Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

ദേവീന്ദര്‍ അറസ്റ്റിലാകുമ്പോള്‍ ലഭിക്കുന്ന ഉത്തരങ്ങള്‍

എ. റശീദുദ്ദീന്‍

കീഴ്ക്കോടതി വധശിക്ഷക്കു വിധിച്ച് ജയിലില്‍ കഴിയുന്ന കാലത്ത് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരു തന്റെ അഭിഭാഷകന്‍ സുശീല്‍ കുമാറിന് അയച്ച കത്തില്‍ ദേവീന്ദര്‍ സിംഗ് എന്ന് വിശേഷിപ്പിച്ച ആ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കമാന്റര്‍ തന്നെയാണ് ഒടുവില്‍ കാലത്തിന്റെ കാവ്യനീതിയുടെ ഇരയായി, ഞെട്ടിക്കുന്ന ഭരണകൂട ഗൂഢാലോചനയിലെ മുഖ്യകണ്ണിയായി രാജ്യത്തിന്റെ മുമ്പിലെത്തിയ ദേവീന്ദര്‍ സിംഗ്. ലശ്കറെ ത്വയ്യിബയുടെ രണ്ട് ഭീകരരെ സ്വന്തം വാഹനത്തിലിരുത്തി അതിര്‍ത്തി കടത്തിവിടാന്‍ ദേവീന്ദര്‍ പോയത് ഒറ്റപ്പെട്ട കുറ്റകൃത്യമല്ല. ദേവീന്ദറിന്റെ എല്ലാ മുന്‍കാല ചെയ്തികളിലേക്കുമുള്ള ഒരു ക്ലാസിക്കല്‍ തെളിവായാണ് രാജ്യം അത് കണക്കിലെടുക്കുന്നത്. മുഹമ്മദ് എന്ന് അഫ്സല്‍ ഗുരു വിശേഷിപ്പിച്ച ഒരു ഭീകരനെ ദല്‍ഹിയിലേക്ക് പറഞ്ഞയച്ചത് കശ്മീരില്‍ ശ്രീനഗറിനു സമീപമുള്ള ഹംഹാമയില്‍ അന്ന് ദേവീന്ദര്‍ സിംഗ് കമാന്ററായിരുന്ന അതേ എസ്.ടി.എഫ് ക്യാമ്പില്‍നിന്നായിരുന്നു. സാഹചര്യത്തെളിവുകളനുസരിച്ച് പൂനെ സിറ്റി കമീഷണര്‍ എസ്.എം ഷണ്‍ഗരി പിടികൂടി ദല്‍ഹി പോലീസിന് കൈമാറുകയും ദല്‍ഹിയില്‍നിന്നും കശ്മീരിലേക്ക് കൊണ്ടുപോവുകയും ചെയ്ത മുഹമ്മദ് യാസീന്‍ ആയിരുന്നു ഈ കുറ്റവാളിയെന്നാണ് സംശയിക്കപ്പെടുന്നത്. ഷണ്‍ഗരി ഇക്കാര്യം വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു, പിന്നീട് അതേക്കുറിച്ച് രാജ്യം ഏറെയൊന്നും കേട്ടില്ലെങ്കിലും. മുഹമ്മദിനെ ദല്‍ഹിയില്‍നിന്ന് കശ്മീരിലേക്ക് കൊണ്ടുപോയത് രേഖകളില്‍ എവിടെയുമില്ലാത്ത സ്ഥിതിക്ക് ഹംഹാമയിലെ ക്യാമ്പില്‍നിന്ന് തിരികെ കൊടുത്തയക്കുന്നത് ദേവീന്ദര്‍ സിംഗിനെ സംബന്ധിച്ചേടത്തോളം സുരക്ഷിതമായ ഒരു കള്ളക്കളി മാത്രമായിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ തനുവിന് ബാറ്ററി വാങ്ങിക്കൊടുത്ത പേരറിവാളന്റെ കുറ്റംപോലെ, ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം അറിയാത്ത മറ്റൊരു കേസായിരുന്നു അഫ്സലിന്റേതും. നിയമത്തിന്റെ ഭാഷയില്‍ അങ്ങേയറ്റം ഗുരുതരവും എന്നാല്‍ വ്യക്തികളകപ്പെടുന്ന അസാധാരണമായ നിസ്സഹായതകളില്‍ ഉള്‍പ്പെടുത്തി നിയമപീഠം കുറേക്കൂടി ആഴത്തില്‍ അന്വേഷിക്കേണ്ടിയിരുന്നതുമായ ഒരു ഉന്നതതല കുറ്റകൃത്യം. ഗുരു പറഞ്ഞത് ശരിയായിരുന്നുവെന്ന് വിശ്വസിക്കാനാവുന്ന സാഹചര്യത്തെളിവുകളായിരുന്നു പാര്‍ലമെന്റ് ആക്രമണ കേസില്‍ മൊത്തത്തില്‍ ഉണ്ടായിരുന്നതെങ്കിലും 'രാജ്യസ്നേഹ'ത്തിന്റെ ലേബലില്‍ ഒരു കശ്മീരീ 'ഭീകരന്‍' പറഞ്ഞതിനെ അന്ന് കോടതികളും കുറ്റാന്വേഷകരും അവഗണിച്ചു. അല്ലെങ്കില്‍ ബോധപൂര്‍വം മൂടിവെച്ചു. 
