Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

സമൂഹം എങ്ങനെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നു?

റാശിദുല്‍ ഗന്നൂശി

തങ്ങള്‍ക്കൊരു നേതാവിനെ കണ്ടെത്തി നിശ്ചയിക്കേണ്ടത് ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയാണ്. ഈ ബാധ്യത എങ്ങനെയാണ് നിര്‍വഹിക്കുക? സ്വന്തം അണികളെ ചിട്ടപ്പെടുത്തിയും അതിക്രമത്തിനും സ്വേഛാധിപത്യത്തിനുമെതിരെ പോര്‍മുഖം തുറന്നും മാത്രമേ ഇത് നിര്‍വഹിക്കാനാവൂ. ഒരു ഇസ്‌ലാമിക ഭരണസംവിധാനം രൂപം കൊള്ളുക ജനാധിപത്യ രീതിയിലായിരിക്കും. സ്വേഛാധിപത്യത്തിന്റെയും സെക്യുലര്‍ ഏകാധിപത്യങ്ങളുടെയും പൗരോഹിത്യമേധാവിത്വമുള്ള തിയോക്രസിയെന്ന മതരാഷ്ട്രത്തിന്റെയും തകര്‍ക്കപ്പെട്ട അവശിഷ്ടങ്ങള്‍ക്കു മുകളിലായിരിക്കും അത് സ്ഥാപിതമാവുക. ഒരു ജനാധിപത്യ ഇസ്‌ലാമിക ഭരണക്രമം സ്ഥാപിതമായിക്കഴിഞ്ഞാല്‍ ഒരു ഭരണാധികാരിയെ നിശ്ചയിക്കുക എന്ന ചുമതല മാത്രമേ പിന്നെ അവശേഷിക്കുന്നുള്ളൂ. ഇസ്‌ലാമിക സമൂഹത്തിന് 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' എന്ന ജനകീയ നേതൃനിരയില്‍നിന്ന് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞൈടുക്കാവുന്നതാണ്. ഇമാം ഹസനുല്‍ ബന്നാ പറഞ്ഞപോലെ, ഈ ജനകീയ നേതൃത്വം മൂന്ന് വിഭാഗം ആളുകളില്‍നിന്നായിരിക്കും:
1) നിയമവിധികള്‍ ആധികാരികമായി നിര്‍ധാരണം ചെയ്‌തെടുക്കാന്‍ ശേഷിയുള്ള ജ്ഞാനികള്‍/ മുജ്തഹിദുകള്‍
2) പൊതുകാര്യങ്ങളില്‍ വൈദഗ്ധ്യവും അനുഭവ പരിചയവുമുള്ളവര്‍
3) പല തലങ്ങളില്‍ ജനകീയ നേതൃത്വം കൈയാളുന്നവര്‍. അവര്‍ ഗോത്രനേതാക്കളോ പാര്‍ട്ടി നേതാക്കളോ പലതരം കൂട്ടായ്മകളുടെ സാരഥികളോ ആകാം.1
ഇവര്‍ക്കെല്ലാം 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' എന്ന വിശേഷണം ചേരും. പുതിയ കാലത്തെ പ്രാതിനിധ്യ ഭരണസംവിധാനങ്ങള്‍ 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദി'നെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പിനെ ആശ്രയിക്കുന്നു; മറ്റു വ്യത്യസ്ത വഴികളും തേടാറുണ്ട്. നിശ്ചയിക്കപ്പെടുന്നത് കഴിവും യോഗ്യതയുമുള്ള 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' ആണെങ്കില്‍, അവരെ ഏതു രീതിയില്‍ തെരഞ്ഞെടുക്കുന്നതിനും ഇസ്‌ലാം എതിരല്ല. ഇങ്ങനെ അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദിനെ, അല്ലെങ്കില്‍ കൂടിയാലോചനാ സമിതിയെ നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത പടി അവരുടെ ഒരു യോഗം വിളിക്കുക എന്നതാണ്; പ്രവാചകന്റെ വിയോഗാനന്തരം സഖീഫയില്‍ വിളിച്ചു ചേര്‍ത്തതു പോലുള്ള