ജനകീയ പ്രക്ഷോഭങ്ങളിലെ മുസ്‌ലിം പ്രതിനിധാനം
സംഘ് പരിവാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യന്‍ മുസ്ലിംകള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെയും അതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളിലൂടെയും പൊടുന്നനെ ഉരുത്തിരിഞ്ഞുവന്നത്. മുസ്ലിംകളെ പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ട് മോദി ഭരണകൂടം ഓരോ നിയമങ്ങള്‍ കൊണ്ടുവരുമ്പോഴും അടുത്തത് ഏത് എന്ന് ആശങ്കയോടെ ഉറ്റുനോക്കുകയായിരുന്നു സമുദായം. രാജ്യത്തെ മുഴുവന്‍ ഭീതിയും മൗനവും ആവരണം ചെയ്ത സമയത്ത് എങ്ങനെ പ്രതികരിക്കണം എന്ന് അവര്‍ക്കും അറിയില്ലായിരുന്നു. മുത്ത്വലാഖ് നിരോധിക്കാനെന്ന പേരില്‍ വലിയ മനുഷ്യാവകാശ ലംഘനം ഉള്‍ക്കൊള്ളുന്ന ഒരു നിയമം പാര്‍ലമെന്റ് പാസ്സാക്കിയപ്പോള്‍ മുസ്ലിം സ്ത്രീയുടെ തുല്യാവകാശത്തിന്റെ മറവില്‍ അത് ന്യായീകരിക്കപ്പെട്ടു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനം വന്നപ്പോള്‍, ദേശീയതയുടെ പേരില്‍ അത് മഹത്വവത്കരിക്കപ്പെട്ടു; എതിര്‍ക്കുന്നവരൊക്കെ ദേശദ്രോഹികളായി മാറി. അതും കഴിഞ്ഞ് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുത്തുകൊണ്ട് ഏകപക്ഷീയമായ കോടതിവിധി വന്നപ്പോള്‍, ഭൂരിപക്ഷത്തിന്റെ വികാരം മാനിച്ച് മുസ്ലിംകള്‍ വിധി അംഗീകരിക്കണമെന്ന് ഉപദേശിക്കാന്‍ ധാരാളം ആളുകളുണ്ടായി. ചരിത്രപ്രധാനവും അത്യന്തം മതേതരവുമായ വിധി എന്നു പോലും അത് വാഴ്ത്തപ്പെട്ടു. സത്യം വിളിച്ചുപറയാന്‍ രാജ്യത്ത് കുറച്ചാളുകള്‍ എപ്പോഴും ഉണ്ടായിരുന്നുവെങ്കിലും ഫാഷിസം വ്യവസ്ഥാപിതമായി സൃഷ്ടിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷത്തില്‍ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടു. അത് ഏറ്റുപറയാന്‍ ആളുകള്‍ ഇല്ലാതെ പോയി. ഏറ്റവും കടുത്ത നടപടികള്‍ക്ക് മണ്ണ് പാകപ്പെട്ടു എന്ന് ഭരണകൂടത്തിന് തോന്നിത്തുടങ്ങിയ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചുട്ടെടുത്തതും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതും. പാര്‍ലമെന്റിലെ ചെറിയ ഒച്ചപ്പാടുകള്‍ക്കു ശേഷം രാജ്യം വീണ്ടും മൗനത്തിന്റെ വാത്മീകത്തിലേക്ക് ചുരുണ്ടുകൂടി. വ്യത്യസ്തമായ കാരണങ്ങളാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ മാത്രമായിരുന്നു അപവാദം. അപ്പോഴാണ് അലീഗഢിന്റെയും ജാമിഅ മില്ലിയ്യയുടെയും കാമ്പസുകളില്‍നിന്ന് പ്രതിഷേധത്തിന്റെ തിരി ജ്വലിച്ചതും രാജ്യത്തുടനീളം അത് ആളിപ്പടര്‍ന്നതും. പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍ ഇനിയും വിശദീകരിക്കേണ്ടതില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ക്ക്, അവരുടെ പങ്കാളിത്തത്തോടും അല്ലാതെയും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ എന്തൊക്കെയാണെന്നും ഭാവിയിലേക്ക് എന്ത് സൂചനകളാണ് അത് ഉള്‍ക്കൊള്ളുന്നതെന്നും സംബന്ധിച്ച ചില ആലോചനകള്‍ പങ്കുവെക്കുകയാണിവിടെ.
കൃത്യമായ മുസ്ലിംവിരുദ്ധ അജണ്ടകളുള്ള സംഘ് പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ മുസ്ലിംകള്‍ എങ്ങനെ നേരിടണം എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് സംഘ് പരിവാര്‍ അതിന്റെ അജണ്ടകള്‍ ഒന്നൊന്നായി നടപ്പില്‍ വരുത്തുമ്പോള്‍, ചോദ്യം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ഉത്തരങ്ങള്‍ അകന്നകന്നു പോവുകയുമായിരുന്നു. ശക്തമായ നേതൃത്വമോ കൃത്യമായ ദിശാബോധമോ സമുദായത്തിന് ഇല്ലായിരുന്നെങ്കില്‍ പോലും, സംഘ് പരിവാറിനെ എതിര്‍ക്കുന്ന എല്ലാവരുമായും ചേര്‍ന്നുകൊണ്ട് മാത്രമേ ഈ ആപത്തിനെ നേരിടാന്‍ കഴിയൂ എന്ന സാമാന്യമായ തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പറ്റിയ ഒരു ബദല്‍ മുന്നണിയുടെ അസാന്നിധ്യം അവരെ നിസ്സഹായരാക്കി. പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ സീറ്റുകള്‍ കുറയ്ക്കാനെങ്കിലും പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നെങ്കില്‍ ഇത്ര ലാഘവത്തോടെ ബില്ലുകള്‍ ചുട്ടെടുക്കാന്‍ മോദി ഭരണകൂടത്തിന് കഴിയുമായിരുന്നില്ല. ഫാഷിസം ഭീഷണിയുയര്‍ത്തുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമല്ല എന്നറിയാമായിരുന്നിട്ടും ജനാധിപത്യത്തിലൂടെ അതിനെ പ്രതിരോധിക്കുന്നതില്‍ രാജ്യവും ജനതയും ദയനീയമായി പരാജയപ്പെട്ടതിന്റെ ഫലമാണ് മോദി ഭരണകൂടത്തിന്റെ അത്യന്തം ഭീഷണമായ രണ്ടാമൂഴം.
നോട്ടുനിരോധവും ജി.എസ്.ടിയും സാമ്പത്തികത്തകര്‍ച്ചയും സൃഷ്ടിച്ച ജനരോഷത്തെ അതിജീവിച്ചുകൊണ്ട് സംഘ് പരിവാര്‍ വീണ്ടും അധികാരത്തിലേറി, രാജ്യത്തെ കുറുകെ പിളര്‍ക്കുന്ന ഫാഷിസ്റ്റ് അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കിത്തുടങ്ങി. മുസ്ലിംവിരുദ്ധ നിയമങ്ങളുടെ മറുപുറത്ത് വിദ്യാഭ്യാസ മേഖലയെയും തൊഴില്‍ മേഖലയെയും കാര്‍ഷിക മേഖലയെയും അട്ടിമറിക്കുന്ന കോര്‍പ്പറേറ്റനുകൂല നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു. പൗരത്വ ഭേദഗതി ബില്ല് വരുന്നതിനും മുമ്പേ തുടങ്ങിയതാണ് ഫീസ് വര്‍ധനക്കെതിരായ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍. സര്‍വകലാശാലകളെ സ്വന്തം വരുതിയില്‍ നിര്‍ത്താനും മുസ്ലിം-ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനം ദുഷ്‌കരമാക്കാനുമുള്ള അജണ്ടയാണ്, സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചും, അധികാരത്തിന്റെ ശക്തി ഉപയോഗിച്ചും ഭരണകൂടം കാമ്പസുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു.
