Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

അനവസരത്തിലെ നിഴല്‍ യുദ്ധം

എ.ആര്‍

''ഈ വേളയില്‍ രണ്ടു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഒന്ന്, ഹിന്ദുവര്‍ഗീയതയെ തടയാനുള്ള വഴി ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയല്ല. അതിനാണ് സംസ്ഥാനത്ത് എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത്. ഒരു വിഭാഗം മാവോവാദികളുടെ പിന്തുണ അവര്‍ക്കുണ്ട്. ഇന്നത്തെ ദേശീയ പരിതഃസ്ഥിതിയില്‍ ഹിന്ദുത്വ ഭരണ വിപത്ത് തടയാന്‍ വിപുലമായ മതനിരപേക്ഷ ഐക്യവും അതിലൂടെയുള്ള ബഹുജന മുന്നേറ്റവുമാണ് ആവശ്യം'' (കോടിയേരി ബാലകൃഷ്ണന്‍, ദേശാഭിമാനി 2019 ഡിസംബര്‍ 27- 'ഭരണഘടന കാക്കാന്‍ കൈകോര്‍ക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍നിന്ന്).
''മാവോയിസ്റ്റുകള്‍, ഇസ്‌ലാമിക വര്‍ഗീയവാദികള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ സര്‍ക്കാറിനെതിരായി നീങ്ങുകയാണ്'' (തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത പ്രസംഗത്തില്‍നിന്ന് -ദേശാഭിമാനി, 2019 ഡിസംബര്‍ 18).
''ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പരം സഹായിച്ച് നിലനില്‍ക്കുന്ന ശക്തികളാണ്. മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് എല്ലാ കാലത്തും സംഘ് പരിവാറിന്റെ പ്രവര്‍ത്തന പദ്ധതി. ഇസ്‌ലാം മതവിശ്വാസികളെ വേട്ടയാടുന്ന സംഘ് പരിവാറിനെ നേരിടുന്നതിന് മുസ്‌ലിംകള്‍ യോജിക്കണമെന്ന് തീവ്രവാദ സ്വഭാവമുള്ള മറ്റു ചില സംഘടനകളും പ്രചാരണം നടത്തുന്നു. ഇങ്ങനെ പരസ്പരം ആശ്രയിച്ചു വളരുന്ന വര്‍ഗീയ ശക്തികളാണ് ഇവര്‍. മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും രണ്ടു കൂട്ടര്‍ക്കും കണ്ടുകൂടാ. മതരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുപക്ഷവും പ്രവര്‍ത്തിക്കുന്നത്. സംഘ് പരിവാറിന് ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെങ്കില്‍ എന്‍.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയും അടക്കമുള്ള സംഘടനകള്‍ക്ക് ഇസ്‌ലാമിക മതരാഷ്ട്രമാണ് ലക്ഷ്യം. ആര്‍.എസ്.എസ് ശക്തിപ്പെട്ടാലേ മുസ്‌ലിം തീവ്രവാദ സംഘടനകള്‍ക്ക് നിലനില്‍പ്പുള്ളൂ; മറിച്ചും. ഈ കാപട്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് വര്‍ഗീയശക്തികളുടെ ആഹ്വാനങ്ങള്‍ തള്ളി, മതത്തിന്റെ വേര്‍തിരിവുകള്‍ മാറ്റിവെച്ച് എല്ലാ ജനവിഭാഗങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരരംഗത്ത് വരുന്നത്. ഹിന്ദുമതവിശ്വാസികളും ഇസ്‌ലാം മതവിശ്വാസികളും തോളോടുതോള്‍ ചേര്‍ന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്നത്. ഈ യാഥാര്‍ഥ്യം വര്‍ഗീയശക്തികള്‍ ഇനിയെങ്കിലും തിരിച്ചറിയണം'' (ദേശാഭിമാനി ദിനപത്രത്തിന്റെ മുഖപ്രസംഗത്തില്‍നിന്ന്- 2019 ഡിസംബര്‍ 19).
