Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

പ്രക്ഷോഭകാലത്ത് തുഹ്ഫ വായിക്കുമ്പോള്‍

ബഷീര്‍ തൃപ്പനച്ചി

കേരള മുസ്ലിംകളുടെ ആത്മീയ-സാമൂഹിക ജീവിതത്തെ ഏറെ സ്വാധീനിച്ച പണ്ഡിതന്മാരാണ് മഖ്ദൂമുമാര്‍. അവരില്‍ പ്രമുഖനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. ചരിത്രത്തില്‍ രണ്ട് സൈനുദ്ദീന്‍ മഖ്ദൂമുമാരുണ്ട്. പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപിച്ച് അവിടെ പള്ളി ദര്‍സാരംഭിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമനാണ് ആദ്യത്തെയാള്‍. യമനിലെ മഅ്ബറില്‍നിന്നാണ് മഖ്ദൂം കുടുംബം കേരളത്തിലെത്തുന്നത്. ഹിജ്റ ഒമ്പതാം ശതകത്തില്‍ അവര്‍ പൊന്നാനിയിലെത്തി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനും സാമ്രാജ്യത്വവിരോധിയുമായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അറബി വിപ്ലവകാവ്യമായ തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദിസ്സുല്‍ബാന്‍ എഴുതിയത് അദ്ദേഹമാണ്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്റെ മൂന്നാമത്തെ പുത്രനായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ മകനാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍. അഹ്മദ് സൈനുദ്ദീനുബ്നു മുഹമ്മദില്‍ ഗസ്സാലിബ്നു സൈനുദ്ദീനുബ്നു അലിയ്യുബ്നു അഹ്മദ് എന്നാണ് പൂര്‍ണനാമം. സൈനുദ്ദീന്‍ മഖ്ദൂം  അസ്സ്വഗീര്‍ എന്നും വിളിക്കപ്പെടുന്നു. പിതാവ് മുഹമ്മദുല്‍ ഗസ്സാലി വടക്കേ മലബാറിലെ ഖാദിയായിരുന്നു. മാഹിക്കടുത്ത ചോമ്പാലിലെ വലിയ ജുമുഅത്ത് പള്ളി നിര്‍മിച്ചത് ഇദ്ദേഹമാണ്. ചോമ്പാലിലെ  വലിയകത്ത് തറകെട്ടി തറവാട്ടിലെ അംഗമായിരുന്നു സൈനുദ്ദീന്‍ മഖ്ദൂമിന്റെ മാതാവ്. ഹിജ്റ 938-ല്‍ ചോമ്പാലിലാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ജനിച്ചത്. പിതൃസഹോദരനായ പൊന്നാനി ദര്‍സിലെ അന്നത്തെ പ്രധാന അധ്യാപകന്‍ മഖ്ദൂം അബ്ദുല്‍ അസീസിന്റെ കീഴിലാണ് അദ്ദേഹം പഠനമാരംഭിച്ചത്. അവിടത്തെ പഠനശേഷം ഉപരിപഠനത്തിനായി മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് പോയി. അവിടെ പത്തുവര്‍ഷത്തോളം വ്യത്യസ്ത അധ്യാപകര്‍ക്കു കീഴില്‍ പഠിച്ചു. ഇസ്ലാമിക വിഷയങ്ങളില്‍, പ്രത്യേകിച്ച് ഹദീസിലും ഫിഖ്ഹിലും അവഗാഹം നേടി. ശാഫീഈ ഫിഖ്ഹിലെ പണ്ഡിതന്മാരില്‍ പ്രമുഖനായ  ഇമാം ഇബ്നുഹജര്‍ ഹൈത്തമി മക്കയിലെ അദ്ദേഹത്തിന്റെ പ്രധാന അധ്യാപകരിലൊരാളാണ്.