പൗരത്വ ഭേദഗതി ബില്ലും, ദേശീയ പൗരത്വ പട്ടികയും രാജ്യത്തുടനീളം നടപ്പാക്കുമെന്ന ധൃതിപിടിച്ച പ്രഖ്യാപനവും ഫാഷിസ്റ്റുകള്‍ക്ക് ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള കൈത്തെറ്റുകളില്‍ ഒന്നായി വിലയിരുത്തപ്പെട്ടേക്കാം. ഇന്ത്യ സ്വയം വീണ്ടെടുക്കാന്‍ നിമിത്തമായത് ഈ നിയമ നടപടികളാണല്ലോ. ഭീതിയുടെ പുറംതോട് തകര്‍ക്കപ്പെട്ടതോടെ ജനം തെരുവിലിറങ്ങി. സംഘ് പരിവാറിന്റെയോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മുസ്ലിം സംഘടനാ നേതൃത്വങ്ങളുടെയോ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു ജനകീയ പ്രക്ഷോഭങ്ങളുടെ വ്യാപ്തിയും വൈവിധ്യവും. മുസ്ലിംകള്‍ വളരെ കാലമായി ഉത്തരം അന്വേഷിച്ചുകൊണ്ടിരുന്ന ഒരു പ്രശ്നത്തിന് പൊടുന്നനെ രാജ്യത്തിന്റെ തെരുവുകളില്‍ മറുപടികള്‍ രൂപപ്പെട്ടു. സംഘ് പരിവാര്‍ ഭരണകൂടം ആസൂത്രിതമായും വ്യവസ്ഥാപിതമായും മുസ്ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍, മുന്നോട്ടുള്ള വഴിയെന്ത് എന്നതായിരുന്നു ആ ചോദ്യം. സുചിന്തിതമായ ഉത്തരങ്ങളൊന്നും മുന്നില്‍ കാണാതിരിക്കുകയും എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നു എന്ന തോന്നല്‍ ശക്തിപ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് രാഷ്ട്രീയ ബോധമുള്ള മുസ്ലിം യൗവനം പ്രതിഷേധത്തിന്റെ തീപ്പൊരിയായി മാറിയത്. പോലീസിന്റെ അടിച്ചമര്‍ത്തലില്‍ എരിഞ്ഞടങ്ങുമെന്ന് കരുതിയ ആ അഗ്‌നിജ്വാല രാജ്യമെമ്പാടും ആളിപ്പടര്‍ന്നുവെന്നത് അത്യന്തം ശുഭസൂചകമാണ്.
സി.എ.എയെയും എന്‍.ആര്‍.സിയെയും എതിര്‍ക്കുന്ന എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് അതിലെ മതപരമായ വിവേചനത്തെയും ഭരണഘടനാ വിരുദ്ധതയെയുമാണ്. പൗരത്വത്തില്‍നിന്ന് മുസ്ലിംകളെ പുറന്തള്ളാനുള്ള ഗൂഢാലോചന ഒരു മുസ്ലിം പ്രശ്നമായും രാജ്യം കാത്തുസൂക്ഷിച്ചുവരുന്ന ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമായും വിലയിരുത്തപ്പെടുന്നു. ഇത് ഒരു മുസ്ലിം പ്രശ്നമല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് കേരളത്തിലെ ചില ഇടതുപക്ഷക്കാരും അവരെ അനുകൂലിക്കുന്ന ചില ലിബറലുകളുമാണ്. കാര്യമറിയാതെ ചില മുസ്ലിം സംഘടനകളും ഈ പല്ലവി ഉരുവിടുന്നുണ്ട്. പൗരത്വ പ്രശ്‌നത്തെ ഒരു മുസ്ലിം പ്രശ്നം മാത്രമാക്കി ചുരുക്കുന്നതില്‍ അനൗചിത്യമുണ്ട്. ഒന്നാമത്തെ സമീപനത്തിന്റെ പ്രശ്നം മുസ്ലിം ഐഡന്റിയെത്തന്നെ അത് നിഷ്‌കാസനം ചെയ്യുന്നു എന്നതാണ്. പൗരത്വ വിഷയത്തില്‍ മുസ്ലിംകള്‍ സ്വന്തമായി പ്രതിഷേധിക്കരുത്, പ്രതിഷേധത്തില്‍ മുസ്ലിം ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്, മുസ്ലിം ചുവയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കരുത് തുടങ്ങിയ വാദങ്ങള്‍ ഇതിന്റെ പിറകെ വരും. വിഷയത്തെ ഒരു മുസ്ലിം പ്രശ്നം മാത്രമാക്കി ചുരുക്കുന്നതില്‍ രണ്ടു തരം അപകടങ്ങളുണ്ട്: ഒന്ന്, മറ്റു ജനവിഭാഗങ്ങള്‍ക്കും രാജ്യത്തിന് പൊതുവിലും പൗരത്വ നിയമം ഉള്‍പ്പെടെയുള്ള ഫാഷിസ്റ്റ് അജണ്ടകള്‍ വരുത്തിവെക്കുന്ന ദുരന്തങ്ങളെ നിസ്സാരവത്കരിക്കുന്നു. രണ്ട്, മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിലെ ഏതു വിഭാഗം പൗരന്മാരെയും പുറന്തള്ളാനുള്ള നീക്കം രാജ്യത്തിന്റെ പൊതു പ്രശ്നവും കൂടിയാണ് എന്ന വസ്തുത അവഗണിക്കുന്നു. ഈ രണ്ടു വശങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു സമീപനമാണ് മുസ്‌ലിംകള്‍ പൊതുവെ സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിംകളെ പൗരത്വത്തില്‍നിന്ന് പുറന്തള്ളാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു നിയമം മുസ്‌ലിംപ്രശ്‌നമല്ല എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവര്‍ എല്ലാതരം മുസ്‌ലിം പ്രതിനിധാനങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവരോ മുസ്‌ലിം രാഷ്ട്രീയാവിഷ്‌കാരങ്ങളെ അസ്വസ്ഥതയോടെ കാണുന്നവരോ ആണ്.
പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വപ്പട്ടിക (NRC), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) ഇവയെ പരസ്പരം ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോള്‍, മുഖ്യ ടാര്‍ഗറ്റ് മുസ്‌ലിംകള്‍ ആണെങ്കില്‍ തന്നെയും, മറ്റുള്ളവരെയും അത് പലതരത്തില്‍ ബാധിക്കുന്നുണ്ട് എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഓരോ പൗരനും അവന്റെ/ അവളുടെ പൗരത്വം ഏതെല്ലാമോ രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും തെളിയിക്കേണ്ടിവരും എന്നതാണ് അതിലെ അടിസ്ഥാനപരമായ മനുഷ്യവിരുദ്ധത. അങ്ങനെ തെളിയിക്കുന്നതില്‍ പരാജയപ്പെടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പൗരത്വം നഷ്ടപ്പെടും. ഇവിടെ മുസ്‌ലിമും മറ്റു മതസ്ഥരും തമ്മിലുള്ള അന്തരം മുസ്‌ലിമിന് നഷ്ടപ്പെട്ട പൗരത്വം തിരിച്ചുകിട്ടാന്‍ ഒരു വഴിയും നിയമത്തില്‍ ഇല്ല എന്നതാണ്. മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം തിരിച്ചുകിട്ടണമെങ്കില്‍ പാകിസ്താനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ അഫ്ഗാനിസ്താനില്‍നിന്നോ മതപീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്ന് സാക്ഷ്യപ്പെടുത്തണം. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ ജീവിച്ച ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ ഒരു സുപ്രഭാതത്തില്‍ അഭയാര്‍ഥികളായി മാറും എന്നര്‍ഥം. പൗരത്വത്തില്‍നിന്ന് എന്നന്നേക്കുമായി പുറന്തള്ളപ്പെടുന്ന മുസ്‌ലിം അഭയാര്‍ഥികളും, സ്വയം അഭയാര്‍ഥികളായി പ്രഖ്യാപിച്ച് പൗരത്വം തിരിച്ചുകിട്ടാന്‍ കാത്തുനില്‍ക്കുന്ന മുസ്‌ലിംകളല്ലാത്തവരും. ഇത്രമേല്‍ വിചിത്രവും വിഭാഗീയവും വംശീയവുമായ ഒരു നിയമം ഏതെങ്കിലും ജനാധിപത്യരാജ്യത്തിന് കണ്ടുപിടിക്കാന്‍ പറ്റുമോ?