ഇന്ത്യയിലെ താരതമ്യേന പ്രബല കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇടവേളകളില്‍ പ്രചാരണം നടത്തുമ്പോഴൊക്കെ ഉന്നയിക്കാറുള്ള ആരോപണങ്ങളാണ് ഉദ്ധൃത ശകലങ്ങളുടെ ഉള്ളടക്കം. ഇത്തവണ പക്ഷേ തീര്‍ത്തും അസമയത്തും അസ്ഥാനത്തുമെന്ന് പാര്‍ട്ടിക്കു പുറത്തുള്ള ഇടതുപക്ഷക്കാര്‍ക്കും അകത്ത് തന്നെയുള്ള സാധാരണ അണികള്‍ക്കു പോലും തോന്നാവുന്ന വിധമാണ് പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി അലയടിക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്കു മധ്യേ സി.പി.എം ജമാഅത്തിനെ ഒറ്റപ്പെടുത്താനും ആശയപരമായി ആക്രമിക്കാനും കേരളത്തില്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. സംസ്ഥാന സി.പി.എം നേതൃത്വത്തിനൊഴികെ മറ്റാര്‍ക്കും അതിനുള്ള പ്രകോപനമെന്തെന്ന് പിടികിട്ടാനിടയില്ല. ഇതിനു മുമ്പ് 2010-ലാണ് സി.പി.എം ഇത്തരമൊരു കാമ്പയിന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ സംസ്ഥാനത്ത് നടത്തിയിരുന്നത്. അതുപക്ഷേ, ജമാഅത്ത് പിന്തുണക്കുന്ന വികസന മുന്നണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി അടിത്തട്ടിലെ വികസനത്തിനും ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ഊന്നല്‍ നല്‍കുന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കാന്‍ ജമാഅത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പേ എടുത്ത തീരുമാനം ഇതാദ്യമായി പ്രയോഗത്തില്‍ പരീക്ഷിക്കാന്‍ തയാറെടുക്കുകയായിരുന്നു. ഈ തീരുമാനം തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് ഒരുവശത്ത് യു.ഡി.എഫിലെ മുസ്‌ലിം ലീഗും മറുവശത്ത് ഇടതുമുന്നണിയിലെ സി.പി.എമ്മും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ടു പാര്‍ട്ടികളുടെയും വിരുദ്ധ പ്രചാരണം. മുസ്‌ലിം ലീഗ് മുസ്‌ലിം മത- സാംസ്‌കാരിക സംഘടനകളെ കോട്ടക്കല്‍ വിളിച്ചുചേര്‍ത്താണ് 'തീവ്ര മതരാഷ്ട്രീയ സംഘടന'യായ ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതെങ്കില്‍ 'തീവ്ര വര്‍ഗീയ സംഘടന'യായ ജമാഅത്തിനെതിരെ പാര്‍ട്ടി പത്രത്തിന്റെ കോളങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയുമായിരുന്നു സി.പി.എമ്മിന്റെ കുരിശുയുദ്ധം. 2010 ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെ 'എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി എതിര്‍ക്കപ്പെടണം?' എന്ന ശീര്‍ഷകത്തില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മുതലുള്ളവരെ അണിനിരത്തി പതിനൊന്ന് ദിവസം നീണ്ട വിമര്‍ശന പരമ്പര ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചു. മുസ്‌ലിം നാമധാരികളായ ലിബറല്‍ സെക്യുലരിസ്റ്റുകളും ആവേശപര്‍വം അതില്‍ പങ്കുവഹിച്ചു. ഈ ലേഖകന്റെ ഓര്‍മയില്‍- ആ ഓര്‍മക്ക് 60 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട്- ഇന്ത്യയിലെ മറ്റൊരു ഇടത്-വലത് പ്രസ്ഥാനത്തിനുമെതിരെ സി.പി.എം പാര്‍ട്ടി പത്രം ഇത്തരമൊരു വിമര്‍ശന പരമ്പര പ്രസിദ്ധീകരിച്ചിട്ടില്ല. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പക്ഷേ മുസ്‌ലിം ലീഗോ സി.പി.എമ്മോ ആശങ്കിച്ച പോലെയൊന്നും സംഭവിച്ചില്ല. 
