചിലിന്റെ സ്വഭാവം നബി(സ) തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിങ്ങനെ: 'കണ്ണുകള്‍ കണ്ണുനീരൊഴുക്കും; മനസ്സ് ദുഃഖാവൃതമാവും; നമ്മുടെ നാഥന്‍ സന്തുഷ്ടനാവുംവിധമുള്ള വാക്കുകള്‍ നാവിനാല്‍ ഉച്ചരിക്കും.' അബൂഹുറൈറ(റ) പറയുന്നു: 'ചിന്താനിമഗ്നനാവുമ്പോഴൊക്കെ ആകാശത്തേക്കു കണ്ണയച്ച് സുബ്ഹാനല്ലാഹില്‍ അളീം (മഹാനായ അല്ലാഹു പരിശുദ്ധന്‍) എന്ന് പറയുന്നതായിരുന്നു നബി(സ)യുടെ സ്വഭാവം.'
ദുഃഖം ഘനീഭവിക്കുമ്പോഴും പരീക്ഷണം ഉണ്ടാകുമ്പോഴും ജീവിതം അസ്വസ്ഥമാകുമ്പോഴും ദുന്നൂന്‍ (മത്സ്യത്തിന്റെ പ്രവാചകന്‍) അതിന്റെ വയറ്റില്‍ കിടന്ന് നടത്തിയ താഴെ പറയുന്ന പ്രാര്‍ഥന ഉച്ചരിക്കണമെന്ന് നബി(സ) പഠിപ്പിച്ചതായി സഅ്ദുബ്‌നു അബീവഖ്വാസ് ഉദ്ധരിച്ചിട്ടുണ്ട്:
ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനള്ളാലിമീന്‍ (നാഥാ, നീയല്ലാതെ ആരാധ്യനില്ല; നീ പരിശുദ്ധന്‍; തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടുപോയിരിക്കുന്നു). പ്രയാസഘട്ടങ്ങളില്‍ ഈ വാക്യം പ്രാര്‍ഥിക്കുന്നവരില്‍നിന്ന് അല്ലാഹു ആ അര്‍ഥന നിശ്ചയം സ്വീകരിക്കുന്നതാണ്.
നബി(സ)യില്‍നിന്ന് അബൂമൂസാ(റ) ഉദ്ധരിക്കുന്നു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ വലാ മല്‍ജഅ മിനല്ലാഹി ഇല്ലാ ഇലൈഹി (പാപങ്ങളില്‍നിന്ന് അകന്നുനില്‍ക്കാനും സല്‍ക്കര്‍മം അനുഷ്ഠിക്കാനുമുള്ള ഉതവി നല്‍കാന്‍ കഴിവുറ്റവന്‍ അല്ലാഹു മാത്രമാകുന്നു. അവന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു അഭയസങ്കേതവുമില്ല. അവന്‍ മാത്രമാണ് അഭയസ്ഥാനം) എന്ന പ്രാര്‍ഥന രോഗ ശമനിയാകുന്നു. ഇത് ഉച്ചരിക്കുന്നവര്‍ ദുഃഖങ്ങളില്‍നിന്നും സങ്കടങ്ങളില്‍നിന്നും മുക്തരാവും.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നബി(സ)യില്‍നിന്നുദ്ധരിച്ച താഴെ കൊടുക്കുന്ന പ്രാര്‍ഥന ചൊല്ലുന്നതിലൂടെ, തങ്ങള്‍ അനുഭവിക്കുന്ന ദുഃഖങ്ങളെയും പ്രയാസങ്ങളെയും നാഥന്‍ തന്നെ സന്തോഷവും ആഹ്ലാദവുമാക്കി മാറ്റിക്കൊടുക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്; അല്ലാഹുവേ, നിശ്ചയം ഞാന്‍ നിന്റെ അടിമയാകുന്നു. എന്റെ പിതാവും നിന്റെ അടിമയാകുന്നു. എന്റെ മാതാവും നിന്റെ അടിമ തന്നെ. എന്റെ മൂര്‍ധാവ് നിന്റെ മാത്രം പിടിത്തത്തില്‍. നിന്റെ മാത്രം വിധിയാണ് എന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നടപ്പാക്കപ്പെടുന്നത്. എന്റെ കാര്യത്തില്‍ നിന്റെ സകല വിധികളും മുച്ചൂടും നീതിയാകുന്നു. നീ നിന്നെ വിശേഷിപ്പിച്ച മുഴുവന്‍ നാമങ്ങളെയോ അല്ലെങ്കില്‍ നീ നിന്റെ ഗ്രന്ഥത്തിലവതരിപ്പിച്ച നാമങ്ങളെയോ, അല്ലെങ്കില്‍ നീ നിന്റെ ഏതെങ്കിലും സൃഷ്ടികളെ പഠിപ്പിക്കുകയോ, അല്ലെങ്കില്‍ നിന്റെ രഹസ്യത്തിന്റെ ഖജനാവില്‍ മറച്ചുവെച്ചതോ ആയവയെ ഇടവര്‍ത്തിയാക്കി ഞാന്‍ നിന്നോട് കേഴുന്നു: ഖുര്‍ആനിനെ എന്റെ ഹൃദയത്തിന്റെ വസന്തമാക്കിയും എന്റെ കണ്ണിന്റെ പ്രകാശമാക്കിയും എന്റെ ദുഃഖത്തിനുള്ള ചികിത്സയാക്കിയും എന്റെ പ്രയാസങ്ങളെ ദൂരീകരിക്കുന്നതാക്കിയും നീ എനിക്കു മാറ്റിത്തരേണമേ).
ജീവിതം തന്നെ അതിപ്രയാസകരമാകുംവിധം ദുരിതങ്ങളും വേദനകളും നിറഞ്ഞതാവുകയോ, അല്ലെങ്കില്‍ ദുഃഖവും വ്യസനവും അതിന്റെ ബീഭത്സരൂപം പൂ് ജീവിതം തന്നെ ഭാരമായി അനുഭവപ്പെടുകയോ ചെയ്താലും ഒരിക്കലും മരണം കൊതിക്കരുത്. സ്വന്തത്തെ നശിപ്പിക്കുന്ന ലജ്ജാകരമായ യാതൊരു നീക്കവും നടത്താന്‍ ആലോചിക്കുക പോലും അരുത്. അത് നികൃഷ്ടമായ വഞ്ചനയും ധിക്കാരവുമാണ്. അത്തരം ഘട്ടങ്ങളില്‍ അല്ലാഹുവോട് പ്രാര്‍ഥിക്കേണ്ടതിങ്ങനെ:
''നാഥാ, ജീവിച്ചിരിക്കുന്നത് ഏതു വരെ എനിക്കു ഉത്തമമാണോ അതുവരെ നീ എന്നെ ജീവിപ്പിക്കുക. മരണം എനിക്കു എപ്പോഴാണോ ഗുണകരമാകുന്നത് അപ്പോള്‍ എന്നെ മരിപ്പിക്കുകയും ചെയ്യുക'' (ബുഖാരി, മുസ്‌ലിം).
പരീക്ഷണത്തില്‍ അകപ്പെട്ടയാളെ കണ്ടാല്‍ പ്രാര്‍ഥിക്കേണ്ട വചനവും നബി(സ)യില്‍നിന്ന് അബൂഹുറൈറ(റ) ഉദ്ധരിച്ചിട്ടുണ്ട്: ''നീ പരീക്ഷിക്കപ്പെട്ട വിപത്തില്‍നിന്ന് എന്നെ സംരക്ഷിച്ചവനായ അല്ലാഹുവിന് സര്‍വ സ്തുതിയും; അവന്റെ നിരവധി സൃഷ്ടിജാലങ്ങളില്‍ പലരേക്കാളും എനിക്ക് ശ്രേഷ്ഠത നല്‍കിയവനുമാണവന്‍.'' തനിക്ക് മുന്നില്‍ തന്റെ സഹോദരന്‍ അനുഭവിക്കുന്ന പരീക്ഷണം കണ്ട് ഈ വിധം പ്രാര്‍ഥനാനിരതനാകുന്ന ഏതൊരാള്‍ക്കും അത്തരം പരീക്ഷണങ്ങളില്‍നിന്ന് അല്ലാഹു മുക്തിയേകുമെന്നാണ് പ്രസ്തുത നബിവചനം പഠിപ്പിക്കുന്നത്.
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
Comments