മുസ്ലിംകള്‍ക്കെതിരായ നിരന്തരമായ ഹേറ്റ് കാമ്പയിനിലൂടെ സംഘ് പരിവാര്‍ ജനമനസ്സുകളെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുമ്പോഴും അതിന് വശപ്പെടാത്ത വലിയൊരു വിഭാഗം ജനത രാജ്യത്തുണ്ട് എന്നാണ് ജനകീയ പ്രക്ഷോഭങ്ങള്‍ തെളിയിച്ചത്. എല്ലാവരും തങ്ങളെ കൈവെടിയുന്നു എന്ന അരക്ഷിതബോധം മുസ്ലിംകളെ പിടികൂടുന്ന സമയത്ത്, വളരെയേറെ പ്രതീക്ഷ നല്‍കുന്നതാണ് ഐക്യദാര്‍ഢ്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സമരദൃശ്യങ്ങള്‍. ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടും കൂടെ നില്‍ക്കാന്‍ തയാറുള്ള എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടും വേണം സംഘ് പരിവാറിനെതിരായ ചെറുത്തുനില്‍പ് എന്ന ബോധ്യം ശക്തിപ്പെടുത്താന്‍ ഉതകുന്നതാണ് ഇത്തരം അനുഭവങ്ങള്‍. ഇരകള്‍ എന്ന അപകര്‍ഷബോധമല്ല, മനുഷ്യസമൂഹത്തിന്റെ വിമോചകര്‍ എന്ന ഉത്കര്‍ഷ ചിന്തയാണ് മുസ്ലിംകളെ മുന്നോട്ട് നയിക്കേണ്ടത്. സ്വന്തം പോരാട്ടത്തെ മര്‍ദിതര്‍ക്കും പീഡിതര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പോരാട്ടമായി പരിവര്‍ത്തിപ്പിക്കുന്നേടത്താണ് മുസ്ലിംകളുടെ പ്രസക്തി അടയാളപ്പെടുത്തപ്പെടുക. ചരിത്രത്തില്‍ അവര്‍ എന്നും വിമോചകരുടെ റോളിലായിരുന്നു. ഇനിയും അവര്‍ക്ക് നിര്‍വഹിക്കാനുള്ള റോള്‍ അതു തന്നെയാണ്. മനുഷ്യരിലെ നന്മയെ തിരിച്ചറിയാനും നന്മക്കു വേണ്ടി അണിചേരാനുമാണ് ഇസ്ലാം അവരോട് ആവശ്യപ്പെടുന്നത്.