ജീവിക്കാനുള്ള കൊതി കൊണ്ടാണ് താന്‍ ദേവീന്ദര്‍ സിംഗിനെ അനുസരിച്ചിരുന്നതെന്നാണ് അഫ്സല്‍ ഗുരു തന്റെ കത്തില്‍ പറയുന്നത്. ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ച് പാകിസ്താനിലേക്ക് പോയ അഫ്സല്‍ ഒറ്റക്കൊല്ലം കൊണ്ടുതന്നെ കശ്മീര്‍ വിമോചനം എന്ന രാഷ്ട്രീയ നാടകത്തിന്റെ അണിയറ രഹസ്യങ്ങള്‍ തിരിച്ചറിഞ്ഞ് മടങ്ങിയെത്തി കീഴടങ്ങുകയാണ് ചെയ്തത്. രാജ്യം മുന്നോട്ടുവെക്കുന്ന ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയുടെയോ പുനരധിവാസ പദ്ധതിയുടെയോ ഒക്കെ ഭാഗമായിട്ടാണ് തീവ്രവാദികള്‍ കീഴടങ്ങുന്നതെങ്കിലും കശ്മീരില്‍ കുറേക്കൂടി ഭയാനകമായ ഒരു ജീവിതത്തിലേക്കാണ് പില്‍ക്കാലത്ത് അവര്‍ വലിച്ചിഴക്കപ്പെടുന്നത്. കീഴടങ്ങിയതിനു ശേഷം ദേവീന്ദര്‍ സിംഗ് എന്ന നരാധമനായ ഓഫീസറുടെ ഇരയായി മാറിയ അഫ്സല്‍ തന്നെ എങ്ങനെയൊക്കെയാണ് പീഡിപ്പിച്ചിരുന്നതെന്ന് കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഗുദത്തില്‍ പെട്രോള്‍ ഒഴിക്കുക, മുളകിടുക, ഐസ്‌വെള്ളത്തില്‍ തലകീഴായി കെട്ടിത്തൂക്കുക, നഗ്നനാക്കി ഷോക്കടിപ്പിക്കുക തുടങ്ങി കേട്ടാലറക്കുന്ന കൃത്യങ്ങള്‍. പീഡന വിദഗ്ധരായ ശാന്തി സിംഗ്, വിനയ് ഗുപ്ത തുടങ്ങിയ മറ്റു ചില ഓഫീസര്‍മാരെ കുറിച്ചും ഗുരു പറയുന്നുണ്ട്. കീഴടങ്ങിയതിനു ശേഷമുള്ള കാലത്ത് സമാധാനത്തോടെ ജീവിക്കണമെങ്കില്‍ 10 ലക്ഷം രൂപയാണ് തീവ്രവാദികള്‍ സിംഗിന് കൈക്കൂലി നല്‍കേണ്ടിയിരുന്നത്. ഹംഹാമ ക്യാമ്പിലെ തടവില്‍നിന്നും മോചിതനാകാന്‍ ഭാര്യയുടെ സ്വര്‍ണവും തന്റെ സ്‌കൂട്ടറും വിറ്റ് ഒരു ലക്ഷം രൂപ ആദ്യ ഗഡുവെന്ന നിലയില്‍ ദേവീന്ദര്‍ സിംഗിന് നല്‍കിയ കാര്യം ഗുരു കത്തില്‍ എടുത്തു പറയുന്നുണ്ട്. ഇക്കാലത്താണ് സിംഗിനു വേണ്ടിയുള്ള അവസാനത്തെ ഇടപാട് എന്ന നിലയില്‍ ദല്‍ഹിയിലേക്ക് തനിക്ക് ഒരു മുന്‍പരിചയവും ഇല്ലാത്ത മുഹമ്മദിനെ ഗുരു കൊണ്ടുപോയത്. അയാള്‍ക്ക് ഒരു കാറും വീടും ദല്‍ഹിയില്‍ സംഘടിപ്പിച്ചു നല്‍കാനും ദേവീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഇടനിലക്കാരായി പലരും ഉണ്ടായിരുന്നു. ബഡ്ഗാം പോലീസ് സുപ്രണ്ട് അശ്ഹാഖ് ഹുസൈന്റെ ബന്ധുവായ അല്‍ത്താഫ് ഹുസൈനായിരുന്നു ഒരാള്‍. കീഴടങ്ങി പിന്നീട് പോലീസിന്റെ ഒറ്റുകാരനായി മാറിയ താരീഖ് മറ്റൊരാളായിരുന്നു. പലര്‍ക്കും മുകളിലേക്ക് വിഹിതം കൊടുത്തയക്കാനുണ്ടെന്ന് അല്‍ത്താഫ് തന്നോട് പറഞ്ഞതായും അഫ്സല്‍ ഗുരു വെളിപ്പെടുത്തുന്നുണ്ട്. കശ്മീര്‍ തീവ്രവാദമെന്നത് പോലീസിനും പട്ടാളത്തിനും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ രാജ്യസുരക്ഷയുടെ മുഖംമൂടിയണിഞ്ഞ് കോടികള്‍ വരുമാനമുണ്ടാക്കാനുള്ള ഒരു കറുത്ത ബിസിനസ്സായിരുന്നുവെന്ന് ആ കത്ത് മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ വ്യക്തം. ദേവീന്ദര്‍ സിംഗിന് കീഴ്പ്പെട്ട് ജീവിക്കാന്‍ അഫ്സല്‍ ഗുരുവിനെ ഉപദേശിച്ച താരീഖ് പിന്നീട് പാര്‍ലമെന്റ് ആക്രമണ കേസില്‍ കോടതിയില്‍ മൊഴി നല്‍കാനുമെത്തി. ദല്‍ഹിയിലേക്ക് മുഹമ്മദിനെ കൊടുത്തയച്ച സംഭവത്തില്‍ സിംഗിനൊപ്പം താരീഖും ഉണ്ടായിരുന്നുവെങ്കിലും കോടതിയില്‍ അയാള്‍ പ്രോസിക്യൂഷന്റെ വെറുമൊരു സാക്ഷിയായി മാറി. ദേവീന്ദര്‍ സിംഗ് അന്ന് ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
റോയുടെ മുന്‍ മേധാവി അമര്‍ജിത്ത് സിംഗ് ദുല്ലത്ത് എഴുതിയ 'കശ്മീര്‍, ദ വാജ്പേയി ഇയേഴ്സ്' എന്ന പുസ്തകം നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ ദേവീന്ദര്‍ സിംഗ് മാതൃകയിലുള്ള സംഭവങ്ങള്‍ കശ്മീരില്‍നിന്ന് ഏതു സമയത്തും പ്രതീക്ഷിക്കാവുന്നവയായി മാറിക്കഴിഞ്ഞിരുന്നു. അറിഞ്ഞുകൊണ്ടുള്ള നാടകങ്ങളാണ് നടക്കുന്നതെന്നും രാഷ്ട്രീയക്കാരുടെയും സൈനിക മേധാവികളുടെയും ആയുധക്കച്ചവടക്കാരുടെയും സ്വകാര്യ അജണ്ടകളാണ് കശ്മീരില്‍ നടപ്പാകുന്നതെന്നും  നിരവധി സ്തോഭജനകമായ വെളിപ്പെടുത്തലുകളിലൂടെ അഫ്സല്‍ ഗുരു അടിവരയിട്ടിരുന്നല്ലോ.  പാകിസ്താനില്‍നിന്നും കശ്മീരിലേക്ക് ആരൊക്കെ, എപ്പോഴൊക്കെ പോവുകയും വരികയും വേണമെന്നത് ഭരണകൂടം തീരുമാനിച്ച് നടപ്പാക്കുന്ന ചില ഓപ്പറേഷനുകളുടെ ഭാഗമായിരുന്നുവത്രെ. ഒരു കാലത്ത് കേന്ദ്ര സര്‍ക്കാറിന്റെ കൊടും തീവ്രവാദി പട്ടികയില്‍ ഉണ്ടായിരുന്ന ഫിര്‍ദൗസ് സഈദിനെ പാകിസ്താനില്‍നിന്ന് റോ ഇടപെട്ട് കശ്മീരിലേക്ക് തിരികെ കൊണ്ടുവരികയും ഫാറൂഖ് അബ്ദുല്ലയുടെ സഹായത്തോടെ സംസ്ഥാന അസംബ്ലിയുടെ ഉപരിസഭയില്‍ എം.എല്‍.സി ആക്കുകയും ചെയ്ത ചരിത്രം ദുല്ലത്ത് പറയുന്നുണ്ട്. 
