Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

തടങ്കല്‍പാളയങ്ങളില്‍ കഴിഞ്ഞുകൂടുന്ന ഉയിഗൂര്‍ മുസ്‌ലിംകള്‍

ഐ.എം മുഹമ്മദ് ബാബു, നെടുമ്പാശ്ശേരി

പാശ്ചാത്യസഞ്ചാരികള്‍ ഭാഷ നോക്കി തുര്‍ക്കികള്‍ എന്ന് വിളിക്കുന്ന വിഭാഗമാണ് ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂറുകള്‍. തുര്‍ക്കി ഭാഷ സംസാരിക്കുന്ന വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങിലാണ് ഉയിഗൂര്‍ മുസ്ലിംകളില്‍ ഭൂരിഭാഗവും. അവരില്‍ ചെറിയൊരു വിഭാഗം മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളിലും താമസിക്കുന്നു.
1949-ല്‍ ചൈന കിഴക്കന്‍ തുര്‍കിസ്താന്‍ കീഴടക്കി അതിനെ സിന്‍ജിയാങ് പ്രവിശ്യ എന്ന് പുനര്‍നാമകരണം ചെയ്തു, അതായത് ചൈനയിലെ 'പുതിയ പ്രദേശങ്ങള്‍' എന്നര്‍ഥം. ഇസ്ലാമിനോടുള്ള ചൈനയുടെ നയങ്ങള്‍ (മറ്റു മതങ്ങളോടും) പൊതുവെ അടിച്ചമര്‍ത്തലാണ്. ഏറ്റവും തീവ്രമായി ചൈന അടിച്ചമര്‍ത്തുന്നത് സിന്‍ജിയാങിലെ ഉയിഗൂര്‍ മുസ്‌ലിംകളെയാണ്.
ഉയിഗൂര്‍ മുസ്ലിംകള്‍, 1930 മുതല്‍ ഏതാനും വര്‍ഷം നിലനിന്ന കിഴക്കന്‍ തുര്‍കിസ്താന്‍ റിപ്പബ്ലിക്ക് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, ചൈന-സോവിയറ്റ് വടംവലിയില്‍ സോവിയറ്റ് യൂനിയനെ ചൈനക്കെതിരായി ഉയിഗൂര്‍ മുസ്ലിംകള്‍ പിന്തുണച്ചുവെന്നുമാണ് ചൈന ആരോപിക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന്, സിന്‍ജിയാങിലെ മുസ്‌ലിം ഭൂരിപക്ഷത്തിനു വിഘടനവാദ ലക്ഷ്യങ്ങളുണ്ടാകുമോ എന്ന് ചൈന ഭയപ്പെടുകയും ചെയ്തു.
1978-നു ശേഷമുള്ള സാമ്പത്തിക പരിഷ്‌കരണത്തോടെ, ചൈന മുതലാളിത്ത രീതികള്‍ പരീക്ഷിക്കാന്‍ തുടങ്ങി. അതിന്റെ മുന്നോടിയായി സൗജന്യ വൈദ്യസഹായമെന്ന സോഷ്യലിസ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ചൈനയിലെ ആരോഗ്യവകുപ്പ് വൈദ്യസേവനത്തിന് ഫീസ് ഈടാക്കാന്‍ ആരംഭിച്ചു. വൈദ്യസഹായം അപ്രാപ്യമായിത്തീര്‍ന്ന വടക്കു പടിഞ്ഞാറന്‍ സിന്‍ജിയാങിലെ മുസ്ലിംകള്‍ ഇതിനെ വിമര്‍ശിച്ചു. ഇതുപോലുള്ള കാര്യങ്ങള്‍ അടിച്ചമര്‍ത്തലിന് കാരണമാണ്.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലെ വിവിധ മുസ്ലിം വംശീയ വിഭാഗങ്ങളോട് പക്ഷപാതപരമായാണ് ചൈന പെരുമാറുന്നത്. ഇസ്‌ലാമിനെ അപമാനിക്കാന്‍ വേണ്ടി 'സിംഗ്‌ഫെങ്സു' (ലൈംഗിക ഇഷ്ടാനുസൃത ജീവിതങ്ങള്‍) എന്ന പുസ്തകം ചൈനയില്‍ പ്രസിദ്ധികരിച്ചപ്പോള്‍, 1989-ല്‍ ചൈനീസ് ഹുയി മുസ്ലിംകള്‍ ലാന്‍ഷന്‍വിലും ബീജിംഗിലും നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന്, അതെഴുതിയ ആളെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ സമയത്ത് ചൈനീസ് പോലീസ് ഹുയി മുസ്‌ലിം പ്രക്ഷോഭകര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. ചൈനീസ് സര്‍ക്കാര്‍ ഈ പുസ്തകം പരസ്യമായി കത്തിച്ചു. പിന്നീട് ആ പുസ്തകം നിരോധിച്ചു. ഉയിഗൂര്‍ മുസ്ലിംകള്‍ക്ക്  ഹുയി മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന ഈ പരിഗണന ഒരിക്കലും കിട്ടുന്നില്ല. പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ സ്വത്ത് നശിപ്പിച്ച് അക്രമാസക്തരായ  ഹുയി മുസ്‌ലിം പ്രക്ഷോഭകരെ ശിക്ഷ നല്‍കാതെ വിട്ടയച്ചു. എന്നാല്‍ ഉയിഗൂര്‍ മുസ്‌ലിംകളെ ശിക്ഷിച്ചു!
ഹുയി മുസ്ലിംകള്‍ക്ക് മതസ്വാതന്ത്ര്യമുണ്ട്. മതം ആചരിക്കാനും പള്ളികള്‍ പണിയാനും കുട്ടികളെ പള്ളികളിലയക്കാനും അവര്‍ക്ക് സാധിക്കുന്നു. അതേസമയം ധാരാളം നിയന്ത്രണങ്ങളുണ്ട്, സിന്‍ജിയാങിലെ ഉയിഗൂര്‍ മുസ്ലിംകള്‍ക്ക്. 1980- കള്‍ മുതല്‍ ഇസ്‌ലാമിക് പ്രൈവറ്റ് സ്‌കൂളുകള്‍ (ചൈന-അറബിക്‌സ്) മുസ്‌ലിം പ്രദേശങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ തുറന്നപ്പോള്‍, സിന്‍ജിയാങിനെ അതില്‍നിന്ന് ഒഴിവാക്കി. 

'പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍'
പടിഞ്ഞാറന്‍ സിന്‍ജിയാങിലെ ലക്ഷക്കണക്കിനു മുസ്ലിംകളെ എക്സ്ട്രാ ജുഡീഷ്യല്‍ തടങ്കല്‍പാളയങ്ങളില്‍ (Extra-Judicial Internment Camps)  തടവിലാക്കിയതായി 2018 മെയ് മാസത്തില്‍ പാശ്ചാത്യ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയെ ചൈനീസ് അധികാരികള്‍ 'റീ എജുക്കേഷന്‍  ക്യാമ്പുകള്‍' എന്നും പിന്നീട് 'തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍' എന്നുമാണ് വിളിച്ചത്. ഭീകരതയും മതതീവ്രവാദവും ചെറുക്കാന്‍ 'പുനര്‍ വിദ്യാഭ്യാസം' നല്‍കുന്നു എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 2018  ആഗസ്റ്റില്‍ ഐക്യരാഷ്ട്രസഭ നല്‍കിയ വിശ്വസനീയമായ റിപ്പോര്‍ട്ട് പ്രകാരം, ദശലക്ഷം ഉയിഗൂറുകളായ മുസ്ലിംകളെ വളരെ രഹസ്യമായി പാ
ര്‍പ്പിച്ചിരിക്കുന്നത് വലിയൊരു തടങ്കല്‍പാളയത്തിലാണ്. അത്തരം ക്യാമ്പുകളെ നിരീക്ഷകര്‍ നാസി തടങ്കല്‍പാളയങ്ങളുമായാണ് താരതമ്യപ്പെടുത്തുന്നത്. 2018 ആഗസ്റ്റ് 31-ന് ഐക്യരാഷ്ട്ര സമിതി ചൈനീസ് സര്‍ക്കാരിനോട് വിചാരണ കൂടാതെ തടവിലിടുന്നത്  അവസാനിപ്പിക്കണമെന്നും തടങ്കലിലായവരെ മോചിപ്പിക്കണമെന്നും അന്തേവാസികളുടെ എണ്ണം, കാരണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. 