പ്രക്ഷോഭങ്ങളില്‍ ചിലപ്പോഴൊക്കെ ഉപയോഗിക്കപ്പെട്ട ഇസ്‌ലാമിക ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും വലിയ ചര്‍ച്ചയാവുകയുണ്ടായി. മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഇതേക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. കേരളത്തിലെ ചില ഇടത്, ലിബറല്‍ ചിന്താഗതിക്കാരാണ് കാര്യമായ വിമര്‍ശനവുമായി രംഗത്തു വന്നത്. സമരത്തെ വര്‍ഗീയവത്കരിക്കുന്നു, അതുവഴി സംഘ് പരിവാറിനെ വളര്‍ത്തുന്നു എന്നാണ് വിമര്‍ശനം. ഈ വിഷയത്തെ രണ്ടു തരത്തില്‍ കാണേണ്ടതുണ്ട്. അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ വാക്കുകളുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ട പൊതുബോധം എന്തുതന്നെയായാലും അത് ഒരു മുസ്ലിമിന്റെ വിശ്വാസപ്രഖ്യാപനമാണ്, മറ്റു മതവിശ്വാസികള്‍ക്കെതിരായ സമരപ്രഖ്യാപനമല്ല. നിലനില്‍പിനു വേണ്ടിയുള്ള ഒരു പോരാട്ടത്തില്‍ ഒരു സമൂഹം അവര്‍ക്ക് ആവേശവും പ്രചോദനവും നല്‍കുന്ന ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും സ്വീകരിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറയുന്നതില്‍ ന്യായമുണ്ട്. ഒരു ജനസമൂഹത്തെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി അവരുടെ മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ കഴിയുക എന്നതാണ് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും യഥാര്‍ഥ ചൈതന്യം. മറ്റുള്ളവരെ അലോസരപ്പെടുത്താതിരിക്കാന്‍ വേണ്ടി മുസ്ലിംകള്‍ അവരുടെ മതപരമായ എല്ലാ അടയാളങ്ങളും തമസ്‌കരിക്കണം എന്ന്, സംഘ് പരിവാറിന്റെ ഭാഷ കടമെടുത്തുകൊണ്ട് പലരും ഉപദേശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐഡന്റിറ്റി ഊന്നിപ്പറയേണ്ടത് മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അനിവാര്യമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നു. പക്ഷേ, ഇത് ഔചിത്യബോധത്തോടെ ചെയ്യുക എന്നത് അതിനേക്കാള്‍ പ്രധാനമാണ്. ഏതു ലക്ഷ്യത്തിനു വേണ്ടിയാണോ സമരം ചെയ്യുന്നത്, അതിനെ ദുര്‍ബലപ്പെടുത്താത്ത തരത്തിലുള്ള സമരരീതികള്‍ സ്വീകരിക്കണം എന്നത് വലിയ സിദ്ധാന്തത്തിന്റെ പിന്‍ബലമൊന്നും ആവശ്യമില്ലാത്ത സാമാന്യ തത്ത്വമാണ്.
ഇത് മുദ്രാവാക്യങ്ങള്‍ക്കു മാത്രം ബാധകമായതല്ല. ഹിന്ദുത്വ എന്ന വാക്ക് സമരരംഗത്ത് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സംഘ് പരിവാര്‍ ഐഡിയോളജിയുടെ ആധാരശിലയാണ് ഹിന്ദുത്വ. അത് ഹിന്ദുമതത്തിന്റെ പര്യായമല്ല. രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഒരു ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടം നല്‍കാത്ത രീതിയിലായിരിക്കണം. അല്ലാഹു അക്ബര്‍ എന്നത് എന്തോ ഭീകരമായ വചനമാണ് എന്ന മുന്‍വിധിക്ക് അടിപ്പെട്ട ആളുകള്‍ക്കു മുന്നില്‍ ഒരു വിശദീകരണവുമില്ലാതെ അത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. തെറ്റായ പൊതുബോധങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്, അതിനെ ഊട്ടിയുറപ്പിക്കുന്ന രീതിയിലാവരുത്. പ്രക്ഷോഭങ്ങള്‍ക്കു മുസ്‌ലിം തീവ്രവാദത്തിന്റെയും ഭീകരതയുടെയും വര്‍ണം നല്‍കി അപരവത്കരിക്കുകയാണ് സംഘ് പരിവാറിന്റെ ആവശ്യം. അവരുടെ പണി എളുപ്പമാക്കിക്കൊടുക്കുന്ന തരത്തിലുള്ള ഇമേജുകള്‍ സ്വയം സൃഷ്ടിച്ചുകൊടുക്കാതിരിക്കുക എന്നത് സമരത്തിന്റെ സ്ട്രാറ്റജിയുടെ ഭാഗമാണ്. സമരരംഗത്തുള്ള മുസ്‌ലിം സംഘടനകളും കൂട്ടായ്മകളും ഇതിനെക്കുറിച്ചൊക്കെ പൊതുവെ ബോധവാന്മാരാണ്. ഒറ്റപ്പെട്ട അപവാദങ്ങളെ പര്‍വതീകരിക്കുകയാണ് വിമര്‍ശകര്‍.