അതിന് കേവലം ഒരു വര്‍ഷം മുമ്പ് മൗദൂദിയുടെ 'മതരാഷ്ട്രവാദവും തീവ്ര വര്‍ഗീയത'യുമൊക്കെ മറന്ന്, 2009-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍  സി.പി.എം ജമാഅത്തിന്റെ പിന്തുണ തേടിയിരുന്നുവെന്നോര്‍ക്കണം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ ജമാഅത്തിന്റെ സംസ്ഥാന നേതാക്കളുമായി കാണുകയും വിശദമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നതുമാണ്. ജമാഅത്താകട്ടെ 1986 മുതല്‍ ഇന്ത്യ നേരിടുന്ന മുഖ്യ ഭീഷണി ഫാഷിസ്റ്റ് ശക്തികളില്‍നിന്നാണെന്ന് തിരിച്ചറിഞ്ഞ് ആ പക്ഷത്ത് നില്‍ക്കുന്ന സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കെല്‍പുള്ള സി.പി.എം ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാറുള്ളതുമാണ്. വോട്ട് ചോദിക്കുന്ന പാര്‍ട്ടികളുടെ നേതാക്കളുമായി വിശദ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അവര്‍ക്ക് വോട്ട് ചെയ്യാന്‍ സംഘടന പ്രവര്‍ത്തകരോട് നിര്‍ദേശിക്കാറുള്ളതും. 2009-ലെ 15-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിവിനു വിപരീതമായി ന്യൂദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ വെച്ചുതന്നെ സി.പി.എം നേതൃത്വവും ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളും തമ്മില്‍ തെരഞ്ഞെടുപ്പിലെ നിലപാടിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ കൂടിയാലോചനാ സമിതിയംഗങ്ങളായ ഡോ. എസ്.ക്യു.ആര്‍ ഇല്‍യാസ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ തമ്മിലായിരുന്നു ചര്‍ച്ചകള്‍. അതില്‍ സംബന്ധിച്ച ഈ ലേഖകന്‍, പാര്‍ട്ടിയുടെ കൊല്‍ക്കത്താ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തിനെതിരാവില്ലേ 'മത രാഷ്ട്രവാദികളായ' ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം സ്ഥാപിക്കുന്നത് എന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ എസ്.ആര്‍.പിയോട് ചോദിച്ചപ്പോള്‍, അദ്ദേഹം അതൊക്കെ അപ്രസക്തമാണെന്ന മട്ടില്‍ പ്രതികരിച്ചത് ഈയവസരത്തില്‍ ഓര്‍മിപ്പിക്കാതെ വയ്യ. അത്തവണ സി.പി.എം സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും ജമാഅത്ത് വോട്ട് നല്‍കുകയും ചെയ്തു. 2015-ലെ നഗരസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പലേടത്തും സി.പി.എം ധാരണയുണ്ടാക്കിയതും നിഷേധിക്കാനാവില്ല. അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ തിരിയാന്‍ വഴിയൊരുക്കിയ സംഭവം കൂടിയാണിത്.