    മക്കയിലെ പഠനശേഷം തിരിച്ചെത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍ പൊന്നാനി പള്ളിദര്‍സിലെ മുഖ്യ ഗുരുനാഥനായി സേവനമാരംഭിച്ചു. 36 വര്‍ഷത്തോളം അദ്ദേഹം അവിടെ അധ്യാപനം നടത്തി.  ഇതിനിടയില്‍ ഗ്രന്ഥരചനകളും നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ഫീ ശറഹി ഖുര്‍റത്തുല്‍ ഐന്‍ എന്ന ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തും മതപാഠശാലകളിലെ അംഗീകൃത ടെക്സ്റ്റ് ബുക്കായിരുന്നു. ഒട്ടേറെ പണ്ഡിതന്മാര്‍ ഫത്ഹുല്‍ മുഈന് വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. തസ്വവ്വുഫ് ഉള്ളടക്കമായ ഇര്‍ശാദുല്‍ ഇബാദാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം. അല്‍ അജ്വിബത്തുല്‍ അജീബ, അഹ്കാമുന്നികാഹ് എന്നിവയും ശൈഖിന്റെ പ്രധാന രചനകളാണ്. ഏറ്റവും പ്രചാരം നേടിയ ശൈഖിന്റെ ഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചരിത്ര പുസ്തകമാണ്.

തുഹ്ഫത്തുല്‍ മുജാഹിദീന്‍
    15, 16 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച ലോകപ്രശസ്ത അറബി ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. കേരളത്തെ സംബന്ധിച്ച് എഴുതപ്പെട്ട ആദ്യ ചരിത്രഗ്രന്ഥം കൂടിയാണിത്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅസി അഖ്ബാരില്‍ ബുര്‍ത്തുഗാലിയ്യിന്‍ എന്നാണ് അറബിയില്‍ എഴുതിയ പുസ്തകത്തിന്റെ പൂര്‍ണനാമം. 'പോരാളികള്‍ക്ക് പോര്‍ച്ചുഗീസുകാരുടെ വിവരങ്ങളടങ്ങിയ ഒരു  പാരിതോഷികം' എന്നാണ് ഇതിനര്‍ഥം. 1498 മുതല്‍ 1583 വരെ മലബാറില്‍ നടന്ന പോര്‍ച്ചുഗീസ് അക്രമങ്ങളുടെയും അവക്കെതിരെ സാമൂതിരിയും കൂഞ്ഞാലി മരക്കാര്‍മാരുമടങ്ങുന്ന മുസ്‌ലിം പോരാളികളും നടത്തിയ പ്രതിരോധത്തിന്റെയും പ്രത്യാക്രമണങ്ങളുടെയും ചരിത്രം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇതില്‍ സവിസ്തരം വിവരിക്കുന്നു. പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട പല ചരിത്രസംഭവങ്ങള്‍ക്കും ഗ്രന്ഥകര്‍ത്താവ് തന്നെ നേര്‍സാക്ഷിയായതിനാലാണ് തുഹ്ഫത്തുല്‍ മുജാഹിദീന് ഇത്രയും ആധികാരികതയും പ്രശസ്തിയും കൈവന്നത്.
കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ വരവും അതിന്റെ പ്രചാരവും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്ന സമൂഹങ്ങളുടെ ജീവിതരീതികളും ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ 15, 16 നൂറ്റാണ്ടിലെ കേരളത്തെ പഠിക്കാന്‍  ലഭ്യമായ ഏറ്റവും  മികച്ച റഫറന്‍സ് കൂടിയാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. ഈ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞതിനാലാണ്  നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തുഹ്ഫ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. 38 ഭാഷകളില്‍ ഇന്ന് തുഹ്ഫത്തുല്‍ മുജാഹിദീന്‍ ലഭ്യമാണ്. ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക് തുടങ്ങിയ ലോകഭാഷകളിലും ഉര്‍ദു, പേര്‍ഷ്യന്‍, ഗുജറാത്തി, കന്നട, തമിഴ്, മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും തുഹ്ഫക്ക് പരിഭാഷകളുണ്ട്. പുസ്തകം എഴുതപ്പെട്ട കാലത്തു തന്നെ അറബി കൈയെഴുത്തു പ്രതികള്‍ ഇന്ത്യക്കകത്തും പുറത്തും പ്രചാരം നേടിയിരുന്നു. അറബി ഭാഷയില്‍ ആദ്യമായി ഇത് പ്രിന്റ് ചെയ്തത്   ലിസ്ബണില്‍നിന്നാണ്. അതിന്റെ ഒരു കോപ്പി ഇപ്പോഴും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ ഉണ്ടെന്ന് ചരിത്രകാരന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തിയിട്ടുണ്ട്. 1931-ല്‍ ഹൈദറാബാദിലെ ഹകീം ശംസുല്ല ഖാദിയും ഇത് അറബിഭാഷയില്‍ അച്ചടിച്ചിട്ടുണ്ട്. ഉര്‍ദുവിലേക്ക് തുഹ്ഫ വിവര്‍ത്തനം ചെയ്തതും ഇദ്ദേഹം തന്നെയാണ്.
    ഇംഗ്ലീഷില്‍ ഒന്നിലേറെ പരിഭാഷകള്‍ തുഹ്ഫക്കുണ്ട്. 1833-ലാണ് ആദ്യ ഇംഗ്ലീഷ് പരിഭാഷ. മദ്രാസ് ഗവണ്‍മെന്റില്‍ പരിഭാഷകനായിരുന്ന എം.ജെ റൗലണ്ട്‌സന്റെ വകയായിരുന്നു അത്. പിന്നീട് പല കാലങ്ങളിലായി അമേഴ്‌സണ്‍, ജയിംസ് ബ്രിഗ്സ്, റോക്സ്, പ്രഫ. മുഹമ്മദ് ഹുസൈന്‍ നൈനാര്‍ എന്നിവരും തുഹ്ഫ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തവരാണ്. മലയാളത്തില്‍ തുഹ്ഫയുടെ മൂന്ന് പരിഭാഷകളുണ്ട്. ആദ്യ തര്‍ജമ 1936-ല്‍ കെ. മൂസ്സാന്‍ കുട്ടി മൗലവി അറബി മലയാളത്തില്‍ നിര്‍വഹിച്ചതാണ്. ഇത് പിന്നീട് മലയാളത്തിലും അച്ചടിച്ചു. ബ്രിട്ടീഷ് ഭരണകാലമായതിനാല്‍ ജിഹാദിനെ സംബന്ധിച്ച് വിശദമായി വിവരിക്കുന്ന അധ്യായമായ 'അഹ്കാമുല്‍ ജിഹാദ്' എന്ന ഭാഗം ഈ പരിഭാഷയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജിഹാദ് ശ്രദ്ധയില്‍പെട്ടാല്‍ ബ്രിട്ടീഷുകാര്‍ പുസ്തകം നിരോധിക്കുമെന്ന ഭയത്താലാകാം ആ ഭാഗം മൂസ്സാന്‍ കുട്ടി മൗലവി തര്‍ജമയില്‍നിന്ന് ഒഴിവാക്കിയത്. 1963-ല്‍ വേലായുധന്‍ പണിക്കശ്ശേരിയാണ് രണ്ടാമത്തെ വിവര്‍ത്തനം നിര്‍വഹിച്ചത്. മൂലഗ്രന്ഥമായ അറബിയില്‍നിന്ന് നേരിട്ടായിരുന്നില്ല ഈ തര്‍ജമ. അതിന്റെ ചില പോരായ്മകള്‍ ആ കൃതിക്കുണ്ട്. 1995-ല്‍ സി. ഹംസയുടേതായി പുറത്തിറങ്ങിയതാണ് മൂന്നാമത്തെ പരിഭാഷ. അറബിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷയാണിത്. വിശദമായ കുറിപ്പുകളും ഡോ. കെ.എന്‍ പണിക്കരുടെയും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെയും ആമുഖ ലേഖനങ്ങളും  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുഹ്ഫയുടെ ഉള്ളടക്കം
നാലു ഭാഗങ്ങളായാണ് തുഹ്ഫയെ ക്രമീകരിച്ചിരിക്കുന്നത്. പുസ്തകം രചിക്കാനുണ്ടായ ലക്ഷ്യം  മുഖവുരയില്‍ മഖ്ദൂം രേഖപ്പെടുത്തുന്നുണ്ട്. അതിങ്ങനെയാണ്: ''സത്യവിശ്വാസികളെ കുരിശുപൂജകരായ പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞാനിത് രചിച്ചത്. പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിം പ്രദേശങ്ങള്‍ കടന്നാക്രമിക്കുക നിമിത്തം അവരോട്  യുദ്ധം ചെയ്യേണ്ടത് ഓരോ മുസ്‌ലിമിന്റെയും വ്യക്തിപരമായ ബാധ്യതയായിത്തീര്‍ന്നതാണ് ഇതിന്റെ നിര്‍മിതിയുടെ സന്ദര്‍ഭം.''