ഏതു പ്രതിസന്ധിയിലും ഇസ്‌ലാമിനെ ശരിയായി പ്രതിനിധീകരിക്കാന്‍ ചുമതലപ്പെട്ടവരാണ് മുസ്‌ലിംകള്‍. പേരും വേഷഭൂഷകളും കേവല ചിഹ്നങ്ങളുമല്ല ഒരു മുസ്‌ലിമിന്റെ സ്വത്വം നിര്‍ണയിക്കുന്നത്; വിശ്വാസവും ആദര്‍ശവും കര്‍മവുമാണ്. ഇസ് ലാമിനെ കൈയൊഴിഞ്ഞാല്‍ പിന്നെ ഒരു മുസ്‌ലിമിന് ഏതു സാംസ്‌കാരികധാരയില്‍ അലിഞ്ഞുചേരണം എന്നത് അയാളുടെ ഇഷ്ടത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും മാത്രം പ്രശ്‌നമാണ്. മുസ്‌ലിം സ്വത്വം ഊന്നിപ്പറയുക എന്നതിന്റെ അര്‍ഥം ഇസ്‌ലാമിനെ ഏത് വേദിയിലും ശരിയായ രീതിയില്‍ പ്രതിനിധാനം ചെയ്യുക എന്നാണ്.
സംഘ് പരിവാര്‍ മുസ്ലിംകളെ ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഓരോ ഇന്ത്യന്‍ മുസ്ലിമിന്റെയും ഉള്ളിലുണ്ട്. വെറുപ്പ് ഉല്‍പാദിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള വലിയ ഒരു സംവിധാനം അതിന്റെ കീഴിലുണ്ട്. മുസ്‌ലിംകളെ അപരസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് സംഘ് പരിവാര്‍ അതിന്റെ ഹിന്ദുത്വ ഐഡിയോളജി വികസിപ്പിച്ചെടുത്തത്. മുസ്ലിംകളോടുള്ള വംശീയമായ വെറുപ്പും ഇസ്ലാമിനോടുള്ള ആശയപരമായ വിരോധവും ഈ അപരവത്കരണത്തിന്റെ പിന്നിലുണ്ട്.
സംഘ് പരിവാര്‍ അരുമയോടെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ജാതിവിവേചനത്തെ പ്രായോഗികമായി ഇല്ലാതാക്കാന്‍ ഇസ്‌ലാമിന് ശേഷിയുണ്ട് എന്നതാണ് അവരുടെ വിരോധത്തിന്റെ ഒരു പ്രധാന കാരണം. പൗരത്വം പോലും നിഷേധിക്കപ്പെടാന്‍ മാത്രം എന്തു തെറ്റാണ് മുസ്ലിംകള്‍ ചെയ്തത് എന്ന് പലരും അത്ഭുതപ്പെടാറുണ്ട്. മുസ്ലിംകളായി എന്നതു തന്നെയാണ് അവര്‍ ചെയ്ത തെറ്റ്! ഇസ്ലാമിന്റെ എല്ലാ അടയാളങ്ങളും കൈയൊഴിച്ച് സംഘ് പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ ഹിന്ദുത്വ സാംസ്‌കാരിക ധാരയില്‍ ലയിച്ചുചേരുകയല്ലാതെ ഈ തെറ്റു തിരുത്താന്‍ വേറെ വഴിയില്ല. പിന്നെയുള്ള ഒരേയൊരു മാര്‍ഗം രണ്ടാംതരം പൗരന്മാരായി ഇവിടെ ജീവിക്കുക എന്നാണ്. ഒരു പടികൂടി മുന്നോട്ടു കടന്ന് പൗരത്വത്തില്‍നിന്നു തന്നെ മുസ്ലിംകളെ പുറന്തള്ളാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടത്. പൗരത്വ നിയമത്തിലൂടെ മുസ്ലിം ജനസംഖ്യ ഗണ്യമായി വെട്ടിക്കുറക്കുക, അതിനു ശേഷവും പൗരന്മാരായി അവശേഷിക്കുന്ന മുസ്ലിംകളെ നിയമപരായ എല്ലാ അവകാശങ്ങളും നിഷേധിച്ച് അടിമകളാക്കി