ഇപ്പറഞ്ഞതൊക്കെ അനിഷേധ്യ വസ്തുതകളായിരിക്കെ സാമാന്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധം ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധവും സമൂഹത്തെ രണ്ടായി വിഭജിക്കുന്നതുമായ മുസ്‌ലിം പൗരത്വ നിഷേധത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും, വിശിഷ്യാ വിദ്യാര്‍ഥികളും യുവജനങ്ങളും സമരരംഗത്തിറങ്ങിയ അഭൂതപൂര്‍വമായ സാഹചര്യത്തില്‍ മറ്റെല്ലാ മുസ്‌ലിം മത-സാംസ്‌കാരിക സംഘടനകളെയും കൂടെ നിര്‍ത്താന്‍ വെമ്പുന്ന സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ജമാഅത്തെ ഇസ്‌ലാമിക്ക് നേരെ അയിത്തം പ്രഖ്യാപിക്കാനും അതിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാനുമുള്ള കാരണങ്ങളെന്താവാം? മനസ്സിലാക്കാന്‍ കഴിയുന്ന കാരണങ്ങള്‍ ഇങ്ങനെ:
ഒന്ന്, മുമ്പ് സൂചിപ്പിച്ച പോലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അടിയുറച്ച മതേതര പാര്‍ട്ടി എന്ന വിലയിരുത്തലില്‍ സി.പി.എമ്മിന് ഭാഗികമായോ പൂര്‍ണമായോ ജമാഅത്തെ ഇസ്‌ലാമി പിന്തുണയും വോട്ടും നല്‍കിവന്നിരുന്നു. ജമാഅത്തിന്റെ നേരെ പാര്‍ട്ടി ചിലപ്പോള്‍ സ്വീകരിച്ചുവന്ന കടുത്ത നിഷേധാത്മക സമീപനം പ്രസ്ഥാനത്തിന്റെ തത്ത്വാധിഷ്ഠിത പിന്തുണക്ക് തടസ്സമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമവാക്യങ്ങള്‍ക്ക് സാരമായ മാറ്റം സംഭവിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാമൂഴം തേടുന്ന നിര്‍ണായക തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ആ ശ്രമം വിഫലമാക്കേണ്ടത് മതേതര വിശ്വാസികളുടെയും മതന്യൂനപക്ഷങ്ങളുടെയും അനുപേക്ഷ്യമായ ആവശ്യവും ചുമതലയുമായിരുന്നു. അത് സഫലമാക്കണമെങ്കില്‍ സമ്പൂര്‍ണ പ്രതിപക്ഷ ഐക്യം രൂപപ്പെടണം. അല്ലെങ്കില്‍ ദേശീയതലത്തില്‍ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എക്ക് പരമാവധി സീറ്റുകള്‍ ലഭിക്കത്തക്കവിധം ഇലക്ഷന്‍ തന്ത്രം ആവിഷ്‌കരിക്കണം. ആദ്യം പറഞ്ഞത് പ്രയോഗതലത്തില്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ യു.പി.എക്ക് പരമാവധി സീറ്റുകള്‍ നേടാന്‍ കഴിയുന്ന വിധം മതേതര-ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനായി ശ്രമം. കേരളത്തില്‍ പക്ഷേ കോണ്‍ഗ്രസ്, സി.പി.എം മുന്നണികള്‍ പരസ്പരം ഏറ്റുമുട്ടുന്നതിനാല്‍ ദേശീയതലത്തില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ പിന്തുണക്കാനാണ് പൊതുവെ ന്യൂനപക്ഷ കൂട്ടായ്മകള്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമിക്കും ലോക്‌സഭയില്‍ യു.പി.എ അംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കാനാവശ്യമായ തെരഞ്ഞെടുപ്പ് നയം സ്വീകരിക്കേണ്ടിവന്നു. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം യു.ഡി.എഫ് നേതാക്കള്‍ ഇലക്ഷന് ആറു മാസമെങ്കിലും മുമ്പേ ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിക്കൊണ്ടേ വന്നിരുന്നു. മറുവശത്ത് സി.പി.