ലക്ഷ്യം പറഞ്ഞ ശേഷം അന്നത്തെ ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന അലി ആദില്‍ ഷാക്ക് (ഭരണകാലം 1557-1580) പുസ്തകം സമര്‍പ്പിക്കുന്നു.  പോര്‍ച്ചുഗീസുകാര്‍ക്കെതിരിലുള്ള പോരാട്ടത്തില്‍ ബീജാപ്പുര്‍ സുല്‍ത്താന്‍ മലബാര്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ സൈനിക സഹായങ്ങള്‍ സവിസ്തരം ഈ സമര്‍പ്പണശേഷം വിശദമാക്കുന്നു.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ജിഹാദിനിറങ്ങാന്‍ മുസ്‌ലിംകളോട് നടത്തുന്ന ആഹ്വാനമാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിന്റെ ഉള്ളടക്കം. അതിനായി ജിഹാദ് അനിവാര്യമായിത്തീരുന്ന സാമൂഹിക സന്ദര്‍ഭം വിവരിച്ച ശേഷം, ജിഹാദിന്റെ പ്രാധാന്യവും അത് നിര്‍വഹിക്കുന്നവര്‍ക്ക് ഇസ്‌ലാം വാഗ്ദാനം നല്‍കുന്ന പ്രതിഫലവും വിശദീകരിക്കുന്നു. ഖുര്‍ആനൂം ഹദീസുകളും ഉദ്ധരിച്ചാണ് ജിഹാദും അതിന്റെ ശ്രേഷ്ഠതയും മഖ്ദൂം രേഖപ്പെടുത്തുന്നത്. പോര്‍ച്ചുഗീസുകാര്‍ക്കെതിരിലുള്ള ജിഹാദ് 'ഫര്‍ദ് ഐന്‍' (ഓരോ മുസ്‌ലിം വ്യക്തിക്കും നിര്‍ബന്ധമായ ദീനീബാധ്യത) ആണെന്ന മഖ്ദൂമിന്റെ പ്രശസ്ത ഫത്‌വ ഈ അധ്യായത്തിലാണ്. ഈ  ഫത്വയില്‍ പ്രചോദിതരായാണ് കുഞ്ഞാലി മര്‍ക്കാര്‍മാരടക്കമുള്ള സേനാനായകന്മാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ രക്തസാക്ഷിത്വം വരിക്കുന്നതു വരെ അടരാടിയതെന്ന് പല ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ നേരിട്ടു തന്നെ ഈ പോരാട്ടത്തിന് ശക്തി പകരാന്‍ രംഗത്തിറങ്ങിയിരുന്നു. സാമൂതിരിക്കു വേണ്ടി സൈനിക സഹായങ്ങള്‍ അഭ്യര്‍ഥിച്ച്  ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം സുല്‍ത്താന്മാര്‍ക്ക് അറബിയില്‍ കത്ത് തയാറാക്കിയിരുന്നത് സൈനുദ്ദീന്‍ മഖ്ദൂമായിരുന്നു. അത്തരമൊരു കത്ത് താന്‍ നേരില്‍ കണ്ടതായി ഗവേഷകനായ ഡോ. ഹമീദുല്ല രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചതിന്റെ ചരിത്രം സംക്ഷിപ്തമായി വിവരിക്കുന്നതാണ് തുഹ്ഫയുടെ രണ്ടാം ഭാഗം. മലബാറിലെ ഒരു രാജാവ് മക്കയിലേക്കു പോയി ഇസ്‌ലാം സ്വീകരിക്കുന്ന, അന്നേ പ്രസിദ്ധമായ ചരിത്രം മഖ്ദൂമും തുഹ്ഫയില്‍ എടുത്തു ചേര്‍ക്കുന്നു. പിന്നീട് മാലികുബ്നു ദീനാറിന്റെയും സഹോദരപുത്രനായ മാലികുബ്നു ഹബീബിന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ ഇസ്‌ലാം പ്രചരിക്കുന്ന ചരിത്രമാണ് പറയുന്നത്. ശ്രീകണ്ഠാപുരം, ധര്‍മടം, പന്തലായനി, ചാലിയം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ മാലികുബ്നു ഹബീബ് താമസിക്കുകയും അവിടങ്ങളിലെല്ലാം പള്ളികള്‍ പണിയുകയും ചെയ്യുന്നു. അവ കേന്ദ്രീകരിച്ച് മുസ്‌ലിം സമൂഹങ്ങള്‍ രൂപപ്പെടുന്നു. ക്രമേണ കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത പ്രബല കച്ചവടസംഘമായി മുസ്‌ലിം  സമൂഹം മാറുന്നതിന്റെ ചിത്രം മഖ്ദൂം വരച്ചിടുന്നു.
കേരളത്തിലെ മുസ്‌ലിംകളല്ലാത്ത മുഴുവന്‍ വിഭാഗങ്ങളുടെയും മത - സാമൂഹിക ജീവിതരീതികളാണ് മൂന്നാം ഭാഗത്ത് വിശദീകരിക്കുന്നത്. അന്നേ മലയാളനാട്ടില്‍ നിലനിന്നിരുന്ന  ജാതിവ്യവസ്ഥയും ഓരോ ജാതിക്കാരും അനുഷ്ഠിച്ചിരുന്ന വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും  സവിസ്തരം ഈ ഭാഗത്ത് അടയാളപ്പെടുത്തുന്നുണ്ട്. ബ്രാഹ്മണര്‍, നായന്മാര്‍, തട്ടാന്‍, ആശാരി, കരുവാന്‍, തീയന്‍, മുക്കുവന്‍, പുലയര്‍ എന്നീ ജാതിവിഭാഗങ്ങളെയെല്ലാം സവിശേഷം പരിചയപ്പെടുത്തിയ ശേഷമാണ്  അവരുടെ വിശ്വാസാചാര രീതികള്‍ മഖ്ദൂം രേഖപ്പെടുത്തുന്നത്.
പുസ്തകത്തിന്റെ പകുതിയിലധികം വരുന്ന നാലാം ഭാഗമാണ് തുഹ്ഫയുടെ മുഖ്യ ഉള്ളടക്കമെന്ന് പറയാം. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഒരു നൂറ്റാണ്ടുകാലം മലബാറില്‍ നടന്ന ചെറുത്തുനില്‍പ്പിന്റെയും അതിന്  നേതൃത്വം വഹിച്ച മുസ്‌ലിം സമൂഹത്തിന്റെയും അധിനിവേശവിരുദ്ധ പോരാട്ട ചരിത്രമാണ് ഈ അവസാന ഭാഗത്തുള്ളത്. 14 അധ്യായങ്ങളായാണ് ഗ്രന്ഥകര്‍ത്താവ് ഈ ഭാഗം ക്രമീകരിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെ വരവും ലക്ഷ്യവും, അവരിവിടെ ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ എന്നിവയാണ് നാലാം ഭാഗത്തെ ആദ്യ അധ്യായങ്ങളില്‍ വിശദീകരിക്കുന്നത്. പിന്നീട് സാമൂതിരിയുടെയും മുസ്‌ലിം സമൂഹത്തിന്റെയും നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്‍പ്പുകളെപ്പറ്റി പറയുന്നു. കുഞ്ഞാലി മരക്കാര്‍മാരുടെ നേതൃത്വത്തില്‍ നടന്ന സാഹസിക പോരാട്ടങ്ങളും അവരുടെ രക്തസാക്ഷിത്വവുമെല്ലാം ഈ ഭാഗത്ത് വിവരിക്കുന്നു. പല കാലങ്ങളില്‍ വ്യത്യസ്ത സാമൂതിരിമാര്‍ പോര്‍ച്ചുഗീസുകാരുമായുണ്ടാക്കിയ സന്ധികളുടെ വിശദാംശങ്ങളും പോര്‍ച്ചുഗീസുകാരുടെ ചതിപ്രയോഗങ്ങളും സാമൂതിരിയില്ലാതെ ഒറ്റക്ക് മുസ്‌ലിം സമൂഹം നടത്തിയ  പോരാട്ടങ്ങളുമാണ് തുടര്‍ അധ്യായങ്ങളില്‍. പോര്‍ച്ചുഗീസുകാരില്‍നിന്ന് ചാലിയം കോട്ട പിടിച്ചെടുത്ത ശ്രദ്ധേയ പോരാട്ടം പ്രത്യേക അധ്യായങ്ങളായി തുഹ്ഫയില്‍ വരുന്നുണ്ട്. പ്രധാന സംഭവങ്ങളെല്ലാം  കൃത്യമായി വര്‍ഷങ്ങള്‍ സൂചിപ്പിച്ച് രേഖപ്പെടുത്തിയ ചരിത്രരചനാശൈലിയായതിനാല്‍  15,16  നൂറ്റാണ്ടുകളിലെ കേരള ചരിത്രം പഠിക്കുന്നവര്‍ക്ക്  ഒഴിച്ചുകൂടാനാകാത്ത റഫറന്‍സ് കൃതിയാണ്  തുഹ്ഫത്തുല്‍ മുജാഹിദീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