1950-കളില്‍ സ്വയംഭരണ പ്രവിശ്യയായി സിന്‍ജിയാങ് മാറിയതിനുശേഷം ധാരാളം ഹാന്‍ (ചൈനീസ് വംശജര്‍) സിന്‍ജിയാങിലേക്ക് മാറിത്താമസിക്കാന്‍ തുടങ്ങി. 1990-നു ശേഷം ഈ പ്രവാഹം ശക്തിപ്പെട്ടു.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിന്‍ജിയാങിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചില്‍ രണ്ട് ഭാഗവും ഹാന്‍ ആയിരുന്നു. കാലക്രമേണ ഉയിഗൂര്‍,  ഹാന്‍ വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വവും വംശീയ സംഘര്‍ഷങ്ങളും വളര്‍ന്നു. ഇത് ഒടുവില്‍ പ്രതിഷേധങ്ങള്‍ക്കും മറ്റു അസ്വസ്ഥതകള്‍ക്കും കാരണമായി. 2009 ജൂലൈയില്‍, അര്‍മിയില്‍ നടന്ന ലഹളയില്‍ 200-ഓളം പേര്‍ (കൂടുതലും ഹാന്‍ ചൈനീസ് വംശജര്‍ എന്ന് ചൈനീസ് അധികാരികള്‍ പറയന്നു) കൊല്ലപ്പെടുകയും 1,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  അതിനു ശേഷം, അക്രമസംഭവങ്ങള്‍ വര്‍ധിച്ചു. ഈ സംഭവത്തിനു ശേഷം ചൈനീസ് അധികൃതര്‍ ഉയിഗൂര്‍ മുസ്ലിംകളെ വിമതരും വിഘടനവാദികളുമായി കണ്ട് കടന്നാക്രമണം നടത്തുകയായിരുന്നു.   'സുരക്ഷ'യുടെ പേര് പറഞ്ഞ് ഉയിഗൂര്‍ മുസ്ലിംകള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ ക്യാമറകളും ചെക്ക്പോസ്റ്റുകളും സ്ഥാപിച്ചു; പോലീസ് പട്രോളിംഗും പതിവാക്കി. 
പുരാതന വാണിജ്യ പാത(ടശഹസ ഞീമറ)യുടെ ഹൃദയഭാഗത്ത് വസിക്കുന്ന ഉയിഗൂറുകളെ, ചൈനയുടെ സാമ്പത്തിക വികസനത്തിനും മറ്റും തടസ്സമായിട്ടാണ് ബീജിംഗ് കാണുന്നത്. 152 രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള വികസനവും നിക്ഷേപങ്ങളും ഉള്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച ആഗോള വികസനതന്ത്രമാണ് ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് (BRI). ചൈന ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നു. അതിവേഗ റെയില്‍വേയും മറ്റ് നവീകരിച്ച ഗതാഗത വികസനവും ഉപയോഗിച്ച്, ചൈനയും മിഡില്‍ ഈസ്റ്റും തമ്മില്‍ ഒരേസമയം കര, സമുദ്ര വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നു എന്ന് ഷാങ്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ 'ചരിത്രവും അന്താരാഷ്ട്ര രാഷ്ട്രീയ സമ്പദ്വ്യവസ്ഥയും' എന്ന വിഷയത്തില്‍ പ്രഫസറായ വാങ്ജിയാന്‍ പറഞ്ഞു.  ബി.ആര്‍.ഐ പദ്ധതികളിലെ സാമ്പത്തിക വികസനം സംബന്ധിച്ച ചൈനയുടെ വാഗ്ദാനങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ ഉയിഗൂറുകള്‍ക്കു വേണ്ടി നിലകൊള്ളുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് എസ്.എം.ഇ.ടി(Turkey-based Society of the Muslim Scholars of East Turkistan -SMSET) യുടെ വക്താവ് വാദിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