എമ്മോ ഇടതുപക്ഷത്തെ മറ്റു പാര്‍ട്ടികളോ ഒരുവിധ ആശയവിനിമയത്തിനും തയാറായില്ല. ചര്‍ച്ചയോ ഉപാധിയോ ആവശ്യമുന്നയിക്കുക പോലുമോ ഇല്ലാതെ ജമാഅത്ത് ഇടതുപക്ഷത്തെ പിന്തുണക്കണമെന്ന് അവര്‍ ആഗ്രഹിച്ചുവോ? അങ്ങനെ ഉദ്ദേശിച്ചിരുന്നെങ്കില്‍ തന്നെ ഇലക്ഷന്‍ പ്രചാരണവേളയില്‍ പ്രതിയോഗികള്‍ ജമാഅത്ത് ബന്ധം ഇഷ്യൂ ആക്കിയാല്‍ സി.പി.എം അത് തള്ളിപ്പറയുകയില്ല എന്നതിനുമുണ്ടായിരുന്നില്ല ഉറപ്പൊന്നും. സ്വാഭാവികമായും ജമാഅത്ത് 20 മണ്ഡലങ്ങളിലും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. പതിവിനു വിപരീതമായി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തിറങ്ങി തങ്ങള്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി കാമ്പയിനും നടത്തി. ഫലം പുറത്തു വന്നപ്പോള്‍ ഒരേയൊരു ആലപ്പുഴ സീറ്റില്‍ മാത്രമാണ് എല്‍.ഡി.എഫിന് ജയിക്കാനായത്. യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ചിലരുടെയെങ്കിലും വിജയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ പങ്കുവഹിച്ചതായി അവര്‍ വിലയിരുത്തുകയും ചെയ്തു. ഇത് ഒരു കാലത്തും മാറ്റമില്ലാത്ത നിലപാടാണെന്ന് ജമാഅത്ത് ആര്‍ക്കും ഉറപ്പു കൊടുത്തിട്ടില്ല. ആവശ്യ ഘട്ടങ്ങളില്‍ പുനരാലോചന സാധ്യമല്ല എന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ പ്രസ്ഥാനത്തിനു നേരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിനെ ഇത് പ്രേരിപ്പിച്ചിരിക്കും എന്ന് കരുതാന്‍ ന്യായമുണ്ട്.
രണ്ട്, ജമാഅത്തെ ഇസ്‌ലാമിയുമായി ഒരുവിധ ചര്‍ച്ചയും ധാരണയും വേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്ന മറ്റൊരു സാഹചര്യം കൂടിയുണ്ട്. ഭൂരിപക്ഷ വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയെയും അതിന്റെ പശ്ചാത്തല ശക്തിയായ ആര്‍.എസ്.എസ്സിനെയും ശക്തമായി എതിര്‍ക്കുമ്പോള്‍ പാര്‍ട്ടി ഹിന്ദുക്കള്‍ക്കെതിരാണ് എന്ന ധാരണ സൃഷ്ടിക്കപ്പെടും. അത് ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണവുമാവും. അതിനാല്‍ സി.പി.എം ഹിന്ദു വര്‍ഗീയതയെ മാത്രമല്ല, മുസ്‌ലിം വര്‍ഗീയതയെയും തുല്യമായും ശക്തമായും എതിര്‍ക്കുന്നു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആവശ്യമാണ്. മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചിലപ്പോഴൊക്കെ സി.പി.എം അവതരിപ്പിക്കാറുണ്ടെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ ലീഗുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാര്‍ട്ടിയുടെ ഒരേയൊരു അഭയസങ്കേതമായ കേരളവും നഷ്ടപ്പെട്ടാല്‍ പിന്നെ അണികളെ പിടിച്ചുനിര്‍ത്താനാവില്ല. അതിനാല്‍ മുസ്‌ലിം ലീഗിനെ വീണ്ടും കൂട്ടിപ്പിടിക്കാനുള്ള പഴുത് നിലനിര്‍ത്തി, പ്രത്യേകിച്ച് വോട്ട് നഷ്ടമൊന്നുമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിക്കുകയാണ് ബുദ്ധി. വര്‍ഗീയത, തീവ്രവാദം, മതമൗലികവാദം തുടങ്ങിയ ആരോപണങ്ങള്‍ സംഘടനയുടെ പേരില്‍ മുമ്പ് പലപ്പോഴും പതിച്ചുനല്‍കിയിട്ടുണ്ടു താനും. ലിബറല്‍ സെക്യുലരിസ്റ്റുകളുടെ സഹായത്തോടെ വീണ്ടും ജമാഅത്ത്‌വിരുദ്ധ കാമ്പയിന്‍ നടത്തുകയാണ് രക്ഷാമാര്‍ഗമെന്ന് സി.പി.എം കരുതുന്നു.