ഒന്ന്. നേതൃത്വത്തിലേക്ക് വരാന്‍ യോഗ്യതയുള്ളവരെക്കുറിച്ച് അതില്‍ ചര്‍ച്ച നടക്കും, ഒടുവില്‍ ഒരാളെ ഭരണച്ചുമതലയേല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു. ഒന്നിലധികം പേരെ ആ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നതിന് ഇസ്‌ലാമികമായി തടസ്സമൊന്നുമില്ല. ഒരാളെ നിയമിക്കാനുള്ള കേവലം നാമമാത്ര ശൂറയായി ആ സമിതി മാറാതിരിക്കാനും ഒന്നിലധികം പേര്‍ നിര്‍ദേശിക്കപ്പെടുന്നതാണ് നല്ലത്. കൂടിയാലോചനാ സമിതിയില്‍ ഉള്‍പ്പെടാത്തവരെപ്പോലും നാമനിര്‍ദേശം ചെയ്യാം. കാരണം ഈ സമിതിയുടെ അംഗീകാരം കേവലം നാമനിര്‍ദേശം മാത്രമേ ആകുന്നുള്ളൂ. ഒടുവിലത്തെ തീരുമാനം പൊതു സമൂഹത്തിന്റേതായിരിക്കും. ജനങ്ങളുടെ വോട്ട് ഏറ്റവുമധികം ലഭിക്കുന്നയാള്‍ ഭരണാധികാരിയാവും. 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' എന്ന പ്രത്യേക ബോഡിയുടെ ബൈഅത്തും (അനുസരണ പ്രതിജ്ഞ) വാങ്ങുന്നു. കൈ കൈമേല്‍ വെച്ചുകൊണ്ട് നേര്‍ക്കു നേരെയാവാം ഈ ബൈഅത്ത്. ജനങ്ങളുടെ ബൈഅത്ത്, ആധുനിക രീതികളായ പൊതുതെരഞ്ഞെടുപ്പിലൂടെയോ മറ്റോ ആവാം. ശരീഅത്ത് പരിധികള്‍ പാലിക്കുവോളം നേതാവിനെ തങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും എന്ന പ്രതിജ്ഞ കൂടിയാണ് തെരഞ്ഞെടുപ്പില്‍ അവര്‍ ചെയ്യുന്ന വോട്ട്. ദൈവിക നിയമങ്ങള്‍ സംരക്ഷിക്കാനും പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനും ബാധ്യതപ്പെട്ട എല്ലാവരുടെയും നേതാവായിരിക്കും അയാള്‍. പൗരസ്വാതന്ത്ര്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണവും കൂടിയാലോചനാ സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിക്കൊണ്ട് അദ്ദേഹം നിര്‍വഹിക്കും.
ഈ രീതിക്ക് ഒരുപാട് പ്രയോജനങ്ങളുണ്ട്. പാര്‍ലമെന്ററി-പ്രസിഡന്‍ഷ്യല്‍ ഭരണരീതികളുടെ മികവുകളെ സമ്മേളിപ്പിക്കുന്നു എന്നതാണ് ഒന്ന്. ഒരു പാര്‍ലമെന്ററി സംവിധാനത്തില്‍ പ്രസിഡന്റിന് പരിമിത അധികാരങ്ങളേയുള്ളൂ. പാര്‍ലമെന്റ് വരച്ച വരയില്‍ പ്രസിഡന്റ് നില്‍ക്കണം. അതിനാല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാനും അവരെ തൃപ്തിപ്പെടുത്താനും പ്രസിഡന്റ് നിര്‍ബന്ധിതനാണ്. ജനകീയ പ്രശ്‌നങ്ങളിലായിരിക്കില്ല പൊതുവെ അദ്ദേഹത്തിന്റെ ശ്രദ്ധ. പാര്‍ലമെന്റേറിയന്മാരുടെ ആവലാതികള്‍ക്കാണെങ്കില്‍ ഒരറ്റവും ഉണ്ടാവുകയുമില്ല. ഇമാം അലിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഇങ്ങനെയൊരു വാക്യമുണ്ട്: 'പ്രത്യേകക്കാരെ തൃപ്തിപ്പെടുത്തി നിങ്ങള്‍ക്ക് പൊതുജനത്തെ തൃപ്തിപ്പെടുത്താനാവില്ല. പൊതുജനത്തെ തൃപ്തിപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് പ്രത്യേകക്കാരുടെ തൃപ്തിയും നേടാം.'2 എന്നു മാത്രമല്ല പാര്‍ലമെന്ററി സംവിധാനത്തില്‍ പലതരം അട്ടിമറികളും ഭരണസ്തംഭനങ്ങളും നടക്കുന്നത് നാം കാണുന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന ചില നാടുകളിലെ രാഷ്ട്രീയ അനിശ്ചിതത്വം ചിലപ്പോള്‍ മാസങ്ങളോളം നീളുന്നു; മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാതെ വരുന്നു. തട്ടിക്കൂട്ടിയ മന്ത്രിസഭകള്‍ തന്നെ അവിശ്വാസപ്രമേയത്തില്‍ തട്ടിത്തകര്‍ന്നു വീഴുന്നു. അതിനാല്‍തന്നെ പാര്‍ലമെന്ററി ഭരണസംവിധാനം നിലനിന്ന ചില രാജ്യങ്ങള്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതിയാണ് നല്ലതെന്ന തീര്‍പ്പില്‍ എത്തിച്ചേരുകയുണ്ടായി. ഫ്രാന്‍സില്‍ സംഭവിച്ചത് അതാണ്. പാര്‍ലമെന്ററി സംവിധാനം വേരുറച്ച ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ ഭരണസംവിധാനത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ രാജഭരണത്തെ നിലനിര്‍ത്തിയതായും കാണാം. അതിന് ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവും മതപരവുമായ അധികാരങ്ങളുമുണ്ട്. ഇംഗ്ലണ്ടിലെ പാര്‍ലമെന്റിന്, അതെത്ര മാത്രം ശക്തമാണെങ്കിലും രാജ്ഞിയെക്കൊണ്ട് ഒരു കാര്യം അംഗീകരിപ്പിക്കാന്‍ കഴിയില്ല; അവര്‍ക്കത് ഇഷ്ടമായില്ലെങ്കില്‍. രാജ്ഞിയുടെ സമ്മതത്തോടെ മാത്രമേ നിയമങ്ങള്‍ പാസ്സാക്കാനാവുകയുള്ളൂ. പാര്‍ലമെന്റില്‍ അവര്‍ക്ക് വീറ്റോ അധികാരം പോലുമുണ്ട്. പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് രാജ്ഞിക്ക് വേണമെങ്കില്‍ പാര്‍ലമെന്റ് പിരിച്ചുവിടാം. അതിനാല്‍ ഇംഗ്ലണ്ടില്‍ പാര്‍ലമെന്റിന് മാത്രമല്ല അധികാരം. പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കുമുള്ളതുപോലെ രാജ്ഞിക്കും അധികാരമുണ്ട്. സാധാരണ ഗതിയില്‍ ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കക്ഷിക്ക് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടാറുണ്ട്. വോട്ടുകള്‍ വല്ലാതെ ശിഥിലമായിപ്പോകാറില്ല. പാര്‍ലമെന്റിന്റെ ഭാഗം തന്നെയായിരിക്കും ഭരണകൂടവും. ഇതെല്ലാം ആ സംവിധാനത്തിന്റെ സുസ്ഥിരതയെ കുറിക്കുന്നു. ഇതൊക്കെ മറ്റു നാടുകളിലേക്ക് പറിച്ചുനടുക പ്രയാസകരമാണെങ്കിലും.3
ഒരു പ്രസിഡന്‍ഷ്യല്‍ ഭരണവ്യവസ്ഥയില്‍ പ്രസിഡന്റിന്റെ അധികാരം ജനങ്ങളില്‍നിന്ന് നേരിട്ട് ലഭിക്കുന്ന ഒന്നാണ്. അദ്ദേഹവും നിയമനിര്‍മാണ സഭകളും തമ്മില്‍ വടംവലിയുണ്ടാവുക സ്വാഭാവികം. പക്ഷേ കാര്യങ്ങള്‍ നടപ്പാവുക പലപ്പോഴും പ്രസിഡന്റിന്റെ ഇഛക്കൊത്താവും. പ്രസിഡന്റിന് വലിയ മേധാവിത്വവും മേല്‍ക്കൈയും നല്‍കുന്നുണ്ട് ഈ സംവിധാനം.