മാറ്റുക. ഇത് നേരത്തേ തീരുമാനിക്കപ്പെട്ടതും പ്രഖ്യാപിക്കപ്പെട്ടതുമായ അജണ്ടയുടെ ഭാഗമാണ്. ഈ നിലപാടിന് എന്തെങ്കിലും മാറ്റം വരണമെങ്കില്‍ സംഘ് പരിവാര്‍ അതിന്റെ ലക്ഷ്യവും ഐഡിയോളജിയും പുനര്‍ നിര്‍വചിക്കണം. അത് ഏറക്കുറെ അസംഭവ്യമാണ്. സംഘ് പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രത്തില്‍ മുസ്ലിംകള്‍ മാത്രമായിരിക്കില്ല അധഃകൃതര്‍. ജാതിഘടനയില്‍ ജന്മനാ തന്നെ അധഃകൃതരാക്കപ്പെട്ട ധാരാളം ജന വിഭാഗങ്ങള്‍ വേറെയുണ്ട്. മുസ്ലിംകള്‍ കഴിഞ്ഞാല്‍ ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഗോള്‍വാള്‍ക്കറുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. മുസ്ലിം എന്ന കല്‍പിത ശത്രുവിനെ മുന്നില്‍ നിര്‍ത്തി ഹിന്ദുക്കളെ ഏകോപിപ്പിക്കുക എന്നത് അധികാരം നേടാനും നിലനിര്‍ത്താനുമുള്ള സ്ട്രാറ്റജിയുടെ ഭാഗമാണ്. ഈ ശത്രു ഇല്ലാതാവുമ്പോള്‍, സവര്‍ണ അധികാര ഘടനയുടെ യഥാര്‍ഥ മുഖം പ്രത്യക്ഷമാവും. വെറുപ്പിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രത്തിന് വെറുക്കാനും തകര്‍ക്കാനും എപ്പോഴും ഇരകള്‍ വേണം; സ്വന്തം പാപങ്ങളുടെ വിഴുപ്പ് ചുമന്ന് അത് സ്വയം നശിക്കുന്നതു വരെ.
ജനാധിപത്യത്തിന്റെ അടിസ്ഥാന മര്യാദകള്‍ പോലും പാലിക്കാത്ത ഒരു ഭരണകൂടത്തിന്റെ മുന്നില്‍ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാവിയെന്ത് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിന് കൃത്യമായ ഉത്തരങ്ങളില്ല. ഫാഷിസത്തിന്റെ അപകടം തിരിച്ചറിഞ്ഞ ഒരു ജനതക്ക് പൊരുതുകയല്ലാതെ വഴിയില്ല. മുസ്ലിംകള്‍ക്ക് ഇത് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. വിശാലമായ അര്‍ഥത്തില്‍ രാജ്യത്തിനും അങ്ങനെത്തന്നെ. വഴിമുട്ടി നില്‍ക്കുന്ന സമുദായത്തിനു മുന്നില്‍ ചെറുത്തുനില്‍പിന്റെ ഒരു വഴി തുറന്നു എന്നതാണ് ജനകീയ പ്രക്ഷോഭങ്ങളുടെ പ്രസക്തി. ഫാഷിസത്തിന് ഇനിയും കീഴടങ്ങിക്കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യയുടെ നാനാകോണുകളിലുള്ള മനുഷ്യരാണ് ഈ പോരാട്ടത്തില്‍ അവരുടെ കൂട്ട്. ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ കവാടങ്ങള്‍ ഏതു നിമിഷവും കൊട്ടിയടക്കപ്പെടാം. എങ്ങനെ മുദ്രാവാക്യം വിളിക്കണം എന്ന ചര്‍ച്ചകള്‍ക്ക് അത് വരെയേ ആയുസ്സുള്ളൂ. പക്ഷേ, ചെറുത്തുനില്‍പ് പിന്നെയും തുടര്‍ന്നു പോകണം.
Comments