കേന്ദ്രത്തിലെയും കശ്മീരിലെയും രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ ഒരു ചട്ടുകത്തെ ആവശ്യം കഴിഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ പിടികൂടി ജയിലില്‍ ഇട്ടുവെന്നേ ദേവീന്ദര്‍ സിംഗിനെ കുറിച്ച് ഒറ്റനോട്ടത്തില്‍ തോന്നൂ. പക്ഷേ അത്ര ലളിതമല്ല ഈ അറസ്റ്റും അതിനു പിന്നില്‍ നടന്ന നീക്കങ്ങളും. അയാള്‍ ഇതായിരുന്നു ഇക്കണ്ട കാലമത്രയും കശ്മീരില്‍ ചെയ്തുകൊണ്ടിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിനകത്തെ ഓരോ തൂണിനു പോലുമറിയാം. പാര്‍ലമെന്റ് ആക്രമണത്തോട് ഇപ്പോള്‍ മാത്രം ചേര്‍ത്തുവെക്കേണ്ട ഒരു പേരായിരുന്നില്ലല്ലോ അത്. അഫ്സല്‍ ഗുരുവിന്റെ കത്തിലെ മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ ദേവീന്ദര്‍ സിംഗിനെതിരെ നേര്‍ക്കു നേരെയുള്ള നിയമപരമായ ഒരു തെളിവും കൂടിയായിരുന്നു. പാര്‍ലമെന്റിനു മുമ്പില്‍ സ്വയം പൊട്ടിമരിച്ച മുഹമ്മദ് എന്ന മുഹമ്മദ് യാസീന്റെ ഫോണ്‍ നമ്പറിലേക്ക് അഫ്സല്‍ ഗുരു നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് എയര്‍ടെല്ലിന്റെ കാള്‍ ഷീറ്റ് കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍ തെളിയിച്ചത്. ഇതാണ് അഫ്സലിന് തൂക്കുകയര്‍ വിധിക്കാനുള്ള നിര്‍ണായക തെളിവായി മാറിയതും. അതേസമയം താന്‍ ദല്‍ഹിയിലെത്തിച്ച മുഹമ്മദിനെ ദേവീന്ദര്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നാണ് അഫ്സല്‍ ഗുരുവിന്റെ കത്തിലുള്ളത്. ദല്‍ഹിയില്‍ ദേവീന്ദറിന്റെ നിര്‍ദേശാനുസരണം മുഹമ്മദ് പലരുമായും കൂടിക്കാഴ്ചകള്‍ നടത്താറുണ്ടായിരുന്നുവെന്നും. അങ്ങനെയെങ്കില്‍ അതേ കാള്‍ ഷീറ്റില്‍ ദേവീന്ദര്‍ സിംഗിന്റെ ടെലിഫോണ്‍ നമ്പറും ഇങ്ങനെ കൂടിക്കാഴ്ച നടത്തിയ പകല്‍മാന്യന്മാരുടെ നമ്പറുകളും കാണേണ്ടതായിരുന്നുവല്ലോ. ഇത് വെറും ആരോപണമല്ലെന്ന് അതേ കാള്‍ ഷീറ്റില്‍ സിംഗിന്റെ നമ്പറുകള്‍ അടിവരയിട്ട് അക്കാലത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു ഹരജിയില്‍ അഫ്സലിന്റെ ഭാര്യ തബസ്സും തെളിയിക്കുകയും ചെയ്തിരുന്നു. നീണ്ട പതിനെട്ടു വര്‍ഷങ്ങളായിട്ടും ഈ ഉദ്യോഗസ്ഥനെതിരെയോ കേസിലെ യഥാര്‍ഥ ഗൂഢാലോചനക്കാര്‍ക്കെതിരെയോ ഒരു