സമരമേറ്റെടുക്കേണ്ടത് വിശാല സഖ്യങ്ങള്
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും നാള്ക്കുനാള് പ്രക്ഷോഭം ശക്തിപ്പെടുക തന്നെയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില് ഹരജി നല്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. ധീരമായ നീക്കമാണിതെന്ന കാര്യത്തില് സംശയമില്ല. ഈ പാത പിന്തുടരാന് മറ്റു സംസ്ഥാനങ്ങള്ക്കും ഇത് പ്രേരണയായേക്കും. സംയുക്ത സമര പരിപാടികള് ആസൂത്രണം ചെയ്യാന് കോണ്ഗ്രസ് ദല്ഹിയില് വിളിച്ചുചേര്ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്നിന്ന് ചില പാര്ട്ടികള് വിട്ടുനിന്നെങ്കിലും അതൊരു പരാജയമായി കാണേണ്ടതില്ല. ഭിന്ന വീക്ഷണങ്ങളുള്ള കക്ഷികളെ ഒരേ പ്ലാറ്റ്ഫോമില് അണിനിരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന്റെ പേരില് വാക്പോരിന് മുതിരാതെ, വിട്ടുനിന്നവരുടെ ആവലാതികള് കൂടി കണക്കിലെടുത്ത് അവരെയും ഒപ്പം കൂട്ടാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്. പാസ്സാക്കിയതും വരാനിരിക്കുന്നതുമായ ഈ രണ്ടു കരിനിയമങ്ങള്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് വിട്ടുനിന്നവരും എന്ന കാര്യം ഓര്ക്കണം. ഒന്നിച്ചുള്ള പ്രക്ഷോഭത്തിന്റെ കാര്യത്തില് കേരളത്തിലെ എല്.ഡി.എഫ്, യു.ഡി.എഫ് ഭിന്നതകളെയും ഈ തലത്തിലേ കാണേണ്ടതുള്ളൂ. പാര്ട്ടികള് തനിച്ചും ഒന്നിച്ചുമൊക്കെയുള്ള എല്ലാ തരം പ്രക്ഷോഭങ്ങളും പൂര്വാധികം ശക്തിയോടെ തുടരട്ടെ. ഒപ്പം അവരെ ഒരേ വേദിയില് അണിനിരത്താനുള്ള ശ്രമങ്ങളും ഉണ്ടാവണം.
ഇന്ത്യയൊട്ടുക്കും അത്തരം സംയുക്ത വേദികള് രൂപവത്കരിക്കാന് ഇസ്ലാമിക പ്രസ്ഥാനം പ്രക്ഷോഭത്തിന്റെ ആദ്യനാള് തൊട്ടേ വിവിധ സംഘടനകളുമായും വ്യക്തികളുമായും ആശയവിനിമയം നടത്തിവരുന്നുണ്ട്. അതേത്തുടര്ന്ന് ന്യൂദല്ഹി ആസ്ഥാനമായി 'സി.എ.എ-എന്.ആര്.സി വിരുദ്ധ സഖ്യം' പിറവിയെടുക്കുകയും ചെയ്തു. സൗത്ത് ഏഷ്യ ഹ്യൂമന് റൈറ്റ്സ് ഡോക്യുമെന്റേഷന് സെന്ററിന്റെ സാരഥി രവി നായരാണ് ഈ സംയുക്ത സമിതിയുടെ കണ്വീനര്. മുസ്ലിം മജ്ലിസെ മുശാവറ ജനറല് സെക്രട്ടറി മുജ്തബാ ഫാറൂഖ് അസി. കണ്വീനറും. വിദ്യാഭ്യാസ പ്രവര്ത്തക അംബരീഷ് റായ്, ഇത്തിഹാദെ മില്ലത്ത് കൗണ്സില് ചെയര്മാന് തൗഖീര് റാസ, ദല്ഹി യൂനിവേഴ്സിറ്റിയിലെ അപൂര്വാനന്ദ്, ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി മഹ്മൂദ് അസ്അദ് മദനി, മാധ്യമ പ്രവര്ത്തകനായ ഉമേഷ് കുമാര്, സംവിധാന് ബച്ചാഓ സന്സ്തയുടെ പ്രതിനിധി ഡോ. സോനു ഭരദ്വാജ്, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷന് സയ്യിദ് സആദത്തുല്ല ഹുസൈനി തുടങ്ങിയ അറുപതോളം പ്രമുഖര് പ്രഥമ യോഗത്തില് സംബന്ധിച്ചിരുന്നു. പ്രക്ഷോഭങ്ങളെ ഏകീകരിക്കുകയും ഒരു സമ്മര്ദ ശക്തിയായി അവയെ മാറ്റുകയും ചെയ്യുക എന്നതാണ് ഇത്തരം കൂട്ടായ്മകള് നിര്വഹിക്കേണ്ട ദൗത്യം. അത് സാധ്യമാവണമെങ്കില് ഇനിയും ധാരാളം കൂട്ടായ്മകളും വ്യക്തികളും ഇതുപോലുള്ള വേദികളില് അണിചേരേണ്ടതുണ്ട്.
സംസ്ഥാന തലങ്ങളിലും പൊതുവേദി രൂപവത്കരിക്കാനുള്ള ശ്രമങ്ങള് ഊര്ജിതമാണ്. സി.എ.എ-എന്.ആര്.സി വിരുദ്ധ സഖ്യത്തിന്റെ തെലങ്കാന ചാപ്റ്ററിനും തുടക്കമായിരിക്കുന്നു. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും സ്ത്രീകളെയും ട്രാന്ഡ്ജന്ററുകളെയും യുവാക്കളെയുമൊക്കെ പ്രതിനിധീകരിക്കുന്ന അമ്പതോളം കൂട്ടായ്മകള് ഇതില് അണിനിരന്നു. മുന് ഹൈക്കോടതി ജഡ്ജി ചന്ദ്രകുമാറാണ് ഇതിന്റെ കണ്വീനര്. മനുഷ്യാവകാശ പ്രവര്ത്തകന് ജീവന് കുമാര്, തെലങ്കാന ജമാഅത്തെ ഇസ്ലാമി നേതാവ് സാദിഖ് അഹ്മദ്, മുര്തല വെമുല എന്നിവര് കോ-കണ്വീനര്മാരും. മറ്റു സംസ്ഥാനങ്ങളിലെ പൗരാവകാശ പ്രവര്ത്തകര്ക്കും ഇത് മാതൃകയാക്കാവുന്നതാണ്. ഇതില് അണിനിരന്ന കൂട്ടായ്മകള്ക്കൊന്നും അധികം അംഗബലമില്ല. അവര് മാത്രം വിചാരിച്ചാല് ജനകീയ പ്രക്ഷോഭങ്ങള് സംഘടിപ്പിക്കാനുമാവില്ല. പൊതുജനങ്ങളെയും രാഷ്ട്രീയ പാര്ട്ടികളെയും മത സംഘടനകളെയുമെല്ലാം രാജ്യം അകപ്പെട്ടിരിക്കുന്ന വിപത്തിന്റെ ആഴം ബോധ്യപ്പെടുത്തുകയും ഇന്ത്യയെന്ന ആശയത്തിന് സംരക്ഷണ കവചമൊരുക്കാന് അവരെ അണിനിരത്തുകയും ചെയ്യുക എന്നതാണ് ഇത്തരം കൂട്ടായ്മകള്ക്ക് ചെയ്യാനുള്ളത്.
Comments