ഇസ്‌ലാമിക സംവിധാനത്തിന്റെ പ്രത്യേകതയെന്നാല്‍, പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' മുഖേനയായിരിക്കും എന്നതാണ്. കാരണം തെരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിനാണ് പ്രസിഡന്റ് ആരായിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുക. ആ സമിതിയിലിരിക്കാന്‍ യോഗ്യതയുള്ള ഒരാളുമായിരിക്കും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. അതിന്റെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും ആ സമൂഹത്തില്‍ പതിയാതിരിക്കില്ല. എങ്ങനെയായാലും ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോള്‍ കൂടിയാലോചനാ സമിതിയും ഇസ്‌ലാമിക സമൂഹവും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. കൂടിയാലോചനാ സമിതിയും നേതാവും തമ്മില്‍ ആശയവിനിമയം ഉണ്ടാകുന്നുണ്ട്. അങ്ങനെ നേതാവ്, കൂടിയാലോചനാ സമിതി, പൊതുസമൂഹം എന്നീ മൂന്ന് വിഭാഗങ്ങള്‍ തമ്മിലും സുതാര്യമായ വിനിമയം സാധ്യമാവുന്നു. നേതാവിന് തന്റെ യഥാര്‍ഥ ധര്‍മം നിര്‍വഹിക്കാന്‍ ഇങ്ങനെയൊരു ഇഴയടുപ്പവും സമ്പര്‍ക്കവും അനിവാര്യമാണ്. അപ്പോഴേ ഭരണാധികാരിക്ക് സമൂഹത്തിന്റെ സേവകനാകാനും കാരുണ്യവാനായ പിതൃരൂപമാകാനും ശിക്ഷണ ശീലങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകനാകാനുമൊക്കെ കഴിയൂ.4 നബി(സ) പറഞ്ഞു: ''നിങ്ങളിലെ ഏറ്റവും നല്ലവരായ ഭരണകര്‍ത്താക്കള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നവരാണ്; നിങ്ങള്‍ അവരെയും ഇഷ്ടപ്പെടുന്നു. നിങ്ങള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു; അവര്‍ നിങ്ങള്‍ക്കു വേണ്ടിയും. നിങ്ങളിലെ ഏറ്റവും മോശം ഭരണകര്‍ത്താക്കളാരാണെന്നോ, നിങ്ങള്‍ അവരെ വെറുക്കുന്നു, അവര്‍ നിങ്ങളെയും വെറുക്കുന്നു. നിങ്ങള്‍ അവരെ ശപിക്കുന്നു, അവര്‍ നിങ്ങളെയും ശപിക്കുന്നു'' (മുസ്‌ലിം).


കുറിപ്പുകള്‍
1.    ഹസനുല്‍ ബന്നാ - മജ്മൂഅതു റസാഇല്‍ (ബൈറൂത്ത്, ദാറുല്‍ ഖലം) പേ: 277
2.    അബ്ദുസ്സലാം ദാവൂദ് അല്‍ ഇയാദിയുടെ അല്‍മില്‍കിയ്യത്തു ഫിശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ (അമ്മാന്‍, മക്തബതുല്‍ അഖ്‌സ്വാ) എന്ന കൃതിയില്‍ ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്.
3.    യഅ്ഖൂബ് അല്‍ മലീജി - മബ്ദഉശ്ശൂറാ ഫില്‍ ഇസ്‌ലാം, പേ: 221
4.    ഭരണാധികാരിക്കുണ്ടാവേണ്ട ഗുണവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന കൃതികള്‍ ധാരാളമാണ്. കാണുക, അബ്ദുസ്സലാം യാസീന്റെ അല്‍ ഇസ്‌ലാമു ഗദന്‍ (മൊറോക്കോയില്‍ പ്രസിദ്ധീകരിച്ചത്).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