അന്വേഷണവും നടന്നില്ലെന്നു മാത്രമല്ല, ദേവീന്ദറിന് രാഷ്ട്രപതിയുടെ സ്വര്‍ണ മെഡല്‍ വാങ്ങിക്കൊടുക്കാന്‍ മോദി സര്‍ക്കാര്‍ തയാറാാവുകയും ചെയ്തു. മറുഭാഗത്ത് സര്‍വീസിലിരിക്കെ മയക്കുമരുന്നു കേസില്‍ പോലും ഇയാള്‍ പ്രതിയാണെന്ന് മന്ത്രാലയത്തിലെ ഫയലുകളില്‍ രേഖകളുമുണ്ട്. എന്നിട്ടും സര്‍വീസ് ബഹുമതികള്‍ അനുവദിച്ചുകൊടുത്തതിന്റെ അര്‍ഥമെന്താണ്? ഇയാള്‍ ആരെന്നും, ചെയ്തുകൊണ്ടിരുന്നത് എന്തെന്നും നരേന്ദ്ര മോദിയുടെ ഓഫീസിന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ വലിയ വങ്കത്തം വേറെയില്ല. രണ്ടു വര്‍ഷം മുമ്പുമാത്രം പട്ടുംവളയും കൊടുത്ത് ദേവീന്ദറിനെ ആദരിച്ച അതേ സര്‍ക്കാര്‍ തന്നെയാണ് വര്‍ഷങ്ങളായി ഇയാള്‍ നടത്തിവന്ന 'രാഷ്ട്രസേവനം' തികച്ചും അപകടകരമായ രീതിയില്‍ പൊടുന്നനെ അവസാനിപ്പിച്ചതും. അസാധാരണമായ ഈ സാഹചര്യം എന്തുകൊണ്ടായിരുന്നുവെന്നത് വ്യക്തമല്ല. 370-ാം വകുപ്പിനെ തുടര്‍ന്ന് കേന്ദ്രവുമായി നിസ്സഹകരണ സമരത്തിലേര്‍പ്പെട്ട കശ്മീരികളെ കൈയിലെടുക്കാന്‍ മോദി ഒരു കാലാളിനെ ബലികൊടുത്തുവെന്നതൊക്കെ ഒരുതരം കടന്ന വാദമാണ്. ഒന്നുകില്‍ കൂട്ടുകച്ചവടത്തില്‍ ദേവീന്ദര്‍ സിംഗ് ചതിച്ച ആരോ പണി കൊടുത്തു. അല്ലെങ്കില്‍ താഴെത്തട്ടില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച കൈയബദ്ധം. 
ഭീകരവാദികളെ പറഞ്ഞയക്കുകയും സ്വീകരിക്കുകയുമൊക്കെ ചെയ്യുന്നത് കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അജണ്ടയുടെ ഭാഗമായിരുന്നുവെന്നാണ് ദുല്ലത്ത് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയ ഞെട്ടിക്കുന്ന സത്യം. അന്താരാഷ്ട്ര ആയുധ മാര്‍ക്കറ്റില്‍ കോടികള്‍ മറിയുന്ന ബിസിനസ്സ് കൂടിയായിരുന്നു അത്. ദേവീന്ദര്‍ സിംഗിന് മാത്രമായിരുന്നില്ല അതില്‍ പങ്ക്. അഫ്സല്‍ ഗുരു കത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ വിഹിതം മുകളിലേക്കും കൂടി എത്തുന്നുണ്ടായിരുന്നു. ദേവീന്ദറിന്റെ അറസ്റ്റിനെ കുറിച്ചും അയാളുടെ മുന്‍കാല ചെയ്തികളെ കുറിച്ചും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് അസാധാരണമായ അര്‍ഥതലങ്ങളുണ്ടെന്ന് പറയാതെ വയ്യ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