മൂന്ന്, രാജ്യമാകെ ആര്‍.എസ്.എസ്സിന്റെ തീവ്ര ഹിന്ദുത്വാധിഷ്ഠിത നടപടികള്‍ക്കെതിരെ ഉണര്‍ത്തെഴുന്നേറ്റ ഇന്നത്തെ നിര്‍ണായക ഘട്ടത്തില്‍ പീഡിത മതന്യൂനപക്ഷത്തിലെ ഒരു സംഘടനയായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസ്സുമായും, അതിന്റെ സ്ഥാപകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെ ആര്‍.എസ്.എസ്സിന്റെ താത്ത്വികാചാര്യനായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുമായും  സമീകരിക്കുന്നതിലെ അര്‍ഥശൂന്യതയും അനൗചിത്യവും ജനങ്ങള്‍ക്ക് എളുപ്പം പിടികിട്ടിയില്ലെങ്കിലും കവലകള്‍ തോറും ഈ പെരുംനുണ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് കാലത്ത് രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്ന ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയത പ്രചരിപ്പിച്ചതായോ വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായോ കലാപങ്ങളില്‍ പങ്കെടുത്തതായോ ഒരാള്‍ക്കും തെളിയിക്കാനാവില്ല. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് 1992 ഡിസംബര്‍ 10-ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ യു.എ.പി.എ പ്രകാരം നിരോധിച്ചപ്പോള്‍ പി.വി നരസിംഹ റാവു സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി റദ്ദാക്കിയത്. അപ്പോള്‍ പിന്നെ എം.എസ് ഗോള്‍വാള്‍ക്കറുടെ ഹിന്ദു ദേശീയതയെയും സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ മുസ്‌ലിം ദേശീയവാദത്തെ ഒരുപോലെ എതിര്‍ത്ത് സാര്‍വദേശീയ മാനവിക പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ അവതരിപ്പിച്ച മൗദൂദിയുടെ ദര്‍ശനങ്ങളെ വക്രീകരിച്ചും തെറ്റിദ്ധാരണജനകമായും അവതരിപ്പിക്കുകയേ നിര്‍വാഹമുള്ളൂ. നടേ സൂചിപ്പിച്ച ദേശാഭിമാനിയിലെ 11 ദിവസം നീണ്ട ജമാഅത്ത് വിമര്‍ശനങ്ങളിലും ഏറക്കുറെ അതുതന്നെയായിരുന്നു ഇതിവൃത്തം.
നാല്, പൗരത്വ നിയമത്തിനെതിരെ ദല്‍ഹി ജാമിഅ മില്ലിയ്യ, ജെ.എന്‍.യു, അലീഗഢ് യൂനിവേഴ്‌സിറ്റി തുടങ്ങിയ കലാശാലാ കാമ്പസുകളില്‍ ആഞ്ഞടിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മലയാളികളും അല്ലാത്തവരുമായ ആണും പെണ്ണും അടങ്ങിയ ഇസ്‌ലാമിസ്റ്റ് പ്രവര്‍ത്തകര്‍ വഹിക്കുന്ന അനിഷേധ്യ പങ്ക് സി.പി.എമ്മിനെ ബേജാറാക്കുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ കുത്തകയാക്കി വെച്ച പ്രക്ഷോഭങ്ങളെ ഇതര വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ 'ഹൈജാക്ക്' ചെയ്യുന്നതില്‍ പാര്‍ട്ടിയുടെ ഉത്കണ്ഠയും അസ്വസ്ഥതയും പ്രകടമാണ്. ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിസ്റ്റ്-മാവോയിസ്റ്റ് ബാന്ധവം കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ പാടുപെടുന്നത്. യു.എ.പി.എ ഉപയോഗിച്ച് കോഴിക്കോട്ട് അറസ്റ്റ് ചെയ്ത രണ്ട് പാവപ്പെട്ട സി.പി.എം പ്രവര്‍ത്തകരെ പോലും മാവോയിസ്റ്റ് മുദ്രകുത്തി എന്‍.ഐ.എയെ ഏല്‍പിക്കാന്‍ മുഖ്യമന്ത്രിയുടെ പോലീസിനെ പ്രേരിപ്പിച്ചതിന്റെ പിന്നിലുമുണ്ട് 'ഇസ്‌ലാമിക തീവ്രവാദി-മാവോയിസ്റ്റ് ബന്ധം.'
സംഭവങ്ങളുടെയും സംഗതികളുടെയും കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിലും ജമാഅത്തെ ഇസ്‌ലാമിയെ അത് വല്ലാതെയൊന്നും ബേജാറാക്കുന്നില്ല. മുന്‍ അനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ജമാഅത്ത്‌വിരുദ്ധ കാമ്പയിനില്‍ പങ്കുചേരാന്‍ എല്‍.ഡി.എഫിലെതന്നെ ഘടക കക്ഷികളോ ജമാഅത്തിനെ ശക്തമായി എതിര്‍ക്കുന്ന മുസ്‌ലിം സംഘടനകളോ ലിബറലിസ്റ്റുകളോ തയാറായിട്ടില്ലെന്നതാണ് വസ്തുത. സന്ദര്‍ഭത്തിന്റെ സന്ദിഗ്ധാവസ്ഥ ബോധ്യപ്പെട്ടവരൊക്കെ ഇതല്ല അതിനുള്ള സമയമെന്ന് തിരിച്ചറിഞ്ഞവരാണ്. ഇസ്‌ലാമിക പ്രസ്ഥാനമാകട്ടെ ഫാഷിസ്റ്റ്‌വിരുദ്ധ പ്രചാരണങ്ങളിലുടനീളം സാധ്യമായവരെയൊക്കെ കക്ഷി രാഷ്ട്രീയ - സാമുദായിക ബന്ധങ്ങള്‍ക്കതീതമായി സംബന്ധിപ്പിക്കുകയും ചെയ്യുന്നു. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് മറ്റാരേക്കാളും ബോധവാന്മാരാണ് ഇന്ത്യയിലെ ആദര്‍ശ ധാര്‍മിക പ്രസ്ഥാനം. വസ്തുതകള്‍ ശാന്തമായി വിലയിരുത്തി ഒരു വീണ്ടുവിചാരത്തിന് തയാറാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തിന് അത് ഗുണകരമാവുകയേ ചെയ്യൂ. കേരളത്തെയാകെ മുക്കിക്കളഞ്ഞ രണ്ടു പ്രളയങ്ങളുടെ സമയത്തും ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി ഇടതു സര്‍ക്കാറിനോട് സഹകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ശബരിമലയിലെ യുവതീപ്രവേശന കാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സര്‍ക്കാറിന്റെ ന്യായമായ നിലപാടിനോടൊപ്പം നിന്നതും ജമാഅത്തിന്റേതെന്ന് സി.പി.എം വിലയിരുത്തുന്ന മീഡിയയാണ്. കോഴിക്കോട്ടെ നിപ ഭീഷണി നേരിടാനും സര്‍ക്കാറിനോടൊപ്പം നിന്നവരുടെ മുന്‍പന്തിയിലായിരുന്നു പ്രസ്ഥാനം. ഇതൊക്കെ പാടേ മറന്ന് സ്വാതന്ത്ര്യത്തിനു മുമ്പ് മൗദൂദി എഴുതിയ പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കേണ്ട ഗതികേടിലേക്ക് പാര്‍ട്ടി വക്താക്കളെ തള്ളിവിടുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നൊരു നിമിഷം ആലോചിക്കുന്നത് നന്നാവും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